💓സഖാവ് 💓: ഭാഗം 12

sagav rafeena

രചന: റഫീന മുജീബ്

വാതിലിനടുത്തുനിൽക്കുന്ന പാത്തൂനെ കണ്ടതും അവരൊന്ന് ശ്വാസം നേരെ വിട്ടു. വേറെ ആരെങ്കിലും അങ്ങോട്ട് വന്നാൽ ഇപ്പോൾ വിഷയം ആകെ വഷളാകുമായിരുന്നു. അവളെ കണ്ടതും അവർക്കൊന്നു സമാധാനമായി. എന്തുപറ്റി....? അവരുടെ അടുത്തായി ബെഞ്ചിൽ കിടക്കുന്ന ശിവയെ കണ്ടതും പാത്തു അവളുടെ അരികിലേക്ക് ഓടി വന്നു ചോദിച്ചു. മോളെ ശിവ എന്തുപറ്റി എന്നും പറഞ്ഞു അവളുടെ തലയെടുത്ത് പാത്തു തന്റെ മടിയിൽ വെച്ചു. കാർത്തി കൊടുത്ത വെള്ളം അവളുടെ മുഖത്തേക്ക് പാത്തു തന്നെ കുടഞ്ഞു നോക്കി. വെള്ളത്തുള്ളികൾ തന്റെ കൺപോളകളിൽ തട്ടിയപ്പോൾ ശിവ പതിയെ കണ്ണു തുറന്നു. അവൾ കണ്ണു തുറന്നത് കണ്ടപ്പോൾ ചുറ്റും കൂടി നിന്നവർക്ക് ആശ്വാസമായി. കാർത്തിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അശ്വിൻ അവളെ വെറുപ്പോടെ നോക്കി. ശിവ തന്റെ ചുറ്റും കൂടി നിന്നവരുടെ മുഖത്തേക്ക് നോക്കി. അശ്വിനെ കണ്ടതും അവൾ പേടിയോടെ മുഖംതിരിച്ചു. എന്താടാ ഉണ്ടായത് പാത്തു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചതും ശിവ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു.

അത് കണ്ടതും പാത്തുവിന്റെ മനസ്സും ഒന്ന് പിടഞ്ഞു. എന്താ ഉണ്ടായത് എന്ന അർത്ഥത്തിൽ അവൾ കാർത്തിയേയും അശ്വിനെയും നോക്കി. . കാർത്തി എനിക്കൊന്നും അറിയില്ല എന്ന ചുമലു പൊക്കികൊണ്ട് ആംഗ്യം കാണിച്ചു. അവന്റെ കണ്ണുകളും അശ്വിനു നേരെയാണെന്ന് കണ്ടപ്പോൾ പാത്തു അവനെ ഒന്നു നോക്കി. ഇക്കാ എന്താ സംഭവിച്ചത് ഒന്നു പറയൂ... അവൾ ദയനീയമായി അശ്വിനോടു ചോദിച്ചു. എന്തു ഉണ്ടാവാൻ തന്റെ കൂട്ടുകാരിയോട് പറ കണ്ണീരും ഒലിപ്പിച്ച് പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചില്ലെങ്കിൽ നാളെ ഒരുപാട് ദുഃഖിക്കേണ്ടിവരും. തന്റെ ശരീരത്തിൽ വേറൊരുത്തൻ ഇഷ്ടമില്ലാതെ തൊടുന്നത് കാണുമ്പോൾ കണ്ണീരുകൊണ്ട് അല്ല പ്രതികരിക്കേണ്ടത്, അങ്ങനെ പ്രതികരിച്ചാൽ നാളെ നിറവയറുമായി നിൽക്കേണ്ടിവരും. അവൻ തികട്ടി വന്ന ദേഷ്യത്തോടെ പറഞ്ഞു. അവന്റെ സംസാരം അതിരുകടക്കുന്നു എന്ന് തോന്നിയപ്പോൾ പാത്തു കയറി ഇടപെട്ടു. എന്താ ഇക്കാ ഇതൊക്കെ....? പെണ്ണ് പ്രതികരിച്ചാൽ അഹങ്കാരി, മിണ്ടാതിരുന്നാൽ അതിനും കുറ്റം എന്തിനും ഏതിനും പെണ്ണിനാണ് കുറ്റം,

ഇവൾ ഒരു പാവം നാട്ടിൻപുറത്തുകാരി ആണ് ഇവൾക്ക് ഇങ്ങനെ പ്രതികരിക്കാനേ ആവൂ, അല്ലാതെ തന്റേടവും ധിക്കാരം കാട്ടി നടക്കനൊന്നും ഇവൾക്ക് കഴിയില്ല. പാത്തു തന്റെ ശബ്ദം ഉയർത്തി. ഒരുപാട് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് ഈ കണ്ണീര് നിങ്ങളെ നശിപ്പിക്കും ഓർത്തോ..? അശ്വിൻ അതും പറഞ്ഞ് ദേഷ്യത്തോടെ പുറത്തേക്ക് പോയി. ഇയാൾക്ക് ഇത് എന്തിന്റെ കേടാ..? പുറത്തേക്ക് പോകുന്ന അശ്വിനെ നോക്കി പാത്തു മുറു മുറുത്തു. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവന്റെ ജീവിതം അവനെ പഠിപ്പിച്ച സത്യമാണത്... അവളുടെ സംസാരം കേട്ട് കാർത്തി പറഞ്ഞു. അവർ രണ്ടുപേരും കാർത്തിയെ സംശയത്തോടെ നോക്കി. അവൻ ഒരു പാവമാണ്, ഉള്ളിൽ നന്മയുള്ളവൻ, അവന്റെ ജീവിതാനുഭവങ്ങളാണ് അവനെ ഇങ്ങനെ ആക്കിയത്. കുഞ്ഞിലെ തന്റെ അമ്മയുടെ കണ്ണീര് കണ്ടാണ് അവൻ വളർന്നത്. മദ്യപാനിയായ അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പേടിച്ചരണ്ട് ഒരു മൂലയിൽ തന്റെ പെങ്ങമ്മാരെയും ചേർത്തുപിടിച്ചിരിക്കാനേ അന്ന് കുഞ്ഞു അശ്വിനു കഴിയുമായിരുന്നുള്ളൂ.

നിരാലംബയായ തന്റെ അമ്മ വേദനിക്കുന്നത് കണ്ടാണ് അവൻ വളർന്നത്. ഒടുവിൽ തന്റെ അച്ഛന്റെ കൈകൾകൊണ്ട് അമ്മ മരണപ്പെടും എന്ന അവസ്ഥ വന്നപ്പോൾ അവന്റെ പതിനാലാമത്തെ വയസ്സിൽ അവനു സ്വന്തം അച്ഛനെ ഉപദ്രവിക്കേണ്ടി വന്നു. അയാളെ അന്ന് അവിടെ നിന്നും ഇറക്കി വിട്ടതാണ് അവൻ. തന്റെ പതിനാലാമത്തെ വയസ്സിൽ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാൻ തുടങ്ങിയതാണ് അവൻ. പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് പഠനം അവൻ ഉപേക്ഷിച്ചില്ല. ഒഴിവു സമയങ്ങളിലും രാത്രിയിലും അവൻ കഷ്ടപ്പെട്ട് തന്നെയാണ് തന്റെ കുടുംബത്തെയും പഠനവും മുൻപോട്ടു കൊണ്ട് പോയത്. ഇന്നും അവൻ കഷ്ടപ്പെടുന്നുണ്ട്. സ്വന്തം അമ്മയുടെ കണ്ണീര് കണ്ടുമടുത്തതുകൊണ്ടാവാം കരയുന്നത് അവന് ഇഷ്ടമേയല്ല... കാർത്തി പറയുന്നത് കേട്ട് ശിവയും പാത്തുവും അവനെ തന്നെ നോക്കിയിരുന്നു. ശരിക്കും അശ്വിനെ കണ്ടാൽ അങ്ങനെയൊന്നും തോന്നുന്നില്ല. എല്ലാം കേട്ടപ്പോൾ അവർക്ക് വല്ലാത്ത വേദന തോന്നി.

ശിവയെ ക്ലാസ്സിൽ കൊണ്ടാക്കി അവളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് പാത്തു അശ്വിനെ അന്വേഷിച്ചിറങ്ങി. ഗ്രൗണ്ടിനടുത്തുള്ള ഇരിപ്പിടത്തിൽ ഒറ്റയ്ക്ക് ഇരിക്കുന്ന അശ്വിനെ കണ്ടതും അവൾ അങ്ങോട്ട് നീങ്ങി. ഇക്കാ അവൾ അവന്റെ പുറകിൽ ചെന്നു വിളിച്ചു. അവളെ വിളി കേട്ടതും അവൻ പുഞ്ചിരിയോടെ പുറകിലേക്ക് നോക്കി. സോറി ഇക്കാ അവൾ അവന്റെ അരികിലായി ഇരുന്നുകൊണ്ട് പറഞ്ഞു. എന്തിനാ എന്റെ പെങ്ങളൂട്ടി സോറി ഒക്കെ പറയുന്നത്, നീ അതിന് തെറ്റൊന്നും ചെയ്തില്ലല്ലോ..? അവൻ അവളോട് ആയി പറഞ്ഞു. പാത്തു ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു. കാർത്തി എല്ലാം പറഞ്ഞല്ലേ...? അവളുടെ മുഖം പിടിച്ചു ഉയർത്തിക്കൊണ്ട് അവൻ ചോദിച്ചു. അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി. നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട അതൊന്നും പറയുന്നതുപോലും എനിക്കിഷ്ടമല്ല. നിന്നെ ഇങ്ങനെ കാണുന്നതും എനിക്കിഷ്ടമല്ല കേട്ടോ.. ഇന്നലെ കണ്ട ആ കുസൃതി കുട്ടിയെ ആണ് എനിക്കിഷ്ടം, നീ എന്നെ ഇക്ക എന്നല്ലേ വിളിച്ചത് എന്നെ ആദ്യമായിട്ടാണ് ഒരാൾ ഇക്കാ എന്ന് വിളിക്കുന്നത്,

അങ്ങനെ വിളിച്ചതു തൊട്ടു നീ എന്റെ സ്വന്തം പെങ്ങൾ ആയിട്ട് തന്നെയാണ് ഞാൻ കണ്ടത്, എന്റെ രണ്ടു പെങ്ങമ്മാരെ പോലെ തന്നെയാണ് നീയും. അശ്വിൻപറയുന്നത് കേട്ട് അവളുടെ മിഴികൾ നിറഞ്ഞു. എനിക്ക് ഒരു ഇക്കാക്കയും ഒരു അനിയനും ഉണ്ട് എന്നാലും ഈ ഇക്കാ എന്റെ സ്വന്തം തന്നെയാണ് കേട്ടോ അവൾ ചിരിയോടെ പറഞ്ഞു. എന്താണ് ഇവിടെ രണ്ടും കൂടെ ഒരു ഗൂഢാലോചന എന്നും പറഞ്ഞു ശ്യാമും കാർത്തിയും അവരുടെ ഇടയിലേക്ക് വന്നു. ഹേയ് ഒന്നുമില്ല കാർത്തി ചേട്ടനെ ഒരു പെൺകൊച്ച് ചോദിച്ചായിരുന്നു അതിനെക്കുറിച്ച് പറയുകയാണ് ഞങ്ങൾ അല്ലേ ഇക്കാ.. ഒരു കള്ളച്ചിരിയോടെ പാത്തു അശ്വിനെ നോക്കി പറഞ്ഞു. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു. ഈശ്വരാ അതിനുമാത്രം ദാരിദ്ര്യം പിടിച്ച കൊച്ചൊക്കെ ഉണ്ടോ ഈ കോളേജിൽ ശ്യാം തലയിൽ കൈവെച്ചു കൊണ്ട് ചോദിച്ചു. ദാരിദ്ര്യം പിടിച്ച കൊച്ചൊന്നും ഉണ്ടാവില്ല അങ്ങനെയാണെങ്കിൽ നിന്നെ അല്ലേ ചോദിക്കൂ കാർത്തിയും വിട്ടുകൊടുത്തില്ല. ഒന്ന് പോടാ പറഞ്ഞാൽ നീ വിശ്വസിക്കില്ല വരുന്ന വഴി അഞ്ചാറ് ലൗ ലെറ്റർ ആണ് എനിക്ക് കിട്ടിയത്,

ഞാൻ അതൊക്കെ കീറിക്കളഞ്ഞു ഈ ഫാൻസ് കാരെ കൊണ്ട് നടക്കാൻ പറ്റില്ല ശ്യാം നിസ്സാര മട്ടിൽ പറഞ്ഞു. കാണും കാണും കോളേജിലെ ഏറ്റവും വലിയ കോഴിക്ക് ഒരു ലെറ്റർ കൊടുക്കണം എന്ന് കുറച്ചു പെൺകുട്ടികൾ പറയുന്നത് കേട്ടു. കാർത്തി പറയുന്നതുകേട്ട് പാത്തുവും അശ്വിനും ചിരിച്ചു. അപ്പോ നിനക്ക് അല്ലേ തരേണ്ടത് ഇനി നിനക്ക് തരാൻ വേണ്ടി എന്റെ അടുത്ത് തന്നതായിരുന്നോ ഈശ്വരാ ഞാൻ ആണെങ്കിൽ അത് കീറിക്കളയുകയും ചെയ്തു അവനും വിട്ടു കൊടുത്തില്ല. എന്റെ പൊന്നു ചേട്ടന്മാരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നിങ്ങളൊന്നും കേട്ടിട്ടുമില്ല എല്ലാം മായ്ച്ച് കളഞ്ഞേക്ക് പാത്തു തൊഴുകൈയ്യോടെ പറഞ്ഞു. അതെങ്ങനെ ശരിയാവും എന്നെ അന്വേഷിച്ച കുട്ടിയെ എനിക്ക് കാണേണ്ടേ കാർത്തി വിടാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ അള്ളോഹ് പുലിമടയിൽ ആണോ ഞാൻ കൈയിട്ടത് പാത്തു തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു. അവളെ നിൽപ്പ് കണ്ട് അവർ മൂന്നു പേരും ചിരിച്ചു. ദേ അന്തപ്പൻ വരുന്നുണ്ട് അവരെ നോക്കി വരുന്ന അച്ചായനെ കണ്ടതും കാർത്തി പറഞ്ഞു.

ആരിത് പാത്തുമ്മയോ നിന്നെ ഞങ്ങളുടെ ഗ്രൂപ്പിൽ എടുത്തോ..? വന്ന ഉടനെ അച്ചായൻ അവളെ നോക്കി ചോദിച്ചു. എടുത്തല്ലോ അന്തപ്പാ വിത്ത് പ്രമോഷൻ ഇക്കാന്റെ പെങ്ങളൂട്ടി ആയിട്ട് അല്ലേ ഇക്കാ അവൾ ചിരിച്ചുകൊണ്ട് അശ്വിനെ നോക്കി പറഞ്ഞു. ബെസ്റ്റ് ഇനി ഒറ്റ ഒരുത്തൻ നിന്റെ പുറകെ വരും എന്ന് നീ വിചാരിക്കേണ്ട കാർത്തി അവളെ നോക്കി പറഞ്ഞു. അയ്യോ അങ്ങനെ ഒരു ട്രാജഡി കൂടി ഉണ്ടോ...? സാരമില്ല ചില റിസ്കുകൾ നമ്മൾ ഏറ്റെടുത്തേ പറ്റൂ, അറ്റ്ലീസ്റ്റ് വല്ല ദർശന സുഖം എങ്കിലും കിട്ടിയാൽ മതിയായിരുന്നു.. അവളുടെ സംസാരം കേട്ട് നാലാളും അത്ഭുതത്തോടെ അവളെ നോക്കി. അവൾ അവരെ നോക്കി ഒരു വളിച്ച ചിരി പാസാക്കി. അല്ല അച്ചായാ വീട്ടിലേക്ക് വിളിച്ചപ്പോൾ നീ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു നേരത്തെ ഇറങ്ങി എന്നാണല്ലോ അമ്മച്ചി പറഞ്ഞത്... എന്നിട്ടു നീ എവിടെയായിരുന്നു ഇതുവരെ കാർത്തി സംശയത്തോടെ അച്ചായനോട് ചോദിച്ചു. അത് പിന്നെ... അച്ചായൻ ഉത്തരത്തിനു വേണ്ടി പരതുന്നത് അവർ ശ്രദ്ധിച്ചു. സത്യം പറ അച്ചായാ നീ നിന്റെ പേടമാനേ അന്വേഷിച്ചു ഇറങ്ങിയതല്ലേ....? കാർത്തി വീണ്ടും ചോദിച്ചു. അച്ചായൻ അവർക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു.

എന്നിട്ടു കണ്ടെത്തിയോ നീ ആ കുട്ടിയെ. കുറച്ചു കാലമായല്ലോ നീ അവളെയും തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് അവളെ എന്നാ ഞങ്ങൾ ഒന്ന് കാണുക....? ശ്യാം അച്ചായനെ നോക്കി പറഞ്ഞു. കണ്ടെത്തുമെടാ എനിക്കുള്ളതാണ് അവൾ എങ്കിൽ ഞാൻ അവളെ കണ്ടെത്തുക തന്നെ ചെയ്യും, എന്റെ ഇഷ്ടം അവളോട് പറഞ്ഞു അവൾക്കു സമ്മതം ആണെന്ന് പറഞ്ഞാൽ മാത്രമേ നിങ്ങൾക്കു മുൻപിൽ അവളെ ഞാൻ കൊണ്ടു വരികയുള്ളൂ... അല്ലെങ്കിൽ അവളെ നിങ്ങൾ ഒരിക്കലും കാണേണ്ട, അവൻ നിരാശയോടെ പറഞ്ഞു. ഞങ്ങളെ അച്ചായനെ ഏത് പെണ്ണാ ഇഷ്ടമില്ല എന്ന് പറയുക, ഒരു നോട്ടത്തിനു വേണ്ടി ഈ കോളേജിലെ മൊത്തം പെൺകുട്ടികളും ക്യൂ നിൽക്കുകയാണ്, ആ കുട്ടി എന്തായാലും നിന്നെ ഇഷ്ടപ്പെടും കാർത്തി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അല്ല നിന്റെ കൂടെയുണ്ടായിരുന്ന തൊട്ടാവാടി എവിടെ അവളെ ഞാൻ കണ്ടതേ ഇല്ലല്ലോ...? അച്ചായൻ പാത്തുവിനോടായി ചോദിച്ചു. അയ്യോ അവളെ ഞാൻ ക്ലാസ്സിൽ ഇരുത്തി ഇപ്പൊ വരാം എന്നു പറഞ്ഞ് പോന്നതാ...

ഞാൻ പോട്ടെ എന്നും പറഞ്ഞ് അവൾ എണീറ്റു പോകാൻ തുടങ്ങിയ അവൾ തിരിഞ്ഞു നിന്ന് അവരെ ഒന്ന് നോക്കി. ഇക്കാ നമ്മുടെ കൂട്ടത്തിൽ അവളെയും കൊണ്ടുവരട്ടെ ഞാൻ അതൊരു പാവമാണ് ഒറ്റപ്പെടുത്താൻ കഴിയില് ല... അവൾ അശ്വിനെ പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു. അവളെക്കുറിച്ച് പറഞ്ഞതും അശ്വിൻ മുഖം ദേഷ്യത്തോടെ തിരിച്ചു. നീ ധൈര്യമായി കൊണ്ടുവാ.. അവളെ കൂടെ കൂട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അവന്റെ മുഖത്തേക്ക് നോക്കി തന്നെ കാർത്തി പറഞ്ഞു. പാത്തു ഒരു സമ്മതത്തിനു വേണ്ടി അശ്വിനെ നോക്കിയെങ്കിലും അവനൊന്നും മിണ്ടിയില്ല. അവളുടെ നോട്ടം കണ്ട് കാർത്തി അവളെ കണ്ണുകൾകൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു കൊടുത്തു. അത് കണ്ടതും അവൾ ചിരിച്ചു ക്ലാസ്സിലേക്ക് ഓടി. ******* ****** കാർത്തി അശ്വിനെ കുറിച്ച് പറഞ്ഞത് ഓർത്തു ഇരിക്കുകയാണ് ശിവ. അവന്റെ ഓരോ വാക്കുകളും അവളുടെയുള്ളിൽ അശ്വിനോടുള്ള പേടി കുറക്കുന്ന തായിരുന്നു. അവൾ തന്റെ കൈകളിലേക്ക് തന്നെ നോക്കി.

ആദ്യമായിട്ടാണ് താൻ ഒരാളെ കരണത്തടിക്കുന്നത് ഇതിനുള്ള ധൈര്യം ഒക്കെ തനിക്ക് എവിടെ നിന്നു വന്നു, അവളുടെ ഉള്ളിൽ ആ രംഗം ഓടി വന്നതും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. കൈകളിലേക്കു നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ശിവയെ നോക്കി പാത്തു കുറച്ചുനേരം അവിടെ നിന്നു. എന്താണ് തമ്പുരാട്ടി കുട്ടിക്ക് ഒരു പുഞ്ചിരി ഒക്കെ..? ശിവയെ നോക്കി അവൾ ചോദിച്ചു. ഹേയ് ഒന്നുമില്ല,, നീ എവിടെയായിരുന്നു ഇതുവരെ ശിവ വിഷയം മാറ്റാൻ എന്നവണ്ണം ചോദിച്ചു. അവൾ അവിടെ ഉണ്ടായ കാര്യങ്ങളൊക്കെ ശിവയോട് പറഞ്ഞു. അവർ സംസാരിക്കുന്നതിനിടയിലാണ് ക്ലാസിലേക്ക് ഒരു സുന്ദരനായ ചെറുപ്പക്കാരൻ കയറി വന്നത്. ഗുഡ്മോർണിംഗ് സ്റ്റുഡൻസ്.. എന്റെ പേര് ഷാഹുൽ നിങ്ങളുടെ ഇംഗ്ലീഷ് അധ്യാപകൻ ആണ് വന്ന ഉടനെ അയാൾ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അയാളെ കണ്ടതും എല്ലാവരും കിളി പോയ മട്ടിൽ നോക്കുന്നുണ്ട്. പാത്തു വായും പൊളിച്ചു നോക്കുന്നത് കണ്ടു ശിവ ഒരുപാട് ചിരിച്ചു. അയാളുടെ ക്ലാസിൽ എല്ലാവരും നിശബ്ദരായി ഇരുന്നു.

അയാൾ പോകുന്നത് വരെയും എല്ലാവരും അയാളെ തന്നെ വായിൽ നോക്കി ഇരുന്നു. ആ ഹവർ കഴിഞ്ഞതും സീനിയേഴ്സ് അവരുടെ ക്ലാസിലേക്ക് കയറി വന്നു. ശ്യാമും കാർത്തിക്കും അശ്വിനും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരെ കണ്ടതും പാത്തു ഒന്ന് ചിരിച്ചു. ഹായ് ഫ്രണ്ട്സ് എല്ലാവർഷവും സീനിയേഴ്സ് ഫ്രഷേർസിനായി നടത്തുന്ന ഫ്രഷേഴ്സ് ഡേ നാളെയാണ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ളത് നിങ്ങളെ എല്ലാവരെയും ഞങ്ങൾ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. വിദ്യാർഥികളെ അഭിസംബോധന ചെയ്തു അശ്വിൻ സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ അവന്റെ നോട്ടം ശിവ യിൽ പതിഞ്ഞതും അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു. പരിപാടിയെ കുറിച്ച് കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ച് അവർ അവിടെ നിന്നും ഇറങ്ങി...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story