💓സഖാവ് 💓: ഭാഗം 5

sagav rafeena

രചന: റഫീന മുജീബ്

പിന്നീടുള്ള രണ്ട് ദിവസങ്ങൾ ശിവ വളരെ തിരക്കുപിടിച്ചതായിരുന്നു. അച്ചായനും ശ്യാമും തിരക്കുകളിലേർപ്പെട്ടതിനാൽ നേരിട്ട് കാണാനും സംസാരിക്കാനും അവർക്കു സാധിച്ചില്ല, എന്നാലും അവർ ഫോണിലൂടെ അവളുടെ കാര്യമെല്ലാം അന്വേഷിച്ചറിഞ്ഞു കൊണ്ടിരുന്നു. നാളെയാണ് കോളേജ് ലൈബ്രറി ഉദ്ഘാടനം. അതുകൊണ്ട് തന്നെയാവാം പതിവിൽ കൂടുതൽ സങ്കടം ശിവയുടെ മുഖത്തുണ്ടായിരുന്നു. അത് അവളുടെ അച്ഛനെ ഏറെ ദുഃഖിതനാക്കി. പുറത്ത് മൂവാണ്ടൻമൂച്ചിയുടെ ചുവട്ടിൽ ഒറ്റയ്ക്കിരിക്കുന്ന ശിവയെ വേദനയോടെ അയാൾ നോക്കി. സങ്കടം വന്നാൽ തനിച്ചിരിക്കുന്നതവൾക്കെന്നും പ്രിയപ്പെട്ടതാണ്. ഒറ്റക്കിരിക്കുമ്പോൾ കിട്ടുന്ന സമാധാനം അത് പറഞ്ഞറിയിക്കാൻ ആവില്ല. നാളെ താൻ വീണ്ടും ആ പടി കയറുകയാണ്. ശിവയുടെ ഓർമ്മകളിലേക്ക് താൻ ആദ്യമായി കോളേജിലേക്ക് പുറപ്പെട്ട ദിവസം ഓടിവന്നു. അന്ന് എത്ര സന്തോഷവതിയായിരുന്നു താൻ. വിധി തനിക്ക് കാത്തുവെച്ചിരിക്കുന്നതറിയാതെ ഒരുപാട് പ്രതീക്ഷകളോടെയാണ് താനാ കോളേജിലേക്ക് കാലെടുത്തുവച്ചത്. പാറു ഒന്നവിടെ നിന്നേ ആ മുടികൂടി ഒന്ന് കെട്ടി തരട്ടെ എന്നിട്ട് നീ പൊയ്ക്കോ,

വീടിനുചുറ്റും ഓടി നടക്കുന്ന പാറുവിനെ നോക്കി ചേച്ചി പറഞ്ഞു. എന്റെ പൊന്നു ചേച്ചിയല്ലേ മുടി രണ്ടുഭാഗത്തും പിന്നിയിട്ടു ഞാൻ മടുത്തു. മുൻപത്തെ പോലെയല്ലല്ലോ ഇപ്പോൾ ഞാൻ കോളേജിലേക്കല്ലേ പോകുന്നത്, പ്ലീസ് ചേച്ചി എല്ലാവരും എന്നെ കളിയാക്കും ഞാനിങ്ങനെ പൊയ്ക്കോട്ടെ പ്ലീസ് അവൾ കൊഞ്ചിക്കൊണ്ടു ചേച്ചിയോട് പറഞ്ഞു. ഉം ശരി ശരി നിന്റെ ഇഷ്ടം അതാണെങ്കിൽ ഇങ്ങനെ പൊയ്ക്കോ, എന്റെ പാറുകുട്ടിയുടെ ഇഷ്ടമല്ലേ എന്റെയും ഇഷ്ടം, ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. താങ്ക്യൂ ചേച്ചി അവളോടി ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അച്ഛന്റെ പാറൂട്ടി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ...? ശിവൻ ഒരു ചിരിയാലെ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു. അല്ലേൽ ഞാൻ സുന്ദരിയല്ലേ അച്ഛാ....? ശിവ തല്ലു പരിഭവത്തോടെ പറഞ്ഞു. ആരു പറഞ്ഞു അല്ല എന്ന്, എന്റെ പാറൂട്ടി സുന്ദരി തന്നെ, പാർവതിയുടെ ശബ്ദവും സൗന്ദര്യവും നിനക്ക് തന്നിട്ടല്ലേ അവൾ പോയത് അതു പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.

ശിവ യുടെയും ചേച്ചിയുടെ മുഖത്തും സങ്കടം നിഴലിച്ചു. നീ വേഗം റെഡി ആകാൻ നോക്ക് അല്ലെങ്കിൽ ബസ് കിട്ടൂല, വിഷയം മാറ്റാൻ എന്നവണ്ണം ശിവൻ അതു പറഞ്ഞു. അവൾ പെട്ടെന്ന് തന്നെ റെഡിയായി മുത്തശ്ശിയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി, അമ്മയുടെ ഫോട്ടോയുടെ മുൻപിൽ നിന്ന് ഒരുപാട് നേരം പ്രാർത്ഥിച്ചു. ഇറങ്ങാൻ നേരം കേട്ടു ഓപ്പോളിന്റെ ശാപവാക്കുകൾ. ദോശ ജാതക കാരി ഇനി ആർക്കൊക്കെ ദോഷം വരുത്താൻ ആണാവോ കെട്ടി എടുക്കുന്നത്...? മുഖത്തെ വെറുപ്പ് പ്രകടമാക്കി കൊണ്ട് തന്നെയാണ് അവർ പറയുന്നത്. അതുകേട്ടതും ശിവയുടെ മുഖം വല്ലാതായി രണ്ടു കണ്ണുകളിലും മിഴിനീർ ഉരുണ്ടു കൂടി. അതു കേട്ടു വന്ന മുത്തശ്ശി ഓപ്പോളിനെ ശകാര വർഷങ്ങൾകൊണ്ട് നേരിട്ട്. അയ്യേ ഇത്രയേ ഉള്ളൂ മുത്തശ്ശിയുടെ പാറൂട്ടി, ആര് എന്തുപറഞ്ഞാലും ഈ കണ്ണു നിറക്കുന്ന സ്വഭാവം നിർത്താണം കേട്ടോ, മോൾ ഇങ്ങനെ പാവം പോലെ നിൽക്കുന്നത് കൊണ്ടാണ് എല്ലാവരും മോളോട് ഇങ്ങനെ പെരുമാറുന്നത്.

മോളുടെ ഈ സ്വഭാവം മുത്തശ്ശിക്ക് ഇഷ്ടമല്ല, പെൺകുട്ടികളായാൽ കുറച്ച് ഉശിരൊക്കെ വേണ്ടേ...? മുത്തശ്ശി അവളെ നോക്കിക്കൊണ്ട് പറഞ്ഞു. അവൾ അതിനൊന്ന് ചിരിച്ചു കൊടുക്കുക മാത്രം ചെയ്തു. കവല വരെ അച്ഛനും കൂടെ പോകുന്നുണ്ട്, ആദ്യമായിട്ടാണ് ഇത്ര ദൂരം ഒറ്റയ്ക്ക് പോകുന്നത്, അതിന്റെ ടെൻഷൻ അവളുടെ മുഖത്ത് നന്നായിട്ടുണ്ട്. ഇരു സൈഡിലും തിങ്ങി നിറഞ്ഞു നിൽക്കുന്ന നെൽവയലുകൾ താണ്ടി അവർ കവലയിലെത്തി. കുറച്ചു സമയത്തെ കാത്തിരിപ്പിനുശേഷം ബസ് വന്നപ്പോൾ അച്ഛനോട് യാത്ര പറഞ്ഞ് അവൾ ബസ്സിലേക്ക് കയറി. കോളേജിന്റെ മുൻപിൽ ബസ് ഇറങ്ങുമ്പോൾ വല്ലാത്ത ഒരു പേടിയും വെപ്രാളവും തന്നെ വന്ന് പൊതിയുന്നത് അവളറിഞ്ഞു. വിറക്കുന്ന പാദങ്ങളുടെ ഭീമാകാരമായ പടുകൂറ്റൻ ഗേറ്റിനു മുമ്പിൽ അവൾ നിന്നു. ചുറ്റും ഒന്നവൾ കണ്ണോടിച്ചു തന്നെ അറിയുന്ന ആരും തന്നെ ഇല്ല. എല്ലാവരും കൂട്ടംകൂട്ടമായി പൊയ്ക്കൊണ്ടിരിക്കുകയാണ്. അവർക്ക് പിറകെ അകത്തേക്ക് പോയി.

തന്റെ ഡിപ്പാർട്ട്മെന്റ് എങ്ങനെ കണ്ടുപിടിക്കും, ആരോടാണ് ഒന്ന് ചോദിക്കുക അവൾ ഒരു ആശ്രയത്തിന് ചുറ്റും പരതി. കുറച്ചുനേരം അവിടെ നിന്നു അതിനുശേഷം മുന്നോട്ടുതന്നെ പോകാൻ അവൾ തീരുമാനിച്ചു. വിറക്കുന്ന പാദങ്ങളെ മുന്നോട്ട് ചലിപ്പിച്ചപ്പോഴാണ് തന്റെ പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്. അവിടെയൊന്നു നിന്നെ മേടം, തന്നെ പിടിച്ചു നിർത്തിയ ശബ്ദം വീണ്ടും തന്റെ കാതുകളിലേക്ക് ഇരച്ചെത്തി. പേടിയോടെ ചുറ്റുമൊന്നു നോക്കി, തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരുപറ്റം സീനിയർ ചേട്ടന്മാരെ, അവിടെ ബൈക്ക് പാർക്കിംഗ് ഏരിയയിൽ ഇരിക്കുകയാണ് എല്ലാവരും. അവൾ അവരെ നോക്കി പേടിയോടെ നിന്നു. തന്നെ തന്നെയാണ് വിളിച്ചത് ഇങ്ങുവാ.., അതിലൊരുത്തൻ തന്നെ നോക്കി കൈകൊട്ടി വിളിച്ചു. അവൾ പേടിയോടെ അവരുടെ അടുത്തേക്ക് പോയി. താനെന്താ കഥകളിക്ക് വന്നതാണോ...? അതിലൊരുത്തൻ പരിഹാസ ചുവയോടെ അവളെ നോക്കി ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.

ഈ വക ഡ്രസ്സ് ഇട്ടു കൊണ്ടൊന്നും ഇങ്ങോട്ട് വന്നേക്കരുത്, ഇവിടെ വരണമെങ്കിൽ മോഡേൺ ആയി തന്നെ വരണം അല്ലാതെ എഴുപതുകളിലെ നായികമാരെപ്പോലെ ഇവിടേക്ക് വരരുത്, അയാൾ വീണ്ടും പറഞ്ഞു. അതുകൂടി ആയപ്പോൾ ശിവയുടെ കണ്ണുകളിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. പഠിക്കാൻ വന്നിരിക്കുകയാണ് അവൾ വല്ല തിരുവാതിരയ്ക്കും വരുന്നതുപോലെ, അതു പറഞ്ഞ് അവർ എല്ലാവരും പൊട്ടിച്ചിരിച്ചു. ശിവ പേടിയോടെ അവർക്കു മുൻപിൽ നിന്നു. നമുക്ക് ഇവളുടെ ഈ കോലം ഒന്നു മാറ്റി എടുത്താലോ...? അതിലൊരാൾ അവളെ അടിമുടി നോക്കി പറഞ്ഞു, പെണ്ണുങ്ങൾക്ക് ഇത്ര മുടി ആവശ്യമില്ല നമ്മൾക്ക് ഈ മുടി മുറിച്ചു കളയാം, മറ്റേയാൾ പിന്താങ്ങി പറഞ്ഞു.

അതുകേട്ടതും ശിവ ഭയന്ന് കൊണ്ട് പുറകോട്ടു നടന്നു. നിക്കടി അവിടെ നിന്നോട് പോകാൻ ഞങ്ങൾ പറഞ്ഞോ അയാൾ കുറച്ച് ഉച്ചത്തിൽ ചോദിച്ചു ശിവ അതുകേട്ട് പേടിയോടെ അവിടെത്തന്നെ നിന്നു. കൂട്ടത്തിൽ ഒരുത്തൻ കൊടുത്ത കത്രികയും ആയി മറ്റേയാൾ അവളുടെ അടുത്തേക്ക് വരുന്നത് പേടിയോടെയവൾ നോക്കി നിന്നു. ഒരു ആശ്രയ ത്തിനുവേണ്ടി അവൾ ചുറ്റും പരതി. ഇതിനോടകം തന്നെ എല്ലാ വിദ്യാർത്ഥികളും അവർക്കു ചുറ്റും നിരന്നിരുന്നെങ്കിലും ആരും അവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. തന്റെ നേർക്ക് അടുത്തുവരുന്ന അയാളെ അവൾ പേടിയോടെ നോക്കി. അയാൾ കത്രിക ഉയർത്തിക്കൊണ്ട് തന്റെ മുടി പിടിച്ചപ്പോൾ അവൾ പേടിയോടെ ഇരു കണ്ണുകളും അടച്ചു. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയൊലിക്കുന്നുണ്ട്. എന്തുചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥയിൽ അവൾ നിന്നു... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story