സംഗമം: ഭാഗം 13

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അല്ലിയെ ഒന്ന് നോക്കിയിട്ട് അലക്സി ധൃതിയിൽ ഹാളിലേക്ക് നടന്നു... അവൻ വാതിൽ തുറന്നതും അകത്തേക്ക് കടന്ന് വരുന്ന വരുണിനെ കണ്ട് പുഞ്ചിരിച്ചു.... "ഞാൻ വന്നത് ശല്ല്യമൊന്നും ആയില്ലല്ലോ അല്ലേ...?" ഒരു ചിരിയോടെ അവൻ ചോദിച്ചു... "ഏയ് എന്ത് ശല്ല്യം...? കൂട്ടുകാരൻ ആയാൽ ഇങ്ങനെ തന്നെ വേണം... നീ കറക്റ്റ് സമയത്ത് തന്നെയാ കയറി വന്നത്..... അതിൻ്റെ ആശ്വാസം അല്ലിയുടെ മുഖത്ത് കാണാനുമുണ്ട്..." അലക്സി ഒരു ചിരിയോടെ പറഞ്ഞതും അല്ലി അകത്തേക്ക് കയറിപ്പോയി.... "വീട്ടുകാരെയൊക്കെ മിസ്സ് ചെയ്യുന്നുണ്ടായിരിക്കും രണ്ടുപേരും അല്ലേ...?" "ഇപ്പോൾ അതല്ലെടാ പ്രശ്നം... ഇപ്പോഴത്തെ ജോലി കൊണ്ട് ഒന്നും ശരിയാകുമെന്ന് തോന്നുന്നില്ല... രണ്ടു മാസം കൂടി ഉണ്ട് കോഴ്സ് തീരാൻ... അതു കഴിഞ്ഞ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജോലി നോക്കണം.. അവിടെ എങ്ങനെ ജീവിച്ചതാണ്.. ഒന്നും അറിയണ്ടായിരുന്നു... ചിലവഴിക്കാൻ ഇഷ്ടം പോലെ കാശ്.... ഒരു മെനക്കേടുമില്ലാതെ തോന്നിയത് പോലെ ജീവിച്ചു... ഇപ്പോൾ എനിക്കറിയില്ല ലൈഫ് എന്താകുമെന്ന്...."

അത് കേട്ടതും അല്ലി അവിടേക്കൊന്ന് എത്തി നോക്കി... ശരിയാണ് എത്ര വലിയ വീട്ടിൽ കഴിഞ്ഞ ആളാണ്.... ഞാൻ കാരണം ഈ അവസ്ഥയിലായി... അല്ലിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി... വരുൺ തൻ്റെ പോക്കറ്റിൽ നിന്നും നുള്ളിപ്പെറുക്കി കുറച്ചു പൈസ എടുത്തു.... "എൻറെ കൈയ്യിൽ ഇപ്പോൾ ഇത്രയേ ഉള്ളെടാ... നീ ഇതു വെച്ചോളൂ.." വരുൺ സന്തോഷത്തോടെ അലക്സിക്ക് നേരെ പണം നീട്ടി... "ഏയ് അതൊന്നും വേണ്ടെടാ... ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ... അല്ലിയുടെ മനസ്സൊന്നു മാറിയാൽ മതിയായിരുന്നു... അവൾ എൻ്റെ ഒപ്പം സന്തുഷ്ടയാണെങ്കിൽ എനിക്ക് ബാക്കിയെന്തും തരണം ചെയ്യാം..." അലക്സി ശാന്തമായി പറഞ്ഞു... "ആ കൊച്ചിൻ്റെ മനസ്സ് ഇനിയും മാറിയില്ലേ...?" "അത് അത്ര പെട്ടെന്ന് മാറില്ലല്ലോടാ... സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ... എങ്കിലും പറ്റുന്ന പോലെ അവളുടെ മനസ്സ് മാറ്റാൻ ഞാൻ ശ്രമിക്കാം.."

വരുണും അലക്സിയും അല്പനേരം കൂടി സംസാരിച്ചിരുന്നു... അല്ലി അസ്വസ്ഥതയോടെ ബെഡിൽ വന്നിരുന്നു... അല്പ സമയം എന്തോ ആലോചിച്ചു... ചിന്തകൾക്ക് വിരാമമിട്ടവൾ തൻ്റെ കാതിൽ കിടന്ന സ്വർണ്ണക്കമ്മൽ ഊരിയെടുത്തു... പാദങ്ങളിൽ കിടന്ന സ്വർണ്ണ കൊലുസ്സും കരങ്ങളിൽ പറ്റിച്ചേർന്ന് കിടന്ന സ്വർണ്ണ വളയും കൂടി ഊരി.... ഇതു മതിയാകുമോ..?അവൾ ചിന്തിച്ചു... അവളുടെ കരങ്ങൾ തൻ്റെ അരയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അരഞ്ഞാണത്തിലേക്ക് നീണ്ടു.... ആലോചിച്ചു മെനക്കെടാതെ അതും കൂടി അഴിച്ചെടുത്തു.. വരുൺ പോയെന്ന് മനസ്സിലായതും അല്ലി പതിയെ അലക്സിക്കരികിലേക്ക് നടന്നു... അവൾ കൈയ്യിലുള്ള സ്വർണ്ണം അവന് നേരെ നീട്ടിയതും അലക്സി മുഖം ചുളിച്ച് നോക്കി... അവൻ്റെ മിഴികൾ ഒഴിഞ്ഞ് കിടന്ന അവളുടെ കാതുകളിലേക്കും കരങ്ങളിലേക്കും നീണ്ടു.... "ഇതെന്താ..?" അവൻ ഗൗരവത്തിൽ പുരികമുയർത്തിക്കൊണ്ട് ചോദിച്ചു... "അത്.... പിന്നെ.... പൈസ ഒന്നും ഇല്ലെന്ന് പറയുന്ന കേട്ടു... അതാ ഞാൻ......!! തത്കാലം ഇത് വിൽക്കുവോ പണയം വെയ്ക്കുവോ എന്താന്ന് വെച്ചാൽ ചെയ്തോ...

നിങ്ങള് പെരുവഴിയിലായത് ഞാൻ കാരണമാണെന്നല്ലേ നിങ്ങൾ പറയുന്നെ... എന്നെക്കൊണ്ട് തത്കാലം ഇതേ ചെയ്യാൻ പറ്റുള്ളൂ..." എങ്ങോ മിഴികൾ പായിച്ചവൾ പരിഭവം കലർന്ന സ്വരത്തിൽ പറഞ്ഞവസാനിപ്പിച്ചു.... അലക്സിക്ക് ചിരി വന്നെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല.... "ഞാൻ പെരുവഴിയിലായതിൻ്റെ നഷ്ടം ഈ സ്വർണ്ണം കൊണ്ട് നികത്താൻ പറ്റുമോ...?" അവൻ ഗൗരവത്തിൽ ചോദിച്ചു... അത് കേട്ടതും അല്ലി അനിഷ്ടത്തോടെ മുഖം തിരിച്ചു... "പറ്റില്ല.. എങ്കിലും തത്കാലം...." നേർത്ത സ്വരത്തിൽ പറഞ്ഞു തുടങ്ങിയതവൾ പാതി വഴിയിൽ നിർത്തി.... "അപ്പോൾ നമ്മുക്കൊരു കാര്യം ചെയ്യാം... ഇത് കിടക്കേണ്ടടുത്ത് തന്നെ കിടക്കട്ടെ... അതാ അതിൻ്റെ ഭംഗി...." അല്ലിയുടെ കാതോരം അവൻ പറഞ്ഞതും തൻ്റെ വദനത്തിലേക്ക് പതിഞ്ഞ ചുടു നിശ്വാസങ്ങൾ അവളുടെ ശ്വാസഗതിയെ ഉയർത്തിക്കൊണ്ടിരുന്നു.... അലക്സി പതിയെ അവളുടെ വദനത്തെ തലോടുന്ന മുടിയിഴകളെ വകഞ്ഞ് മാറ്റി....അവൻ ഇരു കമ്മലുകളുമെടുത്ത് അവളുടെ കാതുകളിൽ അണിയിച്ചു... നിലത്തേക്ക് കുനിഞ്ഞിരുന്നവൻ ഒഴിഞ്ഞ് കിടന്ന പാദങ്ങളിൽ പാദസരവും അണിയിച്ചു....

അവളുടെ കരങ്ങളിൽ വളകളും അണിയിച്ചതിനു ശേഷമവൻ അരഞ്ഞാണം എടുത്തുയർത്തി ഒരു ചിരിയോടെ അവളെ നോക്കി.... അല്ലിയുടെ മിഴികൾ ഞെട്ടലോടെ അവനിൽ പതിഞ്ഞു.... ഈശ്വരാ ഇനീം ഇതും കൂടി ഇട്ട് തരാൻ പോവാണോ....?! അല്ലി ഭീതിയോടെ ഉമിനീരിറക്കിക്കൊണ്ട് ഓർത്തു.... 🌸_____💜 ഡ്യൂട്ടി കഴിഞ്ഞ് അഭി പതിയെ കാറിനരികിലേക്ക് നടന്നതും കാറിൻ്റെ ടയറിലേക്ക് ഉറ്റു നോക്കുന്ന ഡ്രൈവറെ കണ്ടു... "അഭി സാറേ ടയർ പഞ്ചറായി പോയല്ലോ..." "പഞ്ചറായെന്നോ...?" "അതെ... ഞാനിപ്പോഴാ ശ്രദ്ധിച്ചത്.." പെട്ടെന്ന് അഭിയുടെ ഓർമ്മകൾ രാവിലെ ശ്രേയ പറഞ്ഞ വാചകങ്ങളിലേക്ക് പോയി.... "എന്നാലും എന്തെങ്കിലുമൊരു പണി ഞാൻ കൊടുത്തിരിക്കും....!!!" "പഞ്ചറായതല്ല പഞ്ചറാക്കിയതാണ്.." അഭി ചിരിയോടെ പറഞ്ഞു.... "പഞ്ചറാക്കാനോ....? ആര്...?" ഡ്രൈവർ സംശയത്തോടെ ചോദിച്ചു... "ഒരു കാന്താരി...!! അത് വിട്... നേരം ഇരുട്ടി തുടങ്ങി... ഞാൻ ഏതേലും ടാക്സി പിടിച്ച് പോയേക്കാം... വണ്ടി നാളെ ശരിയാക്കാം...." അഭി പറഞ്ഞു.... 🌸_____💜 "ഇതിലെന്താ ഇത്രയ്ക്കങ്ങ് നോക്കാൻ...?"

അരഞ്ഞാണം ഉയർത്തിപ്പിടിച്ച് അതിലേക്ക് തന്നെ ഉറ്റു നോക്കുന്ന അലക്സിയോട് അല്ലി അരിശത്തിൽ ചോദിച്ചു.... "എനിക്കൊന്നു നോക്കാനും പാടില്ലേ..? നീ തന്നെയല്ലേ എൻ്റെ കൈയ്യിലിത് കൊണ്ടു തന്നത്...? അല്ലാതെ ഞാനായിട്ട് അഴിച്ചെടുത്തത് ഒന്നുമല്ലല്ലോ..." അല്ലി എന്തു പറയണമെന്നറിയാതെ മുഖം തിരിച്ചു... "ഇതു മാത്രം ഞാനെടുക്കുവാ... പണയം വെയ്ക്കാനല്ല... സമയം ആവുമ്പോൾ എനിക്ക് തന്നെ അണിയിച്ച് തരാൻ...." അവളുടെ കാതോട് ചുണ്ടുകൾ ചേർത്ത് നേർത്ത സ്വരത്തിൽ അവസാനത്തെ വാചകം പറഞ്ഞവസാനിപ്പിച്ചതും അല്ലി ഞെട്ടലോടെ മുഖമുയർത്തി നോക്കി..... "നിങ്ങടെ വിചാരം എന്താ...? എന്തിനാ എൻ്റടുത്ത് ഇങ്ങനെയൊക്കെ പെരുമാറുന്നത്...?" അവൾ ദേഷ്യത്തിൽ ശബ്ദമുയർത്തി ചോദിച്ചതും അലക്സി പിൻതിരിഞ്ഞ് നോക്കി.... അവളുടെ ഇരുവശത്തുമായി കരങ്ങൾ ചേർത്തവൻ അവളോട് ചേർന്നു നിന്നു.... "പ്രണയിക്കുന്ന പെണ്ണിനെ സുഹൃത്തായി കാണാനോ കെട്ടിയ പെണ്ണിനെ സഹോദരിയായി കാണാനോ പറ്റുന്ന വിശാല മനസ്കൻ ഒന്നുമല്ല ഞാൻ.....!!!! മനസ്സിലായോ....??!!"

പറഞ്ഞവസാനിപ്പിച്ചതും ആ സ്വരത്തിലെ കാഠിന്യം ഇതുവരെ താൻ കണ്ടവൻ തന്നെയാണോ തൻ്റെ മുൻപിലിപ്പോഴെന്ന സംശയം അല്ലിയിൽ ജനിപ്പിച്ചു.... മിഴിച്ചു തന്നെ നോക്കുന്ന അവളുടെ അധരങ്ങളിലേക്കവൻ ആഴ്ന്നിറങ്ങി.... ദീർഘനേരത്തിനു ശേഷമവൻ പിൻവാങ്ങുമ്പോൾ അവൾ കലങ്ങിയ മിഴികളോടെ അവനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു... "നിന്നെ ഞാൻ ചുംബിക്കുന്നെങ്കിൽ അതിനൊരർത്ഥമേയുള്ളൂ.... അത് നീയായത് കൊണ്ട് മാത്രമാണ്....!!" അലക്സിയുടെ ഈ ഭാവം അവൾക്കപരിചിതമായിരുന്നു... "പിന്നെ ഇതിന് ഞാൻ ക്ഷമ ചോദിക്കുമെന്ന് നീ വിചാരിക്കണ്ട.... എൻ്റെ ഡിക്ഷനറിയിൽ സോറി എന്നൊരു വാക്കില്ല...!!" ഒരു കുസൃതി ചിരിയോടെ അതും പറഞ്ഞവൻ നടന്നകന്നു.... അല്ലി ഭിത്തിയോട് ചേർന്ന് നിലത്തേക്കിരുന്നു.... ഇങ്ങനെ മിനിറ്റിന് മിനിറ്റിന് നിറം മാറുന്ന ഓന്തിൻ്റെ സ്വഭാവമാണോ ഇയാൾക്ക്.....?? അവൾ നിസ്സംഗതയോടെ ചിന്തിച്ചു....

തൻ്റെ അഭിയേട്ടൻ ഒരിക്കൽപ്പോലും തന്നോടിങ്ങനെയൊന്നും പെരുമാറിയിട്ടില്ലെന്നവൾ ഓർത്തു... 🌸____💜 രാവിലെ തന്നെ സ്കൂട്ടറിൻ്റെ കീയും ചൂണ്ടു വിരലിൽ കറക്കിക്കൊണ്ട് ശ്രേയ ഹോസ്പിറ്റലിലേക്ക് കയറി... എവിടെ നമ്മുടെ അഭി ഇച്ചായൻ...? അവൾ ചുറ്റിനും നോക്കിക്കൊണ്ട് സ്വയം ചോദിച്ചു... "ഹലോ ഡോക്ടർ...." അഭിയെ കണ്ടതും ശ്രേയ ഒരു ചിരിയോടെ വിളിച്ചു.... ഇതെന്താ രാവിലെ തന്നെ... ഇനീം അത് എൻ്റെ വണ്ടിയാണെന്ന് മനസ്സിലായി കാണുമോ...? അഭി ഓർത്തു... അവൾ അവനരികിലേക്ക് നടന്നടുത്തു.... "ഡോക്ടർ.... പേര് ശ്രേയ.... വയസ്സ് ഇരുപത്തിയൊന്ന്.... ബി.ബി.എ ഫൈനൽ ഇയർ... വീട്ടിൽ പപ്പ മമ്മി ഒരു ബ്രദർ.... അച്ചാച്ചൻ ഇപ്പോൾ വീട്ടിലില്ല... വൈകാതെ കയറിപ്പറ്റുമെന്ന് പ്രതീക്ഷിക്കുന്നു... ഇരുനില വീട്... അഞ്ചേക്കർ പറമ്പ്... ബാങ്കിൽ എൻ്റെ പേരിൽ ഒന്നര കോടി ഡെപ്പോസിറ്റ്... കുടി , വലി എന്നുള്ള ദുഷീലങ്ങൾ തൊട്ട് തീണ്ടിയിട്ടില്ല..." ശ്രേയ പറഞ്ഞവസാനിപ്പിച്ചതും അഭി ഒന്നും മനസ്സിലാവാതെ നോക്കി... "വേറെ വല്ലോം ഡോക്ടർക്ക് അറിയണോ....?" "അല്ല...."

"ഓ മനസ്സിലായി...അതുമില്ല... തേപ്പ് കിട്ടിയിട്ടും ഇല്ല ആരേയും തേച്ചിട്ടും ഇല്ല... ഇതല്ലേ ഡോക്ടർ ചോദിക്കാൻ വന്നത്....?" ശ്രേയ വലിയ കാര്യം പോലെ ചോദിച്ചു.. "അല്ല....വട്ടാണല്ലേ...?" കരങ്ങൾ മാറിൽ പിണച്ച് വെച്ച് അഭി ചോദിച്ചു... "ലേശം...!! ഒരാളെ കണ്ടത് മുതൽ...." അവൾ സ്വരം കനപ്പിച്ച് പറഞ്ഞു... "എന്തിനാ എന്നെ വിളിച്ചത്...?" "എനിക്ക് തീരെ വയ്യ ഡോക്ടർ..." അവൾ അവശതയോടെ പറഞ്ഞു... "എന്താ അസുഖം...?" "അത് മേലാകെ ഒരു വേദന.... ഡോക്ടർ വിശദമായി ഒന്ന് പരിശോധിച്ചിരുന്നെങ്കിൽ......!!" അവൾ കൈകൾ കുടഞ്ഞു കൊണ്ട് പറഞ്ഞു... അഭി സംശയത്തോടെ നോക്കി.... "വ്യക്തമായി പറയൂ.... എനിക്ക് സംസാരിച്ച് നിൽക്കാൻ സമയമില്ല..." "എങ്കിൽ ഫോൺ നമ്പർ തരുമോ...?" അവൾ ആവേശത്തോടെ ചോദിച്ചു... ഇതസുഖം വേറെയാണല്ലോ മോളെ... അവൻ ഓർത്തു... "എങ്കിൽ വരൂ... ചികിത്സിക്കാൻ പറ്റിയ സ്ഥലം ഇതല്ല..." അഭി പറഞ്ഞതും ശ്രേയ ഉത്സാഹത്തോടെ അവൻ്റെ പിന്നാലെ നടന്നു.............. (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story