സംഗമം: ഭാഗം 10

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ഇതുവരെ മനസ്സു തുറന്നൊന്ന് സംസാരിക്കാൻ പോലും ശ്രമിക്കാതിരുന്നിട്ട് ഇന്ന് രാത്രി തൻ്റെ മേൽ ഭർത്താവിൻ്റെ അധികാരം സ്ഥാപിക്കാൻ വരുവാണോ...?! ഓർക്കവേ ഉള്ളൊന്ന് വിങ്ങി... നെഞ്ചകം പിടഞ്ഞു... ചുറ്റുമുള്ള അന്തരീക്ഷത്തെ കൂടുതൽ ഉന്മാദത്തിലാഴ്ത്തിക്കൊണ്ട് മുല്ലപ്പൂക്കൾ സുഗന്ധം പരത്തിക്കൊണ്ടിരുന്നു... എങ്ങു നിന്നോ വന്നു കൊണ്ടിരുന്ന ഈറൻ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു... തന്നിലേക്കടുക്കുന്ന അവൻ്റെ കാലടികൾ അവളുടെ ഹൃദയമിടിപ്പുകളെ ഇരട്ടിപ്പിച്ചു കൊണ്ടിരുന്നു... പരിഭ്രമത്താൽ മിഴികൾ പിടയാനും അധരങ്ങൾ വിറകൊള്ളാനും തുടങ്ങിയിരുന്നു... പേരറിയാത്തൊരു നോവ് ഹൃദയത്തിലെവിടെയോ ഉടലെടുത്തിരുന്നു... അവളിൽ നിന്നും പിൻവലിയാൻ മടി കാട്ടുന്ന മിഴികളെയും അവളെ പുൽകാൻ വെമ്പൽ കൊള്ളുന്ന അധരങ്ങളെയും അവൻ ശാസിച്ചു.. അല്പസമയം കുട്ടിത്തം വിട്ടു മാറാത്ത ആ വദനത്തിലേക്കൊന്ന് ഉറ്റു നോക്കി... ഉള്ളിൽ ഉടലെടുത്ത വികാരം വാത്സല്യമാണോ...?! തൻ്റെ മേലെ ഇഴയുന്ന ആ മിഴികൾ അവളിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു...

മിഴികൾ ഉയർത്തി നോക്കാൻ മെനക്കെടാതെ മുഖം തിരിച്ചു... ആ ദൃഷ്ടിയിൽ നിന്നൊന്ന് അപ്രത്യക്ഷയാവാൻ കഴിഞ്ഞിരുന്നെങ്കിൽ....!! അല്ലി നിസ്സഹായതയോടെ ഓർത്തു... അലക്സി അവളുടെ അവസ്ഥ കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലനായി നിന്നു... ഇങ്ങോട്ട് വന്നതേ തെറ്റായിപ്പോയെന്നവൻ്റെ മനസാക്ഷി വിളിച്ചു പറഞ്ഞു... അവളെ ഒന്നു നാവുയർത്തി വിളിക്കാൻ തുടങ്ങിയതും എന്തോ ഓർത്ത് പിൻ വാങ്ങി.... വന്നതിനേക്കാൾ ശീഘ്രത്തിലവൻ തിരികെ നടക്കുമ്പോൾ അവളിൽ പടർന്ന ആശ്വാസത്തിനതിരില്ലായിരുന്നു.. അലക്സി സോഫയിൽ വന്ന് കിടന്നപ്പോഴേക്കും സർവ്വരും നിദ്രയിലാണ്ടിരുന്നു.... അല്ലി ബെഡിൻ്റെ ഒരു മൂലയിലായി ചുരുണ്ട് കൂടി.... സമയം കടന്ന് പോയതും വാടിത്തുടങ്ങിയ മുല്ലപ്പൂക്കൾക്ക് മീതെ അവൾ തളർന്നുറങ്ങി.... 🌸_____💜 "ങേ...??!! ഇതെന്താ ഇവിടെ കിടക്കുന്നെ...?" രാവിലെ വരുണിൻ്റെ വെപ്രാളത്തോടെയുള്ള സ്വരം കേട്ടാണ് അലക്സി ഞെട്ടിയുണർന്നത്.... അവൻ കണ്ണ് തിരുമിക്കൊണ്ട് ഷർട്ടിൻ്റെ കൈ മുകളിലേക്ക് കയറ്റി പതിയെ എഴുന്നേറ്റു....

"നിന്നെ അവള് മുറിയിൽ നിന്ന് ഇറക്കി വിട്ടോ...? അല്ല ഒച്ചയും ബഹളവും ഒന്നും കേട്ടില്ല... അതാ ഞാൻ...." വരുൺ പറഞ്ഞവസാനിപ്പിച്ചതും അലക്സി ദേഷ്യത്തിൽ നോക്കി... "പറ..അവൾ നിന്നെ ഇറക്കി വിട്ടോ...?" "ഇല്ല ഞാനിറങ്ങി പോന്നു..." "അതെന്തിനാ...?" "ഇത് ശരിയാവില്ല... അത്ര തന്നെ...!! എല്ലാവരും കൂടെ തള്ളി വിട്ടോണ്ടല്ലേ ഞാൻ പോയത്...?!" "അതിനിപ്പോൾ എന്നാ പറ്റി...? അവള് നിന്നെ വല്ലോം ചെയ്തോ..?" അലക്സി ഒന്നും മിണ്ടാതെ ജനലോരത്തേക്ക് നടന്നു... "അപ്പോൾ ഇന്നലെയും ഒന്നും നടന്നില്ലെന്ന് സാരം... കഷ്ടം തന്നെ നിൻ്റെ കാര്യം.... ഇതേ പോലൊരു പെണ്ണിനെ കിട്ടിയിട്ട് ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്ന നിന്നെ സമ്മതിക്കണം..." "നീ പറയുന്നത് പോലെയല്ല... അതിന് പറ്റിയൊരു മാനസികാവസ്ഥയാണോ അവൾക്ക്...? ഇന്നലെ തന്നെ ഞാനടുത്തോട്ട് ചെന്നപ്പോൾ അവള് എത്രമാത്രം ഭയപ്പെട്ടെന്ന് ഞാൻ കണ്ടതാണ്... അവളുടെ മനസ്സിൽ ഇപ്പോഴും ആ ഡോക്ടർ ആണ്..." "അതെന്തു കൊണ്ടാണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ...? നീയിങ്ങനെ ഉൾവലിയുന്നത് മാത്രമാണതിന് കാരണം..."

"എടാ എനിക്ക് ഭയങ്കര സ്റ്റാർട്ടിംഗ് ട്രബിൾ ആണ്.. അങ്ങോട്ട് ശരിയാവുമെന്ന് തോന്നുന്നില്ല... സമയം എടുക്കും..." "റോസാപ്പൂ വാങ്ങിക്കാഞ്ഞത് നന്നായി അല്ലെങ്കിൽ അതിൻ്റെ കാശും കൂടെ വേസ്റ്റായേനേം..." നിരാശയോടെ അതും പറഞ്ഞ് വരുൺ നടന്നകന്നു... 🌸____💜 അലക്സിയെ പറ്റി തൻ്റെ ഉള്ളിലുണ്ടായിരുന്നതൊക്കെ അനാവശ്യമായ സംശയങ്ങളായിരുന്നല്ലോ എന്ന് അല്ലി ഓർത്തു... അവസരങ്ങൾ ഏറെ ഉണ്ടായിട്ടും തൻ്റെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യാഞ്ഞവനോടവൾക്ക് ചെറിയൊരു ബഹുമാനം തോന്നി... അപരിചിതരായ ആളുകളെ പറ്റി തൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന ധാരണകളൊക്കെ തെറ്റായിരുന്നല്ലോ എന്നവൾ മനസ്സിലാക്കി... എത്ര നന്മയുള്ളവരാണ് അലക്സിയും അവൻ്റെ സുഹൃത്തുക്കളും... ഒരാൾക്കൊരു പ്രശ്നം വന്നാൽ ഒറ്റക്കെട്ടായി നിൽക്കുന്നവർ...!! ഒരുവൻ്റെ ദുഖത്തെ പലതായി പങ്കിടുന്നവർ....!! ഒരു പരിചയവുമില്ലാത്ത... വളർത്തി വലുതാക്കിയ വീട്ടുകാർ പോലും ഉപേക്ഷിച്ച തന്നോട് പോലുമവർക്ക് എത്ര കരുതലാണ്... ഒന്നിനും വിലക്കുകളില്ലാതെ മനസ്സിന് സന്തോഷം കിട്ടുന്നതൊക്കെ ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെ അവൾ അറിയുകയായിരുന്നു.... ചിന്തകൾക്ക് വിരാമമിട്ടവൾ ഈറൻ മുടിയിഴകൾ തോർത്തിനാൽ ഒന്നും കൂടെ അമർത്തി തുടച്ചു...

പുരികങ്ങൾക്കിടയിലേക്ക് ഒരു പൊട്ടും കൂടെ വെച്ചാ കണ്ണാടിയിലേക്ക് നോക്കിയതും അറിയാതെ മിഴികൾ മാറോടണഞ്ഞു കിടക്കുന്ന മിന്നിലേക്ക് പതിഞ്ഞു... തൻ്റെ ആഗ്രങ്ങൾക്ക് മേൽ കടിഞ്ഞാണിടാതെ തനിക്ക് മുൻപിൽ സ്വാതന്ത്ര്യത്തിൻ്റെ വാതിൽ തുറന്നു തന്നവനെ വീണ്ടുമോർത്തു.... അന്ന് അഭിയെ ഒഴിവാക്കാൻ വെറുതെ പറഞ്ഞതാണെങ്കിലും ഇതിന് ശരിക്കുമൊരു പവിത്രതയില്ലേ എന്ന് വൃഥാ ഓർത്തു കൊണ്ടവൾ വലിയ ചമയങ്ങളൊന്നുമിടാൻ മെനക്കെടാതെ പുറത്തേക്കിറങ്ങി... നടക്കും വഴി കൂട്ടുകാർക്കിടയിൽ ചിരിയോടിരിക്കുന്നവനെ വെറുതെ ഒന്ന് നോക്കി...അല്ലിയെ കണ്ടതും അവൻ്റെ മിഴികൾ വിടർന്നു... അവൾ പെട്ടെന്ന് മിഴികൾ വെട്ടിച്ച് മെറിൻ്റെ അരികിലേക്ക് നടന്നു.... "ഇങ്ങനെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നാൽ മതിയോടാ...?" വരുൺ അലക്സിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞതും അവൻ ഒരു ചിരിയോടെ മുഖം തിരിച്ചു... 🌸_____💜 സമയം സന്ധ്യയോടടുത്തതും അല്ലി വെറുതെ ബാൽക്കണിയിൽ വളർന്നു നിൽക്കുന്ന പനിനീർ പുഷ്പങ്ങളെ നോക്കി നിന്നു...

അവയുടെ സുഗന്ധം മനസ്സിനും നാസികയ്ക്കും വല്ലാത്ത കുളിർമയേകും പോലെ.... പാവാടത്തുമ്പ് സ്വല്പം ഉയർത്തി മുഖത്തേക്ക് അലസമായി പാറിക്കിടക്കുന്ന മുടിയിഴകളെ ഒതുക്കി വെച്ചവൾ ഈറൻ കാറ്റേറ്റ് നിന്നു... അല്പ നേരം കഴിഞ്ഞതും വരുണും മെറിനും അല്ലിയുടെ അരികിലേക്ക് നടന്നു.... "ദേ കൊച്ചേ ഒരു കാര്യം പറയാനുണ്ട്.." വരുൺ പറഞ്ഞതും അല്ലി പിൻതിരിഞ്ഞ് നോക്കി.... "നീയെന്താ ഞങ്ങടെ അലക്സിയെ സ്നേഹിക്കാത്തത്...? എത്ര പെൺപിള്ളേർ അവൻ്റെ പുറകെ നടന്നിട്ടുണ്ടെന്ന് നിനക്കറിയാമോ...? അവനാണെങ്കിൽ ഒറ്റയൊരെണ്ണത്തിനെ പോലും ഒന്ന് നോക്കീട്ട് കൂടിയില്ല... ആ അവനാണ് ഇപ്പോൾ നിൻ്റെ മനസ്സ് മാറാൻ കാത്തിരിക്കുന്നത്... പിന്നെ നീ കരുതും പോലെ ഇത്രേം പ്രശ്നം ഉണ്ടായതു കൊണ്ടോ അല്ലെങ്കിൽ നിന്നെ നിൻ്റെ വീട്ടുകാർ ഉപേക്ഷിച്ചത് കൊണ്ടോ ഒന്നുമല്ല അവൻ നിന്നെ സ്വീകരിച്ചത്... സ്വന്തം വീടും സുഖസൗകര്യങ്ങളും ഒക്കെ വേണ്ടെന്ന് വെച്ചിട്ട് അവൻ നിന്നേം കൊണ്ട് ഇറങ്ങിയെങ്കിൽ അത് നീ അവൻ്റെ ഉള്ളിൽ കയറിപ്പറ്റിയത് കൊണ്ട് മാത്രമാണ്... നിനക്കെന്താ ഇത് മനസ്സിലാവാത്തത്...?" വരുൺ ശബ്ദം കനപ്പിച്ച് പറഞ്ഞതും അല്ലി ഒന്നും മിണ്ടാതെ ഉറ്റു നോക്കി... "നീയെന്താ വിചാരിച്ചിരിക്കുന്നത്... ആ ഡോക്ടർ നിന്നെ ഇനിയും സ്വീകരിക്കുമെന്നോ...?

അതാണോ നീ അലക്സിയെ ഇഷ്ടപ്പെടാത്തത്...?" വരുണിൻ്റെ ചോദ്യങ്ങൾക്കൊന്നും അല്ലിക്ക് മറുപടി ഉണ്ടായിരുന്നില്ല... "കഷ്ടമുണ്ട് അല്ലിക്കൊച്ചേ.... അവനെ അവൻ്റെ അപ്പൻ ഇറക്കി വിട്ടത് പോലും നിന്നെ ഉപേക്ഷിക്കാൻ അവൻ തയ്യാറാവാഞ്ഞോണ്ടാ... ആ സ്ഥിതിക്ക് നീയും കൂടി ഇങ്ങനെ അവഗണിച്ചാൽ അവൻ തകർന്ന് പോകും... എനിക്കറിയാം ആ ഡോക്ടറെ നിനക്കങ്ങനെ പെട്ടെന്ന് മറക്കാൻ പറ്റില്ലെന്ന്... പക്ഷേ മറക്കാൻ ഒന്ന് ശ്രമിച്ചൂടെ..? ആ സ്ഥാനത്ത് ഞങ്ങടെ അലക്സിയെ കണ്ടൂടെ നിനക്ക്... അവന് നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്... അവൻ്റെ മനസ്സിൽ ആദ്യമായി കയറിപ്പറ്റിയ പെണ്ണാ നീ... അവസാനമായും... ഒന്ന് മനസ്സിലാക്ക് നീ.... ആ ഡോക്ടറേം ഓർത്ത് കണ്ണീർ പൊഴിച്ചോണ്ടിരുന്നാൽ ദേ ജീവിതമങ്ങ് കൈവിട്ട് പോകും... നഷ്ടപ്പെട്ടതോർത്ത് കരയാതെ ഉള്ള കാലം സന്തോഷമായി കഴിയാൻ നോക്ക്... നിൻ്റെ ആ ഡോക്ടറെക്കാളും ഒട്ടും മോശമല്ല ഞങ്ങടെ അലക്സി... അതു കൊണ്ട് ഇനീം അവൻ്റെ മനസ്സ് വേദനിപ്പിക്കാതെ അവനെയങ്ങ് സ്നേഹിച്ചേക്കണം കേട്ടല്ലോ..." വരുൺ സ്നേഹം നിറഞ്ഞ ശാസനയോടെ പറഞ്ഞവസാനിപ്പിച്ചു...

"സാരമില്ലെടാ അല്ലിക്ക് അല്പം കൂടി സമയം കൊടുക്കാം... അവൾക്ക് അലക്സിയെ മനസ്സിലാകും..." മെറിൻ അല്ലിയുടെ ശിരസ്സിൽ തഴുകി ഒരു ചിരിയോടെ പറഞ്ഞു... ഇരുവരും പറഞ്ഞ കാര്യങ്ങളെപ്പറ്റി അവർ നടന്നകന്നതും അല്ലി ചിന്തിച്ചു.. പക്ഷേ അവൾക്കൊരു തീരുമാനമെടുക്കാനായില്ല... ഇരുവർക്കുമിടയിലെ അകൽച്ച തെല്ലും കുറയ്ക്കാതെ തന്നെ ദിനങ്ങൾ കടന്ന് പോയി... അല്ലി ഏകയായി മുറിയിലും അലക്സി സോഫയിലും തന്നെ കിടന്നുറങ്ങി... രാവിലെ കോളേജിൽ പോകാനായി റെഡിയായതും അലക്സി വാതിലിൽ ഒരു കൊട്ട് കേട്ടു.... അവൻ വാതിൽ തുറന്നതും അകത്തേക്ക് കടന്ന് വരുന്ന ആളെ കണ്ട് സംശയത്തോടെ നോക്കി... പൗരുഷം തുളുമ്പുന്ന മുഖത്തിൽ ശാന്തമായ ഭാവം... ഷർട്ടും മുണ്ടുമാണ് വേഷം... നെറ്റിമേൽ നേർത്ത ഒരു ചന്ദനക്കുറി... "എന്നെ മനസ്സിലായിക്കാണില്ല അല്ലേ...?" അകത്തേക്ക് കടന്ന് കൊണ്ടവൻ ശാന്തമായി ചോദിച്ചതും അലക്സി ഇല്ല എന്ന അർത്ഥത്തിൽ തലയനക്കി... "എങ്ങനെ മനസ്സിലാവാനാ...? അതിന് നമ്മൾ തമ്മിൽ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ..."

ഒരു ചിരിയോടെ അതും പറഞ്ഞ് സോഫയിലേക്കവൻ കയറി ഇരുന്നതും അലക്സിയും വരുണും മെറിനുമൊക്കെ ഇതാരെന്ന മട്ടിൽ മുഖത്തോട് മുഖം നോക്കി... "പക്ഷേ അലക്സിയെ എനിക്ക് നന്നായി അറിയാം... നമ്മൾ തമ്മിൽ വളരെ അടുത്തൊരു ബന്ധം ഉണ്ട്.. എൻ്റെ അനിയൻ പറഞ്ഞ് ഞാൻ നിന്നേപ്പറ്റി ധാരാളം കേട്ടിരിക്കുന്നു.. പക്ഷേ കേട്ടതൊന്നും അത്ര സുഖമുള്ള കാര്യങ്ങളല്ലെന്ന് മാത്രം..." അതേ ശാന്തതയിൽ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞവസാനിപ്പിച്ചതും അലക്സി പുരികം പൊക്കി സംശയ രൂപേണ നോക്കി... "താൻ രാവിലെ വന്ന് ഷോ ഇറക്കാതെ ആരാ എന്താന്ന് വെച്ചാൽ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ... ഞങ്ങൾക്ക് വേറെ പണിയുണ്ട്..." അലക്സി മുഷിച്ചിലോടെ പറഞ്ഞു... "ചൂടാവാതെ മാഷേ... ഞാൻ പറഞ്ഞില്ലേ നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ടെന്ന്... ആ ബന്ധത്തിന് വെറുതെ ആദ്യമേ തന്നെ വിള്ളൽ വീഴ്ത്തണോ...?" അലക്സിയും സുഹൃത്തുക്കളും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.... "മോളെ അല്ലീ...." ഉള്ളിലേക്ക് നോക്കിക്കൊണ്ടവൻ വാത്സല്യത്തോടെ നീട്ടി വിളിച്ചു...

തനിക്കേറെ പരിചിതമായൊരു സ്വരം കാതുകളിലേക്ക് പതിച്ചതും അല്ലി ധൃതിയിൽ പിടഞ്ഞെഴുന്നേറ്റു.... "വല്ല്യേട്ടൻ....!!" അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... അവൾ അതിയായ സന്തോഷത്തോടെ ഹാളിലേക്ക് ഓടി... "ഏട്ടാ..." അനന്തനെ കണ്ടതും അല്ലിയുടെ മിഴികൾ വിടർന്നു... "ഏട്ടാ..." അവൾ ഉറക്കെ വിളിച്ചു കൊണ്ട് അവൻ്റെ നെഞ്ചോരം ചേർന്നു... നഷ്ടപ്പെട്ടെന്ന് കരുതിയതെന്തോ തിരികെ ലഭിച്ച സന്തോഷത്തിൽ... ഇരുവരുടെയും മിഴികൾ ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞിരുന്നു... "മോളെ..." അനന്തൻ വാത്സല്യത്തോടെ അവളുടെ ശിരസ്സിൽ തലോടി... "മോളെ നിനക്ക് സുഖമാണോ...?" അല്ലി അതെ എന്ന മട്ടിൽ മൂളി... "ഏട്ടൻ എല്ലാം അറിയാൻ വൈകിയല്ലോടീ... എൻ്റെ മോള് ഒരുപാട് സങ്കടപ്പെട്ടോ...?" അവൻ ഇടറുന്ന സ്വരത്തിൽ ചോദിച്ചു... "ആഹ്... ഒത്തിരി... അച്ഛനും പ്രണവേട്ടനും എന്നെ വിശ്വസിക്കാതിരുന്നപ്പോൾ.... ഞാൻ തകർന്നു പോയി വല്ല്യേട്ടാ..." കൊച്ച് കുട്ടികളെ പോലെ അവനോട് പരിഭവം പറയുന്ന അല്ലിയെ അലക്സി ഉറ്റു നോക്കി.... ഇവളുടെ വായിൽ നാക്കുണ്ടായിരുന്നോ എന്ന മട്ടിൽ...

"അപ്പോൾ ഇനീം പ്രത്യേകിച്ചൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലല്ലോ... ഞാൻ അനന്തൻ... അല്ലിയുടെ മൂത്ത ചേട്ടൻ.... ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായ സമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല... അമേരിക്കയിലാണ് ജോലി.. ഈ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ മാനസികമായി ഞാനാകെ തളർന്ന് പോയി... മനസ്സിനെ ഒന്ന് പാകപ്പെടുത്തി എല്ലാം ഉൾക്കൊള്ളാൻ കുറച്ച്‌ സമയമെടുത്തു... പിന്നെ കാര്യങ്ങളെ സംയമനത്തോടെ നേരിടാൻ പ്രണവിന് അറിയില്ല... അല്പം എടുത്തുച്ചാട്ടക്കാരനാണ് അവൻ... അതു കൊണ്ട് തന്നെ അവനോ അച്ഛനോ പറഞ്ഞത് പോലെയല്ല കാര്യങ്ങളെന്ന് ആദ്യമേ തോന്നിയിരുന്നു... പിന്നെ എൻ്റെ കൈകളിൽ കിടന്ന് വളർന്ന ഇവളെ മറ്റാരേക്കാളും നന്നായി എനിക്കറിയാം... അഭിയാണ് യഥാർത്ഥത്തിൽ സംഭവിച്ചതൊക്കെ എന്നോട് പറഞ്ഞത്... അപ്പോൾ മുതൽ ഈ അലക്സിയെ ഒന്ന് കാണണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നു... സ്ഥലം കണ്ട് പിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി..." അല്ലിയെ ചേർത്ത് പിടിച്ചു കൊണ്ട് അലക്സിയെ നോക്കി അനന്തൻ പറഞ്ഞവസാനിപ്പിച്ചു..

. "പിന്നെ ഞാനിപ്പോൾ വന്നതെന്തിനാണെന്ന് വെച്ചാൽ അല്ലിയെ കൂട്ടിക്കൊണ്ട് പോവാനാണ്..." അനന്തൻ പറഞ്ഞതും അലക്സി ഞെട്ടലോടെ നോക്കി... "വീട്ടിലുള്ളവരെ ഞാനും അഭിയും പതിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്... ഇന്നല്ലെങ്കിൽ നാളെ അച്ഛൻ്റെ പിടിവാശി മാറും... ഒന്നുമില്ലെങ്കിലും സ്വന്തം മകളല്ലേ... എത്ര നാൾ അച്ഛനിവളെ അകറ്റി നിർത്തും..? ഞങ്ങളുടെ വീടിൻ്റെ വിളക്കാണിവൾ... ഇവളുടെ ജനനത്തോടെയാണ് സകല ഐശ്വര്യങ്ങളും ഞങ്ങൾക്ക് വന്ന് ചേർന്നത്... അല്ലിയില്ലാതെ അവിടാർക്കും ഒരു സന്തോഷവും ഇല്ല... തത്കാലം ഞാനിവളെ എൻ്റെ വീട്ടിലേക്ക് കൊണ്ട് പോകട്ടെ...? കാര്യങ്ങൾ അച്ഛന് മനസ്സിലായി കഴിഞ്ഞാൽ തറവാട്ടിലേക്ക് ഞാൻ തന്നെ കൊണ്ട് പൊയ്ക്കോളാം... " അനന്തൻ പറഞ്ഞു... "ഇതെങ്ങനെ ശരിയാവും...? നിങ്ങൾ ഇപ്പോൾ കയറി വന്നിട്ട് അല്ലിയെ കൂട്ടിക്കൊണ്ട് പോയാൽ ഞങ്ങളുടെ അലക്സി പിന്നെ എന്ത് ചെയ്യും...?" വരുൺ ദേഷ്യത്തിൽ ചോദിച്ചു.. അലക്സിയുടെ ഉള്ളിലും അതേ ചോദ്യമായിരുന്നു... അടുത്തിടപെഴകിയില്ലെങ്കിലും അവളുടെ സാമീപ്യം അവനാവശ്യമായിരുന്നു...

തൻ്റെ കൺമുമ്പിൽ തന്നെ അവൾ ഉണ്ടാവണമായിരുന്നു... "ഏയ് നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്... ഞാനുദ്ദേശിച്ചത് കുറച്ച് ദിവസത്തേക്ക് അല്ലിയെ എൻ്റെയൊപ്പം കൂട്ടിക്കൊണ്ട് പൊയ്ക്കോട്ടെ എന്നാണ്... ഇവളെ കാണാതെ എൻ്റെ മകളും അർച്ചനയും ആകെ സങ്കടത്തിൽ ആണ്... അല്ലിയെ അവർക്കെല്ലാം ജീവനാണ്.... രണ്ട് ദിവസം കഴിഞ്ഞ് ഞാനിവിടെ കൊണ്ടാക്കാം..." പറ്റില്ല എന്ന് അലക്സിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും പ്രതീക്ഷയോടെ അനന്തനെ നോക്കുന്ന അല്ലിയെ കണ്ടതും അവൻ മൗനം പാലിച്ചു... വരാൻ പറ്റില്ലെന്നവൾ പറയണേ എന്നവൻ വെറുതെ ആശിച്ചു... "എന്താ അലക്സി ഒന്നും മിണ്ടാത്തത്..?" അനന്തൻ ചോദിച്ചു... "ഞാനെന്ത് പറയാനാ അല്ലിയുടെ ഇഷ്ടം പോലെ..." അലക്സി താത്പര്യമില്ലാതെ പറഞ്ഞു... അലക്സിയുടെ മറുപടി കേട്ടതും അനന്തൻ അല്ലിയെ നോക്കി.... അല്ലി തിളങ്ങുന്ന മിഴികളാൽ പ്രതീക്ഷയോടെ അനന്തനിൽ തന്നെ മിഴികൾ നട്ടു... അവളുടെ ഉള്ളിലെ സന്തോഷം അവന് വായിച്ചെടുക്കാമായിരുന്നു... "പോവാം...." അനന്തൻ അല്ലിയോട് ചോദിച്ചതും അവൾ തലയനക്കി... "ദാ ഇതാ എൻ്റെ അഡ്രസ്സ്..." അലക്സിക്ക് അഡ്രസ്സും കൊടുത്ത് അനന്തൻ അല്ലിയേയും കൂട്ടി നടന്നു... ഒന്നു പിൻതിരിഞ്ഞു പോലും നോക്കാതെ അനന്തൻ്റെ ഒപ്പം ഉത്സാഹത്തോടെ പോകുന്ന അല്ലിയെ അലക്സി വേദനയോടെ നോക്കി നിന്നു........... (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story