💓സഖാവ് 💓: ഭാഗം 64

sagav rafeena

രചന: റഫീന മുജീബ്

" ആൻവി " ആളെ കണ്ടതും അവിടെയുള്ള പലരുടേയും ചുണ്ടുകൾ മന്ത്രിച്ചു. ആൻവി പാത്തുവിനെ കണ്ടതും തന്റെ കൈകൾ കവിളിൽ ഒന്ന് തൊട്ടു. പാത്തുവും അവളെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. അന്നാ സംഭവത്തിന് ശേഷം അവളെ ആരും പിന്നെ കണ്ടിട്ടില്ല. കാലം അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അന്നത്തെ ആ മോഡേൺ പെൺകുട്ടിയെ അല്ല ഇപ്പോൾ. ഒരു സാരിയാണ് വേഷം, യാതൊരു ആർഭാടവും അവളുടെ വേഷത്തിൽ ഇല്ല, എന്നും ചായം തേച്ചുമിനുക്കിയിരുന്ന അധരങ്ങൾക്കിന്നു ആ തിളക്കമില്ല, തുടുത്ത കവിളുകൾക്ക് പകരം ഒട്ടിയ കവിൾ തടങ്ങൾ, എല്ലാവരും അവളെതന്നെ നോക്കി നിന്നു. ഇവളെ ഇവിടെ കൂടിയ പലർക്കും സുപരിചിതം ആയിരിക്കും. അറിയാത്തവർക്ക് വേണ്ടി ഞാൻ ഇവളെ ഒന്ന് പരിചയപ്പെടുത്താം. ഇത് ആൻവി, ആറു വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ കോളേജിൽ പഠിച്ചിരുന്നു. ഒരു വിദ്യാർത്ഥിയും ഒരിക്കലും ഒരു അദ്ധ്യാപകനോടും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ഇവൾ ചെയ്തു.

തന്റെ അധ്യാപകനെ ചതിയിൽ പെടുത്തി തന്റെ മാനത്തിന് വിലയിട്ടു. ഞങ്ങളുടെ ഷാഹുൽ സാറിന്റെ അധ്യാപക ജീവിതം അവസാനിപ്പിച്ചു. ഞങ്ങളുടെ പാത്തുവിനെ അവസരോചിതമായ ഇടപെടൽ കാരണം സാറിന്റെ നിരപരാധിത്വം ആ നിമിഷം തന്നെ തെളിയിക്കപ്പെട്ടു എങ്കിലും പിന്നീട് അപമാനിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻപിൽ തന്റെ അധ്യാപക ജീവിതം അവസാനിപ്പിച്ച് ഒരു പ്രവാസിയുടെ കുപ്പായം എടുത്ത് അണിയേണ്ടിവന്നത് ഇവൾ കാരണമാണ്. ഒരു നിമിഷത്തേക്കെങ്കിലും ഞങ്ങളുടെ സാർ തലകുമ്പിട്ടു നിൽക്കേണ്ടി വന്നത് ഇവൾ കാരണമാണ്. കർത്താവ് അതിനുള്ള ശിക്ഷ ഇവൾക്ക് കൊടുത്തു. മരണത്തെ മുൻപിൽ കാണുന്ന ഒരു ക്യാൻസർ പേഷ്യൻന്റ് ആണ് ഇവൾ ഇന്ന്. അച്ചായന്റെ ആ വാക്കുകൾ കേട്ടത് എല്ലാവരും അവളെ ദയനീയമായി ഒന്ന് നോക്കി. ആരുടെയും മുഖത്ത് നോക്കാനാവാതെ അവൾ തല കുമ്പിട്ടു നിന്നു. ഈ കേസിൽ ഇവൾക്കെന്താ പ്രാധാന്യം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്.

ഇതുവരെ തുമ്പില്ലാതെ കിടന്നിരുന്ന ഈ കേസിലേക്ക് വഴിത്തിരിവായത് രണ്ടുദിവസം മുൻപ് എന്നെ തേടി വന്ന ഇവളുടെ കോൾ ആണ്. അപമാനഭാരത്താൽ തന്റെ പഠനമുപേക്ഷിച്ച് തന്റെ മാതാപിതാക്കൾക്കൊപ്പം വിദേശത്തേക്ക് ചേക്കേറി എന്നാണ് ആനവിയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരുന്നത്. ഞാനും അങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല തന്റെ ജീവൻ അപകടത്തിലാവും എന്ന് പേടിച്ച് ഇവിടെനിന്നും പോയതാണെന്ന് ആൻവിയുടെ കോൾ വരുന്നത് വരെ താനും അറിഞ്ഞിരുന്നില്ല. അച്ചായന്റെ വാക്കുകൾ കേട്ടതും എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി. അന്ന് നടന്ന സംഭവം ആരും മറന്നിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വൈശാഖ് പറഞ്ഞതനുസരിച്ച് അന്നത്തെ സംഭവത്തിന് പിന്നിൽ ആൻവിയുടെ മാത്രം ബുദ്ധിയായിരുന്നു. അവരെല്ലാം അതിന് സപ്പോർട്ട് ചെയ്ത് നിന്നു കൊടുത്തു എന്ന് മാത്രം. പക്ഷേ അവർക്ക് പോലും അറിയാത്ത ഒരു എതിരാളി അതിനു പിന്നിലുണ്ടായിരുന്നു. അത് പാണ്ഡവാസും അറിഞ്ഞില്ല,

മുൻകൂട്ടി തയ്യാറാക്കിയ തന്റെ പദ്ധതികൾക്ക് ആൻവിയെ കരുവാക്കുകയായിരുന്നു അയാൾ. അത് മനസ്സിലാകാതെ അവൾക്കൊപ്പം പാണ്ഡവാസും ചേർന്നു. പക്ഷേ സംഗതി അയാൾ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നുമാത്രമല്ല എട്ടുനിലയിൽ പൊട്ടുകയും ചെയ്തു. അച്ചായന്റെ വാക്കുകൾ എല്ലാവർക്കും പുതിയ അറിവുകൾ ആയിരുന്നു. ആരാണയാൾ, എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. താനാണ് ഇതിന്റെ പിന്നിൽ എന്ന് അറിയാവുന്ന ആൻവിയെ അയാൾ ഭീഷണിപ്പെടുത്തി.അവളുടെ ജീവനു തന്നെ അയാൾ ഭീഷണിയാവും എന്ന് തോന്നിയപ്പോൾ അവൾ ഇവിടം ഉപേക്ഷിച്ചു പോയി. അതോടുകൂടി കൂടെ നിന്ന് ചതിക്കുന്ന ആ ചെന്നായയെ ആരും അറിഞ്ഞില്ല. അച്ചായൻ തന്റെ മുൻപിൽ നിൽക്കുന്ന ആളെ സൂക്ഷിച്ച് നോക്കിക്കൊണ്ട് പറഞ്ഞു. അച്ചായന്റെ നോട്ടം നേരിടാനാവാതെ അയാൾ വെട്ടി വിയർക്കുന്നുണ്ട്. എന്താ അരുൺ നീ വല്ലാതെ വിയർക്കുന്നുണ്ടല്ലോ...? അരുണിന്റെ തോളിലൂടെ തന്റെ കൈയിട്ട് അവനെ എല്ലാവർക്കും മുൻപിലായി അച്ചായൻ കൊണ്ടുവന്നു നിർത്തി.

ഞാൻ ഈ പറഞ്ഞതിൽ വല്ലതും നീ നിഷേധിക്കുന്നുണ്ടോ അരുൺ...? അച്ചായന്റെ ചോദ്യം കേട്ടതും എല്ലാവർക്കും ഇടയിലും മുറു മുറുപ്പുണ്ടാവാൻ തുടങ്ങി. കേട്ടത് വിശ്വസിക്കാനാവാതെ എല്ലാരും പരസ്പരം നോക്കി. ഞാ... ഞാനോ.. ഞാൻ എന്ത് ചെയ്തു, ഇവള് പിടിച്ചുനിൽക്കാൻ വേണ്ടി എന്തെങ്കിലും പറയുന്നത് കേട്ട് എന്നെ സംശയിക്കരുത്, അശ്വിൻ അവനെ കൊല്ലാൻ എനിക്ക് എങ്ങനെ കഴിയും. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല അരുൺ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു. അത് കേട്ടതും അച്ചായന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അതിനു ഞാൻ പറഞ്ഞില്ലല്ലോ അരുണേ നീ അശ്വിനെ കൊന്നു എന്ന് വിചാരണ കൂടാതെ നീ അതും സ്വയം ഏറ്റെടുത്തോ...? അച്ചായൻ ഒരു പരിഹാസത്തോടെ ചോദിച്ചു. അവൻ മറുപടി പറയാനാവാതെ നിന്നു വിറച്ചു. നീ എന്തു വിചാരിച്ചു അങ്ങനെ വല്ലവരും വിളിച്ചു പറയുന്ന വാക്ക് വിശ്വസിക്കുന്ന ആളാണ് ഈ ആന്റ്റോ ആന്റണി എന്നോ...? ഞാൻ നിന്റെ പുറകിൽ കൂടിയിട്ട് ദിവസങ്ങളായി അരുണേ..,

എന്റെ കയ്യിൽ വ്യക്തമായ തെളിവോടുകൂടി തന്നെയാണ് ഞാൻ നിന്നെ ചൂണ്ടിക്കാണിക്കുന്നത്. ഞാനല്ല ഞാൻ ഒന്നും ചെയ്തിട്ടില്ല, അരുൺ വീണ്ടും ആവർത്തിച്ചു പറഞ്ഞു. ചീ... നിർത്തെടാ.,, നീ ഒന്നും ചെയ്തിട്ടില്ല അല്ലേ..? എങ്കിൽ എന്തുകൊണ്ടാണ് നീ ഞങ്ങളുടെ കൂടെ നടന്നിട്ടും നിന്റെ ഉള്ളിൽ ഫാത്തിമ നിദ ഉള്ളകാര്യം നീ ഞങ്ങളോട് പറയാതിരുന്നത്..? സ്വന്തം പെങ്ങളെ പോലെ ഞങ്ങൾ അവളെ സ്നേഹിക്കുന്നത് കണ്ടിട്ടും നീ എന്തുകൊണ്ടാണ് ഞങ്ങളോട് ഒരു സൂചനപോലും തരാതിരുന്നത്..? അച്ചായന്റെ ചോദ്യം കേട്ടു എല്ലാവരും ഒന്നു ഞെട്ടി. പാത്തു അത്ഭുതത്തോടെ അരുണിനെ ഒന്നു നോക്കി. കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. അവൾക്ക് എന്നല്ല പലർക്കും ഇത് പുതിയ ഒരു അറിവായിരുന്നു. രണ്ടാൾക്ക് ഒഴികെ ശിവയ്ക്കും രാജീവിനും. അരുൺ ഒന്നും പറയാനാവാതെ മൗനം പൂണ്ടു നിന്നു. എന്താ നിന്റെ നാവിറങ്ങിപ്പോയോ..? നിനക്ക് ഉത്തരമുണ്ടാവില്ല അരുണേ... നിന്റെ ഉള്ളിൽ പാത്തു കത്തിജ്വലിച്ചു നിന്നത് ഈ രാജീവ് അല്ലാതെ മറ്റാരും അറിഞ്ഞില്ല.

അന്ന് ലൈബ്രറിയിൽനിന്ന് നീ ഷാഹുൽ സാറും പാത്തുവും തമ്മിലുള്ള അടുപ്പം മനസ്സിലാക്കിയത് മുതൽ നിന്റെ യുള്ളിൽ അടങ്ങാത്ത പകയായിരുന്നു സാറിനോട്. അവരെ തമ്മിൽ പിരിക്കാൻ നീ അവസരം നോക്കി കാത്തിരുന്നു. അപ്പോഴാണ് ആൻവി നിന്റെ കയ്യിൽ വന്നു പെടുന്നത്. അവളെ പറഞ്ഞു പിരി കേറ്റിയതും ഇങ്ങനെ ഒരു കാര്യം ഉപദേശിച്ചു കൊടുത്തതും നീയാണ്. പക്ഷേ കാര്യങ്ങൾ നീ ഉദ്ദേശിച്ചത് പോലെ ആയില്ല. മാത്രവുമല്ല അതോടുകൂടി സാർ എല്ലാവർക്കും ഇടയിലും സ്റ്റാറായി. പാത്തുവിനു സാറിനോടുള്ള സ്നേഹം കണ്ടു നിന്റെ ഉള്ളിലെ കനൽ ആളിക്കത്തി. അവരെ പിരിക്കാനായി നീ ഫോട്ടോ സഹിതം അവളുടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആ സംഭവത്തോടെ പാത്തുവും സാറും ഒന്നായി. അവരെ ഒരുമിപ്പിച്ചതാകട്ടെ അശ്വിനും. അതോടെ അശ്വിനോടുള്ള നിന്റെ പക അവന്റെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് നീ തീർത്തു. നോ... ഞാൻ അച്ചുവിനെ ഒന്നും ചെയ്തിട്ടില്ല അവനെ ഒന്നും ചെയ്യാൻ എനിക്കാവില്ല, പാത്തുവിനോട്‌ എനിക്കൊരിക്കലും പ്രണയം ഉണ്ടായിട്ടില്ല,

ഇവൾ പറയുന്നതൊന്നും വിശ്വസിക്കരുത് അരുൺ വീണ്ടും അപേക്ഷയോടെ പറഞ്ഞു. ഞാൻ പറഞ്ഞു അരുണെ അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു വിശ്വസിക്കുന്ന ആളല്ല ഞാൻ എന്ന്. ഇന്നലെ നിന്റെ ഹോട്ടലിൽ നമ്മൾ എല്ലാം ഒരുമിച്ച് കൂടിയത് നീ മറന്നോ..? അത് വെറും സൗഹൃദം പുതുക്കാൻ ആണെന്ന് കരുതിയോ നീ...? എന്നാൽ അങ്ങനെയല്ല.. നിന്റെ ഓരോ ചലനങ്ങളും വീക്ഷിക്കാൻ കൂടിയായിരുന്നു അത്. ഇന്നലെ ഞാൻ കണ്ടതാണ് അരുണേ നിന്റെ കണ്ണുകളിൽ പാത്തുവിനോടുള്ള പ്രണയം. വർഷം ഇത്ര കഴിഞ്ഞിട്ടും നിന്നിലെ കാമുകൻ അവളെ കണ്ടപ്പോൾ വീണ്ടും ഉയർത്തെണീറ്റു. പാത്തുവിനു ഒരു ഭർത്താവുണ്ട് മോൻ ഉണ്ട് എന്ന് പോലും ഓർക്കാതെ നിന്റെ ഭാര്യയെയും കുഞ്ഞിനെയും മറന്നു നീ അവളെ ഒരു കാമുകന്റെ കണ്ണുകളോടെ അടിമുടി ഉഴിയുന്നത് നീ പോലുമറിയാതെ ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു. അശ്വിൻ മരിച്ചശേഷം പഠനമുപേക്ഷിച്ച് പോയെന്ന് നീ ഞങ്ങളെ വിശ്വസിപ്പിച്ചു. പക്ഷേ നീ വിദേശത്തേക്ക് പോയത് പാത്തുവിനെ അന്വേഷിച്ചായിരുന്നു.

അവിടെ അവർ താമസിച്ച തൊട്ടടുത്ത ഫ്ലാറ്റിൽ നീ അഞ്ച് ദിവസം താമസിച്ചു. ഷാഹുൽ സാറും പാത്തുവും ഒരിക്കൽ പോലും നിന്നെ കണ്ടില്ല. ഇങ്ങനെപോയാൽ തന്റെ മകൻ കൈവിട്ടു പോകും എന്ന് മനസ്സിലാക്കിയ നിന്റെ അച്ഛൻ നിന്നെ പിടിച്ച പിടിയാലേ കൊണ്ടുവന്നു കുടുംബ ബിസിനസ് നിന്നെ ഏൽപ്പിച്ചു. തന്റെ മകൻ ചെയ്ത പാതകം പുറംലോകം അറിയാതിരിക്കാൻ വേണ്ടി അന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം പണം വാരിയെറിഞ്ഞപ്പോൾ ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടത് ഞങ്ങളുടെ കൂടപ്പിറപ്പിന് ലഭിക്കേണ്ട നീതി യായിരുന്നു. അച്ചായൻ ദേഷ്യത്തോടെ അവനെ നോക്കി. എടാ നീ ഞങ്ങളുടെ അച്ചുവിനെ, കൂടപ്പിറപ്പായി തന്നെയല്ലേ അവൻ നിന്നെ കണ്ടത് എന്നിട്ടും നീ ഇത് ചെയ്തല്ലോ...? ശ്യാം അതും പറഞ്ഞ് അവന്റെ കോളറിന് കുത്തിപിടിച്ച് ദേഷ്യത്തോടെ അവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു. അച്ചായൻ അവനെ പെട്ടെന്ന് പിടിച്ചുമാറ്റി. ആവേശം വേണ്ട ശ്യാമേ, കഥകൾ ഇനിയും മാറിമറിയാൻ ഉണ്ട്, പലരും ഇനിയും രംഗത്ത് വരാനുണ്ട്.

എല്ലാം കഴിയട്ടെ എന്നിട്ടാകാം വിചാരണയും ശിക്ഷയും എല്ലാം. അച്ചായൻ തന്റെ വാക്കുകൾ കടുപ്പിച്ചു പറഞ്ഞു. എല്ലാവരും കേട്ടതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു. ജീവച്ഛവം പോലെയാണ് പലരും അവിടെയുള്ള രംഗങ്ങൾ വീക്ഷിക്കുന്നത്. സംഭവത്തിന് ഏക ദൃക്സാക്ഷി ശിവയാണ്, അവളുടെ മൊഴിയിൽ വ്യക്തമായി പറയുന്നുണ്ട് രണ്ടുപേർ ചേർന്നാണ് അശ്വിനെ ആക്രമിച്ചതെന്ന്. അപ്പോൾ ഒരാൾ കൂടിയുണ്ട്. അതാരാണ്..? അച്ചായൻ സംശയത്തോടെ അരുണിനെ നോക്കി ചോദിച്ചു. ആരുമില്ല ഞാൻ തന്നെയാണ് എല്ലാം ചെയ്തത് ഞാനാണ് അവനെ വെട്ടി വീഴ്ത്തിയത്, എന്റെ സ്വപ്നങ്ങൾ ഇല്ലാതാക്കിയ അവനെ ഞാനാണ് കൊത്തി നുറുക്കിയത് അരുണിന്റെവാക്കുകളിൽ ആവേശം കൂടി വന്നു. പ്ഫാ %&&%-= ഞാൻ ഒന്നും ചെയ്യുന്നില്ല എന്നു വിചാരിച്ചപ്പോൾ നീ വല്ലാതെയങ്ങ് പൊങ്ങി നിൽക്കേണ്ട. നിന്റെ ആ കൂട്ട് പ്രതിയെ നീ സംരക്ഷിചിട്ട് കാര്യമില്ല. എല്ലാ തെളിവുകളോടുകൂടി ഞാനും അയാൾക്ക് പുറകിൽ സഞ്ചരിച്ചിരുന്നു.

അന്ന് കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥനു എന്റെ പേരിൽ കുറ്റം ചാർത്താൻ ഒരുപാട് ആവേശമായിരുന്നു. അതിന് അയാൾ നൽകിയ കാരണം ഞാൻ ശിവയെ പ്രണയിച്ചു എന്നതാണ്. അത് അവർക്ക് മനസ്സിലായത് ഒരു ഊമ കത്തിലൂടെയാണ്. അത് കണ്ട് എന്റെ അങ്കിൾ അന്ന് എന്നോട് പറഞ്ഞതാണ്, ചതിക്കുന്നയാൾ കൂട്ടത്തിൽ തന്നെയുണ്ടെന്ന്. നിന്റെ കൂടെ നിന്നാണ് നിനക്കുള്ള ചതി വരുന്നത് സൂക്ഷിച്ചോ എന്ന്.. അന്ന് ആ കത്ത് കണ്ടത് അങ്കിൾ മാത്രമാണ്. ഞാൻ അങ്കിൾ പറഞ്ഞ കാര്യം ഗൗരവമായി തന്നെ ചിന്തിച്ചു. ശിവയെ ഞാൻ പ്രണയിക്കുന്നത് അറിയുന്നത് ഈ ലോകത്ത് മൂന്നുപേർക്കെ അന്ന് അറിവ് ഉണ്ടായിരുന്നുള്ളൂ. ഒന്ന് എന്റെ അമ്മച്ചി, എനിക്ക് തന്ന വാക്ക് ഒരിക്കലും എന്റെ അമ്മച്ചി തെറ്റിക്കില്ല, ഞാനും അമ്മച്ചിയും കൂടാതെ പിന്നെ ഒരേ ഒരാൾക്കേ അത് അറിവുള്ളൂ.. അച്ചായൻ ഒന്നും നിർത്തി. ചുറ്റും ഒന്ന് നോക്കി. എല്ലാവരും ആകാംക്ഷയോടെ അച്ചായനെ തന്നെ നോക്കി നിൽക്കുകയാണ്. ആ ആൾ ആരാണെന്ന് അറിയാൻ എല്ലാവരും ആകാംക്ഷയോടെ നോക്കി. " കാർത്തി" അച്ചായൻ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story