💓സഖാവ് 💓: ഭാഗം 9

sagav rafeena

രചന: റഫീന മുജീബ്

തന്നെ പിടിച്ചു നിർത്തിയ ആ ശബ്ദത്തിനുടമ ആരെന്നറിയാൻ അവൾ പതിയെ തിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾ ഭയത്തോടെ പുറകിലേക്ക് ഒന്നു മാറി. ഇന്നലെ തന്നെ ഉപദ്രവിക്കാൻ വന്ന നാലുപേരും കൂടെ ഒരാളും. അധികം ചിന്തിക്കേണ്ടി വന്നില്ല കൂടെ ഉള്ളത് വൈശാഖ് ആണെന്ന് അവൾക്ക് മനസ്സിലായി. അപ്പോ ഇതാണ് നിങ്ങൾ പറഞ്ഞ കക്ഷി അല്ലേ....? വൈശാഖ് ഒരു വശ്യമായ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു. മ്... മ്മ് ആള് നിങ്ങൾ പറഞ്ഞതിനേക്കാൾ സുന്ദരിയാണല്ലോ...? വെറുതെയല്ല അവന്മാർ കേറി ഇടപെട്ടത്. വൈശാഖ് അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു. അവന്റെ നോട്ടം അവൾക്ക് അരോചകമായി തോന്നിയെങ്കിലും ഒന്നും പ്രതികരിക്കാതെ അവൾ മിഴികൾ താഴ്ത്തി നിന്നു. നീ ആള് കൊള്ളാമല്ലോ ടീ വന്ന അന്ന് തന്നെ നീ അവരെ കയ്യിലെടുത്തോ...? ഞങ്ങൾ ചിലരൊക്കെ ഇവിടെയുണ്ട് ഒന്ന് പരിഗണിക്കണം... അയാൾ ഒരു വശ്യമായ ചിരിയാലെ അവളോട് പറഞ്ഞു. ച്ചെഹ്.... അവൾ വെറുപ്പോടെ മുഖം തിരിച്ചു.

അതു കൂടി കണ്ടപ്പോൾ വൈശാഖിന്റെ രോഷം ഇരട്ടിച്ചു. എന്താ തമ്പുരാട്ടി കുട്ടിക്ക് പറഞ്ഞത് ഇഷ്ടമായില്ലേ...? അവൻ ദേഷ്യത്തോടെ ഒന്നുകൂടി അവളോട് ചേർന്നു നിന്നു. അവൾ പേടിച്ചു രണ്ടടി പുറകോട്ടു മാറി. ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് പറയുന്നതിനേക്കാൾ പ്രവർത്തിക്കുന്നതാ അളിയാ ഇഷ്ടം.. പുറകിൽ നിന്ന് സണ്ണി വിളിച്ചുപറഞ്ഞു. തലേദിവസത്തെ അശ്വിന്റെ പ്രകടനം അവർ നാലാളെ മുഖത്തും ശരീരത്തിലും വളരെ വ്യക്തമായി തന്നെ കാണുന്നുണ്ട്. എന്നാ പിന്നെ സംസാരിച്ചു നിൽക്കാതെ നമ്മൾ കാര്യങ്ങൾ ഒന്നു തുടങ്ങിയാലോ.....? അയാൾ ഒരു വശ്യമായ ചിരിയോടെ അവളിലേക്ക് വീണ്ടും അടുത്തു. ഇവർ ഇന്നലെ നിന്റെ മുടി അല്ലെ മുറിക്കാൻ നോക്കിയത്, ഞാനിന്ന് നിന്നെ പരസ്യമായി ചുംബിക്കാൻ പോവുകയാണ് ആരാ തടയാൻ വരുന്നത് എന്ന് ഒന്ന് കാണട്ടെ... അയാൾ രൗദ്ര ഭാവത്തോടെ അവളിലേക്ക് വീണ്ടും അടുത്തു. അവൾ പേടിയോടെ വീണ്ടും പുറകിലേക്ക് തന്റെ പാദങ്ങളെ ചലിപ്പിച്ചു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത് ഇതിനു മാത്രം എന്തു തെറ്റാണ് ഞാൻ ചെയ്തത്...?

അവൾ ഉള്ളാലെ ഭഗവാനോട് ചോദിച്ചു. അവളുടെ പേടിച്ചരണ്ട നിൽപ്പും വിറയാർന്ന ചുണ്ടുകളും അവനിൽ വീണ്ടും ആവേശം ഉണ്ടാക്കി. അവൻ അവളോട് ഒന്നുകൂടി അടുത്ത അവന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അടുപ്പിച്ചതും പെട്ടെന്ന് അവനെ പുറകിൽ നിന്നാരോ ചവിട്ടി വീഴ്ത്തി. പ്രതീക്ഷിക്കാത്ത ആക്രമണം ആയതുകൊണ്ടുതന്നെ വൈശാഖ് മറിഞ്ഞുവീണു. ശിവ തന്റെ മുന്നിൽ നിൽക്കുന്ന ആളെ നന്ദിയോടെ നോക്കിയതും അയാളുടെ കണ്ണുകൾ കണ്ട് അവൾ പേടിച്ചു മാറിനിന്നു. വീണിടത്തു നിന്ന് വൈശാഖ് എണീറ്റ് നോക്കിയപ്പോൾ തന്നെ തന്നെ ദേഷ്യത്തോടെ നോക്കുന്ന അശ്വിനെയാണ് കണ്ടത്. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. ഞരമ്പുകൾ എല്ലാം വലിഞ്ഞുമുറുകി പകയോടെ അവൻ വൈശാഖിന്റെ അടുത്തേക്ക് കുതിച്ചു. അവന്റെ ദേഷ്യം മുഴുവൻ വൈശാഖനിലവൻ തീർത്തു. വൈശാഖ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും അശ്വിന്റെ പകയ്ക്കു മുമ്പിൽ അവയെല്ലാം നിഷ്ഫലമായിരുന്നു. തലേദിവസത്തെ ആക്രമണം ഓർമ്മയുള്ളതിനാലാവാം മറ്റുള്ളവരൊന്നും അവനോട് അടുത്തില്ല. അടികിട്ടി അവശനായ വൈശാഖിനെ അവന്റെ കോളറിൽ പിടിച്ചു വലിച്ചു ശിവയുടെ മുൻപിലായി അശ്വിൻ നിർത്തി.

ഭയം അവളെ വല്ലാതെ കീഴ്പ്പെടുത്തിയിരന്നു. കൈകാലുകൾ കുഴയുന്നതുപോലെ അവൾക്ക് തോന്നി. ഒരാശ്രയത്തിനുവേണ്ടി അവൾ ചുറ്റും കണ്ണോടിച്ചു. ചുറ്റും എല്ലാവരും ഉണ്ടെങ്കിലും ആരും അവളുടെ അടുത്തേക്ക് വരാൻ തയ്യാറായില്ല. അടിക്കെടീ ഇവനെ.... നിന്നോട് അപമര്യാദയായി പെരുമാറിയ ഇവന്റെ കരണം നോക്കി ഒന്ന് കൊടുക്ക്.. അശ്വിൻ പറഞ്ഞു. അവൾ ഭയത്തോടെ അശ്വിനിയും വൈശാഖിനെ യും ഒന്നു നോക്കി. അശ്വിന്റെ അടിയിൽ വൈശാഖ് നന്നേ ക്ഷീണിച്ചിട്ടുണ്ടെങ്കിലും അവളെ നോക്കുന്ന അവന്റെ കണ്ണുകൾ പക കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. അതുകൂടി കണ്ടപ്പോൾ അവളുടെ പേടി ഒന്നു കൂടി കൂടി. അടിക്കെടീ ഇവനെ.... അശ്വിൻ വീണ്ടും അലറിക്കൊണ്ട് പറഞ്ഞു. അവന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട ശിവയുടെ കൈകൾ യാന്ത്രികമായി തന്നെ അവന്റെ കരണത്തു പതിഞ്ഞു. അത് കണ്ടതും അശ്വിന്റെ മുഖത്ത് ഒരു ചിരി വിടർന്നു. അവളടിച്ച കവിളിൽ പൊത്തിപ്പിടിച്ചു കൊണ്ട് വൈശാഖ് അവളെ പകയോടെ നോക്കി പ്രതികരിക്കാതെ അവിടെ നിന്നും പോയി. അവൻ പോകുന്നതും നോക്കി നിൽക്കുകയായിരുന്ന അശ്വിന്റെ കൈകളിലേക്ക് ശിവ കുഴഞ്ഞുവീണു. ശിവാ... മോളെ..

. പരിചയമുള്ള ആ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. അവൾ ആരെന്നറിയാൻ തിരിഞ്ഞു നോക്കിയതും തന്നെ തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന പാത്തുവിനെ കണ്ടതും അവളുടെ മുഖത്ത് ഒരേ സമയം സങ്കടവും സന്തോഷവും കടന്നുവന്നു. അവൾ ഓടിച്ചെന്ന് പാത്തുവിനെ ഇറുകെ പുണർന്നു. ഒരു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു. പാത്തുവും കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു. കുറച്ചു സമയം അവർ അതേ നിൽപ്പ് തുടർന്നു. അവളിൽ നിന്ന് അടർന്നു മാറിയപ്പോഴാണ് തന്നെത്തന്നെ നോക്കി നിൽക്കുന്ന പാത്തുവിന്റെ മോനെ അവൾ ശ്രദ്ധിച്ചത്. ശിവ വാൽസല്യത്തോടെ അവനെ കോരിയെടുത്ത് ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു. പാത്തു പുഞ്ചിരിയോടെ അതൊക്കെ നോക്കി നിന്നു. തങ്ങളെ തന്നെ നോക്കി നിൽക്കുന്ന വേറെ മൂന്നു മുഖങ്ങളെ അപ്പോഴാണ് അവൾ കാണുന്നത്. അച്ചായനും ശ്യമും കാർത്തിയും. കാർത്തിയെ കണ്ടതും അവളുടെ സകല നിയന്ത്രണവും പോയി. ഏട്ടാ എന്ന് വിളിച്ചു കൊണ്ട് അവൾ കാർത്തിയുടെ അരികിലേക്കോടി.

തങ്ങളുടെ പഴയകാല ഓർമ്മകൾ കാർത്തിയിലും വേദനയുണ്ടാക്കുന്നുവെന്ന് അവന്റെ മുഖം വ്യക്തമാക്കുന്നുണ്ട്. അച്ചായനും ശ്യാമിനും കാർത്തിയെയും പാത്തുവിനെ യും കണ്ട സന്തോഷമായിരുന്നു. അവരെല്ലാവരും കുറച്ച് സമയം കൂടി അവിടെ നിന്നു. തങ്ങളിൽ ഒന്നിന്റെ വിയോഗം ആ കൂട്ടുകാരുടെ മനസ്സിൽ വല്ലാതെ മുറിവേൽപ്പിച്ചിട്ടുണ്ടെന്നു കാണുന്നവർക്ക് വ്യക്തമാകും. അവരുടെ സങ്കടം കാണുമ്പോൾ അറിയാം അശ്വിൻ എന്ന സഖാവ് അവർക്ക് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന്. തിരികെ അവർ എല്ലാവരും ഒരുമിച്ചാണ് കോളേജിൽ നിന്ന് മടങ്ങിയത്. യാത്രയിലുടനീളം വല്ലാത്തൊരു മൗനം അവിടെ വ്യാപിച്ചു, എല്ലാവരും സഖാവിന്റെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണെന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്. ഇറങ്ങി വാ എന്ന അച്ചായന്റെ ശബ്ദം കേട്ടാണ് ശിവ ചിന്തകളിൽ നിന്നുണർന്നത്. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും ഒന്ന് നിരീക്ഷിച്ചു. തനിക്ക് പരിചിതമായ സ്ഥലം കണ്ടതും അവൾ അച്ചായനെ സംശയത്തോടെ ഒന്നു നോക്കി. വാ എന്നും പറഞ്ഞ് അച്ചായൻ അവരെയും കൊണ്ട് മുൻപോട്ടു നടന്നു,

ഒരു ഓടിട്ട വീടിനു മുൻപിൽ അവർ നിന്നതും ശിവയുടെ പാദങ്ങളിൽ യാന്ത്രികമായി തന്നെ ആ വീടിന്റെ പുറക് വശത്തേക്ക് ചലിച്ചു. അവൾക്കു പുറകെ അവളുടെ പ്രിയപ്പെട്ടവരും നടന്നു. കുറച്ചു മുൻപോട്ടു നടന്നതും അവളുടെ പാദങ്ങൾ നിശ്ചലമായി അവൾക്ക് മുൻപിലായി കണ്ട അസ്ഥി തറയിലേക്ക് എല്ലാവരും വേദനയോടെ നോക്കി. തങ്ങളുടെ പ്രിയ സുഹൃത്ത് തങ്ങളുടെ വരവും പ്രതീക്ഷിച്ച് അവിടെ കാത്തിരിക്കുന്നുണ്ടെന്ന സത്യം അവരെല്ലാവരും വേദനയോടെ ഓർത്തു. അവിടെ എത്തിയതും ശിവ തന്റെ മിഴികൾ അമർത്തി തുടച്ചു. മുഖത്ത് പുഞ്ചിരി കൊണ്ട് അവൾ ആസ്ഥി തറയുടെ അരികിലേക്ക് നടന്നു. അച്ചുവേട്ടാ ഇത് ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ... അവൾ കൃത്രിമമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ ഇക്കാ ഇക്കാ എന്നു വിളിച്ചു പുറകെ നടന്നിരുന്ന പെണ്ണാ ഇപ്പോ പെണ്ണ് ആകെ മാറിപ്പോയി അല്ലെ...? പാത്തുവിനെ പിടിച്ച് കൊണ്ട് ശിവ പറഞ്ഞു.

ശരിക്കും ഇവളോട് ഒന്നും മിണ്ടാൻ പോലും പറ്റില്ല അച്ചുവേട്ടാ എന്നു വന്നതാ അവൾ അവളുടെ ഇക്കാനെ കാണാൻ... ശിവ പുഞ്ചിരിയോടെ പറഞ്ഞു. ദേ നോക്ക് പാത്തു ഇക്കാക്ക് ഇഷ്ടപ്പെട്ടില്ല നിന്നെ പറഞ്ഞത്.. പുള്ളി മിണ്ടുന്നില്ലല്ലോ കണ്ടോ....? അവൾ അസ്ഥിത്തറ യിലേക്ക് ചൂണ്ടിക്കൊണ്ട് പാത്തു വിനോട് പറഞ്ഞു. അല്ലേലും പെങ്ങൾ വന്നാൽ പിന്നെ എന്നെ വേണ്ടല്ലോ ആങ്ങളയും പെങ്ങളും ഒറ്റക്കെട്ടല്ലേ..? നമ്മൾ പുറത്തും ശിവ പരിഭവത്തോടെ പറഞ്ഞു. അവളുടെ സംസാരം കേട്ട് പാത്തു കരച്ചിലടക്കാൻ പാടുപെട്ടു. അവളുടെ തേങ്ങലുകൾ പുറത്തേക്ക് വന്നു. അയ്യേ എന്തിനാ എന്റെ ഉമ്മച്ചികുട്ടി കരയുന്നത്. ദേ കരയുന്നത് എന്റെ അച്ചുവേട്ടന് ഇഷ്ടം അല്ല കേട്ടോ...? പ്രത്യേകിച്ച് ഏട്ടൻ പ്രാണനെ പോലെ സ്നേഹിച്ച പെങ്ങളൂട്ടി കരയുന്നത്. അവൾ പാത്തുവിന്റെ മിഴിനീർ തുടച്ചു കൊണ്ട് പറഞ്ഞു. കാർത്തിയേട്ടനും വന്നിട്ടുണ്ട്, ഇങ്ങോട്ട് വാ ഏട്ടാ... എന്റെ അച്ചുവേട്ടൻ നിങ്ങൾക്ക് വേണ്ടി എത്ര ദിവസമായി കാത്തിരിക്കുന്നു. കണ്ണ് നിറച്ചു കണ്ടോട്ടെ പ്രിയസുഹൃത്ത്, അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഒന്ന് ഇടറി. അവൾ വാചാലയാകുന്നത് അവർ വേദനയോടെ നോക്കി നിന്നു.

കുറച്ച് സമയം അവർ നിശബ്ദരായി അവിടെ തന്നെ നിന്ന് പതിയെ അവിടെ നിന്നും പിൻവാങ്ങി. അവളെ വിളിക്കാനായി ഒരുങ്ങിയ പാത്തുവിനെ അച്ചായൻ വിലക്കി. അവർ അവിടെ നിന്നും പോയതും ശിവ സകല നിയന്ത്രണവും വിട്ട് കരഞ്ഞുപോയി. കരഞ്ഞു കരഞ്ഞു അവൾ ആ മണ്ണിൽ തന്നെ ഇരുന്നു. എത്ര കരയേണ്ട എന്ന് വിചാരിച്ചാലും നിന്റെ ഓർമ്മകൾ എന്റെ മിഴികൾ നനക്കുകയാണല്ലോ സഖാവേ.... ഇവിടെ വരുമ്പോഴെല്ലാം ഞാൻ ആ സത്യം തിരിച്ചറിയുകയാണ് നീ ഇന്നില്ല എന്ന സത്യം.... തിരിച്ചു കിട്ടാത്ത ഒരു നൊമ്പരമായി നീ മാറിയപ്പോൾ നഷ്ടമായത് നമ്മൾ ഒരുമിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങളായിരുന്നു. എന്നെ ഒന്ന് ഇറുകെ പുണരാൻ നിന്റെ കരങ്ങൾ കൊതിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാം... തിരിച്ചു കിട്ടാത്ത ഓർമ്മകളായി നീ മാറിയപ്പോൾ തളർന്നു പോയത് എന്റെ കരങ്ങളാണ്.... ഒരിക്കൽ കൂടി നീ ഒന്നു വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ് ആണ്. അവൾ കരഞ്ഞുകൊണ്ട് അസ്ഥിത്തറക്കു മുകളിൽ കിടന്നു. മോളെ..... പരിചിതമായ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒരേ സമയം സങ്കടവും സന്തോഷവും വന്നു........ തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story