സംഗമം: ഭാഗം 1

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ഈറനടിയേറ്റ് ആ കോളേജ് വരാന്തയിൽ നിശ്ചലയായി നിന്നതും മനസ്സ് മറ്റെവിടെയോ കുരുങ്ങിക്കിടന്നു... ചിന്തികൾക്ക് വിരാമം ഇട്ടതും പൊടുന്നനെ ബലിഷ്ഠമായ ഇരു കരങ്ങൾ തന്നെ വലിച്ചടുപ്പിച്ചു... കുതറിയോടും മുൻപേ തൻ്റെ അധരങ്ങൾ കവർന്നെടുത്തതും ആ ചുംബനം തൻ്റെ പ്രാണനെ തന്നെ തന്നിൽ നിന്നും അടർത്തി എടുത്ത പോലെ...!! എതിർക്കാനാവാത്ത വിധം ബലഹീനയായി പോയി... ആ സാമീപ്യത്തിൽ അല്ലെങ്കിൽ ആ സ്പർശനത്തിൽ തൻ്റെ മനം പതറും പോലെ... തൻ്റെ മുടിയിഴികൾ പോലും അവനിൽ നിന്നും വേർപ്പെടാനാഗ്രഹിക്കാതെ ആ ഷർട്ടിൻ്റെ ബട്ടൺസിൽ കുരുങ്ങി പോയിരിക്കുന്നു.. ആ നെഞ്ചോട് ചേർന്ന് കിടന്ന കുരിശു മാല കണ്ട് കൗതുകത്തോടെ മുഖമുയർത്തും മുൻപേ ആ കരങ്ങൾ തൻ്റെ കഴുത്തിൽ മിന്നു ചാർത്തിയിരുന്നു....!! അമ്പലത്തിൽ നിന്നുയർന്ന ഭക്തിഗാനം കേട്ട് പതിവായുള്ള സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നിട്ടും മനസ്സ് വീണ്ടും ആ സ്വപ്നത്തിലേക്ക് തന്നെ വഴുതി വീണു... അസ്വസ്ഥമായ മനസ്സോടെ പരിചിതമായ മുഖങ്ങളിൽ ആ കരങ്ങളുടെ ഉടമയെ തേടി.... ഇല്ല... എപ്പോഴത്തെയും പോലെ അവ്യക്തമായിരുന്നു മുഖം... ഇതെന്താണ് കുറേ നാളായി ഈ സ്വപ്നം തന്നെ കാണുന്നത്...?

രണ്ടാഴ്ച കഴിഞ്ഞാൽ കല്ല്യാണമാണ്... ഇനീം അതേ ചൊല്ലിയുള്ള വ്യാകുലതയാവുമോ മിന്നു ചാർത്തുന്ന ഈ സ്വപ്നത്തിൽ കലാശിച്ചത്...? പക്ഷേ താൻ സ്വപ്നത്തിൽ കണ്ട വ്യക്തിക്ക് തൻ്റെ അഭിയേട്ടൻ്റെ ഛായ ആയിരുന്നില്ലല്ലോ... കഴുത്തിലെ ആ കുരിശു മാല മറ്റാരെയോ സൂചിപ്പിക്കും പോലെ... "മോളെ അല്ലീ...." അമ്മ സരസ്വതി നീട്ടി വിളിച്ചതും ചിന്തയിൽ നിന്നുണർന്നു... പതിവിലും വൈകിയതിനാലാവാം... പുറത്തു നിന്നും ദേവീനാമം ഉച്ചത്തിൽ കേൾക്കുന്നു... രാവിലെ പൂജ പതിവാണ്.. കൃത്യ സമയത്ത് കുളിച്ച് ശുദ്ധിയായി അമ്പലനടയിൽ എത്തിയിരിക്കണം... പൂജയിലും അനുഷ്ഠാനങ്ങളിലും ഒന്നും വീഴ്ച വരുത്തുന്നത് അച്ഛനിഷ്ടമല്ല...ഈ അഗ്രഹാരത്തിൽ അച്ഛൻ്റെ അത്രയും വിശ്വാസി വേറെ ആരും ഉണ്ടായിരിക്കില്ല... ഇനിയും ഓരോന്നോർത്ത് സമയം വൈകിപ്പിക്കാതെ ധൃതിയിൽ കുളക്കടവിലേക്ക് നടന്നു... പതിവു പോലെ നെറ്റിയിൽ ചന്ദനം കൊണ്ട് നീളത്തിൽ കുറി വരച്ചു... ഈറൻ മുടിയിഴകൾ കോതിയൊതുക്കി ഒരു തുളസിക്കതിര് വെച്ചു.. സെറ്റ് സാരി ഉടുത്തോണ്ടേ അമ്പലത്തിലേക്ക് ചെല്ലാവൂ എന്ന് നിർബന്ധം ആണ്.. അമ്പലത്തിലിരിക്കുന്ന ദൈവം സെറ്റ് സാരിയുടുത്തവരുടെ പ്രാർത്ഥനയെ കേൾക്കത്തുള്ളോ എന്ന് പലതവണ ചോദിക്കണമെന്നുണ്ടായിട്ടും അച്ഛനോട് നാവുയർത്താൻ മടിച്ചു... താൻ വൈകിയതിനാൽ തുളസിത്തറയിൽ ഏട്ടത്തി വിളക്ക് വെച്ചിരിക്കുന്നു...

ധൃതിയിൽ അമ്പലത്തിലേക്ക് ഓടുമ്പോൾ ആ പാദസരക്കിലുക്കം ചുറ്റിനും മുഴുങ്ങിയിരുന്നു.... "എന്ത് പറ്റി അല്ലി മോളെ വൈകിയത്..?" അമ്പലനടയിലേക്ക് ചെന്നതും മൂത്ത ഏട്ടത്തി അർച്ചനയുടെ വക ചോദ്യം... "പതിവായുള്ള സ്വപ്നത്തെ പറ്റി ആലോചിച്ച് സമയം കളഞ്ഞ് കാണും.." ഇളയ ഏട്ടത്തി രാധിക മറുപടി പറഞ്ഞതും താനും അത് ശരിവെച്ചു... "എൻ്റെ അല്ലീ... രണ്ടാഴ്ച കഴിഞ്ഞാൽ നിൻ്റെ കല്ല്യാണമാണ്... അതും നിൻ്റെ മുറച്ചെറുക്കൻ അഭിയുമായി... അപ്പോഴാ എതോ കുരിശു മാല ഇട്ടൊരാൾ നിൻ്റെ കഴുത്തിൽ മിന്നു കെട്ടുന്നത് സ്വപ്നം കാണുന്നത്... നിൻ്റെ അച്ഛൻ എങ്ങാനും കേട്ടാൽ തീർത്തു... അന്യ മതക്കാരെ പഠിപ്പുരയ്ക്കകത്ത് കയറ്റത്തില്ലെന്ന് അറിഞ്ഞൂടെ കുട്ടീ നിനക്ക്..? ഈ സ്വപ്നം നീ വിട്ടേക്കൂ..." "അല്ല അച്ചുവേട്ടത്തീ... ഈയിടെയായി അത് തന്നെ കാണുന്നു... അതും വെളുപ്പിനെ ആണ്.. വെളുപ്പിനെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്നല്ലേ...?" അല്ലി സംശയത്തോടെ ചോദിച്ചു... "ഒരു തകിട് ജപിച്ച് തരാൻ ഇന്ന് തന്നെ അച്ഛനോട് പറഞ്ഞേക്കാം.. അനാവശ്യമായ ചിന്തകൾ മനസ്സിൽ നിന്നും പൊയ്ക്കോളും..." രാധിക പറഞ്ഞതും അല്ലിയും മനസ്സിൽ നിന്നും അത് മായിച്ച് കളയാൻ ശ്രമിച്ചു... എന്നാൽ അത് വെറും വിഫലമായ ശ്രമമായിരുന്നു... മറക്കാൻ ശ്രമിച്ചിട്ടും വീണ്ടും മനസ്സിനെ ആ സ്വപ്നം കുരുക്കിട്ട് അവയിലേക്ക് ആകർഷിക്കും പോലെ...

വിളക്ക് വെച്ച് ആ ദേവീ വിഗ്രഹത്തെ നോക്കി പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒന്നേ ഉള്ളായിരുന്നു... മരണം വരെ അഭിയേട്ടൻ്റെ മാത്രം ആയിരിക്കണമേ എന്ന്...!! എന്നാൽ ശീഘ്രത്തിൽ എവിടെ നിന്നോ വന്നൊരു കാറ്റ് ഞൊടിയിടയിൽ ആ തിരിനാളത്തെ അണച്ച് കളഞ്ഞത് അലംകൃത എന്ന അല്ലിയുടെ മനസ്സിനെ ഒരിക്കൽക്കൂടി അസ്വസ്ഥമാക്കി... എൻ്റെ ദേവീ... എന്ത് പറ്റി..? അപശകുനം ആണല്ലോ... അവൾ വെപ്രാളത്തോടെ ഓർത്തു... പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു... ആ ശ്വാസനിശ്വാസങ്ങൾ പോലും തനിക്ക് പരിചിതമായിരുന്നു... ചുണ്ടിൽ ഒരു ചിരിയോടെ തൻ്റെ കാതോരം മൃദുവായി വിളിച്ചു... "അല്ലീ...." അഭിയേട്ടാ എന്ന് വിളിച്ച് പിൻതിരിഞ്ഞു... "എന്ത് പറ്റി...?" കലങ്ങിയ മിഴികൾ കണ്ടിട്ടാവും ആ ചോദ്യമുന്നയിച്ചത്... "അത്... അത് ദേ... ഈ വിളക്ക് അണഞ്ഞ് പോയി... എന്നും അഭിയേട്ടൻ്റെ മാത്രമായിരിക്കാൻ പറ്റണേ എന്ന് പ്രാർത്ഥിച്ച് തിരി തെളിയിച്ചതാ... അത് ദേ...!!" വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞ് പോയി.. പരിഭ്രാന്തിയോടെ അവൾ പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു... "എൻ്റെ അല്ലീ... നീയും ഇങ്ങനെ അമ്മാവനെ പോലെ അന്ധവിശ്വാസി ആകല്ലേടീ... കാറ്റ് വന്നാൽ ഏത് തിരിയാടീ അണയാത്തത്...?"

ലാഘവത്തോടെ അഭി പറഞ്ഞിട്ടും അല്ലിയുടെ മനസ്സിലെ കനലണയ്ക്കാൻ ആ വാക്കുകൾക്കായില്ല... "അല്ലീ... ഞാൻ നിനക്കും നീയെനിക്കും ആണെന്ന് നമ്മുടെ കുടുംബക്കാർ പണ്ടേ തീരുമാനിച്ചതാണ്... ദേ ഇനിയും കുറച്ച് ദിവസം കൂടി നമ്മൾ കാത്തിരുന്നാൽ പോരെ...? പിന്നെന്തിനാ ഈ തിരിയൊന്നണഞ്ഞതിന് നീ ഇങ്ങനെ പേടിക്കുന്നത്..?" "അന്നാലും എൻ്റെ മനസ്സിൽ ഒരു പേടി പോലെ..." അവൾ ഭീതിയോടെ പറഞ്ഞു... "ഒരു ഭീതിയും വേണ്ട... എല്ലാം മംഗളമായി നടക്കും... എത്ര നാളായി നമ്മൾ ആഗ്രഹിച്ചിരുന്ന ദിവസമാ..." അഭി ചിരിയോടെ പറഞ്ഞതും അല്ലിയും ഒന്ന് നിശ്വസിച്ചു കൊണ്ട് ചൊടികളിൽ ഒരു പുഞ്ചിരി വരുത്തി... "ഈ കല്ല്യാണം അടുക്കും തോറും പെൺകുട്ടികൾക്ക് ചെറിയ പേടിയും വെപ്രാളവും ഒക്കെ ഉണ്ടാവാറുണ്ടെന്ന് കേട്ടിട്ടുണ്ട്... അതാണാവോ ഇനീം..?" അഭി തൻ്റെ സംശയം പ്രകടിപ്പിച്ചു.. "ആവും... ആവും..." ചിരിയോടെ അർച്ചനയും രാധികയും പറഞ്ഞതും അഭിയും അല്ലിയും ചമ്മലോടെ നോക്കി... "ദേ ഇണക്കുരുവികൾ ഇങ്ങനെ സംസാരിച്ചോണ്ട് നിന്ന് വൈകി ചെന്നതിന് ഞങ്ങളെ വഴക്ക് കേൾപ്പിക്കല്ലേ..." രാധിക ചിരിയോടെ പറഞ്ഞതും അല്ലി പെട്ടെന്ന് പോകാനായി തിരിഞ്ഞു... പോകും വഴി പിൻതിരിഞ്ഞ് നോക്കി ഒരു പുഞ്ചിരി അഭിക്കായ് പകരുവാനും അവൾ മറന്നില്ല... തിരിച്ചവനും... മിഴികൾ കൊണ്ട് യാത്ര പറയുമ്പോൾ മൗനം പോലും വാചാലമായിരുന്നു... 🌸_____💜

ആ രാവിൻ്റെ നിശബ്ദതയിൽ അഭിയേപ്പറ്റി ഓർത്ത് മിഴികൾ അടച്ചു... നിദ്രയിലേക്ക് വഴുതി വീഴും വരെ അഭിയുടെ മുഖം... പുലരുമ്പോൾ മനസ്സാകെ ആ കുരിശു മാലയും തൻ്റെ മുടിയിഴകളെ പോലും ആകർഷിച്ച ആ ഇടനെഞ്ചും...!! അല്ലി ഒരു ചിരിയോടെ സ്വയം തലയിലൊന്ന് കൊട്ടി... പ്രദക്ഷിണം വെച്ച് തിരിഞ്ഞതും അഭി അല്ലിയേയും പ്രതീക്ഷിച്ച് ആ ആൽത്തറയിൽ ഇരിക്കുന്നു... ധൃതിയിൽ അങ്ങോട്ടേക്ക് നടന്ന് കൈയ്യിലെ വാഴയില കീറിൽ നിന്നും ഒരു നുള്ള് ചന്ദനമെടുത്ത് ആ നെറ്റിയിലേക്ക് കുറി തൊട്ട് കൊടുക്കുമ്പോൾ അവൻ അവളെ പുഞ്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു... "എന്തേ അല്ലീ... നീയിവിടെ സ്ഥിര താമസം ആക്കിയോ...?" "ആ സ്വപ്നം കാണല് നിർത്താൻ ഏട്ടത്തി പറഞ്ഞ് തന്ന വഴിയാ ഈ പ്രദക്ഷിണം..." അവൾ സ്വയം മറന്ന് പറഞ്ഞു... "ഏത് സ്വപ്നം..?" എന്തോ ചിന്തയിലാണ്ട് നിന്നവളോട് അഭി ചോദിച്ചു... "അല്ലീ...!!" മറുപടി ഒന്നും ഇല്ലാതിരുന്നപ്പോൾ അവൻ അവളെ കുലുക്കി വിളിച്ചു.. അവൾ പെട്ടെന്ന് ഞെട്ടി നോക്കി.. "എന്താ അഭിയേട്ടാ..?" "അല്ല നീയിവിടെങ്ങും അല്ലേ..? എന്ത് പറ്റി പെട്ടെന്ന് ചിന്താവിഷ്ടയാവാൻ..? എന്താണാവോ എൻ്റെ പെണ്ണിൻ്റെ മനസ്സിനെ ഇത്ര മാത്രം സ്വാധീനിച്ചത്..?"

"ഏയ് ഒന്നുമില്ല... ഞാനെന്തോ ഓർത്ത് പോയതാ..." അവൾ ചുമല് കുലുക്കിക്കൊണ്ട് പറഞ്ഞു.. "ഉം... ഈ കറുപ്പ് കര സെറ്റ് നന്നായി ചേരുന്നുണ്ട് കേട്ടോ..." "ഒന്നു പോ അഭിയേട്ടാ..." അവൾ ചിരിയോടെ പറഞ്ഞു... "കാര്യമായിട്ടാടീ... എൻ്റെ പെണ്ണിന് ഒടുക്കത്തെ ഗ്ലാമർ അല്ലേ...?" "ഈ സ്വർണ്ണക്കര മുണ്ടും വെള്ള ഷർട്ടും അഭിയേട്ടനും നന്നായി ചേരുന്നുണ്ട്... പിന്നെ കഴുത്തിലെ ഈ കുരിശു മാല..." അവൾ സ്വയം മറന്ന് പറഞ്ഞതും അവൻ ഞെട്ടലോടെ നോക്കി.. "ങേ കുരിശു മാലയോ....?!" അവൻ അത് ചോദിച്ചപ്പോഴാണ് താനെന്താ പറഞ്ഞതെന്ന് അവൾക്ക് ബോധം വന്നത്... അവൾ പിടച്ചിലോടെ അവനെ നോക്കി... "കുരിശു മാല അല്ലെടീ... ഇത് രുദ്രാക്ഷമാ.." അവൻ ചിരിയോടെ പറഞ്ഞു... ശെ! താനെന്താ ഈ പറഞ്ഞത്... അല്ലി സ്വയം ശാസിച്ചു... "എൻ്റെ അല്ലീ... നിൻ്റെ മനസ്സ് ഇവിടെങ്ങും അല്ലല്ലോ...?" "ഏയ് ഒന്നുമില്ല അഭിയേട്ടാ... നാളെയെന്തോ conference ഉണ്ടെന്നല്ലേ പറഞ്ഞത്...?" "ആഹ്... അതേടീ..." "ഉം... എല്ലാം ശുഭമാവാൻ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്.." സംഭാഷണം അവസാനിപ്പിച്ച് പോകുമ്പോൾ പതിവായുള്ള പുഞ്ചിരി കൈമാറാൻ ഇരുവരും മറന്നില്ല.. 🌸_____💜

"അല്ലീ... നീയറിഞ്ഞില്ലേ..? നാളെയാണ് എക്സിബിഷൻ...." അവളുടെ അയൽപ്പക്കക്കാരിയും അല്ലിയുടെ പ്രിയ സുഹൃത്തും ആയ ആരതി ഉത്സാഹത്തോടെ തൊടിയിലേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു.. "എനിക്കറിയാം ആരു... പക്ഷേ അച്ഛൻ എന്നെ വിടില്ല... പെൺകുട്ടികൾ തനിച്ചെങ്ങും പോകാൻ പാടില്ലെന്നാ അച്ഛൻ പറയാറ്... അതും ഇപ്പോൾ കല്ല്യാണം ഉറപ്പിച്ചേക്കുന്നത് കൊണ്ട് എങ്ങോട്ടേക്കും വിടില്ല..." അല്ലി നിരാശയോടെ പറഞ്ഞു... "എന്തൊരു കഷ്ടമാടീ നിൻ്റെ വീട്ടുകാരുടെ കാര്യം... പഠിക്കാൻ വിട്ടത് ഗേൾസ് സ്കൂളിൽ... നിൻ്റെ കോളേജോ..? അതും വിമൻസ് കോളേജ്... ഇങ്ങനെ അടച്ച് പൂട്ടി വളർത്തണോ...?" "എന്ത് ചെയ്യാനാ... എനിക്ക് വരണമെന്നുണ്ട്... നീ വരച്ച ചിത്രങ്ങളും മത്സരത്തിനുണ്ടല്ലോ..." "അതേടീ... എന്ത് രസമായിരിക്കുമെന്നോ.. എൻ്റെ കസിൻ പഠിക്കുന്ന കോളേജിലാ..." ആരതി വാചാലയായതും അല്ലിയുടെ ഉള്ളിലും എക്സിബിഷനു പോകണമെന്നുള്ള ആഗ്രഹം ശക്തി പ്രാപിച്ചു... "ശൊ ! എങ്ങനെയാടീ ഞാനിപ്പോൾ വരുന്നത്..? അച്ഛനോട് ചോദിച്ചാൽ വിടില്ല... അനന്തേട്ടൻ ആണെങ്കിൽ വീട്ടിലും ഇല്ല... പിന്നെ പ്രണവേട്ടൻ ഈ വക കാര്യങ്ങൾക്ക് സപ്പോർട്ട് അല്ലെന്ന് അറിയാമല്ലോ.."

"നിൻ്റെ ചേട്ടന്മാരും അച്ഛനെ പോലെ തന്നെയാണല്ലോ... നിനക്കൊരു ഫ്രീഡവും തരുന്നില്ലല്ലോ...!! നിനക്ക് ആഗ്രഹമൊന്നുമില്ലേടീ പട്ടണത്തിലെ കോളേജിൽ ഒക്കെ വന്ന് ഇതൊക്കെ കാണണമെന്ന്..?" "ഉണ്ടോന്നോ ഭയങ്കര ആഗ്രഹം ആണ്... ഇതിപ്പം കോളേജിൽ പഠിക്കാൻ വിട്ടത് തന്നെ ഞാൻ അഭിയേട്ടനെ കൊണ്ട് പറയിപ്പിച്ചതു കൊണ്ടാ.... പ്ലസ് ടു കഴിഞ്ഞതോടെ പഠിപ്പ് നിർത്തി കെട്ടിക്കാൻ ഇരുന്നതാ... അഭിയേട്ടനാ പറഞ്ഞത് എൻ്റെ പഠിത്തം മുടക്കെണ്ടാന്ന്..." "അത് കൊള്ളാം..." ഉള്ളിൽ എന്തോ ഐഡിയ ഉദിച്ചത് പോലെ ആരതി പറഞ്ഞു... "നമ്മൾ നാളെ പോകുന്ന കാര്യവും നിൻ്റെ അഭിയേട്ടനെ കൊണ്ട് പറയിപ്പിക്കാം.." ആരതി പറഞ്ഞതും അല്ലിക്കും അത് ശരിയാണല്ലോ എന്ന് തോന്നി... 🌸_____💜 "ഇല്ല... ഇതൊരിക്കലും പറ്റില്ല... വിവാഹം ഉറപ്പിച്ച പെണ്ണാ... എങ്ങോട്ടും വിടാൻ പറ്റില്ല..." ദേവരാജൻ തറപ്പിച്ച് പറഞ്ഞു... "അച്ഛാ കഷ്ടമുണ്ട്... ഞാൻ പെട്ടെന്ന് തന്നെ വന്നേക്കാം... ആരതിയും ഉണ്ട്..." അല്ലി കെഞ്ചി... "പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല...!!" അല്ലി അഭിയെ നോക്കി പറയ് എന്ന് മിഴികൾ കൊണ്ട് കാണിച്ചു... "അമ്മാവാ..." "ദേ അഭീ വേണ്ട... നീ ഇടനിലയ്ക്ക് വരെണ്ടാ..." "അമ്മാവാ അതല്ല...രാവിലെ ഞാൻ അല്ലിയെ കൊണ്ട് വിടാം...

എന്നിട്ട് ഞാൻ തന്നെ വിളിച്ചോണ്ടും വന്നേക്കാം.. എന്താ എൻ്റെ കൂടെ വിടാൻ അമ്മാവന് വിശ്വാസം അല്ലേ..??" അഭി ചോദിച്ചു.. "അത് പിന്നെ മോനെ... ഞാൻ..." "അമ്മാവൻ ഒന്നു കൊണ്ടും വിഷമിക്കണ്ട... അല്ലിയെ സുരക്ഷിതയായി തിരിക ഇവിടെ എത്തിക്കുന്ന കാര്യം ഞാനേറ്റു..." "അന്നാലും ഇത് വേണോ..? പരിചയമില്ലാത്ത സ്ഥലത്തേക്കൊക്കെ അവളെ വിടാനെന്ന് വെച്ചാൽ...?" പ്രണവ് ഇടയ്ക്ക് കയറി.. "എടാ പ്രണവേ ഞാനവളെ കൊണ്ട് പൊയ്ക്കോളാം എന്ന് പറഞ്ഞില്ലേ...? അമ്മാവാ ഒന്ന് സമ്മതിക്ക്..." "ഉം..." ദേവരാജൻ അർദ്ധസമ്മതം മൂളി... 🌸_____💜 "Thank you so much അഭിയേട്ടാ..." അല്ലി തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു... "ദേ പെണ്ണേ പോന്നതൊക്കെ കൊള്ളാം.. നിന്നെ തിരിച്ച് വിളിച്ചോണ്ട് വരാനൊന്നും എനിക്ക് പറ്റില്ല..Conference ൻ്റെ കാര്യം അറിയാമല്ലോ... ഹൈദരാബാദിൽ ആണ്... രണ്ട് ദിവസം കഴിഞ്ഞേ ചിലപ്പോൾ വരാൻ പറ്റൂ... നീയും ആരതിയും കൂടെ വല്ല ഓട്ടോയും വിളിച്ച് വന്നാൽ മതി... ആ ഇടവഴിയിൽ ഇറങ്ങിയിട്ട് ഇങ്ങോട്ടങ്ങ് നടന്ന് വരണം... ഞാൻ കൊണ്ട് വിട്ടതാണെന്ന് പറഞ്ഞാൽ മതി..." അഭി പറഞ്ഞു.. "അത് ഈ അല്ലി ഏറ്റു... അച്ഛൻ സമ്മതിച്ചല്ലോ അത് തന്നെ വല്ല്യ കാര്യം.." ഒരു പുഞ്ചിരിയോടെ ഇരുവരും മിഴികൾ കൊരുത്തു...

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ...!! ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും പരസ്പരം തുണയാവണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു... "അഭിയേട്ടൻ എൻ്റെ ഭാഗ്യമാണ് കേട്ടോ..." പോകും വഴി അല്ലി വിളിച്ചു പറഞ്ഞു... "മതി... മതി കൂടുതൽ സോപ്പിടണ്ട..." അതും പറഞ്ഞവൻ ചിരിയോടെ നടന്നു... 🌸_____💜 അന്ന് രാത്രിയും അഭിയെ ഓർത്തവൾ മിഴികൾ അടച്ചു... നാളത്തെ ദിവസത്തെ പറ്റി ചിന്തിച്ചപ്പോൾ സമയം തള്ളി നീക്കാൻ ശ്രമിച്ചു... വേഗം ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു... സമയം കടന്ന് പോയതും പതിയെ അവൾ നിദ്രയിലേക്ക് വഴുതി വീണു... വെളുപ്പിനെ പതിവ് സ്വപ്നം കണ്ട് ഞെട്ടിയുണർന്നു... മിഴികൾ തുറന്നിട്ടും മുൻപിൽ ആ കുരിശു മാല കാണും പോലെ... കണ്ണ് തിരുമി ഒന്നും കൂടെ നോക്കി... ഇന്നാ സ്വപ്നം കുറച്ചും കൂടി വ്യക്തമായിരുന്നു... തൻ്റെ കഴുത്തിൽ മിന്നു വീഴുന്നു... താൻ നിറമിഴികളോടെ നിൽക്കുന്നു... എങ്കിലും മുഖം കാണും മുൻപേ ഞെട്ടിയുണർന്ന് പോയല്ലോ... അകാരണമായ ഭയം ഉള്ളത്തെ കീഴ്പ്പെടുത്തിയതും അച്ഛൻ ജപിച്ചു തന്ന കഴുത്തിൽ കിടന്ന തകിടിൽ ഇറുകെ പിടിച്ചവൾ...!! ശെ! ഇതെന്താ അഭിയേട്ടനെ പറ്റി ഓർത്ത് കിടന്നിട്ടും വേറെ വല്ലവനെയും ഒക്കെ സ്വപ്നം കാണുന്നത്...? ആരാണാവോ തൻ്റെ ജീവിതത്തിലെ ആ കുരിശ്...!! 🌸_____💜

ഉള്ളതിൽ ഏറ്റവും നല്ല ഹാഫ് സാരി തന്നെ ഉടുത്തു... ഇതു വരെ ഇല്ലാത്ത പോലെ ഒരുങ്ങി... നീണ്ട മുടിയിഴകളിൽ മുല്ലപ്പൂവും ചൂടി... അഭിയേട്ടൻ കാറും കൊണ്ട് വന്നതും ഉത്സാഹത്തോടെ മുറ്റത്തേക്കോടി... "ദേ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. ഇരുട്ടും മുൻപ് എത്തിയേക്കണം... അഭി ഉണ്ടെന്ന ഒറ്റ കാരണത്താലാ വിടുന്നത്.." വന്നു പ്രണവേട്ടൻ്റെ വക ഓർഡർ...!! അല്ലി ഓർത്തു.. "ഞാനെല്ലാം നോക്കിക്കോളാം... മുഴുവൻ ഉത്തരവാദിത്വവും എൻ്റെ തന്നെ..." ഒരു ചിരിയോടെ അതും പറഞ്ഞ് അഭി വണ്ടി സ്റ്റാർട്ട് ചെയ്തു... ആ യാത്ര ഇരുവരുടേയും സ്വപ്നങ്ങളെയും ജീവിതത്തെയും മാറ്റി മറിക്കുമെന്നറിയാതെ..!! 🌸______💜

"അപ്പോൾ രണ്ട് പേരും ചെല്ല്... പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ... ഇരുട്ടും മുൻപ് വീട്ടിൽ ചെന്നേക്കണേ.. വെറുതെ നിൻ്റെ അച്ഛൻ്റെയും ആങ്ങളയുടെയും വായിലിരിക്കുന്നത് എന്നെ കേൾപ്പിക്കല്ലെ..." ആരതിയേയും അല്ലിയേയും കോളേജ് ഗേറ്റിന് മുൻപിൽ ഇറക്കിക്കൊണ്ട് അഭി പറഞ്ഞു... "ങും... അഭിയേട്ടൻ ധൈര്യമായി ചെല്ല്..." അല്ലി അതും പറഞ്ഞ് അഭിയെ പറഞ്ഞ് വിട്ടു... ആശ്ചര്യത്തോടെ അല്ലി അവിടമെല്ലാം ചുറ്റിക്കണ്ടു... എത്ര വല്ല്യ കോളേജ്...!! മുൻപിലായി തന്നെ ഒരു ഗുൽമോഹർ മരം ശിരസ്സുയർത്തി നിൽക്കുന്നു... നടപ്പാതയിലാകെ ചുവപ്പ് പരവതാനി തീർത്ത് ഗുൽമോഹർ പൂക്കൾ... സമയം ഉച്ച കഴിഞ്ഞു... "ദേ അല്ലീ... മത്സരത്തിനുള്ളവരൊക്കെ അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു... നീ ഇവിടെ നിൽക്ക്... ഞാനൊന്ന് പോയിട്ട് വരട്ടെ..." ആരതി അതും പറഞ്ഞ് നടന്നകലുന്നത് അല്ലി ആ വരാന്തയിൽ ചാരി നിന്നു കൊണ്ട് നോക്കി... സമയം കടന്ന് പോയി... ഈറനടിയേറ്റ് ആ കോളേജ് വരാന്തയിൽ ഏറെ നേരമവൾ നിശ്ചലയായി നിന്നു... എവിടെ നിന്നോ വന്നു കൊണ്ടിരുന്ന ഇളം കാറ്റിൽ മുടിയിഴകൾ പാറിപ്പറന്നു... ഒരു വേള ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിക്കും പോലെ...!! പിൻ തിരിഞ്ഞ് നോക്കിയതും ഒരാൾ വേഗത്തിൽ ഓടി തന്നിലേക്കടുക്കുന്നു... ആ മിഴികളിൽ ഭയം നിറഞ്ഞിരിക്കുന്നു.. തൊട്ട് പിന്നാലെ ആയി മറ്റൊരാൾ അവനെ പിടിക്കാൻ ആയി ഓടുന്നു...

അവളിലേക്കടുക്കും മുന്നേ മുൻപേ ഓടിയവനിൽ ബലിഷ്ഠമായ ആ കരങ്ങൾ പിടുത്തമിട്ടിരുന്നു.... "ടാ...!!" അലറിക്കൊണ്ടവൻ ഭയപ്പെട്ട് നിൽക്കുന്നവനെ അടിച്ചു.... അവൻ്റെ ചുണ്ട് പൊട്ടി ചോരയൊലിച്ചു... അല്ലി ആ കാഴ്ച ഭീതിയോടെ നോക്കിക്കണ്ടു... ആ കഴുത്തിൽ കിടക്കുന്ന കുരിശു മാലയിലേക്ക് അവളുടെ നേത്രങ്ങൾ അറിയാതെ പതിച്ചതും അവൾ ചിന്തയിലാണ്ടു... അടി കൊണ്ടവൻ വേദനയാൽ പുളയുന്നു.. "ടാ അലക്സീ... മതി അടിച്ചത്... പ്രിൻസി വരുന്നെടാ...!!" വരുൺ ദൂരെ നിന്ന് വിളിച്ച് പറഞ്ഞതും അലക്സി അവൻ്റെ മേലിൽ നിന്നും കൈയ്യെടുത്തു... വരുൺ വെപ്രാളപ്പെട്ട് ഓടി മറഞ്ഞു... അലക്സി മുഖം തിരിച്ച് നോക്കിയതും കാണുന്നത് ഭയപ്പെട്ട് നിൽക്കുന്ന ഒരു പെൺകുട്ടിയെ...!! ഒരു വേള അവൻ പേടിച്ചരണ്ട ആ മിഴികളിലേക്ക് നോക്കി... നേത്ര ഗോളങ്ങൾ ഭയത്താൽ അനിയന്ത്രിതമായി ഓടി നടക്കുന്നു.. ഇളം റോസ് നിറമുള്ള അധരങ്ങൾ വിറ കൊള്ളുന്നു... ആ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പു തുള്ളിയിലൂടെ അവൻ്റെ മിഴികൾ പാഞ്ഞു... ആരാ ഇവൾ.... ഇതിനു മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ... അലക്സി ഓർത്തു... പ്രിൻസിപ്പൾ നടന്നടുത്തതും അലക്സിയും അടി കൊണ്ട രാഹുലും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ചിരിയോടെ നിന്നു.... "എന്താടാ ഇവിടെ നടന്നത്...?" പ്രിൻസിപ്പൽ ഇരുവരോടും ചോദിച്ചു... "ങേ എന്ത്... ഒന്നുമില്ല..." അലക്സി ചിരിയോടെ പറഞ്ഞു...

ചോരയൊലിക്കുന്ന രാഹുലിൻ്റെ മുഖം കണ്ടതും പ്രിൻസിപ്പൽ സംശയത്തോടെ നോക്കി.... "എന്താ ഇവിടെ സംഭവിച്ചത് കുട്ടീ...?" അല്ലിയെ നോക്കിക്കൊണ്ട് പ്രിൻസിപ്പൽ ചോദിച്ചു... അല്ലി വിക്കി വിക്കി എന്തോ പറയാൻ ശ്രമിച്ചതും ഒന്നും മിണ്ടല്ലെന്ന മട്ടിൽ അലക്സി അവളെ നോക്കി കണ്ണുരുട്ടി... "ഒരു കാര്യം ചെയ്യ്... മൂന്ന് പേരും എൻ്റെ ക്യാബിനിലേക്ക് വാ..." ഒന്നും മിണ്ടാതെ നിൽക്കുന്ന അല്ലിയെ കണ്ടതും പ്രിൻസിപ്പൽ പറഞ്ഞു.. ഛെ!... ഒന്നുമില്ലെന്ന് ഇവൾക്കങ്ങ് പറഞ്ഞാൽ പോരെ... അലക്സി മുഷിച്ചിലോടെ ഓർത്തു... മൂവരും പ്രിൻസിപ്പലിന് പിന്നാലെയായി നടന്നു... "ങും... പറ എന്താ നടന്നത്...?" പ്രിൻസിപ്പൽ ദേഷ്യത്തിൽ ചോദിച്ചു... ആരും ഒന്നും മിണ്ടിയില്ല... "നീ ലാബിലേക്ക് ചെല്ല്... മുറിവിൽ മരുന്ന് വെക്ക്..." രാഹുലിനെ നോക്കി പ്രിൻസിപ്പൽ പറഞ്ഞതും അവൻ ആശ്വാസത്തോടെ പുറത്തേക്കിറങ്ങി... മരുന്ന് വെയ്ക്കുമ്പോഴും രാഹുലിൻ്റെ മനസ്സിൽ ആ മുറിവിനെക്കാളും ആഴത്തിൽ അലക്സിയോടുള്ള പക നീറിക്കൊണ്ടിരുന്നു... 🌸______💜

"ങും രണ്ട് പേരും അകത്തേക്ക് നീങ്ങി നിൽക്ക്... ഇനീം നിന്നെ പിടിച്ച് വെച്ചത് കണ്ടിട്ട് നിൻ്റെ കൂട്ടുകാർ അടുത്ത അടി ഉണ്ടാക്കണ്ട...." പ്രിൻസിപ്പൽ അലക്സിയെ നോക്കി പറഞ്ഞു.. "സർ... പുറത്ത് ദേ വീണ്ടും അടി നടക്കുന്നു..." പ്രിൻസിപ്പൽ അലക്സിയോടും അല്ലിയോടും എന്തോ ചോദിക്കാൻ നാവുയർത്തിയതും പ്യൂൺ ഓടിക്കിതച്ച് വന്നു കൊണ്ട് വിളിച്ചു പറഞ്ഞു... "ഓ ആ മരുന്ന് വെയ്ക്കാൻ പറഞ്ഞ് വിട്ടവൻ വീണ്ടും പ്രശ്നമുണ്ടാക്കി കാണുമോ..?!" ആത്മഗദം പറഞ്ഞ് കൊണ്ട് പ്രിൻസിപ്പൽ പുറത്തേക്ക് നടന്നു.. "ദേ രണ്ട് പേരും ഞാൻ വരുന്നത് വരെ ഇവിടെ തന്നെ നിന്നേക്കണം..." താക്കീത് പോലെ അല്ലിയോടും അലക്സിയോടും പറഞ്ഞിട്ട് പ്രിൻസിപ്പൽ ധൃതിയിൽ പുറത്തേക്ക് നടന്നു... എന്നാൽ അപ്പോഴേക്കും രംഗം വഷളായിരുന്നു... പുറത്തെ ബഹളത്തിൽ പ്രിൻസിപ്പലിൻ്റെ തലയ്ക്ക് അടിയേറ്റു... ചുറ്റിനും കുട്ടികൾ വെപ്രാളത്തിൽ ഓടുന്നു... പ്യൂൺ ഓടിച്ചെന്ന് പ്രിൻസിപ്പലിനെ എഴുന്നേല്പ്പിച്ചു... "സർ... സർ..." "അത്... എൻ്റെ ക്യാബിൻ... ക്യാബിനിൽ..."

പറഞ്ഞവസാനിപ്പിച്ചതും പ്രിൻസിപ്പലിൻ്റെ ബോധം മറഞ്ഞു... അപ്പോഴേക്കും ടീച്ചേഴ്സ് ഓടി വന്ന് പ്രിൻസിപ്പലിനെ താങ്ങി.... ക്യാബിൻ പൂട്ടാൻ ആവും സർ പറഞ്ഞത്... പ്യൂൺ അതും ഓർത്ത് ധൃതിയിൽ ക്യാബിനിൻ്റെ അടുത്തേക്ക് ചെന്നു... അയാൾ വെപ്രാളത്തിൽ വാതിൽ വലിച്ചടച്ച് കൊണ്ട് പുറത്ത് നിന്നും പൂട്ടി... ശബ്ദം കേട്ട് അലക്സി പിൻതിരിഞ്ഞതും പ്യൂൺ നടന്നകന്നിരുന്നു... "ഏയ്... എടോ..." അലക്സി വാതിലിൽ ചെന്ന് കൊട്ടി... അത് കണ്ടതും അല്ലിക്ക് തൻ്റെ ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി... (തുടരും) പുതിയൊരു സ്റ്റോറിയാണേ ഫ്രണ്ട്സ്... അഭിപ്രായങ്ങൾ അറിയിക്കണേ...🤗🤗 എല്ലാവർക്കും ഇഷ്ടമായാൽ next part ഇടാം....❤️❤️ രചന :: ഭാഗ്യ ലക്ഷ്മി

Share this story