സഖീ നിനക്കായ്....💕: ഭാഗം 7

Sageeninakkay

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

കരങ്ങൾ മാറിൽ പിണച്ച് വെച്ച് മിഴികൾ കൂർപ്പിച്ച് തന്നെ നോക്കുന്ന വൃന്ദയിൽ സ്പർശിൻ്റെ നേത്ര ഗോളങ്ങൾ തറഞ്ഞ് നിന്നു... എൻ്റീശ്വരാ നീ ഇവിടെയും...?? അവൻ സന്തോഷത്തോടെ ഓർത്തു... വൃന്ദേ... അവൻ നെഞ്ചിൽ കൈ വെച്ച് സ്വയം മറന്ന് നിന്നു... "എടോ...!!" വൃന്ദ അവന് നേരെ വിരൽ ഞൊടിച്ചതും സ്പർശ് സ്വബോധത്തിലേക്ക് വന്നതു പോലെ അവളെ ഞെട്ടലോടെ നോക്കി... "എന്താടോ...? സമയം എത്ര ആയെന്ന് അറിയാമോ...? ഇപ്പോഴാണോ കൊച്ചിനെയും കൊണ്ട് വരുന്നത്...?" അവൾ സ്വരം കനപ്പിച്ച് ചോദിച്ചു... "അത്... പിന്നെ...." "പിന്നെ തന്നെ ഞാനൊന്ന് കാണാൻ ഇരിക്കുവായിരുന്നു... തൻ്റെ മോൾക്ക് ഭയങ്കര കുസൃതിയാണ്... ഞാനിവിടെ വന്ന ആദ്യത്തെ ദിവസം തന്നെ തൻ്റെ മകൾ അടുത്തിരിക്കുന്ന കുട്ടിയെ പിച്ചി... പറഞ്ഞാൽ ഒരു വക അനുസരിക്കില്ല..." "എൻ്റെ കൊച്ചോ...?!" സ്പർശ് കണ്ണും തള്ളി നോക്കി.. "പിന്നെ ബാക്കിയുള്ള കുട്ടികളെ അടിക്കുക... മാന്തുക... ഇതൊക്കെയാണ് തൻ്റെ മകളുടെ പണി..."

അത് കേട്ടതും സ്പർശ് ചിന്നുക്കുട്ടിയെ ഒന്ന് കൂർപ്പിച്ച് നോക്കി.... "അത് കുട്ടികളല്ലേ മാ.... ഡം...!! കുസൃതിയൊക്കെ ഉണ്ടാവില്ലേ...?" അവൻ ചിരിയോടെ പറഞ്ഞു... "ഇതാണോ കുസൃതി...? ആഹ് അച്ഛനോ കൃത്യനിഷ്ഠ ഇല്ലല്ലോ...!! പിന്നെ മകൾക്ക് എങ്ങനെ ഉണ്ടാവാനാ...?" "അതെ... ഇതെൻ്റെ കൊച്ചൊന്നും അല്ല.." അവൻ ചിന്നുക്കുട്ടിയെ എളിയിൽ നിന്നും താഴെയിറക്കി.. "മറ്റുള്ളവർക്ക് ഒരു ഉപകാരം ചെയ്യാമെന്ന് വെച്ചാൽ ഇക്കാലത്ത് അതും നടക്കില്ലല്ലോ... ഇത് അടുത്ത അപ്പാർട്ട്മെൻ്റിലെ സിസിലി ചേച്ചീടെ മോളാ.. അല്ലാതെ എൻ്റെയൊന്നും അല്ല... ഞാൻ ഓഫീസിലേക്ക് പോകുന്ന വഴി ഇങ്ങോട്ടൊന്ന് കൊണ്ടാക്കിയെന്നേയുള്ളൂ... അതിന് എന്തൊക്കെ കേൾക്കണം...? അല്ല മാഡം.... എന്നെ കണ്ടാൽ ഈ കുട്ടിയുടെ അച്ഛനാണെന്ന് പറയുമോ...? ഐ യാം സ്റ്റിൽ സിംഗിൾ.... സ്റ്റിൽ സിംഗിൾ മാഡം....!!" അത് കേട്ടതും വൃന്ദ അവനെ എന്ത് പറയണമെന്നറിയാതെ നോക്കി.... "എന്താ വൃന്ദാ അവിടെ പ്രശ്നം...?" അതും ചോദിച്ച് ഗീത ടീച്ചർ അങ്ങോട്ടേക്ക് വന്നു...

"ആഹ്... ഇതാരാ സ്പർശോ..? നീയെപ്പോൾ എത്തി...? ഏട്ടൻ്റെ കല്ല്യാണമൊക്കെ എങ്ങനെ ഉണ്ടായിരുന്നു..?" സ്പർശിനെ കണ്ടതും ഗീത ചിരിയോടെ ചോദിച്ചു... "നന്നായിരുന്നു ഗീതേച്ചി... അല്ല ഇത് പുതിയ ടീച്ചർ ആണല്ലേ...?" വൃന്ദയെ അടിമുടി നോക്കിയവൻ ചോദിച്ചു... "ആഹ്... അതെ... രണ്ട് ദിവസമേ ആയിട്ടുള്ളൂ വന്നിട്ട്... വൃന്ദയുടെ വീടങ്ങ് കുറച്ച് ദൂരെയോ..." "അപ്പോൾ മോളെ ചിന്നുക്കുട്ടീ... മാമൻ മോളെ വൈകിട്ട് വിളിക്കാൻ വരാമേ..." സ്പർശ് പറഞ്ഞു... "മാമനല്ലേ പറഞ്ഞെ മാമൻ വൈകിട്ട് വരൂല്ലെന്ന്...??" അവൾ ചുണ്ടിൽ വിരൽ ചേർത്ത് കവിളുകൾ വീർപ്പിച്ച് ചോദിച്ചു.. "അത് മാമൻ നേരത്തെ അല്ലേടാ പറഞ്ഞത്.. ഇനീം മുതൽ ഫുൾ ടൈം മാമൻ്റെ വരവ് ഇങ്ങോട്ടായിരിക്കും..." വൃന്ദയെ നോക്കി കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ടവൻ നടന്നകന്നു.. ഇയാളെ എവിടെയോ കണ്ട് നല്ല പരിചയം പോലെ... വൃന്ദ അവൻ പോകുന്നതും നോക്കി ഓർത്തു... "അല്ല ടീച്ചറേ... ടീച്ചർക്ക് അയാളെ അറിയുമോ...?" വൃന്ദ ഗീതയോട് ചോദിച്ചു...

"ആഹ്... സ്പർശ് ഇവിടടുത്തൊരു ഫ്ലാറ്റിലാ താമസം... വീടങ്ങ് ദൂരെയാ നിന്നേ പോലെ... ഇവിടെ ജോലിയാ... അവൻ നാട്ടിൽ പോയേക്കുവായിരുന്നു അവൻ്റെ ഏട്ടൻ്റെ കല്ല്യാണത്തിന്... നല്ലവനാ... കുറച്ച് നാൾ മുൻപ് എൻ്റെ രാജീവേട്ടന് ഒരു ആക്സിഡൻ്റ് പറ്റിയപ്പോൾ ഇവനാ ചോരയിൽ കുളിച്ച് കിടന്ന ഏട്ടനെ ആശുപത്രിയിൽ എത്തിച്ചതും ബ്ലഡ് നൽകിയതും... സ്പർശിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... സ്പർശിനെ പോലെയുള്ള നല്ല യുവാക്കൾ ഇപ്പോൾ കുറവാ..." ഗീത പറഞ്ഞവസാനിപ്പിച്ചതും നടന്നകലുന്ന സ്പർശിനെ വൃന്ദ പൊടുന്നനെ നോക്കി... ഓഹ് ആള് കൊള്ളാമല്ലോ.... അവൾക്കൊരു മതിപ്പ് തോന്നി... പിന്നീടുള്ള ദിവസങ്ങളിലെല്ലാം സ്പർശ് തന്നെയാണ് ചിന്നുക്കുട്ടിയെ കൊണ്ട് വിട്ടതും തിരികെ വിളിച്ചു കൊണ്ട് വന്നതും... വൃന്ദയ്ക്ക് നേരെ ഒരു നോട്ടമെറിയാൻ അവൻ ഒരിക്കൽപ്പോലും മറന്നിരുന്നില്ല....

"എന്താ മോനെ സ്പർശേ നിൻ്റെ ഉദ്ദേശ്യം...?" ചിന്നുക്കുട്ടിയെ ക്ലാസ്സ് റൂമിൽ ആക്കിയതിന് ശേഷം അവിടേക്ക് എത്തി നോക്കിയിട്ട് പിൻതിരിഞ്ഞ സ്പർശിനെ നോക്കി ഗീത ടീച്ചർ സംശയത്തോടെ ചോദിച്ചു... "എ... എന്തുദ്ദേശ്യം...?" അവൻ പരുങ്ങലോടെ ചോദിച്ചു... "അല്ല... സാധാരണ അഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചിന്നുവിനെ ഇവിടെ കൊണ്ടാക്കാൻ വരുന്ന നീയിപ്പോൾ എല്ലാ ദിവസവും ചിന്നുവിനെയും കൊണ്ട് വരുന്നു... അല്പ നേരം ഇവിടൊക്കെ ചുറ്റിത്തിരിയുന്നു... എന്തോ കുഴപ്പമുണ്ടല്ലോ...." "അത്.... പിന്നെ ഗീതേച്ചി.... ഇനിയും ഞാൻ മറച്ചു വെയ്ക്കുന്നില്ല... എനിക്കാ വൃന്ദയെ ഒരുപാട് ഇഷ്ടമാ... അവളെ കാണാനാ ഞാൻ രാവിലെയും വൈകിട്ടും ചിന്നുവിൻ്റെ പേരും പറഞ്ഞ് ഇങ്ങോട്ട് വരുന്നത്..." "ങും... നിൻ്റെയീ ചുറ്റിക്കളി കണ്ടപ്പോഴേ എനിക്കത് തോന്നിയിരുന്നു... നിൻ്റെ അടവുകളൊന്നും കണ്ട് വീഴുന്നവളല്ല വൃന്ദ...

ഞാൻ മനസ്സിലാക്കിയടുത്തോളം അവൾ നല്ല ബോൾഡായൊരു കുട്ടിയാണ്... പക്വതയുള്ളവൾ... നിൻ്റെ കൂടെ പ്രേമിച്ച് നടക്കാനൊന്നും അവളെ കിട്ടില്ല..." "എൻ്റെ പൊന്ന് ഗീതേച്ചി.... എനിക്കവളെ ശരിക്കും ഇഷ്ടമാ... എൻ്റെ നാട്ടിൽ വെച്ച് ഞാനവളെ കണ്ടിട്ടുണ്ട്.. അന്നു മുതൽ തുടങ്ങിയ പ്രണയമാ.... ഒരു ടൈം പാസ്സിനുള്ള പ്രേമമൊന്നുമല്ല... ആദ്യ കാഴ്ചയിൽ തന്നെ എൻ്റെ ചങ്കിൽ തറച്ച് കയറിയതാ അവള്... പ്രൊപ്പോസലുമായി അവളുടെ വീട്ടിൽ പോകാമെന്ന് വെച്ചിരുന്നപ്പോഴാ അർജൻ്റായി എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചത്...." "അപ്പോൾ കുറേ നാളായി നിനക്കവളെ ഇഷ്ടമാണോ...?" "ആഹ്... അതെ...." "ശരി ഞാൻ വൃന്ദയോടൊന്ന് സംസാരിക്കട്ടെ..." "സംസാരിച്ചാൽ മാത്രം പോരാ ഗീതേച്ചീ.... അവളെ എങ്ങനെയെങ്കിലും ഞാനുമായുള്ള വിവാഹത്തിന് സമ്മതിപ്പിക്കണം... വേണമെങ്കിൽ എന്നെപ്പറ്റി കുറച്ച് പൊക്കി പറഞ്ഞോ..."

സ്‌പർശ് ഒരു ചിരിയോടെ പറഞ്ഞു... _____💕 "ഓഹോ അപ്പോൾ അങ്ങനെയാണല്ലേ കാര്യങ്ങൾ...!! എന്തായാലും ഞാൻ സ്പർശിനെ കണ്ടൊന്ന് സംസാരിക്കട്ടെ..." ഗീത കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ വൃന്ദ ഗൗരവത്തോടെ പറഞ്ഞു... "അവൻ നല്ലവനാ മോളെ... നിനക്കൊരു നല്ല പാതിയാവാൻ അവന് സാധിക്കും... മോള് സമ്മതിക്ക്..." ഗീത പറഞ്ഞതും വൃന്ദ എന്ത് പറയണമെന്നറിയാതെ മൗനം പൂണ്ടു... പിറ്റേന്ന് രാവിലെ സ്പർശിന് എത്ര ഒരുങ്ങിയിട്ടും മതിയായിരുന്നില്ല... വൃന്ദയെ കാണാൻ അവൻ്റെ ഉള്ളം തുടിക്കുകയായിരുന്നു.. അവൾ പറഞ്ഞ പ്രകാരം സ്പർശ് കോഫി ഹൗസിലേക്ക് എത്തി... അല്പം മാറി വിദൂരതയിലേക്ക് നോക്കി നില്ക്കുന്ന വൃന്ദയെ കാൺകെ അവൻ്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവളിൽ പ്രത്യേകിച്ച് ചമയങ്ങളൊന്നുമില്ല..എന്നത്തേയും പോലെ തന്നെ.. "വൃന്ദേ...." സ്പർശ് വിളിച്ചതുമവൾ പിൻ തിരിഞ്ഞു... തിരികെ ഒന്നു പുഞ്ചിരിച്ചു കൊണ്ടവൾ ടേബിളിന് അരികിലേക്ക് നടന്നു... സ്പർശ് അവൾക്ക് എതിരായി ഇരുന്നു...

"അപ്പോൾ തനിക്കെന്നെ ഇഷ്ടമാണല്ലേ...?" വൃന്ദ ഗൗരവം വിടാതെ അവനോട് ചോദിച്ചു... "അതെ..." "ങും എത്ര നാളായിട്ട് ഇഷ്ടമാണ്...?" ഇതെന്താ ഇങ്ങനെ ചോദിക്കുന്നെ...? ങും എന്തായാലും കുറയ്ക്കണ്ട... ഒരു എട്ട് വർഷം പറഞ്ഞേക്കാം... സ്പർശ് ഓർത്തു... "എട്ട് വർഷമായിട്ട് ഇഷ്ടമാണ്..." "എട്ട് വർഷമോ..?" വൃന്ദ ഞെട്ടലോടെ ചോദിച്ചു... "എന്നിട്ട് താനെന്താ ഇതുവരെ പറയാതിരുന്നത്...?" അവൾ സംശയത്തോടെ പുരികം പൊക്കി... "അത് പിന്നെ... ഞാൻ പഠിക്കുന്ന സമയത്താ തന്നെ ആദ്യമായി കാണുന്നതും ഇഷ്ടപ്പെടുന്നതും... അന്ന് താൻ ചെറിയ കുട്ടി ആയിരുന്നു... ഒരു ജോലിയൊക്കെ ആയിട്ട് തന്നോട് വന്ന് ഇഷ്ടം പറയാമെന്ന് കരുതി... ഇപ്പോൾ എനിക്കും ജോലിയായി... തനിക്കും ജോലിയായി... ഇതാണ് ശരിയായ സമയമെന്ന് തോന്നി..." ഉം... വൃന്ദ ഒന്ന് മൂളി... "എന്നെ എവിടെ വെച്ചാണ് താൻ ആദ്യമായി കാണുന്നത്...?" "അത് പിന്നെ എൻ്റെ ഫ്രണ്ട് സുമേഷിൻ്റെ വീട് തൻ്റെ വീടിൻ്റെ അടുത്താണ്..." "ആഹ് എനിക്ക് സുമേഷിനെ അറിയാം..."

"അവൻ്റെ വീട്ടിലേക്ക് വരുന്ന വഴിയാണ് തന്നെ ഞാൻ ആദ്യമായി കണ്ടത്... പിന്നെ തന്നെ കാണാൻ വേണ്ടി മാത്രം ഞാൻ സുമേഷിൻ്റെ വീട്ടിലേക്ക് വന്നിട്ടുണ്ട്... അത്രയ്ക്ക് ആഴത്തിൽ നീയെൻ്റെ മനസ്സിൽ വേരുറപ്പിച്ച് വൃന്ദാ.." ഈശ്വരാ ഇയാൾക്കെന്നെ അത്രയ്ക്ക് ഇഷ്ടമാണോ...? അവൾ ഓർത്തു... സുമേഷിൻ്റെ വീടിൻ്റെ അടുത്തൊരു അമ്പലമുണ്ടല്ലോ... എന്തായാലും എല്ലാവരും അമ്പലത്തിൽ വരും... അപ്പോൾ ഇവളും വന്നിട്ടുണ്ടായിരിക്കും.. അവിടെ വെച്ച് കണ്ടിട്ടുണ്ടെന്ന് തട്ടി വിടാം... സ്പർശ് ഓർത്തു... "പിന്നെ തൻ്റെ വീടിൻ്റെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ഞാൻ തന്നെ കാണാൻ വേണ്ടി മാത്രം വന്നിരുന്നിട്ടുണ്ട്... എൻ്റെ ഓർമ്മയിൽ ഇന്നലത്തെ പോലെ ആ ദിനങ്ങളുണ്ട്... അവിടുത്തെ ആൽത്തറയിൽ നിനക്കായ് മാത്രം മിഴികൾ നട്ടിരുന്ന ദിനങ്ങൾ....!!" അവൻ പറഞ്ഞു... ഇത്രയ്ക്ക് സ്നേഹമോ എന്നോട്...? ഞാനിതറിയാൻ വൈകി പോയല്ലോ.. വൃന്ദ ചിന്തിച്ചു... "ഒരു പൊപ്പോസലുമായി തൻ്റെ വീട്ടിലേക്ക് ഞാൻ വരാനിരിക്കുകയായിരുന്നു...

അപ്പോഴാ എന്നെ അർജൻ്റായി ഓഫീസിലേക്ക് വിളിപ്പിച്ചത്.... അല്ല തനിക്കെന്നെ ഇഷ്ടമായോ...?" കോഫി മഗ്ഗ് ചുണ്ടോട് ചേർത്തു കൊണ്ടവൻ ചോദിച്ചു.. "എൻ്റെ അച്ഛൻ എന്നെ ഒരു സർക്കാർ ജോലിക്കാരനെ കൊണ്ടേ വിവാഹം കഴിപ്പിക്കൂ..." വൃന്ദ പറഞ്ഞു... "അയ്യോ ആണോ...? ഞാനന്നാൽ ഒരു ഗവൺമെൻ്റ് ജോലിക്ക് നോക്കാം.. ഉടനെ തന്നെ പി എസ് സി കോച്ചിംഗിന് പോകാം..." സ്പർശ് പൊടുന്നനെ പറഞ്ഞതും വൃന്ദ അത്ഭുതത്തോടവനെ നോക്കി... ഭഗവാനേ... എങ്ങനെങ്കിലും ഒഴിഞ്ഞ് പോകട്ടെന്ന് കരുതി കള്ളം പറഞ്ഞതാ.. പാവം അത് വിശ്വസിച്ചു... ഇത്രയ്ക്ക് ആത്മാർത്ഥതയാണോ എന്നോട്...?? അവൾ ഓർത്തു... "താൻ എൻ്റെ നാട്ടിൽ വന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത്...? അപ്പോൾ എൻ്റെ കാര്യങ്ങൾ ഒക്കെ അറിയുമോ...?" "തൻ്റെ കാര്യങ്ങൾ എന്തറിയാൻ...? തനിക്ക് വിദ്യാഭ്യാസമുണ്ട്... ജോലിയുണ്ട്... പിന്നെ തൻ്റെ വീടെനിക്കറിയാം...

ആകെ അറിയാൻ ഉള്ളത് തൻ്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ എന്നാണ്..." എൻ്റെ അമ്മയുടെ കാര്യം ഇയാൾക്ക് അറിയാമായിരിക്കുമോ... അതറിഞ്ഞു കൊണ്ടാണോ എന്നെ സ്നേഹിക്കുന്നെ...? വൃന്ദയുടെ മനസ്സ് അസ്വസ്ഥമായി... "വൃന്ദേ..." അവൻ വൃന്ദയ്ക്ക് നേരെ വിരൽ ഞൊടിച്ചതും അവൾ സ്വബോധത്തിലേക്ക് വന്നു.. "എന്താ താൻ ആലോചിക്കുന്നെ..? തന്നേപ്പറ്റി വേറെ എന്തെങ്കിലും അറിയാനുണ്ടോ....? അതോ തനിക്ക് വേറെ ആരോടെങ്കിലും പ്രണയമോ മറ്റോ..." "ഏയ് ഇല്ല... എൻ്റെ മനസ്സിൽ അങ്ങനെയൊന്നുമില്ല..." "എങ്കിൽ നമ്മുക്ക് വിവാഹിതരാവാം..? ഞാൻ എൻ്റെ വീട്ടുകാരെയും കൂട്ടി തൻ്റെ വീട്ടിലേക്ക് വരട്ടെ...?" "അയ്യോ അത് വേണ്ട...." എൻ്റെ വീട്ടിൽ ഇയാൾ വന്നാൽ എൻ്റെ അമ്മ ഒളിച്ചോടി പോയ വിവരം ഇയാളും ഇയാളുടെ വീട്ടുകാരും അറിയും... അതറിഞ്ഞാൽ എൻ്റെ ഈ വിവാഹവും മുടങ്ങും...

കുറേ ആയി ഒരുങ്ങിക്കെട്ടി ഓരോരുത്തരുടെ മുൻപിൽ ചെന്ന് നിൽക്കാൻ തുടങ്ങിയിട്ട്... അതിൻ്റെ കൂടെ അച്ഛൻ്റെ കുറ്റപ്പെടുത്തലുകളും... ഇനിയും വയ്യ ഓരോരോ വേഷം കെട്ടലിന്.. ഇയാൾക്കെന്നെ ഇഷ്ടമാണെന്നല്ലേ പറഞ്ഞത്...? ഈ വിവാഹമെങ്കിലും നടക്കണം... അച്ഛൻ്റെ മുൻപിൽ ഇയാളുടെ കൈ പിടിച്ച് അഭിമാനത്തോടെ എനിക്ക് തലയുയർത്തി നിൽക്കണം... വൃന്ദ ഓർത്തു.... "അതെന്താ വേണ്ടാത്തത്...? ഞാനെൻ്റെ വീട്ടുകാരെയും കൂട്ടി വരാം.." സ്പർശ് ചിരിയോടെ പറഞ്ഞു... "അത് വേണ്ട... നമ്മുക്ക് ആരുമറിയാതെ രജിസ്റ്റർ മാര്യേജ് ചെയ്യാം...!!" വൃന്ദ പറഞ്ഞതും സ്പർശ് ഞെട്ടലോടെ മുഖമുയർത്തി... "വാട്ട്....??" അവൻ പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു കൊണ്ട് ചോദിച്ചു............ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story