സംഗമം: ഭാഗം 21

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

ദിനങ്ങൾ കടന്നു പോകുന്തോറും അല്ലിയുടെ മനസ്സാകെ തളർന്നു... അവളെ വേദനിപ്പിച്ചു കൊണ്ട് കടന്നു പോയത് ആറു മാസങ്ങൾ....!! അലക്സിയിൽ ഒരു ചെറു ചലനം പോലും ഉണ്ടായില്ല... ഒരേ കിടപ്പ് തന്നെ.... കാലിന് നീരു വെച്ചതിനാൽ അവൾക്ക് നടക്കാൻ തന്നേ പ്രയാസമായിരുന്നു... ഉള്ളിലെ കുറുമ്പൻ കുസൃതി കാട്ടുന്നതിൻ്റെ അടയാളമായി അവളുടെ മുഖം പലപ്പോഴും ചുളിഞ്ഞു.... ഒന്ന് ചിരിക്കണമെന്നുണ്ട്... പക്ഷേ അവൾക്ക് കഴിഞ്ഞില്ല.... ഈ വീട്ടിലും അലക്സിയുടെ ജീവിതത്തിലും ഉള്ള തൻ്റെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന ചിന്ത ശാരീരികാസ്വസ്ഥതകളേക്കാൾ കൂടുതൽ അവളെ തളർത്തി.... ഇച്ചായാ.... വല്ലതും അറിയുന്നുണ്ടോ... അവൾ അലക്സിയുടെ നെഞ്ചിലേക്ക് വീണ് വിതുമ്പി.... തന്നെ ചേർത്തു പിടിച്ച അവൻ്റെ കരങ്ങൾ ഒന്ന് ചലിക്കുക പോലും ചെയ്യാത്തത് അവൾ വേദനയോടെ നോക്കി.... 🌸____💜

മാസങ്ങളായി അവളെന്നെ ഒന്ന് കാണാൻ വന്നിട്ട്... അവൾക്ക് ശരിക്കും എന്നെ ഇഷ്ടമായിരുന്നോ...? എൻ്റെ ഭാഗത്ത് നിന്നും അവൾക്ക് പ്രതീക്ഷ നൽകുന്നത് പോലെയുള്ള പെരുമാറ്റം ഒന്നും ഉണ്ടാകാത്തതിനാൽ അവൾ സ്വയം പിൻ വാങ്ങിയതാകുമോ...? അഭി ഓർത്തു... അവൻ്റെ ഉള്ളിൽ ശ്രേയയെ പറ്റിയുള്ള ചിന്തകൾ കടന്നു കൂടി....മാനത്തെ നിലാവിനെ നോക്കി കിടന്നതും അധരങ്ങൾ സ്വയമറിയാതെ പുഞ്ചിരിയെ പുല്കി... 🌸_____💜 ഡേറ്റിന് ഒരാഴ്ച മുമ്പ് തന്നെ അല്ലിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു... ശ്രേയയെയും ഡെയ്സിയെയും മനപൂർവ്വം തന്നെ ഡേവിഡ് അല്ലിയിൽ നിന്നും അകറ്റി നിർത്തി... ഹോസ്പിറ്റലിൽ അല്ലിയ്ക്കൊപ്പം നിൽക്കാൻ ഒരു ഹോം നേഴ്സിനെ നിർത്തിയതും അയാൾ തന്നെയായിരുന്നു...അവൾ പ്രസവിച്ചതും ആ ചോരക്കുഞ്ഞിനെ കൈകളിലേറ്റു വാങ്ങാൻ അയാൾക്ക് വല്ലാത്ത ആവേശമായിരുന്നു.... അല്ലി ഒരു മാത്ര തൻ്റെ കുഞ്ഞിനെ ഒന്നു കണ്ടു... മോനെ ഒന്ന് നെഞ്ചോട് ചേർത്തു....ചുണ്ട് പിളർത്തി കരയുന്നുണ്ടവൻ.... അവൾ കുഞ്ഞിനെ മാറോടടുപ്പിച്ചു കൊണ്ട് വിതുമ്പി....

അവൾ മതിവരാതെ തൻ്റെ പിഞ്ചോമനയെ ചുംബിച്ചു കൊണ്ടിരുന്നു.... കുഞ്ഞിന് വീണ്ടും വീണ്ടും മുലയൂട്ടാൻ അവളുടെ ഹൃദയം വെമ്പി... മതിയാവുന്നില്ലെടാ അമ്മയ്ക്ക്... കഴിയുന്നില്ല നിന്നെ വിട്ട് കൊടുക്കാൻ...!! അവളുടെ ഹൃദയം അലമുറയിട്ടു.... "കുഞ്ഞ് മരണപ്പെട്ടു...." ഡേവിഡ് വീട്ടിലേക്ക് വിളിച്ചു പറഞ്ഞത് ശ്രേയയും ഡെയ്സിയും ഒരു ഞെട്ടലോടെയാണ് കേട്ടത്.... അപ്പോഴും അല്ലി കുഞ്ഞിനെ നെഞ്ചോടടക്കിക്കൊണ്ട് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു.... "നാളെ നമ്മൾ വീട്ടിലേക്ക് പോവുന്നു... ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ...? വള്ളി പുള്ളി തെറ്റാതെ ഡെയ്സിയുടെയും ശ്രേയയുടെയും മുൻപിൽ അതേ പോലെ പറഞ്ഞേക്കണം... പിന്നെ അലക്സി... അവന് ഭേദമാകുമ്പോൾ കുഞ്ഞ് ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ അവൻ വീണ്ടും നിന്നെത്തേടി വരും... അതു കൊണ്ട് കുഞ്ഞ് മരിച്ചെന്ന് അവനെ പറഞ്ഞ് ഞാൻ വിശ്വസിപ്പിച്ചോളാം...." അതും പറഞ്ഞ് നടന്നകലുന്ന ഡേവിഡിനെ നോക്കുമ്പോൾ അല്ലിയുടെ ഹൃദയം പിടയുകയായിരുന്നു... അപ്പോൾ... ഇന്ന്... ഇന്നൊരു രാത്രി കൂടിയേ എൻ്റെ മോൻ എൻ്റെ ഒപ്പം ഉണ്ടാവുകയുള്ളൂ....

നാളെ മുതൽ എൻ്റെ കുഞ്ഞിനെയും ഇച്ചായനെയും വീട്ട് ഞാൻ പോകണം.... എൻ്റെ ഇച്ചായൻ ഉണരുമ്പോൾ ഞങ്ങളെ അന്വേഷിക്കില്ലേ...? അവൾ തേങ്ങി.... വീട്ടിൽ നിന്നും ആരും വന്നിട്ടില്ല... അച്ഛൻ്റെ പിണക്കം ഇനിയും തീർന്നിട്ടില്ലല്ലോ.... അനന്തേട്ടൻ തിരിച്ചു പോവുകയും ചെയ്തു.... അവൾ വേദനയോടെ കുഞ്ഞിനെ വീണ്ടും അടക്കിപ്പിടിച്ചു... തന്നിൽ നിന്നും ആരുമിവനെ അടർത്തി മാറ്റരുതെ എന്ന് വൃഥാ മോഹിച്ചു കൊണ്ട്.... ആ രാവും കടന്നു പോയി.... ഡിസ്ചാർജ് ആയി ഇറങ്ങിയതും ഡേവിഡിൻ്റെ സഹോദരി അവരെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ നോട്ടം അല്ലിയുടെ കരങ്ങളിൽ ഇരിക്കുന്ന കുഞ്ഞിലേക്കായിരുന്നു... അല്ലി തൻ്റെ മോനെ നെഞ്ചോടമർത്തി...കുഞ്ഞ് തന്നെ വിട്ടകലാൻ പോകുവാണെന്നവൾക്ക് ഉൾക്കൊള്ളാനായില്ല... ഡേവിഡ് ക്ഷണ നേരം പോലും കളയാതെ കുഞ്ഞിനെ അവളുടെ കരങ്ങളിൽ നിന്നും വാങ്ങി സഹോദരിക്ക് നൽകി... തൻ്റെ പ്രാണൻ തന്നിൽ നിന്നും പറിച്ചെടുക്കുന്ന പോലെയവൾക്ക് തോന്നി.... അവൾ അലറിക്കരഞ്ഞു... തൻ്റെ അമ്മയുടെ നെഞ്ചിലെ ചൂട് തനിക്കന്യമായതും കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി.... ആ കരച്ചിലുകൾ അല്ലിയുടെ നെഞ്ചിൽ പതിഞ്ഞു... "വേണ്ട..... എൻ്റെ കുഞ്ഞിനെ.... കുഞ്ഞിനെ കൊണ്ടോവെണ്ട... എൻ്റെ മോൻ..." അവൾ ഒരു ഭ്രാന്തിയെപ്പോലെ ആരോടെന്നില്ലാതെ പറഞ്ഞു.... എന്നാൽ അപ്പോഴേക്കും അവർ കുഞ്ഞുമായി അകന്നിരുന്നു... അല്ലി മുഖം പൊത്തി കരഞ്ഞു കൊണ്ട് നിലത്തേക്കൂർന്നിരുന്നു... 🌸____💜

അല്ലി വീട്ടിലേക്ക് കടന്നു വരുമ്പോൾ ശ്രേയയും ഡെയ്സിയും അവളെ സങ്കടത്തോടെ നോക്കുന്നുണ്ടായിരുന്നു... കുഞ്ഞിനെ സ്വീകരിക്കാൻ സന്തോഷത്തോടെ കാത്തിരുന്നവർക്ക് മുൻപിൽ ശൂന്യമായ കരങ്ങളോടെ വന്ന അല്ലി ഒരു നോവായി പതിഞ്ഞു.... അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അറിയാതെ അവർ ഇരുവരും ദയനീയമായി നോക്കി.... "മോളെ...." ഒരു വികാരവുമില്ലാതെ മെഴുകു പ്രതിമ കണക്കെ നിശ്ചലയായി നിൽക്കുന്നവളെ കാൺകെ ഡെയ്സി ഇടർച്ചയോടെ വിളിച്ചു... അല്ലിയ്ക്ക് തൻ്റെ സമനില്ല തെറ്റും പോലെ തോന്നി..... അവൾ ഉറയ്ക്കാത്ത കാലടികളോടെ നേരെ റൂമിലേക്ക് നടന്നു.... അവൾ അലക്സിക്കരികിൽ ഇരുന്നു കൊണ്ട് ആ പാദങ്ങളിൽ വീണു... ഏറെ നേരം അവളവനരികിൽ ഇരുന്നു... അവൻ്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... "ഞാൻ പറയാൻ പോകുന്നതിന് എന്നോട് ക്ഷമിക്കണേ...." തേങ്ങലോടെ പറഞ്ഞു കൊണ്ടവൾ എഴുന്നേറ്റു... പെട്ടെന്ന് അലക്സിയുടെ കാലുകൾ ഒന്ന് വിറകൊണ്ടു.... എന്നാൽ പൊയ്ക്കൊ എന്ന് ഡേവിഡ് കണ്ണുകൾ കൊണ്ട് കാണിച്ചതും അല്ലി വേദനയോടെ പിൻ തിരിഞ്ഞു.... അവൾ ഹാളിലേക്ക് നടന്നു.. ചുവന്ന മിഴികളുമായി വരുന്ന അല്ലിയെ ശ്രേയയും ഡെയ്സിയും ഉറ്റു നോക്കി... "ഞാൻ പോകുന്നു....." അല്ലി ഇരുവരെയും നോക്കി പറഞ്ഞതും അവർ സ്തംഭിച്ചു നിന്നു...

"അലക്സിച്ചായൻ ഇനിയും എഴുന്നേല്ക്കുമെന്ന് തോന്നുന്നില്ല... പിന്നെ എൻ്റെ കുഞ്ഞും മരണപ്പെട്ടു... ഈ വീട്ടിൽ ഞാൻ തുടർന്ന് താമസിക്കുന്നതിൽ ഒരർത്ഥവുമില്ല... ഞാൻ ഇവിടുന്ന് പോവുകയാണ്... എൻ്റെ അഭിയേട്ടനൊപ്പം...." ഡേവിഡിൻ്റെ വാക്കുകൾ അവൾ അതേപടി പകർത്തി.. ശ്രേയ ഞെട്ടലോടെ മുഖമുയർത്തി.... അവളുടെ മിഴികൾ നിറഞ്ഞൊഴുകി... അല്ലി അത്ര മാത്രം പറഞ്ഞ് ആരെയും വക വെയ്ക്കാതെ മുൻപോട്ട് നടന്നു... അല്ലിയുടെ വാചകങ്ങൾ കേട്ടതിൽ നിന്നുണ്ടായ ഞെട്ടലിൽ നിന്ന് മുക്തരാവാനാകാതെ നിൽക്കുകയായിരുന്നു ശ്രേയയും ഡെയ്സിയും.... "അല്ലീ.... മോളെ നീ എന്തൊക്കെയാ ഈ പറയുന്നെ..." ഡെയ്സി അവളെ തടയാൻ ശ്രമിച്ചു... "എന്നെ തടയരുത് ആരും... ഇനിയും ഞാനിവിടെ നിൽക്കില്ല...." അല്ലി ഉറച്ച സ്വരത്തിൽ പറഞ്ഞു കൊണ്ട് നടന്നകന്നു... ലക്ഷ്യബോധമില്ലാതെ മുൻപിൽ കണ്ട വഴിയിൽ കൂടെയവൾ നടന്നു... അവളുടെ മാറിടങ്ങൾ വിങ്ങി...

"ഈശ്വരാ എൻ്റെ മോൻ.....!! എൻ്റെ മോന് വിശക്കുന്നുണ്ടാവില്ലേ....?! അവന്.... അവന് ആര് പാല് കൊടുക്കും... എൻ്റെ കുഞ്ഞ്..." അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പിക്കൊണ്ടിരുന്നു... ചുറ്റിനും ചീറിപ്പായുന്ന വാഹനങ്ങൾ... തിരക്കേറിയ നഗരവീഥികൾ.... അല്ലി ഒന്നും അറിഞ്ഞിരുന്നില്ല... ഉറക്കെ കരയുന്ന കുഞ്ഞിൻ്റെ മുഖം അവളുടെ മനസ്സിൽ മായാതെ നിന്നു.... 🌸_____💜 ശ്രേയ ഒരു തരം മരവിപ്പോടെ ബെഡിലേക്കിരുന്നു...അല്ലി പറഞ്ഞതൊന്നും അവൾക്കുൾക്കൊള്ളാനായില്ല... "ഇല്ല....!!" അവൾ ഉറക്കെ അലറി... അല്ലി ഒരിക്കലും ഡോക്ടറോടൊപ്പം പോകില്ല... അവൾക്കെൻ്റെ അച്ചാച്ചനെ മറക്കാൻ സാധിക്കില്ല... അച്ചാച്ചനെ അവൾ എത്ര മാത്രം സ്നേഹിക്കുന്നെന്ന് നേരിൽ കണ്ടറിഞ്ഞതാ ഞാൻ... കുഞ്ഞ് മരിച്ച സങ്കടത്തിൽ അവൾ.... അവൾ അങ്ങനെയൊക്കെ പറഞ്ഞതാവും... അതുമല്ലെങ്കിൽ എന്തോ ചതിയുണ്ട് ഇതിന് പിന്നിൽ....!! ശ്രേയ മിഴിനീർ തുടച്ചു കൊണ്ട് ഓർത്തു.... അവൾ വിറയാർന്ന വിരലുകളോടെ ഫോണെടുത്തു... അഭി ഡോക്ടർ എന്ന് സേവ് ചെയ്ത നമ്പറിൽ വിളിച്ചു................... (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story