സഖീ നിനക്കായ്....💕: ഭാഗം 10

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

രാവിലെ വൃന്ദ ഉണർന്നതും തന്നെ ചേർത്തു പിടിച്ചുറങ്ങുന്ന സ്പർശിനെ ആണവൾ കാണുന്നത്... ഒരു പുഞ്ചിരിയോടവൾ അവൻ്റെ മുഖത്ത് കൂടി വിരലുകൾ പായിച്ചു... അവൻ്റെ നെറ്റിമേൽ ചുണ്ടമർത്തി... എന്നാൽ എല്ലാ അർത്ഥത്തിലും ഒന്നിച്ചിട്ട് ഒരു വേർപ്പെടൽ ആണല്ലോ ഇന്ന് തങ്ങളെ കാത്തിരിക്കുന്നതെന്നോർക്കെ ഉള്ളിൽ നിന്നൊരാന്തൽ അവളെ പൊതിഞ്ഞു... മുഖത്തെ പുഞ്ചിരി വിഷാദത്തിന് വഴി മാറി... അധികനാൾ കാത്തിരിക്കാൻ എനിക്കാവില്ല... അവൻ്റെ മുടിയിഴകളിൽ കൂടി മൃദുവായി വിരലോടിച്ചു കൊണ്ടവൾ എഴുന്നേറ്റു... അവൾ കുളിച്ചിറങ്ങിയതും ബെഡിൽ ഇരിക്കുന്ന നീല ചുരിദാർ കാൺകെ വൃന്ദ ചിരിയോടെ ചുറ്റിനും ഒന്നു നോക്കി..ശേഷം തലയിലൊന്നു കൊട്ടിക്കൊണ്ടവൾ റെഡിയായി... അടുക്കളയിലേക്ക് ചെന്നതും തലേന്നത്തെ പോലെ തനിക്കുള്ള കോഫി റെഡിയാക്കി വെച്ചിട്ടുണ്ട്...

കോഫി കപ്പ് ചുണ്ടോട് ചേർത്തവൾ ബാൽക്കണിയിലേക്ക് നടന്നു... അല്പ നേരം പ്രഭാതത്തിലെ കുളിർ കാറ്റേറ്റ് അവിടെ നിന്നു... മുറിയിലേക്ക് ചെന്നതും വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്പർശ്... ഒരു കടും നീല ഷർട്ടും ബ്ലാക്ക് ജീൻസും ആണവൻ്റെ വേഷം... നെറ്റിയിൽ ഒരു ചന്ദനക്കുറി തൊട്ടിട്ടുണ്ട്... റെഡിയായതിനു ശേഷമവൻ എങ്ങനെയുണ്ടെന്ന മട്ടിൽ വൃന്ദയെ നോക്കി പുരികമുയർത്തിയതും അവൾ കലങ്ങിയ മിഴികൾ തെല്ലുയർത്തി അവനെ നോക്കി... "എടോ വൃന്ദേ... നീയിങ്ങനെ വിഷമിക്കാതെ.." അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു... അവൾ ദയനീയമായി അവനെ നോക്കി.... "എന്താ ചെയ്തത് തെറ്റായി പോയെന്ന് തോന്നുന്നുണ്ടോ...?? ഒന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നോ...?" അവൻ ചോദിച്ചതും നിഷേധാർത്ഥത്തിലവൾ ശിരസ്സനക്കി... "അല്ല നമ്മുക്ക് കുറച്ച് ദിവസം കഴിഞ്ഞ് പോയാൽ പോരേ...?"

അവളുടെ സ്വരം ഇടറിയിരുന്നു... "എടോ നീയല്ലേ പറഞ്ഞത് വീട്ടിലേക്ക് പോകണമെന്ന്... ഒരു മാസമൊക്കെ കഴിഞ്ഞ് പോയാലും എനിക്ക് പ്രശ്നമൊന്നുമില്ല..." അവൻ ചിരിയോടെ പറഞ്ഞു.. "അല്ലേൽ വേണ്ട... എന്നായാലും വീട്ടുകാർ അറിയേണ്ടതല്ലേ...? വെറുതെ എന്തിനാ നീട്ടിക്കൊണ്ട് പോകുന്നത്.." അവൾ നിസ്സംഗതയോടെ ഒന്നു പുഞ്ചിരിച്ചതും അവൻ അവളെ ചേർത്തു പിടിച്ചു... ഇരുവരും ട്രിവാൻഡ്രം സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറി... "ടോ നിനക്ക് ഉറങ്ങണമെങ്കിൽ ഉറങ്ങിക്കോ... സ്ഥലമെത്തുമ്പോൾ ഞാൻ പറയാം..." സ്പർശ് പറഞ്ഞതും വൃന്ദ അവൻ്റെ തോളോട് ചേർന്നു കിടന്നു... ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉള്ളിലെ ആശങ്കകൾ കാരണം അവൾക്കതിന് കഴിഞ്ഞില്ല... സ്പർശിൻ്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. അവൻ വൃന്ദയുടെ കരങ്ങളിൽ ഇറുകെ പിടിച്ചു കൊണ്ട് പുറം കാഴ്ചകളിലേക്ക് മിഴികൾ നട്ടിരുന്നു...

ചെങ്ങന്നൂർ സ്‌റ്റേഷൻ എത്തിയതും ഇരുവരും ഇറങ്ങി... "നമ്മുക്ക് എവിടെയെങ്കിലും കയറി ഫുഡ് കഴിക്കാം..." സ്പർശ് പറഞ്ഞതും ശിരസ്സനക്കി കൊണ്ടവൾ അവനെ അനുഗമിച്ചു... "ബസ്സ് സ്റ്റോപ്പിൽ നിന്ന് നിന്നെ കൂട്ടിക്കൊണ്ട് പോകാൻ ആരെങ്കിലും വരുമോ...??" ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ ചോദിച്ചു... "ഇല്ല... വീടിൻ്റെ അടുത്തു തന്നെയാ സ്റ്റോപ്പ്... ഞാൻ പൊയ്ക്കോളാം..." അവന് മറുപടി കൊടുക്കുമ്പോൾ അവളുടെ മുഖം മങ്ങി... അല്ലേൽ തന്നെ ആര് വരാൻ...?? അവൾ വേദനയോടെ ചിന്തിച്ചു... ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഇരുവരും രണ്ട് വഴിക്കുള്ള ബസ്സിലേക്ക് കയറി... മിഴികൾ അടർത്തി മാറ്റാനാവാത്ത വിധം നടന്നകലുമ്പോഴും അവർ പിൻ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

ബസ്സിലെ സൈഡ് സീറ്റിലേക്കിരുന്നതും വൃന്ദ വിങ്ങിപ്പൊട്ടി... കഴുത്തിലെ താലിയിൽ പലവുരു ചുംബിക്കുമ്പോൾ അവളുടെ മനം നിറയെ സ്പർശിനോടുള്ള സ്നേഹം മാത്രമായിരുന്നു... ______💕 കൈയ്യിൽ തൂക്കിപ്പിടിച്ച ലഗ്ഗേജുമായി വൃന്ദ വീടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു... കോളിംഗ് ബെല്ലിൽ വിരലമർത്താൻ തുടങ്ങിയതും അവൾ നെറുകയിലെ സിന്ദൂരത്തെ പറ്റിയും കഴുത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന താലിയെ പറ്റിയും ഓർത്തു... അവൾ പരിഭ്രമത്തിൽ അല്പം മുടിയെടുത്തിട്ട് സീമന്തരേഖ മറച്ചു... തൻ്റെ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുന്ന താലിയെടുത്ത് ചുരിദാറിനുള്ളിലേക്കിട്ടു... ശേഷം ബെല്ലമർത്തി... സുമിത്രയാണ് വാതിൽ തുറന്നത്... പ്രതീക്ഷിക്കാതെ വൃന്ദയെ കണ്ടതും അവർ അമ്പരന്നു... "അല്ല വൃന്ദേ... നീയെന്താ ഒന്ന് വിളിച്ചു പോലും പറയാതെ വന്നത്...??" സുമിത്ര സംശയത്തോടെ ചോദിച്ചു...

"അത് ഒന്നുമില്ല... എന്തോ അവിടെ ഇരുന്നപ്പോൾ പെട്ടെന്ന് ഇങ്ങോട്ട് വരണമെന്ന് തോന്നി.." അത്ര മാത്രം പറഞ്ഞവൾ കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ അകത്തേക്ക് കയറി.... കുളിച്ചൊന്നു ഫ്രഷായതിനു ശേഷം വൃന്ദ വാതിൽ കുറ്റിയിട്ടിട്ട് ബെഡിലേക്ക് കിടന്നു... ഒരു ചിരിയോടെ സ്പർശിൻ്റെ നമ്പർ ഡയൽ ചെയ്തു.. "ഹലോ... വൃന്ദേ" മറുപുറത്തെ സ്വരം കേട്ടതും വൃന്ദയുടെ മുഖം വിടർന്നു... "വീട്ടിലെത്തിയോ..?" അവൾ മൃദുലതയാർന്ന സ്വരത്തിൽ ചോദിച്ചു... "ങും എത്തി....നീയോ...??" "ആഹ്... എത്തി... പിന്നെ...??" "പിന്നെയെന്താ...??" അവൻ കുറുമ്പോടെ സോഫയിലേക്കിരുന്നു കൊണ്ടു ചോദിച്ചു... "ങും ഹും... കാര്യങ്ങൾ വീട്ടിൽ അവതരിപ്പിച്ചോ..??"

"ഏട്ടൻ ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്... വന്ന വഴി തന്നെ മുഖം വീർപ്പിച്ചിരിക്കുന്ന അമ്മയെയാണ് കണ്ടത്... അത് സാരമില്ല... ഇന്ന് രാത്രിയിൽ ഞാൻ ഒന്നൂടെ അവതരിപ്പിക്കാം... എന്നിട്ട് നാളെ നിൻ്റെ വീട്ടിലേക്ക് വരാം... എന്തേ..??" അവൻ ചിരിയോടെ പുരികമുയർത്തി... "അയ്യോ നാളെയോ...??" അവൾ പരിഭ്രമിച്ചു... "എന്താ വേണ്ടേ...?" "കുഴപ്പമില്ല വന്നോ..." അവൾ ചിരിയോടെ കാൾ കട്ട് ചെയ്തു... ____💕 "അപ്പോൾ നാളെ തന്നെ നിനക്ക് പെണ്ണിൻ്റെ വീട്ടിൽ പോകണം അല്ലേ..??" രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ശങ്കർ ദാസ് ചോദിച്ചതും സ്പർശ് തലയനക്കി... "നമ്മുടെ കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്നതാണോടാ...?" പ്ലേറ്റിലേക്ക് അല്പം കറി ഒഴിച്ചു കൊണ്ട് അംബിക തെല്ല് നീരസത്തോടെ ചോദിച്ചു... "പിന്നെ... നമ്മുടെ കുടുംബത്തിൽ കയറ്റാൻ പറ്റുന്നത് തന്നെയാ... ഏട്ടത്തിയുടെ കുടുംബക്കാരേ പോലെ തന്നെ... " സ്പർശ് ചിരിയോടെ പറഞ്ഞു.. "പിന്നെ നാളെ ആരൊക്കെ വരണം..?" ശങ്കർ ദാസ് ചോദിച്ചു... "എല്ലാവരും വന്നോ... എന്തിനാ കുറയ്ക്കുന്നെ...."

ഉള്ളിൽ ഒന്നു ഊറി ചിരിച്ചു കൊണ്ട് സ്പർശ് ഗൗരവത്തോടെ പറഞ്ഞു... രാവിലെ പോകാൻ റെഡിയായി എല്ലാവരും കാറിൻ്റെ അരികിലേക്ക് നടന്നു... "ഏട്ടാ.. ഞാൻ ഡ്രൈവ് ചെയ്തോളാം.." ഡ്രൈവിംഗ് സീറ്റിലേക്ക് കയറാൻ തുടങ്ങിയ ശ്രാവണിനെ നോക്കി സ്പർശ് പറഞ്ഞു... "അപ്പോൾ നിനക്ക് വീടൊക്കെ അറിയാമോ...?" അംബിക മുഖം ചുളിച്ച് ചോദിച്ചു... "വീടറിയാതെ പിന്നെങ്ങനെയാ...??" അവൻ ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി... അവൻ്റെ അടുത്തായി ശ്രാവണും ഇരുന്നു... വജ്രയും അംബികയും ശങ്കർ ദാസും ബാക്ക് സീറ്റിലേക്ക് കയറി.... അവിടെ ചെല്ലുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയണം... ഡ്രൈവിംഗിനിടയിൽ സ്പർശ് ഓർത്തു... "ഇതെന്താ എൻ്റെ വീടിൻ്റെ അടുത്തെങ്ങാനും ആണോ പെൺകുട്ടിയുടെ വീട്...??'' വണ്ടി പോകുന്ന റൂട്ട് കണ്ടതും വജ്ര സംശയത്തോടെ ചോദിച്ചു...

"ആണെന്ന് കൂട്ടിക്കോളൂ ഏട്ടത്തീ... " സ്പർശ് ചിരിയോടെ പറഞ്ഞു... "എല്ലാവരും ഇറങ്ങ്...ഈ തോട് കഴിഞ്ഞാണ് പെൺകുട്ടിയുടെ വീട്..." സ്പർശ് വണ്ടി നിർത്തിക്കൊണ്ട് പറഞ്ഞതും എല്ലാവരുടെയും മുഖത്ത് സംശയം നിഴലിച്ചു... "ഇത്...ഇതെന്താ നീ വജ്രയുടെ വീട്ടിലേക്കാണോ പോകുന്നത്....??" ശ്രാവണിൻ്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു സ്പർശിൻ്റെ മറുപടി... ഗേറ്റ് തുറന്ന് സ്പർശിൻ്റെ പിന്നാലെയായി വൃന്ദയുടെ വീട്ടിലേക്ക് നടക്കുമ്പോഴും വജ്രയുൾപ്പടെ സർവ്വരും ആശയക്കുഴപ്പത്തിലായിരുന്നു... "ടാ സ്പർശേ... നീ ഇവിടെ കയറിയിട്ടാണോ പെണ്ണിൻ്റെ വീട്ടിലേക്ക് പോകുന്നത്...?? അങ്ങനെയെങ്കിൽ അതാദ്യം പറയണ്ടായിരുന്നോ...?" അംബിക ചോദിച്ചു... "എന്തിനാ അമ്മേ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നത്... അല്പ നേരം കൂടി ഒന്ന് ക്ഷമിക്ക്... " സ്പർശ് ശാന്തമായി പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.... സ്പർശിനെയും കുടുംബത്തെയും കണ്ടതും സുമിത്രയും രാഘവനും ഒരു ചിരിയോടെ അവരെ വരവേറ്റു... "ഇതെന്താ എല്ലാവരും കൂടി പതിവില്ലാതെ...??

എന്തെങ്കിലും വിശേഷമുണ്ടോ...?" രാഘവൻ ചോദിച്ചതും ഒരു ചിരിയോടു കൂടി അംബിക സോഫയിലേക്കിരുന്നു... "എന്ത് ചെയ്യാൻ... ഇവനുണ്ടല്ലോ ഈ ചെറുക്കൻ... എൻ്റെ ഇളയ സന്താനം... അവനേതോ ഒരു പെണ്ണിനെ ഇഷ്ടമായെന്ന്... ആ പെൺ കൊച്ചിൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയാ... ഇവിടെ അടുത്തെവിടെയോ ആണ് ആ പെണ്ണിൻ്റെ വീട്..." അംബിക പറഞ്ഞു.. "അതേതാ ഇവിടെ അടുത്ത്...? ഞങ്ങൾക്ക് അറിയാവുന്നതാണോ..?" "ആണോന്നോ അമ്മായി അച്ഛാ... സോറി..... അങ്കിൾ...!! നിങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാവുന്ന പെൺകുട്ടിയാണ്..." രാഘവൻ ചോദിച്ചതും സ്പർശ് മറുപടി പറഞ്ഞു... "അതേതാ ഞങ്ങൾക്ക് നന്നായി അറിയാവുന്ന കുട്ടി...?" സർവ്വരും ആകാംഷയോടെ സ്പർശിനെ നോക്കി... "വൃന്ദേ..." സ്പർശ് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് അകത്തേക്ക് നോക്കി നീട്ടി വിളിച്ചതും അവൻ്റെ സ്വരം കേൾക്കെ വൃന്ദ ഉത്സാഹത്തോടെ പുറത്തേക്ക് വന്നു..

ഇവനെന്തിനാ ഇപ്പോൾ വൃന്ദയെ വിളിക്കുന്നത്...?? ശ്രാവൺ സംശയത്തിൽ സ്പർശിനെ നോക്കി.. "ഇതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണ്.. അച്ഛൻ്റെ മൂത്ത മകൾ വൃന്ദ...!!" വൃന്ദയെ ചൂണ്ടി സ്‌പർശ് പറഞ്ഞതും വജ്രയുടെയും ശ്രാവണിൻ്റെയും ഉൾപ്പെടെ സകലരുടെയും മുഖം വിളറി വെളുത്തിരുന്നു... ഭവാനിയുടെ മുഖം മാത്രം സന്തോഷത്താൽ വിടർന്നു... എന്നാൽ സോഫയിലിരിക്കുന്ന അംബികയെയും ശങ്കർ ദാസിനെയും കണ്ട ഞെട്ടലിലായിരുന്നു വൃന്ദ... "ഇവളോ..?? ഇവളാണോ നീ സ്നേഹിക്കുന്ന പെണ്ണ്...??" അംബിക ദേഷ്യത്തിൽ ചാടിയെഴുന്നേറ്റു... "അതെ അമ്മേ...ഇവൾ തന്നെ..." വൃന്ദയുടെ സമ്മതം കാത്ത് നിൽക്കാതെ സ്പർശ് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു... അമ്മയോ...?!! അതിനർത്ഥം ശ്രാവണിൻ്റെ സഹോദരനാണോ സ്പർശ്....??? എന്നെ വേണ്ടാന്ന് വെച്ച അതേ കുടുംബത്തിലേക്ക് തന്നെയാണോ ഞാൻ കയറി ചെല്ലാൻ പോകുന്നത്...??

വൃന്ദ ഞെട്ടലോടെ സ്പർശിനെ നോക്കിയതും അവൻ കുറുമ്പോടെ അവളെ നോക്കി കണ്ണൊന്നിറുക്കി.... വൃന്ദയുടെ മുഖം ദേഷ്യത്താൽ ചുവന്നു... അവൾ സ്പർശിൻ്റെ കരങ്ങളെ വേദനയോടെ തട്ടി മാറ്റി അവനിൽ നിന്നും അകന്നു നിന്നു... "നടക്കില്ല... ഇതൊരിക്കലും നടക്കില്ല..." അപ്പോഴേക്കും അംബികയുടെയും ശങ്കർ ദാസിൻ്റെയും സ്വരം ഉയർന്നിരുന്നു.... താൻ കേൾക്കാൻ കൊതിച്ചതെന്തോ കേട്ടതു പോലെ വജ്രയുടെ മുഖം വിടർന്നു... "എന്തു കൊണ്ട് നടക്കില്ല...?? ഏട്ടത്തിയുടെ ചേച്ചിയല്ലേ ഇത്..? നമ്മുടെ കുടുംബവുമായി ചേരുകയും ചെയ്യും... പിന്നെയെന്താ..?" സ്പർശ് ചോദിച്ചു... അപ്പോൾ... അപ്പോൾ എല്ലാം അറിഞ്ഞു വെച്ചിട്ടാണോ സ്പർശ് എന്നെ വിവാഹം കഴിച്ചത്...?? സ്പർശിന് അറിയാമായിരുന്നോ ഞാൻ വജ്രയുടെ ചേച്ചിയാണെന്ന്....?? അപ്പോൾ അവൻ്റെ ഏട്ടൻ ആദ്യം എന്നെ പെണ്ണ് കണ്ടതും ആ ആലോചന മുടങ്ങിയതും അറിഞ്ഞിട്ടുണ്ടാവും.. എല്ലാം അറിഞ്ഞ് വെച്ചിട്ട് വീണ്ടും എന്നെ അപമാനിക്കാനാണോ വീട്ടുകാരെയും കൊണ്ട് വന്നത്... നീ ചതിയതാണ്.. ചതിയനാണ് സ്പർശ്....!! വൃന്ദ നിറമിഴികളോടെ സ്പർശിനെ നോക്കി........... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story