സഖീ നിനക്കായ്....💕: ഭാഗം 1

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"ഒളിച്ചോടി പോയവളുടെ മകളല്ലേ... തള്ളയുടെ ഗുണം മോള് കാണിക്കാതിരിക്കില്ലല്ലോ.... ആ ചെറുക്കൻ്റെ വിധി....!!" അരിശത്തോടെ പിറു പിറുത്തു കൊണ്ടയാൾ മുറ്റത്തേക്ക് ആഞ്ഞ് തുപ്പിയതും സന്തോഷത്തിൻ്റെ കണികകൾ അവളുടെ ഉള്ളിൽ നിന്നും അറ്റു തുടങ്ങിയിരുന്നു.... തന്നെ പെണ്ണ് കാണാൻ നാളെ ആരോ വരുന്നുണ്ടെന്ന് ചെറിയമ്മ പറഞ്ഞറിഞ്ഞതിൻ്റെ സന്തോഷം അച്ഛനുമായി പങ്ക് വെയ്ക്കാൻ വന്നതായിരുന്നു.... എന്നാൽ പതിവിലും ഒട്ടും വിപരീതമല്ലാതെ കുറ്റപ്പെടുത്തലുകൾ മാത്രം കേട്ടതും അവളുടെ പാദങ്ങൾ ക്ഷണ വേഗത്തിൽ പിൻ വലിഞ്ഞു.... ധൃതിയിൽ മുറിയിലേക്ക് കയറുമ്പോഴും കേട്ടിരുന്നു വാതിൽപ്പടിയിലിരുന്ന് കുശു കുശുക്കുന്ന അച്ഛനെ.... എങ്ങനെ പറയാതിരിക്കും...? കൈക്കുഞ്ഞായിരിക്കുന്ന തന്നെ അച്ഛൻ്റെ കൈയ്യിലേല്പ്പിച്ച് സ്വന്തം ഇഷ്ടം തേടി ആരുടെയോ ഒപ്പം പോയതല്ലേ അമ്മ....

ഓർമ്മയിൽ പോലുമില്ല അമ്മയുടെ മുഖം... അവൾ നോവോടെ ഓർത്തു... "എന്താ എൻ്റെ ചേച്ചിപ്പെണ്ണ് ആലോചിക്കുന്നെ...? ചേച്ചീടെ ചെക്കനെ പറ്റിയാണോ...?" പിന്നിൽ നിന്നും പുണർന്നു കൊണ്ട് വജ്ര അത് ചോദിച്ചപ്പോഴാണ് വൃന്ദ സ്വബോധത്തിലേക്ക് വന്നത്... "ഒന്നൂല്ലടീ... ഞാൻ വെറുതെ..." വൃന്ദ വാക്കുകൾക്കായി പരതി.... "ങും മനസ്സിലായി... നാളത്തെ ദിവസത്തെ പറ്റിയല്ലേ.. അമ്മ പറഞ്ഞു ഏതോ വല്ല്യ വീട്ടുകാരാണെന്ന്... ഒത്തു വന്നാൽ നമ്മുടെ ഭാഗ്യമാണെന്നും..." വജ്ര ചിരിയോടെ പറഞ്ഞതും വൃന്ദയും കൃതൃമമായൊരു പുഞ്ചിരി വരുത്തി.... അവർക്ക് തന്നെ ഇഷ്ടപ്പെട്ടാൽ മതിയായിരുന്നു... വൃന്ദ ഒരു നെടുവീർപ്പോടെ ഓർത്തു... ______💕 "ഇതെന്താ ഏതേലും പട്ടിക്കാട്ടിലാണോ പെണ്ണിൻ്റെ വീട്...? കുറേ നേരമായി കണ്ട ഇടവഴിയിലൂടൊക്കെ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്...."

കാറിൻ്റെ മുൻ സീറ്റിലിരുന്ന് വാസുദേവൻ പിറു പിറുക്കുന്നത് കേട്ടതും ശ്രാവണിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ക്ലീൻ ഷേവ് ചെയ്ത താടിയിൽ അവൻ്റെ നുണക്കുഴികൾ പ്രകടമായി... അതി മനോഹരമായ ഗ്രാമ പ്രദേശം... ചുറ്റിനും ശിരസ്സുയർത്തി നിൽക്കുന്ന പലതരം വൃക്ഷങ്ങൾ... ഒപ്പം വഴിയിലാകെ പാരിജാതം പൂത്തതിൻ്റെ സുഗന്ധം... ശ്രാവൺ ഗ്ലാസ്സ് ഉയർത്തി പുറത്തേക്ക് മിഴികൾ നട്ടിരുന്നു... "ബ്യൂട്ടിഫുൾ....!!" അവൻ്റെ ചുണ്ടുകൾ മൊഴിഞ്ഞു... "എത്താറായി... ദാ ഈ തോട് കഴിഞ്ഞാണ് പെണ്ണിൻ്റെ വീട്..." ശങ്കർ ദാസ് പറഞ്ഞതും എല്ലാവരും കാറിൽ നിന്നിറങ്ങി.... ______💕 "എൻ്റെ ചേച്ചീ ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ... ദേ അവരിപ്പോഴിങ്ങ് എത്തും കേട്ടോ..." "ദാ വരുന്നു...." ഇട്ടിരിക്കുന്ന ചുരിദാറിൻ്റെ ഷാൾ ഒന്നും കൂടി നേരെയാക്കിക്കൊണ്ട് വൃന്ദ പറഞ്ഞു... കൂട്ടി മുട്ടിയ പുരികക്കൊടികൾക്ക് മേലെ ധൃതിയിൽ ചുവന്ന ഒരു വട്ട പൊട്ട് വെച്ചു... തോള് കഴിഞ്ഞ് സ്വല്പം കൂടി നീണ്ടു കിടക്കുന്ന ചുരുളൻ മുടിയിഴകൾ ഒതുക്കി നേരത്തെ കൊരുത്തു വെച്ചിരുന്ന മുല്ലപ്പൂവും കൂടി ചൂടി അവൾ കണ്ണാടിയിലേക്ക് നോക്കി... എന്നെ അയാൾക്ക് ഇഷ്ടമാവണേ ഈശ്വരാ...!! അവൾ നെടുവീർപ്പിട്ടു... _____💕

"ങും വീട് കുഴപ്പമില്ല... സ്വല്പം പഴഞ്ചൻ മോഡലാണെന്നേയുള്ളൂ... പിന്നെ പറമ്പ് ഒരൊന്നൊന്നര ഏക്കർ കാണും അല്ലേ..?" ചുറ്റിനും ഒന്നു കണ്ണോടിച്ചു കൊണ്ട് വാസുദേവൻ ആരോടെന്നില്ലാതെ ചോദിച്ചു... "അമ്മാവാ എനിക്ക് വേണ്ടത് പെണ്ണിനെയാണ് അല്ലാതെ വീടും പറമ്പുമല്ല..." മറുപടിയെന്നോണം ശ്രാവൺ പറഞ്ഞു... "അതെ... പെണ്ണിൻ്റെ സ്വഭാവമാണ് പ്രധാനം... നമ്മുടെ കുടുംബവുമായി ചേരുന്നതായിരിക്കണം..." അംബിക പറഞ്ഞു.. "സ്വഭാവത്തെ പറ്റി ഇവിടെ എത്തിയതും കുറേ കേട്ടതല്ലേ..? പെണ്ണിൻ്റെ തള്ള ആരുടെയൊ ഒപ്പം ഒളിച്ചോടിയതാണെന്നോ ഒക്കെ... ഈ ബന്ധത്തോടുള്ള എൻ്റെ താത്പര്യം അപ്പോഴേ പോയി... പിന്നെ എന്തായാലും വന്നു പോയില്ലേ പെണ്ണിനെ കണ്ടിട്ട് പോകാം എന്ന അളിയൻ്റെ ഒറ്റ നിർബന്ധം കാരണമാ ഞാൻ വന്നത്..." ശങ്കർ ദാസിനെ നോക്കി വാസുദേവൻ പറഞ്ഞു... "എന്തായാലും വാ.." ശങ്കർ ദാസ് പറഞ്ഞതും അവർ അകത്തേക്ക് കയറി... "എല്ലാവരും ഇരിക്ക്....." അവരെ കണ്ടതും ഒരു പുഞ്ചിരിയോടെ സുമിത്ര പറഞ്ഞു... "മോളെ വജ്രേ.... വൃന്ദയെ കൂട്ടിക്കൊണ്ട് വാ...."

സുമിത്ര അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... അത് കേട്ടതും വൃന്ദയുടെ ഉള്ളിൽ വല്ലാത്ത പരിഭ്രമം നിറഞ്ഞു.... മിഴികളിൽ വല്ലാത്തൊരു പിടപ്പ്... "വാ ചേച്ചീ.." വജ്ര വൃന്ദയുടെ തോളിൽ തട്ടിയതും അവൾ വജ്രയുടെ കൈകളിൽ ഇറുകെ പിടിച്ചു... "ആള് കാണാൻ എങ്ങനെയുണ്ട്..?" വൃന്ദയുടെ മിഴികളിൽ ആകാംഷ നിറഞ്ഞു... "ഓ ഞാൻ കണ്ടില്ല ചേച്ചി..." വജ്രയുടെ മറുപടി അവളിൽ നിരാശ പടർത്തി.... "എൻ്റെ പൊന്ന് ചേച്ചീ... ആളെ ഇപ്പോൾ നേരിട്ട് കാണാൻ പോവല്ലേ.. പിന്നെന്താ..." വജ്ര ഒരു ചിരിയോടെ വൃന്ദയുടെ കവിളിൽ നുള്ളി... "ആൾക്ക് എന്തായാലും എൻ്റെ ചേച്ചി പെണ്ണിനെ ഇഷ്ടമാവും..." അത് കേട്ടതും വൃന്ദയുടെ അധരങ്ങളും പുഞ്ചിരി പുൽകി.... ചായട്രേയുമായി ഒരു ചിരിയോടെ വൃന്ദ ഹാളിലേക്ക് നടന്നു വന്നു.. "അങ്ങോട്ടേക്ക് കൊടുക്ക് മോളെ.." അവളുടെ അച്ഛമ്മയായ ഭവാനി പറഞ്ഞതും വൃന്ദയുടെ മിഴികൾ ശ്രാവണിൽ ഉടക്കി...

വൃന്ദയുടെ തൊട്ടു പിന്നാലെയായി അലസമായി നടന്നു വന്ന വജ്ര സോഫയിലിരിക്കുന്ന ശ്രാവണിനെ കണ്ടതും ഞെട്ടി.... അവൾ ഒരു വേള തറഞ്ഞ് നിന്നു പോയി... തൻ്റെ നേത്രങ്ങളെ വിശ്വസിക്കാനവൾക്കായില്ല.... താൻ കാണുന്നത് സ്വപ്നമായിരിക്കണേ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു... വൃന്ദ സന്തോഷത്തോടെ ശ്രാവണിന് നേരെ ചായ നീട്ടുമ്പോഴും വജ്രയിലെ ഞെട്ടൽ മാറിയിരുന്നില്ല.... മിഴികൾ നിറഞ്ഞു.... ശ്വാസം നിലയ്ക്കും പോലെ....!! "ശ്രാവൺ സർ....!!" അവളുടെ ചുണ്ടുകൾ നിശബ്ദം മൊഴിയുമ്പോൾ മിഴിനീർ കവിളിണകളെ തഴുകി താഴേക്കൊഴുകി കൊണ്ടിരുന്നു... (തുടരും)

Share this story