💓സഖാവ് 💓: ഭാഗം 58

sagav rafeena

രചന: റഫീന മുജീബ്

" എന്താ !! എന്താ നിങ്ങൾ പറയുന്നത്..? അദ്ദേഹം പോയോ..? നിറഞ്ഞു വന്ന മിഴിനീരിനെ തുടച്ചുമാറ്റി കൊണ്ട് നിർമ്മല ചോദിച്ചു. വന്നവർ അവരെ സഹതാപത്തോടെ നോക്കി. പാവം എന്നോ നാടുവിട്ടുപോയ തന്റെ ഭർത്താവ് മരിച്ചെന്ന് വിചാരിച്ചാണ് അവർ വിതുമ്പുന്നത്. അപ്പോൾ മരിച്ചത് താൻ കഷ്ടപ്പെട്ട് വളർത്തി കൊണ്ടുവന്ന തന്റെ പൊന്നുമോനാണെന്നറിയുമ്പോഴോ? വന്നവർ അവളോടെന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി. അപ്പോഴേക്കും അവിടേക്ക് വിവരമറിഞ്ഞ് ചില ബന്ധുക്കൾ കൂടിയെത്തി. ബോഡി എപ്പോഴാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ഇവിടേയ്ക്ക് കൊണ്ടുവരുന്നത്...? കൂട്ടത്തിൽ പ്രായം ചെന്നയാൾ ചോദിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി കോളേജിൽ പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്. അതുകഴിഞ്ഞ് ഇങ്ങോട്ടു കൊണ്ടുവരൂ... ഇവിടെ കൂടുതൽ വയ്ക്കേണ്ട എന്നാണ് തീരുമാനം, കൂട്ടത്തിലൊരാൾ മറുപടി കൊടുത്തു, ഇതൊക്കെ കേട്ടു നിന്ന നിർമ്മലയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി.

എന്തൊക്കെയാ നിങ്ങൾ പറയുന്നത് ദയവുചെയ്ത് കാര്യം എന്താണെന്ന് ഒന്നു പറയൂ.. അവൾ ദയനീയമായി എല്ലാവരുടെയും മുഖത്തേക്ക് നോക്കി. സാരമില്ല ടീ നീ വിഷമിക്കല്ലേ അവൻ അത്രയേ ദൈവം ആയുസ്സ് കൊടുത്തിട്ടുള്ളൂ എന്ന് വിചാരിച്ചാൽ മതി, ആ പ്രായം ചെന്നയാൾ നിർമ്മലയുടെ തോളിൽ തട്ടി പറഞ്ഞു. മാമ ആരുടെ കാര്യമാണ് ഈ പറയുന്നത്...? അവൾ സംശയത്തോടെ ചോദിച്ചു. അച്ചു.. നമ്മുടെ അച്ചുവിനെ ആരോ വെട്ടിയെന്ന്..., പോസ്റ്റുമോർട്ടം കഴിയാറായി എന്നാ കേട്ടത്, അയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്..? അല്ലേലും എന്റെ കുഞ്ഞിനെ നിങ്ങൾക്കൊന്നും കണ്ടൂടല്ലോ..? എന്നുവെച്ച് ഇങ്ങനെയൊക്കെ പറയണോ..? നോക്ക് അവൻ കോളേജിലേക്ക് പോകാൻ തുടങ്ങിയപ്പോൾ എനിക്കു തന്ന ഉമ്മയുടെ തണുപ്പ് പോലും കവിളിൽ നിന്ന് പോയിട്ടില്ല എന്നിട്ടാ ഈ പറയുന്നത് എന്റെ കുഞ്ഞിനെ കീറിമുറിക്കുകയാണെന്ന് നിർമ്മല അവരെയൊക്കെ നോക്കി പറഞ്ഞു. പക്ഷേ തന്നെ നോക്കുന്ന കണ്ണുകളിൽ ഒക്കെ അവൾ സഹതാപമാണ് കണ്ടത്.

അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ ഉള്ളിലും തോന്നി. അമ്മ ധൈര്യം കൈവിടല്ലേ അമ്മ, അവന്റെ അനിയത്തി കുട്ടികൾക്ക് ധൈര്യം കൊടുക്കേണ്ടത് അമ്മയാണ്. അശ്വിന്റെ കൂടെ പഠിക്കുന്ന നിഖിൽ നിർമ്മലയുടെ കയ്യിൽ പിടിച്ചു പറഞ്ഞു. ഇല്ല ഞാനിത് വിശ്വസിക്കില്ല, എന്റെ മോനൊന്നും പറ്റിയിട്ടില്ല. ഭഗവാനെ എന്റെ കുഞ്ഞിനോന്നും വരുത്തല്ലേ.... നിർമ്മല അലമുറയിട്ടു കരഞ്ഞു. മോനേ അച്ചു.. എന്റെ കുഞ്ഞിങ്ങു പെട്ടന്ന് വാ.. ഇവരോട് പറ ഇതൊക്കെ കള്ളമാണെന്ന് പൊന്നുമോനെ നീ എവിടെയാടാ... അമ്മയ്ക്ക് നീയല്ലാതെ ആരാ ഉള്ളത്.. നിർമ്മല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. എല്ലാവരും വെറുതെ പറയല്ലേ..? എന്റെ കുഞ്ഞിനോന്നും പറ്റിയിട്ടില്ലല്ലോ..? അവൾ അവസാന പ്രതീക്ഷയെന്നോണം എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കി. പോയമ്മേ അവൻ നമ്മളെയൊക്കെ വിട്ടു പോയിട്ട് മണിക്കൂറുകളായി... നിഖിൽ നിർമ്മലയെ ചേർത്തുപിടിച്ചു പറഞ്ഞു. , അയ്യോ എന്റെ ഈശ്വരാ.. എന്റെ കുഞ്ഞ് എന്നുറക്കെ കരഞ്ഞുകൊണ്ട് നിർമ്മല നിഖിലിന്റെ കൈകളിലേക്ക് കുഴഞ്ഞുവീണു.

അകത്ത് സ്കൂളിലേക്ക് പോകാനായി തയ്യാറായിക്കൊണ്ടിരിക്കുന്ന അശ്വിനിയും അനുമോളും ശബ്ദം കേട്ട് പുറത്തേക്ക് വന്നു. നിഖിലിന്റെ കയ്യിൽ ബോധമറ്റ് കിടക്കുന്ന അമ്മയെ കണ്ടവർ സ്തബ്ദരായി. അയ്യോ എന്തുപറ്റി അമ്മയ്ക്ക് എന്താ ഉണ്ടായേ അശ്വിനി ഓടിവന്ന് അമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു. ഒന്നുമില്ല മക്കള് അകത്തേക്ക് ചെന്ന് ഇത്തിരി വെള്ളം കൊണ്ടുവാ.. അശ്വിനി യെ നോക്കി ആ മധ്യവയസ്കൻ പറഞ്ഞു. അവൾ ഓടി പോയി ഒരു കപ്പ് വെള്ളവുമായി തിരികെ വന്നു. നിഖിൽ ആ വെള്ളം മേടിച്ചു നിർമ്മലയുടെ മുഖത്തേക്ക് തെളിച്ചു. തന്റെ മുഖത്തേക്ക് വെള്ളം വീണതും അവൾ പതുക്കെ കണ്ണുകൾ തുറന്നു. തനിക്ക് ചുറ്റുമുള്ളവരെ ഒന്നു നോക്കിയ ശേഷം ചാടിയെഴുന്നേറ്റ് മോനെ അച്ചു എന്ന് ഉറക്കെ കരഞ്ഞു. എന്തുപറ്റി അമ്മ എന്താ ഏട്ടന് അനുമോളും അശ്വിനിയും അമ്മയെ സംശയത്തോടെ നോക്കി ചോദിച്ചു. അവൻ പോയി മക്കളെ.. തന്റെ രണ്ടു മക്കളെയും ചേർത്തുപിടിച്ച് അവൾ അലമുറയിട്ട് കരഞ്ഞു.

അമ്മ പറയുന്നതും കരയുന്നതും മനസ്സിലാകാതെ അവരും അമ്മയോടൊപ്പം കൂടി. തങ്ങളുടെ ഏട്ടന് എന്തോ പറ്റിയെന്ന് അവർക്കു മനസ്സിലായി,, ആ രംഗം കണ്ടു നിന്നവർ കരച്ചിലടക്കാൻ പാടുപെട്ടു. *********** അശ്വിന്റെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞ് കോളേജിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അവിടെ പൊതുദർശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകും സംസ്കാരം വീട്ടുവളപ്പിൽ. നാടും വീടും ഒരു പോലെ തേങ്ങി അശ്വിന്റെ മരണവാർത്തയറിഞ്ഞ്. തങ്ങളുടെ പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാനും അന്ത്യോപചാരമർപ്പിക്കാനും ആയിരക്കണക്കിനാളുകളാണ് കോളേജ് അങ്കണത്തിൽ തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാൻ പോലീസും വിദ്യാർത്ഥികളും നന്നേ പാടുപെട്ടു. തങ്ങളുടെ സഹപാഠിയുടെ വിയോഗം അറിഞ്ഞ കൂട്ടുകാർ തേങ്ങലോടെയാണ് അവിടെ എത്തിച്ചേർന്നത്. കോളേജിലേക്ക് പോകുന്ന റോഡിനിരുവശവും കരിങ്കോടികൾ ഉയർന്നു. പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ എന്നെഴുതിയ അശ്വിന്റെ പുഞ്ചിരിതൂകുന്ന ഫ്ലക്സുകൾ ഉയർന്നു. ആ ഫോട്ടോയിലേക്ക് നോക്കുന്ന ഓരോ ഹൃദയവും വിങ്ങിപ്പൊട്ടി. പാത്തുവിനെ യും ശിവയെയും ആദ്യം തന്നെ അരുൺ അശ്വിന്റെ വീട്ടിലേക്ക് അയച്ചിരുന്നു.

പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡിയുമായി തിരികെ വരികയാണ് അച്ചായനും ശ്യാമും കാർത്തിയും. മൂന്നുപേരും അശ്വിനിൽ തന്നെ ദൃഷ്ടി പതിപ്പിച്ച് മൗനമായി തേങ്ങുകയാണ്. ടാ.. അന്തപ്പാ ഇതൊന്നും സത്യമല്ലല്ലോടാ... ഇതൊക്കെ വെറുതെയല്ലേ ഈ രാവു പുലരുമ്പോൾ പുഞ്ചിരിതൂകുന്ന മുഖവുമായി നമ്മുടെ അച്ചു നമ്മളോടൊപ്പം ഉണ്ടാവുമോ...? കാർത്തി പ്രതീക്ഷയോടെ അച്ചായനെ നോക്കി. അച്ചായൻ അവനെ ചേർത്തുപിടിച്ചു കരഞ്ഞു. എങ്ങിനെയാ ടാ നമുക്ക് ഇവൻ ഇല്ലാതെ.... ശ്യാം വാക്കുകൾ മുഴുവനാകാതെ തേങ്ങി. ആംബുലൻസ് കോളേജിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അതിനെ പൊതിഞ്ഞ ആളുകൾ ചുറ്റും കൂടി. കോളേജ് ഓഡിറ്റോറിയത്തിൽ അശ്വിന്റെ ശരീരം പൊതുദർശനത്തിന് വെച്ചു. തന്റെ പ്രിയപ്പെട്ടവന് കണ്ണീരോടെ സഹപാഠികളും അധ്യാപകരും യാത്രാമൊഴി നൽകി. അച്ചായനും ശ്യാമും കാർത്തിയും അരുണും എല്ലാം അവന്റെ അരികിൽ തന്നെ നിന്നു. പൊതുദർശനത്തിന് വെച്ച ശേഷം അശ്വിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

അപ്പോഴേക്കും അവിടമാകെ ജനസാഗരമായി കഴിഞ്ഞിരുന്നു. അവന്റെ ശരീരം അകത്തേക്ക് വെച്ചതും അശ്വിനിയും അനുമോളും ഏട്ടാ എന്ന് വിളിച്ചു ഓടിവന്നു. അവർ ആ ചില്ലുകൂട്ടിലൂടെ തങ്ങളുടെ ഏട്ടനെ നോക്കി പൊട്ടിക്കരഞ്ഞു. അലമുറയിട്ട് കരയുന്ന ആ രണ്ട് അനിയത്തിമാരെ നോക്കി എല്ലാവരും വിതുമ്പി. ഒരുപാട് നേരം അവനെ അങ്ങനെ വെയ്ക്കാൻ പറ്റാത്തതുകൊണ്ട് വേഗം അടക്കം ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കടന്നു. തന്റെ മകന് അന്ത്യചുംബനം നൽകുന്ന അമ്മയുടെ കരച്ചിൽ എല്ലാവരുടെയും കണ്ണ് നിറച്ചു. അവസാനമായി ശിവയെഅശ്വിന്റെ അരികിലേക്ക് കൊടുന്നു, അവൾക്ക് ഒരു നോക്ക് കാണാൻ വേണ്ടി... അച്ചുവേട്ടാ... അവൾ തേങ്ങി കരഞ്ഞുപോയി.. നിറ മിഴിയോടെ അവനെ നോക്കി അവൾ നിന്നു. അവന്റെ നെറ്റിയിൽ തന്റെ അധരങ്ങൾ പതിപ്പിച്ചപ്പോൾ അവളറിഞ്ഞു നഷ്ടപ്പെടലിന്റെ വേദന... തന്റെ സ്വപ്നം ഇതാ തന്നെ തനിച്ചാക്കി യാത്രയാവുന്നു. അവൾ അവനെ ഇറുകെ പിടിച്ചു പോയ്‌. ആര് വേർപെടുത്തിയാലും വേർപ്പെടാൻ വയ്യാതെ അവൾ അവനെ ചുറ്റിപിടിച്ചു.

" അച്ചു വേട്ടാ... " എന്തിനാ എന്നെ വിട്ടു പോയേ..? പറഞ്ഞില്ലായിരുന്നോ എന്നോട് ഇനി നീയെന്നോ ഞാനെന്നോ ഇല്ലശിവാ.. നമ്മൾ എന്ന സത്യം മാത്രം എന്നൊക്കെ... എന്നിട്ടിപ്പോ എന്നെ മാത്രം തനിച്ചാക്കി പോവുകയാണോ..? പറ്റില്ല എനിക്ക് ഏട്ടൻ ഇല്ലാതെ ജീവിക്കാൻ.., അങ്ങനെ ഇട്ടിട്ട് പോകാനാണെങ്കിൽ എന്റെ കൈ പിടിച്ചതെന്തിനാ... കൂടെ കൂട്ടാമെന്നു വാക്ക് പറഞ്ഞതെന്തിനാ..? ശിവ അവനെ മുറുകെപ്പിടിച്ചു പൊട്ടിക്കരഞ്ഞു. കണ്ടുനിൽക്കുന്നവരുടെ ഹൃദയം പിളർക്കുന്ന കാഴ്ചയായിരുന്നു അത്.. എല്ലാവരും കരച്ചിലടക്കി നിന്നു. ഇതുവരെ മൂടികെട്ടി നിന്നിരുന്ന ശിവ ഇപ്പോൾ ആർത്ത് പെയ്യുകയാണ്... രംഗം വഷളാകുകയാണെന്ന് തോന്നിയതും ശിവയുടെ ചേച്ചി അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. . പക്ഷേ അവൾ ഒന്നു കൂടി അവനെ ഇറക്കിയതല്ലാതെ വേർപ്പെടാൻ തയ്യാറായില്ല. കാർത്തിയും ശ്യാമും അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു നോക്കി പക്ഷേ അവനിൽ നിന്ന് അടർത്തി മാറ്റാൻ അവർക്കും ആയില്ല. മോളെ!! പാറൂട്ടി, അച്ഛന്റെ വാവ എഴുന്നേൽക്ക്, ഇങ്ങനെ കരഞ്ഞാൽ അച്ഛനും സഹിക്കില്ല.

അച്ഛന്റെ മുത്ത് അച്ഛൻ പറയുന്നത് കേൾക്ക്, ശിവൻ കരച്ചിലടക്കി പിടിച്ച് അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് പറഞ്ഞു. അച്ഛാ നോക്കച്ഛാ എന്റെ അച്ചുവേട്ടൻ കിടക്കുന്നത് കണ്ടോ..? ആ കാലിൽ ഒരു മുള്ളു തറച്ചാൽ പോലും എനിക്ക് സഹിക്കില്ലച്ഛാ.. പിന്നെയെങ്ങനെയാണ് ഞാനിത് സഹിക്കുന്നത്..? ഓപ്പോൾ പറഞ്ഞതുതന്നെയാണ് ശരിയച്ഛാ, ഈ ശിവ ഭാഗ്യമില്ലാത്ത കുട്ടിയാ ഒട്ടും ഭാഗ്യമില്ലാത്തവൾ, എന്റെ ജീവിതത്തിലോട്ട് അച്ചുവേട്ടൻ വരണ്ടായിരുന്നു, എങ്കിൽ ഇങ്ങനെയൊരു അവസ്ഥ ഏട്ടന് വരില്ലായിരുന്നു. ശിവ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. അച്ഛന്റെ മോളെന്തൊക്കെയാ ഈ പറയുന്നത്...? ഇങ്ങനെ കരയല്ലേ അത് ആത്മാവിനു ദോഷം ചെയ്യും. ശിവൻ അവളെ പിടിച്ച് എഴുന്നേല്പിക്കുതിനിടയിൽ പറഞ്ഞു. ആഹ്, എന്നോട് കരയരുതെന്ന് സത്യം ചെയ്യിച്ചിട്ടുണ്ട്, പക്ഷേ എങ്ങനെയണച്ഛാ ഞാൻ കഴിയാതിരിക്കുന്നത്, എന്റെ പ്രാണനല്ലേ ഈ കിടക്കുന്നത്..? ശിവ ഒരു തേങ്ങലോടെ പറഞ്ഞു. അപ്പോഴേക്കും കാർത്തിയും അച്ചായനും കൂടി വന്ന് ശിവയെ അവിടെനിന്നും പിടിച്ചെഴുന്നേൽപ്പിച്ചു.

ശിവനും ലക്ഷ്മിയും ചേർന്നവളെ അകത്തേക്കു കൊണ്ടു പോകാൻ ഒരുങ്ങി. അകത്തേക്ക് കയറാൻ ഒരുങ്ങിയപ്പോൾ ശിവ തിരിഞ്ഞ് വീണ്ടും അശ്വിനെ ഒന്നു നോക്കി അവിടെ തന്നെ നിന്നു. വാ മോളെ ഇനി ഇവിടെ നിൽക്കണ്ട ശിവൻ അവളുടെ ചുമലിൽ പിടിച്ച് ബലമായി അകത്തേക്ക് കൊണ്ട് പോകാൻ ഒരുങ്ങി. ഞാൻ ഒന്നൂടെ എന്റെ അച്ചു ഏട്ടനെ കണ്ടോട്ടെ അച്ഛാ.. ശിവ ദയനീയമായി ശിവനെ നോക്കി. വേണ്ട എന്റെ മോൾ ഇനി അവിടേക്ക് പോകണ്ട ശിവൻ വാക്കുകൾ കടുപ്പിച്ചു പറഞ്ഞു. പ്ലീസ് അച്ഛാ ഞാൻ എന്റെ അച്ചു ഏട്ടന് ഒരു ഉമ്മ കൊടുത്തിട്ട് പെട്ടെന്നു വരാം, ഇനി ഈ ജന്മം എനിക്ക് അതിന് സാധിക്കില്ലല്ലോ.. തട്ടിപ്പറിച്ച് എടുത്തില്ലേ ദൈവങ്ങൾ എന്റെ സന്തോഷത്തെ. ശിവ അപേക്ഷയോടെ അച്ഛനെ നോക്കി. വേണ്ട മോളെ എന്റെ മോള് ഇനി അങ്ങോട്ട് പോകേണ്ട, അത് എന്റെ മോളുടെ സങ്കടത്തിന് ആഴം കൂട്ടുകയേ ചെയ്യു.. ശിവൻ അവളിലെ പിടുത്തം ഒന്നുകൂടി മുറുക്കി കൊണ്ട് പറഞ്ഞു. അച്ഛാ.. അവൾ ദയനീയമായി ശിവനെ ഒന്നു നോക്കി. പൊയ്ക്കോട്ടെ അച്ഛാ അവൾ മതിവരുവോളം അവനെ കണ്ടോട്ടെ.. നാളെ ഒരു നോക്കുകാണാൻ അവനില്ല,

ലക്ഷ്മി കണ്ണുനീരിനെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു പോയി. ശിവയുടെ മേലുള്ള ശിവന്റെ കരങ്ങൾ അയഞ്ഞതും അവൾ വേച്ച് വേച്ച് അശ്വിന്റെ അരികിലേക്ക് ചെന്നു. അവന്റെ കവിളിൽ അവളുടെ കൈത്തലം വെച്ച് മെല്ലെ അവന്റെ നെറ്റിയിൽ ചുംബിച്ചു. തന്റെ പ്രിയപ്പെട്ടവന് നൽകുന്ന അന്ത്യചുംബനം.. ഇനി ഈ ജന്മം തനിക്കതിനാവില്ല. ഈശ്വരാ ഈ നിമിഷം എന്റെ ജീവൻ കൂടി ഒന്ന് എടുക്ക്,.. അവൾ മനമുരുകി പ്രാർത്ഥിച്ചു. അവന്റെ നെറ്റിൽ നിന്ന് തന്റെ അധരങ്ങളെ അടർത്തിമാറ്റാൻ അവളുടെ മനസ്സനുവദിച്ചില്ല.. ചുമലിൽ ആരുടെയോ കരസ്പർശംമേറ്റാണ് അവൾ തിരിഞ്ഞു നോക്കിയത്. തന്നെ നോക്കി സങ്കടപ്പെടുന്ന അച്ചായനെ കണ്ടവൾ എഴുന്നേറ്റു. കരയരുത് എന്നവൻ അവളോട് തല കൊണ്ട് ആംഗ്യം കാണിച്ചു. അശ്വിനെ ഒന്നു നോക്കി അകത്തേക്ക് പോകാനൊരുങ്ങിയ ശിവ വേച്ച് വീഴാൻ പോയതും അച്ചായൻ അവളെ താങ്ങി, അവളെ കോരിയെടുത്തവൻ അകത്തെ മുറിയിൽ കൊണ്ട് കിടത്തി. പാത്തുവിനെ താങ്ങിപ്പിടിച്ചാണ് അവളുടെ സഹോദരൻ നാദിർ അച്ചുവിനെ കാണിക്കാനായി കൊണ്ടുവന്നത്. എനിക്ക് ഈ അവസ്ഥയിൽ എന്റെ ഇക്കാനെ കാണണ്ട എന്നവൾ പുലമ്പുന്നുണ്ട്.

അവന്റെ അരികിൽ എത്തിയതും അവൾ പൊട്ടിക്കരഞ്ഞു അവിടെയിരുന്നു. ഇക്കാ ഇത്രയും കൂടുതൽ എന്നെ സ്നേഹിച്ചത് ഇതിനു വേണ്ടി ആയിരുന്നോ..? ഇങ്ങനെ നോവിച്ചു അകലാൻ ആയിരുന്നോ..? അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. അവനിലേക്ക് തന്നെ നോക്കിയിരുന്നവൾ നിശബ്ദം തേങ്ങി. തന്റെ ഇരു സൈഡിലുമായി അശ്വിന്റെ രണ്ടനിയത്തി കുട്ടികൾ വന്നിരുന്നപ്പോൾ അവൾ ഇരുകൈകൾകൊണ്ടും അവരെ ചേർത്തുപിടിച്ചു. ഏട്ടൻ അവസാനമായി ഞങ്ങളോട് പറഞ്ഞത് ചേച്ചിയെ കുറിച്ചാണ്.. അടുത്ത ജന്മത്തിലും ഈ പെങ്ങളെ തരണമെന്ന്.. അശ്വിനി വിതുമ്പിക്കൊണ്ട് പറഞ്ഞു. എന്തിനാ ചേട്ടാ ഞങ്ങളെ തനിച്ചാക്കി പോയത്, കൂടെ കൊണ്ടാവാമായിരുന്നില്ലേ ഞങ്ങളെ കൂടി, അനുമോൾ കരച്ചിലോടെ പറഞ്ഞു. അവരെ അവന്റെ അരികിൽ നിന്നും മാറ്റാൻ ഒരുപാട് പ്രയാസപ്പെട്ടു.

അവസാനമായി അവനു ആചാരപ്രകാരം മലരും വെള്ളവും കൊടുത്തു, എല്ലാവരും തേങ്ങലോടെ അവന് യാത്രാമൊഴി നൽകി. അശ്വിന്റെ ശരീരം പുറത്തേക്കെടുത്തപ്പോൾ വാവിട്ടലറിക്കരയുന്ന നിര്മലയെയും അവന്റെ പെങ്ങമ്മാരേയും നിയന്ത്രിക്കാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു. കർമ്മം ചെയ്യാൻ ആരാണുള്ളത്.. പൂജാരിയുടെ ആ ചോദ്യം കേട്ട് എല്ലാവരും പരസ്പരം ഒന്ന് നോക്കി. അശ്വിന് കൂടപ്പിറപ്പും അച്ഛനും ഇല്ലാത്തതിനാൽ ആര് കർമ്മം ചെയ്യും എന്ന ചോദ്യമുയർന്നു. ബന്ധത്തിൽ പെട്ട ഒരാളെ കർമ്മം ചെയ്യാൻ വിളിച്ചപ്പോൾ കാർത്തി അതിനെ എതിർത്തുകൊണ്ട് മുൻപോട്ട് വന്നു. കുളിച്ച് ഈറൻ മാറ്റി വാ... അവൻ അച്ചായന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു അത് കേട്ട് എല്ലാവരും സംശയത്തോടെ കാർത്തിയെ നോക്കി..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story