💓സഖാവ് 💓: ഭാഗം 63

sagav rafeena

രചന: റഫീന മുജീബ്

കാറിൽ നിന്നും പുഞ്ചിരിയോടെ ഇറങ്ങിയ ശാഹുൽ സാറിനെ കണ്ട് പാത്തുവിന്റെ കയ്യിലിരുന്ന മോൻ അവളുടെ കൈയിൽനിന്നും ഊർന്നിറങ്ങി വാപ്പി എന്നും വിളിച്ചു സാറിന്റെ അരികിലേക്കോടി. ആഹാ എന്റെ കുറുമ്പൻ ഇവിടെ ഉണ്ടായിരുന്നോ...? സാർ ഒരു പഞ്ചുറിയോടെ അവനെ വാരിയെടുത്ത് കവിളിൽ തുരു തുരാ ഉമ്മ കൊടുത്തു. അപ്പോഴേക്കും പാത്തുവും സാറിനരികിലെത്തി. ഒരു കയ്യിൽ തന്റെ മകനെയും മറുകൈ കൊണ്ട് പാത്തുവിനെയും ചേർത്ത് പിടിച്ച് സാർ തനിക്ക് പരിചിതമായ മുഖങ്ങളെ ലക്ഷ്യമാക്കി നടന്നു. കാർത്തി സാറിനെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു, ശ്യാമും അവർക്കരികിലേക്കെത്തി. അരുൺ ഒരു പുഞ്ചിരിയോടെ നീട്ടിയ കൈ പിടിച്ചു അവനെ തന്നിലേക്കടുപ്പിച്ചു കെട്ടിപ്പിടിച്ചു. ആ കണ്ടുമുട്ടൽ എല്ലാവരുടെയും കണ്ണുകൾക്ക് കുളിര്മയേകുന്ന കാഴ്ച്ച തന്നെയായിരുന്നു. അച്ചായനെ അന്ന്വേഷിച്ചപ്പോൾ കാർത്തി ചൂണ്ടിക്കാണിച്ചിടത്തേക്ക് മോനെ പാത്തുവിനെ ഏൽപ്പിച്ചു സാർ നടന്നു.

അവിടെ താൻ വരുന്നതും നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ശിവയുടെ ഇടത് ഭാഗത്ത് അച്ചായനും വലത് ഭാഗത്തു അശ്വിനും നിൽക്കുന്നതായിട്ട് സാറിന് തോന്നി. രണ്ട് പേരും തന്നെ നോക്കി പുഞ്ചിരിക്കുന്നു. ഒരു നിമിഷം സാറിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. കണ്ണുകൾ ഒരിക്കൽ കൂടി ചിമ്മി നോക്കിയപ്പോൾ ശിവയുടെ വലതു ഭാഗം ശൂന്യമായിരുന്നു. അവൾ നിൽക്കുന്നതിന്റെ തൊട്ടപ്പുറത്തായി അശ്വിന്റെ അസ്ഥിത്തറ സാറിന്റെ ദൃഷ്ടിയിൽ പെട്ടു. അത് കണ്ടപ്പോൾ സാറിന്റെ മിഴികളിൽ നനവ് പടർന്നു. സാർ അരികിലെത്തിയതും അച്ചായൻ ചെന്ന് കെട്ടിപ്പിടിച്ചു. ശിവ പുഞ്ചിരിയോടെ തന്റെ കൈക് കൂപ്പി. സാർ ഇരുവരെയും സ്‌നേഹത്തോടെ ഒന്ന് നോക്കി. ഒരു അധ്യാപകന്റെ ഏറ്റവും വലിയ സന്തോഷമാണ് താൻ പഠിപ്പിച്ച തന്റെ കുട്ടികൾ നല്ല നിലയിലായി കാണുന്നത്. ഇവിടെ ഞാൻ പഠിപ്പിച്ച എന്റെ രണ്ട് വിദ്യാർത്ഥികളും ഇന്ന് കേരളത്തിലെ ഉയർന്ന പദവി കൈകാര്യം ചെയ്യുന്നവരാണ്.

ഒരാൾ ഐ പി എസ് കാരനും ഒരാൾ സബ് കളക്ടറും ഇതിൽപ്പരം സന്തോഷം ഒരു അധ്യാപകന് കിട്ടാനില്ല. എന്നിട്ടും എനിക്കിപ്പോ സന്തോഷത്തേക്കാളേറെ സങ്കടമാണ്. ഞാൻ ഏറെ സ്നേഹിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിയുടെ ഓർമ്മകളെന്നെ ചുട്ടു പൊള്ളിക്കുകയാണ്, അവന്റെ പുഞ്ചിരിക്കുന്ന മുഖം ഓർമകളിൽ കൂടുതൽ തെളിമയോടെ ഉദിച്ചു വരികയാണ് സാർ അവന്റെ അസ്ഥിത്തറയ്ക്കു സമീപം മുട്ടുകുത്തിയിരുന്നു. എനിക്കിവനെ കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു, അവസാനമായി ഒരു നോക്ക് കാണാൻ പോലും എനിക്ക് വിധിയുണ്ടായില്ല സാർ നിറഞ്ഞു വന്ന കണ്ണുനീരിനെ കൈ കൊണ്ട് തുടച്ചുമാറ്റി. കൊല്ലണം ഇത് ചെയ്തവരെ അരിഞ്ഞു വീഴ്ത്തണം, ഞാൻ നിന്നോട് പറഞ്ഞതാ അവരെ എനിക്ക് വിട്ടു താ എന്റെ കൈ വിറക്കില്ല ഞാൻ തീർക്കാം എന്റെ അച്ചുവിനെ കൊന്നവരെ ശാഹുൽ സാർ ദേഷ്യത്തോടെ അച്ചായനെ നോക്കി പറഞ്ഞു. എന്നിട്ട്..? എന്നിട്ട് സാർ ജയിലിൽ പോയി കിടക്കും അപ്പോൾ പാത്തുവും മോനുമോ...?

ഒരുപാട് സങ്കടം സഹിച്ചതാ ഞങ്ങളെ പാത്തു ഇന്നും അവൾക്ക് ആ പഴയ പാത്തു ആവാൻ കഴിയുന്നില്ല ഇനി ഇതൂടെ അവൾക്ക് താങ്ങുമോ..? അവളുടെ കണ്ണ് നിറയുന്നത് അച്ചുവിന് സഹിക്കുകയില്ല സാർ ഇത് ചെയ്താൽ അവന്റെ ആത്മാവ് സഹിക്കൂല. പിന്നെ മോൻ ഒരു കൊലപാതകിയുടെ മോനായി അവൻ വളരണോ...? സാർ തന്നെ പറ, അച്ചായന്റെ ചോദ്യത്തിന് മറുപടി പറയാനാവാതെ ശാഹുൽ സാർ നിന്നു. കാർത്തിയെ വിളിച്ച് എല്ലാവരോടും അവിടേക്ക് വരാൻ പറഞ്ഞു. അവരെല്ലാം എത്തിയതും അച്ചായൻ സംസാരിക്കാൻ തുടങ്ങി. നിങ്ങളെയെല്ലാം വിളിച്ചു കൂട്ടിയത് എന്തിനാണെന്ന് പലർക്കും മനസ്സിലായിക്കാണും. അശ്വിൻ രാഘവ് അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. പരിചയപ്പെട്ട ആരും അവനെ മറക്കില്ല. എന്റെ സ്കൂൾ പഠനം ഒരു സി ബി എസ് സി സ്കൂളിൽ ആയിരുന്നു.

പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാസായ ഞാൻ ഇവിടെ ഒരു സർക്കാർ സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്നു. ഒരു മാനേജ് മെന്റ് സ്കൂളിൽ പഠിച്ച എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളിൽ ഉള്ള എല്ലാ കാര്യവും പുതുമ തന്നെയാവും, എനിക്കവിടെ കിട്ടിയ ഏറ്റവും വലിയ പുതുമ എന്റെ അച്ചുവും കാർത്തിയുമായിരുന്നു. വളരെ പെട്ടന്ന് തന്നെ ഞങ്ങൾ അടുത്തു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിലേക്ക് ശ്യാമും കൂടി വന്നു. പിന്നീടങ്ങോട്ട് ഞങ്ങളുടെ സൗഹൃദം പലരെയും അത്ഭുതപ്പെടുത്തി. എന്റെ ജീവിതത്തിൽ അശ്വിൻ അറിയാത്ത ഒരു രഹസ്യവും ഉണ്ടായിട്ടില്ല, ഒന്നൊഴികെ എന്റെ പ്രണയം ശിവയോടാണെന്നുള്ളത്. അതാവിനോടുള്ള സ്‌നേഹം കൊണ്ട് തന്നെയാ മറച്ചു വെച്ചതും, അവനെത്ര പ്രിയപ്പെട്ടതാണെങ്കിലും എന്റെ ഇഷ്ടം അറിഞ്ഞാൽ അവൻ വഴി മാറി പോകും അതുറപ്പുള്ളതോണ്ടാ ഞാൻ അവനിൽ നിന്നും പലതും മറച്ചുവെച്ചത്.

കലാലയ ജീവിതത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഞങ്ങൾക്കാ പേര് വീണു "ഫോർ ഫൈറ്റേഴ്സ്".. അത് കേൾക്കുമ്പോൾ തന്നെ ഒരുകുളിരായിരുന്നു. ഒരു വിദ്യാർത്ഥികൾക്കും കിട്ടാത്ത മറ്റൊരു ഭാഗ്യം ആയിരുന്നു ഞങ്ങളുടെ ശാഹുൽ സാർ എന്തിനും ഏതിനും ഞങ്ങളുടെ കൂടെ കട്ടക്ക് സാറും ഉണ്ടായിരുന്നു. സാറിന്റെ വിവാഹം പോലും ഞങ്ങൾ മുൻകൈ എടുത്താണ് നടത്തിയത്. ഞങ്ങളെ പൊന്നു പെങ്ങളെ പൊക്കി കൊണ്ടു വന്നു സാറിനെ ഏൽപ്പിക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു. പാത്തുവും ശിവയും ഞങ്ങളുടെ സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു. ഈ സന്തോഷങ്ങളിലേക്കാണ് ചിലർ കരിനിഴൽ വീഴ്ത്തിയത്. ആ അമ്മയെ ഒന്ന് നോക്ക് എല്ലാരും എത്രയൊക്കെ ഞങ്ങൾ പൊന്നുപോലെ നോക്കിയാലും തന്റെ പൊന്നുമോന് പകരമാവില്ല ഒന്നും,

അതുകൊണ്ടാ ആ കണ്ണുനീർ ഇന്നും തോരാതെ നിൽക്കുന്നത്. അച്ചായൻ അമ്മയെ നോക്കി പറഞ്ഞു. പിന്നെ ഇവൾ ശിവ ഏതുപെണ്ണുണ്ടാവും ഇങ്ങനെ ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടിട്ട് കൺമുമ്പിൽ വെച്ച് തന്നെ അതെല്ലാം തകർക്കപ്പെട്ടവൾ, തന്റെ പ്രാണൻ മുന്നിൽ കിടന്നു പിടയുന്നത് കാണേണ്ടി വന്നവൾ.. ഇന്നും ആ ഓർമയിൽ തോരാത്ത കണ്ണീരുമായി ജീവിക്കുന്നവൾ. കാർത്തി ജീവിതമേ വേണ്ട പറഞ്ഞു ഓടിപ്പോയവനാ, ഇന്നും ഒരു ജീവിതമില്ല അവന്, ശ്യാം ജീവിക്കാൻ മറന്നുപോയി അവനും കൂട്ടുകാർക്ക് വേണ്ടി ജീവിച്ച്, ഒരാളുടെ നഷ്ടം ഞങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാ ഇതൊക്കെ. ഇതൊക്കെ ചെയ്തവർ ഇപ്പോഴും നിയമത്തിന്റെ കണ്ണും വെട്ടിച്ചു സുഖിച്ചു ജീവിക്കാ. അതനുവദിക്കണോ നിങ്ങൾ പറ, ഞങ്ങളുടെ പ്രിയപ്പെട്ടവനെ ഇല്ലാതാക്കിയവനെ ഞങ്ങൾ എന്തു ചെയ്യണം നിങ്ങൾ തന്നെ പറ.

അച്ചായൻ ആൾക്കൂട്ടത്തിലേക്ക് നോക്കി ചോദിച്ചു. അരിഞ്ഞു വീഴ്ത്തണം, കൂട്ടത്തിൽ ഒരാളുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി. വൈശാഖ് ദേഷ്യത്തോടെ മുന്പോട്ട് വന്നു. അവനെ സപ്പോർട്ട് ചെയ്ത് എല്ലാവരും സംസാരിച്ചു. നിങ്ങൾക്കിടയിൽ വെച്ച് തന്നെയാണ് വിചാരണ, ശിക്ഷയും ഇവിടെ തന്നെ ആവണം, ഇവന്റെ മുമ്പിൽ വെച്ച് തന്നെ അശ്വിന്റെ അസ്ഥിത്തറയിലേക്ക് ചൂണ്ടി അച്ചായൻ പറഞ്ഞു. കുറ്റവാളിയെ നിങ്ങൾക്കുമുമ്പിൽ എത്തിക്കുന്നതിന് മുൻപ് നമുക്കൊരാളെ പരിചയപ്പെടാം, ആളെ ഇങ്ങു കൊണ്ടുവാ കോൺസ്റ്റബിളിനെ നോക്കി അച്ചായൻ പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം അയാൾ തിരികെ വന്നു. അയാൾക്ക് പിറകിൽ വന്ന ആളെ കണ്ട് എല്ലാവരും അമ്പരന്നു..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story