സഖീ നിനക്കായ്....💕: ഭാഗം 3

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"അമ്മേ ദയവായി ഒന്ന് മനസ്സിലാക്ക്.... എനിക്ക് വജ്രയെ ഭാര്യയായി ഉൾക്കൊള്ളാൻ കഴിയില്ല... വൃന്ദയെയാണ് എനിക്കിഷ്ടം...!!" ശ്രാവൺ അവസാന ശ്രമമെന്നോണം പറഞ്ഞു... "നിനക്കെന്താ ശ്രാവൺ പറഞ്ഞാൽ മനസ്സിലാവാത്തത്....?! വല്ലവരുടെയും കൂടെ ഒളിച്ചോടി പോയവളുടെ മോളെ തന്നെ നിനക്ക് വിവാഹം കഴിക്കണോ...? അവളുടെ അമ്മയെ പോലെ നാളെ അവളും നിന്നെ വിട്ട് മറ്റൊരുത്തൻ്റെ കൂടെ പോകില്ലെന്ന് ആര് കണ്ടു....? അങ്ങനെയുള്ളപ്പോൾ വൃന്ദയെ ഒരിക്കലും എനിക്കെൻ്റെ മരുമകളാക്കാൻ സാധിക്കില്ല.... വജ്ര മതി നിനക്ക് ഭാര്യയായിട്ട്.... പിന്നെ ഒരു കാര്യം കൂടി.. നീ പെണ്ണ് കണ്ടത് വൃന്ദയെ ആണെന്നും വിവാഹം കഴിക്കുന്നത് വജ്രയെ ആണെന്നും ഒന്നും സ്പർശിനോട് പറയാൻ നിൽക്കണ്ട... രണ്ടും ഒരാൾ ആണെന്ന് പറഞ്ഞാൽ മതി.. അല്ലെങ്കിൽ പിന്നെ അവൻ ഓരോന്ന് കുത്തി കുത്തി ചോദിച്ചോണ്ടിരിക്കും..." അംബിക പറഞ്ഞതും ശ്രാവൺ ഭക്ഷണം മതിയാക്കി അനിഷ്ടത്തോടെ എഴുന്നേറ്റു പോയി.... _______💕

ശ്രാവണുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട് വജ്ര ചെറു ചിരിയോടെ വാതിൽപ്പടിയിലേക്കിരുന്നു... അവളുടെ കപോലങ്ങൾ മെല്ലെ ചുവന്ന് വന്നു..... എത്ര നാളായി എൻ്റെ മനസ്സിൽ സർ കയറി കൂടിയിട്ട്.... പേടിയായിരുന്നു സാറിനോട് തൻ്റെ ഇഷ്ടം തുറന്ന് പറയാൻ.... എന്താകും പ്രതികരണം എന്ന് ഓർത്ത്.... എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി ആ ഭാഗ്യം തന്നെ തേടി വന്നിരിക്കുന്നു... അല്ല അത് ശരിക്കും തന്നെ തേടിയാണോ...?? തൻ്റെ ചേച്ചിയെ തേടിയല്ലേ വന്നത്.....?! വജ്രയുടെ മനസ്സ് അസ്വസ്ഥമായി.... ഞാനായിട്ടൊന്നും ചെയ്തിട്ടില്ലല്ലോ ഈ വിവാഹം മുടക്കാൻ.... അവർ തന്നെയല്ലേ ചേച്ചിയുമായുള്ള വിവാഹം വേണ്ടെന്ന് വെച്ചത്....? പിന്നെ ഞാനെന്തിനാ വെറുതെ ഓരോന്ന് ആലോചിച്ച് എൻ്റെ സമാധാനം കളയുന്നത്...? തൻ്റെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് വജ്ര ചിരിയോടെ ഓർത്തു.... അവൾ കൈയ്യിലുള്ള കണ്ണാടി ഉയർത്തി തൻ്റെ മുഖസൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു.... അല്ലെങ്കിലും സാറിന് മറ്റാരേക്കാളും ചേരുന്നത് ഞാൻ തന്നെയാണ്... അവൾ സ്വയം പുകഴ്ത്തി..

"ഈയിടെയായി പെണ്ണിന് ഒരുക്കം കുറച്ച് കൂടുതൽ ആണ്.... ഏതു നേരവും കണ്ണാടിയുടെ മുൻപിൽ..." സുമിത്രയുടെ മുറുമുറുക്കൽ അവൾ തെല്ലും ഗൗനിച്ചില്ല.... തൻ്റെ പ്രണയം സ്വന്തമാവാൻ പോകുന്ന സന്തോഷത്തിൽ അന്ധയായി പോയിരുന്നവൾ....!! _______💕 വിവാഹമുറപ്പിച്ചതു മുതൽ വജ്ര പഴയതു പോലെ തന്നോട് ഒന്നും സംസാരിക്കാറില്ലെന്ന് വൃന്ദ ഓർത്തു... എന്തോ ഒരു അകൽച്ച തങ്ങൾക്കിടയിൽ രൂപപ്പെട്ടത് പോലെ... ചേച്ചി പെണ്ണേയെന്ന് വിളിച്ച് തൻ്റെ പിന്നാലെ നടന്ന ആളാണ്... ഇപ്പോൾ തനെന്ന ഒരു വ്യക്തി ഇവിടെ ഉണ്ടെന്ന ഭാവം പോലും അവൾ നടിക്കുന്നില്ല...!! വാങ്ങിക്കൂട്ടിയ ആഭരണങ്ങളുടെ ഭംഗി ആസ്വദിക്കുന്ന വജ്രയെ നോക്കി വൃന്ദ ഓർത്തു.... എന്തായാലും നീ സന്തോഷമായിട്ടിരുന്നാൽ മതി... എനിക്കീ വിവാഹം വിധിച്ചിട്ടില്ല... നീയെങ്കിലും സന്തോഷത്തോടെ ജീവിക്ക്...!! വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇരു കുടുംബങ്ങളിലും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.... വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് സ്പർശ് വീട്ടിൽ എത്തുന്നത്....

ആരെയും ആകർഷിക്കുന്ന കടും കാപ്പി മിഴികൾ... കവിളിലെ നുണക്കുഴിയെ മറച്ചു കൊണ്ടുള്ള കുറ്റിത്താടി... മുഖത്ത് സദാ നിറഞ്ഞു നില്ക്കുന്ന പുഞ്ചിരി... ഇവയൊക്കെ അവനിലെ പ്രത്യേകതകളായിരുന്നു.... "അച്ഛാ... അമ്മാ....." അവൻ വന്ന പാടെ ഉറക്കെ വിളിച്ചു... "സ്പർശ് മോനേ....." അവനെ കണ്ടതും അംബിക ഒരു ചിരിയോടെ അവനരികിലേക്ക് നടന്നു.... "എവിടെ നമ്മുടെ കല്ല്യാണ ചെക്കൻ...?" അംബികയുടെ തോളിലൂടെ കൈയ്യിട്ടു കൊണ്ടവൻ ചിരിയോടെ ചോദിച്ചു.. "ശ്രാവൺ മുകളിലുണ്ട്..." "അന്നാൽ ഞാൻ പോയൊന്ന് അവനെ കണ്ടിട്ട് വരട്ടെ... അപ്പോഴേക്കും അമ്മ നല്ല ചൂട് ഉഴുന്നു വട ഉണ്ടാക്കി വെച്ചേ... ഈ കൈപ്പുണ്യം ഞാൻ ശരിക്കും മിസ്സ് ചെയ്തു...." "മതിയെടാ ചെക്കാ സോപ്പിട്ടത്... നീയൊന്ന് കുളിച്ചിട്ട് വാ... നിനക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്..." അവർ ചിരിയോടെ അവൻ പോകുന്നതും നോക്കി നിന്നു.... "ഹലോ ഏട്ടാ... ഞാനെത്തി...." ബെഡിൽ കമിഴ്ന്ന് കിടക്കുന്ന ശ്രാവണിനെ നോക്കി സ്പർശ് പറഞ്ഞതും അവൻ ധൃതിയിൽ പിടഞ്ഞെണ്ണീറ്റു....

"ങാ നീ വന്നോ..." "അതേലോ.." "ആഹ്..." "അല്ല എന്താ ഏട്ടാ നിൻ്റെ മുഖത്തൊരു സന്തോഷം ഇല്ലാത്തെ...? എവിടെ എൻ്റെ ഏട്ടത്തിയമ്മ... വേഗം ഫോട്ടോ കാണിക്ക്...." അവൻ ഉത്സാഹത്തോടെ പറഞ്ഞു.. "അത്.... ഫോട്ടോ ഇല്ല..." ശ്രാവൺ താത്പര്യമില്ലായ്മയോടെ പറഞ്ഞു.. "ങേ.... കെട്ടാൻ പോകുന്ന പെണ്ണിൻ്റെ ഫോട്ടോ ഇല്ലെന്നോ...?" സ്പർശിൻ്റെ കണ്ണ് തള്ളി... "അതെ.. ഇല്ല..." ശ്രാവൺ കടുപ്പത്തിൽ പറഞ്ഞു.... ശ്രാവണിൻ്റെ മുഖം വലിഞ്ഞ് മുറുകിയതും സ്പർശ് പിന്നെ ഒന്നും മിണ്ടാതെ താഴേക്ക് നടന്നു... "അല്ലമ്മേ... ഏട്ടനിതെന്ത് പറ്റി...? ആകെ മൂഡ് ഔട്ട് ആണല്ലോ...?" ഒരു ആപ്പിൾ എടുത്ത് കട്ട് ചെയ്തു കൊണ്ട് സ്പർശ് ചോദിച്ചു... "ഓ അതൊന്നുമില്ല അവന് ചെറിയൊരു നാണം കാണും.. അവൻ്റെ സ്റ്റുഡൻ്റിനെ അല്ലേ വിവാഹം കഴിക്കാൻ പോകുന്നെ.. അതാ..." അംബിക ലാഘവത്തോടെ പറഞ്ഞു... "ഓ അപ്പോൾ സ്റ്റുഡൻ്റിനെ ആണോ അവന് ഇഷ്ടമായത്...?! കൊച്ചു കള്ളൻ....!! എന്നിട്ട് എന്നോടിതുവരെ പറഞ്ഞു പോലുമില്ല...

എന്തിന് ഞാനൊരു ഫോട്ടോ ചോദിച്ചിട്ട് പോലും അവൻ്റെ അടുത്ത് ഇല്ലെന്നാ അവൻ പറഞ്ഞെ... കള്ള കാമുകൻ... അന്നാലും സ്റ്റുഡൻ്റിനെ പോയി കെട്ടാൻ തീരുമാനിച്ചല്ലോ അവൻ.... ശൊ ! എംബിഎ എടുക്കാൻ പോയ നേരത്ത് വല്ല കോളേജിലും പഠിപ്പിക്കാൻ കയറിയാൽ മതിയായിരുന്നു.... എന്ത് ചെയ്യാൻ എനിക്ക് അവൻ്റെ അത്ര ബുദ്ധി പോയില്ലല്ലോ...." അവൻ നെഞ്ചിൽ കൈവെച്ച് ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു... _____💕 സർവ്വാഭരണ വിഭൂഷിതയായി വജ്ര മണ്ഡപത്തിലേക്ക് കയറി.... ഗോൾഡനും റെഡും ഇട കലർന്ന സാരിയിൽ അവൾ ഒരു രാജകുമാരിക്ക് സമാനമായിരുന്നു... ശ്രാവണിൻ്റെ ചാരെയായി ഇരിക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു... ഇടയ്ക്കിടെ ശ്രാവണിനെ അവൾ തല ചെരിച്ച് നോക്കി... ഉള്ളം പ്രണയത്താൽ വിങ്ങി.... ശാസനയോടെ മിഴികളെ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അവൾക്കായില്ല... തിളങ്ങുന്ന അവളുടെ മിഴികൾ അവനിൽ തന്നെ തറഞ്ഞ് നിന്നു.... ശ്രാവൺ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവൻ്റേതായ ലോകത്തായിരുന്നു...വജ്രയുടെ പ്രണയത്തോടെയുള്ള നോട്ടങ്ങൾ അവൻ അറിഞ്ഞിരുന്നില്ല....

എല്ലാവരും കൂടെ നിർബന്ധിച്ച് എന്നെ ഈ വേഷം കെട്ടിക്കുന്നു....!!! അവൻ അമർഷത്തോടെ ഓർത്തു.... "മോളെ വൃന്ദേ... നീയെന്താ ഇവിടെ വന്ന് മാറി നിൽക്കുന്നെ... മണ്ഡപത്തിലേക്ക് വാ...." ഭവാനി വൃന്ദയെ വിളിച്ചു... "ഞാൻ വരുന്നില്ല അച്ഛമ്മേ... എന്തോ എൻ്റെ മനസ്സ് ശരിയല്ല... ഞാനിവിടെ മാറി നിന്നോളാം... അച്ഛമ്മ പൊയ്ക്കോ...." ഭവാനി നിർബന്ധിച്ചെങ്കിലും അവൾ ചെല്ലാൻ കൂട്ടാക്കിയില്ല... ഇനീം എന്നെ കണ്ടതു കൊണ്ട് ആ വീട്ടുകാർക്ക് മുഷിപ്പ് ഒന്നും തോന്നണ്ട... അമ്മ തോന്നിയത് പോലെ പോയതു കൊണ്ട് എല്ലാവരും എന്നെ ഇട്ട് ശിക്ഷിക്കുവല്ലേ...!! നടക്കട്ടെ.... വൃന്ദ അരിശത്തിൽ ഓർത്തു.... ശ്രാവൺ വജ്രയുടെ കഴുത്തിൽ താലി ചാർത്തുന്നത് ഒരു അന്യയെ പോലെ നിർവികാരതയോടെ വൃന്ദ നോക്കി നിന്നു.... വധൂവരന്മാർ പരസ്പരം വരണമാല്യം അണിയിച്ചു.... ______💕 സ്പർശ് ഒരു ക്യാമറയുമായി ആഡിറ്റോറിയത്തിനുള്ളിലൂടെ നടന്നു കൊണ്ടിരുന്നു... ബ്ലൂ കളർ ചെക്ക് ഷർട്ടും വെള്ള മുണ്ടുമായിരുന്നു അവൻ്റെ വേഷം... ങേ... ഇതേതാ ക്യാമറയ്ക്കുള്ളിൽ പരിചിതമായൊരു മുഖം...?

സ്പർശ് പൊടുന്നനെ ക്യാമറ മാറ്റി... ഇതാ കോഴി സുമേഷല്ലേ..? ബിബിഎ കഴിഞ്ഞതിൽ പിന്നെ കണ്ടിട്ടേ ഇല്ലല്ലോ ഇവനെ...അന്നാലും ഇവനിത്ര ഗ്ലാമർ ഒക്കെ വെച്ചോ... പെറ്റ തള്ള കണ്ടാൽ തിരിഞ്ഞ് നോക്കാത്ത കോലമായിരുന്നല്ലോ... ഇപ്പോൾ ആളാകെ മാറി... സ്പർശ് നിരാശയോടെ സ്വയമൊന്ന് നോക്കി.... "ടാ അളിയാ നീയിവിടെ ഉണ്ടായിരുന്നോ..?" സ്പർശ് ചിരിയോടെ സുമേഷിൻ്റെ തോളിൽ തട്ടി... "ടാ സ്പർശേ....." സുമേഷ് സ്പർശിൻ്റെ തോളിലൂടെ കൈയ്യിട്ടു... "എത്ര നാളായെടാ കണ്ടിട്ട്..?" "അതെ... വർഷം നാലഞ്ചായി..അല്ല നീയെന്താ ഇവിടെ..? നിന്നേം കല്ല്യാണത്തിന് വിളിച്ചോ...?" "എടാ ഇന്നെൻ്റെ ഒരേയൊരു ഏട്ടൻ്റെ കല്ല്യാണമാടാ... പിന്നെ ഞാൻ വരാതെ എങ്ങനെയാ..." "ഓഹോ അപ്പോൾ കല്ല്യാണ ചെക്കൻ നിൻ്റെ ഏട്ടനായിരുന്നോ..? വെറുതെയല്ല എനിക്ക് എവിടെയോ കണ്ടൊരു പരിചയം പോലെ തോന്നിയത്... അല്ല എന്താടാ അളിയാ ക്യാമറയൊക്കെ ആയി...? വിവാഹം റിക്കോർഡ് ചെയ്യുവാണോ...?" "റിക്കോർഡ് ചെയ്യാനോ..? ഇതതൊന്നുമല്ല...

വല്ല കിളികളും കുടുങ്ങുന്നോന്ന് നോക്കാനാ...." "കിളികളോ...?" സുമേഷ് സംശയത്തിൽ നോക്കി... "എടാ പൊട്ടാ... നോക്കെടാ എന്തോരം പെൺപിള്ളേരാടാ ഇങ്ങനെ നിരന്ന് നിൽക്കുന്നെ... കണ്ടിട്ട് സഹിക്കുന്നില്ലെടാ... ഏട്ടൻ്റെ കോളേജിലെ മൊത്തം പെണ്ണുങ്ങളും ഉണ്ടെന്നാ തോന്നുന്നെ..." സ്പർശ് ചിരിയോടെ പറഞ്ഞതും സുമേഷിൻ്റെ മിഴികളും തിളങ്ങി.... "ശരിയാടാ.." അവൻ ഉത്സാഹത്തോടെ പറഞ്ഞു... "പക്ഷേ കയറി മുട്ടാൻ പറ്റിയ ഒറ്റ ഒരെണ്ണത്തിനേ പോലും...." പറഞ്ഞവസാനിപ്പിക്കും മുൻപ് സ്പർശിൻ്റെ മിഴികൾ വൃന്ദയിൽ പതിഞ്ഞു.... വിടർന്ന മിഴികൾ.... മുഖത്തേക്ക് പാറി കിടക്കുന്ന ചുരുളൻ മുടിയിഴകൾ.... മൂക്കിൽ തുമ്പിലെ വെള്ളക്കൽ മുക്കൂത്തി.... വികാരമേതുമില്ലാത്ത മുഖഭാവം... "ആഹ് ഇത് മതി മോനെ...." സ്പർശ് നെഞ്ചിൽ കൈ വെച്ചു.... അവൻ ഒരു പുഞ്ചിരിയോടെ വൃന്ദയ്ക്കരികിലേക്ക് നടന്നു... "ഹലോ... ഐയാം സ്പർശ്...സ്പർശ് ശങ്കർ..." കോളർ ഒന്ന് നേരെയാക്കിക്കൊണ്ട് അവൻ പറഞ്ഞു... "അതിന്....?!" കരങ്ങൾ മാറിൽ പിണച്ച് വെച്ച് വൃന്ദ പുരികം പൊക്കി ചോദിച്ചു..

. "അ...അതിന്.... അതിനൊന്നുമില്ല... ഞാൻ കല്ല്യാണ ചെക്കൻ്റെ ഒരേ ഒരു...." പറഞ്ഞ് വന്നത് പാതി വഴിയിലവൻ നിർത്തി... വേണ്ട... ഏട്ടൻ്റെ ഇമേജ് വെറുത ഞാനായിട്ട് കളയണ്ട.... മിക്കവാറും ഏട്ടൻ്റെ ഏതേലും സ്റ്റുഡൻ്റ് ആയിരിക്കും ഇവൾ.... അവൻ ഓർത്തു.... "അല്ല താൻ ചെറുക്കൻ്റെ കൂട്ടത്തിലുള്ളതാണോ പെണ്ണിൻ്റെ കൂട്ടത്തിലുള്ളതാണോ...?" താത്പര്യമില്ലായ്മ പ്രകടമാക്കിയ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടവൻ ചോദിച്ചു... "ഞാൻ രണ്ട് കൂട്ടത്തിലും പെട്ടതല്ല..." അവൾ അരിശത്തോടെ പറഞ്ഞു... "ഓഹോ അപ്പോൾ വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാൻ വന്നതാണല്ലേ...?" എന്തോ കണ്ട് പിടിച്ചവനെ പോലെ സ്പർശ് ചിരിയോടെ ചോദിച്ചു... വൃന്ദ മിഴികൾ കൂർപ്പിച്ചവനെ ഒന്ന് നോക്കിയിട്ട് ദേഷ്യത്തിലെന്തോ പിറു പിറുത്തു കൊണ്ട് നടന്നു പോയി.... "ഇഷ്ടായി... ഇഷ്ടായെടീ നിന്നെ...." മീശ ഒന്ന് പിരിച്ചു കൊണ്ടവൻ അവൾ പോകുന്നതും നോക്കി കുറുമ്പോടെ പറഞ്ഞു... _______💕

ചടങ്ങുകളെല്ലാം പൂർത്തിയായി... ആർഭാടമായി തന്നെ.... നിലവിളക്കുമായി വലതു കാൽ വെച്ച് വജ്ര ദേവമംഗലം തറവാട്ടിലേക്ക് കയറി... അംബിക അഭിമാനത്തോടെ വജ്രയെ സർവ്വർക്കും മുൻപിൽ പരിചയപ്പെടുത്തി.... കാത്തിരുന്ന ഭാഗ്യം തനിക്ക് കൈവന്ന പോലെ വജ്ര പൂർണ്ണ മനസ്സോടെ സന്തോഷവതിയായി ബന്ധുക്കളുടെ നടുവിൽ ഇരുന്നു.... അപ്പോഴും അവളുടെ മിഴികൾ ശ്രാവണിനെ പരതി.... എന്നാൽ ശ്രാവണിനെ തനിക്ക് ചുറ്റും കാണാത്തത് അവളിൽ നിരാശ പടർത്തി.... സമയം രാത്രിയായതും ശ്രാവൺ അസ്വസ്ഥമായ മനസ്സോടെ ജനലഴികളിൽ പിടിച്ചു നിന്നു... വജ്ര വരാൻ സമയമായിട്ടുണ്ടാവും... അവൻ ഓർത്തു.. എന്തായാലും വജ്രയെ എനിക്ക് ഭാര്യയായി കാണാൻ കഴിയില്ല... എൻ്റെ മനസ്സിൽ വൃന്ദയ്ക്ക് മാത്രമാണ് സ്ഥാനം...!! വജ്രയെ എങ്ങനെയെങ്കിലും എന്നിൽ നിന്നും അകറ്റി നിർത്തിയേ മതിയാകൂ... അവൻ മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story