💓സഖാവ് 💓: ഭാഗം 44

sagav rafeena

രചന: റഫീന മുജീബ്

കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ പതിവിൽ കൂടുതൽ ആളുകളെ കണ്ട് അശ്വിൻ ചുറ്റുമൊന്നു നോക്കി. ബൈക്ക് ഒരു സൈഡിലേക്ക് നിർത്തി അവൻ ധൃതിയിൽ നടന്നു. അശ്വിനെ കണ്ടതും അച്ചായൻ അവന്റെ അടുത്തേക്ക് വന്നു. അവന്റെ മുഖം കണ്ടാലറിയാം കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.. എന്താടാ അന്തപ്പാ എന്താ പ്രശ്നം...? അശ്വിൻ ആവലാതിയോടെ ചോദിച്ചു. കാര്യമുണ്ട് നീ വാ... എന്നും പറഞ്ഞ് അവൻ അശ്വിന്റെ കൈയും പിടിച്ച് ഡിഗ്രി കമ്പാർട്ട്മെന്റിലേക്ക് നടന്നു. അപ്പോഴേക്കും ഒരു ഓട്ടോ വന്ന് അവർക്കരികിൽ നിർത്തി. അതിൽനിന്നും പാത്തു ഇറങ്ങുന്നത് കണ്ടിട്ട് അച്ചായൻ അശ്വിനെ ഒന്നു നോക്കി. തടയാൻ പറ്റിയില്ല, അപ്പോഴേക്കും ആരോ അവളെ വിളിച്ചിട്ട് അവൾ പുറപ്പെട്ടു കഴിഞ്ഞിരുന്നു. അശ്വിൻപാത്തുവിനെ നോക്കി അച്ചായനോട്‌ പറഞ്ഞു. അപ്പോഴേക്കും പാത്തു നടന്ന് അവരുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു. എന്താ..? എന്താ ഇക്കാ ഇവിടെ എന്തോ സംഭവിച്ചു എന്നും പറഞ്ഞു എനിക്കൊരു കോൾ വന്നു, എന്താ ഉണ്ടായത്....?

അവൾ അശ്വിനെ നോക്കി ചോദിച്ചു. നീ വാ.. പേടിക്കാനൊന്നുമില്ല എന്നും പറഞ്ഞു അച്ചായൻ അവളെ തോളിലൂടെ കയ്യിട്ടു തന്നോട് ചേർത്ത് പിടിച്ച് നടന്നു. പാത്തു അച്ചായനെയും അശ്വിനെയും സംശയത്തോടെ നോക്കി. അവളുടെ നോട്ടം കണ്ടിട്ട് അശ്വിൻ ഒന്നുമില്ല എന്ന് കണ്ണുകൾ ചിമ്മി കാണിച്ചുകൊടുത്തു. അവർ നേരെ ഡിഗ്രി ഫസ്റ്റ്ഇയർസിന്റെ ക്ലാസിലേക്കാണ് പോയത്. ആ ക്ലാസ് പുറത്തുനിന്നും ലോക്ക് ചെയ്തിട്ടുണ്ട്, എല്ലാവരും അതിന്റെ ചുറ്റും കൂടിയിട്ടുണ്ട്. ഉള്ളിൽ വന്ന സംശയം അടക്കിപ്പിടിച്ച പാത്തുവും അശ്വിനും ആ ഡോറിനടുത്തേക്ക് നീങ്ങി. അധ്യാപകനാണ് പോലും ഇവനെയൊക്കെ അദ്ധ്യാപകൻ എന്ന് പറയാൻ നാണമാകുന്നു. നല്ല അധ്യാപകരുടെ വില കളയാൻ ഇങ്ങനെ ഓരോരുത്തന്മാര് ഇറങ്ങും, ഇവനെയൊക്കെ അടിച്ചു കൊല്ലുകയാണ് വേണ്ടത്.. അവിടെ നിൽക്കുന്ന ഓരോരുത്തരുടെയും മുറുമുറുപ്പ് പാത്തു വിന്റെ ചെവിയിൽ കേട്ടതും അവൾ അശ്വിനെ ഒന്നു നോക്കി. അശ്വിനും സംശയത്തോടെ അച്ചായനെ നോക്കി. അപ്പോഴേക്കും ശിവയും അവിടേക്കെത്തിയിരുന്നു. കാർത്തിയും ശ്യാമും പാത്തുവിന് അടുത്തേക്ക് വന്നു. എല്ലാവരുടെയും മുഖം കണ്ടെതും തന്നോട് എന്തോ ഒളിക്കുന്നത് പോലെ പാത്തുവിന് തോന്നി.

ഡോർ തുറക്കാൻ ഉത്തരവാദിത്തപ്പെട്ട ആളുകളെ പ്രതീക്ഷിച്ചു നിൽക്കുകയാണെന്ന് അവിടെ കൂടിയവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം പ്രിൻസിയും മറ്റ് അധ്യാപകരും അവിടേക്ക് വന്നു. ആരോ നീട്ടിയ താക്കോൽക്കൂട്ടം വാങ്ങി പ്രിൻസിപ്പാൾ ആ വാതിൽ തുറന്നു. മലർക്കെ തുറക്കപ്പെട്ട ആ വാതിലിനടുത്തേക്ക് ആൻവി കരഞ്ഞുകൊണ്ടോടി വന്നു. അവളുടെ വസ്ത്രങ്ങളെല്ലാം കീറിയിട്ടുണ്ട്, ചുണ്ടും നെറ്റിയും പൊട്ടിയിട്ടുണ്ട്, ഒരു മൽപ്പിടുത്തം കഴിഞ്ഞ മട്ടുണ്ട് അവളെ കണ്ടാൽ. അവളോടി അവളുടെ കൂട്ടുകാരിയുടെ തോളിൽ തല വച്ച് കരഞ്ഞു. ആരോ നീട്ടിയ ഷാൾ കൊണ്ട് അവളുടെ ശരീരം മുഴുവൻ പുതപ്പിച്ചു. പാത്തു അത്ഭുതത്തോടെ അവളെ നോക്കുമ്പോഴാണ് അവൾക്ക് പുറകിലായി വരുന്ന ആളെ കണ്ടത്. ഒരു കുറ്റവാളിയെപ്പോലെ മുഖം താഴ്ത്തി നിൽക്കുന്ന ശാഹുൽ സാറിനെ എല്ലാവരും ദേഷ്യത്തോടെ നോക്കി. തന്നെ നോക്കുന്ന വിദ്യാർത്ഥികളുടെ മുഖത്ത് എന്ത് ഭാവം ആണെന്ന് പോലും നോക്കാൻ ധൈര്യമില്ലാതെ ഷാഹുൽ സാർ തലതാഴ്ത്തി നിന്നു.

ആ നിൽപ്പ് കാണാൻ വയ്യാതെ പാത്തു മുഖം മാറ്റി. അപ്പോഴേക്കും വിദ്യാർത്ഥികളിൽ ചിലർ അക്രമാസക്തരായിക്കഴിഞ്ഞിന്നു. ഒരു കൈയാങ്കളിയ്ക്ക് മുതിർന്ന അവരെ അശ്വിനും കാർത്തിയും ശ്യാമും അച്ചായനും ചേർന്ന് തടഞ്ഞു. അവരെല്ലാവരും ചേർന്ന് സാറിനെ ഒരു കവചം പോലെ സംരക്ഷിച്ചു. അപ്പോഴേക്കും വിദ്യാർഥികൾ രണ്ടു ചേരിയായി തിരിഞ്ഞു കഴിഞ്ഞിരുന്നു സാറിനെ ഇനി ഇവിടെ തുടരാൻ സമ്മതിക്കില്ലഎന്ന് ഭൂരിഭാഗം വിദ്യാർഥികളും പറഞ്ഞു തുടങ്ങി. അൻവിയെ അവളുടെ കൂട്ടുകാരികൾ ചേർന്ന് ക്ലാസിലേക്ക് കൊണ്ടുപോയി. ഷാഹുൽ സാറോട് ഓഫീസിലേക്ക് വരാൻ പറഞ്ഞു പ്രിൻസി യും മറ്റുള്ള സ്റ്റാഫും പോയി. സാറെയും കൊണ്ട് അശ്വിനും അച്ചായനും ഓഫീസിലേക്ക് നടന്നു. പോകുന്നതിനു മുമ്പ് തലതാഴ്ത്തി നിൽക്കുന്ന പാത്തുവിനെ കാണിച്ച് ശിവയോട് അവളുടെ കൂടെ നിൽക്കാൻ കണ്ണുകൊണ്ട് അച്ചായൻ ആംഗ്യം കാണിച്ചു. ••••••••••••••••••••••••••••••••••••••• പ്രിൻസിപ്പാളിന്റെ മുമ്പിൽ വിശദീകരണം ചോദിക്കപ്പെട്ട് നിൽക്കുകയാണ് ഷാഹുൽ സാർ സാർ. അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയാൽ തന്നെ അറിയാം കഴിഞ്ഞു പോയതൊക്കെ നന്നേ തളർത്തിയിട്ടുണ്ടെന്ന്. സസ്പെൻഷൻ വേണമെന്ന് വൈശാഖും സണ്ണിയും ഒരേ സ്വരത്തിൽ പറഞ്ഞു,

അതിനെ എതിർത്തുകൊണ്ട് ഫോർ ഫൈറ്റേഴ്സും രംഗത്തെത്തി. കേസ് ആക്കണമെന്നും ആൻവിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അശ്വിൻ തീർത്തുപറഞ്ഞു. ആൻവി ഒരു പെൺകുട്ടിയാണ് ഈ വിവരം പുറംലോകം അറിഞ്ഞാൽ തകരുന്നത് അവളുടെ ജീവിതമാണ്, അതുകൊണ്ട് ഇത് ആരുമറിയാതെ ഒതുക്കി തീർക്കണമെന്ന് വൈശാഖും പറഞ്ഞു. ഒന്നും രണ്ടും പറഞ്ഞ് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമായി. കാര്യങ്ങൾ വഷളാകുന്നു എന്ന് കണ്ടതും ഷാഹുൽ സാർ ഇടയ്ക്കു കയറി ഇടപെട്ടു. ഇതിന്റെ പേരിൽ ആരും ഒരു പ്രശ്നവും ഉണ്ടാക്കണ്ട. എന്റെ പേരിൽ ഇങ്ങനെയൊരു ആരോപണം ഉണ്ടായപ്പോൾ തന്നെ ഒരു അധ്യാപകൻ എന്ന നിലയിൽ ഞാൻ പരാജിതനായിരിക്കുന്നു. ഇവിടെ തുടർന്ന് പഠിപ്പിക്കുന്നതിൽ എനിക്കും താല്പര്യമില്ല അതുകൊണ്ട് ദയവുചെയ്ത് ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാക്കരുത്, സാർ അശ്വിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. സാറിന്റെ നിർബന്ധത്തിനു വഴങ്ങി അശ്വിനും കൂട്ടരും അവിടം വിട്ടിറങ്ങി. °°°°°°°°°°°°°°°°°°°°°°°°°°°°°°°°° .

കോളേജ് ഗ്രൗണ്ടിലെ സ്റ്റെപ്പിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് പാത്തു. മൗനത്തെ കൂട്ടുപിടിച്ച് ആയിരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായി. ശിവ അവൾക്കരികിൽ ഇരിക്കുന്നുണ്ടെങ്കിലും മൗനത്തിന് തന്നെയാണ് ഇവിടെ പ്രസക്തി എന്നുള്ളതു കൊണ്ടുതന്നെ അവളും ഒന്നും മിണ്ടാൻ പോയില്ല. അവരെ അന്വേഷിച്ചു അച്ചായനും അശ്വിനും കാർത്തിയും ശ്യാമും അവിടേക്ക് വന്നു. അവരെ കണ്ടതും ശിവ എഴുന്നേറ്റു അവിടെ നിന്നും മാറി. പാത്തുവിനെ ഇരു സൈഡിലായി അച്ചായനും അശ്വിനും ഇരുന്നു. ഇതെന്താ എന്റെ പാത്തുമ്മ ഇങ്ങനെ ഇരിക്കുന്നത്...? അശ്വിൻ അവളുടെ തോളിലൂടെ കൈയിട്ടു തന്നിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു. , അയ്യേ നമ്മുടെ പാത്തുമ്മയ്ക്ക് ഈവക സെന്റിമെൻസൊന്നും ചേരൂലാട്ടോ.., അച്ചായനും അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. ആൻവിയെ നിനക്കറിയാം നമ്മുടെ സാറെയും നിനക്കറിയാം എന്നിട്ടും നീ ഇത് വിശ്വസിക്കുന്നുണ്ടോ പാത്തൂസേ.. അശ്വിൻ അവളുടെ മുഖം കൈ കൊണ്ട് ഉയർത്തിക്കൊണ്ട് ചോദിച്ചു. എന്റെ ഇക്ക ഇങ്ങനെയാണോ എന്നെ മനസ്സിലാക്കിയത്...? എനിക്കറിയാം എന്റെ സാറേ, എന്റെ വിഷമം അതല്ല അത്രയും പേരുടെ മുൻപിൽ ഒരു തെറ്റും ചെയ്യാതെ തലകുനിച്ചു നിൽക്കേണ്ടി വന്ന സാറിന്റെ മുഖം കണ്ടിട്ടാണ് എനിക്ക് വിഷമം.

ആ നിൽപ്പ് സഹിക്കാൻ പറ്റുന്നില്ല, പാത്തു കരഞ്ഞുകൊണ്ടു പറഞ്ഞു. അതിന് ഞങ്ങളുടെ പാത്തുമ്മ വിഷമിക്കേണ്ട, സാർ തെറ്റുകാരനല്ല എന്ന് ഞങ്ങൾ തെളിയിക്കും കാർത്തി അവളുടെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു. എങ്ങനെ, കേസ് ആകാത്തത് കൊണ്ട് വൈദ്യപരിശോധന പോലും നടക്കില്ല ശ്യാം നീരസത്തോടെ പറഞ്ഞു. എല്ലാവർക്കും ഇടയിലും കുറച്ചുസമയം നിശബ്ദത കേറി വന്നു. കേസ് ആക്കിയാൽ മാത്രമല്ല വൈദ്യപരിശോധന നടക്കുക, അതിന് ഈ നിദാ ഫാത്തിമ വിചാരിച്ചാൽ നടക്കും, എന്ത് തന്നെ ചെയ്തിട്ടായാലും വേണ്ടില്ല സാർ നിരപരാധിയാണെന്ന് ഞാൻ തെളിയിച്ചിരിക്കും പാത്തു ഉറച്ച ശബ്ദത്തോടെ പറഞ്ഞു. നീ എന്ത് ചെയ്യാൻ പോവുകയാണ്..? അച്ചായൻ സംശയത്തോടെ ചോദിച്ചു. അതൊക്കെയുണ്ട്, എന്നും പറഞ്ഞ് പാത്തു അവിടെ നിന്നും എഴുന്നേറ്റു. വാ ശിവാ,, നമുക്ക് ചെറിയൊരു പരിപാടിയുണ്ട് എന്നും പറഞ്ഞു പാത്തു ശിവയുടെ കൈയും പിടിച്ച് അവിടെ നിന്നും പോയി. മറ്റുള്ളവരും സംശയത്തോടെ അവർക്ക് പുറകെ വെച്ച് പിടിച്ചു.

സ്പോർട്സ് റൂമിൽ മറ്റൊരു കുട്ടിയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു ആൻവി. പാത്തു അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ച് വലിച്ചുകൊണ്ട് പോയി. അവിടെ മൂലയിലിരുന്ന ഒരു ഹോക്കി സ്റ്റിക്ക് കയ്യിലെടുക്കാൻ ശിവയോട് കണ്ണുകൊണ്ട് കാണിച്ചു. ശിവ അതും കയ്യിലെടുത്ത് പാത്തുവിനെ പുറകെ നടന്നു ആൻവി പാത്തുവിനെ കൈവിടുവിക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്, പക്ഷേ പാത്തു രണ്ടുംകൽപ്പിച്ച് ആയതുകൊണ്ട് അവളുടെ ഒരു ശ്രമവും പാത്തുവിന്റെ അടുക്കൽ നടന്നില്ല. . ഈ രംഗം കണ്ട് എല്ലാ കുട്ടികളും അവർക്ക് പുറകെ വരാൻ തുടങ്ങി. പാത്തു ആൻവിയെ ഒരു ക്ലാസിലേക്ക് തള്ളിയിട്ടു. ശിവയും പാത്തുവും റൂമിലേക്ക് കേറി. ഇവിടെ എന്ത് തന്നെ സംഭവിച്ചാലും ഈ വാതിൽ തുറന്നു ഒരുത്തനും ഇതിനകത്തേക്ക് വരരുത്, ഞാൻ വാതിൽ തുറക്കുന്നത് വരെ ആരുംതന്നെ ഈ വാതിലിൽ തൊടാൻ സമ്മതിക്കരുത്, അവർക്ക് തൊട്ടു പുറകിലായി വന്ന് അശ്വിനോട് അത്രയും പറഞ്ഞു അവിടെ വരുന്നവരെയെല്ലാം നോക്കി അവർക്കു മുമ്പിൽ ആ വാതിലുകൾ കൊട്ടിയടക്കപ്പെട്ടു...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story