💓സഖാവ് 💓: ഭാഗം 20

sagav rafeena

രചന: റഫീന മുജീബ്

പാത്തൂന്റെ മോന്റെ കളിചിരിയിൽ ആ വീട്ടിലെ സങ്കടം സന്തോഷത്തിലേക്ക് വഴിമാറി. കുറച്ചു സമയമെങ്കിലും എല്ലാ ദുഃഖവും മറന്ന് അവർ അവന്റെ കളി ചിരിയിൽ സന്തോഷിച്ചു. കൂട്ടത്തിൽ പാത്തുവിന് മാത്രമേ ഒരു ജീവിതമുണ്ടായിട്ടുള്ളൂ.... അശ്വിനുള്ള സമയത്ത് തന്നെ അവളുടെ വിവാഹം കഴിഞ്ഞതുകൊണ്ട് അവളിന്ന് സുമംഗലിയായി ജീവിക്കുന്നു. അല്ലെങ്കിൽ ഒരുപക്ഷേ കൂട്ടുകാരുടെ സങ്കടം കണ്ട് ശ്യാം ഒരു ജീവിതത്തിലേക്ക് കടക്കാൻ മടിക്കുന്നത് പോലെ അവളും ചെയ്തേനെ എന്ന് അമ്മച്ചി ഓർത്തു. അന്നത്തെ ദിവസം ഏറെ ഇരുട്ടിയതിനുശേഷമാണ് അവരെല്ലാവരും പിരിഞ്ഞത്. ************* പിന്നീടുള്ള രണ്ടു ദിവസം ശിവയ്ക്ക്ഏറെ തിരക്ക് പിടിച്ചതായിരുന്നു. ഫോണിലൂടെ മാത്രമേ അവൾക്ക് അവരുടെ വിശേഷങ്ങൾ അറിയാൻ സാധിച്ചുള്ളൂ. രാത്രി പാത്തു വിളിച്ച് ഒരുപാട് സംസാരിച്ച ശേഷമാണ് ഫോൺ വെച്ചത്. രാവിലെ നേരിൽ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞിട്ടാണ് അവൾ ഫോൺ വെച്ചത്. രണ്ടുദിവസത്തെ അലച്ചിൽ കാരണം ശിവ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി.

പുറത്ത് എന്തൊക്കെയോ തട്ടി മറിയുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണു തുറന്നത്. ആരൊക്കെയോ ഓടി പോകുന്നതുപോലെ അവൾക്ക് തോന്നി. അവൾ വെപ്രാളപ്പെട്ട് എണീറ്റ് സമയം നോക്കിയപ്പോൾ ഏകദേശം രണ്ടു മണിയോട് അടുക്കാറായിട്ടുണ്ട്. അവൾ ധൃതിപ്പെട്ട് ഹാളിലെ ലൈറ്റ് ഓൺ ആക്കിയപ്പോൾ അച്ഛനും ശബ്ദം കേട്ട് ഇറങ്ങി വരുന്നുണ്ട്. എന്താ മോളെ പുറത്ത് ആരൊക്കെയോ ഉള്ള പോലെ ശബ്ദം കേൾക്കുന്നുണ്ടല്ലോ...? അദ്ദേഹം ആശങ്കയോടെ ചോദിച്ചു. അറിയില്ല അച്ഛാ ഞാനും കേട്ടു ശബ്ദം, വാ നമുക്ക് നോക്കാം സെക്യൂരിറ്റി ചേട്ടൻ ആവും ചിലപ്പോൾ. , അവൾ അതും പറഞ്ഞു വാതിൽ തുറന്നപ്പോൾ ആരോ മതിലു ചാടി പോകുന്നതാണ് കണ്ടത്. പുറകെ ഓടുന്ന അച്ചായനെ കണ്ട് അവൾ അത്ഭുതപ്പെട്ടു. ഈ സമയത്ത് ഇച്ചായനെന്താ ഇവിടെ അവൾ സംശയത്തോടെ ഓർത്തു. തന്റെ കയ്യിൽ കിട്ടിയവൻ രക്ഷപ്പെട്ട വിഷമത്തിലായിരുന്നു അച്ചായൻ.

അവൻ നിരാശയോടെ അവരുടെ അടുത്തേക്ക് വന്നു. അപ്പോഴേക്കും അവനെ അന്വേഷിച്ചു പോയ സെക്യൂരിറ്റിയും ഓടിവന്നു. എന്താ ഇച്ചായാ ഇതൊക്കെ ആരാ അയാൾ എന്താ ഈ നേരത്ത്...? എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്...? അവൾ സംശയത്തോടെ ചോദ്യങ്ങൾക്കും മേലെ ചോദ്യങ്ങളുമായി അവനെ മൂടി. നീ പേടിക്കുക ഒന്നും വേണ്ട ശിവ... ഇങ്ങനെ ഒരു നീക്കം ഞാൻ മുൻപേ കണക്കുകൂട്ടിയതാ... നിനക്ക് നേരെ ഒരു ആക്രമണം ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. നമ്മളെ എല്ലാവരെയും ഒന്ന് ഭയപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമേ അവർക്കുള്ളൂ. ഈ ഒരു പ്ലാൻ മുൻകൂട്ടി കണ്ടത് കൊണ്ട് തന്നെ കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ ഈ വീടിന് ഉറങ്ങാതെ കാവലാണ്... കയ്യിൽ കിട്ടിയാൽ വിട്ടുകള യില്ല എന്ന് ഉറപ്പിച്ചു തന്നെയായിരുന്നു ഞാൻ നിന്നത്. പക്ഷേ അവരുടെ ഭാഗ്യം എന്റെ കയ്യിൽ നിന്നും അവൻ വഴുതിപ്പോയി. എത്രകാലം ഇങ്ങനെ രക്ഷപ്പെടുമെന്ന് നോക്കാം..

എന്തായാലും നമ്മൾ ലക്ഷ്യത്തിലേക്ക് എത്തുമെന്ന് അവർ ഭയപ്പെടുന്നുണ്ട്.. അതിന്റെ തെളിവാണ് ഈ നടക്കുന്നതെല്ലാം.. അവൻ പറയുന്നത് ശരിയാണെന്ന് ശിവയ്ക്കും തോന്നി. അച്ഛൻ പേടിക്കുകയോന്നും വേണ്ട ഞാൻ ഉള്ളപ്പോൾ നിങ്ങൾക്ക് ആർക്കും ഒന്നും സംഭവിക്കില്ല. അച്ഛന്റെ മുഖത്തെ ടെൻഷൻ കണ്ട അച്ചായൻ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഈ വീടിന് കാവലായി അച്ചായൻ ഉണ്ടെന്ന് അറിഞ്ഞതും ശിവയുടെ ഉള്ളിൽ വല്ലാത്തൊരു സങ്കടം ഉണ്ടായി. പാവം അവൾ മനസ്സിൽ ഓർത്തു. ഇച്ചായാ അപ്പോൾ അമ്മച്ചി അവിടെ ഒറ്റയ്ക്കല്ലേ.....? അവൾ സംശയത്തോടെ അവനോട് ചോദിച്ചു. അമ്മച്ചിയുടെ അടുത്ത് ജെയിംസിനെ നിർത്തിയിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നത്. ഇനി ഏതായാലും അവരുടെ അടുത്തുനിന്ന് പെട്ടെന്നൊരു ആക്രമണം ഉണ്ടാവില്ല.... അതുറപ്പാണ്. നിങ്ങൾ കിടന്നോളൂ ഇവിടെ കൂടുതൽ സെക്യൂരിറ്റി ഉറപ്പുവരുത്താൻ ശ്രദ്ധിച്ചോളാം.

അവരെ സമാധാനിപ്പിച്ചു കൊണ്ട് അച്ചായൻ പറഞ്ഞു. അവർ അകത്തു കയറി വാതിൽ അടച്ചതിനുശേഷമാണ് അച്ചായൻ അവിടെനിന്നും തിരിച്ചത്. ശിവയുടെ മുഖത്ത് യാതൊരു ഭയവും ഉണ്ടായിരുന്നില്ല.. മറിച്ച് ലക്ഷ്യത്തിലേക്ക് എത്തി എന്നുള്ള ഒരു ഉറപ്പ് അവളിലേക്ക് വന്നു ചേർന്നു. റൂമിൽ എത്തിയിട്ടും പിന്നീട് ഉറങ്ങാൻ അവൾക്ക് തോന്നിയില്ല. ആരോ തന്റെ പുറകെ ഉണ്ട് ഇത് രണ്ടുദിവസമായി തനിക്കും തോന്നി തുടങ്ങിയതാണ്. അല്ലെങ്കിൽ അച്ചായൻ പറഞ്ഞതുപോലെ ഒന്ന് ഭയപ്പെടുത്താൻ മാത്രം. അല്ലെങ്കിൽ അവരുടെ ലക്ഷ്യം തന്റെ മരണം തന്നെ. തനിക്ക് എന്ത് സംഭവിച്ചാലും ഒരു പേടിയുമില്ല, പക്ഷേ മരിക്കുന്നതിനുമുമ്പ് തന്റെ പ്രാണനെ ഇല്ലാതാക്കിയ വർക്ക് ശിക്ഷ വാങ്ങി കൊടുക്കണം ഇത് ഉറച്ച ഒരു തീരുമാനമാണ്.. ഇനി ഒരുപക്ഷേ നാളെ ശിവപാർവതി ഓരോർമ്മയായാൽ ഞങ്ങളുടെ പ്രണയം ആരും അറിയാതെ പോകരുത്...

ഇവി ടെ ജീവിച്ചിരുന്ന ഒരു സഖാവും അവൻ പ്രാണനെ പോലെ സ്നേഹിച്ച ഒരു സഖിയുമുണ്ടായിരുന്നു. അതു നാളെ ലോകം അറിയുമ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ച് അവർ അസൂയയോടെ ഓർക്കണം.. അവൾ തന്റെ ഡയറി എടുത്തു തന്റെ ജീവിതത്തെ മാറ്റിമറിച്ച ഓരോ അനുഭവങ്ങളും അതിലേക്ക് പകർത്താൻ തുടങ്ങി... കോളേജിലെ ആദ്യ ദിവസങ്ങളിലെ ഓർമ്മകളിലൂടെ അവൾ വീണ്ടും സഞ്ചരിക്കാൻ തുടങ്ങി. രണ്ടുമൂന്ന് ദിവസം കോളേജിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ശാന്തമായി തന്നെ മുൻപോട്ടു പോയി. ഇതിനിടയ്ക്ക് പാത്തൂവും അശ്വിനും കൂടുതൽ അടുത്തു. സ്വന്തം സഹോദരിയോടെന്നപോലെതന്നെ ആയിരുന്നു അവളോടുള്ള അവന്റെ കരുതൽ. അച്ചായനും അശ്വിനും ആ കോളേജിലെ തന്നെ എല്ലാവരുടെയും ഇഷ്ട പാത്രങ്ങളായിരുന്നു. സകല തരുണീമണികളും ഇവരുടെ പുറകെ ആയിരുന്നു.

അവരുടെ ഗ്രൂപ്പിൽ ആയതിനാൽ തന്നെ ശിവയെയും പാത്തുവിനെ യും എല്ലാവരും അസൂയയോടെയായിരുന്നു നോക്കിയിരുന്നത്. ഷാഹുൽ സാർ ഇതിനോടകം തന്നെ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട അദ്ധ്യാപകനായി തീർന്നു. അരുൺ പാത്തൂ നോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവനെ കാണുന്നതേ അവൾക്ക് കലിയായിരുന്നു. അശ്വിൻ പാത്തൂന് നൽകുന്ന സ്നേഹവും പരിഗണനയും കണ്ട് ശിവയുടെ ഉള്ളിൽ അവനോടു ഒരുതരം ആരാധന ഉടലെടുത്തു. അച്ചായൻ ഈ ദിവസങ്ങളിൽ ശിവയോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. അവളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും എല്ലാം അവളറിയാതെ അവൻ മനസ്സിലാക്കി. അവന്റെ ഉള്ളിലെ അവളോടുള്ള പ്രണയം പൂത്തുലയാൻ തുടങ്ങി. തന്നെ നോക്കുന്ന അച്ചായന്റെ കണ്ണുകളിൽ ഒരിക്കലും ശിവ പ്രണയം കണ്ടില്ല... അവിടെ താളം തെറ്റുകയായിരുന്നു അച്ചായന്റെ സ്വപ്നങ്ങൾ..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story