സംഗമം: ഭാഗം 19

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"എന്താ താൻ ഒന്നും മിണ്ടാത്തത്...?" മൂകയായി ഇരിക്കുന്ന ശ്രേയയോട് ഡ്രൈവിംഗിനിടയിൽ അഭി ചോദിച്ചു... "ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ..? ഹലോ ശ്രേയാ.... ശ്രേയ പെട്ടെന്ന് ചിന്ത വിട്ടുണർന്ന് അവനെ നോക്കി... "എന്ത് പറ്റി...? എടോ അലക്സിക്ക് ഒരു കുഴപ്പവും ഇല്ല... ഈ വിഷാദ ഭാവം തനിക്ക് തീരെ ചേരുന്നില്ല..." "അല്ലേലും എനിക്കൊന്നും ചേരില്ലല്ലോ....!!" താത്പര്യമില്ലായ്മ അവളുടെ സ്വരത്തിൽ പ്രകടമായിരുന്നു... അവളുടെ മറുപടി കേട്ടതും അഭിയുടെ മുഖം ചുളിഞ്ഞു.... "താനെന്താ ഇങ്ങനെയൊക്കെ പറയുന്നത്...? തൻ്റെ മൂഡ് ആകെ ഓഫ് ആണല്ലോ..." "അത് മമ്മിയോട് പറഞ്ഞിട്ടില്ല അച്ചാച്ചന് അപകടം പറ്റിയത്... അതറിഞ്ഞാൽ മമ്മിയ്ക്ക് സങ്കടമാവും... അതാ ഞാൻ...." "ഓഹ് അതാണോ തൻ്റെ സങ്കടത്തിൻ്റെ കാരണം...?! ഇതിപ്പോൾ തൻ്റെ മമ്മിയോട് പറയാനും മാത്രം അലക്സിക്ക് ഒന്നുമില്ലല്ലോ..." ശ്രേയ പുറത്തേക്ക് മിഴികൾ നട്ടിരുന്നു... ഉള്ളിൻ്റെ ഉള്ളിൽ അല്ലിയോടുള്ള അസൂയ മുള പൊട്ടി... "ഇത് തന്നെയാണോ ശരിക്കും തൻ്റെ പ്രോബ്ലം...? എന്തെങ്കിലും ഒന്ന് സംസാരിക്കെടോ..." "ഡോക്ടർക്ക് എൻ്റെ സംസാരം ഇഷ്ടമല്ലല്ലോ...." അവൾ പരിഭവത്തോടെ പറഞ്ഞു...

ശ്രേയ ഡോക്ടർ എന്ന് തന്നെ സംബോദന ചെയ്തതും അവളുടെ ഉള്ളിൽ രൂപപ്പെട്ട തന്നോടുള്ള അകൽച്ച അഭിക്ക് മനസ്സിലായിരുന്നു... "ഏയ് അങ്ങനെ ആരാ തന്നോട് പറഞ്ഞത്...? തൻ്റെ കാട്ടിക്കൂട്ടലുകൾ ഒക്കെ ശരിക്കും ഞാൻ ആസ്വദിച്ചിരുന്നു..." "അപ്പോൾ ഡോക്ടർക്ക് അതെല്ലാം വെറും കാട്ടിക്കൂട്ടലുകൾ ആയിട്ടാണല്ലേ തോന്നിയത്..." അവൾ അരിശത്തോടെ പറഞ്ഞു... "അയ്യോ... ഞാനങ്ങനെയൊന്നും ഉദ്ദേശിച്ചില്ല... തൻ്റെ ആ പഴയ സ്മാർട്ട്നെസ്സ് ആണ് എനിക്കിഷ്ടം..." "ഓഹ് എന്നിട്ട് പിന്നെ അല്ലിയാണ് സങ്കല്പ്പത്തിലുള്ള പെൺകുട്ടിയെന്ന് പറഞ്ഞതോ...? ഒരാൾ എങ്ങനെയാണോ അവരെ അങ്ങനെ തന്നെ ഉൾക്കൊള്ളുന്നതല്ലേ പ്രണയം...? ഞാൻ എന്നെ മാറ്റിയെടുത്തിട്ട് ഡോക്ടർ ഇഷ്ടപ്പെടുന്നതാണോ പ്രണയം...?" "ശ്രേയാ തനിക്കെന്ത് പറ്റി...?" "ഒന്നുമില്ല ഡോക്ടർ....!! ചില സമയത്ത് മനസ്സ് കൈവിട്ടു പോകും.... ദേ വീടെത്തി... അന്നാ ഞാൻ പോകട്ടെ...." പിൻതിരിഞ്ഞവനെ നോക്കാൻ വെമ്പൽ കൊണ്ട മിഴികളെ അവൾ ശാസിച്ചു... അവൾ ഒരു മാത്രയെങ്കിലും തിരിഞ്ഞ് നോക്കുമെന്ന് പ്രതീക്ഷിച്ച അഭിയിൽ നിരാശ പടർന്നു...

ഈ പെൺകുട്ടികളുടെ മനസ്സ് വായിച്ചെടുക്കാൻ വളരെ പ്രയാസമാണല്ലോ.... ചില നേരത്ത് തോന്നും അവരെ നമ്മൾ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന്.... ചിലപ്പോഴോ അവർ പറയുന്നതും പ്രവർത്തിക്കുന്നതും ഒന്നും മനസ്സിലാവത്തതും ഇല്ല... അഭി അതും ഓർത്ത് തിരികെ നടന്നു... ശ്രേയ വല്ലാത്ത സങ്കടത്തിൽ ബെഡിലേക്ക് കിടന്നു... ഉള്ളിലെ അരിശം മുഴുവൻ അവൾ തലയണയുടെ മേലെ തീർത്തു... ആദ്യമായ് കണ്ടപ്പോൾ തന്നെ എന്തിനാ നിങ്ങളെൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയത്....? അല്ലിയാണ് നിങ്ങളുടെ സങ്കല്പ്പമെന്ന് പറയാതെ അവളാണ് നിങ്ങളുടെ പ്രണയമെന്ന് പറഞ്ഞൂടായിരുന്നോ...? അല്ലിയെ പ്രണയിച്ച നിങ്ങൾക്ക് എന്നെ സ്നേഹിക്കാനും ഉൾക്കൊള്ളാനും സാധിക്കില്ല.... കാരണം ഞാൻ അല്ലിയല്ല.... അവളെ പോലയെ അല്ല... ഞങ്ങൾ തികച്ചും വ്യത്യസ്തരാണ്...!! അവൾ നോവോടെ ഓർത്തു... നിങ്ങൾ എൻ്റെ പ്രാണനായിരുന്നുവെങ്കിൽ എന്ന് മോഹിച്ച് പോകുവാ ഞാൻ.... മരണം കൊണ്ടെങ്കിലും നിങ്ങളിൽ നിന്നും ഒന്ന് വേർപ്പെടുവാൻ വേണ്ടി....!! അത്രയ്ക്ക്... അത്രയ്ക്ക് ആഴത്തിൽ എന്നിൽ വേരുറപ്പിച്ചു നിങ്ങൾ...!! പക്ഷേ അല്ലി നിങ്ങളുടെ പ്രണയമായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് സഹിക്കാനാവുന്നില്ല... ഞാൻ നിങ്ങൾക്ക് യോജിച്ചവൾ അല്ലെന്ന് തോന്നുന്നത് പോലെ...

അല്ലിയുടെ കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രമല്ലേ എന്നോട് അടുപ്പം കാട്ടിയത്...?!! അവൾ ശബ്ദമില്ലാതെ തേങ്ങിക്കൊണ്ട് മിഴികൾ പൂട്ടി തിരിഞ്ഞ് കിടന്നു... 🌸_____💜 അല്ല ഇവൾക്കീ ഛർദ്ദിൽ ഒന്നുമില്ലേ..? ആർത്തിയോടെ പലഹാരങ്ങൾ കഴിക്കുന്ന അല്ലിയെ നോക്കി അലക്സി ഓർത്തു... "ങും എന്ത് പറ്റി...? ഇത് വേണോ...?" പാതി കടിച്ച ജിലേബി കൈകളിൽ ഉയർത്തിക്കൊണ്ടവൾ ചിരിയേടെ അലക്സിയെ നോക്കി... വിടർന്ന അവളുടെ മിഴികളും കുറുമ്പ് നിറയുന്ന കവിൾത്തടങ്ങളും നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന അധരങ്ങളും അവൻ സ്വയം മറന്ന് നോക്കി നിന്നു... "ചോദിച്ചാലും ഞാൻ തരില്ല....!!" മുഖം തിരിച്ചവൾ പറഞ്ഞതും കൊച്ചു കുഞ്ഞിനെപ്പോലെ വാശി പിടിക്കുന്നവളെ കാൺകെ നേർത്ത ഒരു പുഞ്ചിരി വിടർന്നിരുന്നു അവനിലും.... അലക്സി പിന്നിൽ നിന്നുമവളെ എടുത്തുയർത്തി... "ഇച്ചായാ വിട്... എന്താ ഇത്..?!" അവൾ കുതറി മാറാൻ ശ്രമിച്ചു കൊണ്ട് സ്നേഹം നിറഞ്ഞ ശാസനയോടെ പറഞ്ഞു... അലക്സി അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും അല്ലി സ്നേഹത്തോടെ അവൻ്റെ കവിളിൽ തലോടി....

"ഇനീം അലക്സിച്ചായൻ്റെ വീട്ടുകാരുടെയും കൂടെ പിണക്കം മാറിയാൽ എല്ലാം ശരിയാവും അല്ലേ..?" തൻ്റെ ഉദരത്തിൽ മെല്ലെ തലോടുന്നവനെ നോക്കിയവൾ ചെറു ചിരിയോടെ ചോദിച്ചതും അലക്സിയുടെ മുഖം മങ്ങി... "അത് നടക്കില്ല അല്ലീ... എൻ്റെ പപ്പ എന്നെ സ്വീകരിക്കണമെങ്കിൽ നിന്നെ ഞാൻ ഉപേക്ഷിക്കേണ്ടി വരും... എൻ്റെ ചങ്കിൽ ജീവനുള്ളിടത്തോളം എനിക്കതിന് കഴിയില്ല...!!" അത് പറയുമ്പോൾ അവൻ അവളെ ഒന്നും കൂടി തന്നിലേക്ക് ചേർത്തു... അവൻ്റെ മിഴികൾ നിശബ്ദമായി വിതുമ്പും പോലെയവൾക്ക് തോന്നി... അല്ലി ഇമ ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു.... "എന്ത് പറ്റി ഇച്ചായാ...? എന്തിനാ നിങ്ങളിങ്ങനെ സങ്കടപ്പെടുന്നത്...?" "എനിക്ക് പേടിയാണ് അല്ലീ...!! നിന്നെ എന്നിൽ നിന്നും ആരെങ്കിലും വേർപ്പെടുത്തുമോ എന്ന പേടി..." അല്ലി ഭാവഭേദമില്ലാതെ അവനെ സാകൂതം നോക്കി നിന്നു...അലക്സി അവളിൽ നിന്നും അകന്ന് മാറി... "ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ....!!" അവൾ ശാന്തമായി പറഞ്ഞു... "അറിയില്ല... മനസ്സാകെ അസ്വസ്ഥമാണ്...ഒപ്പം ശ്രേയയുടെ മുഖത്തും ഒരു സന്തോഷമില്ലാത്ത പോലെ... അവളുടെ ദു:ഖത്തിൻ്റെ കാരണം എനിക്കുണ്ടായ അപകടമല്ല.. മറ്റെന്തോ ആണ്..." "വേറെന്ത് സങ്കടമുണ്ടാവാൻ...?!" അല്ലി സ്വയം ചോദിച്ചു...

പതിയെ അല്ലിയുടെ ചിന്തകൾ അഭിയിലേക്ക് പോയി... അഭിയേട്ടനെ കണ്ടപ്പോൾ ശ്രേയ ചേച്ചിയിലുണ്ടായ ഞെട്ടൽ അഭിയേട്ടനെ ചേച്ചിക്ക് മുൻകൂട്ടി അറിയാമെന്നതിൻ്റെ തെളിവല്ലേ... അല്ലി ചിന്തിച്ചു... ഇനീം അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ...? അല്ലി സംശയത്തോടെ ചുണ്ടിൽ വിരൽ ചേർത്തു... 🌸_____💜 ദിനങ്ങൾ കൊഴിഞ്ഞു പോയി.... "ഇച്ചായാ ഇച്ചായാ എനിക്കിപ്പോൾ മസാല ദോശ കഴിക്കണം... ഒന്ന് വാങ്ങിയിട്ട് വരുമോ...?" അല്ലി ഒരു പുഞ്ചിരിയോടെ ചോദിച്ചു... "പുറത്ത് നല്ല മഴയാണല്ലോ അല്ലീ..." അവൻ ജനാല വഴി പുറത്തേക്കൊന്ന് പാളി നോക്കിക്കൊണ്ട് പറഞ്ഞു... അലക്സിയുടെ മറുപടി അവളുടെ മുഖത്ത് നിരാശ പടർത്തി... "ശരി ഞാൻ വാങ്ങിയിട്ട് വരാം...." അല്ലിയുടെ മുഖം മങ്ങിയത് കണ്ടതും അവൻ പൊടുന്നനെ പറഞ്ഞു.... അല്ലി അവൻ പോകുന്നതും നോക്കി നിന്നു.... സമയം കടന്ന് പോയി.... സന്ധ്യയുടെ വരവറിയിച്ചു കൊണ്ട് അസ്തമയ സൂര്യൻ വിണ്ണിലാകെ ചുവപ്പ് രാശി പടർത്തി... ഇതെവിടെ പോയി കിടക്കുവാ...? ദാവണി തുമ്പിൽ ഇറുകെ പിടിച്ചു കൊണ്ട് അല്ലി പുറത്തേക്ക് മിഴികൾ നട്ടു.... അവൾ നിരാശയോടെ മുറിയിലേക്ക് വന്ന് നെടുവീർപ്പിട്ടു കൊണ്ട് താടിക്ക് കൈയ്യും കൊടുത്തിരുന്നു... അല്പം കഴിഞ്ഞതും അല്ലി വാതിലിൽ ഒരു കൊട്ട് കേട്ടു....

അവൾ അലക്സിയാകുമെന്ന് കരുതി ഉത്സാഹത്തോടെ എഴുന്നേറ്റു... വാതിൽ തുറന്നതും മുൻപിൽ കണ്ട വരുണിൻ്റെ മുഖം അവളെ വീണ്ടും നിരാശയിലാഴ്ത്തി.... ഉള്ളിലെ നിരാശ പുറത്ത് കാട്ടാതെ അല്ലി ഒരു പുഞ്ചിരിയോടെ അവനെ നോക്കി.... വരുണിൻ്റെ മുഖത്തെ പരിഭ്രമം അവളിൽ സംശയം ജനിപ്പിച്ചു.... "എന്ത് പറ്റി...?" അല്ലി ശാന്തമായി ചോദിച്ചു... "അത്.... അല്ലീ.... അല... അലക്സി..." ഇടറുന്ന സ്വരത്തിൽ അത് പറയുമ്പോൾ ഈറനണിഞ്ഞ മിഴികളെ അവളിൽ നിന്നും ഒളിപ്പിക്കാനവൻ ശ്രമിച്ചു.... "എന്താ... എന്ത് പറ്റി...? ഇച്ചായനെവിടെ..?" അല്ലി പരിഭ്രാന്തിയോടെ ചോദിച്ചു... "എൻ്റെ കൂടെ ഒന്ന് വാ അല്ലീ...." "എവിടേക്കാ...? അല്ല ഇച്ചായെനെവിടെ...? വിളിച്ചിട്ട് എടുക്കുന്നുമില്ലല്ലോ...." "അത് പറയാം... നീ വാ ആദ്യം..." 🌸____💜 വരുണിൻ്റെ പിന്നാലെ ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അല്ലിയുടെ കാലടികൾ ഇടറി... "എൻ്റെ ഇച്ചായനെവിടെ...? എന്തിനാ ഇവിടേക്ക് വന്നത്....? എൻ്റെ ഇച്ചായനെന്തെങ്കിലും പറ്റിയോ...?" നിർത്താതെ ചോദ്യങ്ങൾ ചോദിക്കുന്നവളെ നോക്കി വരുൺ വേദനയോടെ മൗനം പാലിച്ചു... ഐ സി യുവിന് മുൻപിൽ നിൽക്കുന്ന മെറിനെയും ജിയയെയും അമിത്തിനെയും ഗോകുലിനെയും ഒക്കെ കണ്ടതും അല്ലി വെപ്രാളത്തോടെ അവരുടെ ചാരേക്കോടി....

"എന്താ എന്ത് പറ്റി...? ചേച്ചിമാരേ ആരെങ്കിലും എന്തെങ്കിലും ഒന്ന് പറ എന്നോട്...." പറഞ്ഞവസാനിപ്പിച്ചതും അവൾ വിതുമ്പി.... വേദനയോടെ തന്നെ നോക്കി നിൽക്കുന്നവരെ കാൺകെ അവളുടെ മിഴികൾ ഐ സി യുവിന് ഉള്ളിലേക്ക് നീണ്ടു.... ഉള്ളിൽ കണ്ട കാഴ്ച തൻ്റെ പ്രാണനെ തന്നിൽ നിന്നും അടർത്തിയെടുത്തത് പോലെയവൾക്ക് തോന്നി.... ജീവിക്കുമോ മരിക്കുമോ എന്നറിയാതെ അബോധാവസ്ഥയിലാണ്ട അലക്സി... തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് വ്യക്തം... മരണത്തോട് മല്ലിടുന്ന തൻ്റെ പാതിയെ കാൺകെ അവളുടെ മിഴികൾ ഇടതലവില്ലാതെ ഒഴുകി.... "ഇച്ചായാ....!!!!" അവൾ പരിസരം മറന്ന് സമനില തെറ്റിയവളെ പോലെ അലറി.... "അല്ലീ..." മെറിൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇറുകെ പിടിച്ചു... "എന്താ.... എന്താ... എൻ്റെ ഇച്ചായന് പറ്റിയത്...?" അവൾ അലറിക്കൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു... "ആക്സിഡൻ്റ് ആയിരുന്നു..." പറയുമ്പോൾ മെറിൻ്റെ സ്വരം ഇടറി... യാഥാർത്ഥ്യമുൾക്കൊള്ളാനാവാതെ അല്ലി നിലത്തേക്കൂർന്നിരുന്നു... അവൾ ആകെ തകർന്ന് പോയി... "ഞാൻ... ഞാൻ പറഞ്ഞിട്ടാ എൻ്റെ ഇച്ചായനിപ്പോൾ പുറത്തേക്ക് പോയത്... ഞാനാ.... ഞാനാ കാരണം.." അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പിക്കൊണ്ടിരുന്നു.... അവളുടെ അവസ്ഥ കണ്ടതും മെറിനും ജിയയും അവളെ ചേർത്തണച്ചു....

"എനിക്കെൻ്റെ ഇച്ചായനെ വേണം...." അല്ലി കരച്ചിലിനിടയിൽ തളർന്ന സ്വരത്തിൽ ഉരുവിട്ടു... "അലക്സിയെ രക്ഷിക്കാം അല്ലീ... പക്ഷേ... പക്ഷേ...." പറഞ്ഞു തുടങ്ങിയത് ജിയ പാതി വഴിയിൽ നിർത്തി... "എന്താ... എന്താ എൻ്റെ ഇച്ചായനെ രക്ഷിക്കാൻ ചെയ്യേണ്ടത്....?" "അത് അലക്സിക്കൊരു സർജറി വേണം... പക്ഷേ അതിന് അഞ്ച് ലക്ഷം രൂപ അടയ്ക്കണ്ടി വരും ഇന്ന് തന്നെ... അത്രയും പണം ഈ ചുരുങ്ങിയ സമയത്തിൽ എങ്ങനെ ഉണ്ടാക്കുമെന്ന് ഒരു പിടിയും ഇല്ല..." വരുൺ നിസ്സഹായതയോടെ പറഞ്ഞു... "ശ്രേയയാണെങ്കിൽ രണ്ട് ദിവസം മുൻപ് ഹോസ്റ്റലിലേക്ക് പോയി... അവളെ വിളിച്ചിട്ട് ഔട്ട് ഓഫ് കവറേജ് എന്നാ കാണിക്കുന്നത്.... ഞങ്ങൾ പറ്റുന്ന പോലെ ശ്രമിച്ചാലും നാളെയ്ക്കുള്ളിൽ ഇത്രയും പണം ഉണ്ടാക്കാൻ പറ്റുമോന്ന് സംശയമാണല്ലീ..." മെറിൻ സങ്കടത്തോടെ പറഞ്ഞു.... അല്ലി വ്യഥയോടെ ഭിത്തിയിലേക്ക് ചാരി.... അവളുടെ മനസ്സിലേക്ക് അഭിയുടെ മുഖം തെളിഞ്ഞു വന്നു... പക്ഷേ അവൻ മുംബൈക്ക് പോയതവൾ ഓർത്തു... ഫോൺ വിളിച്ചു നോക്കിയെങ്കിലും കാൾ പോയതല്ലാതെ അഭി അറ്റൻ്റ് ചെയ്തില്ല... ഇനീം എന്ത് ചെയ്യും.. ഭഗവാനേ എന്തിനാ ഈ പരീക്ഷണം...? എൻ്റെ ഇച്ചായനൊന്നും വരുത്തല്ലേ... അവൾ അലമുറയിട്ടു.... പ്രത്യാശയറ്റ പോലെ അവൾ തളർന്നിരുന്നു..

അവസാന പ്രതീക്ഷയെന്ന പോലെ ഒരു മുഖം അവളുടെ ഉള്ളിലേക്ക് തെളിഞ്ഞു... "പണം ഞാൻ കൊണ്ട് വരാം..." അല്ലി മിഴിനീർ തുടച്ച് ഉറച്ച സ്വരത്തിൽ പറഞ്ഞു.... "എങ്ങനെ...?" വരുണും ജിയയും അവളെ സംശയത്തോടെ നോക്കി... "ഒരാളുണ്ട്.. അദ്ദേഹത്തോട് ചോദിക്കാം... അദ്ദേഹം സഹായിക്കാതിരിക്കില്ല..." "ആരെ പറ്റിയാ നീ പറയുന്നത്...?" "ഡേവിഡ് കുര്യൻ...." അവൾ നിറമിഴികളോടെ പറഞ്ഞതും വരുണും ജിയയും മെറിനും അമിത്തും ഗോകുലുമെല്ലാം അല്ലിയെ ഞെട്ടലോടെ നോക്കി.... "എന്താ അല്ലീ നീ ഈ പറയുന്നത്..? അലക്സിയുടെ പപ്പ നമ്മളെ സഹായിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?" മെറിൻ ചോദിച്ചു.... "എന്ത് കൊണ്ട് സഹായിക്കില്ല...? സ്വന്തം മകനല്ലേ...ഈ അവസ്ഥയിൽ കിടക്കുന്ന തൻ്റെ രക്തത്തോട് അദ്ദേഹത്തിന് വാശിയുണ്ടാകുമോ...? അദ്ദേഹത്തിൻ്റെ കാല് പിടിച്ചിട്ടാണെങ്കിലും ഞാൻ പണം കൊണ്ട് വരാം... എനിക്കെൻ്റെ ഇച്ചായനെ വേണം..." അവൾ മുഖം പൊത്തി കരഞ്ഞു... അല്ലിയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ അവർ നോക്കി നിന്നു... "അല്ലീ..!!" വരുൺ പതിയെ അവളുടെ ചുമലിലേക്ക് കരം ചേർത്തു... "നീ വിഷമിക്കണ്ട... നമ്മുക്ക് അലക്സിയുടെ വീട്ടിലേക്ക് പോകാം...." 🌸____💜 രാവിന് കാഠിന്യമേറിയപ്പോൾ അല്ലിയുടെ മനസ്സും ശരീരവും അതോടൊപ്പം തളർന്നു കൊണ്ടിരുന്നു... വരുണിനൊപ്പം അവൾ അലക്സിയുടെ വീടിൻ്റെ ഗേറ്റ് കടന്നു... ഡേവിഡിൻ്റെ പ്രതികരണമെന്താകുമെന്നോർത്ത് അല്ലി ഭയത്തോടെ ഇടയ്ക്കിടെ വരുണിനെ നോക്കി... അവൾ വിറയാർന്ന വിരലുകൾ മെല്ലെ കാളിംഗ് ബെല്ലിൽ അമർത്തി................ (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story