സഖീ നിനക്കായ്....💕: ഭാഗം 4

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"ദാ മോളെ.... അവൻ നിന്നെ അവിടെ കാത്തിരിക്കുന്നുണ്ടാവും....." വജ്രയുടെ കരങ്ങളിലേക്ക് പാൽ ഗ്ലാസ്സ് നല്കിക്കൊണ്ട് അംബിക പറഞ്ഞതും അവളുടെ കവിളുകൾ ചുവന്നു.... വജ്ര ചെറു ചിരിയോടെ ശ്രാവണിൻ്റെ മുറിയിലേക്ക് നടന്നു.. തൻ്റെ പ്രണയം തനിക്ക് സ്വന്തമാവാൻ പോകുന്ന സന്തോഷത്തിൽ.... ഒപ്പം ചെറിയൊരു പരിഭ്രമം അവളിൽ കടന്നു കൂടി.... ബഹുമാനത്തോടെയല്ലാതെ ആ മുഖത്തേക്ക് നോക്കിയിട്ടില്ല... പ്രണയത്തോടെയല്ലാതെ അദ്ദേഹത്തെപ്പറ്റി ചിന്തിച്ചിട്ടില്ല.... മനസ്സിൽ താൻ ആരാധിച്ച ആ പുരുഷൻ ഇന്ന് തൻ്റെ ഭർത്താവാണെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി... എല്ലാം ഒരു സ്വപ്നം പോലെ... അവളുടെ ഉള്ളം തുടിച്ചു.... അവൾ തെല്ലൊരു വിറയലോടെ അകത്തേക്ക് ചുവടുകൾ വെച്ചു... ബെഡിൽ കിടക്കുന്ന മുല്ലപ്പൂക്കൾ കാൺകെ ആ പെണ്ണിൻ്റെ മുഖം നാണത്താൽ താഴ്ന്നു പോയി.. പുറത്തേക്ക് മിഴികൾ നട്ടിരിക്കുന്ന ശ്രാവണിനെ കണ്ടതും അവളുടെ നേത്രങ്ങൾ വിടർന്നു... എന്നാൽ അവൾ വന്നതു പോലും അറിയാനാവാത്ത വിധമവൻ്റെ മനസ്സ് അസ്വസ്ഥമായി തീർന്നിരുന്നു... എന്താ വിളിക്കാ....?!

അവൾ വെപ്രാളത്തോടെ ഓർത്തു... "ഏട്ടാ...." ഉള്ളിൽ ഉരുണ്ടു കൂടുന്ന വികാരങ്ങൾക്ക് കടിഞ്ഞാണിട്ടു കൊണ്ടവൾ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... അവളുടെ മിഴികൾ തിളങ്ങി.... പ്രണയത്തിൻ്റെ തിളക്കം.. ഒപ്പം ആഗ്രഹിച്ചതെന്തോ നേടിയതിൻ്റെ സംതൃപ്തി അവളുടെ ഹൃദയത്തെ കീഴ്പ്പെടുത്തി.... ശ്രാവൺ പിൻതിരിഞ്ഞതും മുൻപിൽ നില്ക്കുന്ന വജ്രയെ കണ്ടു... പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവളെ കാൺകെ എന്ത് പറയണമെന്നറിയാതെ അവൻ തറഞ്ഞു നിന്നു... ഉള്ളിൽ വല്ലാത്തൊരു കനം.... എങ്കിലും ചൊടികളിൽ പ്രയാസപ്പെട്ടൊരു പുഞ്ചിരി വരുത്തി.... കൈയ്യിലുള്ള പാൽ ഗ്ലാസ്സ് അവന് നേരെ നീട്ടുമ്പോൾ ആ സാമീപ്യത്തിൽ ഹൃദയം ദുർബലമാകുന്നതവൾ അറിഞ്ഞു... ശ്രാവൺ പാൽ ഗ്ലാസ്സ് വാങ്ങി ടേബിളിലേക്ക് വെച്ചു.... ശേഷം വജ്രയ്ക്ക് നേരെ തിരിഞ്ഞു... ______💕 "ആരാ നീ പെണ്ണേ....?! കണ്ട മാത്രയിൽ തന്നെ എൻ്റെ ഹൃദയത്തെ നീ അടിമപ്പെടുത്തി കളഞ്ഞല്ലോ...!!" കരങ്ങൾ രണ്ടും ശിരസ്സിന് പിന്നിൽ ചേർത്തു വെച്ച് സ്പർശ് ടെറസ്സിൽ കിടന്നു... മിഴികൾ കൂർപ്പിച്ചുള്ള ആ നോട്ടം അവൻ്റെ ഉള്ളിൽ തറഞ്ഞ് നിന്നു...

അവളുമായി ഇവിടെ വന്ന് കൺചിമ്മുന്ന ഈ താരകക്കൂട്ടങ്ങളെ സാക്ഷിയാക്കി കൈകൾ കോർത്തിരിക്കണം... പേരറിയാത്തൊരു വികാരം അവൻ്റെയുളളിൽ ഉടലെടുത്തു... മറ്റുള്ളവരിൽ നിന്ന് എന്തോ... എന്തോ ഒന്ന് അവളെ വ്യത്യസ്തയാക്കുന്നുണ്ട്.... നീ എനിക്കായ് പിറന്നതാണെന്ന് ഹൃദയം മൊഴിയുന്നതു പോലെ... നിന്നിലുള്ള ആ പ്രത്യേകത എൻ്റെ മനസ്സിനെ നിന്നിലേക്കാവാഹിക്കുന്നു.... എങ്ങനെയാ അവളെയൊന്ന് കണ്ടെത്തുക....? ആരായിരിക്കുമവൾ... ഏട്ടൻ്റെ സ്റ്റുഡൻ്റാണോ അതോ ഇനീം ഏട്ടത്തിയുടെ നാട്ടിലുള്ളതാവുമോ...? സ്പർശ് ചിന്തിച്ചു... അവൻ തൻ്റെ ക്യാമറയിൽ എടുത്ത വൃന്ദയുടെ ഫോട്ടോയിലൂടെ മിഴികൾ പായിച്ചു... ആ സുമേഷിന് ഈ ഫോട്ടോ അയച്ച് കൊടുത്ത് ഒന്ന് അന്വേഷിക്കാൻ പറഞ്ഞാലോ....? ശെ! എന്തൊരു മണ്ടത്തരമാ... എന്നിട്ട് വേണം അവൻ ഇവളെ വളച്ചെടുക്കാൻ... അത് വേണ്ട... ഇവൾ എനിക്കായ് മാത്രം പിറന്നതാ... അവൻ വൃന്ദയുടെ ഫോട്ടോയിൽ ചുണ്ടമർത്തി.... എൻ്റെ പ്രണയം.... അത് സഖീ നിനക്കായ്.... നിനക്കായ് മാത്രമാ... അവൻ പുഞ്ചിരിയോടെ നിലാവിനെ നോക്കി.... ഏട്ടനും ഏട്ടത്തിയും രണ്ട് ദിവസം കഴിഞ്ഞ് ഏട്ടത്തിയുടെ വീട്ടിൽ പോകില്ലേ.... അപ്പോൾ അവരുടെ കൂടെ പോകണം.... അവൻ ചിരിയോടെ ഓർത്തു.... ______💕

"അന്നാലും ചേച്ചി നിൽക്കെ അനിയത്തിയെ കെട്ടിച്ചു വിടണമായിരുന്നോ..? വൃന്ദയുടെ കാര്യം കഴിഞ്ഞിട്ടു മതിയായിരുന്നു വജ്രയുടെ വിവാഹം...." സുമിത്ര രാഘവനോട് പറഞ്ഞു... "ഞാനെന്ത് ചെയ്യാനാ..? അവളുടെ തള്ള കാട്ടിക്കൂട്ടിയതിൻ്റെ ഫലം അവൾ അനുഭവിക്കുന്നു..." അയാൾ അരിശത്തോടെ പറഞ്ഞു... "അതിൽ വൃന്ദ എന്ത് തെറ്റു ചെയ്തു..?" "മതി അവളെ ന്യായീകരിക്കണ്ട...!!" രാഘവൻ ദേഷ്യത്തോടെ വാതിൽപ്പടിയിൽ നിന്നും എഴുന്നേറ്റു പോയി.... എല്ലാം കേൾക്കെ വൃന്ദയ്ക്ക് വല്ലാത്ത സങ്കടം തോന്നി.... അവൾ ഭാരമേറിയ ഹൃദയത്തോടെ മുറ്റത്തേക്കിറങ്ങി... സങ്കടം ഉള്ളിലൊതുക്കിയവൾ പുഞ്ചിരിച്ചു... അവൾ വിടർന്ന മിഴികളോടെ നിലാവിനെ നോക്കി.... വരുമോ അച്ഛമ്മ പറയാറുള്ളത് പോലെ ഒരു രാജകുമാരൻ..? എനിക്കായ്.... എനിക്കായ് മാത്രം....? അവൾ സ്വയം ചോദിച്ചു... എവിടുന്ന് വരാനാ അല്ലേ...?

ഞാനും എൻ്റെ അമ്മയെ പോലെ അയാളെ ഉപേക്ഷിച്ചിച്ച് വല്ലവൻ്റെയും കൂടെ പോകുമോന്ന് അവർക്കും സംശയം തോന്നിയാലോ.... അവൾ നോവോടെ ഓർത്തു... അവൾ മുറിയിലേക്ക് ചെന്ന് അസ്വസ്ഥമായ മനസ്സോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഒപ്പം സ്പർശിൻ്റെ മുഖം അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു... ഹും.... വിളിക്കാത്ത കല്ല്യാണത്തിന് ഉണ്ണാൻ വന്നതല്ലേന്ന്... അയാളാരാ അത് ചോദിക്കാൻ....? അങ്ങേരുടെ കല്ല്യാണമൊന്നും അല്ലായിരുന്നല്ലോ... വലിഞ്ഞു കേറി ചെല്ലുന്നത് അയാളുടെ സ്വഭാവമായിരിക്കും... എന്നും വെച്ച് എല്ലാവരും അങ്ങനെയാവണമെന്നുണ്ടോ..? അവൾ തലയണയുടെ മേൽ അമർഷം തീർത്തു.... ______💕 വജ്ര നാണത്തോടെ തല താഴ്ത്തി നിൽക്കുകയാണ്.... മിഴികൾ ഉയർത്തി അവനെ നോക്കാനവൾക്ക് വല്ലാത്ത ചമ്മൽ തോന്നി.... വർദ്ധിച്ച ഹൃദയമിടിപ്പുകളും ഉയർന്നു താഴുന്ന ശ്വാസഗതിയുമവളെ മറ്റേതോ ലോകത്തേക്ക് കൊണ്ടു പോയി... മിഴികളിൽ വല്ലാത്തൊരു പിടപ്പ് നിറഞ്ഞു.. സാരിത്തുമ്പിൽ ഇറുകെ പിടിച്ചിരുന്ന വിരലുകൾ വിറയ്ക്കുവാൻ തുടങ്ങി...

ശ്രാവണിൻ്റെ ചെന്നിയിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി... പറയാൻ പോകുന്നതിന് വേണ്ടിയവൻ മനസ്സിനെ സജ്ജമാക്കി... എനിക്ക് നിന്നെയല്ല.... നിൻ്റെ ചേച്ചിയെയാണ് ഇഷ്ടം... നിന്നെ ഭാര്യയായി ഉൾക്കൊള്ളാൻ എനിക്കൊരിക്കലും കഴിയില്ല... ശ്രാവൺ വജ്രയെ നോക്കി ഓർത്തു... "വജ്രാ....!!" അവൻ ഗൗരവത്തോടെ വിളിച്ചതും അവൾ സ്വബോധത്തിലേക്ക് വന്നതു പോലെ ഞെട്ടലോടെ മുഖമുയർത്തി.... ഗൗരവമേറിയ മുഖത്തേക്കവൾ പരിഭ്രമത്തോടെ നോക്കി... മിഴികൾ പിടഞ്ഞു... "വജ്രാ...!!" ഉം... അവൾ മൃദുലമായി മൂളി.... "എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ട്..." "പ... പറഞ്ഞോളൂ...." അവൾ ആകാംഷയോടെ അവൻ്റെ മുഖത്തേക്ക് ഉറ്റു നോക്കി....!!........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story