സംഗമം: ഭാഗം 15

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"അഭി ഡോക്ടർ... ഭാവി വധു വന്നിട്ടുണ്ടല്ലോ.... ഡോക്ടർക്ക് നന്നായി ചേരും..." അകത്തേക്ക് കടന്നതും ഒരു ചിരിയോടെ നേഴ്സ് പറഞ്ഞത് കേട്ട് അഭി അമ്പരന്നു... ഭാവി വധുവോ...?! അവൻ സംശയത്തിലാണ്ടു കൊണ്ട് ക്യാബിനിലേക്ക് നടന്നതും ഫ്രണ്ടിലായി ഇരിക്കുന്ന ശ്രേയയെ കണ്ടു... ഓഹ് അപ്പോൾ ഇതാണല്ലേ ഞാനറിയാത്ത എൻ്റെ ഭാവി വധു...!! ഇങ്ങനെ പോയാൽ പോണ പോക്കിൽ നീ കല്ല്യാണക്കുറിയും കൂടെ അടിക്കുമല്ലോടീ... അഭി അതും ഓർത്ത് അവളെ മൈൻ്റ് ചെയ്യാതെ അകത്തേക്ക് കയറി... "ഹലോ ഡോക്ടറെ..." ശ്രേയ ചാടി തുള്ളി അവൻ്റെ പിന്നാലെയായി അകത്തേക്ക് കയറി..... "എന്നെ ഡോക്ടർ കണ്ടില്ലേ...?" അവൾ ചുണ്ടിൽ വിരൽ ചേർത്ത് കൊണ്ട് നാണത്തോടെ ചോദിച്ചു.. "ഞാൻ അന്ധനല്ല..." "എന്നിട്ടെന്താ എന്നെ കാണാത്ത പോലെ കയറി പോയെ...? ഞാൻ ഡോക്ടറെ കാണാൻ അല്ലേ വന്നത്...?" "എന്താ അസുഖം...?" "എനിക്കല്ല... ഡോക്ടർക്കാ അസുഖം... മറവിയുടെ... ഇന്നലെ ഡോക്ടർ അല്ലേ പറഞ്ഞത് സാരിയുടുത്ത് വരാൻ... ദാ കണ്ടോ ഞാൻ സാരിയുടുത്തിട്ടുണ്ട്..."

അവൾ ചിരിയോടെ പറഞ്ഞതും അഭി അടിമുടി നോക്കി... എൻ്റെ ഭഗവാനേ ഇതിലും ഭേദം ഇവളുടെ പഴയ കോലം തന്നെയായിരുന്നു...വരുന്ന വഴിക്കൊന്നും ഇതഴിഞ്ഞ് വീഴാഞ്ഞത് കാര്യമായി.... അവൻ ഓർത്തു... "എങ്ങനുണ്ട് ഡോക്ടർ...?" അവൾ തള്ളവിരലാൽ നിലത്തേക്ക് വട്ടം വരച്ചു കൊണ്ട് ചോദിച്ചു.... "നല്ല അസലായിട്ടുണ്ട്... എനിക്ക് കൃഷി ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഞാൻ പാടത്ത് കൊണ്ട് നിർത്തിയേനേം... അല്ല ബ്ലൗസ്സിൻ്റെ കൈ എന്താ എലി കരണ്ടത് പോലെ..?" "അത് പിന്നെ... തുണി.... തുണി തികഞ്ഞില്ല ഡോക്ടർ..." അവൾ പതർച്ചയോടെ പറഞ്ഞു... "ഓഹോ..." ശ്രേയ പല പല പോസിൽ ഒക്കെ നിന്നു നോക്കി... ഇയാളെന്താ നോക്കാത്തെ...? ഇത്രയ്ക്കും ഡീസൻ്റ് ആവണോ..? കെട്ടിക്കഴിഞ്ഞാൽ ഞാൻ കുറേ പാട് പെടുമല്ലോ എൻ്റെ മാതാവേ... അവൾ നിരാശയോടെ ഓർത്തു... "ഞാനിപ്പോൾ ഡോക്ടറുടെ സങ്കല്പ്പത്തിലുള്ള പെൺകുട്ടിയായോ ഡോക്ടർ....?" "കുറച്ചൂടെ ആവാൻ ഉണ്ട്..." "അതെന്താ ഡോക്ടർ...? സാരിയുടുത്തത് ശരിയായില്ലേ...? എവിടാ നന്നാക്കണ്ടെ...?"

അവൾ ആവേശത്തോടെ ചോദിച്ചു... "ഈ എടുത്തു ചാടിയുള്ള സംസാരം ദയവായി ഒഴിവാക്കണം... പിന്നെ കുറച്ച് വിനയം ആകാം... അല്പം അടക്കം.... ഒതുക്കം... ഇതൊക്കെ വേണം..." "ഈ അടക്കം ആൻഡ് ഒതുക്കം എന്നതു കൊണ്ട് ഡോക്ടർ ഉദ്ദേശിക്കുന്നത്...?" "നിനക്കില്ലാത്തത് തന്നെ...." "ഓഹ്... ശരി... അപ്പോൾ ഈ ഗുണങ്ങൾ ഒക്കെയായി ഞാൻ വൈകാതെ വരാം കേട്ടോ..." ഈശ്വരാ അപ്പോൾ ഇനീം ഒരു വരവും കൂടെ ഉണ്ടോ...?! അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് ഓർത്തു... ശെ! ഈ വരവും വേസ്റ്റായല്ലോ... എൻ്റെ ഓട്ടോ കൂലി പോയത് മെച്ചം... പിറു പിറുത്തു കൊണ്ടവൾ ചവിട്ടി തുള്ളി പുറത്തേക്കിറങ്ങി... "ങേ താനെന്താ ഇതുവരെ പോകാത്തത്...? ആഹ് പോകാഞ്ഞത് നന്നായി... എനിക്ക് തിരിച്ച് പോവാമല്ലോ..." ശ്രേയ ഓട്ടോ ഡ്രൈവറോട് പറഞ്ഞു... "ഇവിടെ വരെ വന്നതിൻ്റെ ഓട്ടോക്കൂലി തരാതെയാ കൊച്ചേ നീ പോയത്... പിന്നെ ഞാനെങ്ങനെ പോവും...?

ഹോസ്പിറ്റലിൽ എത്തിയതും വാലിന് തീ പിടിച്ചതു പോലെയൊരു ഓട്ടമല്ലായിരുന്നോ..." എൻ്റെ നാവ് ചൊറിഞ്ഞു വരുന്നുണ്ട്... പിന്നെ എനിക്ക് തിരിച്ചു പോകണ്ടത് കൊണ്ട് ഞാനൊന്നും പറയുന്നില്ല... ശ്രേയ ഓർത്തു... "അയ്യോ ഞാൻ മനപ്പൂർവ്വം മറന്നതല്ല... എനിക്ക് തിരിച്ച് പോവണ്ടേ... അതാ ഞാൻ..." അവൾ ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു... "എവിടോട്ടാ...?" "താനെന്നെ എവിടുന്നാണോ പിക്ക് ചെയ്തത് അവിടോട്ട് തന്നെ കൊണ്ട് വിട്...." ശ്രേയ അരിശത്തോടെ പറഞ്ഞു കൊണ്ട് ഓട്ടോയിലേക്ക് കയറി... അവൾ ദേഷ്യത്തോടെ വീട്ടിലേക്ക് കടന്നു ചെന്നു... "ങേ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് പോയിട്ട് ഇത്ര പെട്ടെന്ന് വന്നോ നീ...?" ഡെയ്സി അവളെ കണ്ടതും ചോദിച്ചു.. "അത്യവശ്യമൊക്കെ കഴിഞ്ഞു... ഹോ മേലാകെ ചൊറിഞ്ഞിട്ട് വയ്യ... പതിവില്ലാതെ സാരി ഉടുത്തോണ്ട് ആവും..." ശ്രേയ അസ്വസ്ഥതയോടെ പറഞ്ഞു...

"അത് സാരിയുടുത്തോണ്ടൊന്നും അല്ല... കുളിക്കാതെ സെൻ്റും പൂശി നടന്നാൽ ചൊറിയും ചിരങ്ങുമൊക്കെ പിടിച്ചെന്ന് വരും...." "മമ്മീ...." ശ്രേയ ദേഷ്യത്തിൽ വിളിച്ചു... "രണ്ടാഴ്ചയ്ക്ക് ശേഷം ഐശ്വര്യമായി ഞാൻ കുളിച്ചതാ ഇന്ന്.... ആ ദിവസം തന്നെ ഇത് പറയരുതായിരുന്നു മമ്മീ... ഇന്നത്തെ ദിവസം ഞാൻ കുളിച്ചിട്ട് തന്നെയാ പോയത്... ഒരു സന്തൂർ സോപ്പും തീർന്നു..." "ആഹ്... കുളിച്ചാൽ നിനക്ക് കൊള്ളാം..." 🌸_____💜 കൈയ്യിലിരിക്കുന്ന പായ്ക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അലക്സി ചുണ്ടോട് ചേർത്തു... "ഇവിടെ വന്നത് മുതൽ ഇതിനു മാത്രമൊരു സ്വാതന്ത്ര്യമുണ്ട്.... ആരെയും പേടിക്കാതെ വലിക്കാം... കുടിക്കാം..." അവൻ ഒരു മന്ദഹാസത്തോടെ സ്വയം പറഞ്ഞു.... അല്ലി വിളക്ക് കത്തിച്ചു മിഴികൾ പൂട്ടി പ്രാർത്ഥിക്കുകയായിരുന്നു.... നാസികയിലേക്ക് ഒരു രൂക്ഷ ഗന്ധം വന്നതും അവളുടെ മുഖം ചുളിഞ്ഞു... അവൾ മിഴികൾ തുറന്ന് പിടഞ്ഞെണ്ണീറ്റു... കാലിൽ മേൽ കാൽ കയറ്റി വച്ച് സിഗരറ്റ് വലിക്കുന്ന അലക്സിയെ അവൾ ദേഷ്യത്തിൽ നോക്കി.... മാംസാഹാരം കഴിക്കുന്നത് ക്ഷമിക്കാമെന്ന് വെയ്ക്കാം... എന്നാൽ ഇതും ഉണ്ടോ...?

അതും സന്ധ്യ സമയത്ത്.... ദൈവ വിചാരം തെല്ലും ഇല്ലല്ലോ.... അല്ലി ഓർത്തു... "ഇതൊന്ന് നിർത്തുന്നുണ്ടോ...!!" അവൾ ദേഷ്യത്തോടെ പറഞ്ഞു... "എന്ത് നിർത്താൻ....?" അവൻ കൂളായി ചോദിച്ചു.... "ഈ വലിക്കുന്നത് നിർത്താൻ... ഇത് ആരോഗ്യത്തിന് ഹാനീകരമാണ്...." "ഓ ആണോ... ഞാനറിഞ്ഞില്ല... " അവൻ സിഗരറ്റ് ഒന്നും കൂടെ ആഞ്ഞ് വലിച്ചു കൊണ്ട് പറഞ്ഞു. "എനിക്കിതിൻ്റെ മണം പിടിക്കില്ല..." അവൾ മുഖം തിരിച്ച് പറഞ്ഞു... "അല്ല അന്നാ അതും കൂടി നിർത്തണം... ആ പുക വരുന്ന സാധനം... എനിക്ക് അതിൻ്റെ മണവും പിടിക്കില്ല..." "ഏത് സാധനം...?" "ആ സാമ്പ്രാണി തിരി... എന്നും സന്ധ്യയ്ക്ക് കത്തിച്ച് വെച്ച് ഇവിടം മുഴുവൻ പുകയ്ക്കുന്നത് കാണാമല്ലോ..." "അതേ പോലെയാണോ ഇത്...?" അവൾ ദേഷ്യത്തിൽ ചോദിച്ചു... "അതെന്താ നിനക്ക് പറ്റുമെങ്കിൽ എനിക്കും പറ്റും... വലി മാത്രമല്ല... ഇന്നു രണ്ട് പെഗ്ഗും കൂടി അടിക്കാൻ പ്ലാൻ ഉണ്ട്... നീയും കൂടുന്നോ...?" അവൻ ഒരു ചിരിയോടെ ചോദിച്ചു... അല്ലി അവനെ ദയനീയമായി നോക്കി.... "എൻ്റെ അഭിയേട്ടൻ എത്ര നല്ലവനായിരുന്നു... എന്നാൽ നിങ്ങളോ...? എല്ലാ ദുശ്ശീലങ്ങളും ഉണ്ടല്ലോ..."

അത് കേട്ടതും അവന് കോപം ഇരച്ച് കയറി... "അവളുടെ ഒരു അഭിയേട്ടൻ...!! അവൻ്റെ പേര് പോലും എൻ്റടുത്ത് മിണ്ടി പോകരുത്..." അവൻ ശബ്ദമുയർത്തി പറഞ്ഞതും അവൾ ഒരു വേള ഞെട്ടി പോയി... ചുവന്ന അവൻ്റെ മിഴികളും തെളിഞ്ഞു കാണുന്ന ഞരമ്പുകളും അവനിലെ വന്യമായ ഭാവത്തെ അവൾക്ക് കാട്ടിക്കൊടുത്തു... അവൻ്റെ പെട്ടെന്നുള്ള ഭാവ മാറ്റത്തിൽ അല്ലി തറഞ്ഞ് നിന്നു... "അവനെ പോലെ ഞാനത്ര നല്ലവനൊന്നും അല്ല... കേട്ടല്ലോ..." അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു... "അതിന്... ഞാനൊന്നും പറഞ്ഞില്ലല്ലോ.. ഇത്ര ദേഷ്യപ്പെടാൻ..." അവൾ പതിക്കൊണ്ട് പറഞ്ഞു... "അവൻ്റെ പേര് കേൾക്കുമ്പോൾ ചിലപ്പോൾ എനിക്ക് ദേഷ്യം വന്നെന്നിരിക്കും... പ്രത്യേകിച്ച് നിൻ്റെ നാവിൽ നിന്ന്... because you are mine...!! എൻ്റെ മാത്രം....!!" അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് കൊണ്ടവൻ പറഞ്ഞു... അവൻ്റെ മിഴികൾ അവളുടെ മുഖമാകെ ഓടി നടന്നു...

ഒടുവിൽ അവളുടെ അധരത്തിൽ അവ തറഞ്ഞ് നിന്നു.... അവൻ്റെ ഉദ്ദേശ്യം മനസ്സിലായത് പോലെ അല്ലി കുതറി മാറാൻ ശ്രമിച്ചു.... പക്ഷേ അലക്സിയുടെ കരങ്ങൾ ഒന്നും കൂടെ മുറുകിയതല്ലാതെ ഒട്ടും അയഞ്ഞില്ല.. "പ്ലീസ്...!!" അല്ലി അരുതെന്ന മട്ടിൽ തലയനക്കി.... അവൻ്റെ കരങ്ങൾ അവളുടെ ഇടുപ്പിൽ ഒന്നും കൂടെ മുറുകി.... അല്ലിയുടെ ഹൃദയമിടിപ്പുയർന്നു താണു... "എന്താ ങേ...?" അവൻ അവളുടെ കാതോരം ചോദിച്ചതും അവൾ സർവ്വ ശക്തിയുമെടുത്ത് അവനെ തള്ളി മാറ്റി... "എൻ്റെ മനസ്സിലിപ്പോൾ അഭിയേട്ടനോട് പ്രണയമില്ല... ആ മനുഷ്യൻ്റെ ജീവിതത്തിലേക്കിനീം തിരികെ ചെല്ലാമെന്ന് ഞാൻ കരുതുന്നുമില്ല..." അവൾ അവനെ പറഞ്ഞ് മനസ്സിലാക്കാനെന്നോണം ശാന്തമായി പറഞ്ഞു... പതിയെ അവൻ്റെ കോപം ശമിച്ച് വന്നു.... "എത്ര വേണ്ടെന്ന് വെച്ചിട്ടും നിൻ്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനായി പോവുകയാണ് അല്ലീ..." അവൾ കുതറി മാറും മുൻപവൻ പിന്നിൽ നിന്നുമവളെ ഇറുകെ പുണർന്നു കൊണ്ട് പറഞ്ഞു.... "നിന്നെ എന്നിൽ നിന്നും ആരേലും അടർത്തി മാറ്റാൻ ശ്രമിച്ചാൽ അത് മാത്രം ഞാൻ ക്ഷമിക്കില്ല...!!"

അത് പറയുമ്പോൾ അവളുടെ പിൻകഴുത്തിലൂടെയവൻ അധരങ്ങൾ ഓടിച്ചു... "നമ്മളിരുവരും ആഗ്രഹിച്ചിട്ട് ഒന്നു ചേർന്നതല്ല....!! ഈ ലോകം നിയന്ത്രിക്കുന്ന ആ ശക്തി തന്നെ ഒരുമിച്ച് ചേർത്ത് വെച്ചതാ നമ്മളെ... അതിനെ വിധിയെന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം നീയെനിക്ക് വേണ്ടി പിറന്നതാണെന്ന് പറയാനാണ്...." അവളുടെ മുടിയിഴകൾക്കിടയിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ടവൻ പറഞ്ഞു... അല്ലി മിഴികൾ ഇറുക്കിയടച്ചു... ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ പ്രണയത്തിൻ്റെ ഒരു മൊട്ട് വിരിയാൻ വെമ്പൽ കൊള്ളുന്ന പോലെ... "അത്രയ്ക്ക് ഞാൻ നിന്നേയിപ്പോൾ ഇഷ്ടപ്പെടുന്നുണ്ട്...." അത് പറയുമ്പോൾ ശബ്ദത്തിൻ്റെ ആർദ്രത നഷ്ടപ്പെട്ട് അവൻ്റെ സ്വരത്തിന് കാഠിന്യമേറിക്കൊണ്ടിരുന്നു... അലക്സി അവളിൽ നിന്നും പതിയെ അകന്ന് മാറി.... ഏത് വഴിക്കൂന്നാ ദേഷ്യം വരുന്നതെന്ന് മാത്രം പറയാൻ പറ്റില്ല....

അവൾ ഭീതിയോടെ ഓർത്തു... അലക്സി ഷെൽഫിൽ ഇരുന്ന മദ്യ കുപ്പി അതേ പോലെ വായിലേക്ക് കമഴ്ത്തി.... "ഞാൻ അത്യാവശ്യം കുടിക്കും... കണ്ടല്ലോ... നിനക്ക് പ്രോബ്ലം വല്ലോം ഉണ്ടോ...?" "എനിക്ക് പ്രോബ്ലം ഉണ്ടെങ്കിൽ നിങ്ങൾ കുടിക്കാതെ ഇരിക്കുമോ...?" "അതില്ല... പിന്നെ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചതാ... മദ്യപിക്കുന്ന വിവരം മറച്ച് വെച്ചെന്ന് നീ പിന്നീട് പറയരുതല്ലോ..." "എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു..." "എന്ത് കാര്യം...?" കാലിയാവാറായ കുപ്പിയുടെ ഉള്ളിൽ നിന്നും ഇറ്റിറ്റ് വീഴുന്ന മദ്യത്തുള്ളികളിലേക്ക് നോക്കിക്കൊണ്ട് അലക്സി ചോദിച്ചു... "അത്.... ഒരു...കുഞ്ഞുണ്ടായാൽ എൻ്റെയും നിങ്ങളുടെയും വീട്ടുകാരുടെ പ്രശ്നം ഒക്കെ മാറുമോ...?" അല്ലി വിക്കി വിക്കി ചോദിച്ചു.............. (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story