സംഗമം: ഭാഗം 17

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അല്ലി അടുപ്പത്ത് കിടന്ന ദോശയെടുത്ത് പ്ലേറ്റിലേക്ക് മാറ്റിക്കൊണ്ട് പതിയെ റൂമിലേക്ക് നടന്നു.... അലമാരിയിൽ നിന്നും നിലത്തേക്ക് വലിച്ചു വാരി ഇട്ടിരിക്കുന്ന ഷർട്ടുകൾ കണ്ടതും അവളുടെ മുഖം ചുളിഞ്ഞു... അവൾ ഓരോന്നായി എടുത്ത് തേയ്ക്കാൻ തുടങ്ങിയതും അലക്സി ഒരു ബനിയൻ അവൾക്ക് നേരെ എറിഞ്ഞു.... അല്ലിയുടെ തലയിലേക്കാണ് അത് നേരെ ചെന്ന് വീണത്... "ദാ ഇതും കൂടി തേച്ചേക്കണേ..." അവൻ കൂസലില്ലാത്ത പറഞ്ഞതും അവൾ ദേഷ്യത്തോടെ നോക്കി... "നാണമില്ലാത്ത ജന്തു....!!" അവൾ സ്വയം പറഞ്ഞു.... കുളിച്ചിറങ്ങി ഒരു ടവ്വൽ മാത്രമുടുത്ത് മിററിന് മുൻപിൽ നിന്ന് തലമുടി ചീകുന്നവനെ അവൾ ഇടയ്ക്കിടെ ഒന്ന് പാളി നോക്കി.... മിഴികളെ ശാസനയോടെ പിൻ വലിച്ചു കൊണ്ട് മെല്ലെ പണി തുടരുമ്പോൾ എന്തു കൊണ്ടോ അവളുടെ കരങ്ങൾ വല്ലാതെ വിറകൊള്ളുന്നുണ്ടായിരുന്നു... അവൻ കണ്ണാടിയിൽ കൂടി ഒരു ചെറു ചിരിയോടെ അല്ലിയെ തന്നെ നോക്കി നിന്നു... അലക്സി പതിയെ അവളിലേക്ക് നടന്നടുത്തു... തന്നിലേക്കടുക്കുന്ന കാലടികൾ അല്ലിയുടെ ഹൃദയമിടുപ്പുകളെ വർദ്ധിപ്പിച്ചു....

അവളുടെ തോളോട് മുഖം ചേർത്ത് വെച്ചവൻ അല്ലിയുടെ ഇടുപ്പിൽ മൃദുവായി ചുറ്റിപ്പിടിച്ചു... അവളുടെ മേനിയിൽ കൂടെ ഒരു മിന്നൽ കടന്ന് പോയി.... അവൻ്റെ ശരീരത്തിലെ കുളിര് അവളിലേക്കും പടർന്നപ്പോൾ നേരത്തെ ഉടലെടുത്ത വിറയൽ മേനിയാകെ വ്യാപിക്കും പോലെയവൾക്ക് തോന്നി.... "വിട്...!!" അവൾ ദുർബലമായി കുതറാൻ ശ്രമിച്ചു... നേരിയ തേങ്ങലുകൾ പോലെ പുറത്തേക്ക് വന്ന വാക്കുകൾക്ക് തീരെ കനമില്ലായിരുന്നു... അവൾ ഒരിക്കൽക്കൂടി ചുവക്കാൻ വെമ്പൽ കൊണ്ടു... ലജ്ജയോ നാണമോ പരിഭ്രാന്തിയോ അങ്ങനെ ഉള്ളിൽ ഉരുണ്ടു കൂടുന്ന വികാരങ്ങളെ തരം തിരിക്കാനോ വിശകലനം ചെയ്യാനോ ആവാതവളുടെ ഹൃദയം പിന്നെയും പിന്നെയും ദുർബലമായി... അഭിയേട്ടനോട് തനിക്കുണ്ടായിരുന്നത് പ്രണയമായിരുന്നില്ലെന്നവൾ മനസ്സിലാക്കി... ഇതാണ് പ്രണയം.... ഈ അവസ്ഥയാണ് പ്രണയം....!! അവൻ്റെ കരവലയങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കെ അവളുടെ ഹൃദയം പലവുരു ഉരുവിട്ടു.... അലക്സി അല്ലിയുടെ ദാവണിത്തുമ്പിൽ പിടുത്തമിട്ടതും അവൾ അവനെ ഞെട്ടലോടെ നോക്കി....

അവൾ കൈകൾ രണ്ടും തൻ്റെ മാറോട് ചേർത്ത് പിടിച്ചു കൊണ്ട് മിഴികൾ കൂർപ്പിച്ചു.... അലക്സി ദാവണിത്തുമ്പുയർത്തി അവൻ്റെ തലമുടി തോർത്തിയിട്ട് അവളുടെ ചാരെ നിന്നും ഒരു ഷർട്ടുമെടുത്ത് അകന്ന് മാറി... "നീയെന്തെങ്കിലും പ്രതീക്ഷിച്ചായിരുന്നോ...?" തലമുടി ചീകിക്കൊണ്ടവൻ പിൻ തിരിഞ്ഞ് നോക്കാതെ ചോദിച്ചു... ഛെ!.... അല്ലി ചമ്മലോടെ ഓർത്തു.... പെട്ടെന്ന് ഫോൺ ബെല്ലടിച്ചതും അലക്സി അറ്റൻ്റ് ചെയ്തു... "എന്ത് പറ്റിയെടാ... ഇന്നെന്താ ക്ലാസ്സിന് വരാഞ്ഞത്....?" വരുൺ ചോദിച്ചു... "ഓ എന്ത് ചെയ്യാൻ എഴുന്നേറ്റതു മുതൽ വല്ലാത്തൊരു ക്ഷീണം... ഇനീം രണ്ട് ദിവസത്തേക്ക് ക്ലാസ്സിൽ വരില്ലായിരിക്കും...." അവൻ അല്ലിയെ നോക്കി ചിരിയോടെ പറഞ്ഞു.... ഹേ... പിന്നെന്തിനാ എന്നെക്കൊണ്ട് ഇപ്പോൾ ഇതെല്ലാം ഇങ്ങേര് തേപ്പിച്ചത്...? അവൾ ദേഷ്യത്തോടെ ഓർത്തു... "എനിക്കിനിയും വയ്യ....!!" പിറു പിറുത്തു കൊണ്ടവൾ അയൺ ബോക്സ് താഴെ വെച്ച് പുറത്തേക്ക് നടന്നു... "രണ്ട് ദിവസം നീളുന്ന ക്ഷീണമോ...? അതെന്ത് ക്ഷീണം...?" തൻ്റെ സംശയം വരുൺ പ്രകടിപ്പിച്ചു.... "അതൊക്കെ നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല...."

"ഓ എനിക്കൊന്നും മനസ്സിലാവില്ലല്ലോ... ആ അല്ലിക്കൊച്ച് ജീവനോടെ തന്നെ ഉണ്ടല്ലോ അല്ലേ..." "തത്കാലം ഉണ്ട്... നീ വെച്ചിട്ട് പൊയ്ക്കേ..." അലക്സി ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു... കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും അല്ലി ചെന്ന് വാതിൽ തുറന്നു... അകത്തേക്ക് കടന്ന് വരുന്ന ശ്രേയയെ കണ്ടതും അല്ലി പുഞ്ചിരിച്ചു.... "ഹലോ അല്ലീ സുഖമല്ലേ....?" ചോദ്യത്തിനൊപ്പം ശ്രേയ അല്ലിയെ അടിമുടി നോക്കി.... ഇതാണല്ലേ അടക്കവും ഒതുക്കവും..? നമ്മുടെ ഡോക്ടറുടെ സങ്കല്പ്പം.... ശ്രേയ നിരാശയോടെ ഓർത്തു... "എന്തു പറ്റി...?" ചുണ്ടിൽ വിരൽ ചേർത്ത് എന്തോ ആലോചിക്കുന്ന ശ്രേയയോട് അല്ലി ചോദിച്ചു... ശ്രേയ ഒന്നുമില്ലെന്ന മട്ടിൽ ചുമല് കുലുക്കി.... "നീയെപ്പോൾ വന്നു...?" ശ്രേയയെ കണ്ടതും അലക്സി ചോദിച്ചു.... "അതൊക്കെ വന്നു...." അത് പറയുമ്പോഴും ശ്രേയയുടെ മിഴികൾ അല്ലിയിൽ തന്നെയായിരുന്നു.... "ങും അച്ചാച്ചൻ ഒന്ന് നന്നായിട്ടുണ്ട്... അല്ലിയാണെങ്കിൽ അങ്ങ് ഉണങ്ങി പോയല്ലോ.... അല്ലിയുടെ ഫുഡും കൂടി അച്ചാച്ചൻ ആണോ കഴിക്കുന്നെ....?" അല്ലിയും അലക്സിയും പരസ്പരം ഒന്ന് നോക്കി...

. "അല്ല അല്ലിയുടെ ചുണ്ടിലെന്താ ഒരു മുറിവ്....?" ശ്രേയ ചോദിച്ചു... അത് കേട്ടതും അല്ലി അലക്സിയെ ഒന്ന് കൂർപ്പിച്ച് നോക്കി... ശേഷം ഒന്നും മിണ്ടാതെയവൾ മുഖം താഴ്ത്തി.... "അയ്യോ അവിടെ മാത്രമല്ലല്ലോ ദേ കഴുത്തിലും ചുമലിലും.... അയ്യോ വേറെവിടെങ്കിലും ഒക്കെയുണ്ടോ...? ഞാനൊന്ന് നോക്കട്ടെ...." അല്ലിയെ തിരിച്ചും മറിച്ചും ഒക്കെ നിർത്തിക്കൊണ്ടവൾ വ്യാകുലപ്പെട്ട് ചോദിച്ചു.... "മതി മതി നീ നോക്കിയത്.... ബാക്കി ഞാൻ നോക്കിക്കോളാം...." അല്ലിയെ തന്നിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് അലക്സി ചിരിയോടെ പറഞ്ഞു... "അല്ല നീ വല്ലോം കഴിച്ചായിരുന്നോ...? ഇവിടാകെ പച്ചക്കറി മാത്രമേയുള്ളൂ..." അവൻ അല്ലിയെ നോക്കി നിരാശയോടെ പറഞ്ഞു... "ഞാൻ ആക്ച്വലി ചില ഗുണങ്ങൾ പഠിക്കാൻ വന്നതാണ്...." ശ്രേയ പറഞ്ഞു.. "എന്ത് ഗുണം...?" അവൻ സംശയത്തോടെ ചോദിച്ചു... "ഈ തറവാട്ടിൽ പിറന്ന പെൺപിള്ളേരുടെ ഗുണം..." "ഓഹ്.... തറവാട്ടിൽ പിറന്നതെന്ന് പറയുമ്പോൾ നമ്മുടെ അല്ലിയുടെ തറവാട്ടിലുള്ളവരെ പോലെയാണോ..?" അലക്സി പരിഹാസത്തോടെ ചോദിച്ചു.... അത് കേട്ടതും അല്ലിയുടെ മിഴികൾ പൊടുന്നനെ ഈറനണിഞ്ഞു....

അവർക്ക് മുഖം കൊടുക്കാതവൾ ധൃതിയിൽ ഉള്ളിലേക്ക് നടന്നകന്നു.... അല്ലിയിലുണ്ടായ ഭാവമാറ്റം കണ്ടതും അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അലക്സിക്ക് തോന്നി... "ഹും.... അയാളുടെ വീട്ടുകാർ എല്ലാം പിന്നെ ഭയങ്കര സത്സ്വഭാവികൾ ആണല്ലോ..." അവൾ അടുക്കള ഭാഗത്ത് ചെന്ന് നിന്ന് ആരോടെന്നില്ലാതെ പരിഭവം തീർത്തു... "അല്ലീ...." ശ്രേയ വിളിച്ചതും അവൾ പിൻതിരിഞ്ഞ് നോക്കി.... "ഞാൻ വന്നത് എന്തിനാണെന്ന് വെച്ചാൽ.... എനിക്ക് ചില കാര്യങ്ങൾ അറിയണം...." "എന്ത് കാര്യം...?" അല്ലി ചോദിച്ചു.... "അല്ല നിങ്ങളുടെ വീട്ടിൽ ഒക്കെ ദിവസവും കുളിക്കുമോ...?" "ദിവസവും കുളിക്കാത്തവർ ആരാ ഉള്ളത്....?" അല്ലി ഒരു ചിരിയോടെ പറഞ്ഞു.... "അ...അങ്ങനെ ആരും ഇല്ല... അത് നിങ്ങളുടെ വീട്ടിൽ വെളുപ്പിനെ കുളിക്കുമോ...? അതാ ഞാൻ ഉദ്ദേശിച്ചത്..." "ആഹ്.... വെളുപ്പിനെയും സന്ധ്യയ്ക്കും...." കർത്താവേ അപ്പോൾ ഇനീം മുതൽ രണ്ട് നേരം കുളിക്കണം... ഹും... ഡോക്ടർ അറിയാൻ ഒന്നും പോകുന്നില്ലല്ലോ.... കുളിക്കുന്നെന്ന് പറഞ്ഞേക്കാം... ശ്രേയ ചിരിയോടെ ഓർത്തു... "പിന്നെ.... ഈ നോൺ വെജ് ഒന്നും കഴിക്കാൻ പാടില്ല അല്ലേ...?"

"ഞങ്ങളുടെ വീട്ടിൽ ആരും കഴിക്കാറില്ല...." അപ്പോൾ ജീവിത കാലം മുഴുവൻ പച്ചക്കറി മാത്രം കഴിക്കേണ്ടി വരുമോ..? ശ്രേയ നിരാശയോടെ ഓർത്തു.. "അല്ല എന്താ ഇതൊക്കെ ചോദിക്കുന്നെ...?" "ഏയ് ഒന്നുമില്ല... അല്ലിയെ പോലെ അടക്കവും ഒതുക്കവും ഒക്കെയുള്ള ഒരു പെണ്ണായി മാറാൻ ഞാനും തീരുമാനിച്ചു... അതിൻ്റെ ആദ്യ പടിയാണ് ഈ സാരി ഉടുക്കൽ... എങ്ങനുണ്ട്....? കുറച്ച് ബുദ്ധിമുട്ടി... ഈ കോലം ഒന്ന് ആക്കിയെടുക്കാൻ..." "ആഹ്.. നന്നായിട്ടുണ്ട്...." അല്ലി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... ശ്രേയ ഒരു ആപ്പിൾ കടിച്ചു കൊണ്ട് സ്ലാബിന് മുകളിലേക്ക് കയറിയിരുന്നു.... നിതംബം മറച്ച് കിടക്കുന്ന ഇടതൂർന്ന കാർകൂന്തൽ.... അല്ലിയുടെ തലമുടി നോക്കിക്കൊണ്ട് ശ്രേയ ഓർത്തു... എൻ്റെ മാത്രമെന്താ ഈ ചകിരി പോലെ ഇരിക്കുന്നെ...?! "അല്ല അല്ലീ നീയേത് ഹെയർ ഓയിലാ ഉപയോഗിക്കുന്നത്....?" "വീട്ടിൽ വെച്ച് അമ്മ എണ്ണ കാച്ചി തരുമായിരുന്നു... ഇപ്പോൾ ഒന്നും ഉപയോഗിക്കാറില്ല..." "എന്നിട്ട് മുടി കൊഴിച്ചിൽ ഒന്നും ഇല്ലേ...?" ശ്രേയ ജിജ്ഞാസയോടെ ചോദിച്ചു... "ഇല്ലല്ലോ...." "പാരമ്പര്യം ആവും അല്ലേ...?" ശ്രേയ താത്പര്യമില്ലാതെ ചോദിച്ചു...

അല്ലി ഒന്ന് മൂളി..... "അന്നാൽ ഞാൻ ഇറങ്ങട്ടെ... പപ്പയുടെ മനസ്സ് മാറുന്നത് വരെ ഇടയ്ക്കിടെ ഇങ്ങോട്ട് വരാം... പിന്നെ നിങ്ങൾ രണ്ടാളും വീട്ടിൽ കയറിപ്പറ്റിയാൽ എല്ലാം ശരിയാവുമല്ലോ..." ശ്രേയ ഇരുവരോടും യാത്ര പറഞ്ഞ് പോകാനിറങ്ങി.... പകൽ പതിയെ രാത്രിക്ക് വഴി മാറി... രാവിൻ്റെ നിശബ്ദതയെ ഭേദിച്ച് മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു... അലക്സി സോഫയിൽ ഇരുന്ന് ഏതോ ഒരു ഇംഗ്ലീഷ് സിനിമ കാണുന്നുണ്ട്.... അവൻ അല്ലിയെ തൻ്റെ അരികത്തേക്ക് പിടിച്ചിരുത്തി... അവൾ താത്പര്യമില്ലാതെ സ്ക്രീനിലേക്കും നോക്കിയിരുന്നു... ഉറക്കം മാടി വിളിക്കുന്നതിൻ്റെ അടയാളമായി അവളുടെ മിഴികൾ ഇടയ്ക്കിടെ അടഞ്ഞു പോകുന്നുണ്ടായിരുന്നു.... അവൻ മെല്ലെ കരങ്ങൾ വിടർത്തി അവളെ തൻ്റെ നെഞ്ചോട്‌ ചേരാൻ വിളിച്ചു... അല്ലി സങ്കോചത്തോടെ ഒന്ന് മിഴികൾ ചിമ്മിക്കൊണ്ട് നോക്കി... ഭീതിയോടെ ഉമിനീരിറക്കി... എന്നാൽ അവളുടെ ചിന്തകളവസാനിക്കും മുൻപവൻ അവളെ തൻ്റെ നെഞ്ചോരം വലിച്ചടുപ്പിച്ചു.... "നിന്നോടുള്ള പ്രണയത്തോളം ഭ്രാന്തമായതൊന്നും എന്നിൽ ഇതുവരെ ഉടലെടുത്തിട്ടില്ല....!!"

മൃദുവായ ചുംബനത്തിനൊപ്പം കാതിൽ പതിഞ്ഞ നനുത്ത വാചകങ്ങൾ അവളിലെ പ്രണയിനിയെ മെല്ലെ തഴുകിയുണർത്തി.... അവളൊന്ന് മുഖമുയർത്തി നോക്കി... മിഴികളിൽ നിറയുന്ന കുറുമ്പിനൊപ്പം തന്നോടുള്ള സ്നേഹവും അവയിൽ അളവറ്റ് നിൽക്കും പോലെ.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... കൊതിച്ചത് ലഭിച്ചില്ലെങ്കിലും വിധിച്ചതിനെ ഉൾക്കൊള്ളാൻ മനസ്സിനെ തയ്യാറാക്കിയത് പോലെ... ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്കാവില്ലല്ലോ.... അഭിക്ക് പകരമാവാൻ അലക്സിക്ക് ഒരിക്കലും ആവില്ല... അലക്സിയെ അഭിയുമായി താരതമ്യം ചെയ്യാതെ അവനെ അവനായി തന്നെ ഉൾക്കൊണ്ടാൽ തനിക്ക് സന്തോഷമുണ്ടാവുമെന്നവൾക്ക് തോന്നി... "അലക്സിച്ചായാ...!!" അല്ലി അവൻ്റെ ഹൃദയമിടിപ്പുകളിലേക്ക് കാതോർത്തു കൊണ്ട് മെല്ലെ വിളിച്ചു... അത് കേട്ടതും അലക്സി ഞെട്ടലോടെ മുഖമുയർത്തി.... അവൻ അല്ലിയെ അടർത്തി മാറ്റിക്കൊണ്ട് മിഴിച്ച് നോക്കി.... അല്ലി ഒരു ചിരിയോടെ അവനിൽ തന്നെ മിഴികൾ നട്ടു... "എന്താ നീയിപ്പോൾ വിളിച്ചത്...? ഞാൻ കേട്ടതിൻ്റെ കുഴപ്പമാണോ ഇനീം...?"

ആകാംഷയാൽ അവൻ്റെ നേത്ര ഗോളങ്ങൾ വികസിച്ചു... "അലക്സിച്ചായാ...." അവൾ ഒരിക്കൽക്കൂടി വിളിച്ചു... "അപ്പോൾ ഞാൻ കേട്ടതിൻ്റെ കുഴപ്പം അല്ല അല്ലേ...?" അവൻ ഒരു കുസൃതി ചിരിയോടെ അവളിലേക്ക് നടന്നടത്തു കൊണ്ട് ചോദിച്ചു... "ഞാനങ്ങനെ വിളിച്ചോട്ടെ...?" "അത് ചോദിക്കാനുണ്ടോ...?" അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞതും മിഴികൾ തമ്മിൽ ഇടഞ്ഞു.... അലക്സി ഒരു ചിരിയോടെ പോക്കറ്റിൽ നിന്നും അരഞ്ഞാണം എടുത്തുയർത്തി.... "അപ്പോൾ എങ്ങനാ... ഇതങ്ങ് ഇട്ട് തരുവല്ലേ...?" അവൻ കള്ളച്ചിരിയോടെ ചോദിച്ചതും അല്ലിയുടെ കവിൾത്തടങ്ങൾ ചുവന്ന് തുടുത്തു.... അവൻ്റെ സ്പർശനമേറ്റതും അവൾ പിടഞ്ഞു... അല്ലി മിഴികൾ ഇറുക്കിയടച്ച് മുഖം പൊത്തി.... അവൻ്റെ നെഞ്ചോരം ചേർന്ന് കിടക്കുമ്പോൾ തൻ്റെ പ്രാണൻ്റെ ഗന്ധം അവൾ അനുഭവിച്ചറിയുകയായിരുന്നു.... "നീയെന്നെ വിട്ട് പോവോ അല്ലീ...?" അവളുടെ വിരലുകൾ തൻ്റെ കവിളോട് ചേർത്തു കൊണ്ടവൻ ചോദിച്ചു... "അതെന്താ അങ്ങനെ ചോദിച്ചത്..?!" അവൾ മുഖമുയർത്തി... "സാഹചര്യങ്ങൾ കൊണ്ട് ഒന്നിച്ചവരല്ലേ നമ്മൾ....

ആ സാഹചര്യങ്ങൾ നാളെ മാറിയാൽ...!!" "എല്ലാവരുടെയും പ്രവർത്തികൾ സാഹചര്യങ്ങൾക്ക് അനുസരിച്ചല്ലേ..." "അപ്പോൾ സാഹചര്യം മാറിയാൽ നീയും മാറുമോ...?" "ഇച്ചായനോടുള്ള എൻ്റെ സ്നേഹത്തിന് ഒരു മാറ്റവും ഉണ്ടാകില്ല.... പോരേ...?" അലക്സി മറുപടി നല്കാതെ അവളെ ഒന്നും കൂടെ ചേർത്ത് പിടിച്ചു... ദിനങ്ങൾ കടന്നു പോകും തോറും ഉള്ളിൽ മുള പൊട്ടിയ പ്രണയം പടർന്ന് പന്തലിച്ച് ഇരു ഹൃദയങ്ങളിലും ആഴത്തിൽ വേരുറപ്പിച്ചു.... 🌸____💜 കോളേജിൽ നിന്ന് വന്നതും അല്ലിക്ക് നന്നേ ക്ഷീണമുണ്ടായിരുന്നു... ഡേറ്റ് കഴിഞ്ഞിട്ട് ദിവസങ്ങൾ ആയി... ആരിൽ നിന്നൊക്കെയോ ഉള്ള കേട്ടറിവിനാൽ അവൾക്ക് നേരിയ സംശയം തോന്നി... ഒരു വാവ വരാൻ പോവാണോ...? ആണെങ്കിൽ എല്ലാവർക്കും സന്തോഷമാവും... രണ്ട് വീട്ടുകാരുടെയും പ്രശ്നങ്ങളും മാറും.. അധികനാൾ കാത്തിരിക്കേണ്ടി വരില്ല വീട്ടിലേക്ക് പോവാൻ... അല്ലി സന്തോഷത്തോടെ അതും ഓർത്ത് അലക്സിക്ക് അരികിലേക്ക് നടന്നു.... ഡോക്ടർ പ്രെഗ്നെൻസി കൺഫോം ചെയ്യുമ്പോൾ അല്ലിയേക്കാൾ സന്തോഷം അലക്സിക്കായിരുന്നു..

മെറിനും ജിയയും വരുണുമെല്ലാം അല്ലിയുടെ ഇഷ്ട പലഹാരങ്ങളുമായെത്തി.... ശ്രേയയിൽ നിന്ന് ഈ വിവരമറിഞ്ഞ അഭിക്കും സന്തോഷമായി.... അലക്സിയോടും അല്ലിയോടുമുള്ള ശ്രേയയുടെ ആത്മാർത്ഥതയും സ്നേഹവും അഭിയിൽ അവളോടുള്ള നേരിയ ഒരാകർഷണത്തിന് വഴിയൊരുക്കി... അതിനെ പ്രണയമെന്ന് വിളിക്കാൻ ആവില്ലെങ്കിലും നല്ലൊരു സൗഹൃദം ശ്രേയയുമായി വാർത്തെടുക്കാൻ അവനായി... 🌸_____💜 അല്ലി അലക്സിയുടെ മടിയിൽ തല ചായ്ച്ച് കിടന്നു... അവൻ തൻ്റെ കരങ്ങൾ മെല്ലെ അവളുടെ ഉദരത്തിന് മീതെ വെച്ചു.... "നമ്മുടെ വീട്ടുകാരുടെ പിണക്കം എപ്പോഴാ മാറുക...?" അല്ലി പ്രതീക്ഷയോടെ ചോദിച്ചു... "വൈകാതെ മാറുമായിരിക്കും..." അവളെ സമാധാനിപ്പിക്കാനെന്നോണം അവൻ പറഞ്ഞു... അല്ലിയുടെ മനസ്സിൽ വീട്ടിലേക്ക് പോകുവാനുള്ള ആഗ്രഹം അത്രമേൽ വേരുറപ്പിച്ചെന്നവന് മനസ്സിലായി... ഇനിയും അവരുടെ പിണക്കം മാറിയില്ലെങ്കിൽ എന്തു ചെയ്യുമെന്നവൻ വ്യാകുലപ്പെട്ടു... അല്ലി ഉറങ്ങിയതും അവൻ മെല്ലെ അവളുടെ ശിരസ്സ് താഴ്ത്തി വെച്ച് ഒരു പുതപ്പെടുത്ത് പുതപ്പിച്ചു....

പിറ്റേന്ന് രാവിലെ വീട്ടിലേക്ക് കടന്ന് വരുന്നവരെ കണ്ടതും അലക്സി ഞെട്ടി.... അനന്തനും അഭിയുമായിരുന്നു അത്.. അല്ലിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു... അലക്സി ഇരുവരെയും നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... അനന്തൻ വാത്സല്യത്തോടെ അല്ലിയെ ചേർത്ത് പിടിച്ചു... "എനിക്കൊരു സന്തോഷ വാർത്ത പറയാൻ ഉണ്ട്.... അച്ഛൻ്റെ മനസ്സ് മാറിത്തുടങ്ങി... അല്ലിയെയും കൂട്ടി തറവാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു..." അനന്തൻ പറഞ്ഞതും അല്ലിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.... "ഞാൻ പറഞ്ഞില്ലേ അലക്സിച്ചായാ ഒരു കുഞ്ഞുണ്ടായാൽ എല്ലാവരുടെയും പിണക്കം മാറുമെന്ന്... ഇപ്പോൾ കണ്ടില്ലേ... എനിക്ക് എല്ലാവരെയും കാണാൻ ധൃതിയായി..." അല്ലി ഉത്സാഹത്തോടെ അലക്സിയോട് പറഞ്ഞതും അവനും പുഞ്ചിരിച്ചു... "അലക്സിയോടെനിക്ക് ഒരു കാര്യം പറയാനുണ്ട്...." അനന്തനോട് വാചാലയാവുന്ന അല്ലിയെ നോക്കിക്കൊണ്ട് അഭി സ്വകാര്യം പോലെ പറഞ്ഞു... "എന്ത് കാര്യം...?" "അത് പിന്നെ... ഒന്നും തോന്നരുത്... അമ്മാവൻ അന്യമതക്കാരെ തറവാട്ടിൽ കയറ്റില്ല... ഇപ്പോൾ തന്നെ അല്ലിയെ മാത്രം കൂട്ടിക്കൊണ്ട് ചെല്ലാൻ ആണ് പറഞ്ഞത്...

അലക്സിയും കൂടി വന്നാൽ ഒരുപക്ഷേ അമ്മാവൻ്റെ ഇപ്പോഴത്തെ സമീപനം മാറിയെന്ന് വരാം... അതു കൊണ്ട് അലക്സി എന്തേലും പറഞ്ഞ് ഒഴിവാകണം.." അഭി പറഞ്ഞതിൻ്റെ പൊരുൾ അലക്സിക്ക് മനസ്സിലായി... അല്ലിയെ മാത്രമായി വിടാൻ അവന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല.... എന്നാൽ അവരോടൊപ്പം പോകാൻ പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നവളെ നിരാശപ്പെടുത്താനും അവനായില്ല... "പോകാം അല്ലീ..." അനന്തൻ വിളിച്ചതും അല്ലി പിൻതിരിഞ്ഞ് അലക്സിയെ നോക്കി... "വാ അലക്സിച്ചായാ..." അവൾ പറഞ്ഞു.... "അത്... അതല്ലീ... എനിക്ക് ഇത്തിരി തിരക്കുണ്ട്... പുതിയ ജോലി ആയോണ്ട് സാറിനെ മുഷിപ്പിക്കാനും പറ്റില്ല... അർജൻ്റായി ഓഫീസ് വരെ ഒന്ന് പോണം... നീ ഇപ്പോൾ ചെല്ല്... ഞാൻ കുറച്ച് കഴിഞ്ഞ് വന്നേക്കാം..." "ആണോ...? എന്നാലും നമ്മൾ ഒരുമിച്ച് ചെല്ലുന്നതല്ലേ സന്തോഷം... അതും ഈ അവസരത്തിൽ.... ആഹ് സാരമില്ല.... ഇച്ചായന് തിരക്കായതു കൊണ്ടല്ലേ...

പെട്ടെന്നങ്ങ് വന്നേക്കണേ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു... അലക്സി വാത്സല്യത്തോടെ അല്ലിയുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു... "നീ ചെല്ല്..." അവൾ നടന്നകലുന്നതും നോക്കിയവൻ നിന്നു.... 🌸____💜 വീട്ടുമുറ്റത്തെത്തിയതും അല്ലി ഉത്സാഹത്തോടെ ചാടിയിറങ്ങി.... "ദേ ഈ സമയത്തിങ്ങനെ ചാടല്ലേ..." അഭി മുൻകരുതൽ നല്കി... "സന്തോഷം കൊണ്ടല്ലേ അഭിയേട്ടാ... എത്ര നാളായി ഞാൻ എൻ്റെ വീട്ടിൽ വന്നിട്ട്... എൻ്റെ ഉള്ളിലെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല..." അവളുടെ മിഴികൾ ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞു... മുൻപിലുള്ള ദേവീക്ഷേത്രത്തിനു നേരെ കൈ കൂപ്പാനും അവൾ മറന്നില്ല.... സരസ്വതിയും അർച്ചനയും രാധികയും ഒക്കെ മുറ്റത്തേക്കിറങ്ങി വന്നു... അല്ലി തൻ്റെ ക്ഷീണം മറന്ന് അവരിലേക്ക് ഓടിയടുത്തു.... സരസ്വതി അല്ലിയെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ അവളുടെ ശിരസ്സിൽ തലോടി.... അവൾ ദേവരാജനരികിലേക്ക് നടന്നതും അയാൾ അവൾക്ക് മുഖം നൽകാതെ അകത്തേക്ക് കയറി പോയി.... അല്ലിയുടെ മുഖം മങ്ങി... അവൾ വേദനയോടെ അനന്തനെ നോക്കിയതും അവൻ സാരമില്ലെന്ന മട്ടിൽ അവളെ നോക്കി തലയനക്കി... "അകത്തേക്ക് വാ അല്ലീ.... ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട് വല്ല്യേട്ടന്..."

അല്ലിയെ ചേർത്ത് പിടിച്ച് അനന്തൻ അകത്തേക്ക് നടന്നു.... അവൾ ഏറെ നേരം അമ്മയുടെയും ഏട്ടത്തിമാരുടെയും മടിയിൽ കിടന്ന് പരിഭവം പറഞ്ഞു... ഈ സമയത്ത് എടുക്കേണ്ട കരുതലുകളെ പറ്റി അല്ലിയെ പറഞ്ഞ് മനസ്സിലാക്കുന്ന തിരക്കിലായിരുന്നു മൂവരും.... "ഇത് കഴിക്ക് മോളെ...." അല്ലിക്ക് നേരെ വട്ടയപ്പം നീട്ടിക്കൊണ്ട് സരസ്വതി പറഞ്ഞതും അവൾ വാ തുറന്നു... "അച്ഛനൊന്നും മിണ്ടിയില്ലല്ലോ അമ്മേ..." അവൾ സങ്കടത്തോടെ പറഞ്ഞു.... "നീ പോയതിന് ശേഷം അദ്ദേഹം ആരോടും വലുതായി ഒന്നും മിണ്ടിയിരുന്നില്ല... അഭിയെ കാണുന്നത് തന്നെ ദേഷ്യം.... പിന്നെ അനന്തൻ വന്നതിന് ശേഷമാ കുറച്ചെങ്കിലും ഒന്ന് നേരെയായത്..." "രുദ്ര ചേച്ചിയുടെ വിവാഹമൊക്കെ മംഗളമായി തന്നെ നടന്നില്ലേ...?" "അതെ... ആർഭാടമായി തന്നെ നടന്നു..." സരസ്വതിയോട് സംസാരിക്കുമ്പോഴും അല്ലി പ്രതീക്ഷയോടെ വാതിൽപ്പടിയിലേക്ക് നോക്കി.... അലക്സി വരുന്നതും കാത്ത്..... ഇതെന്താ വരാത്തത്...? എത്ര നേരമായി... കുറച്ച് കഴിഞ്ഞ് വരാമെന്നല്ലേ പറഞ്ഞത്... അവൾക്ക് ഒരു സമാധാനവും ഉണ്ടായില്ല....

ഒരു കാലടി ശബ്ദം കേട്ടതും അലക്സിയാകുമെന്ന് കരുതി അവൾ പ്രതീക്ഷയോടെ എഴുന്നേറ്റു... എന്നാൽ അഭിയെ കണ്ടതും അവളിൽ നിരാശ പടർന്നു.... "അല്ല അഭിയേട്ടാ അലക്സിച്ചായൻ എന്തെ...? നമ്മളോട് പറഞ്ഞതല്ലേ കുറച്ച് കഴിഞ്ഞ് വരാമെന്ന്...?" അവൾ ഉത്കണ്ഠയോടെ ചോദിച്ചതും അഭി പുഞ്ചിരിച്ചു.... "ഒരു ദിവസം പോലും അവനെ കാണാതിരിക്കാൻ വയ്യ അല്ലേ..?" "അല്ല... അതല്ല..." ഉള്ളിലെ ചമ്മൽ പുറത്ത് കാട്ടാതിരിക്കാനവൾ പ്രയാസപ്പെട്ടു... "ഞാനിന്ന് രാത്രി മുംബൈ വരെയൊന്ന് പോവാ... രുദ്രയുടെ ഹസ്ബൻ്റിൻ്റെ കൂടെ... ഒരാഴ്ച കഴിഞ്ഞേ വരൂ... നിന്നോടൊന്ന് പറയാൻ വന്നതാ... നേരത്തെ പറയാൻ വിട്ട് പോയി...." "പോയിട്ട് വാ അഭിയേട്ടാ.." അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... സമയം രാത്രിയായിട്ടും അലക്സി വന്നില്ല... "അച്ഛൻ അമ്മയെ പറ്റിച്ചല്ലോടാ വാവേ..." അവൾ ഉദരത്തിൽ തലോടിക്കൊണ്ട് കുഞ്ഞിനോടെന്ന പോലെ പറഞ്ഞു... അല്ലി മുഷിച്ചിലോടെ അലക്സിയെ വിളിച്ചു.... "അതെ.... എത്ര നേരമായി ഞാൻ കാത്തിരിക്കുവാ ഇവിടെ... ഇച്ചായനിതെവിടാ....എനിക്കിപ്പോൾ തന്നെ കാണണം..."

"ഇപ്പോഴോ...? അത്...." അലക്സിക്ക് എന്തൊഴിവ് പറയണമെന്ന് മനസ്സിലായില്ല... "ആഹ് ഇപ്പോൾ തന്നെ... ഈ സമയത്ത് ഭാര്യമാരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കണമെന്നാ.... എനിക്കിപ്പോൾ ഇച്ചായനെ കാണണം.." അവൾ ശാഠ്യം പിടിച്ചു... "ശരി വരാം ഞാൻ.... നീ ഒന്ന് മുറ്റത്തേക്കിറങ്ങി നിൽക്കുമോ..?" അലക്സി ചോദിച്ചു... "ഇറങ്ങി നിൽക്കാം ഇച്ചായാ... ഒന്ന് വേഗം വന്നാൽ മതി...." അല്ലി കാൾ കട്ട് ചെയ്ത് മുറ്റത്തേക്കിറങ്ങി.... വാതിൽപ്പടിയിൽ നിലയുറപ്പിച്ചവൾ നിലാവിനെ നോക്കിയിരുന്നു... അലക്സിയുടെ മിഴികളും അല്ലിക്ക് വേണ്ടി വെമ്പുന്നുണ്ടായിരുന്നു... അവൻ ധൃതിയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു... വഴിയിലാകെ കൂരിരുട്ടായിരുന്നു.... തിരക്കൊഴിഞ്ഞ വീഥിയിൽ ഇടയ്ക്കിടെ ചില വാഹനങ്ങളുടെ ശബ്ദങ്ങൾ മാത്രം ഉയർന്നു കേൾക്കാം... ഈ രാത്രിയിൽ മുറ്റത്തിറങ്ങി അവൾ നില്ക്കുന്നതോർത്തപ്പോൾ അവൻ സ്പീഡ് കൂട്ടി... എന്നാൽ എതിരെ വന്ന വണ്ടിയിൽ നിന്നുള്ള വെളിച്ചം അവൻ്റെ കാഴ്ചയ്ക്ക് മങ്ങലേല്പ്പിച്ചു... അലക്സി വണ്ടി വെട്ടിച്ചതും പിന്നിൽ നിന്നൊരു കാർ അവനെ ഇടിച്ച് തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു................ (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story