💓സഖാവ് 💓: ഭാഗം 59

sagav rafeena

രചന: റഫീന മുജീബ്

എന്തസംബന്ധമാണ് കുട്ട്യേ ഈ പറയുന്നത്..? അന്ത്യകർമ്മങ്ങൾ ചെയ്യാൻ ഒരന്യജാതിക്കാരനോ...? ഇതെന്താ കുട്ടിക്കളിയാണെന്ന് നിരീച്ചിരിക്കണെ.. പൂജാരി വാക്കുകൾ കടുപ്പിച്ചു കൊണ്ട് കാർത്തിയുടെ നേരെ തിരിഞ്ഞു. ഒരസംബന്ധവുമില്ല തിരുമേനി.. ഇവിടെ കൂടിയിരിക്കുന്ന മറ്റാരെക്കാളും ഈ കർമ്മം ചെയ്യാൻ ഞങ്ങളെ അച്ചായൻ തന്നെയാണ് യോഗ്യൻ. അശ്വിനും അതുതന്നെയാവും ആഗ്രഹിക്കുന്നത്, കാർത്തി തിരുമേനിക്ക് നേരെ തിരിഞ്ഞു പറഞ്ഞു. അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ കാർത്തിക്കെ, ഞങ്ങളുടെ കുടുംബകാര്യത്തിൽ പുറത്തു നിന്ന് വന്ന ഒരുത്തന്റെയും അഭിപ്രായം വേണ്ട, സ്ഥാനം കൊണ്ട് പ്രശാന്ത് ആണ് അവന്റെ മൂത്ത ചേട്ടൻ ഇവൻ ചെയ്താൽ മതി കർമ്മങ്ങൾ അല്ലാതെ ഞങ്ങളുടെ കുടുംബകാര്യത്തിൽ കയറി ഒരുത്തനും ഇടപെടേണ്ട.. അശ്വിന്റെ വല്യമ്മാവൻ ദേഷ്യത്തോടെ പറഞ്ഞു. കുടുംബക്കാരോ ആരൊക്കെയാണ് ഈ കുടുംബക്കാർ..? ഇത്രയും കാലം അവൻ കഷ്ടപ്പെട്ട് തന്നെ ജീവിച്ചത് അന്നൊന്നും ഈ കുടുംബക്കാരെ കണ്ടിട്ടില്ലെന്നു മാത്രമല്ല ശാപവാക്കുകളും കുറ്റപ്പെടുത്തലും ഒരുപാടവൻ കേട്ടിട്ടുണ്ട്,

എന്നിട്ടിപ്പോ അവന്റെ കർമ്മം ചെയ്യാൻ മത്സരം, നാണമില്ലേ നിങ്ങൾക്ക്..? കാർത്തി ദേഷ്യത്തോടെ അവർക്ക് നേരെ തിരിഞ്ഞു. ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ട കാര്യമില്ല ഈ കർമ്മം ചെയ്യാൻ ഒരു നസ്രാണിയേയും ഞങ്ങൾ സമ്മതിക്കില്ല. അവർ ബന്ധുക്കളെല്ലാം ഒറ്റക്കെട്ടായി പറഞ്ഞു. , ഞങ്ങളെ അച്ചുവിന്റെ കർമ്മം ചെയ്യാൻ ഒറ്റ ഒരുത്തനെയും സമ്മതം ഞങ്ങൾക്കും ആവശ്യമില്ല. ശ്യാമു അരുണും അവർക്ക് നേരെ വീറോടെ തിരിഞ്ഞു. അവർക്ക് പിന്തുണയുമായി കോളേജിലെ എല്ലാ കുട്ടികളും എത്തി. രണ്ടുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും ഉന്തും തള്ളുമായി. ഒന്നു നിർത്തുന്നുണ്ടോ..? പുറകിൽ നിന്നും നിർമ്മലയുടെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി. കരഞ്ഞ് അവശയായിട്ടുണ്ടവൾ, കണ്ണും മൂക്കുമൊക്കെ ചുവന്നുതുടുത്തു ട്ടുണ്ട്. എന്റെ കുഞ്ഞു അവസാനയാത്ര പോവാ വല്യേട്ടാ... അപ്പോഴും വേണോ ഈ വാശിയും വൈരാഗ്യവും, ശപിച്ചും പഴി പറഞ്ഞും ഈ അവസ്ഥയിൽ എത്തിച്ചില്ലേ നിങ്ങളെല്ലാവരും കൂടി. ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ,

നിർമ്മല വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. ഇവിടെ കൂടിയ എല്ലാവരോടുമായി പറയുകയാണ്.. ഈ കർമ്മം ചെയ്യാൻ ഏറ്റവും യോഗ്യൻ ഇവൻ തന്നെയാണ്, ജാതിയോ മതമോ നോക്കിയല്ല എന്റെ കുഞ്ഞ് അത്രത്തോളം സ്നേഹിച്ച വേറൊരാൾ ചിലപ്പോൾ ഉണ്ടാവില്ല, സ്വന്തം കൂടപ്പിറപ്പിനെ പോലെ തന്നെയാണ് ഇവർ കഴിഞ്ഞത്, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി എന്റെ കുഞ്ഞിന്റെ കർമ്മം ഇവൻ തന്നെ ചെയ്യും, , മോൻ പോയി കുളിച്ച് ഈറൻ മാറ്റി വാ ആരാ തടയുന്നത് എന്ന് ഞാൻ നോക്കട്ടെ.. അവൾ ചുറ്റും കൂടിയവരെ നോക്കി പറഞ്ഞു. എല്ലാവരും പരസ്പരം ഒന്നു നോക്കി, ഇഷ്ടപ്പെടാത്തതിലുള്ള നീരസം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു. അച്ചായൻ കുളിച്ചു കർമ്മം ചെയ്യാനായി തയ്യാറായി വന്നു. തിരുമേനി ഞങ്ങൾ ഒന്നുകൂടി ഇവനെ ഒന്ന് കണ്ടോട്ടെ, ഒന്നുകൂടി ആ തിരുനെറ്റിയിൽ ഒന്നു ചുംബിച്ചോട്ടെ ശ്യാം കരഞ്ഞുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു. എന്താന്ന് വെച്ചാൽ ചെയ്തോളൂ.. അല്ലെങ്കിലും ചെയ്യുന്നതൊക്കെയും ശുഭകരമായ കാര്യം അല്ലല്ലോ...?

നാം ഒന്നിനും ഒരു തടസ്സമല്ല, കർമ്മം തുടങ്ങാൻ ആകുമ്പോൾ പറഞ്ഞാൽ മതി അയാൾ നീരസത്തോടെ പറഞ്ഞു. അശ്വിന്റെ അരികിലേക്ക് ആദ്യം ചെന്നത് കാർത്തിയാണ്. അശ്വിന്റെ മുഖം മറച്ച തുണി മാറ്റി അവന്റെ മുഖത്തേക്ക് വേദനയോടെ നോക്കി നിന്നു. തന്റെ ബാല്യം തൊട്ടു കൂടെ കൂടിയവനാണ്, ആദ്യമായി കരഞ്ഞുകൊണ്ട് ഒന്നാം ക്ലാസിലേക്ക് ചെല്ലുന്ന സമയത്ത് തന്റെ തോളിലേറ്റ കരസ്പർശം തിരിഞ്ഞുനോക്കിയപ്പോൾ പുഞ്ചിരിതൂകി ഒരു കുഞ്ഞു മുഖം.. വാ എന്നും പറഞ്ഞു തന്റെ കൈകളിൽ അവൻ കൈകോർത്ത് പിടിച്ചു. അവിടെനിന്ന് ഇവിടം വരെ ആ കൈകൾ അവൻ വേർപെടുത്തിയിട്ടില്ല, കാർത്തി തന്റെ കൈകളിലേക്ക് വേദനയോടെ ഒരു നിമിഷം നോക്കിനിന്നു. ഞാൻ തനിച്ചായി തന്റെ സന്തോഷത്തിലും സങ്കടത്തിലും തന്നോടൊപ്പം നിന്ന തന്റെ കൂടെ പിറപ്പ് ഇന്ന് മണ്ണോട് ചേരാൻ തയ്യാറായി നിൽക്കുന്നു.. അയ്യോ എന്ന് ഉറക്കെ നിലവിളിച്ച് കാർത്തി തന്റെ മുഖം അശ്വിന്റെ മുഖത്തു വെച്ചു.

അവന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി. പോയല്ലോ ഡാ എന്നെ വിട്ട് നീ ഞാനിതെങ്ങനെ സഹിക്കും ദൈവമേ... കാർത്തി നിയന്ത്രണംവിട്ട് ആർത്ത് കരയാൻ തുടങ്ങി. ശ്യാം അവന്റെ അരികിൽ വന്നു അച്ചുവിന്റെ നെറ്റിയിൽ ചുംബനം നൽകി. അച്ചുവേ നീയില്ലാതെ ഞങ്ങൾക്ക് പറ്റില്ല ടാ ശ്യാം കരച്ചിലടക്കാൻ പണിപ്പെട്ടു. അരുണും കൂട്ടുകാരും അവരെ പിടിച്ചു മാറ്റി അവിടെ നിന്നും കൊണ്ടു പോയി. അച്ചുവിന്റെ മുഖത്തേക്ക് നോക്കും തോറും അച്ചായൻ ഉള്ളിൽ സ്വരുക്കൂട്ടി വെച്ച് ധൈര്യമൊക്കെ ചോർന്നുപോകുന്നത് പോലെ തോന്നി. ഒരു നിമിഷം ഇതൊന്നും സത്യം ആകല്ലേ എന്നവൻ ആശിച്ചു പോയി. ചേതനയറ്റു തന്റെ മുൻപിൽ കിടക്കുന്ന അശ്വിന്റെ മുഖം അവനിൽ ഒതുക്കിവെച്ച കണ്ണുനീർ അണ പൊട്ടി ഒഴുകാൻ കാരണമായി, അനുസരണയില്ലാതെ ഒഴുകുന്ന തന്റെ മിഴിനീരിൽ തുടച്ചുമാറ്റാൻ പോലും അവന്റെ കൈകൾക്ക് ശക്തിയില്ലാതെയായി. അവൻ കുനിഞ്ഞ് അശ്വിനെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു, അവന്റെ പുഞ്ചിരി തൂകിയ മുഖം മനസ്സിലേക്ക് ഓടി വന്നു.

പരിചയപ്പെട്ട അന്നുമുതൽ തന്റെ വലംകയ്യായി നിന്നവൻ ഒരു നിമിഷം പോലും തന്നെ തനിച്ചാക്കി പോകാത്തവൻ ഇന്നിതാ തന്നെ എന്നെന്നേക്കുമായി തനിച്ചാക്കി യാത്ര പറഞ്ഞു പോകുന്നു, അച്ചായൻ ഒന്നുകൂടി അവനെ ചുംബിച്ചു അവിടെ നിന്നും മാറി നിന്നു. അശ്വിന്റെ ശരീരം കുഴിമാടത്തിൽ ഇറക്കി. കരഞ്ഞുകൊണ്ട് എല്ലാവരും അവനുമേൽ മണ്ണ് വാരിയിട്ടു. പൂജാരി പറഞ്ഞതുപോലെ ഒരു മൺകുടം ചുമലിലേറ്റി അച്ചായൻ ആ കുഴിമാടത്തിനു ചുറ്റും വലം വെച്ചു. ഓരോ വലം വെപ്പിലും അദ്ദേഹം ഓരോ ദ്വാരം വീതം ആ കുടത്തിലിട്ടു. വേദനയോടെയാണ് അച്ചായൻ തന്റെ പ്രിയപ്പെട്ടവന് വേണ്ടിയുള്ള കർമ്മങ്ങൾ പൂർത്തിയാക്കിയത്. ചടങ്ങുകൾ പൂർത്തിയാക്കി എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയി. അച്ചായനും കാർത്തിയും ശ്യാമും അവിടെ തന്നെ നിന്നു. തന്റെ പ്രിയപ്പെട്ടവനെ തനിച്ചാക്കി പോകാൻ അവരുടെ മനസ്സ് അനുവദിച്ചില്ല. മൂന്നാളും നിശബ്ദമായി തേങ്ങി. ഫോർ ഫൈറ്റേഴ്സ് ഇനിയില്ല., തങ്ങളുടെ ശക്തിയും ശൗര്യവും എല്ലാം ക്ഷയിച്ചുപോയി..

അശ്വിൻ രാഘവ്‌ എന്ന ധീരയോദ്ധാവ് ഇതാ സ്വപ്നങ്ങളെല്ലാം ബാക്കിവെച്ചു തന്റെ പ്രിയപ്പെട്ടവരെ എല്ലാം തനിച്ചാക്കി മൺമറഞ്ഞിരിക്കുന്നു. ഇനി അവൻ ഇല്ല അവൻ ബാക്കിവെച്ച ഒരുപാട് നല്ല ഓർമ്മകളിൽ അവരുടെ പ്രിയപ്പെട്ടവർ വെന്ത് നീറുകയാണ്.. , അകത്തെ ബഹളം കേട്ടാണ് മൂന്നാളും തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മയിൽനിന്നും മോചിതരായത്. അവർ മൂന്നാളും വേഗത്തിൽ അകത്തേക്കോടി. നിലത്ത് ആകെ ചില്ലുകൾ പൊട്ടിത്തെറിച്ചിട്ടുണ്ട്, കൃഷ്ണന്റെയും ശിവന്റെയും ഫ്രെയിം ചെയ്ത ഫോട്ടോകൾ പൊട്ടിച്ചിതറിയ നിലയിൽ തറയിൽ കിടക്കുന്നു. കൃഷ്ണ വിഗ്രഹവും ചിതറിക്കിടക്കുന്നുണ്ട്, നിർമ്മല കണ്ണീരോടെ അവയെല്ലാം വീണ്ടും ഉടച്ചു. എന്താ അമ്മേ ഈ കാണിക്കുന്നത്..? അച്ചായൻ അവളെ തന്നോടടക്കി പിടിച്ചു കൊണ്ട് ചോദിച്ചു. തോറ്റു പോയില്ലേ ടാ മോനേ ഞാൻ.. തോൽപ്പിച്ചില്ലേ എല്ലാവരും കൂടി എന്നെ, ജീവിതത്തിൽ ഒരു സന്തോഷവും ഞാൻ അനുഭവിച്ചിട്ടില്ല, എന്റെ കുഞ്ഞിന് ബുദ്ധി ഉറക്കുന്നത് വരെ ഭർത്താവിൽനിന്നും ക്രൂര പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്, അവൻ എനിക്ക് തണലായപ്പോൾ ദൈവങ്ങളോട് എല്ലാം ഒരുപാട് നന്ദി പറഞ്ഞിട്ടുണ്ട്, എന്നിട്ട് ഇപ്പോഴോ...?

കൊണ്ടുപോയില്ലേ എന്റെ മോനെ... തട്ടിയെടുത്തില്ലേ...? ഏറ്റവും ക്രൂരമായ ഒരു മരണം അവന് കൊടുത്തില്ലേ..? ഞാൻ കൈകൂപ്പി വിളി്ച്ച ഒരു ദൈവവും എന്റെ വിളി കേട്ടില്ലല്ലോ..? എനിക്കിനി ആരും വേണ്ട ഒരു ദൈവങ്ങളും ഞങ്ങളെ സംരക്ഷിക്കേണ്ട അവൾ നിയന്ത്രണം വിട്ടലറി... അമ്മേ.. അച്ചായൻ ദയനീയമായി നിർമ്മലയെ വിളിച്ചു. അവളെ തന്നിലേക്ക് ഒന്നൂടെ ചേർത്തപ്പോഴേക്കും അവൾ തളർന്നു വീണിരുന്നു.. " ശ്യാമേ... വണ്ടി എടുക്ക് അമ്മയുടെ ബോഡി വളരെ വീക്കാണ്, നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാം അച്ചായൻ നിർമ്മലയെ കോരിയെടുത്തു കൊണ്ട് പറഞ്ഞു. നീ ഇവിടെ നിന്നോ അച്ചായാ.. ഞാനും ശ്യാമും അമ്മയെ കൊണ്ടു പൊയ്ക്കോളാം.. അത് വേണ്ട കാർത്തി ഇനി ഈ നിമിഷം മുതൽ ഈ അമ്മയെ ഞാൻ തനിച്ചാക്കില്ല. ഇതെന്റെ അച്ചുവിന്റെ അമ്മയാണ് അവൻ ഇല്ലാത്ത കുറവ് അറിയിക്കാതെ ഈ അമ്മയെ ഇനി എനിക്ക് നോക്കണം, നീ ഇവിടെ വേണം ശിവയും പാത്തുവും നമ്മുടെ പെങ്ങമ്മാരും തളർന്നിരിക്കുകയാണ്, അവരെ ശ്രദ്ധിക്കണം, എന്ന് കാർത്തിയോടായി പറഞ്ഞു അമ്മച്ചിയോട് വണ്ടിയിൽ കയറാൻ തല കൊണ്ട് ആംഗ്യം കാണിച്ച് നിർമ്മലയേയും കൊണ്ട് അച്ചായൻ വണ്ടിക്കരികിലേക്ക് നീങ്ങി.

അച്ചായനും അമ്മച്ചിയും നിർമ്മലയുടെ ബന്ധത്തിലുള്ള ഒരു സ്ത്രീയും ശ്യാമുംകൂടിയാണ് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടത്. അവിടെ ചെന്ന് ഒരു ഡ്രിപ്പ് ഇട്ടതിനു ശേഷം തിരികെ കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞു. ഹോസ്പിറ്റലിൽ വെച്ച് അമ്മച്ചി നിർബന്ധിച്ച് നിർമല യെ കൊണ്ട് കുറച്ച് കഞ്ഞി വെള്ളം കുടിപ്പിച്ചു. അന്നേദിവസം ആരുംതന്നെ ഒരു തുള്ളി വെള്ളം പോലും ഇറക്കിയിട്ടില്ല. അവർ വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട് എല്ലാവർക്കും കഴിക്കാൻ ഉള്ളത് കൂടി വാങ്ങിച്ചിരുന്നു അച്ചായൻ. ഭക്ഷണം എല്ലാവർക്കും എടുത്തു കൊടുക്കുന്നതിനിടയിലാണ് ലക്ഷ്മി ശിവയെ ഓർത്തത്. അവൾ ശിവ കിടക്കുന്ന റൂമിലേക്ക് പോയി. അവിടെ കമിഴ്ന്നു കിടക്കുന്ന പാത്തു മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവളുടെ തേങ്ങൽ ഒരു നേർത്ത ശബ്ദം പോലെ കേൾക്കാം, ലക്ഷ്മി അവിടെ നിന്നും ഇറങ്ങി എല്ലായിടത്തും ശിവയെ അന്വേഷിച്ചു. അവളെ കാണാത്തത് ലക്ഷ്മിയിൽ തെല്ലു ഭയം ഉണ്ടാക്കി. അവൾ ശിവയെ അന്വേഷിച്ച് ആ വീടു മുഴുവൻ ഓടി നടന്നു.

നേരം ഇരുട്ട് വീണു തുടങ്ങിയിരുന്നു ശിവയെ കാണാതെ എല്ലാവരും പരിഭ്രമിച്ചു. അവളെ അന്വേഷിച്ചിറങ്ങിയ അച്ചായൻ അശ്വിനെ അടക്കം ചെയ്തിടത്ത് ഒരു നിഴലനക്കം കണ്ടു. അച്ചായൻ അവിടേക്ക് പോകുന്നത് കണ്ടു പുറകെ കാർത്തിയും ശ്യാമും ശിവനും ലക്ഷ്മിയും കൂടി. മുന്നിലുള്ള കാഴ്ച കണ്ട് എല്ലാവരും ഒരു നിമിഷം നിശ്ചലമായി. എല്ലാവരുടെയും ഹൃദയം പൊട്ടിപ്പോകുന്ന കാഴ്ചയായിരുന്നു കണ്മുൻപിൽ. ശിവ അശ്വിനെ അടക്കിയതിനു സമീപം ആ മണ്ണിൽ തലവച്ച് കിടക്കുന്നു. ഒരു കൈകൊണ്ട് അവന്റെ കുഴിമാടത്തിലെ മണ്ണിനെ അടക്കി പിടിച്ചിട്ടുണ്ട്,. മോളെ... ശിവൻ വേദനയോടെ വിളിച്ചു.. അപ്പോഴേക്കും ലക്ഷ്മി ഓടിച്ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്താ മോളെ ഈ കാണിക്കുന്നത്...? ലക്ഷ്മി അവളുടെ മുഖത്തെയും ശരീരത്തിലെയും മണ്ണൊക്കെ തട്ടി കൊടുത്തുകൊണ്ട് ചോദിച്ചു. ചേച്ചി എന്റെ അച്ചുവേട്ടൻ ഇരുട്ടറക്കുള്ളിൽ തനിച്ചാണ്.... ഏട്ടൻ ഇവിടെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ..... ശിവ വാക്കുകൾ മുഴുവനാക്കാതെ ലക്ഷ്മിയെ പിടിച്ചു പൊട്ടിക്കരഞ്ഞു.

അവളെയും ചേർത്തു പിടിച്ച് ലക്ഷ്മി അകത്തേക്ക് പോകുന്നത് എല്ലാവരും വേദനയോടെ നോക്കി നിന്നു. ************ അച്ഛനും കാർത്തിയും ശ്യാമും കൂടി മുറിയിലേക്ക് ചെല്ലുമ്പോൾ ലക്ഷ്മി പാത്തുവിനെ യും ശിവയും ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ രണ്ടു പേരും ഒന്നും കഴിക്കുന്നില്ല. ശിവൻ മകളുടെ തലയിൽ തലോടിക്കൊണ്ട് അടുത്തു തന്നെ ഇരിപ്പുണ്ട്. അച്ചായനെയും കൂട്ടരെയും കണ്ടപ്പോൾ ലക്ഷ്മി എഴുന്നേറ്റുനിന്നു. ഞങ്ങൾ കുറച്ചു നേരം ഒന്ന് ഒരുമിച്ചിരുന്നോട്ടെ ശിവനെ നോക്കി കാർത്തിയാണ് അത് പറഞ്ഞത്. അതു കേട്ടതും ശിവനും ലക്ഷ്മിയും അവിടെ നിന്നും പോയി. അവർ അഞ്ചുപേരും ഒരുമിച്ചായപ്പോഴാണ് കൂട്ടത്തിൽ ഒരുത്തന്റെ വിയോഗം അവരെ വല്ലാതെ വേദനിപ്പിച്ചത്.. തങ്ങൾക്കിടയിൽ അശ്വിൻ ഇപ്പോഴും ഉള്ളത് പോലെ ഒരു തോന്നൽ, കുറച്ചു സമയം അവർ മൗനമായി തന്നെ തുടർന്നു ശിവ ചുമര് ചാരി ഇരിക്കുകയാണ്, ഒരു പ്രത്യേക സ്ഥലത്തേക്ക് തന്നെ ദൃഷ്ടിയൂന്നി.. ഇടയ്ക്കിടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന മിഴിനീരാണ് അവൾ പ്രതിമയല്ലയെന്ന് തെളിയിക്കാനുള്ളത്.

പാത്തു കമിഴ്ന്നു കിടന്നു തേങ്ങുകയാണ്, അവളുടെ തേങ്ങൽ ഇടയ്ക്കിടെ ശക്തി കൂടി പുറത്തേക്ക് വരുന്നുണ്ട്.. അച്ചായൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.. അച്ചായനെ കണ്ടതും അവൾ വിതുമ്പിക്കൊണ്ട് അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.. ഇച്ചായാ.... എനിക്കിതോട്ടും സഹിക്കാൻ പറ്റുന്നില്ല... കണ്ണടച്ചാൽ കാണുന്നത് എന്റെ ഇക്കയുടെ പുഞ്ചിരിച്ചു നിൽക്കുന്ന മുഖമാണ് അവൾ കരച്ചിലിനിടയിൽ പറഞ്ഞു. സാരമില്ലെടോ ഇങ്ങനെ വിഷമിച്ചാൽ അവൻ തിരിച്ചു വരുമോ..? അവന്റെ പ്രിയപ്പെട്ടവർ ഇങ്ങനെ വിഷമിക്കുന്നത് അവനൊട്ടും സഹിക്കില്ല. അതുകൊണ്ട് എന്റെ പാത്തു കുട്ടി പോയി മുഖം തുടച്ച് വല്ലതും കഴിക്ക്, അവളുടെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അച്ചായൻ പറഞ്ഞു. ശിവാ... .. കാർത്തി അവളുടെ അരികിലിരുന്ന് മെല്ലെവിളിച്ചു.. അവൾ അവനെ ഒന്ന് നോക്കി വീണ്ടും അതേ ഇരിപ്പ് തുടർന്നു.. നിങ്ങളോട് എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്, ഒരിക്കലും ഈ അവസരത്തിൽ പറയാൻ പാടില്ല,

എന്നിട്ടും പറയുന്നുണ്ടെങ്കിൽ നിങ്ങൾ എന്റെ മാനസികാവസ്ഥ ഒന്നു മനസ്സിലാക്കണം.. കാർത്തി പറയുന്നത് കേട്ട് എല്ലാവരും അവനെ സംശയത്തോടെ നോക്കി. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ അച്ചു എന്റെ കൂടെയുണ്ട്, അവൻ ഇല്ലാത്ത ഒരു നിമിഷം പോലും സങ്കൽപ്പിക്കാൻ വയ്യാത്ത എനിക്ക് എങ്ങനെ കഴിയും ഇവിടെ ജീവിക്കാൻ, ഒരിക്കലും കഴിയില്ല കാർത്തി വിതുമ്പിക്കൊണ്ട് പറഞ്ഞു. അവൻ ഇല്ലാത്ത ഈ നശിച്ച നാട് എനിക്ക് വേണ്ട. ഒരു കണക്കിന് ഒളിച്ചോട്ടം എന്ന് വേണമെങ്കിൽ പറയാം, ജീവൻ ഉപേക്ഷിക്കാത്തത് എന്റെ അച്ചുവിനെ വെട്ടിനുറുക്കിയവരുടെ അന്ത്യം കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ്, ഞാൻ പോവുകയാണ് ഈ നാടും വീടുമെല്ലാം ഉപേക്ഷിച്ച്,, തിരിച്ചുവരും മനസ്സ് ശാന്തമാകുന്ന അന്ന് അതുവരെ ആരും എന്നെ പ്രതീക്ഷിക്കണ്ട... ഒരു പിൻവിളി കൊണ്ട് ആരും എന്നെ തടയുകയും വേണ്ട, തീരുമാനം ഉറച്ചതാണ് ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കൂ എന്ന് പറഞ്ഞ് കാർത്തി പൊട്ടിക്കരഞ്ഞു.. എടാ എന്തൊക്കെയാണീ... അച്ചായൻ വാക്കുകൾ മുഴുവനാകാതെ അവനെ നോക്കി... അച്ചായനെ നേരെ കാർത്തി തൊഴുകൈയോടെ നോക്കി, എന്നെ എന്റെ വഴിക്ക് വിട്ടേക്ക് എന്ന് പറയാതെ പറയുന്ന പോലെ.. അവനെ ഒന്നു നോക്കിയ ശേഷം അച്ചായൻ അവിടെ നിന്നും പോയി.. തനിക്ക് ചുറ്റുമുള്ളവരെ കാർത്തി വിഷമത്തോടെ നോക്കി...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story