സഖീ നിനക്കായ്....💕: ഭാഗം 2

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

തൻ്റെ പ്രാണൻ...തൻ്റെ പ്രണയം...!! ഇന്നിതാ മറ്റൊരാളുടെ സ്വന്തമാകാൻ പോകുന്നു....!! അതും തൻ്റെ സഹോദരിയുടെ....!! വജ്രയുടെ ഉള്ളം വിങ്ങി.... ഇതേ സമയം ശ്രാവൺ വൃന്ദയിൽ തന്നെ മിഴികൾ നട്ടിരിക്കുകയായിരുന്നു.... തിരികെ അവളും... ശ്രാവണിൻ്റെ ഫോണിൽ തുടരെ തുടരെ മെസ്സേജ് വന്നു കൊണ്ടിരുന്നതും അവൻ പൊടുന്നനെ മുഖം താഴ്ത്തി... സ്പർശിൻ്റെ മെസ്സേജാണല്ലോ... അവൻ ഓർത്തു.... എങ്ങനെയുണ്ട് എൻ്റെ ഏട്ടത്തിയമ്മ...? ഇഷ്ടമായോ...? ആദ്യം കണ്ട മെസ്സേജിലൂടെ ശ്രാവൺ മിഴികൾ പായിച്ചു... ഇഷ്ടമായി... ഒരുപാടിഷ്ടമായി.... വൃന്ദയെ നോക്കിക്കൊണ്ട് സ്പർശിൻ്റെ മെസ്സേജിന് മറുപടി നല്കുമ്പോൾ ശ്രാവണിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു... ഉള്ളിലെ ദു:ഖം പുറത്ത് കാട്ടാതെ വജ്ര ശ്രാവണിനെ തന്നെ നോക്കി നിന്നു... തൻ്റെ കോളേജിലെ ഫിസിക്സ് പ്രൊഫസർ....!!

ശ്രാവൺ ശങ്കർ... ഒരു ജെൻ്റിൽമാൻ.... അദ്ദേഹത്തോട്‌ തോന്നിയ ആരാധന എപ്പോഴൊക്കെയോ താൻ പോലുമറിയാതെ പ്രണയമായി മാറി... എന്നാൽ ഒരിക്കൽപ്പോലും അദ്ദേഹത്തോടത് തുറന്ന് പറയാൻ താൻ മുതിർന്നിട്ടില്ല.... അവൾ വേദനയോടെ ഓർത്തു... ഇനിയിപ്പോൾ എന്ത് ചെയ്യും...? ഈ വിവാഹാലോചന എങ്ങനെയെങ്കിലും മുടങ്ങണേ ഈശ്വരാ.... സ്വന്തം സഹോദരിക്കാണെങ്കിൽ പോലും ശ്രാവൺ സാറിനെ വിട്ടു കൊടുക്കാൻ തനിക്കാവില്ല.... വജ്ര ചിന്തിച്ചു.... "എനിക്ക് ഇയാളെ ഇഷ്ടായടീ ഒത്തിരി....!!" വൃന്ദ ചെറു ചിരിയോടെ കാതിൽ പറഞ്ഞ വാചകങ്ങൾ വജ്രയുടെ ഉള്ളത്തെ ആടിയുലച്ചു.... നടക്കില്ല ചേച്ചീ നിൻ്റെ ആഗ്രഹം... ശ്രാവൺ സർ എൻ്റെയാ... അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.... "ഞങ്ങളുടെ കുട്ടിയെ എല്ലാവർക്കും ഇഷ്ടമായോ...?" ഭവാനി ഒരു ചിരിയോടെ ചോദിച്ചതും ശ്രാവണിൻ്റെ മുഖം വിടർന്നു... "ഒന്നും തോന്നരുത്... ഈ ആലോചനയുമായി മുൻപോട്ട് പോകാൻ ഞങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ടുണ്ട്..."

ശങ്കർ ദാസ് പറഞ്ഞതും ശ്രാവൺ ഞെട്ടലോടെ മുഖമുയർത്തി... "പെണ്ണിൻ്റെ അമ്മ ആരുടെയോ ഒപ്പം ഇറങ്ങി പോയതല്ലേ.... അങ്ങനെയുള്ളപ്പോൾ ഈ കുട്ടിയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ട് വരാൻ ഞങ്ങൾക്ക് തീരെ താത്പര്യമില്ല..." എടുത്തടിച്ചത് പോലെ വാസുദേവൻ പറഞ്ഞതും വൃന്ദയുടെ മുഖം മങ്ങി... ശ്രാവണിൻ്റെയും.... "എന്നാൽ ഞങ്ങളിറങ്ങട്ടെ..." കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ അവർ പോകാനിറങ്ങിയതും വൃന്ദ ആ കാഴ്ച വേദനയോടെ നോക്കി നിന്നു... അവളിൽ നേരിയ ആശ്വാസം പടർത്തിക്കൊണ്ട് ഇടയ്ക്കിടെ ശ്രാവൺ വൃന്ദയെ പിൻ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു... "സമാധാനമായല്ലോ.... അതും മുടങ്ങി... നിൻ്റെ അമ്മ കാരണം നിനക്കൊരിക്കലും ഒരു നല്ല ജീവിതം കിട്ടാൻ പോകുന്നില്ല..." സുമിത്ര പിറു പിറുത്തു കൊണ്ട് അകത്തേക്ക് കയറി പോയി.... ചെറിയമ്മയാണ്... അച്ഛൻ്റെ രണ്ടാം ഭാര്യ... വജ്രയുടെ അമ്മ... തന്നോട് സ്നേഹം തന്നെയാണ്.... ഈ ആലോചനയും മുടങ്ങിയ സങ്കടമാവും... വൃന്ദ നോവോടെ ഓർത്തു.... ______💕

സമയം സന്ധ്യയോടടുത്തു.... പക്ഷികളുടെ കലപില ശബ്ദങ്ങൾ ചുറ്റിനും മുഴങ്ങിക്കൊണ്ടിരുന്നു... "അവര് നല്ല വീട്ടുകാരായിരുന്നു... ആ കുടുംബവുമായൊരു ബന്ധം എന്നാൽ ഭാഗ്യം ആണ്... എന്ത് ചെയ്യാൻ എൻ്റെ കുട്ടിയുടെ വിധി...!!" തൻ്റെ മടിയിൽ കിടക്കുന്ന വൃന്ദയുടെ മുടിയിഴകളിൽ കൂടി വിരലുകൾ ഓടിച്ചു കൊണ്ട് ഭവാനി പറഞ്ഞു... "ആ കുടുംബവുമായി ഒരു ബന്ധം ഉണ്ടാവണമെന്ന് അല്ലേയുള്ളൂ... അതിന് ഇവൾ തന്നെ വേണമെന്നില്ലല്ലോ..." രാഘവൻ അതും പറഞ്ഞ് കടന്നു വന്നു.... അച്ഛനെ കണ്ടതും വൃന്ദ പെട്ടെന്ന് എഴുന്നേറ്റു.... ഭവാനി ഒന്നും മനസ്സിലാവാതെ അയാളെ നോക്കി.... "എനിക്ക് ഒരു മകൾ കൂടിയുണ്ടല്ലോ...!! വജ്രയുടെ വിവാഹം ശ്രാവണുമായി നടത്താം...." അത് കേട്ടതും വൃന്ദ നിസ്സംഗതയോടെ അയാളെ നോക്കി... "വേണ്ട.... വൃന്ദയ്ക്ക് വന്ന ആലോചനയല്ലേ ഇത്...? അത് വജ്രയ്ക്ക്......!! വേണ്ട ശരിയാവില്ല...." സുമിത്ര പറഞ്ഞു.... "എനിക്ക് സമ്മതമാണ്....!!" വജ്ര ഉറക്കെ വിളിച്ചു പറഞ്ഞതും ഏവരും അവളെ ഉറ്റു നോക്കി....

"അതെ... എനിക്കീ വിവാഹത്തിന് സമ്മതമാണ്... അച്ഛൻ അവരെ ഒന്ന് വിളിക്കൂ...." പറയുമ്പോൾ വജ്രയുടെ ഉള്ളം സന്തോഷത്താൽ തുടിക്കുന്നുണ്ടായിരുന്നു... "മോളെ...." സുമിത്ര അവളെ വിളിച്ചു.... "അതെ അമ്മേ.... എനിക്ക് സമ്മതമാ...." വജ്ര ഉറച്ച സ്വരത്തിൽ പറഞ്ഞതും പിന്നീടാരും അവളെ എതിർക്കാൻ നിന്നില്ല.... "ഞാൻ അവരെ വിളിച്ച് ഇപ്പോൾ തന്നെ സംസാരിക്കാം...." രാഘവൻ അതും പറഞ്ഞ് പോകുന്നത് വജ്ര സന്തോഷത്തോടെ നോക്കി നിന്നു.... വൃന്ദ അവളെ നോക്കി നിസ്സംഗതയോടെ ഒന്ന് പുഞ്ചിരിച്ചു... "എൻ്റെ കുട്ടിക്ക് സങ്കടമായോ..?" ഏവരും പോയ ശേഷം ഭവാനി വൃന്ദയോട് ചോദിച്ചു.. "ഏയ് എന്ത് സങ്കടം...? അങ്ങേര് പോന്നെങ്കിൽ പോട്ടെന്നേ... അതും പറഞ്ഞ് കണ്ണീർ പൊഴിക്കാനൊന്നും ഈ വൃന്ദയെ കിട്ടില്ല... പിന്നെ അച്ഛമ്മ പണ്ട് പറയാറുള്ളതു പോലെ ഏഴു കടലും കടന്ന് ഒരു രാജകുമാരൻ എനിക്ക് വേണ്ടി വരാനുള്ളതല്ലേ... പിന്നെ ഞാനെന്തിനാ വിഷമിക്കുന്നെ..." ഭവാനിയുടെ മിഴിനീർ തുടച്ചു മാറ്റിക്കൊണ്ട് വൃന്ദ ചിരിയോടെ പറഞ്ഞതും ആ പുഞ്ചിരി മെല്ലെ അവരിലേക്കും പടർന്നു... ______💕 "ഹലോ ഞാൻ രാഘവൻ ആണ്..." ശങ്കർ ദാസ് കാൾ അറ്റൻ്റ് ചെയ്തതും അയാൾ പറഞ്ഞു...

"പറയൂ...." "നിങ്ങൾക്ക് എൻ്റെ മൂത്ത മകളുമായുള്ള വിവാഹാലോചനയ്ക്കല്ലേ പ്രശ്നമുള്ളൂ... എൻ്റെ ഇളയ മകൾ വജ്രയെ ശ്രാവണിനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ..?" രാഘവൻ ചോദിച്ചത് കേട്ടതും ശങ്കർ ദാസ് ഒരു വേള സ്തംഭിച്ചു... ശേഷം അയാൾ അല്പ നേരം മൗനം പാലിച്ചു.... "ശരി ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ..." അയാൾ കാൾ കട്ട് ചെയ്തു കൊണ്ട് പറഞ്ഞു.... ജിമ്മിൽ പോയിട്ട് ശ്രാവൺ വീട്ടിലെത്തിയതും നേരം ഇരുട്ടി തുടങ്ങിയിരുന്നു... "ഹലോ അച്ഛാ....." അവൻ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് തിരിഞ്ഞു... "മോനേ..." പിൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അംബിക ശ്രാവണിനെ വിളിച്ചു.... "ഞങ്ങൾ ആ വിവാഹം അങ്ങ് ഉറപ്പിച്ചു...." "ഏത് വിവാഹം..?" അവൻ മുഖം ചുളിച്ച് ചോദിച്ചു... "ഇന്ന് രാവിലെ പോയി പെണ്ണ് കണ്ട...." "ങേ...? നിങ്ങള് രണ്ടും തന്നെയല്ലേ വൃന്ദയുമായുള്ള വിവാഹം വേണ്ടെന്ന് പറഞ്ഞത്...?" ജഗ്ഗിൽ നിന്നും അല്പ്പം വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് കൊണ്ടവൻ ചോദിച്ചു... "അത് വൃന്ദയുമായുള്ള വിവാഹമല്ലേ...? ഞാൻ പറഞ്ഞത് നിൻ്റെയും വജ്രയുടെയും വിവാഹകാര്യമാണ്..." അത് കേട്ടതും ശ്രാവൺ ഞെട്ടി... "അതെങ്ങനെ ശരിയാവും....?

ഞാൻ പെണ്ണ് കണ്ടത് വൃന്ദയെയാണ്... എനിക്കിഷ്ടമായതും അവളെയാണ്... എന്നിട്ടിപ്പോൾ വജ്രയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ...??" "അതിനെന്താ....വൃന്ദ നീ പ്രേമിക്കുന്ന പെണ്ണൊന്നുമല്ലല്ലോ....!! ഒന്ന് പോയി കണ്ടെന്നല്ലേയുള്ളൂ.... വജ്ര വൃന്ദയെക്കാളും ഒട്ടും മോശമല്ല... കാണാനും സുന്ദരി അവള് തന്നെയാണ്.... ഞങ്ങൾ ഇതങ്ങ് ഉറപ്പിച്ചു.... വജ്ര മതി എൻ്റെ മരുമകൾ ആയിട്ട്.... ഞങ്ങൾ അവർക്ക് വാക്കും കൊടുത്തു..." അംബിക ഉറച്ച സ്വരത്തിൽ പറഞ്ഞതും ശ്രാവൺ എന്ത് പറയണമെന്നറിയാതെ ദയനീയമായി അവരെ നോക്കി.... അവൻ അസ്വസ്ഥമായ മനസ്സോടെ മുറിയിലേക്ക് കയറി... ഫോൺ നോക്കിയതും സ്പർശിൻ്റെ മൂന്ന് മിസ്സിഡ് കാൾസ്.... "ഹലോ മൈ ഡിയർ ഹാൻഡ്സം ബ്രോ... പറയ് ഇന്നത്തെ വിശേഷങ്ങൾ മുഴുവൻ പറയ്..." ശ്രാവണിൻ്റെ കാൾ അറ്റൻ്റ് ചെയ്ത് ബെഡിലേക്ക് കിടന്നു കൊണ്ട് സ്പർശ് പറഞ്ഞു.... "എന്ത് വിശേഷം...? പ്രത്യേകിച്ചൊന്നുമില്ല...." അവൻ താത്പര്യമില്ലാതെ പറഞ്ഞു... "ങേ..? എന്നിട്ട് ഞാനറിഞ്ഞത് അങ്ങനെയൊന്നുമല്ലല്ലോ... നിനക്ക് പെണ്ണിനെ ഇഷ്ടമായെന്നും നിൻ്റെ വിവാഹം ഉറപ്പിച്ചെന്നും ഒക്കെയാണല്ലോ...? ഇതിലും വലിയ വേറെ എന്ത് വിശേഷം വേണം...?" സ്പർശ് ചിരിയോടെ പറഞ്ഞു...

"ടാ നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ...?" "എന്താ ഏട്ടാ എന്ത് പറ്റി...? എന്തെങ്കിലും പ്രശ്നമുണ്ടോ...?" അവൻ വ്യാകുലതയോടെ ചോദിച്ചു.. "ഒന്നൂല്ലെടാ.. നീ എന്നത്തേക്ക് നാട്ടിലെത്തും...?" "എന്തായാലും നിൻ്റെ കല്ല്യാണത്തിന് രണ്ട് ദിവസം മുൻപ് ഞാനെത്തിയിരിക്കും പോരെ...?" സ്പർശ് പറഞ്ഞതും ഇനിയെന്തെന്നറിയാതെ ശ്രാവൺ കാൾ കട്ട് ചെയ്ത് ശിരസ്സിൽ കരം ചേർത്തു.... ഒന്ന് ഫ്രഷായി വന്നതിനു ശേഷമവൻ ഡിന്നർ കഴിക്കാൻ താഴേക്ക് ചെന്നിരുന്നു.... വെറുതെ പ്ലേറ്റിലൂടെ കൈയ്യിട്ടിളക്കി കൊണ്ടിരിക്കുന്ന ശ്രാവണിനെ ശങ്കർ ദാസും അംബികയും ഉറ്റു നോക്കി.... ശ്രാവണിൻ്റെ ശരീരം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ... മനസ്സ് വൃന്ദയുടെ അരികിൽ ആയിരുന്നു.... "എന്താ മോനെ...? എന്ത് പറ്റി...?" അംബിക ചോദിച്ചു... "അത് അമ്മേ എനിക്ക് വൃന്ദയെയാണ് ഇഷ്ടം... വജ്ര... അവൾ എൻ്റെ സ്റ്റുഡൻ്റാണ്... അവളെ എനിക്കെൻ്റെ ഭാര്യയായി സങ്കല്പ്പിക്കാൻ പോലും കഴിയുന്നില്ല...." "സ്റ്റുഡൻ്റായതു കൊണ്ടിപ്പോഴെന്താ...? വജ്ര നിനക്ക് നന്നായി ചേരും.. അത് മതി മോനെ... എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും അവളുടെ അമ്മയുടെ സ്വഭാവം നേരിയ അളവിലെങ്കിലും വൃന്ദയിലും പ്രതിഫലിക്കും.... അതു കൊണ്ട് വൃന്ദ വേണ്ട...." അംബികയുടെ മറുപടി ശ്രാവണിൽ നിരാശ പടർത്തി... തനിക്ക് ഒരിക്കലും വജ്രയെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല... ശ്രാവൺ അസ്വസ്ഥമായ മനസ്സോടെ ഓർത്തു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story