💓സഖാവ് 💓: ഭാഗം 4

sagav rafeena

രചന: റഫീന മുജീബ്

പുലർച്ചെ കുളികഴിഞ്ഞ് ഈറൻ മാറി മുടി തുവർത്തി കൊണ്ട് നിൽക്കുമ്പോഴാണ് താഴെ സെക്യൂരിറ്റി ഗോപാലേട്ടനോട് കുശലം പറഞ്ഞു നിൽക്കുന്ന അമ്മച്ചി അവളുടെ ശ്രദ്ധയിൽ പെട്ടത്. അവരെ കണ്ടതും അവളുടെ മുഖത്ത് ആയിരം പൂർണ്ണചന്ദ്രന്മാർ മിന്നിമറഞ്ഞു. ഞൊടിയിടയിൽ തന്നെ അവളോടി മുറ്റത്തെത്തി. ഓടിച്ചെന്ന് അമ്മച്ചിയെ കെട്ടിപ്പിടിച്ചു. അവരും സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു സ്നേഹത്തോടെ നെറുകയിൽ ചുംബിച്ചു. ഇതെന്താ അമ്മച്ചി ഇത്ര കാലത്തെ തന്നെ ഇങ്ങോട്ടേക്ക്....? അവൾ തെല്ല് അത്ഭുതത്തോടെ ചോദിച്ചു. അതെന്താ എന്റെ മോളെ കാണാൻ എനിക്ക് വന്നൂടെ...? നീയല്ലേ അമ്മച്ചിയെ മറന്നത് ഇന്നലെ ഒന്ന് വിളിച്ചത് പോലുമില്ല അവർ തെല്ല് സങ്കടത്തോടെ പറഞ്ഞു അയ്യോ അമ്മച്ചി ഞാൻ മറന്നതല്ല ഇന്നലെ പാത്തു വിളിച്ചു ഫോൺ വെച്ചപ്പോൾ ഒത്തിരി വൈകിപ്പോയി, അമ്മച്ചി ഉറങ്ങിക്കാണും വിചാരിച്ചാണ് ഞാൻ വിളിക്കാതിരുന്നത്. പാത്തു വിളിച്ചിരുന്നോ മോളെ..?

അവൾക്ക് സുഖമല്ലേ എനിക്ക് വിളിച്ചിട്ട് ഇപ്പോൾ രണ്ട് ആഴ്ചയായി, അവളുടെ മോന്റെ പനിയൊക്കെ മാറിയോ..? അവർ ആകാംക്ഷയോടെ ചോദിച്ചു. അവന്റെ പനിയൊക്കെ മാറി അമ്മച്ചി, അവൾ വരുന്നുണ്ട് അത് പറയാൻ വിളിച്ചതാണ്, ശിവ സന്തോഷത്തോടെ പറഞ്ഞു. നേരോ മോളെ അവളും വരുന്നുണ്ടോ..? കാർത്തി മോനും വരുന്നുണ്ടെന്ന് കുഞ്ഞോൻ പറഞ്ഞു. അപ്പോൾ നിങ്ങൾ എല്ലാവരും പഴയപോലെ കൂടുവാണല്ലേ..? അച്ചു കൂടി ഉണ്ടായിരുന്നേൽ..., പറഞ്ഞു കഴിഞ്ഞിട്ടാണവർ ശിവയെ ഓർത്തത്. വാക്കുകൾ മുഴുവൻ ആകാതെ അവർ ശിവയെ നോക്കി. അവളും വേദനയാൽ കലർന്ന ഒരു പുഞ്ചിരി നൽകി അമ്മച്ചിക്ക്. അവൾ അമ്മച്ചിയെ സ്നേഹത്താൽ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അന്നത്തെ പ്രാതൽ അവർ ഒരുമിച്ചാണ് കഴിച്ചത്. ശിവയുടെ മുഖത്ത് പതിവിൽ കവിഞ്ഞ ഒരു സന്തോഷമുണ്ടായിരുന്നു. അതു പിതാവ് ശിവൻ ശ്രദ്ധിക്കുകയും ചെയ്തു.

തന്റെ മകളുടെ കളിയും ചിരിയും മുൻപേ തന്നിൽ നിന്നും അന്യമായി കഴിഞ്ഞിരുന്നു എന്ന് അയാൾ വേദനയോടെ ഓർത്തു. ഒരുപക്ഷേ ശിവ അച്ചായനെ വിവാഹം കഴിക്കുന്നത് തന്നെയാണ് ആ വൃദ്ധ മനസ്സും ആഗ്രഹിച്ചിട്ടുണ്ടാവുക, പക്ഷേ തന്റെ മകളെ അത് വേദനിപ്പിക്കും എന്നറിയാവുന്നതു കൊണ്ടാവാം അയാൾ ആരോടും ഒന്നും പറയാത്തത്. പ്രാതൽ ഒക്കെ കഴിഞ്ഞ് ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുകയാണ് ശിവയും അമ്മച്ചിയും. ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് അമ്മച്ചി. അവളോടുള്ള വാത്സല്യം അവരുടെ കണ്ണുകളിൽ വ്യക്തമായി കാണാം. ഏതോ ചിന്തയിലാണ്ടിരിക്കുന്ന ശിവ മുഖം ഒന്ന് വെട്ടിച്ചപ്പോഴാണ് തന്നെ തന്നെ നോക്കിയിരിക്കുന്ന അമ്മച്ചിയെ കാണുന്നത്. അമ്മച്ചിയോട് കണ്ണുകൾകൊണ്ട് എന്താ എന്നവൾ ചോദിച്ചു. അവർ അവൾക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു. ഞാനൊരു കാര്യം പറയട്ടെ എന്റെ മോളോട് ദീർഘ നേരത്തെ മൗനത്തിനു ശേഷം അവർ ശിവയുടെ കരങ്ങൾ കവർന്നു കൊണ്ട് പറഞ്ഞു. അവൾ എന്താ എന്നർത്ഥത്തിൽ അമ്മച്ചിയെ നോക്കി. പറയാനുള്ള കാര്യം ഏറെ പ്രയാസപ്പെട്ടതാണെന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്.

എന്തിനാ മോളേ ഈ പരാജയപ്പെട്ട പ്രണയം ഓർത്തു മോളു വെറുതെ ജീവിതം നശിപ്പിക്കുന്നത്. അച്ചുവിന് ഒരിക്കലും ഇത് സഹിക്കൂല, അവൻ ഏറ്റവും പ്രിയപ്പെട്ടവരാണ് നീയും കുഞ്ഞുമോനും രണ്ടു പേരുടെയും ജീവിതം ഇങ്ങനെ നശിക്കുന്നത് അവന്റെ ആത്മാവിന് സഹിക്കൂല. വാർദ്ധക്യം എന്നെ വല്ലാതെ ആക്രമിക്കാൻ തുടങ്ങി മോളെ. ഈ വയസ്സിയുടെ കണ്ണടയ്ക്കുന്നതിനുമുൻപ് നിങ്ങൾ ഒരുമിക്കുകയാണെങ്കിൽ അതിൽ പരം സന്തോഷം വേറെയില്ല. അവർ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി പറഞ്ഞു. ശിവ തന്റെ കരങ്ങളെ അമ്മച്ചിയുടെ കരങ്ങളിൽ നിന്നും മോചിപ്പിച്ചു. എന്നിട്ട് ഒരു ദയനീയമായ നോട്ടത്തോടെ പറഞ്ഞുതുടങ്ങി. ആരാ അമ്മച്ചി പറഞ്ഞത് എന്റെ പ്രണയം പരാജയമാണെന്ന്. നേടുന്നത് വിജയവും അല്ല നഷ്ടപ്പെടുന്നത് പരാജയവും അല്ല, വിജയപരാജയങ്ങൾ പ്രണയത്തിൽ ഇല്ല അമ്മച്ചി. പ്രണയം ഒരു മായിക ലോകമാണ്, വിവാഹം അതിന്റെ പരിസമാപ്തി മാത്രമാണ്.

എന്റെ പ്രണയത്തിന് ഇനി ഒരിക്കലും ഒരു പരിസമാപ്തി ഇല്ല. എന്നുവെച്ച് എന്റെ പ്രണയം പരാജയവും അല്ല, ഒരു ആയിഷ്കാലം തരാനുള്ള സ്നേഹം മുഴുവൻ തന്നിട്ടാണ് എന്റെ അച്ചുവേട്ടൻ എന്നെ വിട്ടു പോയത് എനിക്ക് ജീവിക്കാൻ ആ ഓർമ്മകൾ തന്നെ ധാരാളം. പ്രണയത്തിന്റെ ഓർമ്മ കളിൽ ജീവിക്കുന്നതും ഒരു സുഖമാണ്, അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി അവൾ അകത്തേക്ക് പോയി. കേട്ട വാക്കുകൾ തന്നെ നിരാശപ്പെടുത്തിയ തിനുള്ള ദുഃഖം അമ്മച്ചിയുടെ മുഖത്ത് നിഴലിച്ചു. അകത്തെ വാതിൽ പോളിയുടെ മറവിൽ നിന്ന് അവരുടെ സംസാരം ഗ്രഹിക്കുകയായിരുന്ന ശിവയുടെ അച്ഛന്റെ കണ്ണിലും നനവ് പടർന്നു. ******** ******** അച്ചായനാണ് അമ്മച്ചിയെ തിരികെ കൊണ്ടുപോകാൻ വന്നത്. ശിവയോട് യാത്രപറഞ്ഞ് അമ്മച്ചി പുറത്തേക്കിറങ്ങി.

പുറത്ത് അമ്മച്ചിയെയും പ്രതീക്ഷിച്ചു വണ്ടിയിൽ ചാരി ഫോണിൽ നോക്കി നിൽക്കുകയാണ് അച്ചായൻ. ചിരിച്ച് കൊണ്ട് തന്റെ നേർക്കടുത്തുവരുന്ന അമ്മച്ചിയെ കണ്ടതും അയാൾ ചുറ്റും ഒന്ന് കണ്ണുകൾകൊണ്ട് പരാതി. താൻ തേടുന്നതെന്തോ അവിടെയൊന്നും കാണാത്തതിന്റെ നിരാശ അയാളുടെ കണ്ണുകളിലുണ്ടായിരുന്നു. അകത്ത് ജനാലയുടെ മറവിലൂടെ ശിവ ഇതെല്ലാം നോക്കി കാണുകയായിരുന്നു. അവൾ മനപൂർവ്വം തന്നെയാണ് അയാളുടെ മുൻപിലേക്ക് വരാതിരിക്കുന്നത്. താൻ എത്രത്തോളം അച്ചായനിൽ നിന്ന് അകലം പാലിക്കുന്നുവോ അത്രത്തോളം അച്ചായൻ തന്നിലേക്ക് തന്നെ അടുക്കുകയാണെന്ന സത്യം അവൾ വേദനയോടെ ഓർത്തു. അവരുടെ വണ്ടി തന്റെ മിഴികളിൽ നിന്നും അകന്നു പോകുന്നതും നോക്കി അവൾ നിന്നു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story