💓സഖാവ് 💓: ഭാഗം 21

sagav rafeena

രചന: റഫീന മുജീബ്

ആദ്യ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ ശിവയും പാത്തുവും ഫോർഫൈറ്റേഴ്സിന് പ്രിയപ്പെട്ടവരായി കഴിഞ്ഞു. പാത്തുവിനെ അശ്വിന്റെ പെങ്ങളുട്ടിയായി കോളേജ് മൊത്തം അംഗീകരിച്ചു. ശിവ തന്റെ നാദമാധുര്യം കൊണ്ട് കോളേജിലെ എല്ലാവർക്കും പ്രിയപ്പെട്ടവളായി തീർന്നു. ശ്യാമും കാർത്തിയും അച്ചായനുമൊക്കെ ശിവയോട് അടുപ്പം കാണിക്കുന്നുണ്ടെങ്കിലും അശ്വിൻ മാത്രം അവളോടകലം പാലിച്ചു നിന്നു. ഒരു പുഞ്ചിരി പോലും അവന്റെ അടുത്ത് നിന്ന് അവൾക്കുനേരെ ഉണ്ടായിട്ടില്ല. ദിവസങ്ങൾ പിന്നെയും കഴിഞ്ഞുപോയി. രാവിലെ പ്രാതലിനുള്ളതെല്ലാം തയ്യാറാക്കാൻ ശിവ മുത്തശ്ശിക്കൊപ്പം കൂടി. എല്ലാം തയ്യാറാക്കിയതിനുശേഷം പതിവിനു വിപരീതമായി കുളിക്കാൻ അവൾ കുളപ്പടവിലേക്കോടി. സാധാരണ കോളേജ് ഉള്ള ദിവസം കുളത്തിലേക്ക് കുളിക്കാൻ പോകാറില്ല. കുളി കഴിഞ്ഞു വന്നപ്പോൾ തന്നെ കേട്ടു അകത്തുനിന്ന് ഓപ്പോളിന്റെ ഉച്ചത്തിലുള്ള സംസാരം. ആൾ എത്തിയിട്ടുണ്ട് ഇനി കുറച്ചു ദിവസം കുത്തുവാക്കുകളും ശാപവാക്കുകളുമായിരിക്കും കേൾക്കുക.

അവൾ മനസ്സിലോർത്തു. കയ്യിലുള്ള നനഞ്ഞ തുണികൾ അയലിൽ വിരിച്ചിട്ടു അവൾ അകത്തേക്ക് കേറി. കൊച്ചേച്ചി എന്നും വിളിച്ച് അനിമോൾ അവളെ വന്നു കെട്ടിപ്പിടിച്ചു. അനിമോൾ ഓപ്പോളിന്റെ രണ്ടു മക്കളിൽ ഇളയവൾ. അനുശ്രീ എന്നാണ് മുഴുവൻ പേര് ഇപ്പോൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. അവൾക്ക് ശിവയെ ഒരുപാടിഷ്ടമാണ്.. ശിവയോട് അടുക്കരുതെന്ന് അവളുടെ അമ്മ എത്ര പറഞ്ഞാലും അവൾ അനുസരിക്കാറില്ല. എപ്പോഴാ നിങ്ങളൊക്കെ വന്നത് അവൾ സ്നേഹത്തോടെ അനിമോളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു. ഇപ്പോ എത്തിയതേയുള്ളൂ ചേച്ചി. ഞാനും അമ്മയും മാത്രമേ വന്നിട്ടുള്ളൂ, മനുവേട്ടൻ വന്നില്ല ഞങ്ങൾ വൈകിട്ട് തിരിച്ചുപോകും. അവൾ ചേച്ചിയെ നോക്കി പറഞ്ഞു. അവൾ അനി മോളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എത്തിയോ കെട്ടിലമ്മ ആരെ കാണിക്കാനാണ് നീ കുളത്തിലേക്ക് പോയി നീരാട്ട് നടത്തുന്നത്....?

കണ്ട ഉടനെ ഓപ്പോൾ ഒരു പരിഹാസത്തോടെ ചോദിച്ചു. അപ്പോൾ കൊച്ചിലെ നീ കുളത്തിൽ പോയി കുളിച്ചിരുന്നത് ഒക്കെ വല്ലോരേം കാണിക്കാനായിരുന്നോടീ മുത്തശ്ശി ഈർഷ്യയോടെ ഓപ്പോളോട് ചോദിച്ചു. അവർ അതിനു ഉത്തരം പറയാനാവാതെ വിളറി നിന്നു. നോക്കിനിൽക്കാതെ മോള് എന്തെങ്കിലും കഴിച്ച് വേഗം കോളേജിലേക്ക് പോകാൻ നോക്ക് അവളെ നോക്കി മുത്തശ്ശി പറഞ്ഞു. അവർക്കിടയിൽ നിന്നും രക്ഷപ്പെട്ട സമാധാനത്തിൽ അവൾ വേഗം കോളേജിലേക്ക് പോകാൻ റെഡിയായി. ************ അവൾ കോളേജിലെത്തിയിട്ടും പാത്തു എത്തിയിട്ടുണ്ടായിരുന്നില്ല. സാധാരണ അവൾ വരുന്നതിനു മുമ്പോ അവൾക്കൊപ്പമോ ആണ് അവൾ വരാറ്. ഇത് ക്ലാസ് തുടങ്ങാൻ ആയിട്ടും അവളെ കാണാത്തത് ശിവ യിൽ ഒരു നിരാശയുണ്ടാക്കി. അശ്വിനും കൂട്ടരും രണ്ടുതവണ അവളെ അന്വേഷിച്ചു വന്നു. അവളെ കാണാത്തത് അശ്വിനിലും ചെറിയ ഒരു വിഷമമുണ്ടാക്കി.

ശാഹുൽ സാർ ക്ലാസെടുക്കാനായി വന്നപ്പോൾ ശിവയ്ക്കു വല്ലാത്ത സങ്കടമുണ്ടായി. ഇനി എന്തായാലും അവൾ ഇന്ന് വരില്ല. ആദ്യമായിട്ടാണ് അവളില്ലാതെ താൻ ഈ ക്ലാസിൽ എന്നവൾ വേദനയോടെ ഓർത്തു. വരുന്നില്ലെങ്കിൽ അവൾക്ക് ഒന്നു വിളിച്ചു പറഞ്ഞു കൂടായിരുന്നോ..? അവൾ നിരാശയോടെ അവൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവളുടെ ഇരിപ്പിടത്തിലേക്ക് നോക്കി. എസ്ക്യൂസ് മീ സാർ... പെട്ടെന്ന് പാത്തുവിന്റെ ശബ്ദം കേട്ടതും ശിവ സന്തോഷത്തോടെ പുറത്തേക്ക് നോക്കി. അകത്തേക്ക് കേറാനുള്ള അനുവാദം ചോദിച്ചു പാത്തു ശിവക്കരികിലേക്ക് വന്നിരുന്നു. സാധാരണ അവളുടെ മുഖത്ത് കാണുന്ന ചുറുചുറുക്കും പ്രസരിപ്പും ഒന്നുമില്ല. ആകെ മൊത്തം ഒരു നിരാശ. ശിവയെ എപ്പോ കണ്ടാലും എവിടെ വെച്ചാണെങ്കിലും കെട്ടിപ്പിടിച്ച് ഒരു ഉമ്മ പതിവുള്ളതാണ് പാത്തുവിന്റെ വക. പക്ഷേ ഇന്നതുണ്ടായില്ല. ഷാഹുൽ സാർ ക്ലാസ് എടുക്കുമ്പോഴും ശിവയുടെ ശ്രദ്ധ പാത്തുവിൽ തന്നെയായിരുന്നു.

സാധാരണ ക്ലാസ് എടുക്കുകയാണെങ്കിലും അവൾക്കൊരടക്കം ഉണ്ടാവില്ല. സാറ് കാണാതെ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും. ഇന്നിപ്പോൾ അവൾ മൗനമായിട്ടിരിക്കുന്നു. എന്തുപറ്റി എന്നു ശിവ കണ്ണുകൾകൊണ്ട് ചോദിച്ചപ്പോൾ ഒന്നുമില്ലയെന്നവൾ തലയനക്കി. സാറ് ക്ലാസ്സിൽ നിന്ന് പോയിട്ടും അവൾ അവിടെത്തന്നെ ഇരുന്നു. എന്നും സാറ് പോകാൻ സമയം ഉണ്ടാകില്ല ഇറങ്ങി ഓടാൻ ഇക്കയെ കാണണം എന്നു പറഞ്ഞു. ആ അവളാണ് ഇപ്പോൾ നിരാശയോടെ ബെഞ്ചിലും തലവെച്ചു കിടക്കുന്നത്. എന്താടീ... എന്താ എന്റെ ഉമ്മച്ചി കുട്ടിക്ക് പറ്റിയത്....? അവൾ പാത്തുവിന്റെ മുഖം കൈകൾകൊണ്ട് ഉയർത്തി ചോദിച്ചു. ശിവയുടെ നോട്ടത്തെ നേരിടാനാവാതെ അവൾ മിഴികൾ താഴ്ത്തി. അപ്പോഴേക്കും അശ്വിനും കൂട്ടരും അവളെ അന്വേഷിച്ച് ക്ലാസ്സിലേക്ക് വന്നിരുന്നു. എന്താ എന്റെ പെങ്ങൾ കുട്ടിക്ക് പറ്റിയത്...? ഇന്ന് എന്റെ അടുത്തേക്ക് വന്നതേ ഇല്ലല്ലോ..?

അശ്വിൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു. ഒന്നുമില്ല ഇക്കാ ചെറിയ ഒരു തലവേദന അതാ ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നത്. അവൾ അശ്വിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. പനിക്കുന്നോന്നുമില്ലല്ലോ...? അവളുടെ നെറ്റിയിൽ കൈവെച്ചു കൊണ്ട് അശ്വിൻ പറഞ്ഞു. അത് കണ്ടതും അവളുടെ മിഴികൾ ഈറനണിഞ്ഞു. നീ ഒന്നിങ്ങു വന്നേ എന്നും പറഞ്ഞു അശ്വിൻ അവളെയും വിളിച്ചു കൊണ്ട് പുറത്തേക്ക് പോയി. ശിവയും ബാക്കിയുള്ളവരും അവർക്കു പുറകെ പോയി. സാധാരണ അവർ കൂടുന്ന ഗ്രൗണ്ടിന്റെ അവിടേക്കാണ് അശ്വിൻ അവളെയും കൊണ്ട് പോയത്. അവിടെ എത്തിയതും അവളെ പിടിച്ചു അവനരികിലായി ഇരുത്തി. ഇനി പറ എന്താ സംഭവം...? എന്താ നിനക്ക് പറ്റിയത്..? അവൻ ഗൗരവത്തോടെ ചോദിച്ചു. അപ്പോഴേക്കും മറ്റുള്ളവരും അവർക്ക് ചുറ്റും വന്നിരുന്നു. എല്ലാവരുടെ നോട്ടവും പാത്തുവിലേക്ക് തന്നെ ആയി. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അശ്വിന്റെ തോളിലേക്ക് ചാഞ്ഞു.

പെട്ടെന്ന് എല്ലാവരും അത്ഭുതപ്പെട്ടുപോയി അവരുടെ വായാടി കുട്ടി ഇങ്ങനെ കരയുന്നത് ആദ്യമായിട്ടാണ് അവർ കാണുന്നത്. അശ്വിൻ അവളെ ചേർത്ത് പിടിച്ചു. എന്താ മോളെ...? എന്താ പറ്റിയത്..? ആരെങ്കിലും എന്റെ മോളെ എന്തെങ്കിലും പറഞ്ഞോ...? അശ്വിൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു. എന്റെ എല്ലാ സന്തോഷവും നിൽക്കാൻ പോകുന്നു ഇക്കാ... എന്നെ കെട്ടിച്ചു വിടാൻ വീട്ടുകാരു തീരുമാനിച്ചു. പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ തുടർന്ന് പഠിപ്പിക്കാൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഡിഗ്രി ചെയ്യാന്സമ്മതിച്ചത്. ഇതിപ്പോൾ പഠിപ്പിക്കാം എന്ന് പറഞ്ഞു ഒരു കൂട്ടർ വന്നപ്പോൾ ഉപ്പച്ചി കാലുമാറി. ഞാൻ എത്ര എതിർത്തു പറഞ്ഞിട്ടും അവരൊന്നും എന്റെ വാക്ക് കേൾക്കുന്നില്ല. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. അയ്യേ ഇതിനാണോ എന്റെ പാത്തുമ്മ നീ കരഞ്ഞതെന്നും ചോദിച്ചു അച്ചായൻ അവൾക്കരികിലേക്ക് വന്നു.

അതൊന്നു മുടക്കിയാൽ പോരെ അതിനു നീ ഇങ്ങനെ കിടന്നു മോങ്ങണോ..? കാർത്തിയും അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. എങ്ങനെ മുടക്കുമെന്നാ നിങ്ങൾ പറയുന്നത്...? അവൾ നിഷ്കളങ്കമായ മുഖത്തോടെ അവരോട് ചോദിച്ചു. അതിനൊക്കെ വഴിയുണ്ട് ചെക്കനോട് പറഞ്ഞാൽ പോരെ നിനക്ക് പഠിക്കണം ഇപ്പോൾ കല്യാണത്തിന് താൽപര്യമില്ലെന്ന് ശ്യാം പറഞ്ഞു. അതൊന്നും കേട്ട് അവൻ പിന്മാറിയില്ലെങ്കിലോ..? മാത്രവുമല്ല അവർ പഠിപ്പിക്കാം എന്നും പറഞ്ഞിട്ടുണ്ട്.. അവൾ വീണ്ടും ചോദിച്ചു. അപ്പോൾ എന്തെങ്കിലും മാർഗം വേറെ ആലോചിക്കാം.. എങ്ങനെ ആയാലും നമുക്ക് വിവാഹം മുടക്കിയാൽ പോരെ കാർത്തി അവളെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു. അതുമതി അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. വേണമെങ്കിൽ അവൻ സംസാരിക്കാൻ വരുമ്പോൾ കുനിച്ചു നിർത്തി രണ്ടെണ്ണം പൊട്ടിക്കാം അവൾ ആവേശത്തോടെ പറഞ്ഞു.

അതു വേണോ ടി പാത്തുമ്മ പിന്നെ ഈ ജന്മത്ത് നിനക്ക് കല്യാണം ശരിയാവൂല്ല.. നല്ല ചീത്തപ്പേരായിരിക്കും അച്ചായൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു. അതൊന്നും കുഴപ്പമില്ല ഞാൻ ഇവിടുന്ന് ആരെയെങ്കിലും അങ്ങ് സെറ്റ് ആക്കി കൊള്ളാം.. അവളുടെ സംസാരം കേട്ട് അവർക്കും ചിരി വന്നു. ഇത്ര സമയം വളരെ ദുഃഖത്തോടെ ഇരുന്ന ആളാ കണ്ടില്ലേ ഓന്ത് നിറം മാറുന്നത് പോലെ നിറം മാറിയത്... ശ്യാം അവളെ നോക്കി പറഞ്ഞു. ഒന്ന് പോ സേട്ടാ... നിങ്ങൾ ഉണ്ടാവുമ്പോൾ ഞാൻ എന്തിനാ സങ്കടപ്പെടുന്നത്..? അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെ ഒരു കാര്യം അവര് വരുന്ന ദിവസം നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാവണം. എനിക്കൊരു സപ്പോർട്ടിനു വേണ്ടി അന്ന് രാവിലെ തന്നെ എല്ലാവരും എന്റെ വീട്ടിൽ എത്തിക്കോണം അവൾ അവരെ നോക്കി പറഞ്ഞു. അതു വേണോ മോളെ...? നിനക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാവുന്ന കാര്യമേ ഉള്ളൂ വെറുതെ ഞങ്ങളെ കൂടി അതിലേക്ക് വലിച്ചിഴക്കണോ...?

കാർത്തി ഒരു ചിരിയോടെ അവളോട് ചോദിച്ചു. വേണം ഇതിൽ ഒരു മാറ്റവും ഇല്ല. അവൾ തറപ്പിച്ചു പറഞ്ഞു. അവസാനം അവർക്കവളുടെ മുൻപിൽ വരാമെന്ന് സമ്മതിക്കേണ്ടിവന്നു. കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച് ശിവ യെയും വിളിച്ച് അവൾ ക്ലാസ്സിലേക്ക് ഓടി. വഴിയിൽവെച്ച് അരുൺ അവളുടെ അടുത്തേക്ക് വന്നു. എന്താണ് പച്ചമുളക് ഇന്നു വലിയ സന്തോഷത്തിലാണല്ലോ....? അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു. നിന്റെ കുഞ്ഞമ്മ പ്രസവിച്ചു ആൺകുട്ടി അതുകേട്ട സന്തോഷമാണ് എടുത്തടിച്ച പോലുള്ള അവളുടെ മറുപടി കേട്ട ശിവ വായും പൊളിച്ചു നിന്നു. അതെന്താ നിന്നോട് പറഞ്ഞത്...? ഇനി ഭാവി മരുമകൾ ആയതുകൊണ്ടാണോ...? എന്നോട് വിളിച്ചു പറഞ്ഞില്ല കേട്ടോ..., അതിരിക്കട്ടെ എന്റെ കുഞ്ഞമ്മ പ്രഗ്നന്റ് ആണെന്ന് നീ എങ്ങനെ അറിഞ്ഞു..? അവൻ താടിക്ക് കയ്യും കൊടുത്തു ചോദിച്ചു. കഷ്ടം അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു പാത്തു ശിവയെയും കൊണ്ട് അവിടെ നിന്നും പോയി.

എന്താണെടാ അവളെ കാണുമ്പോൾ നിനക്കൊരു ഇളക്കം. പാത്തു പോകുന്നതും നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന അരുണിനെ നോക്കി രാജീവ് ചോദിച്ചു. എന്താണെന്നറിയില്ല ടാ ആ കാന്താരി എന്റെ അടുത്തേക്ക് വരുമ്പോൾ ഇതുവരെ ഇല്ലാത്ത എന്തോ ഒരു പ്രത്യേകത. വല്ലാത്തൊരു ഇഷ്ടമാണെടാ ആ ഉമ്മച്ചി കുട്ടിയോട് എനിക്ക് അവൾ പോയ വഴിയെ നോക്കി അരുൺ രാജീവിനോട് പറഞ്ഞു. ഇഷ്ടം ഒക്കെ കൊള്ളാം പക്ഷേ അശ്വിൻ അറിയാതെ സൂക്ഷിച്ചോ...? അവന് അവൾ എന്നു വച്ചാൽ ജീവനാണ്. അവനെങ്ങാനും അറിഞ്ഞാൽ ഇടിച്ചു നിന്റെ കൂമ്പു വാട്ടും ഓർത്തോ.. രാജീവ് ഒരു പരിഹാസത്തോടെ പറഞ്ഞു. അതൊന്നും ഇല്ലടാ.. നീ വിചാരിക്കും പോലെ ഒന്നുമല്ല, അശ്വിനു എന്നോട് ഒരു എതിർപ്പുമില്ല. ഞാൻ അവരോട് ഒന്നുകൂടി അടുക്കും. അപ്പോൾ അവൻ തന്നെ പറയും എന്റെ പെങ്ങൾ നിനക്കുള്ളതാണ് എന്ന്. നീ നോക്കിക്കോ അവനെക്കൊണ്ട് ഞാൻ അത് പറയിപ്പിക്കും.

അവൻ ഒരു ഗൂഢ ചിരിയോടെ പറഞ്ഞു. നോക്കാം നമുക്ക് എന്തെല്ലാം നടക്കുമെന്ന് രാജീവ് ഒരു പരിഹാസത്തോടെ പറഞ്ഞു. അവര് പോയ വഴിയെ നോക്കി അരുൺ അവിടെത്തന്നെ നിന്നു. ************* വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ കുറച്ചു നോട്ട്സ് കമ്പ്ലീറ്റ് ആകാൻ ഉള്ളതുകൊണ്ട് ശിവ ക്ലാസ്സിൽ തന്നെ ഇരുന്നു. താൻ ഇക്കയുടെ അടുത്ത് കാണുമെന്ന് പറഞ്ഞു പാത്തു അവരുടെ അടുത്തേക്ക് ഓടി. നോട്സൊക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും ഒരുപാട് നേരം ആയിരുന്നു. ഏതാനും വിദ്യാർഥികൾ എല്ലാം പോയി കഴിഞ്ഞിരുന്നു. ശിവ ദൃതിയിൽ ബുക്ക് ഒക്കെ എടുത്തു വേഗം ക്ലാസ്സിൽ നിന്നും പുറത്തേക്കിറങ്ങി. വളരെ വേഗത്തിൽ പടികളിറങ്ങുമ്പോൾ അവളെയും നോക്കി പകയോടെ വരുന്ന വൈശാഖിനെ കണ്ടതും അവൾ പേടിയോടെ ചുറ്റും നോക്കി...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story