സംഗമം: ഭാഗം 18

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"ശൊ ! എത്ര നേരമായി ഇത്.... നിങ്ങളെ കാണാതെ ഇരിക്കാൻ വയ്യെന്നായല്ലോ എൻ്റെ ഇച്ചായാ..." അല്ലി ആരോടെന്നില്ലാതെ പരിഭവം പറഞ്ഞു.... "എൻ്റെ മോനിങ്ങ് വന്നോട്ടെ... അമ്മയെ ഇങ്ങനെ പറ്റിച്ചതിന് നമ്മുക്ക് അച്ഛനോട് ചോദിക്കണം...." അവൾ പുഞ്ചിരിയോടെ ഉദരത്തിൽ തലോടി.... അലക്സിയുടെ മുഖം മനസ്സിലോർത്തവൾ മെല്ലെ ചാരിയിരുന്നു.... അവളുടെ കവിളുകൾ തുടുത്തു... 🌸_____💜 അഭി കാറിൻ്റെ ബ്രേക്കിൽ ചവിട്ടി... "ഈശ്വരാ ആരെയോ ഇടിച്ചല്ലോ....!!" അവൻ വെപ്രാളത്തോടെ പുറത്തേക്കിറങ്ങി.... അലക്സി വീണടുത്തും നിന്ന് പ്രയാസപ്പെട്ട് എഴുന്നേല്ക്കാൻ ശ്രമിച്ചു.... നെറ്റി ചെറുതായി പൊട്ടിയിട്ടുണ്ട്... കൈ മുട്ട് ഉരഞ്ഞ് ചോരയൊലിക്കുന്നു.... അഭി ധൃതിയിൽ അവനരികിലേക്ക് നടന്നു... അലക്സിയാണതെന്ന് മനസ്സിലായതും അഭി നടുങ്ങി.... "അലക്സീ.....!!" അഭി ഉറക്കെ വിളിച്ച് കൊണ്ട് അലക്സിയെ പിടിച്ചെഴുന്നേല്പ്പിച്ചു.... "വരൂ ഹോസ്പിറ്റലിലേക്ക് പോകാം..." "ഡോക്ടർ ആയിരുന്നോ...? എന്താ എന്നെ കൊല്ലാൻ നോക്കിയതാണോ..?" അലക്സി അവശതയാർന്ന സ്വരത്തിൽ ചോദിച്ചു... "അയ്യോ അലക്സീ എന്തൊക്കെയാ ഈ പറയുന്നത്...? ഞാൻ മനപൂർവ്വം അല്ല...."

"വേണ്ട ഡോക്ടർ പറഞ്ഞ് ബുദ്ധിമുട്ടണമെന്നില്ല.... ഞാൻ അല്ലിയെ ഒന്ന് കാണാൻ പോകുവായിരുന്നു... ഇനീം ഈ അവസ്ഥയിൽ എങ്ങനെയാ....?!" പറയുമ്പോൾ അവൻ്റെ മുഖം വേദനയാൽ ചുളിഞ്ഞു... "ഈ അവസ്ഥയിൽ അവളുടെ അടുത്തേക്ക് പോവണ്ട... അല്ലിക്കത് സങ്കടമാവും... നീ വാ നമ്മുക്ക് ഹോസ്പിറ്റലിലേക്ക് പോവാം...." "അപ്പോൾ അല്ലി....?! അവളെന്നെ കാത്തിരിക്കുവാ..." അവൻ്റെ വാക്കുകളിൽ അവളോടുള്ള കരുതൽ പ്രകടമായതും അഭി അവനെ ബഹുമാനത്തോടെ നോക്കി... "അല്ലിയെ ഞാൻ വിളിച്ചറിയിച്ചോളാം..." "എനിക്ക് അപകടം പറ്റിയത് അവളെ അറിയിക്കണ്ട...." അലക്സി പറഞ്ഞു... "ഏയ് ഇല്ല... നിനക്കെന്തെങ്കിലും തിരക്കുണ്ടെന്ന് പറഞ്ഞേക്കാം...." 🌸____💜 "ആരേയാ ഈശ്വരാ ഇപ്പോൾ ഒന്ന് വിളിച്ചറിയിക്കുക....?!" റൂമിൽ വിശ്രമിക്കുന്ന അലക്സിയെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് അഭി ഓർത്തു... പെട്ടെന്ന് അവൻ്റെ മനസ്സിലേക്ക് ശ്രേയയുടെ മുഖം തെളിഞ്ഞ് വന്നു... കൈയ്യിലിരിക്കുന്ന അലക്സിയുടെ ഫോണിലേക്കവൻ നോക്കി... "ആഹ് അച്ചാച്ചാ പറ..." ശ്രേയ കാൾ അറ്റൻ്റ് ചെയ്തു കൊണ്ട് പറഞ്ഞു...

"അലക്സിയല്ല... അഭി ഡോക്ടറാണ്..." ഹേ... ഡോക്ടറോ...?! അതും അച്ചാച്ചൻ്റെ ഫോണിൽ നിന്ന്... ഇനീം എൻ്റെ ശല്ല്യം സഹിക്കാൻ വയ്യാതെ ഡോക്ടർ അച്ചാച്ചനെ കണ്ട് പിടിച്ച് എന്നെപ്പറ്റി കുറ്റം പറഞ്ഞ് കാണുമോ...? ശ്രേയ പരിഭ്രമത്തോടെ ഓർത്തു... "ഹലോ...." മറുപടി ഒന്നും ഇല്ലാത്തതിനാൽ അഭി ഒന്നും കൂടി പറഞ്ഞു... "അത് അഭി ഇച്ചായൻ എന്താ... അതും എൻ്റെ അച്ചാച്ചൻ്റെ ഫോണിൽ നിന്ന്...?" "താൻ ടെൻഷനൊന്നും ആവണ്ട... സിറ്റി ഹോസ്പിറ്റലിലേക്കൊന്ന് വരൂ..." "അയ്യോ എന്ത് പറ്റി...?" "പേടിക്കാനൊന്നുമില്ല... വേഗം ഇവിടേക്കൊന്ന് വരൂ..." 🌸_____💜 "അയ്യോ എൻ്റെ അച്ചാച്ചനെന്താ പറ്റിയെ...?" നിദ്രയിലാണ്ടിരിക്കുന്ന അലക്സിയെ നോക്കി ശ്രേയ വെപ്രാളത്തോടെ ചോദിച്ചു... "താൻ ബഹളം വെയ്ക്കണ്ട... അലക്സിക്ക് കുഴപ്പമൊന്നുമില്ല... ചെറിയൊരു മുറിവേയുള്ളൂ..." അഭി ശാന്തമായി പറഞ്ഞു... "അച്ചാച്ചാ... അച്ചാച്ചാ..." "ഹേയ് അലക്സി വിശ്രമിച്ചോട്ടെ... ഇപ്പോൾ വിളിക്കണ്ട..." ശ്രേയയുടെ മിഴികൾ ഈറനണിഞ്ഞു... അവൾ സങ്കടത്തോടെ ഭിത്തിയിലേക്ക് ചാരി നിന്നു....

ശ്രേയയിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാത്തതിനാൽ അഭി പതിയെ അവളുടെ ചുമലിലേക്ക് കരങ്ങൾ ചേർത്തു... ശ്രേയ പെട്ടെന്ന് വിതുമ്പിക്കൊണ്ട് അവനെ ഇറുകെ പുണർന്നു... അപ്രതീക്ഷിതമായ അവളുടെ പ്രവർത്തിയിൽ അവൻ ഒരുവേള സ്തംഭിച്ചു.... "താനിത്ര വിഷമിക്കാനും മാത്രം ഒന്നുമില്ല.." അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു... പെട്ടെന്ന് സ്വബോധം വന്നതു പോലെ ശ്രേയ അവനിൽ നിന്നും അകന്ന് മാറി... അവൾക്കവനെ മുഖമുയർത്തി നോക്കാനായില്ല... "അത്.. ഞാൻ... ഞാനറിയാതെ..." അവൾ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു... "സാരമില്ല..എനിക്ക് തൻ്റെ മാനസികാവസ്ഥ മനസ്സിലാകും..." അവൻ ശാന്തമായി പറഞ്ഞു.. "അച്ചാച്ചന് എന്ത് പറ്റിയതാ...?" "ഒരു ചെറിയ അപകടം..." "അല്ല അഭി ഇച്ചായന് എങ്ങനെ മനസ്സിലായി ഇതെൻ്റെ അച്ചാച്ചനാണെന്ന്...?" ശ്രേയ സംശയത്തിൽ ചോദിച്ചു... "അത് പിന്നെ.... ഫോൺ...!! അലക്സിയുടെ ഫോണിലെ കാൾ ലിസ്റ്റിൽ കണ്ടു..." "ഓഹ്.. അങ്ങനെ..." അഭി ഇടയ്ക്കിടെ ശ്രേയയെ ഒന്ന് നോക്കി.... "ഞാനെന്തായാലും ഇന്നിവിടെ ഇരുന്നോളാം..." "ഇരുന്നോളൂ... എനിക്ക് തൻ്റെടുത്ത് അല്പം സംസാരിക്കാനുണ്ട്...." "അതിനെന്താ അഭി ഇച്ചായൻ പറഞ്ഞോളൂ..." ശ്രേയ ഉത്സാഹത്തോടെ പറഞ്ഞു...

"അല്ലി എൻ്റെ അമ്മാവൻ്റെ മകളാണ്... ഞങ്ങൾ തമ്മിൽ പ്രണയത്തിലും ആയിരുന്നു...." അല്പ നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ടവൻ പറഞ്ഞ് തുടങ്ങി.... ശ്രേയ ഞെട്ടലോടെ മുഖമുയർത്തി... അന്ന് അഭി അല്ലിയുടെ ഫോട്ടോ കാട്ടിയത് അവൾ പൊടുന്നനെ ഓർത്തു.... "അതിനെ പൂർണ്ണമായും പ്രണയമെന്ന് വിളിക്കാമോന്ന് എനിക്കറിയില്ല... കാരണം അവളെ നഷ്ടപ്പെടുത്താൻ എനിക്ക് സാധിച്ചു.... അവളില്ലാതെ ജീവിക്കാൻ മനസ്സിനെ പാകപ്പെടുത്താനും അവള് മറ്റൊരാളുടേതാണെന്ന് ഉൾക്കൊള്ളാനും എനിക്ക് നിഷ്പ്രയായം കഴിഞ്ഞു.... ഞങ്ങളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അലക്സിയുമായുള്ള അല്ലിയുടെ വിവാഹം കഴിഞ്ഞത്.... ഒരുപക്ഷേ ഇതായിരിക്കും ഈശ്വര നിശ്ചയം... അവർ തമ്മിലാവും ഒന്നിക്കേണ്ടത്..." ശ്രേയ എല്ലാം ഞെട്ടലോടെയാണ് കേട്ടത്.... അവളുടെ മുഖം മങ്ങി... അല്ലിയെ ഇഷ്ടപ്പെട്ടിരുന്ന ഡോക്ടർക്ക് എന്നെ പോലൊരു പെൺകുട്ടിയെ ഒരിക്കലും ഉൾക്കൊള്ളാനാവില്ല... മനസാക്ഷി ഉറക്കെ വിളിച്ചു പറഞ്ഞതും അവൾ മിഴികൾ ഇറുക്കിയടച്ചു... നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ എൻ്റെ മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ചത് പോലെയുണ്ട്... അഭി ശ്രേയയെ നോക്കി ഒരു പുഞ്ചിരിയോടെ ഓർത്തു.... അല്ലിയെ പോലെ ആവാൻ ഞാൻ കുറേ ശ്രമിച്ചു...

പക്ഷേ എനിക്ക് ഞാനാവാനല്ലേ കഴിയൂ... അവൾ നിസ്സഹായതയോടെ ഓർത്തു... "അല്ല താൻ എന്താ ഒന്നും പറയാത്തത്...?" നിർവികാരയായി ഇരിക്കുന്ന അവളെ നോക്കിയവൻ ചോദ്യമുന്നയിച്ചു... "അത്... ഒന്നുമില്ല.... എന്തോ മനസ്സ് ശരിയല്ല..." "ഏയ് ഞാൻ പറഞ്ഞില്ലേ അലക്സിക്ക് പ്രശ്നമൊന്നും ഇല്ലെന്ന്... പിന്നെന്തിനാ താനിങ്ങനെ പരിഭ്രമിക്കുന്നത്...?" "ഒരു ചെറിയ തലവേദന പോലെ..." "ആണോ... ഞാൻ ബാം കൊണ്ട് വരാം..." "വേണ്ട... ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരുന്നോട്ടെ... കുറച്ച് കഴിയുമ്പോൾ ശരിയായിക്കോളും...." ശ്രേയ പറഞ്ഞതും അഭി കൂടുതലൊന്നും ചോദിക്കാൻ മുതിർന്നില്ല.... അലക്സിയുടെ അവസ്ഥ കണ്ടുള്ള വേദനയാകുമവളിൽ എന്നവൻ ഓർത്തു.... 🌸____💜 "അഭിയേട്ടന് ഇന്നലെ പോകാൻ പറ്റിയില്ലല്ലോ.. യാത്ര ക്യാൻസൽ ആക്കിയില്ലേ.. ഇനീം എന്ന് പോകും..?" അല്ലി ചോദിച്ചു... "അടുത്തുള്ള ഏതേലും ദിവസങ്ങളിൽ പോകുമായിരിക്കും.."

"അന്നാലും അഭിയേട്ടാ തിരക്കുണ്ടെങ്കിൽ ഇച്ചായന് എന്നെ ഒന്ന് വിളിച്ചറിയിച്ചാലെന്താ...? അഭിയേട്ടനോട് പറയണമായിരുന്നോ..? എന്നോട് വെളിയിലേക്ക് ഇറങ്ങി നിൽക്ക് ഇപ്പോൾ വരാമെന്ന് പറഞ്ഞ ആളാ... എന്നിട്ട് വന്നോ അതും ഇല്ല..." അല്ലിയുടെ പരിഭവം പറച്ചിൽ കേട്ട് അഭിക്ക് ചിരി വന്നു... "ആഹ്... എപ്പോഴത്തേയും പോലെ നിന്ന് ചിരിച്ചോ..." അവൾ കൃത്രിമ ഗൗരവത്തോടെ പറഞ്ഞു.. "എൻ്റെ അല്ലീ... ഞാൻ നിന്നെ ഇവിടെ കൊണ്ടാക്കിയില്ലേ... ഇപ്പോൾ അലക്സിയെ നിനക്ക് കാണാമല്ലോ.. അനന്തൻ കൂടി വന്നിട്ട് ഞാൻ വന്നേക്കാം... അവൻ വരുന്നത് വരെ കാക്കാൻ ഉള്ള ക്ഷമ നിനക്കില്ലായിരുന്നല്ലോ.." അല്ലി മുഖം വീർപ്പിച്ച് അവനെ ഒന്ന് നോക്കിയിട്ട് ധൃതിയിൽ അകത്തേക്ക് നടന്നു... "ദേ പതുക്കെ പോണേ...!!" അഭി പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു.. അല്ലി വാതിലിൽ കൊട്ടിയതും വാതിൽ തുറന്ന ശ്രേയയെ കണ്ടവൾ അമ്പരന്നു... "വാ അല്ലീ..." ശ്രേയ ഒരു പുഞ്ചിരിയോടെ അവളെ വിളിച്ചു... "ഇവിടെ ഉണ്ടായിരുന്നോ..?" അല്ലി ചോദിച്ചു... "ഉം..." നേർത്ത സ്വരത്തിൽ മൂളുമ്പോൾ അവൾ നേരിയ അസൂയയോടെ അല്ലിയെ നോക്കി....

എന്നിലില്ലാത്ത എന്ത് പ്രത്യേകതയാ ഡോക്ടറെ നിന്നിലേക്കാകർഷിച്ചത്..? അവൾ ഓർത്തു... "എന്ത് പറ്റി...?" തന്നെ ഉറ്റു നോക്കുന്ന ശ്രേയയെ നോക്കി അല്ലി പുഞ്ചിരിയോടെ ചോദിച്ചു... "ഏയ് ഒന്നുമില്ല..." അവൾ മിഴികൾ ചിമ്മിക്കൊണ്ട് പറഞ്ഞു... അല്ലിയുടെ മിഴികൾ ചുറ്റിനും അലക്സിയെ പരതി... "അച്ചാച്ചൻ മുറിയിലുണ്ട്... നീ ചെല്ല്.. ഞാൻ നിനക്ക് ചായ എടുക്കാം..." അവളുടെ ആകുലത കണ്ടതും ശ്രേയ പറഞ്ഞു... അല്ലി അത് കേട്ടതും മുറിയിലേക്ക് നടന്നു.. നെറ്റിയിലും കൈയ്യിലും മുറിവുമായി കട്ടിലിൽ കിടക്കുന്ന അലക്സിയെ കണ്ടതും അല്ലിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു... അവൾ വെപ്രാളത്തോടെ അവനരികിലേക്ക് നടന്നു.. "ഇച്ചായാ....!!" അവളുടെ സ്വരം കേട്ടതും അലക്സി മിഴികൾ തുറന്നു... "എന്താ പറ്റിയത്...?" അവൾ ഉത്കണ്ഠയോടെ അവൻ്റെ കൈയ്യിലേക്കും നെറ്റിയിലേക്കും ഒക്കെ നോക്കി.... "എന്താ.. പറ... ഇതാണോ... ഇതാണോ തിരക്കാണെന്ന് പറഞ്ഞത്...? ങേ..? എന്താ ഇച്ചായാ... എന്താ പറ്റിയെ..?" അവൾ വിതുമ്പലോടെ ചോദിച്ചു... അപ്പോഴേക്കും അനന്തനും അഭിയും അങ്ങോട്ടേക്ക് കടന്നു വന്നു... അല്ലിയുടെ മിഴികൾ അലക്സിയിൽ മാത്രം തറഞ്ഞ് നിന്നു... അവൾ മറ്റാരേയും ശ്രദ്ധിച്ചില്ല... "ഒന്നുമില്ല അല്ലീ... ഒരു ചെറിയ അപകടം..." "എങ്ങനെ...? എവിടെങ്കിലും വീണോ..?"

അവൾ ഈറൻ മിഴികളോടെ ചോദിച്ചു.. "ങും... ഏതോ ഒരുത്തൻ ഇടിച്ചിട്ടു...." അലക്സി അഭിയെ നോക്കി സ്വരം കനപ്പിച്ച് പറഞ്ഞതും അഭി പരുങ്ങി... "ഏത് മഹാപാപിയാ എൻ്റെ ഇച്ചായനോടിത് ചെയ്തത്...?" സ്വരത്തിൽ സങ്കടവും അമർഷവും ഇടകലർന്നിരുന്നു... "അയ്യോ പാപിയെന്നൊന്നും പറയല്ലേ മോളെ... ഒരു സാധു...!! നീ വിഷമിക്കണ്ട... ഇച്ചായനൊന്നും പറ്റിയില്ലല്ലോ..." അവൻ അല്ലിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... അല്ലി അവനെ ഇറുകെ പുണർന്ന് ആ നെഞ്ചോട് മുഖം ചേർത്തു.... "ഒരുപാട് വേദനിക്കുന്നുണ്ടോ..?" അവൾ ഇടർച്ചയോടെ ചോദിച്ചു... "ഇല്ല.." അവൻ ശാന്തമായി പറഞ്ഞു... "ഇച്ചായനെന്തെങ്കിലും പറ്റിയാൽ ഞാൻ പിന്നെ ഉണ്ടാവില്ല..." "എന്താ അല്ലീ ഇത്...?! എനിക്കൊന്നുമില്ല...." അവളുടെ കവിളിലേക്ക് കരം ചേർത്തവൻ പുഞ്ചിരിയോടെ പറഞ്ഞു... അല്ലിയും അലക്സിയും തമ്മിലുള്ള പരസ്പര സ്നേഹം കാൺകെ അനന്തൻ അമ്പരന്നു... ജന്മങ്ങളുടെ ബന്ധം ഉള്ളതു പോലെ... അല്ലെങ്കിലും പ്രണയം തോന്നുവാൻ നിമിഷങ്ങൾ മാത്രം മതിയെല്ലോ എന്നവൻ ഓർത്തു... ചുരുങ്ങിയ നാളുകൾ കൊണ്ട് അവർക്കിത്ര മാത്രം ആഴത്തിൽ അടുക്കാനായോ...?

അത് ചിന്തിക്കുമ്പോഴും അഭിയുടെ മിഴികൾ ശ്രേയയെ പരതി... "നിൻ്റെ വല്ല്യേട്ടൻ വന്നിട്ടുണ്ട്... നിന്നെ കാണാൻ പാവം അമേരിക്കയിൽ നിന്നൊക്കെ ഓടി വന്നതല്ലേ... ഒരു നോട്ടം കൊണ്ടെങ്കിലും പരിഗണിക്കല്ലീ..." തൻ്റെ നെഞ്ചോട് ചേർന്നിരിക്കുന്നവളോട് അലക്സി സ്വകാര്യം പോലെ പറഞ്ഞു... അല്ലി ധൃതിയിൽ പിടഞ്ഞെണ്ണീറ്റു... "അയ്യോ ഏട്ടാ... ഇരിക്ക്... ഞാൻ ചായ എടുക്കാം...." "വേണ്ട... വേണ്ട..." അനന്തൻ ചിരിയോടെ പറഞ്ഞു... 🌸____💜 ശെ! ഇതിലിപ്പോൾ എന്താ കൂടുതലായത്..? ഉപ്പാണോ പഞ്ചസാരയാണോ..? ചായ ഉണ്ടാക്കാമെന്ന് അല്ലിയോട് പറഞ്ഞും പോയല്ലോ... ഉപ്പ് ചായയിൽ ഇടില്ലല്ലോ... അപ്പോൾ പഞ്ചസാരയാവും കൂടിയത്... ശ്രേയ ഓർത്തു... അല്ലേൽ വേണ്ട... ജ്യൂസ് ആക്കിയേക്കാം.... ശ്രേയ ജ്യൂസുമായി ഹാളിലേക്ക് നടന്നതും അവിടെ ഇരിക്കുന്ന അഭിയെ കണ്ട് ഞെട്ടി... തൊട്ടരികെയായി അലക്സിയുമുണ്ട്... അനന്തൻ എന്തോ തിരക്കുള്ളതിനാൽ യാത്ര പറഞ്ഞ് ഇറങ്ങിയിരുന്നു.... "നീയെന്താടീ അവിടെ നിൽക്കുന്നെ..? ഇങ്ങ് വന്നിരിക്ക്..." അലക്സി കരങ്ങൾ ഉയർത്തിക്കൊണ്ട് ശ്രേയയെ വിളിച്ചു..

കർത്താവേ അച്ചാച്ചനും ഡോക്ടർക്കും അപ്പോൾ പരസ്പരം അറിയാം... ഞാൻ പുറകെ നടന്നതും ശല്ല്യം ചെയ്തതും ഒക്കെ ഡോക്ടർ അച്ചാച്ചനോട് പറഞ്ഞ് കാണുമോ..? അവൾ പരിഭ്രമത്തോടെ ഓർത്തു കൊണ്ട് ഒരു കൃത്രിമ പുഞ്ചിരി വരുത്തി അലക്സിക്കരികിൽ ഇരുന്നു... "ദാ അഭിയേട്ടാ ജ്യൂസ് അഭിയേട്ടൻ കുടിച്ചോ...." ജ്യൂസെടുത്ത് അഭിക്ക് നേരെ നീട്ടിക്കൊണ്ട് അല്ലി പറഞ്ഞതും അവനത് വാങ്ങി ചുണ്ടോട് ചേർത്തു.... കർത്താവേ നശിപ്പിച്ചു... അത് വായിൽ വെയ്ക്കാൻ കൊള്ളില്ലായിരിക്കും... ഡോക്ടർക്ക് മുൻപിൽ എൻ്റെ സകല വിലയും ഇന്നത്തോടെ പോയി.. ഒരു ജ്യൂസ് പോലും ഉണ്ടാക്കാൻ അറിയാത്തവളെ ഡോക്ടർ കെട്ടുമോ... ഭാഗ്യം ചായ ആക്കാഞ്ഞത്.. ശ്രേയ ഓർത്തു... "അല്ല.. ഇതാരാ...?" ശ്രേയയെ നോക്കി അഭി ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു... "ഇത് അലക്സിച്ചായൻ്റെ അനുജത്തിയാ...ശ്രേയ ചേച്ചി... നല്ല കുട്ടിയാ.." അല്ലി പറഞ്ഞു.... "ഓഹോ.... നല്ല പേര്..." അഭി പറഞ്ഞതും ശ്രേയ തലയ്ക്ക് കൈ വെച്ചു.... "നല്ല ജൂസും ആണല്ലോ..." "ശ്രേയ ചേച്ചിക്ക് നന്നായി പാചകം ഒക്കെ അറിയാം... എല്ലാവരോടും നല്ല സ്നേഹമാണ്... നല്ല സംസാരമാണ്... ആർക്കും ചേച്ചിയെ ഇഷ്ടമാവും..." മതി.... മതി.. അല്ലീ എന്നെ പുകഴ്ത്തിയത്... ഇങ്ങേർക്കെന്നെ നന്നായിട്ടറിയാം... ശ്രേയ വിമ്മിഷ്ടത്തോടെ സ്വയം പറഞ്ഞു...

"നല്ല തറവാട്ടിൽ പിറന്ന കുട്ടിയാണല്ലേ...??" അഭി ചോദിച്ചു.. "ആണോന്നോ എൻ്റെ ഇച്ചായൻ്റെ അനുജത്തിയല്ലേ... നല്ല സ്വഭാവമാ..." "അല്ലീ... !!!" അവൾ പറഞ്ഞവസാനിപ്പിക്കും മുൻപ് ശ്രേയ വിളിച്ചു... "മതി.. മതി... ഇങ്ങനെ നിർത്താതെ സംസാരിച്ചാൽ വാ കഴയ്ക്കില്ലേ... തത്കാലം മതിയാക്ക്...." ശ്രേയ പറഞ്ഞതും അഭി അടക്കി ചിരിച്ചു... "നീയിനിയും പൊയ്ക്കോ... അല്ലി വന്നല്ലോ..." അലക്സി ശ്രേയയോട് പറഞ്ഞു.... " ബസ്സിൻ്റെ സമയം നോക്കി പോവാം... സ്കൂട്ടറിൽ അല്ലല്ലോ വന്നത്...." "അത് ഞാൻ പോകുന്ന വഴിക്ക് ശ്രേയയെ ഡ്രോപ്പ് ചെയ്യാം..." അഭി പറഞ്ഞു.... "അത്.. അത്... വേണ്ട... ബുദ്ധിമുട്ടാവില്ലേ.." "എന്ത് ബുദ്ധിമുട്ട്...? ഒരു ബുദ്ധിമുട്ടും ഇല്ല.." "അത് മതി മോളെ... ഡോക്ടർ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞില്ലേ... നിനക്ക് ബസ്സ് കാത്ത് നിൽക്കുവേം വേണ്ട..." അലക്സി പറഞ്ഞു... "അത് വേണ്ട അച്ചാച്ചാ..." ശ്രേയ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.. ഇതെന്ത് പറ്റി...? സാധാരണ ചാടിക്കയറി വരാമെന്ന് പറയേണ്ടതാണല്ലോ... അഭി ഓർത്തു.... "നീയിങ്ങോട്ട് വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു... മുഖമാകെ മങ്ങിയാണല്ലോ ഇരിക്കുന്നത്... എന്താ എൻ്റെ മോൾക്ക് എന്തെങ്കിലും സങ്കടമുണ്ടോ..? അച്ചാച്ചന് അപകടം പറ്റിയതോർത്താണോ... എനിക്കൊരു കുഴപ്പവും ഇല്ലെടീ...." ശ്രേയയെ ചേർത്ത് പിടിച്ച് അലക്സി പറഞ്ഞു... "ഒന്നുമില്ല അച്ചാച്ചാ...." അത് പറയുമ്പോൾ അവൾ വേദനയോടെ അഭിയെ നോക്കി... "എന്നാൽ നമ്മുക്ക് പോയാലോ..?" അഭി ശ്രേയയോട് ചോദിച്ചതും അവൾ യാന്ത്രികമായി തലയനക്കി.... അവനോട് എതിര് പറയാൻ നാവ് വിസമ്മതിക്കും പോലെയവൾക്ക് തോന്നി................ (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story