സഖീ നിനക്കായ്....💕: ഭാഗം 5

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"നോക്ക് വജ്രാ.... ഒരു കുടുംബ ജീവിതം തുടങ്ങാനുള്ള സമയം നമ്മുക്ക് ആയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല..." ശ്രാവൺ പറഞ്ഞത് കേട്ടതും വജ്ര നടുങ്ങി.... "ആദ്യരാത്രിയിൽ ഒരു പെണ്ണും സ്വന്തം ഭർത്താവിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്തതാണ് ഞാൻ പറഞ്ഞതെന്ന് അറിയാം... പക്ഷേ നിനക്കറിയാമല്ലോ നമ്മുടെ വിവാഹം അപ്രതീക്ഷിതമായി നടന്നതാണെന്ന്... ഞാൻ കാണാൻ വന്നത് നിൻ്റെ ചേച്ചിയെയാണ്... പക്ഷേ വിവാഹം കഴിച്ചത് നിന്നെയും... എന്നെ എല്ലാവരും കൂടി നിർബന്ധിച്ച് ഈ വിവാഹത്തിന് സമ്മതിപ്പിച്ചതാണ്... അതു പോലെ തന്നേയും നിർബന്ധിച്ചതായിരിക്കുമല്ലോ... നമ്മുടെ രണ്ട് പേരുടെയും കുടുംബങ്ങൾ നമ്മളെ സമ്മർദ്ദത്തിലാക്കി.... മാത്രമല്ല താനിപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.. ഇത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്.. മറ്റൊന്നിനെ പറ്റിയും ചിന്തിക്കണ്ട.... പിന്നെ രണ്ട് വീട്ടുകാരുടെയും മുൻപിൽ നമ്മൾ ഉത്തമരായ ഭാര്യാഭർത്താക്കന്മാരാണ്... അതിനിയും താനായി തിരുത്താൻ നിൽക്കണ്ട..." ശ്രാവൺ പറഞ്ഞവസാനിപ്പിച്ചതും താൻ ഉള്ളിൽ നെയ്ത സ്വപ്നങ്ങൾ ഒരു ചീട്ടു കൊട്ടാരം തകരുന്നത് പോലെ തകർന്നടിയുന്നത് വജ്രയറിഞ്ഞു... ഞാൻ നിങ്ങളെ സ്നേഹിക്കുന്നു....!!

ഒരുപാട് സ്നേഹിക്കുന്നു.... ആരും എന്നെ നിർബന്ധിച്ചിട്ടില്ല.. എനിക്ക് നിങ്ങളോട് പ്രണയമാണ്...!! അവളുടെ ഉള്ളം അലറി വിളിച്ചു... എന്നാൽ അവ വെറും നിശബ്ദമായ തേങ്ങലുകളായിരുന്നു.... ശബ്ദം പുറത്തേക്ക് വരാൻ മടി കാട്ടും പോലെയവൾക്ക് തോന്നി... "ഏയ് താൻ വിഷമിക്കണ്ട.... നമ്മുക്ക് ഒരു സൊലൂഷൻ കണ്ടെത്താം... എല്ലാം ഉൾക്കൊള്ളാൻ തനിക്കും സമയം വേണമെന്ന് അറിയാം... പിന്നെ നേരം ഒരുപാടായി.... താൻ ഇവിടെ കിടന്നോളൂ.... എനിക്കും നല്ല ക്ഷീണമുണ്ട്... ഞാനെൻ്റെ സ്റ്റഡീ റൂമിൽ ഉണ്ടാവും..." ശാന്തമായി അത്രയും പറഞ്ഞവൻ കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ തലയണയും ബെഡ് ഷീറ്റും എടുത്ത് സ്റ്റഡീ റൂമിലേക്ക് നടന്നു... അവൻ്റെ പ്രവർത്തിയുടെ പൊരുൾ വജ്രയ്ക്ക് മനസ്സിലായിരുന്നില്ല... ശ്രാവണിൻ്റെ വാക്കുകൾ തന്നിലേല്പ്പിച്ച ഞെട്ടലിൽ നിന്ന് മുക്തി നേടാനാകാതെ തറഞ്ഞ് നിന്നു പോയിരുന്നവൾ....!! ഉള്ളിൽ അണ പൊട്ടിയ സങ്കടം അവളുടെ മിഴികൾ പ്രകടമാക്കി... അല്പം കഴിഞ്ഞതും അവൾ മെല്ലെ വാതിൽ ചെന്നടച്ച് ബെഡിൽ വന്നിരുന്നു.. അവൾക്ക് വല്ലാതെ തല പെരുക്കുന്നത് പോലെ തോന്നി.... കടുത്ത തലവേദനയ്ക്കിടയിലും ക്ഷീണം കാരണം അവളുടെ മിഴികൾ അടഞ്ഞു വന്നു.... _______💕

"ഈ കുട്ടിയിതെവിടെ പോയി...? ഉമ്മറത്ത് വിളക്ക് വെയ്ക്കണ്ട സമയം കഴിഞ്ഞല്ലോ...!!" ഭവാനി പിറുപിറുത്തു കൊണ്ട് വൃന്ദയുടെ മുറിയിലേക്ക് നടന്നു... "അല്ല ഇവളിതുവരെ എഴുന്നേറ്റില്ലേ...?" പുതച്ചു മൂടി കിടക്കുന്ന വൃന്ദയെ നോക്കിയവർ സ്വയം ചോദിച്ചു.... ജനല് പോലും അടച്ചില്ലേ ഇവിളന്നലെ...? തുറന്ന് കിടക്കുവാണല്ലോ....!! അവർ ജനലിൻ്റെ കൊളുത്തിട്ട് വൃന്ദയ്ക്കരികിലേക്ക് നടന്നു... "മോളെ വൃന്ദേ... എഴുന്നേല്ക്ക് കുട്ടീ.." അവർ വൃന്ദയുടെ ശിരസ്സിൽ തഴുകി... "ആഹ്... അച്ഛമ്മേ..." അവൾ ഉറക്കപ്പിച്ചയിൽ മൂളി.... "നെറ്റി ചുട്ടു പൊള്ളുന്നല്ലോ... രാത്രിയിൽ ഉള്ള തണുപ്പ് മൊത്തോം അടിച്ചിട്ടാ കിടന്ന് പനിക്കുന്നെ.... ആ ജനലടയ്ക്കാൻ പാടില്ലായിരുന്നോ നിനക്ക്...? നിൽക്ക് ഞാൻ പോയി വെള്ളം ചൂടാക്കിയിട്ട് വരാം..." "അതൊന്നും വേണ്ട അച്ഛമ്മേ... എനിക്ക് കുഴപ്പമൊന്നുമില്ല..." അവൾ ഭവാനിയെ ഇറുകെ പുണർന്നു കൊണ്ട് കൊഞ്ചലോടെ പറഞ്ഞു... "ഇന്നെന്തായാലും ട്യൂഷൻ സെൻ്ററിൽ പോകാൻ നിൽക്കണ്ട നീയ്..." "എൻ്റെ ആകെയുള്ള ഒരു വരുമാന മാർഗ്ഗം ഭവാനിക്കുട്ടി മുടക്കുമോ...?" മുടി വാരിക്കെട്ടിക്കൊണ്ടവൾ ചിരിയോടെ ചോദിച്ചു... "പനി കൂടെണ്ടാന്ന് കരുതി പറഞ്ഞതാ ഞാൻ... നിൻ്റെ ഇഷ്ടം പോലെ ചെയ്യ്...

എന്തായാലും ഇച്ചിരി കാപ്പിയിട്ടിട്ട് വരാം ഞാൻ..." അവർ പോകുന്നത് വൃന്ദ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... _______💕 വജ്ര കുളിച്ചിറങ്ങി കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്നു... ഈറൻ മുടിയിഴകൾ ഒരു തോർത്തിനാൽ കെട്ടി വെച്ചിട്ടുണ്ട്... ഇളം പച്ച നിറത്തിലുള്ള ഒരു സാരിയാണ് വേഷം... അല്പം കൺമഷിയെടുത്തവൾ മിഴികൾ വാലിട്ടെഴുതി.... കുങ്കുമ ചെപ്പ് തുറന്ന് സീമന്തരേഖ ചുവപ്പിക്കുമ്പോഴും മനസ്സ് തലേന്ന് ശ്രാവൺ പറഞ്ഞ വാചകളിൽ തന്നെ കുടുങ്ങിക്കിടന്നു... ഉള്ളുരുകുന്ന പോലെ തോന്നിയവൾക്ക്.... സാരമില്ല എല്ലാം ശരിയാകുമായിരിക്കും... അവൾ സ്വയം സമാധാനിച്ചു.... ഉറങ്ങിക്കിടക്കുന്ന ശ്രാവണിനെ അവൾ പ്രണയത്തോടെ നോക്കി... എന്നാ... എന്നാ എന്നെ ഈ നെഞ്ചോടൊന്ന് ചേർത്ത് പിടിക്കാ...?! എന്നാ എന്നെ ഒന്ന് പ്രണയത്തോടെ നോക്കാ...?! എനിക്ക് ഇഷ്ടാ നിങ്ങളെ ഒത്തിരി... അവളുടെ ഉള്ളം മൊഴിഞ്ഞു കൊണ്ടിരുന്നു.. അവൻ്റെ മുഖത്തോട് പറ്റിച്ചേർന്ന് കിടന്ന മുടിയിഴകൾ അവൾ വകഞ്ഞ് മാറ്റി.... അവൻ ഒന്ന് ഞെരുങ്ങിയതും അവൾ ഞൊടിയിടയിൽ കരങ്ങൾ പിൻ വലിച്ചു... പെട്ടെന്ന് തന്നെ ശ്രാവൺ ഞെട്ടിയുണർന്നു... അത് കാൺകെ വജ്ര വല്ലാതെ പരിഭ്രമിച്ചു... "നീയെന്താ ഇവിടെ...?"

മുൻപിൽ നിൽക്കുന്ന വജ്രയെ കണ്ടതും അവൻ അങ്കലാപ്പോടെ ചോദിച്ചു... പെട്ടെന്നാണ് താൻ ചോദിച്ചതെന്താണെന്നവന് ബോധ്യം വന്നത്... അവൻ തലയിലൊന്ന് കൊട്ടി അവളെ നോക്കി... "അത്... ഏ... അല്ല.. സർ... സമയം ഏഴു മണിയായി... എഴുന്നേല്ക്കാഞ്ഞോണ്ടാ ഞാൻ...!!" വജ്ര വിക്കി വിക്കി പറഞ്ഞു... "ങും ശരി... അല്ല താൻ നേരത്തെ എഴുന്നേറ്റോ...?" അവൻ ഒന്ന് കണ്ണു തിരുമിക്കൊണ്ട് ചോദിച്ചു... "എനിക്കത് ശീലമാണ് സർ..." അത് പറയുമ്പോൾ പല ദിവസവും എഴുന്നേല്ക്കാൻ വൈകിയതിന് അമ്മയുടെ കൈയ്യുടെ ചൂടറിഞ്ഞതവളുടെ ഓർമ്മയിലൂടെ മിന്നി മാഞ്ഞു... "ഉം.. ഗുഡ്..." അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു... കഷ്ടപ്പെട്ട് ഈ സാരി ഉടുത്തത് വെറുതെയായല്ലോ എന്നവൾ നിരാശയോടെ ഓർത്തു... പെട്ടെന്നവൻ പിൻതിരിഞ്ഞവളെ നോക്കി.... "അല്ല താനെന്താ ഈ വേഷത്തിൽ...?" അവൻ അവളെ ആകമാനം ഒന്ന് നോക്കിക്കൊണ്ട് ചോദിച്ചു... "അല്ല അമ്മ പറഞ്ഞു സാരി...." "അതിന്...? ആരുടെയും പറച്ചിൽ കേട്ട് അതിനനുസരിച്ച് വേഷം കെട്ടാൻ നിൽക്കണ്ട താൻ.... താൻ തൻ്റെ വീട്ടിൽ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ മതി ഇവിടെയും.. ഈ വേഷം കെട്ടൽ ഒക്കെ കാട്ടിക്കൂട്ടുന്ന നേരത്ത് പോയി നാലക്ഷരം പഠിക്കാൻ നോക്ക്..."

ഗൗരവത്തോടെ പറഞ്ഞു കൊണ്ടവൻ ബാത്ത് റൂമിലേക്ക് കയറി... വജ്ര നിസ്സംഗതയോടെ താഴേക്ക് നടന്നു... "ആഹ് മോള് വന്നോ... അവൻ എഴുന്നേറ്റോ...?" വജ്രയെ കണ്ടതും അംബിക ചിരിയോടെ ചോദിച്ചു... "ഉം.. ഏട്ടൻ കുളിക്കാൻ കയറി..." തിരികെ ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു... "കുളിച്ചു കഴിഞ്ഞാൽ അവനൊരു കോഫി പതിവാ.." വജ്ര തലയനക്കി... _______💕 മുഖത്തേക്ക് സൂര്യപ്രകാശം അടിച്ചതും സ്പർശ് ഞെരുങ്ങി.... അവൻ കൈകൾ കുടഞ്ഞു കൊണ്ട് എഴുന്നേറ്റു... "ഇതെന്താ ടെറസ്സിലാണോ ഇന്നലെ ഞാൻ കിടന്നത്....? ശെ! അവളെ ഓർത്ത് കിടന്നതാ..." അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.... "ആരും എന്നെ ഒന്ന് വിളിച്ച് പോലുമില്ലല്ലോ... ഓഹ് അതിന് ആരറിഞ്ഞു ഞാനിവിടെയാ കിടന്നതെന്ന്....!!" അവൻ സ്വയം പറഞ്ഞു കൊണ്ട് എഴുന്നേറ്റു.... അവൻ ഒരു മൂളിപ്പാട്ടും പാടി താഴേക്ക് നടന്നു.... വജ്ര കോഫിയുമായി മുകളിലേക്ക് നടന്നതും എതിരെ വരുന്ന സ്പർശിനെ കണ്ട് പുഞ്ചിരിച്ചു... "ഗുഡ് മോണിംഗ് ഏട്ടത്തി... വീട് വിട്ട് മാറിയതിൻ്റെ വിഷമം ഒന്നും ഇല്ലല്ലോ അല്ലേ.... അല്ല ഏട്ടൻ എവിടെ...? ഓ ക്ഷീണമായിരിക്കും അല്ലേ..." പറഞ്ഞു കഴിഞ്ഞതുമവൻ നാവ് കടിച്ചു.... വജ്ര വിമ്മിഷ്ടത്തോടെ അവനെ നോക്കി....

"അല്ല ഇന്നലെ കല്ല്യാണത്തിൻ്റെ ക്ഷീണം ഒക്കെ കാണുമായിരുന്നല്ലോ... അതാ ഞാൻ ഉദ്ദേശിച്ചത്..." ഉം.... വജ്ര ഒന്ന് മൂളിക്കൊണ്ട് മുകളിലേക്ക് നടന്നു... _______💕 "വൃന്ദാ അന്ന് നീ അപ്ലൈ ചെയ്തില്ലായിരുന്നോ കിൻ്റർഗാർട്ടനിലെ ടീച്ചറുടെ ഒഴുവിന്... അത് ശരിയായിട്ടുണ്ട്... ഒരാഴ്ചയ്ക്കുള്ളിൽ ട്രിവാൻഡ്രത്ത് വന്ന് ജോയിൻ ചെയ്യണം.." അമൃത വിളിച്ചു പറഞ്ഞതും വൃന്ദയുടെ മുഖം വിടർന്നു.... "അച്ഛമ്മേ അച്ഛമ്മേ... എനിക്ക് ജോലി ശരിയായി...." അവൾ ഉത്സാഹത്തോടെ വിളിച്ചു പറഞ്ഞു.... "ചെറിയമ്മേ എനിക്ക് ജോലി ശരിയായേ..." അത് കേട്ടതും സുമിത്ര ഒരു പുഞ്ചിരിയോടെ വൃന്ദയ്ക്കരികിലേക്ക് നടന്നു... "മോളെ വൃന്ദേ.. ഇന്ന് ശ്രാവണും വജ്രയും വിരുന്നിന് വരുന്നത് നിനക്കറിയാമല്ലോ... നിന്നെ ഇവിടെ കണ്ടാൽ അത് ശരിയാവില്ല... മോൾക്ക് ഒന്നും തോന്നരുത്.... നീ അപ്പുറത്ത് ചെറിയച്ഛൻ്റെ വീട്ടിലേക്ക് ചെല്ല്... അവർ പോയിട്ട് വന്നാൽ മതി....." അത് കേട്ടതും വൃന്ദയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി... അവൾ മുഖം കറുപ്പിച്ച് പുറത്തേക്ക് നടന്നു... _____💕 വജ്ര ഒരു ബ്ലൂ കളർ ഷർട്ട് എടുത്ത് തേയ്ച്ച് വെച്ചു.. ഇത് ഏട്ടന് നന്നായി ചേരും... അവൾ ഓർത്തതും ശ്രാവൺ റൂമിലേക്ക് കടന്നു വന്നതും ഒരുമിച്ചായിരുന്നു.... പതിവിലും തുടുത്ത മുഖത്തോടെ ഇരിക്കുന്ന വജ്രയെ അവനൊന്ന് നോക്കി....

പെട്ടെന്നവൻ മിഴികൾ വെട്ടിച്ചു.... "അതെ ഏട്ടാ...." "സർ...!! അങ്ങനെ വിളിച്ചാൽ മതി... റൂമിന് വെളിയിൽ മതി ഉത്തമ ഭാര്യയായി ഉള്ള അഭിനയം..." അവൻ സ്വരം കനപ്പിച്ച് പറഞ്ഞു.. വജ്രയുടെ മിഴികൾ പെയ്യാൻ വെമ്പി... പക്ഷേ അതവൾ അടക്കി നിർത്തി... "ഈ ഷർട്ട് ഇടുമോ...?" അവൾ വിതുമ്പലോടെ ചോദിച്ചു... "നോക്ക് വജ്രാ താൻ ഇതൊന്നും എനിക്ക് വേണ്ടി ചെയ്യേണ്ട ആവശ്യമില്ല... എൻ്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ എനിക്ക് നന്നായി അറിയാം..." അവൻ അലമാരയിൽ നിന്ന് ഒരു റെഡ് ടീ ഷർട്ട് എടുത്തു കൊണ്ട് പറഞ്ഞതും അവളുടെ മുഖം ഒന്നും കൂടി മങ്ങി.... "താൻ റെഡിയായെങ്കിൽ താഴേക്ക് വന്നേക്ക്... ഞാൻ വെളിയിൽ വെയ്റ്റ് ചെയ്യാം..." അത്രയും പറഞ്ഞവൻ പുറത്തേക്ക് നടന്നു.. ഇതെന്താ ഈ മനുഷ്യൻ ഇങ്ങനെ...? എന്നെ ഒട്ടും ഇഷ്ടമല്ലേ...? എങ്ങനെയാ ആ മനസ്സിൽ ഒന്ന് കയറി പറ്റുക...? അവൾ നോവോടെ ഓർത്തു.... ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ഷർട്ട് തന്നെ സ്പർശ് എടുത്തിട്ടു... ഇന്നവളെ കണ്ടെത്തിയിട്ട് തന്നെ കാര്യം... നിൻ്റെ ഊരും പേരും എന്തിന് ജാതകം പോലും ഈ സ്പർശ് കണ്ടെത്തിയിരിക്കും... മീശ ഒന്ന് പിരിച്ചു കൊണ്ടവൻ കണ്ണാടിയിൽ നോക്കി പറഞ്ഞു...

അവൻ പുറത്തേക്കിറങ്ങിയതും ശ്രാവണും വജ്രയും പോകാൻ തുടങ്ങുന്നത് കണ്ടു.. "ഏട്ടാ നിൽക്ക് ഞാനും വരുന്നു..." അവൻ വിളിച്ചു പറഞ്ഞു.. "അല്ല നീ എവിടേക്കാ...?" "അത് പിന്നെ എൻ്റെ ഒരു ഫ്രണ്ടുണ്ട്... ഏട്ടത്തിയുടെ വീടിൻ്റെ അടുത്താ.. നിങ്ങൾ പോകുന്ന വഴി എന്നെ ഒന്നു ഡ്രോപ്പ് ചെയ്തിരുന്നെങ്കിൽ...." "ങും ശരി വേഗം കയറ്..." ശ്രാവൺ വണ്ടി സ്റ്റാർട്ട് ചെയ്തു... വൃന്ദയെ കണ്ടെത്താമെന്ന ചിന്തയിൽ സ്പർശ് സന്തോഷത്തോടെ ബാക്ക് സീറ്റിലേക്ക് കയറി... "ടാ ഒരു കാര്യം ചെയ്യ്... നീ ഡ്രൈവ് ചെയ്തോ... വജ്രാ നീ ബാക്കിലേക്ക് ചെല്ല്.." ശ്രാവൺ പറഞ്ഞതും വജ്രയ്ക്ക് വല്ലാത്ത വേദന തോന്നി... "അത് വേണ്ട ഏട്ടാ നിങ്ങള് രണ്ട് പേരും ഫ്രണ്ടിൽ ഇരുന്നോ... അതല്ലേ അതിൻ്റെ ഒരു ഭംഗി..." സ്പർശ് പറഞ്ഞു... "അത് വേണ്ട... എനിക്ക് ചെറിയൊരു തലവേദന പോലെ.. ഡ്രൈവ് ചെയ്യാൻ വയ്യ.. നീയിങ്ങ് വാ..." അത് കേട്ടതും വജ്ര മെല്ലെ എഴുന്നേറ്റ് ബാക്ക് സീറ്റിലേക്ക് ഇരുന്നു... സ്പർശ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു... _______💕 "ഹും... അല്ലേലും ഞാൻ ആ വീട്ടിൽ ഒരു അധികപ്പറ്റാണല്ലോ...!!"

മുൻപിൽ കാണുന്ന കല്ലുകൾ തട്ടി തെറുപ്പിച്ചു കൊണ്ട് വൃന്ദ മുഷിച്ചിലോടെ ഇടവഴിയിലൂടെ നടന്നു.... "അവള് വരുന്നതിന് ഞാൻ ചെറിയച്ഛൻ്റെ വീട്ടിൽ പോകണമെന്ന്... എനിക്കെങ്ങും വയ്യ ഇനീം അങ്ങേരുടെ മുഖം കറുപ്പിക്കലും കൂടെ കാണാൻ... ഇവിടെങ്ങാനും വായ് നോക്കി നിൽക്കാം..." അവൾ കരങ്ങൾ മാറിൽ പിണച്ചു വെച്ചു കൊണ്ട് നീണ്ടു നിവർന്ന് കിടക്കുന്ന പാടവരമ്പിലേക്ക് മിഴികൾ നട്ടു... ഡ്രൈവിംഗിനിടയിൽ വഴിയരികിൽ നിൽക്കുന്ന വൃന്ദയെ ഒരു മിന്നായം പോലെ കണ്ടതും സ്പർശ് ബ്രേക്കിൽ ചവിട്ടി... "എന്താ എന്തു പറ്റി...? നീയെന്തിനാ ഇവിടെ നിർത്തിയത്...?" ശ്രാവൺ ചോദിച്ചു.... "അത് പിന്നെ ഞാൻ... ഞാനിവിടെ ഇറങ്ങിക്കോളാം... എൻ്റെ ഫ്രണ്ടിൻ്റെ വീട് ഈ റൂട്ടാ... ഏട്ടൻ ചെല്ല്..." അവൻ കാറിൽ നിന്നുമിറങ്ങി.... ശ്രാവൺ പോയതും സ്പർശ് നെഞ്ചിൽ കൈ വെച്ചു.... എങ്ങോ മിഴികൾ പായിച്ച് നിൽക്കുന്ന വൃന്ദയെ നോക്കിയവൻ ഒരു കുസൃതി ചിരിയോടെ അവൾക്കരികിലേക്ക് നടന്നു......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story