💓സഖാവ് 💓: ഭാഗം 29

sagav rafeena

രചന: റഫീന മുജീബ്

തന്നെ പിടിച്ചുവെച്ച ശിവയുടെ കൈകളെ തട്ടിമാറ്റി പാത്തു അവർക്കരികിലേക്കു ദേഷ്യത്തോടെ ചെന്നു. തന്നെ നോക്കിപരിഹാസത്തോടെ ചിരിക്കുന്ന സണ്ണിയെയും ആൻവിയെയും വൈശാഖനെയും അവൾ ദേഷ്യത്തോടെ നോക്കി. എന്താ ടീ നോക്കുന്നത് ഉണ്ടക്കണ്ണി ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്, നിന്റെ ആ മറ്റവൻ ഇല്ലേ നീ ഇക്കാ എന്ന് വിളിക്കുന്ന നിന്റെ കൊക്ക അവൻ പെങ്ങളെന്നും പറഞ്ഞ് നിന്നെയും കൊണ്ട് അവൻ എത്ര ഹോട്ടൽ മുറികൾ കയറിയിറങ്ങിയിട്ടുണ്ടെന്നു വല്ല പിടിത്തവും ഉണ്ടോ വൈശാഖ് പരിഹാസത്തോടെ പറഞ്ഞതും പാത്തുവിന്റെ കൈ തരിച്ചു. അവന്റെ കരണം നോക്കി ആഞ്ഞടിക്കാനായ് കൈ ഉയർത്തിയപ്പോഴേക്കും വൈശാഖന്റെ കരണം പുകഞ്ഞിരുന്നു. അവനെ അടയ്ക്കാനായി ഉയർത്തിയ കൈ പതുക്കെ താഴ്ത്തി അടിച്ചതാരന്നെറിയാൻ തിരിഞ്ഞു നോക്കി. തന്റെ മുമ്പിൽ നിൽക്കുന്ന ആളെ കണ്ട് പാത്തു മിഴിച്ചു നോക്കി. തന്റെ കണ്ണുകളെ അവൾക്കു വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അടിപൊട്ടിയതും വൈശാഖ് കവിളിൽ കൈ വെച്ചു തല്ലിയ ആളെ രൂക്ഷമായി നോക്കി. അവനുമുമ്പിലായി നിൽക്കുന്ന ശിവയുടെ രൂപം അവനെ ഭയപ്പെടുത്തി. ശിവ സർവ്വസംഹാരരൂപിണി ആയി മാറികഴിഞ്ഞിരുന്നു അപ്പോഴേക്കും.

വൈശാഖിനെ ഒന്നു പൊട്ടിച്ചിട്ടും അവൾക്ക് അവനോടുള്ള ദേഷ്യം കുറയുന്നുണ്ടായിരുന്നില്ല. ടീ എന്നും വിളിച്ചു വൈശാഖ് അവളുടെ നേർക്കടുത്തു. മിണ്ടരുത് ശിവ അവളുടെ ചൂണ്ടുവിരൽ ഉയർത്തികൊണ്ട് പറഞ്ഞു. നീ എന്തു പറഞ്ഞെടാ... അശ്വിൻ രാഘവ് ആ പേരു പറയാൻ പോലും നിനക്ക് അർഹതയില്ല. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നീയാണോ സഖാവിനെ കുറിച്ച് പറയുന്നത്... കഷ്ടം, അച്ഛന്റെ പണക്കൊഴുപ്പിൽ സകലതോന്നിവാസവും കാണിച്ചു നടക്കുന്ന നിനക്കൊന്നും ആ മനുഷ്യന്റെ വിലയറിയൂല. നിനക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര ഉയരത്തിലാണയാൾ. ജീവിക്കാൻ വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയും അതോടൊപ്പം തന്റെ പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന ആ മനുഷ്യനെ പറയാൻ നിനക്കൊക്കെ എന്തു യോഗ്യതയാണുള്ളത്, അവൾ ദേഷ്യത്തോടെ പറഞ്ഞു. നീ ആണുങ്ങൾക്കു നേരെ കൈ ഉയർത്തുമൊ ടീ എന്നും പറഞ്ഞു ആൻവി അവൾക്കരികിലേക്കു വന്നു.

ആണുങ്ങൾക്കു നേരെ മാത്രമല്ല ചില നെറികേടു പറഞ്ഞു വരുന്ന പെണ്ണുങ്ങൾക്കു നേരെ കയ്യുയർതാനും ഞങ്ങൾക്കു മടിയില്ല കാണണോ നിനക്ക് എന്നും പറഞ്ഞു പാത്തു അവളുടെ കൈ ഉയർത്തി ആൻവിയുടെ മുഖത്തേക്കുയർത്തി. ആൻവി തന്റെ കണ്ണുകൾ ഇറുകെയടച്ചു. പാത്തു അവളുടെ മുഖത്തിനരികെ കൈ കൊണ്ടു പോയി അടിക്കാതെ കണ്ണുകൾ ഇറുകിയടച്ച ആൻവിയെ നോക്കി ചിരിച്ചു. ഒരടി പ്രതീക്ഷിച്ച ആൻവി കുറച്ചു സമയമായിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു. കണ്ടോ ഇത്രയേ ഉള്ളൂ നീ ഞങ്ങൾ പെണ്ണുങ്ങൾ ഇറങ്ങിയപ്പോൾ തന്നെ നിങ്ങൾ പേടിച്ചു പോയി അപ്പൊ ഇനി ഞങ്ങളെ ആൺകുട്ടികൾ ഇറങ്ങിയാൽ നീ ഒന്നും പിന്നെ ഉണ്ടാവൂല ഓർത്തോ അവർക്കു നേരെ വിരലുയർത്തി പാത്തു അത്രെയും പറഞ്ഞു ശിവയേയും വിളിച്ചു പുറത്തേക്ക് പോയി . അവർ പോകുന്നതും നോക്കി പല്ലിറുമ്പി അവർ നിന്നു. ശിവയേയും വിളിച്ചു പാത്തു നേരെ പോയത് കാന്റീനിലേക്ക് ആയിരുന്നു. അവിടെയെത്തിയതും പാത്തു ശിവയെ അടിമുടി ഒന്നു നോക്കി. ഇതിപ്പോ എന്താ ഉണ്ടായേ പാത്തു മൂക്കത്തു വിരൽ വെച്ചു ചോദിച്ചു. ശിവ അവൾക്കു മുഖം കൊടുക്കാതെ താഴേക്ക് നോക്കിയിരുന്നു.

നീ തന്നെ ആയിരുന്നോ ശിവ അത് എനിക്ക് വിശ്വാസിക്കാൻ കഴിയുന്നില്ല. എന്താ ന്റെ ഇക്കാനെ പറഞ്ഞപ്പോൾ മോൾക്കൊരു ഇളക്കം, ഇനി ന്റെ ഇക്കനോട് നിനക്കു വല്ല ലബും ഉണ്ടോ ടീ പാത്തു ചിരിച്ചുകൊണ്ടു ചോദിച്ചു. ഒന്നു പോയേ നീ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ ശിവ കൃത്രിമ ദേഷ്യം വരുത്തികൊണ്ടു പറഞ്ഞു. അല്ല ഉണ്ടേൽ പറഞ്ഞോ ട്ടോ എന്റെ ഫുൾ സപ്പോർട്ടുണ്ടാവും, നിന്നെക്കാൾ നല്ലൊരു കുട്ടിയെ ന്റെ ഇക്കാക്ക് വേറെ കിട്ടൂല അവൾ ശിവയെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു. ഒന്നു പോടി ഞാൻ അതു വിചാരിച്ചോന്നും അല്ല അവൾ പാത്തുവിനെ നോക്കാതെ പറഞ്ഞു. മ്മ് മ്മ് മനസ്സിലായി മോളെ അവളെ നോക്കി അർത്ഥം വെച്ചു പാത്തു വീണ്ടും ചിരിച്ചു. നീ ചുമ്മാ എഴുതാപ്പുറം വായിക്കല്ലേ ട്ടോ ശിവ വീണ്ടും ദേഷ്യം നടിച്ചു പറഞ്ഞു. ഓ നമ്മള് എഴുതിയപുറം തന്നെ വായിക്കാൻ മടിയുള്ള ആളാ അതോണ്ട് ഞാൻ വിട്ടു, അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു. നീ ഇപ്പോൾ ഉണ്ടായ കാര്യം അവരോടൊന്നും പോയി പറയല്ലേ ട്ടോ, ആരും ഒന്നും അറിയണ്ട ഇപ്പോൾ ശിവ അവളെ നോക്കി പറഞ്ഞു.

അതെന്താ അറിഞ്ഞാൽ നീ ബോൾഡായ കാര്യം ഇക്ക അറിയണ്ടേ. വേണ്ട ഇപ്പോൾ ഒന്നും അറിയണ്ട ശിവ അതു പറഞ്ഞപ്പോൾ പാത്തു പറയില്ല എന്ന് സമ്മതിച്ചു. വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയതും അവരെയും കാത്തു നിൽക്കുന്ന അശ്വിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് അവർ പോയി. സംസാരതിനിടയിൽ താൻ നാളെ വരാൻ വൈകും അമ്പലത്തിൽ പോയിട്ടേ വരു എന്ന് ശിവ അവരോടു പറഞ്ഞു. അതെന്താ വിശേഷിച്ചു തന്റെ പിറന്നാളാണോ അച്ചായൻ ആകാംഷയോടെ ചോദിച്ചു. എന്റെയല്ല അമ്മയുടെ അവളുടെ മുഖം മാറുന്നത് അവരെ അറിയിക്കാതെ അവൾ മുന്പോട്ട് നടന്നു. അമ്മ പോയിട്ടും ഈ ദിവസം അച്ഛൻ മുടങ്ങാതെ പിറന്നാൾ ആഘോശിക്കും. താനും ചേച്ചിയും അമ്പലത്തിൽ പോകും അവൾ ഓരോന്നൊക്കെ ആലോചിച്ചു നടന്നു. പാത്തു ഓരോന്നൊക്കെ പറയുന്നുണ്ട് അവളതോന്നും കേൾക്കുന്നു പോലുമില്ല. ബസ്സിറങ്ങി പാടവരമ്പിലൂടെ നടക്കുമ്പോഴും അവളുടെ മനസ്സിൽ അമ്മയുടെ മുഖം മാത്രം ആയിരുന്നു. അമ്മ ഓർക്കുമ്പോൾ ചില്ലിൽ മലയിട്ട ഒരു മുഖം മാത്രമാണ് വരുന്നത്. അതിനപ്പുറത്തേക്ക് അമ്മയെകുറിച്ചൊരോർമായില്ല.

എത്രയൊക്കെ ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അമ്മയ്ക്കു പകരമാവില്ല. ഓപ്പോൾ പറഞ്ഞതു പോലെ താൻ ഭാഗ്യം ഇല്ലാത്ത കുട്ടി തന്നെ അവൾ വേദനയോടെ ഓർത്തു. അച്ഛന്റെ മുഖത്തും ഇന്ന് സങ്കടം തന്നെയാണ്. അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ആ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്. അന്നത്തെ ദിവസം അവർ പരസ്പരം വല്ലാതെ സംസാരിചില്ല അച്ഛൻ അച്ഛന്റെ ഓർമ്മകളിൽ ഇരുന്നോട്ടെ എന്ന് വിചാരിച്ചു ശിവ അച്ഛനെ ശല്ല്യപ്പെടുത്താൻ പോയില്ല. ********** കോളേജ് വിട്ടു വന്നതുമുതൽ അമ്മച്ചിയുടെ ഊതികേറ്റി വച്ച മുഖമാണ് അച്ചായൻ കാണുന്നത്. എന്താ കാര്യം എന്ന് ചോദിച്ചിട്ടു പറയുന്നുമില്ല. പക്ഷെ സകല പാത്രങ്ങളോടും ദേഷ്യം തീർക്കുന്നുമുണ്ട്. അടുക്കളയിൽ വല്ല ബാൻഡ് മേളം നടക്കുന്ന പോലെയുണ്ട്. സഹികെട്ടു അച്ചായൻ അമ്മച്ചിയെ വട്ടം പിടിച്ചു തനിക്കഭിമുഖമായി നിർത്തി. ഇതെന്താ ത്രേസ്സ്യകുട്ടി പറ്റിയത് അവൻ അമ്മച്ചിയെ ചേർത്തുപിടിച്ചു ചോദിച്ചു. നിനക്കു നാണമുണ്ടോ ടാ ഒരു നരുന്ത് പെണ്ണിനോട് ഇഷ്ടം പറയാൻ ധൈര്യം ഇല്ലാതെ മീശയും വെച്ചു നടക്കുന്നു അമ്മച്ചി കലിപ്പിൽ പറഞ്ഞു. ഓ അപ്പൊ അതാണ് ന്റെ മീശയിൽ തൊട്ടുകളിവേണ്ട ത്രേസ്സ്യകൊച്ചേ അതെനിക്ക് സഹിക്കൂല.

പോടാ ആണുങ്ങളെ വില കളയാൻ ആണെന്നും പറഞ്ഞു മീശയും വെച്ചു നടന്നാൽ പോരാ ഇഷ്ടം തോന്നിയ പെണ്ണിനെ പിടിച്ചു നിർത്തി മിനിമം ഐ ലവ് യൂ എന്ന് പറയാനുള്ള ധൈര്യം വേണം. ദേ അമ്മച്ചി എന്റെ ആണത്തത്തെ തൊട്ട് കളി വേണ്ട അതെനിക്ക് സഹിക്കൂല. പിന്നെ മീശ അത് ഞാൻ വച്ചതല്ല അമ്മച്ചി സ്വയം വന്നതാ അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. നീ ഇങ്ങനെ ചിരിച്ചു നടന്നോ ഇനി ഈ കാര്യം പറഞ്ഞു ഞാൻ നിന്റെ അടുത്ത് വരില്ല അവർ ദേഷ്യപെട്ടു പോകാൻ നിന്നതും അവൻ അമ്മച്ചിയെ പിടിച്ചു തനിക്കരികിൽ ഇരുത്തി. ഹാ പിണങ്ങല്ലേ പൊന്നെ ഞാൻ പറയാം ഒരു പത്തുദിവസം കൂടി വേണം എനിക്ക്. ഇനിയും അവർ സംശയത്തോടെ ചോദിച്ചു. അവൾ ഇഷ്ടമില്ലാ എന്ന് പറഞ്ഞാൽ അതെനിക്ക് സഹിക്കൂല അമ്മ അവൻ ഒരു കൊച്ചു കുട്ടിയെപോലെ പറഞ്ഞു. അങ്ങനെ ഒന്നും പറയൂല നീ ധൈര്യമായി പറ അവർ അവനെ സമാധാനിപ്പിച്ചു പറഞ്ഞു. എടാ മോനെ എനിക്കാ മോളെ ഒന്നു കാണണം അത്ര ആഗ്രഹം ഉള്ളോണ്ടാ ടാ അവർ അവനെ നോക്കി കൊഞ്ചികൊണ്ടു പറഞ്ഞു.

കാണിക്കാം പക്ഷെ ഇതേ കുറിച്ച് ഒരുകാര്യവും പറയില്ല എന്നെനിക്ക് വാക്ക് തരണം പറ്റുമോ അവൻ സംശയത്തോടെ ചോദിച്ചു. നിന്റെ ചാച്ചനാണ് സത്യം അവർ അവനു വാക്ക് കൊടുത്തു. എന്നാൽ നാളെ രാവിലെ റെഡി ആയിക്കോ അവൾ അമ്പലത്തിൽ വരുമ്പോൾ അവിടെ വെച്ചു കാണാം അവൻ പറയുന്ന കേട്ടു അവരുടെ മുഖം വിടർന്നു. അപ്പോൾ നാളെ ഞാനെന്റെ മോളെ കാണും അല്ലേ അവർ സന്തോഷത്തോടെ അവന്റെ നെറുകയിൽ ഒന്നു ചുംബിച്ചു അവിടെ നിന്നും പോയി. അവൻ അവരു പോകുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. അപ്പോൾ നാളെ അമ്മയും മോളും ഒന്നു കണ്ടോട്ടെ അല്ലേ കണ്ണാടിയിലുള്ള തന്റെ പ്രതിബിംബം നോക്കി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story