💓സഖാവ് 💓: ഭാഗം 55

sagav rafeena

രചന: റഫീന മുജീബ്

 അശ്വിൻ പുലർച്ചെ എത്തുമെന്ന് പറഞ്ഞതുകൊണ്ട് അമ്മ നേരത്തെ എഴുന്നേറ്റ് അവന് കഴിക്കാനുള്ളതൊക്കെ കാലാക്കുന്ന തിരക്കിലാണ്, അശ്വിനി അമ്മയുടെ കൂടെ തന്നെയുണ്ട് സഹായത്തിന്. അനുമോളുംനേരത്തെ എണീറ്റിട്ടുണ്ട്. ഉറക്കച്ചടവോടെ അവൾ കോലായിൽ ഇരുന്നു ഏട്ടൻ വരുന്നുണ്ടോ എന്ന് പുറത്തേക്ക് നോക്കി ഇരിപ്പാണ്, ഇത്രയും ദിവസവും ഏട്ടനെ കാണാത്തത് കൊണ്ടു തന്നെ രണ്ടാൾക്കും നല്ല സങ്കടമുണ്ട്. ആദ്യമായിട്ടാണ് ഇത്രയും ദിവസം ഏട്ടനെ പിരിഞ്ഞു നിൽക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ വിളിച്ചാണ് അശ്വിനും ശ്യാമും എത്തിയത്. ഏകദേശം പുലർച്ചെ അഞ്ചു മണിയോടടുത്തിട്ടുണ്ട് അവർ എത്തിയപ്പോൾ. കോളേജിൽ വെച്ച് കാണാം എന്നും പറഞ്ഞ് ശ്യാം ഓട്ടോയിൽ തന്നെ തിരിച്ചുപോയി. അശ്വിനെ കണ്ടതും രണ്ട് പെങ്ങമ്മാരും ഓടിവന്നു. ഇത്രയും ദിവസം കാണാതിരുന്നത് കൊണ്ടാവും അശ്വിനി യുടെയും അനുമോളുടെ യും കണ്ണുനിറഞ്ഞു. രണ്ടാളെയും ചേർത്തുപിടിച്ച് അശ്വിൻ സ്നേഹത്തോടെ അവരുടെ നെറുകയിൽ ചുംബിച്ചു. തന്റെ മക്കളുടെ സ്നേഹപ്രകടനം കണ്ട് ആ അമ്മ പുഞ്ചിരിയോടെ നോക്കിനിന്നു.

ബാഗ് തുറന്നു രണ്ടുപേർക്കും ഓരോ കവർ നൽകി. രണ്ടുപേർക്കും ഓരോ ചുരിദാർ ആയിരുന്നു അതിൽ, അമ്മയ്ക്ക് ഒരു സാരിയും ഉണ്ട്. എല്ലാവർക്കും കൊണ്ടുവന്നതൊക്കെ വീതിച്ചു കൊടുത്തിട്ട് അവൻ ഒരു തോർത്തും എടുത്തു കുളിമുറി ലക്ഷ്യമാക്കി നടന്നു. കുളിച്ചു വന്നപ്പോഴേക്കും തീൻമേശയിൽ അവന് ഇഷ്ടപ്പെട്ട വിഭവങ്ങൾ നിരന്നിരുന്നു. പുട്ടും കടലയും പപ്പടവും അവനേറെ ഇഷ്ടമാണത്. അവൻ വന്നിരുന്നപ്പഴേക്കും അമ്മ അവനു വിളമ്പി കൊടുത്തു. ഹാ എവിടെ പോയാലും നല്ല രുചിയുള്ള ഭക്ഷണം കിട്ടണമെങ്കിൽ വീട്ടിൽ തന്നെ വരണം അവൻ ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ പറഞ്ഞു. നിർമ്മല മകൻ കഴിക്കുന്നതും നോക്കി കുറച്ചു സമയം നിന്നു. അശ്വിനി അപ്പോഴേക്കും അവളുടെ പ്രോഗ്രസ് കാർഡും കൊണ്ട് ഏട്ടനടുത്തേക്ക് വന്നു. മടിച്ചു മടിച്ചവൾ കയ്യിലുള്ള മാർക്ക് ലിസ്റ്റ് ഏട്ടനു നേരെ നീട്ടി. അശ്വിൻ ഒരു കൈകൊണ്ടു അതു വാങ്ങി മറിച്ചു നോക്കി അശ്വിനിയെ ഒന്ന് നോക്കി.

നീ ഈ പോക്കു പോവുകയാണെങ്കിൽ നിന്നെ പിടിച്ചു ഞാൻ കെട്ടിച്ച് വിടും. രണ്ടക്ഷരം പഠിച്ചു വല്ല ജോലിയും വാങ്ങിച്ചോട്ടേ, എന്നു വിചാരിച്ചാണ് ബാക്കിയുള്ളവർ ഈ കഷ്ടപ്പെടുന്നത്, എടി നിനക്ക് പഠിച്ചു എന്തെങ്കിലും ആവാൻ ആഗ്രഹം ഉണ്ടോ..? നാളെ ഞാൻ ഇല്ലാതായാൽ ഇവരെ നോക്കേണ്ടത് നീയാണ് അച്ചു കുറച്ച് ദേഷ്യത്തോടെ പറഞ്ഞു. അങ്ങനെ ഞങ്ങളെ ഇട്ടേച്ചു ഏട്ടൻ എങ്ങോട്ടാ പോകുന്നേ, മര്യാദക്ക് ഞങ്ങളെ നാത്തൂനും കൊണ്ട് ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞോണം, അല്ലാതെ ഞങ്ങളെ ഇട്ടേച്ച് എങ്ങോട്ടാ ഏട്ടൻ പോകുന്നത്..? അശ്വിനി തെല്ല് പരിഭവത്തോടെ പറഞ്ഞു. നിങ്ങളെ ഇട്ടേച്ചു പോകും എന്നല്ല പറഞ്ഞത്, നാളെ എന്റെ അഭാവത്തിലും നിങ്ങൾ ബുദ്ധിമുട്ടാതെ ജീവിക്കണം അല്ലാതെ എന്റെ രണ്ട് പെങ്ങമ്മാരെ ഉപേക്ഷിച്ച് ഞാൻ എങ്ങും പോവില്ല, നിങ്ങളെ കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ അശ്വിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ആരു പറഞ്ഞു രണ്ടു പെങ്ങമ്മാരെന്ന് അപ്പൊ പാത്തുവോ…? അനുമോൾ അതും ചോദിച്ച് അങ്ങോട്ട് വന്നു. പാത്തുവിനെ വിട്ടൊരു കളിയില്ല അല്ലേ ഏട്ടാ.., ഞങ്ങളെക്കാൾ കൂടുതൽ സ്നേഹം ഉണ്ടെങ്കിലേ ഉള്ളൂ, അല്ലാതെ കുറവ് ഒരിക്കലും സംഭവിക്കില്ല അശ്വിനി ഒരു കള്ള ചിരിയോടെ പറഞ്ഞു. ,

ഓ തുടങ്ങി കുശുമ്പികൾ, രണ്ടാളോടും ഞാനൊരു കാര്യം പറയാം നിങ്ങളോടുള്ള ഇഷ്ടത്തിൽ ഒരു കുറവോ കൂടുതലോ പാത്തു വിനോട് ഇല്ല അതുപോലെ പാത്തു വിനോടുള്ള ഇഷ്ടത്തിൽ കുറവോ കൂടുതലോ നിങ്ങളോടും ഇല്ല, മൂന്നുപേരും എന്റെ സ്വന്തം തന്നെയാണ്. ഈശ്വരനോട് ഒരു പ്രാർത്ഥനയെ എനിക്കുള്ളൂ അടുത്ത ജന്മം പാത്തുവിനെ എന്റെ പെങ്ങളായിട്ട് തന്നെ തരണമെന്ന് അവൻ അവരോടു പറഞ്ഞു. അപ്പൊ ശിവയോ ശിവയെ വേണ്ടേ ഏട്ടാ.. അനുമോൾ ഒരു കള്ള ചിരിയോടെ ചോദിച്ചു. ശിവേച്ചിയെ അല്ലെങ്കിലും പെങ്ങളായിട്ട് ആർക്കുവേണം അല്ലേ ഏട്ടാ…? അശ്വിനിയും ഒരു ചിരിയോടെ പറഞ്ഞു. പോയേ രണ്ടും കൊഞ്ചാതെ, എനിക്ക് കോളേജിൽ പോകേണ്ടതാ ഞാൻ ഇതൊന്നു കഴിക്കട്ടെ, അശ്വിൻ കൃത്രിമ ദേഷ്യം നടിച്ചുകൊണ്ട് പറഞ്ഞു, ഇന്നിനികോളേജിലേക്ക് പോണോ മോനെ…? ഒരു ഗ്ലാസ് കട്ടൻചായ അവന്റെ മുൻപിലേക്ക് വെച്ചുകൊണ്ട് അമ്മ ചോദിച്ചു. പോണം അമ്മേ അവരെയൊക്കെ കണ്ടിട്ട് കുറച്ചായില്ലേ, അശ്വിൻ അമ്മയോട് പറഞ്ഞു.

മ്മ് മ്മ് ആരെ കാണാനാണ് ഈ ധൃതിഎന്നൊക്കെ ഞങ്ങൾക്കറിയാം അശ്വിനി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇവരെ ഇന്ന് ഞാൻ എന്നും പറഞ്ഞ് അശ്വിൻ അവരെ അടിക്കാൻ ഓങ്ങി. അപ്പോഴേക്കും രണ്ടാളും അവിടെ നിന്ന് സ്ഥലം കാലിയാക്കി യിരുന്നു. റൂമിലെത്തി നാലുപേരെയും വിളിച്ചു കോളേജിൽ എത്താൻ പറഞ്ഞു. ഒരു വലിയ സർപ്രൈസ് ഉണ്ട്, വന്നിട്ട് നമുക്ക് പൊളിക്കണം നേരത്തെ വരണം അശ്വിൻ അവരെ വീണ്ടും ഓർമ്മിപ്പിച്ചു. ശിവയെ വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു അശ്വിനും ഒരുങ്ങി ഇറങ്ങി. ശിവയ്ക്കായി അവൻ വാങ്ങിയ കുപ്പിവളകൾ കൈയിലെടുത്ത് അവയിൽ ഒന്നു ചുംബിച്ചു. അവൾക്ക് ഏറെ പ്രിയമാണ് കുപ്പിവളകളോട് അവൻ മനസ്സിലോർത്തു. കോളേജിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ ഉമ്മറപ്പടിയിലിരിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് ആ നെറുകിൽ ഒന്ന് അമർത്തി ചുംബിച്ചു. അമ്മ അവനെ പുഞ്ചിരിയോടെ ഒന്നു നോക്കി. അവരോട് യാത്ര പറഞ്ഞ് അവൻ കോളേജിലേക്ക് വിട്ടു. വഴിയരികിൽ മുല്ലപ്പൂ വിൽക്കുന്ന ഒരു സ്ത്രീയെ കണ്ടപ്പോൾ ശിവയ്ക്കായി അവൻ മുല്ലപ്പൂ വാങ്ങി. **-********* കോളേജിന്റെ മുറ്റത്ത് ഓട്ടോയിൽ വന്നിറങ്ങിയ ശിവ അശ്വിനെ കണ്ണുകൾകൊണ്ട് എല്ലായിടത്തും പരതി.

അപ്പോഴാണ് പിജി ബ്ലോക്കിന്റെ രണ്ടാമത്തെ നിലയിൽ നിന്നും തന്നെ നോക്കി ചിരിക്കുന്ന അശ്വിനെ അവൾ കണ്ടത്. ചിരിയോടെ അവൾ അവനടുത്തേക്ക് ഓടി. അവനും അവളെ കണ്ടപ്പോൾ അവളുടെ അടുത്തേക്ക് നടന്നു. രണ്ടാളുംഅടുത്തെത്താറായപ്പോളാ ണ് ശിവയുടെ മുമ്പിലായി ഒരാൾ നടന്നു പോയത്. അയാളുടെ മറവിലായത് കൊണ്ട് അശ്വിനെ അവൾക്ക് ശരിക്കും കാണാൻ പറ്റുന്നില്ല. അവനെ പാളി നോക്കുന്ന ശിവയുടെ മുഖം കണ്ടവൻ പുഞ്ചിരിയോടെ നടന്നു. ശിവയുടെ മുമ്പിലായി നടന്നിരുന്ന ആൾ അശ്വിനെ മറികടന്നു പോകാൻ നിന്നതും കയ്യിൽ ഒളിപ്പിച്ചു വെച്ച കടാര വലിച്ചൂരി അയാൾ അശ്വിന്റെ വയറിൽ ആഞ്ഞു കുത്തി. ഈ സമയം ശിവയെ മാത്രം നോക്കി വന്ന അശ്വിൻ ഇങ്ങനെ ഒരു ആക്രമണം പ്രതീക്ഷിച്ചില്ല. ആഹ് എന്ന ഒരലർച്ചയോടെ അശ്വിൻ വയറിലുള്ള കത്തിയിൽ പിടിച്ചു. അപ്പോഴേക്കും അതു വലിച്ചൂരി അയാൾ അശ്വിന്റെ വയറിൽ വീണ്ടും കത്തി കേറ്റി. അച്ചുവേട്ടാ എന്ന അലർച്ചയോടെ ശിവ അവനരികിലേക്ക് ഓടി വന്നു. അശ്വിൻ ഒരു കൈ കൊണ്ട് കത്തിയിൽ പിടിച്ചു മറ്റേ കൈകൊണ്ടു അയാളെ കഴുത്തിൽ തന്റെ കൈ മുറുക്കി. അയാളെ അവൻ കഴുത്തിൽ പിടിച്ചു ഉയർത്തി, ശ്വാസം എടുക്കാനാവാതെ അയാൾ പിടഞ്ഞു.

അശ്വിൻ അയാളെ തനിക്കു അഭിമുഖമായി നിർത്തി, കുത്ത് കൊണ്ടത് കൊണ്ട് നേരെ നിൽക്കാൻ അവൻ നന്നേ പാടു പെട്ടു. അയാളെ മുഖം മറച്ച മാസ്ക് വലിച്ചൂരാൻ അവൻ ഒന്ന് ശ്രമിച്ചു. പക്ഷെ അവനപ്പോഴേക്കും തളരാൻ തുടങ്ങിയിരുന്നു. പോ… “”!” തന്റെ അരികിലേക്ക് കരഞ്ഞുകൊണ്ട് ഓടി വരുന്ന ശിവയോട് അവൻ അലറി. വയറ്റിൽ നിന്നും ആ കത്തി വലിച്ചെടുത്ത് അവൻ അയാളെ വയറിന് നേരെ കത്തി ചലിപ്പിച്ചു. , പെട്ടെന്നാണ് അവന്റെ കഴുത്തിനു നേരെ പുറകിൽനിന്നും മറ്റൊരാൾ ആഞ്ഞു വെട്ടിയത്. ആഹ് എന്ന അലർച്ചയോടെ അശ്വിന്റെ രക്തം അവിടെയാകെ തെറിച്ചു. കൈയിൽ ശിവയ്ക്ക് കരുതിയ കുപ്പിവളകൾ വീണുടഞ്ഞു. മുല്ലപ്പൂക്കളിലാകെ രക്തവർണ്ണമായി. ശിവയുടെ മുഖത്തേക്കും അവന്റെ രക്തം തെറിച്ചുവീണു. തന്റെ പുറകിൽ നിൽക്കുന്ന ആളെ അശ്വിൻ മെല്ലെ ചെരിഞ്ഞു നോക്കാൻ ശ്രമിച്ചു, അപ്പോഴേക്കും അയാൾ അശ്വിന്റെ നെഞ്ചിനുനേരെ അടുത്ത് വെട്ടുംവെട്ടി. അയാളെ പിടിക്കാൻ കൈ നീട്ടിയ അശ്വിൻ ഒരു തളർച്ചയോടെ മെല്ലെ നിലംപൊത്തി... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story