സംഗമം: ഭാഗം 12

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ആ മുഖം ഓർമ്മയിൽ തെളിയുമ്പോൾ ചുണ്ടിലെ നീറ്റലാണ് ആദ്യം മനസ്സിലേക്ക് കടന്ന് വരുന്നത്... അവൾ പരിഭ്രമത്തോടെ ഓർത്തതും പിൻകഴുത്തിലേക്കൊരു നിശ്വാസമേറ്റതും ഒരുമിച്ചായിരുന്നു. അല്ലി വെപ്രാളത്തോടെ പിൻ തിരിഞ്ഞ് നോക്കി.... എന്നാൽ ആരേയും കാണാഞ്ഞത് അവളിൽ സംശയമുളവാക്കി.... തനിക്ക് തോന്നിയതാണോ...? അവൾ ഞെട്ടലോടെ ഓർത്തു... അവൾ ചുറ്റും നോക്കി... ഇതെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നാൻ....?! അവൾ ചിന്തിച്ചതും പെട്ടെന്ന് അലക്സി അവളെ വലിച്ചടുപ്പിച്ച് മൃദുവായി അവളുടെ അധരങ്ങളെ നുകർന്നെടുത്തു... അവൾ ഞെട്ടിപ്പിടഞ്ഞ് നോക്കും മുൻപേ ക്ഷണനേരത്തെ പ്രവർത്തി അവസാനിപ്പിച്ചവൻ നടന്നകന്നിരുന്നു.... സംഭവിച്ചത് എന്താണെന്നവൾക്ക് ഒരു വേള മനസ്സിലാക്കാനായില്ല... അവൾ അവൻ പോയ വഴിയേ ഉറ്റു നോക്കി... അവൾ പഴയ ഓർമ്മയിൽ കഴുത്തിൽ ഉണ്ടായിരുന്ന തകിടിൽ ഭീതിയോടെ പിടിക്കാൻ തുനിഞ്ഞതും അന്നലക്സി അത് വലിച്ച് പൊട്ടിച്ചത് പൊടുന്നനെ ഓർത്തു.... "ദുഷ്ടൻ....!!" ഈറനണിഞ്ഞ മിഴികളോടെ അവൾ പിറു പിറുത്തു.... 🌸_____💜

"അങ്ങനെ നമ്മൾ മോർണിംഗ് ഷോ തന്നെ കാണാൻ പോകുന്നു.... ശേഷം ഇന്ന് ഫുൾ അടിച്ചു പൊളി..." സ്കൂട്ടറിൻ്റെ ഫ്രണ്ടിൽ ഇരുന്നു കൊണ്ട് പിന്നിലായ് ഇരിക്കുന്ന ശിഖയോട് ശ്രേയ പറഞ്ഞു... "ഇത്തിരി സ്പീഡ് കുറച്ചൂടെ നിനക്ക്..? എനിക്ക് പേടിയാവുന്നു... വല്ലവരുടെയും നെഞ്ചത്ത് കൊണ്ട് വണ്ടി കയറ്റുമോ നീ....?" ശിഖ പരിഭ്രമത്തിൽ ചോദിച്ചു... "അതിനല്ലേടീ മോളെ ഇവിടെ സിറ്റി ഹോസ്പിറ്റൽ ഉള്ളത്... ആ പാവങ്ങൾക്കും ജീവിച്ച് പോവണ്ടേ...?" അലസമായി അത് പറഞ്ഞതും എതിരെ വന്ന കാറുമായി കൂട്ടിമുട്ടിയതും ഒരുമിച്ചായിരുന്നു.... "അയ്യോ.... ആഹ്....!!" നിലത്ത് നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചു കൊണ്ട് ശ്രേയ നിലവിളിച്ചു... "എടീ ആ സ്കൂട്ടർ പൊക്കാതെ എന്നെ പിടിച്ച് പൊക്കെടീ..." ശ്രേയ ശിഖയോട് പറഞ്ഞതും അവൾ ശ്രേയയെ പിടിച്ചെഴുന്നേല്പ്പിച്ചു... "തനിക്കൊന്നും കണ്ണു കണ്ടൂടേ...? എവിടെ നോക്കിയാടോ വണ്ടിയോടിക്കുന്നത്...?" നടുവിനും കൈയ്യും വെച്ച് ശ്രേയ കാർ ഡ്രൈവറോട് ദേഷ്യത്തിൽ ചോദിച്ചു... "ദേ കൊച്ചേ വല്ലടുത്തോട്ടും നോക്കി വണ്ടീം ഓടിച്ചിട്ട് വായീ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞാലുണ്ടല്ലോ...

ഞാൻ കറക്റ്റ് സമയത്ത് വെട്ടിച്ചത് കൊണ്ട് കൂടുതലൊന്നും പറ്റിയില്ല... അല്ലേൽ കാണാമായിരുന്നു... അതെങ്ങനാ ഇപ്പോഴത്തെ പിള്ളേർ എല്ലാം ഇങ്ങനെയാണല്ലോ.... റോഡ് അവരുടെ തന്തേടെ വകയാണെന്നാ വിചാരം.." "പിന്നെ തൻ്റെ തന്തേടെ വകയാണോടോ...?" ശ്രേയ ദേഷ്യത്തിൽ ചോദിച്ചതും ശിഖ അവളുടെ കൈയ്യിൽ പിടിച്ചു... "എടീ മതി... നമ്മുടെ ഭാഗത്താ തെറ്റ്... നീയാ ശ്രദ്ധിക്കാഞ്ഞത്..." ശിഖ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.... "നീയും അയാളുടെ സൈഡാണോ...? അയാളുടെ അഹങ്കാരം കണ്ടില്ലേ... ഇതിനൊരു തീർപ്പുണ്ടാക്കീട്ടേ ഞാൻ പോകുന്നുള്ളൂ... ദേ കണ്ടോ എൻ്റെ സ്കൂട്ടർ.... അതിൻ്റെ ഫ്രണ്ടിലെ പെയ്ൻ്റ് പോയി...." ശ്രേയ സങ്കടത്തോടെ പറഞ്ഞു.... "പെയ്ൻ്റല്ലേ പോയുള്ളൂ... നിങ്ങടെ രണ്ടിൻ്റേം ജീവൻ ഒന്നും പോയില്ലല്ലോ...." "ഓഹോ അപ്പോൾ അതായിരുന്നല്ലേ തൻ്റെ ആഗ്രഹം...!! രാവിലെ തന്നെ ആളെ കൊല്ലാനിറങ്ങിയതാണല്ലേ താൻ...?" "ഇതിനോടൊന്നും ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല... വെളിയിലിറങ്ങി രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം..." ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അഭി അയാളെ തടഞ്ഞു...

"ഏയ് വേണ്ട... വെറുതെ പ്രശ്നം ഉണ്ടാക്കണ്ട.... കൊച്ച് പിള്ളേരല്ലേ... അറിയാതെ പറഞ്ഞതാവും...." "അഭി സർ ഒന്ന് മിണ്ടാതെ ഇരിക്ക്... ഇവരുടെ അടുത്തൊക്കെ പറയേണ്ടത് സമയത്ത് പറയണം..." "ഇയാൾ ആരോടാടീ കാറിൽ ഇരുന്ന് ഈ കുശുകുശുക്കുന്നത്...? മുഖം കാണാൻ പറ്റുന്നില്ലല്ലോ...." ശ്രേയ ശിഖയോട് ചോദിച്ചു.... "അങ്ങേരുടെയാവും ഈ വണ്ടി... ഫ്രണ്ടിൽ ഇരിക്കുന്നത് ഡ്രൈവർ..." ശിഖ പറഞ്ഞു.... "ഓഹോ അപ്പോൾ ദ റിയൽ ഔണർ ഒളിഞ്ഞിരിക്കുകയാണല്ലേ... എന്താണാവോ അരങ്ങത്തേക്ക് ഇറങ്ങാത്തെ...?" ശ്രേയ ചോദിച്ചു... "ദേ കൊച്ചേ ഇനീം കിടന്ന് ചിലച്ചാലുണ്ടല്ലോ..." "അതെ വണ്ടിയെടുക്കൂ... എനിക്ക് ഹോസ്പിറ്റലിൽ എത്താനുള്ള സമയമായി..." അഭി ഡ്രൈവറോട് പറഞ്ഞു... ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തതും ദേഷ്യത്തിൽ തൻ്റെ കാറിനിട്ട് രണ്ട് ചവിട്ട് തരുന്ന ശ്രേയയെ അഭി പിൻതിരിഞ്ഞൊന്ന് നോക്കി... "കണ്ടോടീ അയാൾ ഒന്നും മിണ്ടാതെ വണ്ടീം കൊണ്ട് പോയത്... അന്നാൽ മോളെ അറിയാതെ പറ്റിയതാ... മോളങ്ങ് ക്ഷമിച്ചേക്ക്... ദാ മോളുടെ സ്കൂട്ടറിന് പെയ്ൻ്റടിക്കാനുള്ള പൈസ... അതും പറഞ്ഞ് കാശും തന്ന് പോയിരുന്നെങ്കിലോ....?

അതല്ലേ വേണ്ടത്... നീ പറ...." ശ്രേയ ദേഷ്യത്തിൽ ചോദിച്ചു... "എടീ അത് വിട്ടേക്ക്... നിൻ്റെ സംസാരത്തിന് അങ്ങേര് നിന്നെ കയറി തല്ലാഞ്ഞത് ഭാഗ്യമാണെന്നാ എനിക്ക് തോന്നിയത്..." "ദേ ഇത് കണ്ടോ... എൻ്റെ കൈമുട്ട് മുറിഞ്ഞത്...? ചോര വരുന്നുണ്ട്... എന്ത് ചെയ്യും...?" "എടീ മോളെ അതിനല്ലേ ഇവിടെ സിറ്റി ഹോസ്പിറ്റൽ ഉള്ളത്...? ആ പാവങ്ങൾക്കും ജീവിച്ച് പോകണ്ടേ...?" ശിഖ ഇളിച്ചു കൊണ്ട് ചോദിച്ചു... "എന്നാൽ വണ്ടിയെടുക്ക്... അങ്ങോട്ടേക്ക് തന്നെ കെട്ടിയെടുക്കാം..." ശ്രേയ മുഷിച്ചിലോടെ പറഞ്ഞു.... 🌸______💜 "എടീ എങ്ങോട്ടാടീ പോവണ്ടെ...? ലെഫ്റ്റ് ഓർ റൈറ്റ്..? അതോ സ്ട്രെയ്റ്റ് ആണോ..?" ഹോസ്പിറ്റലിലേക്ക് കയറിയതും ശ്രേയ ചോദിച്ചു... "നീ വാ നോക്കാം..." "അയ്യോ ആരും കാണുന്നില്ലേ എൻ്റെ കൈ മുറിഞ്ഞത്... ചോര കുറേ പോയേ...." ശ്രേയ സങ്കട ഭാവത്തിൽ പറഞ്ഞു... "ടീ വെറുതെ കരഞ്ഞ് കൂവി സീനാക്കാതെ... നാണക്കേടാണ്..." "നീയൊന്ന് മിണ്ടാതിരി... എനിക്ക് വേദനിച്ചിട്ട് വയ്യ.." "നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ.... ഇത്രേം സ്പീഡിൽ വണ്ടിയോടിക്കെണ്ടാന്ന്... നീ കേട്ടില്ലല്ലോ..."

"അത് പിന്നെ ലേറ്റ് ആയാൽ ടിക്കറ്റ് കിട്ടില്ല... പിന്നെ ഒടുക്കത്തെ ഉന്തും തള്ളും ആയിരിക്കും... അതല്ലേ ഞാൻ വേഗം ഓടിച്ചത്..." "എന്നിട്ടിപ്പോൾ എന്തായി സിനിമാ തീയേറ്ററിന് പകരം ഈ ഹോസ്പിറ്റലിൽ കുത്തിയിരിക്കേണ്ട അവസ്ഥ വന്നില്ലേ..." "ഇനീം പറഞ്ഞിട്ടെന്താ കാര്യം... എൻ്റെ മോർണിംഗ് ഷോ പോയില്ലേ... അല്ല ഇവിടെ ഉത്തരവാദിത്വമുള്ള ഒരു ഡോക്ടർ പോലുമില്ലല്ലോ... ഇത്രേം സുന്ദരിയും സുശീലയുമായ ഒരു പെൺകുട്ടി വന്നിട്ട് ഒരുത്തനും മൈൻ്റ് ചെയ്യുന്നില്ല..." ശ്രേയ അതും പറഞ്ഞ് ചുറ്റിനും നോക്കി.... "ഹേയ് ഡോക്ടർ.....!!" അഭിയെ കണ്ടതും ശ്രേയ ഉറക്കെ വിളിച്ചു... അഭി പിൻ തിരിഞ്ഞ് നോക്കി... ങേ... ഇതാ വണ്ടിക്കേസല്ലേ....?! ഇതെന്തിനാണാവോ ഇങ്ങോട്ടിനീം...? ഞങ്ങളെ ഫോളോ ചെയ്ത് വന്നതാണോ...? അഭി ഞെട്ടലോടെ ഓർത്തു... "ഡോക്ടർ ഇതു കണ്ടോ എൻ്റെ കൈ മുറിഞ്ഞു... എന്താന്ന് വെച്ചാൽ ചെയ്യ്... നല്ല വേദനയുണ്ട്... ഏതോ ഒരു തെണ്ടീടെ കാറ് എന്നെ ഇടിച്ചിട്ടതാ... എന്നിട്ട് കണ്ണീച്ചോരയില്ലാത്ത ആ ചെറ്റ വണ്ടിയിൽ നിന്നൊന്ന് ഇറങ്ങി പോലുമില്ല... അവനൊക്കെ വെള്ളം കിട്ടാതെ ചാവത്തേ..."

"ഹേയ്.... സ്റ്റോപ്പ്... സ്റ്റോപ്പ് ... സ്റ്റോപ്പ്...!! അങ്ങനെ പറയാൻ പാടില്ല...." അഭി പരിഭ്രത്തിൽ പറഞ്ഞു... "എന്തേ കൈ നോക്കട്ടെ... ഹാ ഇത് ചെറിയ മുറിവല്ലേ... ഡോണ്ട് വറി... ഫയൽ എടുത്തിട്ട് വരൂ..." "ഫയലോ..? ഫയലെടുക്കാൻ ഇതെന്താ ഓഫീസോ...?" "പേരും വയസ്സും പറയൂ..." "ഡോക്ടറെന്താ പേരും വയസ്സും ഒക്കെ അറിഞ്ഞിട്ട് എനിക്ക് കല്ല്യാണം ആലോചിക്കാൻ പോവാണോ...?" "ആദ്യമായിട്ടാണല്ലേ ഹോസ്പിറ്റലിൽ വരുന്നത്...?" അഭി പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു... "ദിവസവും ഹോസ്പിറ്റലിൽ വന്ന് കൊണ്ടിരിക്കാൻ ഞാൻ ഡോക്ടർ ഒന്നുമല്ലല്ലോ.... ഒരാവശ്യം വരുമ്പോഴല്ലേ വരാൻ പറ്റൂ..." "അതെ ഇങ്ങ് വന്നേ... ഈ കുട്ടിയുടെ മുറിവിൽ ഒന്ന് മരുന്ന് വെച്ചേക്കൂ..." കമ്പൗണ്ടറോട്‌ അതും പറഞ്ഞ് അഭി പോകാനായി തിരിഞ്ഞു.... "അത് വേണ്ട....!! എനിക്ക് ഡോക്ടർ മരുന്ന് വെച്ച് തന്നാൽ മതി.... ഡോക്ടർ മതി... ഡോക്ടർ മതി..." ശ്രേയ കടുപ്പിച്ച് പറഞ്ഞു... അത് കേട്ടതും പൊയ്ക്കോ എന്ന മട്ടിൽ അഭി കമ്പൗണ്ടറെ നോക്കി.. "ശരി വരൂ...." അഭി വിളിച്ചതും ശ്രേയ പിന്നാലെ നടന്നു.... "ഇവിടേക്ക് ഇരിക്ക്...."

"അതെ ഡോക്ടറെ ഒന്ന് പതിയെ.... നല്ല നീറ്റലുണ്ട്.... പിന്നെ പാടൊന്നും കൈയ്യിൽ വരില്ലല്ലോ അല്ലേ...?" ശ്രേയ ഉത്കണ്ഠയോടെ ചോദിച്ചു... അഭി ഒന്നും മിണ്ടിയില്ല.... "ഹും... എന്നെ ഇടിച്ചിട്ട ആ കാറും അതിൻ്റെ പരട്ട ഔണറെയും ഒന്ന് എൻ്റെ കൈയ്യിൽ കിട്ടട്ടെ... ആ ചെറ്റേടെ വിചാരം എന്താ.. അവനൊക്കെ ഇടിച്ചിട്ടിട്ടങ്ങ് പോയാൽ മതിയല്ലോ..." ശ്രേയ സ്വയം പറഞ്ഞു... "ശെ! ആ കാറിൻ്റെ നമ്പർ കുറിച്ചില്ലല്ലോ... ടീ ശിഖേ നിനക്ക് ഓർമ്മയുണ്ടോ....?" "അത് ഓർമ്മയുണ്ടോ...?" മരുന്ന് വെയ്ക്കുന്നതിനിടയിൽ അഭി പരിഭ്രമത്തോടെ ചോദിച്ചു... "എനിക്കൊരു ഓർമ്മയും ഇല്ല ഡോക്ടറെ... എൻ്റെ കൈ മുറിഞ്ഞ സങ്കടത്തിൽ നമ്പർ കുറിക്കാനോ... അവരെ പച്ചയ്ക്ക് നാല് പറയാനോ ഒന്നും പറ്റിയില്ല...." ശ്രേയ സങ്കടത്തിൽ പറഞ്ഞു.... ഭാഗ്യം....!! അഭി ഒന്ന് നിശ്വസിച്ചു കൊണ്ട് ഓർത്തു... "അന്നാലും ആ പരനാറി ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ പോയില്ലേ... ഇവനെയൊക്കെ എന്താ ചെയ്യണ്ടേ... ദുഷ്ടൻ... അവനൊക്കെ നരകിച്ച് നരകിച്ച്...." "Please keep quiet...." അഭി ശാന്തമായി പറഞ്ഞു...

"മിണ്ടാതെ ഇരിക്കാനൊന്നും എനിക്ക് പറ്റില്ല... എൻ്റെ ഉള്ളിലെ രോഷം എനിക്ക് ആരോടെങ്കിലും പറഞ്ഞ് തീർക്കണം... ഇല്ലെങ്കിൽ ഉറക്കം വരില്ല... ആ വണ്ടിയൊന്ന് എൻ്റെ കൈയ്യിൽ കിട്ടട്ടെ..." "ഇങ്ങനെയൊന്നും പറയരുത്... അവര് മനപ്പൂർവ്വം ഇടിച്ചതല്ലെങ്കിലോ...?" "ഹും... മനപ്പൂർവ്വം അല്ലെന്നോ... അവർക്കൊന്നു വണ്ടിയിൽ നിന്നിറങ്ങി വല്ലോം പറ്റിയോ എന്നെങ്കിലും ഒന്ന് ചോദിച്ചു കൂടെ...? എൻ്റെ വണ്ടിക്ക് പെയ്ൻ്റടിക്കാനുള്ള കാശ്... ഇപ്പോൾ ഹോസ്പിറ്റലിൽ വന്നതിൻ്റെ കാശ്... പിന്നെ എൻ്റെ മോർണിംഗ് ഷോ പോയതിൻ്റെ സങ്കടം... ഇതൊക്കെ ആര് നികത്തും...? ഡോക്ടർ തന്നെ പറ..." അഭി പേഴ്സിൽ നിന്ന് മൂവായിരം രൂപ എടുത്ത് ശ്രേയയ്ക്ക് നേരെ നീട്ടി... "ഇതെന്തിനാ...?" അവൾ മുഖം ചുളിച്ച് ചോദിച്ചു... "അല്ല തൻ്റെ ദാരിദ്ര്യം പറച്ചിൽ കേട്ടിട്ട് എനിക്ക് തന്നെ സങ്കടം വരുന്നു..." അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് പറഞ്ഞു... "അ.. അയ്യോ ഡോക്ടറോടല്ല... എന്നെ വണ്ടിയിടിച്ചിട്ട ആ പരനാറിയോടാ... അവൻ്റെ കൈയ്യിൽ നിന്ന് തന്നെ ഞാൻ മേടിച്ചിരിക്കും..." ശ്രേയ മിഴികൾ കൂർപ്പിച്ചു കൊണ്ട് പറഞ്ഞു...

അത് കേട്ടതും അഭിയൊന്ന് അടക്കി ചിരിച്ചു കൊണ്ട് പണി തുടർന്നു... അന്നാലും ഇതൊക്കെ എവിടുന്ന് വരുന്നോ എന്തോ...?! ശ്രേയയെ അടിമുടി നോക്കിക്കൊണ്ട് അഭി ഓർത്തു... "എടീ നോക്ക് നമ്മളെ ഇടിച്ച ആ കാറ് അവിടെ കിടക്കുന്നു... ഹോസ്പിറ്റൽ കോമ്പൗണ്ടിൽ...." ശിഖ പറഞ്ഞു.... "എടാ തെണ്ടീ... നീയപ്പോൾ ഞങ്ങളെ ഫോളോ ചെയ്ത് ഇവിടെ എത്തിയല്ലേ... ടീ നമ്പർ കുറിക്ക്... ആ കാറിൻ്റെ ഔണറെ അഴി എണ്ണിക്കണം..." ശ്രേയ ചാടി എണ്ണീറ്റു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു... "ഏയ്.. ഏയ്... വെയ്റ്റ്...താനിവിടെ ഇരിക്കൂ... മുറിവിൽ ഡ്രസ്സ് ചെയ്ത് കഴിഞ്ഞിട്ടില്ല...." അഭി പറഞ്ഞു.... "അതെ ഇനീം നമ്പറൊക്കെ കുറിക്കാൻ പോണോ...? അവർ ഏതോ പാവങ്ങൾ അറിയാതെ ഇടിച്ചതാവും... ഇനീം അതിൻ്റെ പിന്നാലെ വെറുതെ എന്തിനാ കേസും വഴക്കും ഒക്കെയായി നടക്കുന്നെ...?!" അഭി വെപ്രാളത്തോടെ ചോദിച്ചു.... "ങും ഡോക്ടർ പറഞ്ഞത് ശരിയാ... കേസൊക്കെ പൊല്ലാപ്പായിരിക്കും.. എന്നാലും എന്തെങ്കിലും ഒരു പണി ഞാൻ കൊടുത്തിരിക്കും... എൻ്റെയും എൻ്റെ അച്ചാച്ചൻ്റെയും രക്തത്തിൽ അതലിഞ്ഞ് ചേർന്നതാണ്..."

"ആ രക്തം കുറച്ച് പോയത് നന്നായി..." മുറിവിൽ നോക്കിക്കൊണ്ട് അഭി സ്വയം പറഞ്ഞു.... "ഇൻഫെക്ഷൻ ഒന്നും ആവില്ലല്ലോ ഡോക്ടർ...? ഡോക്ടർ നന്നായി മരുന്ന് വെച്ചിട്ടില്ലേ....?" അവൾ വ്യാകുലതയോടെ ചോദിച്ചു.. "എൻ്റെ കഴിവിൻ്റെ പരമാവധി എടുത്ത് ഞാൻ മരുന്ന് വെച്ചിട്ടുണ്ട്...." "ങും... അത് മതി... ആഹ് പിന്നെ ഒരു കാര്യം... ഹോസ്പിറ്റലിൽ വരുന്ന പേഷ്യൻ്റ്സിനെ സ്വന്തമായി നോക്കാതെ കമ്പൗണ്ടർമാരെ ഏല്പ്പിക്കുന്ന ഈ പരിപാടി നിർത്തണേ ഡോക്ടറേ... നിങ്ങളെ വിശ്വസിച്ചാണ് ഞങ്ങൾ ഇവിടെ വരുന്നത്... മനസ്സിലായോ...?" "ങും.... മനസ്സിലായി...." അഭി സ്വരം കനപ്പിച്ച് പറഞ്ഞു... ശ്രേയ പുറത്തേക്കിറങ്ങിയതും വാതിലിനരികിലുള്ള നേം പ്ലേറ്റിലേക്കൊന്ന് നോക്കി... "ങും... ഡോക്ടർ... ഡോക്ടർ അഭിറാം ചന്ദ്രശേഖർ....!! അയ്യോ എൻ്റെ കർത്താവേ... നമ്മുക്ക് പറ്റിയ പാർട്ടിയല്ലല്ലോ....!! ഹാ അത് സാരമില്ല... ഒരു ലോഹയും കഴുത്തിലൊരു കുരിശു മാലയും ഒക്കെ അങ്ങോട്ടിട്ടാൽ എൻ്റെ അഭി ഇച്ചായാ നിങ്ങൾക്ക് തനി അച്ചായൻ ലുക്ക് തന്നെയാണ്...." ശ്രേയ ഒരു ചിരിയോടെ സ്വയം പറഞ്ഞു... "എന്തോന്നാടീ നീ ഒറ്റയ്ക്ക് പറയുന്നെ..?"

ശിഖ തിരക്കി.... "സ്പാർക്കടിച്ചെടീ മോളെ സ്പാർക്ക്...!! നെഞ്ചിൽ സൂചി കൊണ്ട പോലെ... അടിവയറ്റിൽ മഞ്ഞ് വീണതു പോലെ...!!" "ങേ...? നീ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറ..." "എടീ എനിക്കാ ഡോക്ടറെ അങ്ങ് ബോധിച്ചു... ആ ശാന്തമായ സംസാരവും... സൗമ്യമായ പെരുമാറ്റവും ഒക്കെ... എന്നെ സഹിക്കാൻ അങ്ങേർക്ക് മാത്രമേ പറ്റൂ...!! ഈ ശ്രേയ ഡേവിഡ് കുര്യൻ ഒരാളെ കെട്ടുന്നെങ്കിൽ അതാ ഡോക്ടറെ മാത്രം ആയിരിക്കും...!!" മുഖത്തേക്ക് പാറിക്കിടന്ന മുടിയിഴകളെ ഒതുക്കി വെച്ചു കൊണ്ടവൾ ചിരിയോടെ പറഞ്ഞു... "പക്ഷേ മിഷൻ അഭി ഇച്ചായൻ തുടങ്ങുന്നതിന് മുൻപ് ആ കാറിനിട്ടൊരു പണി കൊടുക്കണം... നീ വാ..." "നീ എന്ത് ചെയ്യാൻ പോവാ...?" ശിഖ ചോദിച്ചു... "ഇപ്പോൾ നമ്മുക്ക് ഈ ടയറിൻ്റെ കാറ്റൂരി വിടാം..." "അത് വേണോടീ...?" "അത് കുറഞ്ഞു പോയി.. എന്നാലും സാരമില്ല... തത്കാലം ഇത് മതി....." ശ്രേയ ചിരിയോടെ പറഞ്ഞു... 🌸______💜

പഠിക്കാൻ ഇരുന്നിട്ട് ഒരു വക തലയിലോട്ട് കയറുന്നില്ലല്ലോ.... നോട്ട് ബുക്കിലൂടെ മിഴികൾ പായിച്ചു കൊണ്ട് അല്ലി ഓർത്തു... ഇടയ്ക്കിടെ അവൾ വെപ്രാളത്തോടെ തിരിഞ്ഞ് നോക്കി... അല്പം കൂടി കഴിഞ്ഞതും അവൾ പുസ്തകം മടക്കി വെച്ച് ടേബിളിന് മേലെ തല ചായ്ച്ച് വീടിനേയും വീട്ടുകാരേയും പറ്റി ഓർത്തു... അവളുടെ മിഴികൾ പഴയ ഓർമ്മകളിൽ ഈറനണിഞ്ഞു... വല്ല്യേട്ടൻ അച്ഛനെ പറഞ്ഞ് മനസ്സിലാക്കണേ... അമ്മയേയും ഏട്ടത്തിമാരേയും ഒക്കെ കാണാൻ കൊതിയായിട്ട് വയ്യ... അവൾ നോവോടെ ഓർത്തു... സമയം സന്ധ്യയോടടുത്തതും പുറത്ത് നല്ല മഴ പെയ്യുന്നു... കാർമേഘം ഉരുണ്ടു കൂടി അന്തരീക്ഷത്തെ ഒന്നും കൂടി ഇരുണ്ടതാക്കി.... എൻ്റെ അഭിയേട്ടന് നല്ലൊരു ജീവിതം ഉണ്ടാവണേ ഈശ്വരാ... എന്നേം ഓർത്ത് ആ പാവം വേദനിച്ചിരുന്നാൽ ഈ ജന്മം സന്തോഷമുണ്ടാവില്ല അല്ലിക്ക്...!! അപ്പച്ചി ആഗ്രഹിക്കുന്ന പോലെ സർവ്വഗുണസമ്പന്നയായ ഒരുവളെ തന്നെ അഭിയേട്ടന് കിട്ടട്ടെ.... അവൾ മനമുരുകി പ്രാർത്ഥിച്ചു... "അല്ലീ ഇങ്ങ് വന്നേ... നീ പഠിച്ച് കഴിഞ്ഞോ..?" അലക്സി ഉറക്കെ വിളിച്ചു ചോദിച്ചതും അവൾ ഭീതിയോടെ ഉമിനീരിറക്കി.... "അല്ലീ... അല്ലീ...." "എന്താ...?" അവൾ വിളിച്ചു ചോദിച്ചു... "പുറത്ത് നല്ല മഴ..." "അതിന്....?" അവൾ ചോദിച്ചതും അലക്സി മുറിയിലേക്ക് കയറി വന്നു....

"മ....മഴയായത് കൊണ്ടെന്താ...?" "അതൊരു രസം അല്ലേ...?" അതും ചോദിച്ചവൻ ചെറു ചിരിയോടെ അവൾക്കരികിലേക്ക് നടന്നു... അവൻ്റെ മിഴികൾ അവളിൽ മാത്രമായി ചുരുങ്ങി... പിടച്ചിലോടെ തന്നെ നോക്കുന്ന അവളെ അവൻ കൈകളിൽ കോരിയെടുത്തു ബാൽക്കണിയിലേക്ക് നടന്നു.... നല്ലവണ്ണം തൂവാനമടിക്കുന്നുണ്ടായിരുന്നു.... ഒപ്പം എങ്ങു നിന്നോ വന്നു കൊണ്ടിരുന്ന ഈറൻ കാറ്റും ഇരുവരെയും കുളിരണിയിച്ചു... അവളെ നിലത്തേക്കിരുത്തി അലക്സി പതിയെ അവളിലേക്കമർന്നു... അവൻ്റെ കരങ്ങൾ സാരിയുടെ വിടവിലൂടെ പതിയെ അവളുടെ ഉദരത്തിൽ ഇഴഞ്ഞു കൊണ്ടിരുന്നു.... അല്ലിയുടെ മിഴികൾ താൻ പോലുമറിയാതെ കൂമ്പിയടഞ്ഞു... അവളുടെ മൂർദ്ധാവിൽ മൃദുവായി ചുംബിച്ചു കൊണ്ടവൻ അവളുടെ മടിയിലേക്ക് തല ചായ്ച്ചു... അല്ലി അവനെ തള്ളി മാറ്റണോ വേണ്ടായോ എന്ന ചിന്തയിലാണ്ടു... അവൻ്റെ ചുണ്ടുകൾ അവളുടെ പാദങ്ങളിൽ അമർന്നതും അല്ലി പൊടുന്നനെ കാൽ വലിച്ചു... അവളെ ചുറ്റിപ്പിടിച്ചു കൊണ്ടവൻ അവളുടെ കാതിലേക്ക് ചുണ്ടുകൾ ചേർത്തു... "എനിക്ക് നിന്നെ ഇഷ്ടമാണ്...!!" അവൻ പറഞ്ഞവസാനിപ്പിച്ചതും ആരോ ബെല്ലടിക്കുന്നൊരു ശബ്ദം കേട്ടു.... അലക്സി ധൃതിയിൽ എഴുന്നേറ്റു... പിന്നാലെയായി അല്ലിയും.............. (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story