💓സഖാവ് 💓: ഭാഗം 24

sagav rafeena

രചന: റഫീന മുജീബ്

രാവിലെ അമ്മച്ചിയുടെ പരിഭവം പറച്ചിൽ കേട്ടാണ് അച്ചായൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവഴിയിട്ട പുതപ്പ് മെല്ലെ മാറ്റി പാടുപെട്ട് കണ്ണുകൾ വലിച്ചു തുറന്നു അച്ചായൻ ഉറക്കച്ചടവോടെ അവിടെ തന്നെ കിടന്നു. പിന്നെയും അമ്മച്ചിയുടെ ശബ്ദം ഉയർന്നു വന്നപ്പോൾ അവൻ പതിയെ പുതപ്പുമാറ്റി എഴുന്നേറ്റ് അടുക്കളയിലേക്ക് വച്ചുപിടിച്ചു. അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുകയാണ് അമ്മച്ചി. മൊത്തം ദേഷ്യവും ആ പാത്രത്തിനോട്‌ തീർക്കുന്നുണ്ട്. അതുകണ്ട് അച്ചായന് ചിരി വരുന്നുണ്ട്. എന്നതാ എന്റെ ത്രേസ്യ കുട്ടിക്ക് രാവിലെ തന്നെ നല്ല കലിപ്പിലാണല്ലോ....? എന്നാ പറ്റി..? അവൻ അമ്മയെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു. നീ ഒന്നും പറയണ്ട ഒരവധി ദിവസമായിട്ട് പോലും നിനക്ക് നേരത്തെ ഒന്നെണീറ്റ് അമ്മച്ചിയോടൊപ്പം ഒന്നടുക്കളയിൽ വന്നൂടെ..? ഞാനെന്നും ഒറ്റയ്ക്കല്ലേ ഇതിനകത്ത്, ഒന്നും സഹായിച്ചില്ലെങ്കിലും വേണ്ടില്ല എന്റെ കൂടെ വർത്താനം പറഞ്ഞെങ്കിലും ഇരുന്നൂടെ..? എത്രയാ എന്ന് വെച്ചാണ് ഞാൻ ഇങ്ങനെ ഒറ്റയ്ക്കിരിക്കുന്നത്...? അല്ലെങ്കിൽ നീ എന്റെ ശിവമോളെ ഇങ്ങോട്ടു കൊണ്ടു വാ...

അപ്പോൾ എനിക്ക് കൂട്ട് ആവുമല്ലോ..? അതെങ്ങനാ അവൻ നാളും മുഹൂർത്തവുമൊക്കെ നോക്കി ഇരിക്കുവല്ലേ ഒരു പെണ്ണിനോട് ഇഷ്ടം പറയാൻ...? നീ ഇങ്ങനെ നാളും മുഹൂർത്തമൊക്കെ നോക്കിയിരുന്നോ ഇഷ്ടം പറഞ്ഞു ചെല്ലുമ്പോഴേക്കും ആ കൊച്ചിനെ വല്ല ആൺ പിള്ളേരും കൊണ്ടുപോകും നോക്കിക്കോ...? അമ്മച്ചി തെല്ലു ദേഷ്യത്തോടെ പറഞ്ഞു. എന്റെ പൊന്നമ്മച്ചി അപ്പോ അതാണ് കാര്യം ഞാൻ അവളോട് ഇതുവരെ ഇഷ്ടം പറയാത്തതിന്റെ ദേഷ്യമാണ് ഈ പാവം പത്രങ്ങളോട് തീർക്കുന്നതല്ലേ...? എന്റെ ത്രേസ്സ്യക്കുട്ടി ഒന്നു ക്ഷമിക്ക് എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കു സമയം വേണം അതോണ്ടല്ലേ ഞാൻ ഇങ്ങനെ ക്ഷമിക്കുന്നത്, അമ്മച്ചി നോക്കിക്കോ ശിവയോട് വൈകാതെ തന്നെ ഞാൻ എന്റെ ഇഷ്ടം പറയും അവൻ അമ്മച്ചിയെ നോക്കി പറഞ്ഞു. മ്മ് മ്മ് പറഞ്ഞാൽ നിനക്ക് നല്ലത്, അല്ലേ ആ കൊച്ചിനെ കൊണ്ട്പോവാൻ നല്ല ഉശിരുള്ള ആൺ പിള്ളേർ വേറെ വരും.. എന്റെ പൊന്നമ്മച്ചി ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയരുത്, ഇങ്ങനെയൊക്കെ പറഞ്ഞു മകന്റെ കോൺഫിഡൻസ് കളയുകയാണോ...?

ആശിർവദിച്ചിട്ടില്ലെങ്കിലും വേണ്ടില്ല.. തളർത്തരുതമ്മച്ചി.. തളർത്തരുത്.. അവൻ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞു. മകന്റെ ആ ഭാവം കണ്ടതും ത്രേസ്യയുടെ ചുണ്ടിൽ ചിരി വിടർന്നു. അമ്മച്ചിയുടെ മുഖം തെളിഞ്ഞതും അവൻ ആ കവിളിൽ അമർത്തി ഒന്നു ചുംബിച്ചു ഫ്രഷ് ആവാൻ റൂമിലേക്ക് പോയി. ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് കയറാൻ തുടങ്ങിയ അച്ചായൻ എന്തോ ഓർത്തിട്ടെന്നപോലെ അലമാരയുടെ അടുത്തേക്ക് നീങ്ങി. അതിൽ നിന്നും താൻ നിധിപോലെ സൂക്ഷിക്കുന്ന വളപ്പൊട്ടുകൾ കയ്യിലെടുത്തു. കുറച്ചുസമയം അതിലേക്ക് തന്നെ ഒരു പുഞ്ചിരിയോടെ നോക്കിനിന്നു. അത് ശരി നീ ഫോണും ഓഫ് ചെയ്തു വെച്ച് ഇവിടെ സ്വപ്നം കണ്ടുകൊണ്ട് നിൽക്കുകയാണോ...? കാർത്തിയുടെ ശബ്ദം കേട്ടാണ് അവൻ പുറകിലേക്ക് നോക്കിയത്. അപ്പോളുണ്ട് തന്നെ തന്നെ നോക്കി നിൽക്കുന്ന കാർത്തിയും ശ്യാമും നോട്ടം കണ്ടാൽ തോന്നും താൻ എന്തോ തെറ്റ് ചെയ്‌തെന്ന്.. ന്താടാ രണ്ടാളും എന്താ എന്നെ നോക്കി പേടിപ്പിക്കുന്നത്....? അവരെ നോട്ടം കണ്ടിട്ട് അച്ചായൻ സംശയത്തോടെ ചോദിച്ചു.

പൊന്നുമോൻ ഇന്നലെ ഞങ്ങളോടെന്തെങ്കിലും പറഞ്ഞിരുന്നോ..? ഇല്ലല്ലോ അച്ചായൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു. ഇല്ലെടാ തെണ്ടീ അന്തപ്പാ.. അച്ചുവിന്റെ വീട്ടിൽ പോകാൻ രാവിലെ എട്ടുമണിക്ക് വണ്ടിയുമായി വരാമെന്ന് പറഞ്ഞിരുന്നോ...? കാർത്തി ദേഷ്യത്തോടെ അവനരികിലേക്ക് വന്നു ചോദിച്ചു. അതു പറഞ്ഞു അതിനെന്താ ഇപ്പൊ....? നീ എട്ടുമണി എന്നല്ലേ പറഞ്ഞത് എന്നിട്ടിപ്പോ സമയം നോക്കെടാ പുല്ലേ ശ്യാം കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.. പത്തുമണിയല്ലേ ആയുള്ളൂ അതിനാണോ നിങ്ങൾ ഇങ്ങനെ കിടന്നു തുള്ളുന്നത്..? അച്ചായന്റെ മറുപടി കേട്ട് ഇരുവർക്കും ദേഷ്യം വന്നു. മണിക്കൂർ രണ്ടായി നിന്നെയും കാത്തു ആ ജംഗ്ഷനിൽ നിക്കാൻ തുടങ്ങിയിട്ട് ഇരുന്നിരുന്നു മനുഷ്യന്റെ ഉപ്പാടിളകി എന്നിട്ടവൻ ചോദിക്കുന്നത് കണ്ടില്ലേ പത്തുമണിയല്ലേ ആയുള്ളൂ എന്ന് കാർത്തി കലിപ്പിൽ പറഞ്ഞു. ശരിയാണ് ഇന്ന് അച്ചുവിന്റെ വീട്ടിൽ പോകാം എന്ന് പറഞ്ഞതാണ്, പക്ഷെ ഞാൻ ആ കാര്യം വിട്ടു പോയി അതിവന്മാരോട് പറഞ്ഞാൽ ഇപ്പോൾ എന്റെ പുറം പള്ളിപ്പുറം ആക്കും അതുകൊണ്ട് മിണ്ടാതെ നിക്കുന്നതാ ബുദ്ധി.

അവർ രണ്ടുപേർക്കും നൈസായി ഒന്ന് ചിരിച്ചു കൊടുത്തു അച്ചായൻ ബാത്റൂമിലേക്കോടി.. എന്താ അറിയൂല അവിടെ നിന്നിട്ടാവും വല്ലാത്ത വിശപ്പ് ശ്യാം അതും പറഞ്ഞു അടുക്കള ലക്ഷ്യമാക്കി നീങ്ങി. അമ്മച്ചി അപ്പോഴേക്കും മൂന്നാൾക്കും കഴിക്കാൻ ഉള്ളതൊക്കെ റെഡിയാക്കിയിരുന്നു. ഭക്ഷണം കഴിച്ച് അശ്വിന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി. ഒരു ഒഴിവു ദിവസമായിട്ടു പോലും അച്ചായൻ വീട്ടിൽ ഇരിക്കാത്തതിന്റെ പരിഭവം അമ്മച്ചിക്ക് നല്ലവണ്ണമുണ്ട്. അമ്മച്ചിയെ സോപ്പിട്ട് കുപ്പിയിലാക്കി അച്ചായൻ അവരോടൊപ്പം ഇറങ്ങി. ************ വീട്ടിൽ നട്ടുപിടിപ്പിച്ച വാഴയ്ക്കും ചേനയ്ക്കുമൊക്കെ തടമെടുക്കുവാണ് അശ്വിൻ കൂടെ അശ്വിനിയും അനുമോളും ഉണ്ട്. ദേ അച്ചുവേട്ടാ ഇവളെന്റെ കാലിലേക്കു മനപ്പൂർവം മണ്ണാക്കുവാ കാലിലെ മണ്ണിലേക്കും അശ്വിനിയുടെ മുഖത്തേക്കും നോക്കി അനുമോൾ കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു.

ഇല്ല ഏട്ടാ... ഞാൻ ഈ മൺവെട്ടിയിൽ നിന്നും മണ്ണ് കളഞ്ഞതാണ്, അല്ലാതെ ഇവളുടെ കാലിൽ മനപ്പൂർവ്വം ആക്കിയതല്ല.. അശ്വിനി ചേട്ടനെ നോക്കി പറഞ്ഞു അല്ല ഏട്ടാ... ഈ ചേച്ചി മനപ്പൂർവം ചെയ്തതാണ് എനിക്കറിയാം.. അനുമോൾ വീണ്ടും അവളെ കുറ്റപ്പെടുത്തി. മനപ്പൂർവം ചെയ്തതാണെങ്കിൽ നീ അങ്ങ് സഹിക്ക് അശ്വിനിയും വിട്ടുകൊടുത്തില്ല. അങ്ങനെ സഹിക്കാനൊന്നും എന്നെ കിട്ടില്ല എന്നും പറഞ്ഞ് അവൾ ഒരുപിടി മണ്ണ് വാരി ചേച്ചിയുടെ ദേഹത്ത് ഇട്ടു. കണ്ടോ ഏട്ടാ ഇവളീ ചെയ്തത് കണ്ടോ..? ദേഹത്ത് മണ്ണ് വീണതും നോക്കി അശ്വിനി ഏട്ടനോട് പരാതി പറഞ്ഞു. ദേ രണ്ടും കൂടി ഇവിടെ കിടന്നു അടി കൂടാനാണ് ഉദ്ദേശമെങ്കിൽ രണ്ടിനെയും തൂക്കിയെടുത്ത് ഞാൻ വല്ല പൊട്ടക്കിണറ്റിലും കൊണ്ടിട്ടും പറഞ്ഞില്ലാന്ന് വേണ്ട അശ്വിൻ ദേഷ്യത്തോടെ പറഞ്ഞു. അല്ലെങ്കിലും ഏട്ടനിപ്പോൾ ഞങ്ങളെയൊന്നും വേണ്ട എന്തിനുമേതിനും ഇപ്പോൾ പാത്തു ഉണ്ടല്ലോ, അവളെ മതി നമ്മളെയൊന്നും ഇപ്പോൾ വേണ്ട ചേച്ചി.. അനുമോൾ സങ്കടത്തോടെ പറഞ്ഞു. അപ്പോൾ അവിടെയ്ക്കാണ് മക്കളെ പോക്ക് ഞാൻ പാത്തൂനെ പറയുന്നത് രണ്ടാൾക്കും പിടിക്കുന്നില്ല,

അതെനിക്ക് നിങ്ങളുടെ മുഖം കാണുമ്പോൾ അറിയുന്നുണ്ട്. വല്ലാത്ത കുശുമ്പ് തന്നെ രണ്ടിനും അവൻ ചെറുചിരിയോടെ പറഞ്ഞു. കുശുമ്പ് ഒന്നുമില്ല ഏട്ടാ... ഞങ്ങൾക്ക് കിട്ടേണ്ട സ്നേഹം വേറൊരാൾ കൂടി പങ്കിട്ട് പോകുന്നതിന് ചെറിയൊരു സങ്കടം. അശ്വിനി യാണ് അതിനു മറുപടി പറഞ്ഞത്. ഇതുതന്നെയാണ് കുശുമ്പ്, അതെങ്ങനെയാണ് നിങ്ങൾക്ക് നൽകേണ്ട സ്നേഹം ഞാൻ മറ്റൊരാൾക്ക് കൊടുക്കുന്നത്, നിങ്ങൾക്കു തരേണ്ട സ്നേഹം എന്നും നിങ്ങൾക്ക് തന്നെ കിട്ടും, എന്റെ പാത്തുമ്മയ്ക്ക് കൊടുക്കുന്ന സ്നേഹം അവൾക്കർഹതപ്പെട്ടതാണ്. അവളെ നേരിൽ കാണാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്, അവളെ കണ്ടാൽ എന്നെക്കാൾ കൂടുതൽ നിങ്ങൾ അവളെ സ്നേഹിക്കും എനിക്കുറപ്പുണ്ട്. അവൻ അവരെ നോക്കി പറഞ്ഞു. അച്ഛന്റെ സ്നേഹം നമ്മൾ അനുഭവിച്ചിട്ടില്ല, എന്റെ മക്കൾക്ക് അതിന്റെ ഒരു കുറവും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്,

നിങ്ങളെ പഠിപ്പിച്ച് ഒരു ജോലിയാക്കി സുരക്ഷിതമായ കൈകളിൽ നിങ്ങളെ ഏൽപ്പിച്ചു കൊടുക്കുന്നത് വരെ ഈ ഏട്ടന് വിശ്രമമില്ല, നാളെ നമ്മുടെ അമ്മയ്ക്ക് സംഭവിച്ചത് നിങ്ങൾ രണ്ടുപേർക്കും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്, അതിനുള്ള ഓട്ട പാച്ചിലിൽ ആണ് ഏട്ടൻ ഇപ്പോൾ അതിനിടയിൽ സ്നേഹം കുറഞ്ഞു എന്നു തോന്നിയാൽ എന്റെ മക്കൾ ക്ഷമിക്കണം, തിരക്കിനിടയിൽ സംഭവിച്ചു പോകുന്നതാണ് അല്ലാതെ സ്നേഹം കുറഞ്ഞിട്ടോന്നുമല്ല, അശ്വിൻ രണ്ടാളെയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അയ്യേ.. എന്താ ഏട്ടാ ഇത് ഞങ്ങളെ ഏട്ടനെ ഞങ്ങൾക്കറിയില്ലേ, ഇത് ചുമ്മാഏട്ടനെ ചൂടാക്കാൻ പറയുന്നതല്ലേ അല്ലാതെ ഏട്ടൻ ഞങ്ങൾക്ക് തരുന്ന സ്നേഹത്തിൽ ഒരിഞ്ച് പോലും കുറഞ്ഞിട്ടില്ല എന്ന് ഞങ്ങൾക്കറിയാം, അതൊന്നും കാര്യമാക്കേണ്ട, പാത്തു നോട് ഞങ്ങൾക്ക് ഒരു കുശുമ്പും ഇല്ല മാത്രമല്ല അവളെ ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹവുമുണ്ട് അശ്വിനി ചേട്ടന്റെ തോളോട് ചേർന്ന് പറഞ്ഞു. അല്ല പിന്നെ,, ഞങ്ങളെ ഏട്ടനോടല്ലാതെ ഞങ്ങൾ ആരോടാ പിന്നെ ഇങ്ങനെയൊക്കെ സംസാരിക്കാ.. ഈ ഏട്ടനെ ഞങ്ങൾക്കറിയില്ലേ ഞങ്ങളെ ജീവനല്ലേ ഏട്ടൻ അനുമോൾ അതും പറഞ്ഞ് അശ്വിന്റെ കവിളിൽ അമർത്തി ചുംബിച്ചു.

തന്റെ മൂന്നു മക്കളുടെയും സ്നേഹപ്രകടനം കണ്ട് അമ്മ നിർമ്മല തന്റെ കണ്ണ് തുടച്ചു. ഇതെന്താ ഏട്ടനും പെങ്ങമ്മാരും പെരുവഴിയിൽ നിന്നൊരു സ്നേഹപ്രകടനം അവിടേക്ക് കയറിവന്ന കാർത്തി ചോദിച്ചു. പിറകെ തന്നെ ചിരിച്ചുകൊണ്ട് അച്ചായനും ശ്യാമും എത്തി. ഓ വന്നല്ലോ വാനരപ്പട അവരെ നോക്കി അനുമോൾ പറഞ്ഞു. വാനരപ്പടയോ അതു നിന്റെ മറ്റവനെ പോയി വിളിയെടീ കാന്താരീ ശ്യാം അവളെ അടിക്കാൻ ഓങ്ങുന്ന പോലെ കൈ പൊക്കി പറഞ്ഞു. ഒന്നു പോ ശ്യാമേട്ടാ അദ്ദേഹത്തെ ഞാൻ അങ്ങനെ ഒന്നും വിളിക്കൂല അവൾ നാണത്തോടെ നിലത്തു കാലുകൾ കൊണ്ട് കളം വരച്ചു കൊണ്ട് പറഞ്ഞു. എടീ ഭയങ്കരീ മുട്ടയിൽ നിന്നു വിരിഞ്ഞില്ല അപ്പോഴേക്കും അവളുടെ ആഗ്രഹം കണ്ടില്ലേ..? ഞങ്ങൾ ചേട്ടൻമാർ നിൽക്കുന്നതൊന്നും അവൾ കാണുന്നില്ലേ..? ശ്യാം മുഖത്തു സങ്കടം വരുത്തികൊണ്ടു പറഞ്ഞു. നിങ്ങളൊക്കെ വേണേൽ കെട്ടിക്കോ അച്ചുവേട്ടനെ പിജി കഴിഞ്ഞാൽ ഞങ്ങൾ പിടിച്ചു കെട്ടിക്കും നോക്കിക്കോ...? അനുമോൾ പറയുന്നത് കേട്ട് അവര് നാലാളും വാ പൊളിച്ചു നിന്നു പോയി.

നമ്മൾക്ക് ആ ശിവ ചേച്ചിയെ ആലോചിച്ചാലോ...? അശ്വിനി അത് പറഞ്ഞതും അശ്വിന്റെ മുഖം ഇരുണ്ടു. അതുവരെ ചിരിച്ചുകൊണ്ടിരുന്നു അച്ചായന്റെ മുഖവും മങ്ങി. അവൾ തമാശയിൽ പറഞ്ഞതാണെങ്കിലും അവന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടായി. പോ പിള്ളേരെ കൊച്ചു വായിൽ വലിയ വർത്താനം പറഞ്ഞു കൊണ്ടുവരും രണ്ടിനും എന്റെ കയ്യിൽ നിന്ന് നല്ല പെട കിട്ടും ഓർത്തോ...? അമ്മ അവർക്കുള്ള കാപ്പിയുമായി വന്നു കൊണ്ടുപറഞ്ഞു. ഹാവൂ താങ്ക് യൂ അമ്മാ ഇവിടെ നിന്നും എങ്ങനെ രക്ഷപ്പെടും എന്ന് വിചാരിച്ച് നിൽക്കുകയായിരുന്നു. കയ്യിലുള്ള മൺവെട്ടിയും കുട്ടയും അവിടെ ഇട്ട് രണ്ടുപേരും അവിടെ നിന്നും ഓടി. ടീ ഇതുകൂടി തീർത്തിട്ട് പോകാം അശ്വിൻ അവരോട് വിളിച്ചുപറഞ്ഞു. ബാക്കി ഇനി ഏട്ടന്റെ വാനരപ്പടയെ കൊണ്ട് എടുപ്പിച്ചോ ഞങ്ങൾ പോവുകയാണ് ഓടുന്നതിനിടെ അനുമോൾ വിളിച്ചുപറഞ്ഞു.

എന്നാ വേഗം വാ മക്കളെ കളത്തിലിറങ്ങിക്കോ നമ്മൾ നാലാളും ഒത്തുപിടിച്ചാൽ ഇത് പെട്ടെന്ന് തീരും അശ്വിൻ ബാക്കി മൂന്നു പേരോടുമായി പറഞ്ഞു. അതൊക്കെ വേണോ മോനെ അച്ചുവേ മണ്ണ് ദേഹത്തായാൽ തിരിച്ചു വീട്ടിൽ ചെന്നാൽ അമ്മ വീട്ടീ കയറ്റൂലാ മാത്രവുമല്ല എനിക്കീ വിയർപ്പിന്റെ അസുഖമുള്ളതാ അതോണ്ട് ഇവരെ വേണേൽ കൂട്ടിക്കോ, ഞാനിവിടെ മാറി ഇരുന്നോളാം ശ്യാം വിനീതനായി കൊണ്ടു പറഞ്ഞു. നീ ഇങ്ങോട്ട് ഇറങ്ങിയില്ലെങ്കിൽ നിന്റെ അസുഖമൊക്കെ ഞാൻ ഒറ്റ നിമിഷം കൊണ്ട് മാറ്റി തരും ഞാൻ അങ്ങോട്ട് വരണോ അതോ നീ ഇങ്ങോട്ട് ഇറങ്ങണോ അശ്വിൻ അവനെ നോക്കി പറഞ്ഞു. ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടേണ്ട ഞാൻ അങ്ങോട്ട് വരാം രക്ഷയില്ല അന്തപ്പാ കളത്തിലിറങ്ങാം ഒത്തു പിടിച്ചാൽ മലയും പോരും എന്നല്ലേ ഒരു കൈ നോക്കാം. അതും പറഞ്ഞ് ശ്യാം അശ്വിന്റെ അടുത്തേക്ക് പോയി.

അച്ചായനും കാർത്തിയും ചിരിച്ചുകൊണ്ട് അവരോടൊപ്പം കൂടി. അവര് ജോലി ചെയ്യുന്നത് നോക്കി ഒരു പുഞ്ചിരിയോടെ അമ്മ നിന്നു. ************ വൈകീട്ട് മുത്തശ്ശി യോടൊപ്പം ഉമ്മറപ്പടിയിൽ ഇരുന്ന് ഓരോ കൊച്ചു വർത്താനവും പറഞ്ഞിരിക്കുകയാണ് ശിവ. അച്ഛൻ ശിവനും അവരോടൊപ്പം കൂടുന്നുണ്ട്. ആ സമയത്താണ് ഓപ്പോളും അനി മോളും മനുവും കൂടി അവിടേക്ക് വന്നത്. വന്ന ഉടനെ ഓപ്പോൾ അച്ഛനെ കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ. മുത്തശ്ശിയും ശിവയും അത്ഭുതത്തോടെ അവരെ നോക്കി. എന്താടി എന്തിനാ ഇങ്ങനെ കരയുന്നത്..? ശിവൻ പെങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു. ഒന്നും പറയണ്ട ഏട്ടാ എനിക്കീ ജീവിതം മടുത്തു. ആകെ കഷ്ടപ്പാടാണ് ഏട്ടനിപ്പോൾ കാര്യമായിട്ട് പണിയൊന്നുമില്ല. ഒരു പതിനായിരം രൂപയുടെ അത്യാവശ്യമുണ്ട്. ഞാൻ നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല ഏട്ടാ,.. ഓപ്പോൾ കണ്ണീര് തുടച്ചുകൊണ്ടു പറഞ്ഞു. അതിനാണോ എന്റെ മോളിങ്ങനെ കരയുന്നെ അതു ഞാൻ തന്നാൽ പോരെ നീ ആ കണ്ണുതുടക്ക്. ശിവൻ അവളെ വാത്സല്ല്യത്തോടെ ചേർത്തു പിടിച്ചു പറഞ്ഞു. എത്രയാ ഏട്ടാ ഏട്ടനെ ബുദ്ധിമുട്ടിക്കുന്നേ അതാ ഞാൻ...

അതും പറഞ്ഞ് അവൾ ശിവനെ ഒന്നു നോക്കി. ഞാൻ അന്യനൊന്നുമല്ലല്ലോ..? നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഞാൻ തന്നെയാണ് തരേണ്ടത്, നീ അതിനു വിഷമിക്കേണ്ട, അകത്ത് ചെന്ന് വല്ലതും കഴിക്കാൻ നോക്ക് ശിവൻ ഒരു ശാസനയോടെ പറഞ്ഞു. ശിവന് പെങ്ങൾ എന്നുവെച്ചാൽ ജീവനാണ് അത് മുതലാക്കാൻ അവൾക്ക് നന്നായിട്ട് കഴിയും. ശിവയും മുത്തശ്ശിയും പരസ്പരം മുഖത്തോട് മുഖം നോക്കി. രണ്ടുപേർക്കും അറിയാം ഇത് ഓപ്പോളിന്റെ അഭിനയമാണെന്ന്. പക്ഷേ അച്ഛനോട് പറഞ്ഞിട്ട് കാര്യമില്ല, പറ്റിക്കപ്പെടുകയാണെന്നറിഞ്ഞിട്ടും അച്ഛൻ അറിയാത്തപോലെ നടിക്കുകയാണ്. കുറച്ചു നേരം നിന്നിട്ട് മനു കവലയിലേക്ക് എന്നും പറഞ്ഞു ഇറങ്ങി പോയി. ശിവയും അനിമോളും കൂടി ഓരോന്നൊക്കെ പറഞ്ഞിരുന്നു. രാത്രി ഒരുമിച്ചാണ് എല്ലാവരും അത്താഴം കഴിച്ചത്. മനു അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. ഒരുപാട് പഠിക്കാൻ ഉള്ളതുകൊണ്ട് ശിവ ഏറെ വൈകിയാണ് കിടന്നത്. രാത്രിയിൽ എന്തോ തന്റെ കാലിലൂടെ ഇഴയുന്നതുപോലെ തോന്നിയപ്പോൾ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story