💓സഖാവ് 💓: ഭാഗം 56

sagav rafeena

രചന: റഫീന മുജീബ്

ശിവയ്ക്ക് കണ്മുന്നിൽ എന്താണ് നടക്കുന്നത് പോലും മനസ്സിലാവാത്ത അവസ്ഥ. ആകെ മരവിച്ചു നിൽക്കുകയാണവൾ..... തന്റെ മുഖത്തേക്ക് തെറിച്ചു വീണ അശ്വിന്റെ രക്തം മുഖത്തിലൂടെ ഒലിച്ചിറങ്ങി ഇറ്റിറ്റു വീഴുന്നുണ്ട്, അർദ്ധബോധാവസ്ഥയിലും തന്നോട് അവിടെ നിന്നും പോകാൻ ആക്രോഷിച്ചു കൊണ്ടിരിക്കുന്ന അശ്വിനെ അവൾ ദയനീയമായി നോക്കി. ഒരടി മുൻപോട്ടോ പിൻപോട്ടോ വെക്കാനാവാതെ അവൾ നിന്നു അശ്വിൻ ചെറുത്തു നിൽക്കാനാവാതെ താഴേക്കുതിർന്നു വീണതും അവന്റെ ശരീരത്തിൽ അയാൾ വീണ്ടും വീണ്ടും വെട്ടി. അവന്റെ മാംസമെല്ലാം പുറത്തേക്ക് തള്ളിവന്നു. ആാാഹ് !!"!! ശിവ എന്തോ ഉൾപ്രേരണയാൽ അലറി. ഇതേസമയം ആദ്യം അശ്വിന്റെ വയറ്റിൽ കത്തി കുത്തിയിറക്കിയ ആൾ മറ്റവനെ വലിച്ചുകൊണ്ട് അവിടെ നിന്നും ഓടി. ********

അച്ചായൻ കാർത്തിയേയും കൂട്ടിയാണ് കോളേജിലേക്ക് എത്തിയത്. കാമുകനെത്തിയിട്ടുണ്ട്..., സൈഡിൽ നിർത്തിയിട്ട അശ്വിന്റെ ബൈക്ക് ചൂണ്ടിക്കൊണ്ട് കാർത്തി പറഞ്ഞു. അച്ചായൻ അതിലേക്കൊന്നു പുഞ്ചിരിയോടെ നോക്കി. അവന്റെ ബൈക്കിന് അരികിൽ തന്റെ ബൈക്ക് സൈഡാക്കി അച്ചായൻ കാർത്തി യോടൊപ്പം നടന്നു. ഈശ്വരാ..!! ഏത് അവസ്ഥയിലാണാവോ രണ്ടും, മനുഷ്യന് കാണാൻ പറ്റുന്ന രീതിയിൽ ആയാൽ മതിയായിരുന്നു, മുൻപ് ഇവരുടെ പ്രണയ രംഗങ്ങൾക്ക് ഒരുപാട് തവണ സാക്ഷിയായതുകൊണ്ട് ഉള്ളിലൊരു ഭയം, കാർത്തി ഒരു ചെറു ചിരിയോടെ പറഞ്ഞു. അച്ചായൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കോളേജിൽ നേരത്തെ എത്തിയത് കൊണ്ട് അധികം ആരും എത്തിയിട്ടില്ല. ശ്യാം അളിയൻ ഇനി ഉച്ചയോടെയല്ലാതെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട, ഈ അച്ചൂന് ഉറക്കവും ക്ഷീണവും ഒന്നുമില്ലേ ഈശ്വരാ...! കാർത്തി അത്ഭുതത്തോടെ അച്ചായനോട് ചോദിച്ചു. അത് ക്ഷീണംഇല്ലാഞ്ഞിട്ടോ ഉറക്കം ഇല്ലാഞ്ഞിട്ടോ അല്ല, ഇത്രയും ദിവസം നമ്മളെ കാണാതെ നിന്നതല്ലേ..,

ഓടി വന്നതാ പാവം നമ്മളെ കാണാൻ. അച്ചായൻ പുഞ്ചിരിയോടെ പറഞ്ഞു. ഓ പറയുന്ന ആളിത്ര മോശം, അവനെ കാണാത്തത് കൊണ്ടുള്ള നിന്റെ നിരാശയും സങ്കടവും ഒക്കെ ഞാൻ കാണുന്നതല്ലേ...? കാർത്തി അവനെ നോക്കി പറഞ്ഞു അപ്പോ നിനക്ക് ഇല്ലായിരുന്നോ അച്ചായൻ കാർത്തിയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. ഇല്ലായിരുന്നോ എന്നോ.., അവനെ ഇത്രയും ദിവസം പിരിഞ്ഞു നിൽക്കുന്നത് ഇതാദ്യമായിട്ടാണ്, എനിക്കേ അറിയൂ ഈ പതിനഞ്ചു ദിവസം തള്ളിനീക്കിയ പാട്, ഇതോടുകൂടി ഞാൻ ഒരു കാര്യം തീരുമാനിച്ചു ഇനി അവനെവിടേക്ക് പോയാലും കൂടെ ഞാനും പോകും, കാർത്തി ഒരു ചിരിയോടെ പറഞ്ഞു. രണ്ടാളും നടന്ന് പി ജി ബ്ലോക്കിൽ എത്താറായപ്പോൾ ആണ് ശിവയുടെ അലർച്ച കേൾക്കുന്നത്. അവർ ഒരു നിമിഷം പരസ്പരം ഒന്നു നോക്കി, ശേഷം ശബ്ദം കേട്ടിടത്തേക്ക് ഓടി. ആരോ രണ്ടുപേര് ഓടിയകലുന്നത് മിന്നായംപോലെ അച്ചായൻ കൊണ്ടു. അവരെയും നോക്കി വരുമ്പോഴാണ് തങ്ങളുടെ മുൻപിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന തങ്ങളുടെ ചങ്കിടിപ്പായവനെ കാണുന്നത്.

ആദ്യം അത് കണ്ടത് കാർത്തിയാണ് . ആഹ് !! എന്നൊരലർച്ചയോടെ കാർത്തി ആ കാഴ്ച കാണാനാവാതെ മുഖംതിരിച്ചു പൊട്ടിക്കരഞ്ഞു. അത് കണ്ടാണ് അച്ചായൻ നോക്കുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ കൂടപ്പിറപ്പ്, ശരീരമാസകലം വെട്ടു കൊണ്ടു മുറിഞ്ഞിട്ടുണ്ട്, പലയിടത്തും മാംസം പുറത്തേക്കു വന്ന രീതിയിലാണ്, തൊട്ടപ്പുറത്ത് ശരീരമാസകലം ചോരയിൽ മുങ്ങി ശിവ ഒരു പ്രതിമ പോലെ ഇരിക്കുന്നു, നോട്ടം അവനിൽ തന്നെയാണെങ്കിലും അവളുടെ മനസ്സ് എവിടെയോ ആണ് ഒറ്റനോട്ടത്തിൽ ആരുടെയും ചങ്കുപൊട്ടി പോകുന്ന കാഴ്ച്ച. അച്ചായൻ ഒന്നേ നോക്കിയുള്ളൂ അവനെ കാണാനാവാതെ മുഖംതിരിച്ചു. കർത്താവേ എന്റെ അച്ചു..! എന്നും പറഞ്ഞ് അവനെ വാരിയെടുത്ത് തന്റെ മടിയിൽ കിടത്തി. എടാ അച്ചു നോക്കടാ മുത്തേ.., ഒന്നൂല്ല, നിനക്കൊന്നൂല്ല, ഇങ്ങോട്ട് നോക്കടാ അച്ചായൻ കരഞ്ഞു കൊണ്ട് അവനെ കുലുക്കി വിളിച്ചു. കാർത്തിയുടെ നിലവിളികേട്ട് കോളേജിലുണ്ടായിരുന്നവരൊക്കെ ഓടിക്കൂടി. അച്ചായാ എടുക്കെടാ അവനെ നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിലെത്തിക്കാം,

കാർത്തി കരഞ്ഞുകൊണ്ട് അവനെ പിടിക്കാനായി കുനിഞ്ഞു. പക്ഷേ അച്ചായനിൽ ഒരനക്കവും കാണാതായപ്പോൾ കാർത്തി സംശയത്തോടെ അച്ചായനെ നോക്കി. എവിടേക്ക് കൊണ്ടു പോയിട്ടും ഇനി കാര്യമില്ല ടാ... നമ്മുടെ അച്ചു നമ്മളെ വിട്ടു പോയി അച്ചായൻ ഒരു വിതുമ്പലോടെ പറഞ്ഞു. ഭഗവാനെ ചതിച്ചോ.. നീ..? കാർത്തി അലമുറയിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു. എന്തിനാ കർത്താവേ ഞങ്ങളോടീ ചതി ചെയ്തത്..? ഞങ്ങളുടെ പ്രാണനെ നീ എന്തിനാ ഞങ്ങളിൽ നിന്ന് അകറ്റിയത്...? അച്ചായൻ കരഞ്ഞുകൊണ്ടു പറഞ്ഞു. അച്ചുവിന്റെ പകുതിയടഞ്ഞ കൺപോളകൾ അച്ചായൻ തന്റെ വിറയാർന്ന കൈകൾ കൊണ്ട് തഴുകിയടച്ചു. അവന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു പൊട്ടിക്കരഞ്ഞു. ആ രംഗം കണ്ടു നിൽക്കുന്നവരോക്കെ പൊട്ടിക്കരഞ്ഞുപോയി. ഒരാളൊഴികെ ശിവ! അവൾ അവിടെ നടക്കുന്നതൊന്നും അറിയുന്നില്ല. തന്റെ പ്രാണൻ തന്നെ വിട്ടു പോയതും, തന്റെ ജീവിതം തകർന്നടിഞ്ഞതും ഒന്നും അവൾ അറിയുന്നില്ല. അവളുടെ മനസ്സ് ശൂന്യമാണ്,

ചിന്തകൾ എവിടെയൊക്കെയോ അലഞ്ഞുതിരിയുന്നു ണ്ട്, മരവിച്ച മനസ്സുമായി അവൾ അശ്വിനരികിൽ തന്നെ ഇരിക്കുകയാണ്. ഒരു ജീവച്ഛവം കണക്കെ... *********** പാത്തു തിരക്കിട്ടു കോളേജിൽ പോകാൻ റെഡിയായി കൊണ്ടിരിക്കുമ്പോഴാണ് തന്റെ ഫോൺ ശബ്ദിക്കുന്നത് കേട്ടത്. ബാഗിനകത്തിരുന്ന ഫോൺ എടുത്ത് അതിലേക്ക് നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. എന്താണ് വാദ്യാരെ പതിവില്ലാതെ ഈ നേരത്തൊരു വിളി... പതിവായി കിട്ടുന്ന പലതും മുടങ്ങിയപ്പോൾ ഒന്ന് വിളിച്ചതാണ് മാഡം മറുതലക്കൽ നിന്നും ഷാഹുൽ സാറിന്റെ ശബ്ദം കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഓ അതോ, ഇക്ക വിളിച്ചു നേരത്തെ എത്താൻ പറഞ്ഞതുകൊണ്ട് തിരക്കിട്ട ജോലിയിലായിരുന്നു, അതാ മറന്നത് അവൾ ഒരു ക്ഷമാപണം പോലെ പറഞ്ഞു. ആഹ് ഇക്ക വന്നാൽ പിന്നെ നമ്മളെയൊന്നും ഓർമ്മയുണ്ടാവില്ല ശാഹുൽ സാർ പരിഭവത്തോടെ പറഞ്ഞു. അത് അങ്ങനെ തന്നെയാണെന്റെ വാദ്യാരേ.. മറ്റെന്തിനേക്കാളും ഇത്തിരി ഇഷ്ടം കൂടുതൽ എന്റെ ഇക്കയോട് തന്നെയാണ്, ഇത്രയും ദിവസം കാണാതെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു, ഒന്നു കണ്ടാലേ സമാധാനമാവൂ, അവൾ ഒരു ചിരിയോടെ പറഞ്ഞു.

ഓ ആയിക്കോട്ടെ മേടം പോകാൻ തയ്യാറായിക്കോ, അവനോട് എന്റെ അന്വേഷണം പറയണം, തിരക്കായത് കൊണ്ടാണ് വിളിക്കാത്തത് എന്നും പറയണം. അതൊക്കെ ഞാൻ പറഞ്ഞോളാം ഇപ്പോൾ ഞാൻ റെഡിയാകട്ടെ നേരത്തെ ചെല്ലാൻ പറഞ്ഞതാണ്, എന്തോ സർപ്രൈസ് ഉണ്ട് എന്നൊക്കെ പറയുന്നത് കേട്ടു ഞാൻ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞ് സാറിന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ ഫോൺ വെച്ച് ധൃതിയിൽ കോളേജിലേക്ക് പുറപ്പെട്ടു. ബസ്സിറങ്ങി കോളേജിൽ എത്തുന്നതിനിടയ്ക്ക് പലതവണ അവൾ അശ്വിനെ വിളിച്ചുനോക്കി. പക്ഷേ ആ ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. അവൾ വേഗത്തിൽ കോളേജിലേക്ക് നടന്നു. കോളേജിലെത്തിയതും കണ്ണുകൾ ആദ്യം പോയതും പിജി ബ്ലോക്കിലേക്കാണ്. പതിവിൽ കൂടുതൽ ആളുകളെ കൊണ്ട് അവിടം തിങ്ങിനിറഞ്ഞിരുന്നു. പടച്ചോനേ വന്നു കേറാനൊഴിവില്ലാതെ അടി ഉണ്ടാക്കാൻ പോയോ...? അവൾ അവിടെത്തന്നെ സംശയത്തോടെ നിന്നു. എന്താണ് നടക്കുന്നതെന്നറിയാൻ അവളും അവിടേക്ക് നടന്നു.

അവിടേക്ക് പോകുന്നതിനിടയിൽ തന്നെ നോക്കുന്ന പല മുഖങ്ങളിലും സഹതാപവും വേദനയുമുണ്ടെന്നവൾക്ക് തോന്നി. അവൾ സംശയത്തോടെ ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നു. അപ്പോഴാണ് അവളുടെ മുൻപിലേക്ക് അരുൺ വരുന്നത്. പാത്തൂ നീ അങ്ങോട്ടേക്ക് പോകണ്ട, അരുൺ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്തും എന്തെന്നറിയാത്ത ഒരു ഭാവം, തന്നെ തടഞ്ഞുനിർത്തിയ അരുണിനെ അവൾ ദേഷ്യത്തോടെ നോക്കി. നീയൊന്നു പോയെ, ഞാൻ എന്റെ ഇക്കയുടെ അരികിലേക്കാണ് പോകുന്നത്, അത് തടയാൻ നീ വിചാരിച്ചാലൊന്നും നടക്കില്ല അവൾ അവനെ തള്ളി മാറ്റിക്കൊണ്ട് മുൻപോട്ടു നടന്നു. അരുൺ അവളെ പലപ്രാവശ്യം തടയാൻ ശ്രമിച്ചെങ്കിലും അവൾ അതൊന്നും ഗൗനിക്കാതെ മുൻപോട്ട് തന്നെ നടന്നു. ആളുകൾ വട്ടമിട്ടു നിൽക്കുന്നതിനാൽ അവൾക്കൊന്നും കാണാൻ കഴിയുന്നില്ല. ഒരുപാട് തവണ അതിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും അവൾക്ക് സാധിക്കുന്നില്ല. അവസാനം എങ്ങനെയൊക്കെയോ എല്ലാവരെയും തള്ളിമാറ്റി അതിനുള്ളിലേക്ക് കയറിപ്പറ്റിയ അവൾ തനിക്ക് മുൻപിലുള്ള കാഴ്ച കണ്ടു തറഞ്ഞു നിന്നു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story