സംഗമം: ഭാഗം 2

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അപരിചിതനായ ഒരു പുരുഷൻ്റെ ഒപ്പം ഒരേ മുറിയിൽ....?! അല്ലിക്ക് ഓർക്കും തോറും തല കറങ്ങുന്ന പോലെ തോന്നി.... "പുറത്തെങ്ങും ആരും ഇല്ലേ...?" അലക്സി ദേഷ്യത്തിൽ വാതിലിൽ ചവിട്ടി... "അത്... ഡോറ്... ഡോറ് തുറക്ക്..." അല്ലി വിറയലോടെ പറഞ്ഞു... അത് കേട്ടതും അലക്സി രൂക്ഷമായി അവളെ നോക്കി.... "ദേ മിണ്ടാതെ നിന്നോണം...!! തുറക്കാൻ പറഞ്ഞാൽ തുറക്കാൻ ഇതിൻ്റെ താക്കോല് എൻ്റെ കൈയ്യിൽ ആണോടീ..? ഇപ്പം നിൻ്റെ വായിൽ നാക്കുണ്ടല്ലോ... നേരത്തെ എന്താ പിണ്ണാക്കായിരുന്നോ...? വാ തുറന്ന് പറഞ്ഞാൽ പോരായിരുന്നോ ഒരു പ്രശ്നവും ഇല്ലെന്ന്... നീ മിണ്ടാതെ നിന്നോണ്ടല്ലേ അങ്ങേര് ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്..?" അലക്സി ദേഷ്യത്തിൽ പറഞ്ഞതും അല്ലിയുടെ ഉണ്ടക്കണ്ണുകൾ നിറഞ്ഞ് തുളുമ്പി വന്നു... "ദേ ഇവിടെ നിന്നിനീം മോങ്ങല്ലേ....!! എനിക്കീ മോങ്ങുന്ന പെൺ പിള്ളേരെ കാണുമ്പോഴേ ചൊറിഞ്ഞ് വരും..." അവൻ ദേഷ്യത്തിൽ പറഞ്ഞതും അല്ലി പ്രയാസപ്പെട്ട് വിതുമ്പലടക്കി... 🌸_______💜 "അല്ല അലക്സി എവിടെടാ...?" വരുൺ ഗോകുലിനോട് ചോദിച്ചു... "

കോളേജ് പൂട്ടി എല്ലാവരും പോയിട്ടും അവനെ കാണുന്നില്ലല്ലോ..." അമിത്ത് മറുപടി പറഞ്ഞു... "എടാ എനിക്ക് തോന്നുന്നത് കുറേ എണ്ണത്തിനെ പോലീസ് വന്ന് ജീപ്പിൽ കയറ്റിക്കോണ്ട് പോയില്ലേ...? അക്കൂട്ടത്തിൽ അലക്സിയെയും പിടിച്ചോണ്ട് പോയിട്ടുണ്ടാകുമോ...?" വരുൺ വെപ്രാളത്തിൽ പറഞ്ഞു... "ആവും... അവനെ പോലീസ് കൊണ്ട് പോയിട്ടുണ്ടാവും..." "നമ്മുക്കൊന്ന് പോലീസ് സ്റ്റേഷൻ വരെ പോയി നോക്കിയാലോ...?" ഗോകുൽ പറഞ്ഞതും എല്ലാവരും സ്റ്റേഷനിലേക്ക് പുറപ്പെട്ടു... 🌸______💜 ഈശ്വരാ അല്ലി ഇതെവിടെ പോയി...?! പ്രശ്നത്തിനിടയിൽ ഇനീം അവൾ തനിച്ച് വീട്ടിലേക്ക് പോയിക്കാണുമോ..? അവളെ നാല് പാടും അന്വേഷിച്ചു കൊണ്ട് ആരതി ഓർത്തു... വിളിച്ചു നോക്കിയിട്ട് കിട്ടുന്നും ഇല്ലല്ലോ..കോളേജ് പൂട്ടിയതു കൊണ്ട് അവൾ അകത്തുണ്ടാവാൻ സാധ്യതയില്ല... വീട്ടിലേക്ക് പോയിട്ടുണ്ടാവും... ആരതി ധൃതിയിൽ വീട്ടിലേക്ക് പുറപ്പെട്ടു... വീട്ടിൽ എത്തിയതും അവൾ അല്ലി വന്നോ എന്നറിയാൻ അല്ലിയുടെ വീട്ടിലേക്ക് ചെന്നു... "ആ ആരു... വാ എങ്ങനെയുണ്ടായിരുന്നു എക്സിബിഷൻ ഒക്കെ...?

അല്ല അല്ലി എവിടെ...?" അർച്ചന അവളെ കണ്ടതും ചിരിയോടെ ചോദിച്ചു... ങേ... അല്ലി അപ്പോൾ ഇവിടെ എത്തിയില്ലേ...? ആരതി ഞെട്ടലോടെ ഓർത്തു... ഈശ്വരാ ഇനീം ബഹളത്തിനിടയിൽ അവൾ അഭിയേട്ടനെ വിളിച്ചു കാണുമോ..? അഭിയേട്ടൻ യാത്ര വേണ്ടെന്ന് വെച്ച് തിരികെ വന്ന് അല്ലിയെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാവും... അതാവും സംഭവിച്ചിട്ടുണ്ടാവുക... ആരതി ചിന്തിച്ചു... "അല്ലി അഭിയേട്ടൻ്റെ ഒപ്പം ആണ് അച്ചുവേട്ടത്തീ..." ആരതി ചിരിയോടെ പറഞ്ഞതും രാധികയും അങ്ങോട്ടേക്ക് വന്നു... "ങേ...? അഭിയുടെ ഒപ്പമോ..?" രാധിക ഞെട്ടലോടെ ചോദിച്ചു... "ആഹ്... അതെ...എന്നാൽ ഞാൻ ചെല്ലട്ടെ...." ആരതി അതും പറഞ്ഞ് നടന്നകലുന്നത് അർച്ചനയും രാധികയും വെപ്രാളത്തോടെ നോക്കി നിന്നു... "ഈശ്വരാ അച്ഛനും പ്രണവേട്ടനും വരുമ്പോൾ എങ്ങനെയാ നേരമിത്രയും ആയിട്ടും അല്ലി തിരിച്ചു വന്നിട്ടില്ലെന്ന് പറയുന്നത്...?" രാധിക പരിഭ്രമത്തോടെ ചോദിച്ചു.. "അച്ഛനും പ്രണവും ഇനീം വരുമ്പോഴത്തേക്കും നേരം ഇരുട്ടില്ലേ...? അപ്പോഴേക്കും അഭി അല്ലിയെ കൊണ്ട് വിടുമായിരിക്കും... അഥവാ അപ്പോഴും വന്നിട്ടില്ലെങ്കിൽ അല്ലിക്ക് തലവേദനയാണെന്നും കിടക്കുവാണെന്നും പറഞ്ഞ് ഒഴിയാം... ഇത്രേം നേരവും അഭിയുടെ ഒപ്പം ആണെന്നെങ്ങാനും അറിഞ്ഞാൽ...?

അച്ഛൻ്റെ സ്വഭാവം അറിയാമല്ലോ... എങ്ങനെ പ്രതികരിക്കും എന്നറിയില്ല... അവർക്ക് രണ്ട് പേർക്കും വഴക്ക് കിട്ടും.." അർച്ചന പറഞ്ഞതും രാധികയ്ക്കും അത് ശരിയാണെന്ന് തോന്നി... 🌸______💜 "എന്നാലും സ്റ്റേഷനിൽ പോയിട്ട് ആരേയും കാണാൻ സമ്മതിക്കാഞ്ഞത് കഷ്ടമായി പോയി... പാവം നമ്മുടെ അലക്സി.. പെട്ട് പോയില്ലേ.." വരുൺ സങ്കടത്തോടെ പറഞ്ഞു... "ഇനീം നമ്മൾ എന്ത് ചെയ്യും..? അലക്സിയുടെ പപ്പയുടെ സ്വഭാവം അറിയാമല്ലോ... ഇതെങ്ങാനും അറിഞ്ഞാൽ അങ്ങേര് അവനെ മിക്കവാറും വീട്ടീന്ന് അടിച്ചിറക്കും..." അമിത്ത് പറഞ്ഞു.. "ഇനീം എന്തോന്ന് ചെയ്യാൻ..? നീ പോയി എവിടുന്നേലും ഒരു കുപ്പി സംഘടിപ്പിക്ക്... നമ്മുക്ക് നൈസായി രണ്ടെണ്ണം അടിച്ചിട്ട് കിടന്നുറങ്ങാം..." "എടാ നമ്മുടെ അലക്സി അവിടെ കൊതുക് കടിയും കൊണ്ട് ലോക്കപ്പിൽ കിടക്കുമ്പോഴാണോ നമ്മൾ ഇവിടെ ഇരുന്ന് രണ്ടെണ്ണം അടിക്കാമെന്ന് നീ പറയുന്നത്...?" "ഓ പിന്നിനീം വേറെന്ത് ചെയ്യാനാ...?! നമ്മൾ അടിച്ചാലും ഇല്ലെങ്കിലും അവർ അവനെ പുറത്ത് വിടുമ്പോഴേ അവന് ഇറങ്ങാൻ പറ്റുള്ളൂ..." "ങും അതും പോയിൻ്റാണ്...!!" വരുൺ പറഞ്ഞതും ഗോകുലും അത് ശരി വെച്ചു... 🌸_______💜

"ഈശ്വരാ നേരം ഇരുട്ടി തുടങ്ങിയിട്ടും അഭി അല്ലിയെ കൊണ്ട് വിടാത്തതെന്താ..?" വാതിൽ പടിയിൽ നിന്നു കൊണ്ട് പുറത്തേക്ക് മിഴികൾ നട്ട് അർച്ചന വ്യാകുലതയോടെ പറഞ്ഞു... "ഏട്ടത്തി അഭിയെ ഒന്ന് വിളിക്ക്... പ്രണവേട്ടൻ വരുമ്പോൾ ആദ്യം അന്വേഷിക്കുന്നത് അല്ലിയെ ആവും..." രാധിക പരിഭ്രമത്തോടെ പറഞ്ഞതും അർച്ചന അഭിയെ കാൾ ചെയ്തു.. അല്പം കഴിഞ്ഞതും അർച്ചന നിരാശയോടെ ഫോൺ താഴ്ത്തി വെച്ചു.. "എന്ത് പറ്റി ഏട്ടത്തീ..?" "കാൾ പോകുന്നുണ്ട്... പക്ഷേ അറ്റൻ്റ് ചെയ്യുന്നില്ല... അഭി എന്തേലും തിരക്കിൽ ആവും..." "എന്നാലും വിവാഹത്തിന് മുൻപ് അവൾ അഭിയുടെ കൂടെ പോയെന്നറിഞ്ഞാൽ ഇവിടെ ഒരു ഭൂകമ്പം ഉണ്ടാവും.. അല്ലിക്കെങ്കിലും ഒന്ന് പക്വതയോടെ പെരുമാറാമായിരുന്നു... അഭി കൂടെ വരാൻ നിർബന്ധിച്ചാൽ പോലും അവൾക്ക് എന്തേലും പറഞ്ഞ് ഒഴിഞ്ഞ് മാറാമായിരുന്നില്ലേ...?" "നീ ഇങ്ങനെ വെപ്രാളപ്പെടാതെ... അവരെ രണ്ട് പേരേയും നമ്മുക്ക് അറിയാവുന്നതല്ലേ...? ഇപ്പോൾ ഇങ്ങ് വരുമായിരിക്കും..." അർച്ചന രാധികയെ സമാധാനിപ്പിച്ചു.. "അല്ല അല്ലി മോൾ വന്നില്ലേ ഇതുവരെ..?"

ഇരുവരോടും അല്ലിയുടെ മുത്തശ്ശിയായ ശാരദ ചോദിച്ചു... "അത് അല്ലി..." എന്ത് പറയണമെന്നറിയാതെ രാധിക കുഴഞ്ഞു... "അല്ലി വന്നു മുത്തശ്ശീ... തലവേദനയാ അവൾക്ക്... ദൂരെയാത്ര കഴിഞ്ഞ് വന്നതല്ലേ...ക്ഷീണം കാണും.. കിടക്കുവാ.. അതാ ഇവിടോട്ട് കാണാത്തത്..." തത്കാലം രക്ഷപെടാനായി അർച്ചന പറഞ്ഞു... "ഓ അത് ശരി... അവൾ വന്നോ..? എങ്കിൽ കുഴപ്പമില്ല... കിടന്നോട്ടെ... അവളെ ശല്ല്യം ചെയ്യണ്ട.. ദൂരെയെങ്ങും പോയി ശീലമില്ലാത്തതല്ലേ... അതാവും തലവേദന എടുത്തത്... അവൾക്ക് കുറച്ച് കട്ടൻ കാപ്പി ഇട്ട് കൊടുക്ക്..." "ആഹ് ഞങ്ങൾ കൊടുത്തോളാം മുത്തശ്ശീ... മുത്തശ്ശി വെപ്രാളപ്പെടണ്ട..." ഉള്ളിലെ ആന്തൽ പുറത്ത് കാട്ടാതെ അർച്ചന സൗമ്യമായി പറഞ്ഞു... 🌸______💜 ഡോക്ടേഴ്സിനുള്ള കോൺഫറൻസ് കഴിഞ്ഞ് അഭി റൂമിൽ എത്തിയപ്പോഴേക്കും സമയം രാത്രി ആയിരുന്നു... അവൻ ഫ്രഷായി വന്നതും ഇന്നത്തെ കാര്യങ്ങൾ എന്തായെന്നറിയാൻ അല്ലിയെ വിളിച്ച് നോക്കി... പക്ഷേ കാൾ പോയതല്ലാതെ അറ്റൻ്റ് ചെയ്യാത്തത് കൊണ്ടവൻ ആരതിയെ വിളിച്ചു... "ആഹ്... ഹലോ അഭിയേട്ടാ പറ..."

"ആരതീ വീട്ടിൽ എത്തിയല്ലോ അല്ലേ..? കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ..." "വീട്ടിൽ എത്തി അഭിയേട്ടാ.. കുഴപ്പം ഒന്നും ഇല്ല..." "ങും ശരി..." അഭി പറഞ്ഞതും ആരതി കാൾ കട്ട് ചെയ്തു.. ഇന്നത്തെ അടിയുടെ കാര്യം അല്ലി പറഞ്ഞറിഞ്ഞിട്ട് പ്രശ്നം വല്ലോം ഉണ്ടോന്നറിയാനും ഞാൻ സുരക്ഷിതയായി വീട്ടിൽ എത്തിയോന്ന് അറിയാനും ആവും അഭിയേട്ടൻ വിളിച്ചത്... ആരതി ഓർത്തു... ഉം... പ്രശ്നമൊന്നുമില്ലാതെ അല്ലിയും ആരതിയും തിരിച്ചെത്തിയല്ലോ... അത്രേം സമാധാനം... അല്ല അല്ലിയെ വിളിച്ചിട്ടെന്താ എടുക്കാത്തത്...? ഒരു കാര്യം ചെയ്യാം മുത്തശ്ശിയെ ഒന്ന് വിളിച്ച് നോക്കാം... അഭി ചിന്തിച്ചു... "ആ അഭി മോനെ... പറ..." കാൾ എടുത്തു കൊണ്ട് മുത്തശ്ശി പറഞ്ഞു... "അല്ല മുത്തശ്ശീ... അല്ലി എവിടെ..? വിളിച്ചിട്ട് എടുത്തില്ലല്ലോ..?" അഭി വെപ്രാളത്തിൽ ചോദിച്ചു... "ഓ മോനേ അവൾക്ക് തലവേദനയാ... ദൂരെയെങ്ങും പോയി ശീലമില്ലാത്തതല്ലേ എൻ്റെ കുട്ടിക്ക്... അതിൻ്റെ ആവും... കിടക്കുവാ... അതാവും നീ വിളിച്ചിട്ട് എടുക്കാത്തത്... അല്ലാതെ നിൻ്റെ ഫോൺ കണ്ടാൽ അവൾ എടുക്കാതെ ഇരിക്കുമോ..?" മുത്തശ്ശി ചിരിയോടെ ചോദിച്ചു...

"ഓ ശരി എൻ്റെ മുത്തശ്ശീ... കിടക്കുവാണെങ്കിൽ അവളെ ശല്ല്യം ചെയ്യാൻ നിൽക്കണ്ട.. ഞാൻ ഇനീം നാളെ രാവിലെ അല്ലിയെ വിളിച്ചോളാം..." അഭി അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു... ങേ..? ഇതെന്താ അർച്ചനയുടെ മിസ്സിഡ് കാൾ കുറേ ഉണ്ടല്ലോ... ഫോൺ നോക്കിക്കൊണ്ട് അഭി ഓർത്തു.. അവൻ അങ്ങോട്ടേക്ക് തിരിച്ച് വിളിച്ചു.. "ആഹ് അഭീ ഞാൻ കുറേ വിളിച്ചു... എന്താ എടുക്കാഞ്ഞത്..?" കോൾ അറ്റൻ്റ് ചെയ്തു കൊണ്ട് അർച്ചന ചോദിച്ചു... "ഞാൻ അല്പം തിരക്കിൽ ആയി പോയി.. എന്താ അർച്ചനാ കാര്യം..?" "അന്നാലും അഭി ഈ കാണിച്ചത് ശരിയായില്ല.. പോയ കാര്യം ഒന്ന് ഇവിടെ വിളിച്ച് അറിയിക്കാമായിരുന്നു... ഞങ്ങളെ വെറുതെ തീ തീറ്റിക്കെണ്ടായിരുന്നു..." ങേ..? ഇനീം ഞാൻ ഹൈദരാബാദിൽ പോയ കാര്യം അറിയിക്കാഞ്ഞത് ആവുമോ അർച്ചന ചോദിച്ചത്...? അല്ലി പറഞ്ഞ് ആ കാര്യം അറിഞ്ഞതായിരിക്കും... അഭി ഓർത്തു.. "അയ്യോ ഒന്നും തോന്നല്ലേ അർച്ചനേ... പെട്ടെന്ന് തീരമാനിച്ച യാത്ര ആയിരുന്നു.. അതാ ആരേയും അറിയിക്കാഞ്ഞത്.." അഭി സൗമ്യമായി പറഞ്ഞു... "എത്ര പെട്ടെന്ന് തീരുമാനിച്ചതായാലും ഇത് ശരിയായില്ല... ഇപ്പം തന്നെ ഇരുട്ടി തുടങ്ങി.. വേഗം വാ..." "അയ്യോ ഇന്ന് വരാൻ പറ്റില്ല... മിക്കവാറും നാളെ ഉച്ചയെങ്കിലും കഴിയും എത്താൻ..." "അയ്യോ എന്താ അഭീ ഈ പറയുന്നത്..? നാളെയോ..?

അത് വരെ അച്ഛനോടും പ്രണവിനോടും എന്ത് സമാധാനം പറയും...? അവർ തിരക്കില്ലേ..? കുറച്ച് മുൻപ് മുത്തശ്ശിയും തിരക്കി..." അർച്ചന വെപ്രാളത്തിൽ പറഞ്ഞു... "ആഹ് മുത്തശ്ശിയെ ഞാൻ വിളിച്ചിരുന്നു... കുഴപ്പമൊന്നുമില്ല... പിന്നെ എന്തിനാ ഇങ്ങനെ ടെൻഷനാവുന്നത് അർച്ചനേ... ഞാൻ പറഞ്ഞില്ലേ പെട്ടെന്ന് തീരുമാനിച്ച യാത്ര ആയിരുന്നെന്ന്.. അമ്മാവനോടും പ്രണവിനോടും ഒക്കെ എന്തിനാ ഇതൊക്കെ വിശദീകരിക്കാൻ നിൽക്കുന്നത്..?" "അന്നാലും അഭീ... അവർ ചോദിച്ചാൽ..?" "ചോദിച്ചാൽ അർച്ചന എന്തേലും ഒഴിവ് പറഞ്ഞേക്ക്... അപ്പോൾ ശരി... ഇത്തിരി തിരക്കുണ്ട്..." അഭി അതും പറഞ്ഞ് കാൾ കട്ട് ചെയ്തു.. ഈശ്വരാ അഭിക്ക് ഇപ്പോഴും കാര്യത്തിൻ്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു... അവൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ഒക്കെ തന്നെ... എന്നാലും ഇന്ന് കൊണ്ട് പോയിട്ട് നാളെ കൊണ്ട് വരാം എന്നൊക്കെ പറഞ്ഞാൽ... അർച്ചന പരിഭ്രമത്തോടെ ഓർത്തു... 🌸______💜 "അല്ല അല്ലി എവിടെ...?" രാത്രിയിലേക്കുള്ള ഭക്ഷണം കഴിക്കാൻ ഇരുന്നതും ദേവരാജൻ എല്ലാവരോടും കൂടെ ചോദിച്ചു... "അല്ലിക്ക് തലവേദനയാ... അവള് കിടക്കുവാ..." രാധിക പറഞ്ഞു.. "ഞാനപ്പോഴേ പറഞ്ഞതാ കൊച്ചിനെ ദൂരേക്കൊന്നും വിടെണ്ടാന്ന്... അതു കൊണ്ടല്ലേ ഇപ്പോൾ വയ്യാതായത്..?"

ദേവരാജൻ അമർഷത്തോടെ പറഞ്ഞു.. "ആ അഭിയുടെ ഒറ്റ നിർബന്ധം.. അത് കാരണമാ വിട്ടത്... നാളെ അവനെ ഒന്ന് കാണട്ടെ... ഞാൻ പറഞ്ഞോളാം..." പ്രണവ് ദേഷ്യത്തിൽ പറഞ്ഞതും വെപ്രാളത്തോടെ അർച്ചനയും രാധികയും പരസ്പരം നോക്കി.... ഇപ്പോൾ തന്നെ ഇങ്ങനെ... ഇനീം അവൾ അഭിയുടെ ഒപ്പം ആണെന്നെങ്ങാനും അറിഞ്ഞാൽ...? രാധിക പേടിയോടെ ഓർത്തു... 🌸_______💜 പുറത്താകെ ഇരുട്ട് പടർന്നു.. അല്ലി നിറമിഴികളോടെ ക്യാബിനിൻ്റെ ഒരു മൂലയ്ക്ക് കാൽമുട്ടിൽ മുഖം ചേർത്ത് ഇരിപ്പുണ്ട്... ഇടയ്ക്കിടെ അവളുടെ തേങ്ങലുകൾ ഉയർന്ന് കേൾക്കാം... "നാശം...!! നിന്നെ കണ്ട് മുട്ടിയ നിമിഷം തന്നെ എൻ്റെ കഷ്ടകാലം തുടങ്ങി... എന്ത് ദ്രോഹമാടീ ഞാൻ നിന്നോട് ചെയ്തത്...?" അലക്സി ദേഷ്യത്തിൽ വാതിലിൽ ആഞ്ഞ് ചവിട്ടിക്കൊണ്ട് പറഞ്ഞതും അല്ലിയുടെ തേങ്ങൽ ഒന്നും കൂടെ ഉയർന്നു... "ദേ മോങ്ങരുതെന്ന് ഞാൻ ആദ്യമേ പറഞ്ഞു.. എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഇനീം കിടന്ന് മോങ്ങല്ലേ..." "എനി... എനിക്ക് വീട്ടിൽ പോണം.." അല്ലി വിറയാർന്ന സ്വരത്തിൽ പറഞ്ഞു.. "ആഹ്... കൊള്ളാം...!!

ഇവിടുന്ന് പുറത്തിറങ്ങാൻ പറ്റുമായിരുന്നെങ്കിൽ നിൻ്റെ തിരുമോന്തയും കണ്ടോണ്ട് ഞാനിവിടെ ഇരിക്കില്ലായിരുന്നല്ലോ... ഈ വാതിൽ തുറക്കാൻ പറ്റിയിരുന്നെങ്കിൽ നിന്നേക്കാൾ മുൻപേ ഞാനിറങ്ങി പോയേനേം..." അലക്സി ദേഷ്യത്തിൽ പറഞ്ഞു... "നിൻ്റെ കൈയ്യിൽ ഫോൺ ഉണ്ടോടീ..??" "ഇ.. ഇല്ല" "പിന്നെ എന്തോ കൊണ്ടാടീ നീ ഇങ്ങോട്ട് കെട്ടിയെടുത്തത്..?" "നിങ്ങടെ കൈയ്യിലും ഇല്ലല്ലോ..." അല്ലി വിറയലോടെ പറഞ്ഞതും അലക്സി മുഖം തിരിച്ചു... അവൻ ദേഷ്യത്തിൽ പ്രിൻസിപ്പലിൻ്റെ ടേബിളിൽ ഇരുന്ന ഗ്ലോബ് എറിഞ്ഞ് പൊട്ടിച്ചതും അല്ലി ഒന്നും കൂടെ പേടിയോടെ ചുരുണ്ടു കൂടി ഇരുന്നു... "കഷ്ടകാലം... അല്ലാതെന്താ..? ചിലരെ കാണുമ്പോൾ തന്നെ അറിയാം അവർ ജീവിതത്തിലെ ശനിയാണെന്ന്... എൻ്റെ ജീവിതത്തിൽ അത് നിൻ്റെ രൂപത്തിൽ വന്നു..." "അപ്പോൾ എൻ്റെ ജീവിതത്തിൽ അത് നിങ്ങടെ രൂപത്തിൽ ആണോ..?" അല്ലി സങ്കടത്തോടെ ചോദിച്ചു.. "ഓഹോ അപ്പോൾ ഞാൻ നിൻ്റെ ജീവിതത്തിലെ ശനിയാണെന്നാണോടീ നീ പറഞ്ഞത്..?" അല്ലി ഈറൻ മിഴികളോടെ നോക്കി...

"എന്തിനാടീ നീ ഈ ഉണ്ടക്കണ്ണും മിഴിച്ചിങ്ങനെ നോക്കി പേടിപ്പിക്കുന്നത്..?" "അപ്പോൾ നിങ്ങൾ പേടിച്ചോ..?" അവൾ നിഷ്കളങ്കമായി ചോദിച്ചു... "പിന്നേ... നിന്നെ കണ്ട് ഞാൻ പേടിക്കാൻ പോവല്ലേ.." അവൻ പുച്ഛത്തിൽ പറഞ്ഞതും ശക്തമായ ഒരു ഇടി വെട്ടി.. അല്ലി വിറച്ചു കൊണ്ട് ഒന്നും കൂടി കാൽമുട്ടിൽ ഇറുകെ പിടിച്ചു.. "പ... പക്ഷേ എനിക്ക് പേടിയാവുന്നു..." "എന്തോത്തിന്..? ഇവിടെ ഭൂതോം പ്രേതോം ഒന്നുമില്ല..." അലക്സി മുഷിച്ചിലോടെ പറഞ്ഞു... "ഭൂതത്തിനെയും പ്രേതത്തിനെയും ഒന്നും അല്ല എനിക്ക് നിങ്ങളെയാ പേടി...." "എന്നെയോ..? എന്തിന്...?" അവൻ ഗൗരവത്തിൽ ചോദിച്ചു... "നിങ്ങളെ കണ്ടിട്ട് ഒരു ഗുണ്ടയെ പോലെ ഉണ്ട്... അച്ഛൻ പറഞ്ഞിട്ടുണ്ട് അപരിചിതരായ ആണുങ്ങളെ ഒന്നും വിശ്വസിക്കരുതെന്ന്.. അവരൊക്കെ റേപ്പിസ്റ്റുകളാണെന്ന്..." അല്ലി പറഞ്ഞതും അലക്സിക്ക് കോപം ഇരച്ചു കയറി....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story