💓സഖാവ് 💓: ഭാഗം 11

sagav rafeena

രചന: റഫീന മുജീബ്

രാത്രി ഏറെ വൈകിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അച്ചായൻ. കണ്ണടക്കുമ്പോൾ കാണുന്നത് ശിവയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളാണ്. ഒരു സമയത്ത് ആ കണ്ണുകൾ അന്വേഷിച്ച് താൻ ഏറെ നടന്നതാണ്, ഒരിക്കലും ആ കണ്ണുകൾ നിറയുന്നത് താൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്നിപ്പോ ആ കണ്ണുകളിലെ തിളക്കം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. അവൻ എഴുന്നേറ്റ് അലമാരയിലുള്ള ശിവയുടെ ഒരു ഫോട്ടോ കയ്യിലെടുത്തു. കുറച്ചുസമയം അതിലേക്ക് തന്നെ നോക്കിനിന്നു. അറിയാം നീ എനിക്ക് ഒരിക്കലും സ്വന്തമാകില്ല എന്ന്.. എന്നുകരുതി വിട്ടു കളയാനും എനിക്ക് സാധിക്കുന്നില്ല, നിന്റെ ജീവിതം എന്റെ കൺമുൻപിൽ കിടന്നു നശിക്കുന്നത് കാണാൻ എനിക്ക് വയ്യ ശിവ... ഒത്തിരി സ്നേഹിച്ചതാ നിന്നെ ഞാൻ പ്രാണനെ പോലെ സ്നേഹിച്ചവളെ പാതിയാക്കാൻ ഏതൊരാളെയും പോലെ ഞാനും കൊതിച്ചിരുന്നു.

നീയുമായുള്ള ജീവിതത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ ഞാൻ നെയ്തു കൂട്ടിയിരുന്നു. ഒടുവിൽ ചങ്കായി കൊണ്ട് നടക്കുന്നവന്റെ ചങ്കിടിപ്പ് നീ ആണെന്നറിഞ്ഞപ്പോൾ എല്ലാ സ്വപ്നങ്ങളും ഞാൻ ഉപേക്ഷിച്ചതാണ്, പ്രാണൻ പൊടിയുന്ന വേദനയോടെ നിന്നെ അവന് വിട്ടുകൊടുത്തതാണ്. അറിയാമായിരുന്നു എന്റെ ഉള്ളിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ട് എന്നറിഞ്ഞാൽ അവൻ നിന്നെ എനിക്കു നൽകുമെന്ന്, അതുകൊണ്ട് തന്നെയാണ് എന്റെ ഇഷ്ടത്തെ ആരും അറിയാതെ ഞാൻ കുഴിച്ചുമൂടിയത്. എവിടെയായിരുന്നാലും നീ സന്തോഷത്തോടെ ജീവിച്ചാൽ മതി എന്നാഗ്രഹിച്ച ഞാൻ ഇന്നു നിന്റെ ജീവിതം കണ്ടു വേദനയോടെ നിൽക്കേണ്ടിവന്നു. നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയുന്നതുപോലെ എന്നെ മനസ്സിലാക്കാൻ നിനക്ക് കഴിയുന്നില്ല ശിവ.. നീ എന്നും എന്റെ ഉള്ളിൽ ഒരു നൊമ്പരമായി തന്നെ അവശേഷിക്കുമോ....? വേദനയിൽ കുതിർന്ന ഒരു പ്രണയം ആണല്ലോ നമ്മൾക്ക് രണ്ടുപേർക്കും കർത്താവ് വിധിച്ചത്..

അയാളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഫോട്ടോയിലേക്ക് വീണു. അതിലേക്ക് അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് തന്റെ ഫോൺ ശബ്ദിക്കുന്നത് അച്ചായൻ കേട്ടത്. ഫോട്ടോ സുരക്ഷിതമായി അവിടെത്തന്നെ വെച്ച് അയാൾ ഫോൺ എടുത്തു നോക്കി. ഡിസ്പ്ലേയിൽ പേര് കണ്ടതും അയാളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. എന്താ പാത്തുമ്മ ഈ നേരമായിട്ടും ഉറങ്ങിയില്ലേ നീ.....? ഫോൺ എടുത്ത ഉടനെ അച്ചായൻ ചോദിച്ചു. ഇച്ചായൻ ഉറങ്ങി കാണില്ല എന്ന് എനിക്കുറപ്പാണ് അതാ ഞാൻ ഇപ്പോൾ വിളിച്ചത്... മറുതലക്കൽ നിന്ന് പാത്തുവിന്റെ ശബ്ദം കേട്ടതും അവൻ ഒന്നു ചിരിച്ചു. ഇച്ചായാ ശിവയെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ല.. അവൾക്ക് ഇക്കയേ ഒരിക്കലും മറക്കാൻ കഴിയില്ല, മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കാനും അവൾക്ക് കഴിയില്ല, അതുപോലെ തന്നെയാണ് എന്റെ ഇച്ചായന്റെ കാര്യവും വിധി നിങ്ങളോട് വല്ലാത്ത ഒരു ക്രൂരതയാണ് കാണിച്ചത്..... അവൾ ഒരു തേങ്ങലോടെ പറഞ്ഞു. സാരമില്ല മോളെ..,

ഇതും ഒരു സുഖമുള്ള വേദനയാണ് ഇങ്ങനെ ജീവിക്കാനും ഭാഗ്യം ഉള്ളവർക്കേ സാധിക്കൂ, ഞങ്ങൾ രണ്ടാളും ഇപ്പോൾ ജീവിക്കുന്നത് ഞങ്ങളുടെ പ്രണയത്തിന് വേണ്ടിയാണ്,, ഇത് ഇങ്ങനെ പോട്ടെ. നിങ്ങളാരും ഞങ്ങളുടെ ജീവിതം കണ്ടു വേദനിക്കരുത്. അയാൾ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. എന്തുപറഞ്ഞാലും രണ്ടുപേർക്കും ഒരു തത്വമുണ്ട്, ഇത് ഇങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞാൻ പോകുന്നതിനു മുമ്പ് നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കും ഇത് നിങ്ങൾക്ക് വേണ്ടിയല്ല എന്റെ ഇക്കാക്ക് വേണ്ടിയാണ്. നിങ്ങളെ ഓർത്തു എന്റെ ഇക്ക സങ്കടപ്പെടുന്നുണ്ടാവും ഇപ്പോൾ അതിന് ഞാൻ സമ്മതിക്കില്ല. ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ ഞാൻ തിരിച്ചു പോവൂ അതു പറയുമ്പോൾ അവളുടെ സ്വരം ഉറച്ചതായിരുന്നു. കുറച്ച് സമയം അവർ സംസാരിച്ചു നാളെ കാണാം എന്നു പറഞ്ഞ് പാത്തു ഫോൺ വെച്ചു. അച്ചായൻ ശിവയെ കുറിച്ച് ഓർത്ത് കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു. ****** ******

തന്നെ ഇറുകെ പുണർന്നു കൊണ്ട് കിടക്കുന്ന അശ്വനിയെ ശിവ വാത്സല്യത്തോടെ നോക്കി. അച്ചുവേട്ടന്റെ തനിപ്പകർപ്പാണിവൾ, പെങ്ങമ്മാരെ കുറിച്ച് പറയുമ്പോൾ അച്ചുവേട്ടൻ എന്നും വാചാലനാകുമായിരുന്നു. ശിവ അശ്വിനിയുടെ കൈകൾ മെല്ലെ എടുത്തു മാറ്റി അവളെ ഉണർത്താതെ അവിടെനിന്നും എഴുന്നേറ്റു. പതിയെ ജനാലയുടെ അരികിലേക്ക് നീങ്ങി. അവിടെ നിന്നു നോക്കിയാൽ അശ്വിന്റെ അസ്ഥിത്തറ കാണാം. അവൾ വേദനയോടെ അവിടേക്ക് നോക്കി. അച്ചുവേട്ടന്റെ ഗന്ധമുണ്ട് ഈ മുറിക്ക് ഇവിടെ അച്ചുവേട്ടൻ ഉള്ളതുപോലെ ഒരു തോന്നൽ. ഒരുപാട് കഥകൾ ഉണ്ടാവും ഈ മുറിക്ക് പറയാൻ, എന്റെ ഏട്ടന്റെ സ്വപ്നങ്ങൾക്കും സങ്കടങ്ങൾക്കും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ടാവും. ഏട്ടൻ ഇപ്പോൾ എന്നെ കാണാൻ കഴിയുന്നുണ്ടാവുമോ....? അവൾ വേദനയോടെ ഓർത്തു. ചേച്ചി ഉറങ്ങിയില്ലേ....?

പുറകിൽ നിന്നുള്ള അശ്വനിയുടെ ശബ്ദം കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്. അവൾക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ശിവ അവളുടെ അരികിൽ ചേർന്നു കിടന്നു. ചേച്ചി ഞാനൊരു കാര്യം ചോദിച്ചാൽ പറയാവോ...? അവൾ ശിവയെ നോക്കി ചോദിച്ചു. ചോദിക്ക് എനിക്കറിയാവുന്നത് ആണെങ്കിൽ ഞാൻ പറഞ്ഞുതരാം ശിവ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു. എന്റെ ഏട്ടന് ചേച്ചിയെ ഒത്തിരി ഇഷ്ടമായിരുന്നു. ചേച്ചിയുടെ സ്നേഹവും ഞങ്ങൾ കാണുന്നുണ്ട് നിങ്ങൾ എങ്ങനെയാണ് ഇത്ര സ്നേഹിച്ചത്....? നിങ്ങളുടെ പ്രണയം അറിയാൻ എനിക്ക് ആഗ്രഹമുണ്ട് ചേച്ചി അതൊന്നു പറഞ്ഞു തരാമോ...? അവൾ അപേക്ഷയോടെ ചോദിച്ചു. ശിവ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു തന്റെ കോളേജ് ജീവിതത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞു നോട്ടം നടത്തി.

അന്ന് വൈശാഖിന്റെ കരണത്തടിച്ച സമയത്ത് അവന്റെ കണ്ണിലെ പക താൻ കണ്ടതാണ്... ഭയം തന്നെ കീഴ്പ്പെടുത്തിയത് കൊണ്ടാവും ശരീരം മൊത്തം തളരുന്നത് പോലെ തോന്നി. അശ്വിന്റെ കൈകളിലേക്ക് അവൾ കുഴഞ്ഞുവീണു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ശിവ അവന്റെ കൈകളിലേക്ക് വന്നുവീണത്. അവളെ കൈകളിലേക്ക് കോരിയെടുത്ത് അവൻ പരിഭ്രമത്തോടെ ചുറ്റും നോക്കി. അവളെ എടുത്തു അടുത്തുകണ്ട ക്ലാസ് റൂമിലേക്ക് അവൻ ഓടി. അപ്പോഴേക്കും കാർത്തിയും അവിടേക്ക് വന്നു. അവളെ കണ്ടതും അവൻ ഭയത്തോടെ അശ്വിനെ നോക്കി. അശ്വിൻ ഒഴിഞ്ഞ ഒരു ബെഞ്ചിലേക്ക് അവളെ കിടത്തി. അപ്പോഴേക്കും കാർത്തി ഒരു ബോട്ടിൽ വെള്ളവുമായി എത്തി. അശ്വിൻ അതിൽ നിന്നും കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു. അവൾക്ക് ബോധം വരുന്നതും നോക്കി നിൽക്കുന്നതിനിടയിലാണ് വാതിലിനടുത്തേക്ക് ആരോ വന്നതും അവർ ഞെട്ടിത്തിരിഞ്ഞു അങ്ങോട്ടു നോക്കി....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story