💓സഖാവ് 💓: ഭാഗം 8

sagav rafeena

രചന: റഫീന മുജീബ്

രാവിലെ തന്റെ പതിവ് കാര്യങ്ങൾക്കൊന്നും യാതൊരു മുടക്കവും അവൾ വരുത്തിയില്ല. തന്നെ കാണാൻ വന്നവരുടെ പരാതി കേൾക്കാനും പരിഹാരം കണ്ടെത്താനും അവൾ സമയം കണ്ടെത്തി. പത്തുമണിക്കാണ് ഉദ്ഘാടനം പറഞ്ഞിരിക്കുന്നത്. സമയം അടുക്കുന്തോറും അവൾക്ക് എന്തെന്നില്ലാത്ത ഒരു വിഷമമുള്ളിൽ കുമിഞ്ഞുകൂടി. പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും തീൻമേശയിൽ മൗനം തളം കെട്ടി നിന്നു. മകളുടെ വിഷമം അറിയാവുന്നത് കൊണ്ടാവാം ശിവനും ഒന്നും പറയാൻ പോയില്ല. ഇറങ്ങാൻ നേരം അവൾ ഭഗവാന്റെ ഫോട്ടോയ്ക്ക് മുമ്പിൽ കുറച്ചു നേരം നോക്കി നിന്നു. ഇതു പതിവില്ലാത്തതാണ് തന്റെ ജീവിതം താളം തെറ്റിയത് മുതൽ അവൾ ഏത് ദൈവങ്ങളുടെ മുമ്പിലും അപേക്ഷയുമായി ചെന്നിട്ടില്ല. ഏതൊരു കാര്യത്തിനും ദൈവത്തിന്റെ മുമ്പിൽ കൈകൂപ്പി നിന്നിരുന്ന ശിവ എന്നേ മരിച്ചു പോയി. അവളുടെ നിൽപ്പ് കണ്ട് അച്ഛൻ അവളെ തന്നെ കുറച്ച് സമയം നോക്കി നിന്നു. തന്റെ മകൾ ആകെ മാറിപ്പോയിരിക്കുന്നു, ഇത്രമാത്രം വേദന അവൾക്ക് നൽകാൻ എന്ത് തെറ്റാണ് അവൾ ചെയ്തത്. ഒരുറുമ്പിനെ പോലും നോവിച്ചിട്ടില്ലല്ലോ ഈശ്വരാ അവൾ... എന്നിട്ടും എന്തിന് നീ അവളോട് ഈ ക്രൂരത ചെയ്തു

നിറഞ്ഞു വന്ന കണ്ണുനീർ അയാൾ അവൾ കാണാതെ തുടച്ചു. അച്ഛനോട് യാത്ര പറഞ്ഞു അവൾ നേരെ കോളേജിലേക്ക് വിട്ടു. അവിടേക്ക് അടുക്കുംതോറും മനസ്സിലേക്ക് പഴയ ഓർമ്മകൾ ഓടി വരികയാണ്. മനസ്സ് പതറി പോകരുതെന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. കോളേജിലേക്കടുത്തപ്പോൾ തന്നെ കണ്ടു ആ വലിയ വാദായാനത്തിൽ തന്റെ സഖാവിന്റെ പുഞ്ചിരിതൂകുന്ന ഫ്ലക്സ്. അതിലേക്ക് തന്നെ നോക്കുന്നതിനനുസരിച്ച് മിഴികൾ നിറഞ്ഞു വരാൻ തുടങ്ങിയപ്പോൾ അവൾ പെട്ടെന്ന് ശ്രദ്ധ മാറ്റി. തന്നെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന കോളേജ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും മുൻപിലേക്ക് അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി. ബൊക്കെയും മാലയുമായി വളരെ ആഘോഷപൂർവ്വം തന്നെ അവർ അവളെ സ്വീകരിച്ചു. തന്റെ ഇടവും വലവും അച്ചായനും ശ്യാമും നിന്നു. അവരെ അവർ വേദിയിലേക്ക് വളരെ സ്നേഹത്തോടെ തന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയത് മുതൽ പഴയ ഓർമ്മകൾ ശിവയെ അലട്ടുന്നുണ്ട് എങ്കിലും അതൊന്നും പുറത്തറിയിക്കാതെ അവൾ ധൈര്യസമേതം തന്നെ വേദിയിൽ ഇരുന്നു.

ഏറെ നീണ്ട നേരത്തെ സ്വാഗത പ്രസംഗത്തിന് ശേഷം ഉദ്ഘാടന കർമ്മത്തിനായി ശിവയെ അവർ വിനയത്തോടെ സ്വാഗതം ചെയ്തു. തന്റെ സഖാവിന്റെ പേര് സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട ആ ശിലാ സ്ഥാപനത്തിന്റെ തിരശീല അവൾ തന്റെ കരങ്ങളാൽ മെല്ലെ മാറ്റി. തന്റെ സഖാവിന്റെ ഓർമ്മക്ക് വേണ്ടി നിർമ്മിച്ച ലൈബ്രറി അവൾ വിദ്യാർത്ഥികൾക്ക് വേണ്ടി സമർപ്പിച്ചു. സഖാവിന്റെ പേരിലേക്ക് നോക്കും തോറും അവളിൽ വല്ലാത്ത ഒരു തളർച്ച അനുഭവപ്പെട്ടു. മിഴികളിൽ മിഴിനീർകണങ്ങൾ ഉരുണ്ടുകൂടി. വീണു പോകുമോ എന്ന് അവൾ ഒരു നിമിഷം ഭയപ്പെട്ടു. അവളുടെ മാറ്റം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അച്ചായൻ. അയാൾ അവളുടെ അടുത്തേക്ക് ചെന്നു. അവൾക്കൊരു ബലമായി തന്നെ കൂടെ നിന്നു. അവൾ അച്ചായനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അച്ചായൻ എന്നും ഇങ്ങനെയാണ് തന്റെ ഏത് അവസ്ഥയും പെട്ടെന്ന് മനസ്സിലാകും. തളർന്നു പോകുന്ന നിമിഷത്തിലെല്ലാം കൂടെ നിന്ന് ഒരു കരുത്തേകും... ഒരു ആമുഖ പ്രസംഗത്തിന് വേണ്ടി അവളെ ക്ഷണിച്ചപ്പോൾ എന്തുപറയണമെന്നറിയാതെ അവൾ വാക്കുകൾക്ക് വേണ്ടി പരതി.

ഇവിടെ എന്ത് പറഞ്ഞാലും താൻ തോറ്റുപോകും, ഒരിക്കലും കരയില്ല എന്ന് എന്റെ അച്ചുവേട്ടനു ഞാൻ വാക്കുകൊടുത്തത് ഇവിടെവെച്ചാണ്. അവൾ വിദ്യാർത്ഥികൾക്ക് അഭിസംബോധന ആയി രണ്ടുവാക്ക് സംസാരിച്ചു. വാക്കുകളിലെ പതർച്ച ആരെയും അറിയിക്കാതിരിക്കാൻ അവൾ നന്നേ പണിപ്പെട്ടു. പഠിച്ചിരുന്ന കാലത്ത് ഈ കോളേജിലെ വാനമ്പാടി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ഞങ്ങൾക്ക് വേണ്ടി രണ്ടുവരി ഒന്നു മൂളാമോ......? കൂട്ടത്തിൽ ഒരു വിദ്യാർത്ഥി എഴുന്നേറ്റ് നിന്ന് പറഞ്ഞതും എല്ലാവരും അവനെ സപ്പോർട്ട് ചെയ്തു. പാടാൻ വേണ്ടി അവളെ എല്ലാവരും നിർബന്ധിച്ചുകൊണ്ടിരുന്നു. അവൾ ദയനീയതയോടെ അച്ചായനെ ഒന്ന് നോക്കി. അച്ചായൻ കണ്ണുകളടച്ച് ഒന്നുമില്ല ധൈര്യമായി പാടിക്കോ എന്ന രീതിയിൽ തലയനക്കി. പാടാതെ വേറെ നിവൃത്തിയില്ല എന്നവൾക്ക് ബോധ്യമായി. അവളുടെ ശബ്ദം കേൾക്കാനായി ആ കോളേജ് മൊത്തം നിശബ്ദരായി. നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പാതയിൽ നിന്നെ തിരഞ്ഞുറങ്ങും...... കൊല്ലപ്പരീക്ഷയെത്താറായ് സഖാവേ....

കൊല്ലം മുഴുക്കെ ജയിലിലാണോ... എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ.. എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ.... താഴെ നീയുണ്ടായിരുന്നപ്പോൾ.. ഞാനറിഞ്ഞില്ല വേനലും വേലും... ................................................... തോരണങ്ങളിൽ സന്ധ്യ ചേക്കേറുമ്പോൾ.. പൂ മരങ്ങൾ പെയ്തു തോരുന്നു.. പ്രേമമായിരുന്നെന്നിൽ സഖാവേ.... പേടിയായിരുന്നെന്നും പറഞ്ഞിടാൻ.... വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായി പിറക്കണം... പാടിയവസാനിപ്പിച്ചപ്പോൾ കൈയ്യടി കൊണ്ടും ആർപ്പുവിളികൾ കൊണ്ടുമാണ് ആ കോളേജ് അങ്കണം അവളെ വരവേറ്റത്. ദൂരെ നിന്ന് സഖാവ് തന്നെ നോക്കുന്നതുപോലെ അവൾക്ക് തോന്നി. അണ പൊട്ടി ഒഴുകാൻ വെമ്പിനിൽക്കുന്ന മിഴിനീർ കണങ്ങളെ പിടിച്ചുനിർത്താൻ അവൾ പാടുപെട്ടു. അവിടെ നിന്ന് പുറത്തിറങ്ങാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് എന്നറിഞ്ഞത് കൊണ്ടാവാം അച്ചായൻ അവരോടെല്ലാം യാത്രപറഞ്ഞു അവളെയും വിളിച്ചു പുറത്തേക്കിറങ്ങി. ചുറ്റുമുള്ള ബഹളത്തിൽ നിന്നൊന്നു മോചിതയാകാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ടാവാം അച്ചായൻ അവളെ തനിയെ വിട്ടു.

അവൾ തന്നിൽ നിന്നും അകലുന്നതും നോക്കി അയാൾ അവിടെത്തന്നെ നിന്നു. അവൾ നേരെ പോയത് തന്റെയും അച്ചുവേട്ടന്റെയും പ്രണയത്തിനു സാക്ഷ്യം വഹിച്ച ആ വാക മരച്ചുവട്ടിലേക്കായിരുന്നു. ഓർമ്മകൾ കുത്തിനോവിച്ചതുകൊണ്ടാവും അവൾ ആർത്തു കരഞ്ഞു. ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരഞ്ഞു. ദൂരെ നിന്നും അവളുടെ പ്രവർത്തികൾ നോക്കി കാണുകയായിരുന്നു അച്ചായനും. സങ്കടങ്ങൾ ഒന്ന് പെയ്തൊഴിഞ്ഞോട്ടെ എന്നുകരുതിയതിനാലാവാം അയാൾ ദൂരെനിന്നു നോക്കിക്കണ്ടതല്ലാതെ അവളുടെ അടുത്തേക്ക് പോയില്ല. നിന്റെ ഓർമ്മകൾ എന്നെ പൊള്ളിക്കുയാണല്ലോ....? ഒരിക്കലും സഫലമാകാത്ത ഓർമ്മകൾ മാത്രം ബാക്കി വെച്ച് നീ എന്നിൽ നിന്നും ഓടിയൊളിച്ചു. ഇന്നെന്റെ നോവിനെ കൂട്ടുപിടിക്കാൻ ആരും ഇല്ലാതായിപ്പോയി. നീ ബാക്കി വെച്ച് പോയ ചില സ്വപ്നങ്ങൾ ആണ് ഇന്നെന്റെ ജീവിതത്തിന്റെ അർത്ഥം. ഇല്ല സഖാവേ എനിക്ക് കഴിയില്ല നിന്നെക്കുറിച്ച് ഓർക്കാത്ത ഒരു ജീവിതത്തിന്. വിശ്വസിക്കാൻ പറ്റാത്ത ഒരു സത്യമാണ് നീ ഇല്ല എന്ന സത്യം,

മനസ്സുകൊണ്ട് അംഗീകരിക്കാൻ ഇന്നും എനിക്ക് കഴിയാത്ത സത്യം. നീറുന്നുണ്ടെന്റെ ഉള്ളം സഖാവേ.. നിന്നെ കുറിച്ചുള്ള ഓർമ്മകളാൽ. കണ്ട അന്ന് തോന്നിയ പേടിയെല്ലാം എത്ര പെട്ടെന്നാണ് പ്രണയത്തിന് വഴിയൊരുക്കിയത്. കോളേജിലേക്കുള്ള തന്റെ ആദ്യത്തെ വരവിനെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും അവൾക്കോർമ്മവന്നു. പിറ്റേദിവസം എത്ര പേടിയായിരുന്നു കോളേജിലേക്ക് വരാൻ. ഇനി വരാതിരുന്നാലോ എന്ന് വരെ ആലോചിച്ചു. അങ്ങനെ ചെയ്താൽ എല്ലാവരും എല്ലാം അറിയും എന്നുള്ള ഭയം കൊണ്ട് മാത്രം കോളേജിലേക്ക് പോകാൻ തീരുമാനിച്ചു. പേടിയോടെ തന്നെയാണ് കോളേജിനകത്തേക്ക് പ്രവേശിച്ചതും. ചുറ്റും പാത്തുവിനെ അന്വേഷിച്ചെങ്കിലും അവിടെയൊന്നും കണ്ടില്ല. അവൾ നേരെ തന്റെ ക്ലാസ് റൂം ലക്ഷ്യമാക്കി നടന്നു. ഒന്നവിടെ നിന്നെ തന്റെ പിറകിൽ നിന്നുള്ള ആ ശബ്ദം കേട്ട് അവളുടെ പാദങ്ങൾ നിശ്ചലമായി. പേടിയോടെ തന്നെ അവൾ തിരിഞ്ഞു നോക്കി........ തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story