സംഗമം: ഭാഗം 20

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

വാതിൽ തുറന്നതും തൻ്റെ മുൻപിൽ നിൽക്കുന്നവളെ ഡേവിഡ് കുര്യൻ മുഖം ചുളിച്ച് നോക്കി.... നന്നേ ക്ഷീണിച്ചിരിക്കുന്നു അവൾ...!! നേരെ നിൽക്കുന്നത് തന്നെ വളരെ പ്രയാസപ്പെട്ടാണെന്ന് വ്യക്തം.... ഉള്ളിലെ അവശത മുഖത്ത് നിന്നും വായിച്ചെടുക്കാം... പരിഭ്രാന്തിയാൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞ മുഖം.... പുറത്തെ ഈറൻ കാറ്റിൽ വിറ കൊള്ളുന്ന ശരീരം... കരഞ്ഞു കലങ്ങിയ മിഴികൾ.... മിഴിനീർപ്പാടുകൾ പതിഞ്ഞ കവിൾത്തടങ്ങൾ....ചെറുതായി വീർത്തു തുടങ്ങിയ വയർ.... ദയനീയത വിളിച്ചോതുന്ന മുഖഭാവങ്ങൾ....!! അയാൾ അവളെ അടിമുടി നോക്കി... വാർദ്ധക്യം ബാധിച്ച ആ മുഖത്തെ സങ്കോചം ക്രോധത്തിന് വഴി മാറുന്നത് അല്ലി വ്യക്തമായി തന്നെ കണ്ടു.... അവൾ ദയനീയതയോടെ അയാൾക്ക് മുൻപിൽ കൈകൂപ്പി... "അച്ഛാ....!!" അവൾ നിസ്സഹായതയോടെ വിളിച്ചതും ഡേവിഡ് മുഖം തിരിച്ചു... "എൻ്റെ ഇച്ചായനെ... രക്ഷിക്കണം..." കരച്ചിലടക്കാൻ പ്രയാസപ്പെട്ടവൾ പറഞ്ഞതും വാക്കുകൾ പാതി വഴിയിൽ മുറിഞ്ഞു... "എന്നോട് ദേഷ്യമാണെന്ന് അറിയാം... പ... പക്ഷേ ഇപ്പോൾ എനിക്ക് സഹായം ചോദിക്കാൻ ആരുമില്ല... അലക്സിച്ചായന് ആക്സിഡൻ്റ് പറ്റി... സർജറിക്ക് അഞ്ച് ലക്ഷം രൂപയാവും... ഇന്ന് തന്നെ പണമടയ്ക്കണമെന്നാ അവർ പറയുന്നെ.... അച്ഛൻ സഹായിക്കണം...."

അവൾ യാചന നിറഞ്ഞ സ്വരത്തിൽ പറഞ്ഞതും അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.... അയാളുടെ മിഴികൾ വീർത്ത് തുടങ്ങിയ അല്ലിയുടെ വയറിലേക്ക് നീണ്ടു.... "അകത്തേക്ക് വാ...." ഡേവിഡ് അല്ലിയോട് പറഞ്ഞു.... അവൾ പ്രതീക്ഷയോടെ അകത്തേക്ക് നടന്നു.... "നീ അവിടെ നിൽക്ക്....!!" അല്ലിയുടെ പിന്നാലെ അകത്തേക്ക് കടക്കാൻ തുടങ്ങിയ വരുണിനെ നോക്കി ഡേവിഡ് പറഞ്ഞതും അവൻ്റെ കാൽപാദങ്ങൾ നിശ്ചലമായി.... അല്ലി ദയനീയമായി വരുണിനെ നോക്കിയതും അവൻ പൊയ്ക്കോ എന്ന് മിഴികൾ കൊണ്ട് കാണിച്ചു.... അവൾ അകത്തേക്ക് കയറിയതും അയാൾ വാതിൽ കൊട്ടിയടച്ചു... അല്ലി ദയനീയമായി മുഖമുയർത്തി... അവശയായവൾ ഉദരത്തിലേക്ക് കരങ്ങൾ ചേർത്ത് ഭിത്തിയോട് ചാരി നിന്നു... "ഇവിടേക്ക് കയറി വരാൻ കാണിച്ച നിൻ്റെ ധൈര്യം ഞാൻ സമ്മതിച്ചു...!!" അയാളുടെ സ്വരത്തിൽ പരിഹാസം ധ്വനിച്ചു... അല്ലി ദയനീയതയോടെ മിഴികൾ ഉയർത്തി.... തോറ്റുപോയവളെ വീണ്ടും ചവിട്ടി താഴ്ത്തുന്ന വാചകങ്ങൾ...!! "എന്തായാലും ഇത്ര കഷ്ടപ്പെട്ട് നീ ഈ അവസ്ഥയിൽ വന്നതല്ലേ...പണം ഞാൻ തരാം...." ഡേവിഡ് പറഞ്ഞതും അവൾ പ്രതീക്ഷയോടെ നോക്കി.... "പക്ഷേ ഒരു വ്യവസ്ഥയുണ്ട്....!!" അയാൾ അല്ലിയുടെ മുഖത്തേക്ക് മിഴികൾ പായിച്ച് കൊണ്ട് പറഞ്ഞതും അവൾ സംശയത്തോടെ നോക്കി...

"എന്ത് വ്യവസ്ഥ...?!" പതിഞ്ഞ സ്വരത്തിൽ ചോദ്യമുന്നയിക്കുമ്പോൾ ഉള്ളിലെ അവശത അവളുടെ സ്വരത്തിലും പ്രകടമായിരുന്നു... "ഞാൻ അലക്സിയെ രക്ഷിക്കണമെങ്കിൽ നീ അവൻ്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങണം... അലക്സിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ച് അവനെ വിട്ട് നീ പോകുമെങ്കിൽ ഞാൻ പണം തരാം...." അല്ലി ഞെട്ടലോടെ മുഖമുയർത്തി.... അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.... "ഇല്ല....!! എൻ്റെ ഇച്ചായനെ വിട്ടെനിക്ക് പോകാൻ പറ്റില്ല..." "എന്നാൽ നിനക്ക് പോകാം... ഇറങ്ങ് ഇവിടുന്ന്...!!" ആജ്ഞയുടെ ആ സ്വരം അവിടമാകെ പ്രതിധ്വനിച്ചു... "അച്ഛാ.... എൻ്റെ നിസ്സഹായവസ്ഥയെ മുതലെടുക്കരുത്.... ദയവായി സഹായിക്കണം... ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഓർത്തെങ്കിലും...." അവൾ നിലത്തേക്കൂർന്നു കൊണ്ട് അയാളുടെ പാദങ്ങളിലേക്ക് വീണു... ഒരു തുള്ളി മിഴിനീരടർന്ന് വീണ് ആ പാദങ്ങളെ ഈറനണിയിച്ചു....

"കുഞ്ഞിനെ ഓർത്ത് നീ വിഷമിക്കണ്ട.... കുഞ്ഞിനെ എനിക്ക് തന്നേക്ക്.... എൻ്റെ സഹോദരിക്ക് മക്കളില്ല... നീ പ്രസവിക്കുന്ന കുഞ്ഞിനെ അവൾക്ക് കൊടുത്തേക്കാം.... ആ കുഞ്ഞ് എൻ്റെ കുടുംബത്തിൽ തന്നെ വളരണം... പക്ഷേ നീ.... നീ അലക്സിയുടെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല... കുഞ്ഞ് ജനിക്കും വരെ നിനക്ക് അലക്സിയുടെ ഒപ്പം ഇവിടെ കഴിയാം... എന്നാൽ കുഞ്ഞ് ജനനത്തോടെ മരിച്ചെന്ന് നീ അലക്സിയെ പറഞ്ഞ് വിശ്വസിപ്പിക്കണം... ശേഷം അവനറിയാതെ കുഞ്ഞിനെ എന്നെ ഏല്പ്പിക്കുക.... അതു കഴിഞ്ഞ് എന്തെങ്കിലും കാരണം ഉണ്ടാക്കി അവനിൽ നിന്നും നീ അകന്ന് പോകണം... കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അലക്സി ഒരിക്കലും അറിയാനും പാടില്ല... ഇത് അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഞാൻ സഹായിക്കാം...." എല്ലാം കേട്ടവൾ തറഞ്ഞിരുന്നു പോയി... "സമ്മതമാണോ നിനക്ക്...? ഇല്ലെങ്കിൽ ഈ നിമിഷം ഇറങ്ങാം ഇവിടുന്ന്..." പ്രാണന് വേണ്ടി പിടയുന്ന അലക്സിയുടെ മുഖം അല്ലിയുടെ മനസ്സിൽ തെളിഞ്ഞു.... ഇന്ന് തന്നെ പണമടച്ചില്ലെങ്കിൽ എൻ്റെ ഇച്ചായൻ......!! അവൾ വിതുമ്പി.... "എന്ത് പറയുന്നു നീ....?"

ഡേവിഡ് ഗൗരവത്തോടെ ചോദിച്ചു... അവൾ പ്രയാസപ്പെട്ട് നിലത്തു നിന്നും എഴുന്നേറ്റു... വീണു പോകാതിരിക്കാൻ അവിടെ ഉണ്ടായിരുന്ന ടേബിളിൽ ഇറുകെ പിടിച്ചു... നെഞ്ചകം വല്ലാതെ പിടയുന്നു... ഹൃദയം പലതായി പിളരും പോലെ... തൻ്റെ പ്രാണൻ്റെ ദയനീയാവസ്ഥ കണ്ട് തളർന്ന് പോയവളെ ഉള്ളിൽ അലയടിക്കുന്ന വ്യസനത്തിൻ്റെ തിരമാലകൾ വീണ്ടും തളർത്തി.... ഒടുവിലവൾ എന്തോ തീരുമാനിച്ചുറപ്പിച്ച് അയാളെ നോക്കി... അല്പ നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ടവൾ സംസാരിച്ചു തുടങ്ങി.... "സ്വന്തം മകൻ്റെ ജീവന് നിങ്ങൾ വിലയിടുമെന്ന് ഞാൻ കരുതിയില്ല അച്ഛാ... ഈ അവസരത്തിൽ മറ്റാരോട് സഹായം അഭ്യർത്ഥിക്കണമെന്നും എനിക്കറിയില്ല.... ഒന്നു മാത്രമറിയാം മറ്റെന്തിനേക്കാളും വലുത് എനിക്കെൻ്റെ ഇച്ചായൻ്റെ ജീവനാണ്... അദ്ദേഹത്തിനെ രക്ഷിക്കാൻ അച്ഛൻ പറയുന്നതെന്തും ഞാനനുസരിക്കാം..." തൻ്റെ ഹൃദയത്തെ കല്ലാക്കിക്കൊണ്ടവൾ പറഞ്ഞവസാനിപ്പിച്ചു... അത് കേട്ടതും ഡേവിഡിൻ്റെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു... അല്പം കഴിഞ്ഞതും അല്ലിയും ഡേവിഡും പുറത്തേക്ക് വന്നു... അത് കണ്ടതും വരുൺ ധൃതിയിൽ അല്ലിക്കരികിലേക്ക് നടന്നു.. "അച്ഛൻ സഹായിക്കാമെന്ന് പറഞ്ഞു..." അവൾ മുഖമുയർത്താതെ പറഞ്ഞതും വരുൺ അവിശ്വനീയതയോടെ നോക്കി...

അവൻ നന്ദിയോടെ ഡേവിഡിന് നേരെ കൈ കൂപ്പി... "വേഗം വാ അങ്കിൾ... വൈകും തോറും അലക്സിയുടെ ജീവൻ അപകടത്തിലാവും..." വരുൺ പരിഭ്രമത്തോടെ പറഞ്ഞതും അയാൾ തലയനക്കി.... മൂവരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു... 🌸_____💜 അലക്സിയുടെ സർജറി കഴിഞ്ഞു... പക്ഷേ പൂർണ്ണമായും ഭേദമാവാൻ മാസങ്ങളെടുക്കും... കംപ്ലീറ്റ് ബെഡ് റെസ്റ്റ് ആണ്.... "എന്തായാലും ഇതോടെ അങ്കിളിൻ്റെ പിണക്കം മാറിയല്ലോ.... നിങ്ങളോടുള്ള വിദ്വേഷം മാറി അങ്കിൾ വീട്ടിലേക്ക് ക്ഷണിച്ചില്ലേ...." വരുൺ അല്ലിയോട് പറഞ്ഞതും അവൾ വേദനയോടെ പുഞ്ചിരിച്ചു... ഇരുവരും അലക്സിയുടെ വീട്ടിലേക്ക് ചെന്നു.... അവരെ സ്വീകരിക്കാൻ മുൻപന്തിയിൽ ശ്രേയയും ഉണ്ടായിരുന്നു.... അലക്സിയെ വരുണും അമിത്തും ചേർന്ന് ബെഡിലേക്ക് കിടത്തി.... "കണ്ടോ അല്ലീ ഞങ്ങൾ അന്ന് പറഞ്ഞില്ലേ ഒരു കുഞ്ഞൊക്കെ ആയാൽ ഇരു വീട്ടുകാരുടെയും പിണക്കം മാറുമെന്ന്.... ഇപ്പോൾ എങ്ങനെയുണ്ട്....?" മെറിൻ പറഞ്ഞതും അല്ലിയുടെ മിഴികൾ നിറഞ്ഞു... അല്ലി വിതുമ്പിക്കൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു.... "എന്ത് പറ്റി അല്ലീ...? അലക്സിയുടെ അവസ്ഥ കണ്ടിട്ടാണോ...? അവന് വേഗം സുഖമാവില്ലേ.... ദേ പെണ്ണേ ഈ സമയത്തിങ്ങനെ സങ്കടപ്പെടല്ലേ...." മെറിൻ അവളെ സമാധാനിപ്പിച്ചു...

അലക്സിയുടെ സുഹൃത്തുക്കൾ മSങ്ങുന്നത് അവൾ നിർവികാരയായി നോക്കി നിന്നു.... എൻ്റെ സ്വന്തം കുഞ്ഞിനെ ഒന്ന് നെഞ്ചോട് ചേർക്കാനോ താലോലിക്കാനോ കഴിയാത്ത ഹതഭാഗ്യയാവുമോ ഞാൻ....?! ഓർക്കും തോറും അല്ലിയുടെ ഉള്ളം ഉരുകി.... അവൾ അബോധാവസ്ഥയിൽ കിടക്കുന്ന അലക്സിക്കരികിൽ ചെന്നിരുന്നു.... മെല്ലെ അവൻ്റെ നെറ്റിത്തടത്തിൽ ചുണ്ടമർത്തി... ഇനീം എത്ര നാൾ ഞാൻ നിങ്ങളുടെ ഒപ്പം ഉണ്ടാവും...? നമ്മളെ ചേർത്ത് വെച്ച ആ ജഗദീശ്വരൻ തന്നെ നമ്മളെ അടർത്തി മാറ്റുവാണോ....? അവൾ ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ടിരുന്നു.... അലക്സിയുടെ അരികിൽ നിന്ന് മാറാതെ സദാ സമയവും അവനെ പരിപാലിക്കുന്ന അല്ലിയെ ശ്രേയ നോക്കി നിന്നു... ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്... എന്താണ് നിന്നെ എന്നിൽ നിന്നും വ്യത്യസ്തയാക്കുന്നതെന്ന്... ശ്രേയ അതും ഓർത്ത് അല്ലിക്കരികിലേക്ക് നടന്നു.... അല്ലി അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.... വേദന മാത്രം നിറഞ്ഞ ഒരു പുഞ്ചിരി... "എനിക്ക് മനസ്സിലാവും നിൻ്റെ സങ്കടം... അച്ചാച്ചന് വേഗം സുഖമാവും... പിന്നെ പപ്പ നിങ്ങളെ അംഗീകരിച്ചില്ലേ..

. അത് തന്നെ വല്ല്യ കാര്യം... ഞാനൊരിക്കലും കരുതിയില്ല പപ്പയുടെ മനസ്സ് ഇത്ര പെട്ടെന്ന് മാറുമെന്ന്... ആഹ്... പിന്നെ ഈ അവസ്ഥയിൽ കിടക്കുന്ന അച്ചാച്ചനോട് വാശി കാണിക്കാനും മാത്രം ദുഷ്ടനല്ല പപ്പ... പെട്ടെന്ന് ഒരു ദിവസം അച്ചാച്ചൻ നിന്നെയും കൂട്ടി വന്നപ്പോൾ പപ്പയ്ക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല... അതാ അന്ന് നിങ്ങളെ ഇറക്കി വിട്ടത്... നീയിനിയും അതൊന്നും മനസ്സിൽ വെയ്ക്കരുത് കേട്ടോ.... നിൻ്റെ സ്വന്തം പപ്പയും മമ്മിയും ആയി കണ്ടാൽ മതി...." ശ്രേയ അല്ലിയുടെ കരങ്ങൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... പക്ഷേ ആ വാക്കുകളൊന്നും അല്ലിയുടെ ഉള്ളിലെ കനലണച്ചില്ല... തൻ്റെ പാതിയേയും തൻ്റെ ഉള്ളിലെ കുരുന്നു ജീവനെയും വിട്ടകലാൻ പോകുന്നതിൻ്റെ വേദന മാത്രമായിരുന്നു അവളിൽ.................. (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story