സംഗമം: ഭാഗം 3

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"നീയെന്താടീ പറഞ്ഞത് ഞാൻ റേപ്പിസ്റ്റാണെന്നോ...?" അലക്സി കോപത്തോടെ അല്ലിക്ക് നേരെ ചാടിയതും അവൾ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു... "ദേ... എൻ്റെ ഉള്ളിലെ മൃഗത്തെ വെറുതെ പുറത്ത് ചാടിപ്പിക്കല്ലേ.. നീ പറയുന്നത് കേട്ടാൽ സന്ന്യസിക്കാൻ പോയവർ വരെ തിരികെ വന്നിട്ട് റേപ്പ് ചെയ്യുവല്ലോടീ.." അലക്സി ദേഷ്യത്തിൽ പറഞ്ഞു... "ഏത് ബോധമില്ലാത്തവനാടീ നിൻ്റെ തന്ത..? ഇങ്ങനെയാണോ മോളെ പറഞ്ഞ് പഠിപ്പിച്ചേക്കുന്നത്...?" അവൻ എരിയുന്ന മിഴികളോടെ ചോദിച്ചു.. "ദേ എൻ്റെ അച്ഛനെ ഒന്നും പറയരുത്...!!" അല്ലി കവിളുകൾ വീർപ്പിച്ചു കൊണ്ട് പറഞ്ഞു... "പറഞ്ഞാൽ നീ എന്ത് ചെയ്യും..? ങേ..? നിൻ്റെ വീട്ടിൽ വേറെ ആരേലും ഉണ്ടോ..? അതോ ബോധമില്ലാത്ത ഈ അച്ഛൻ മാത്രമേ ഉള്ളോ..?" "രണ്ട് ചേട്ടന്മാർ ഉണ്ട്..." "ഓഹ്... നിനക്ക് ചേട്ടന്മാരും ഉണ്ടോ..? ആഹാ അവർക്കും ബോധമില്ലെടീ... ഞാനല്ല നിൻ്റെ അച്ഛനും നിൻ്റെ ചേട്ടന്മാരും ആണ് റേപ്പിസ്റ്റുകൾ..." "അനാവശ്യം പറയരുത്..." അല്ലി മിഴികൾ കൂർപ്പിച്ച് കൊണ്ട് പറഞ്ഞു... "ഓഹോ നിൻ്റെ വീട്ടിലുള്ള ആണുങ്ങൾ മാത്രം പുണ്യാളന്മാർ...ലോകത്തുള്ള ബാക്കിയുള്ളവർ എല്ലാം മോശക്കാർ... ഏത് പട്ടിക്കാട്ടിലാടീ നിൻ്റെ വീട്..?

ഇത്രേം ബോധമില്ലാത്തവർ വേറെങ്ങും കാണില്ല... പണ്ടാരം പ്രിൻസിയുടെ ടേബിളിൽ ഉള്ള ലാൻ്റ് ഫോണും എൻ്റെ കഷ്ടകാലത്തിന് വർക്ക് ആവുന്നില്ല..." അവൻ ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് തലയ്ക്ക് കൈ വെച്ചു... "ഈ വാതില് എങ്ങനെയെങ്കിലും ഒന്ന് തള്ളിത്തുറക്ക്...." "അന്നാ നീ വന്ന് തള്ള്... വാ..." അലക്സി അതും പറഞ്ഞ് വാതിലിൻ്റെ അരികിൽ നിന്നും മാറി നിന്നു... അല്ലി എഴുന്നേറ്റ് ഏറെ നേരം വാതിലിൽ തള്ളി നോക്കി.... "ഇച്ചിരി കൂടെ എനർജിയിൽ തള്ള്... ചിലപ്പോൾ തുറന്നാലോ..." അലക്സി കളിയാക്കിക്കൊണ്ട് പറഞ്ഞു.... അൽപം കഴിഞ്ഞതും അല്ലി നിരാശയിൽ തിരികെ വന്നിരുന്നു.... "ആഹ്... ഇങ്ങേരുടെ കസേരയിൽ കയറി ഇരിക്കണമെന്നുള്ളത് പണ്ടേ ഉള്ള ആഗ്രഹമായിരുന്നു..." അലക്സി അതും പറഞ്ഞ് പ്രിൻസിപ്പലിൻ്റെ കസേരയിൽ കയറി ചാരി ഇരുന്നു കൊണ്ട് മിഴികളടച്ചു.... 🌸_______💜

നേരം പുലർന്ന് തുടങ്ങി... ആ സൂര്യകിരണങ്ങൾ മൂടൽ മഞ്ഞിനെ വകഞ്ഞ് മാറ്റിക്കൊണ്ട് പതിയെ തൻ്റെ വരവറിയിച്ചു... പുറത്തു നിന്നു വന്നു കൊണ്ടിരുന്ന ഈറൻ കാറ്റിൽ പുലരിയെ പുൽകാൻ വെമ്പൽ കൊണ്ട പൂമൊട്ടുകൾ തങ്ങളുടെ ശിരസ്സനക്കി.. പതിവ് സ്വപ്നം കണ്ട് അല്ലി ഞെട്ടിയുണർന്നു... കണ്ണ് തിരുമി നോക്കിയതും കാണുന്നത് നിദ്രയിലാണ്ടിരിക്കുന്ന അലക്സിയെ... അപ്രതീക്ഷിതമായെന്തോ ദർശിച്ച പോൽ ഒരു വേള ഞെട്ടിയെങ്കിലും തലേന്നത്തെ ഓർമ്മകൾ മനസ്സിനെ കീഴടക്കിയതും സ്വബോധം വീണ്ടെടുത്തു... താൻ സ്വപ്നത്തിൽ കണ്ട അവ്യക്തമായ മുഖഭാവങ്ങൾ ഇയാളെ അനുകരിക്കുന്നുവോ...? അവൾ സ്വയം ചോദിച്ചു... 🌸_______💜 "അല്ലീ... അല്ലീ...." താഴെ നിന്നു കൊണ്ട് മുകളിലെ പടിക്കെട്ടുകളിലേക്ക് മിഴികൾ പായിച്ച് ദേവരാജൻ ഉറക്കെ വിളിച്ചു... "എവിടെ പോയി കിടക്കുന്നു ഈ കുട്ടീ... സമയം ഇത്രയും ആയില്ലേ..? ഇന്നമ്പലത്തിലേക്കും കണ്ടില്ലല്ലോ... തലവേദന ഇനിയും മാറിയില്ലേ ഇവളുടെ..?" അയാൾ പിറു പിറുത്തു... "ആ അഭിയെ ഒന്ന് കാണട്ടെ... അവൻ ഒറ്റ ഒരുത്തൻ കാരണമാ അല്ലിക്ക് വയ്യാതായത്...

ഞാൻ പോയി വിളിക്കാം അവളെ.." പ്രണവ് അതും പറഞ്ഞ് മുകളിലേക്ക് കയറിയതും അവൻ്റെ പിന്നാലെ വെപ്രാളത്തിൽ രാധിക ഓടിക്കയറി... "അല്ലീ... അല്ലീ എണ്ണീക്ക് മോളെ... " പ്രണവ് മുറിയിലേക്ക് കയറിക്കൊണ്ട് വിളിച്ചു... മുറിയിൽ അവളെ കാണാഞ്ഞതിനാൽ അവൻ സംശയത്തോടെ നോക്കി... അവൻ്റെ ആ നോട്ടം ചെന്നവസാനിച്ചത് പരിഭ്രാന്തിയോടെ നിൽക്കുന്ന രാധികയിൽ ആയിരുന്നു.... രാധിക വല്ലാത്ത വെപ്രാളത്തോടെ സാരിത്തുമ്പിൽ ഇറുകെ പിടിച്ചിട്ടുണ്ട്... "അല്ലി എവിടെ...?" പ്രണവ് ഗൗരവത്തിൽ ചോദിച്ചു... രാധികയുടെ മറുപടി ഒന്നും ഇല്ലാത്തതിനാൽ അവൻ സംശയത്തോടെ നോക്കി... "അത്.... അല്ലി... അല്ലി ഇവിടെ ഇല്ല..." രാധിക വിക്കി വിക്കി പറഞ്ഞു... "ഇല്ലെന്നോ...? നീയല്ലേ അവൾ തലവേദന ആയിട്ട് കിടക്കുവാണെന്ന് പറഞ്ഞത്...?" അവൻ വെപ്രാളത്തോടെ ചോദിച്ചു.. "അല്ലി അഭിയുടെ ഒപ്പമാ... ഇന്നലെ അവൻ അവളെ കൊണ്ട് വിട്ടില്ല..."

രാധിക പരിഭ്രമത്തോടെ അത് പറഞ്ഞവസാനിപ്പിച്ചതും പ്രണവിൻ്റെ കരങ്ങൾ അവളുടെ കരണത്ത് പതിഞ്ഞു... രാധിക ഈറൻ മിഴികളോടെ സ്തംഭിച്ച് നോക്കിയതും അവൻ്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞ് മുറുകി.... "എടീ...." അതൊരു അലർച്ചയായിരുന്നു.... രാധിക സ്തബ്ദയായി നിന്ന് പോയി... "എന്നിട്ട് നീയെന്താ ഇത് പറയാതിരുന്നത്..?" അവൻ കോപത്തോടെ ചോദിച്ചു... രാധിക ഒന്നും മിണ്ടാതെ തല താഴ്ത്തിയതും അവൻ ധൃതിയിൽ അഭിയെ വിളിച്ചു... രാവിലെ തന്നെ അപ്രതീക്ഷിതമായി പ്രണവിൻ്റെ കാൾ കണ്ടതും അഭി എന്താണെന്നറിയാതെ അറ്റൻ്റ് ചെയ്തു.. "ഹലോ...പ്രണവേ..." "എടാ അഭീ നീ ഈ കാണിച്ചത് തീരെ ശരിയായില്ല..." പ്രണവ് ക്രോധത്തോടെ പറഞ്ഞു... "ഇതെന്തൊരു കഷ്ടമാ... ഞാൻ പെട്ടെന്ന് തീരുമാനിച്ചതായിരുന്നു... അതാ ആരോടും പറയാതെ പോയത്... അല്ലിയോട് പറഞ്ഞപ്പോൾ അവള് സമ്മതിച്ചതാ..." അഭി പറഞ്ഞു... "അവള് സമ്മതിച്ചെന്ന് കരുതി..?

നീയവളെ നിർബന്ധിച്ചോണ്ട് ആവും അവള് എതിർക്കാഞ്ഞത്.... ഇനീം കൂടുതൽ ഒന്നും പറയണ്ട... എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ..." "ഇതെന്താ വരാൻ പറഞ്ഞാൽ വരാൻ ഞാൻ നാട്ടിലില്ലല്ലോ... ഉച്ചയെങ്കിലും കഴിയും ഞാനവിടെ എത്താൻ... ചിലപ്പോൾ ഇന്ന് വന്നില്ലെന്നും വരാം..." "എടാ... എവിടാടാ നീ..?" പ്രണവ് അലറി... "അപ്പോൾ അതറിയാതെ ആണോ നീ വിളിച്ചത്...? ഞാൻ ഹൈദരാബാദിൽ ആണെന്ന് അർച്ചന പറഞ്ഞില്ലേ...?" അഭി ചോദിച്ചതും പ്രണവിന് കോപം ഇരച്ച് കയറി... "നീ ഹൈദരാബാദിൽ പോയെന്നോ...? എടാ നീ എന്തർത്ഥത്തിലാ ഞങ്ങളെ അറിയിക്കാതെ നിനക്ക് തോന്നിയത് പോലെ പോയത്...?" "നിനക്കെന്താടാ പറ്റിയത്..? ഞാൻ അവിടേക്കും ഇവിടേക്കും പോകുന്നതൊക്കെ എല്ലാവരെയും വിളിച്ച് അറിയിക്കണോ...? ഇത്ര പ്രശ്നം ഉണ്ടാക്കാൻ ഇതിലെന്താ ഉള്ളത്..?" "അതേടാ നിനക്ക് പ്രശ്നം ഒന്നും കാണില്ല... പക്ഷേ എനിക്കങ്ങനെ അല്ല... ഞങ്ങൾ അതേ പോലെ വളർത്തിയ കുട്ടിയാ... വിവാഹത്തിന് മുൻപ് എന്തധികാരത്തിലാ നീയവളെ കൊണ്ട് പോയത്...? അച്ഛൻ അറിഞ്ഞാൽ എന്താ ഇവിടെ ഉണ്ടാവുക എന്ന് നിനക്കറിയാമോ...?

എത്രയും പെട്ടെന്ന് അല്ലി ഇവിടെ എത്തണം..." "ങേ നീയെന്താ പറയുന്നത്..? അല്ലിയെ ഞാൻ കൊണ്ട് പോയെന്നോ...? അല്ലി വീട്ടിൽ ആണല്ലോ....." "ടാ അഭീ കളിക്കല്ലേ... അല്ലിയെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കുന്നതാവും നിനക്ക് നല്ലത്..." പ്രണവ് താക്കീതോടെ പറഞ്ഞു... "അനാവശ്യം പറയരുത്... അല്ലി വീട്ടിലാണ്.. ഞാൻ അവളേം കൊണ്ട് ഇത്രേം ദൂരം വരുമെന്ന് തോന്നുന്നുണ്ടോ നിനക്ക്...?" "എടാ കുഞ്ഞു കളിയല്ല... അല്ലി എവിടെ..? അവളുടെ കൈയ്യിൽ ഫോൺ കൊടുക്ക്..." "നിന്നോട് പറഞ്ഞില്ലേ ഞാൻ...? അല്ലി എൻ്റെ കൂടെ ഇല്ല...!! അവൾ വീട്ടിലുണ്ട്..." "ഞാൻ വീട്ടിൽ നിന്നാടാ വിളിക്കുന്നത്... അല്ലി ഇവിടെ ഇല്ല.. ഇന്നലെ നീയല്ലേ അവളെ കൊണ്ട് പോയിട്ട് തിരികെ എത്തിക്കാമെന്ന് പറഞ്ഞത്..? എന്നിട്ട്..??" "അവള്... അവള് അവിടെ ഉണ്ടല്ലോ..." അഭി വിറയലോടെ പറഞ്ഞു.. "ഇല്ല... ഇല്ല... ഇല്ല...!! അല്ലി എവിടെ...?" "ഞാൻ പറയുന്നത് സത്യമാ... അവൾ എൻ്റെ ഒപ്പം ഇല്ല..." "ടാ കള്ളം പറയരുത്.. അല്ലി നിൻ്റെ ഒപ്പം ഇല്ലേ...?" പ്രണവ് നിസ്സഹായതയോടെ ചോദിച്ചു... അഭി എന്ത് പറയണമെന്നറിയാതെ തലയ്ക്ക് കൈ വെച്ചു...

"നീ മുത്തശ്ശിയോടൊന്ന് ചോദിച്ചേ... അല്ലി അവിടെ ഉണ്ട്... അല്ലിക്ക് തലവേദന ആയോണ്ട് കിടക്കുവാണെന്ന് മുത്തശ്ശി പറഞ്ഞല്ലോ..." അഭി പറഞ്ഞതും പ്രണവ് ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്ത് രാധികയെ നോക്കി... "അവൻ പറയുന്നത് അവൻ്റെ കൂടെ ഇല്ലെന്നാണല്ലോ...?" പ്രണവ് കോപത്തോടെ ചോദിച്ചു... രാധിക എന്ത് പറയണമെന്നറിയാതെ പരിഭ്രമിച്ചു.. "അല്ലി എവിടെ...? നിന്നോട് അഭി പറഞ്ഞോ അവൾ അവൻ്റെ കൂടെ ആണെന്ന്...?" പ്രണവ് വെപ്രാളത്തോടെ ചോദിച്ചു... "ഇ... ഇല്ല... അഭി പറഞ്ഞില്ല..." രാധിക എന്തോ ചിന്തിച്ചു കൊണ്ട് പറഞ്ഞു... "പിന്നെ...?" അവൻ ദേഷ്യത്തിൽ ചോദിച്ചു... "അത്.... അത് ആരതിയാ പറഞ്ഞത്... അല്ലി... അല്ലി അഭിയുടെ ഒപ്പം ആണെന്ന്... ഇവിടെയുള്ളവരോട് പറഞ്ഞാൽ അല്ലിക്കും അഭിക്കും വഴക്ക് കിട്ടിയാലോ എന്ന് ഭയന്നിട്ടാ ഞാനും അച്ചുവേട്ടത്തിയും അവൾക്ക് തലവേദന ആയിട്ട് കിടക്കുവാണെന്ന് പറഞ്ഞത്..." "എന്നിട്ട് അഭി പറയുന്നല്ലോ അവൻ്റെ കൂടെ ഇല്ലെന്ന്...? അപ്പോൾ അല്ലി എവിടെടീ...?" "എനിക്ക് ഇതിൽ കൂടുതൽ ഒന്നും അറിയില്ല പ്രണവേട്ടാ... അഭിയുടെ ഒപ്പമാണെന്ന് ഞാൻ വിചാരിച്ചു പോയി..." രാധിക സങ്കടത്തോടെ പറഞ്ഞതും പ്രണവ് കോപത്തോടെ അവളെ ഒന്ന് നോക്കിയിട്ട് ധൃതിയിൽ താഴേക്ക് നടന്നു... 🌸_____💜

"എന്താ ഈ പറയുന്നത്...? അല്ലി എവിടെ..?" പ്രണവ് കാര്യമവതരിപ്പിച്ചപ്പോഴേക്കും ദേവരാജൻ ദേഷ്യത്തിൽ സർവ്വരോടും ചോദിച്ചു... എല്ലാവരുടെയും കോപം നിറഞ്ഞ നോട്ടം താങ്ങാനാവാതെ അർച്ചനയും രാധികയും താല താഴ്ത്തി നിന്നു.. സരസ്വതി വിളിച്ചതിനാൽ ആരതി വീട്ടിലേക്ക് വന്നു... "നിന്നോടാരാടീ പറഞ്ഞത് അല്ലി അഭിയുടെ ഒപ്പം ആണെന്ന്...?" ആരതിയെ കണ്ടതും പ്രണവ് ദേഷ്യത്തിൽ ചോദിച്ചു.... "ങേ... അപ്പോൾ അല്ലി അഭിയേട്ടൻ്റെ കൂടെ ഇല്ലേ...?" ആരതി ഞെട്ടലോടെ ചോദിച്ചു... "ഇല്ലെന്നാണല്ലോ അഭി പറഞ്ഞത്..." "അയ്യോ... പ്രണവേട്ടാ ഞാൻ കരുതിയത് അല്ലി അഭിയേട്ടൻ്റെ ഒപ്പം ആണെന്നാ... ഇന്നലെ കോളേജിൽ അടി ഉണ്ടായി... ബഹളത്തിനിടയിൽ അല്ലിയെ അവിടെയെങ്ങും കണ്ടില്ല... ഫോൺ വിളിച്ചിട്ടാണെങ്കിൽ അവൾ എടുത്തതും ഇല്ല... അപ്പോൾ.... അപ്പോൾ ഞാൻ കരുതി അഭിയേട്ടൻ അവളെ കൂട്ടിക്കൊണ്ട് പോയെന്ന്... അതാ ഞാൻ അച്ചുവേട്ടത്തിയോട് അങ്ങനെ പറഞ്ഞത്...." ആരതി പരിഭ്രമത്തിൽ പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ദേവരാജൻ ക്രോധത്തോടെ അവളെ നോക്കി...

തൻ്റെ നെഞ്ചകം പിടയുന്നതയാൾ അറിഞ്ഞു... "എന്നിട്ടിപ്പം എൻ്റെ മോളെവിടെ...?" അയാൾ സങ്കടത്തോടെ ചോദിച്ചു.... "അച്ഛാ നമ്മുക്ക് ആ കോളേജ് വരെയൊന്ന് പോയി അന്വേഷിച്ചാലോ..?" പ്രണവ് പറഞ്ഞതും അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി... 🌸______💜 കോളേജിൽ ആരൊക്കെയോ വന്ന് തുടങ്ങിയെന്ന് അലക്സിക്ക് മനസ്സിലായി... അവൻ അകത്ത് നിന്നും വാതിലിൽ ചവിട്ടി.... ആ സമയത്താണ് ദേവരാജനും പ്രണവും കൂടി ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് കടന്ന് വന്നത്.... "വാതിൽ തുറക്ക്.... വാതിൽ തുറക്കാൻ...." അലക്സി അകത്ത് നിന്നും ദേഷ്യത്തിൽ വിളിച്ച് പറഞ്ഞു... വന്നവർ ഒക്കെ ശബ്ദം കേട്ടുകൊണ്ട് പ്രിൻസിപ്പലിൻ്റെ ക്യാബിന് മുൻപിൽ കൂടി... വരുണും അമിത്തും ഗോകുലും അലക്സിയുടെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു.... ആൾക്കൂട്ടം കണ്ട് ദേവരാജനും പ്രണവും അവിടേക്ക് നടന്നു... പ്യൂൺ ധൃതിയിൽ വന്ന് വാതിൽ തുറന്നതും അലക്സി ദേഷ്യത്തിൽ പുറത്തേക്കിറങ്ങി...

തൊട്ട് പിന്നാലെയായി അല്ലിയും... അലക്സിയേയും അല്ലിയേയും ഒരുമിച്ച് കണ്ടതും സർവ്വരും സ്തംഭിച്ച് നോക്കി... രാഹുലിൻ്റെ ചുണ്ടിൽ നിഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു.... അലക്സിയോടുള്ള പക അവനിൽ ആളിക്കത്തി... "ഓഹോ അപ്പോൾ മോൻ ഇവിടിരുന്ന് രാത്രി മൊത്തോം ഇതായിരുന്നല്ലേ പണി...? അഴിഞ്ഞാടാൻ രണ്ടും കൂടെ കണ്ട് പിടിച്ച സ്ഥലം കൊള്ളാം...!! പ്രിൻസിപ്പലിൻ്റെ ക്യാബിൻ..." രാഹുൽ സർവ്വരും കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു.. "അനാവശ്യം പറയരുത്...!!" അലക്സി കോപത്തോടെ പറഞ്ഞു... "നിനക്ക് അനാവശ്യം കാണിക്കാം അല്ലേ...? ഞങ്ങൾക്കത് പറയാൻ പാടില്ല... അല്ല ഏതാടാ ഈ പെണ്ണ്..? നീ കണ്ട് പിടിച്ചവൾ കൊള്ളാം... നല്ല അഡാർ ഐറ്റം തന്നെ..." രാഹുൽ അല്ലിയെ ഉഴിഞ്ഞ് നോക്കിക്കൊണ്ട് വഷളൻ ചിരിയോടെ പറഞ്ഞതും അലക്സി ദേഷ്യത്തിൽ അവൻ്റെ കോളറിൽ കയറി പിടിച്ചു... സംഭവം വഷളാകുമെന്ന് തോന്നിയതും വരുണും ഗോകുലും അലക്സിയെ പിടിച്ച് മാറ്റി.... "ടാ രാഹുലേ വെറുതെ പ്രശ്നമുണ്ടാക്കരുത്..!!" അമിത്ത് താക്കീത് നൽകി...

"അതു കൊള്ളാം...ഒരു രാത്രി മൊത്തോം ഇവൻ ഒരു പെണ്ണിനേം കൊണ്ട് ഇതിനകത്ത് കഴിഞ്ഞിട്ട് ഇപ്പം ഞാനായോ കുറ്റക്കാരാൻ...? നിനക്ക് ചോദിക്കാനും പറയാനും ഒന്നും വീട്ടിൽ ആരുമില്ലേടീ..? അതോ നീയിങ്ങനെ അഴിഞ്ഞാടാനായി നടക്കുവാണോ...?" രാഹുൽ അല്ലിയോട് ചോദിച്ചതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി... ഈറൻ മിഴികളോടെ അവനിൽ നിന്നും പിൻവലിച്ച അല്ലിയുടെ ആ നോട്ടം ചെന്നവസാനിച്ചത് സർവ്വവും കണ്ട് തറഞ്ഞ് നിൽക്കുന്ന ദേവരാജനിലും പ്രണവിലും ആയിരുന്നു... "അച്ഛാ..." അവരെ കണ്ടതും അല്ലി പരിസരം മറന്ന് ഉറക്കെ വിളിച്ചു കൊണ്ട് സങ്കടത്തോടെ അങ്ങോട്ടേക്ക് ഓടി.... "അച്ഛാ... അച്ഛാ..." അല്ലി ഇടർച്ചയോടെ വിളിച്ചതും ദേവരാജൻ്റെ കരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു... അവൾ സ്തംഭിച്ച് അയാളെ നോക്കി.... "ഇതിനായിരുന്നല്ലേടീ എക്സിബിഷൻ എന്നും പറഞ്ഞ് ഇങ്ങോട്ട് വരാനായി നീ കിടന്ന് കയറ് പൊട്ടിച്ചത്... അല്ലേടീ...??" ദേവരാജൻ ദേഷ്യത്തോടെ ചോദിച്ചു... "അച്ഛാ... ഞാനൊന്നും.. ഞാനൊരു തെറ്റും ചെയ്തിട്ടില്ല അച്ഛാ..." അല്ലി വിതുമ്പലോടെ പറഞ്ഞു...

"ഓഹോ തൻ്റെ മോള് സത്സ്വഭാവി ആയിരുന്നെങ്കിൽ ഇവിടെ ഈ സാഹചര്യത്തിൽ കാണുമായിരുന്നോ..? അതും ഇവൻ്റെ ഒപ്പം...!! ഇവൻ ഈ കോളേജിലെ ഏറ്റവും വല്ല്യ താന്തോന്നിയാ... തല്ലും വഴക്കും ആയി നടക്കലാ ഇവൻ്റെ പണി... ഇവൻ തൻ്റെ മോളെ എന്തൊക്കെ ചെയ്തെന്ന് ആർക്കറിയാം...?!" രാഹുലിൻ്റെ അച്ഛനായ വിശ്വനാഥൻ അലക്സിയെ മനപൂർവ്വം അപമാനിക്കാനായി ദേവരാജനോട് പറഞ്ഞു... അത് കേട്ടതും തൻ്റെ തൊലി ഉരിയുന്ന പോലെ ദേവരാജന് തോന്നി... "കുടുംബത്തിന് മുഴുവൻ അപമാനം ഉണ്ടാക്കി വെച്ചല്ലോടീ അസത്തേ നീ..." അല്ലിയെ പൊതിരെ തല്ലിക്കൊണ്ട് ദേവരാജൻ പറഞ്ഞു.. "അച്ഛാ എന്നെ അടിക്കല്ലേ... ഞാൻ പറയുന്നത് ഒന്ന് വിശ്വസിക്ക്..." അല്ലി സങ്കടത്തോടെ പറഞ്ഞു.... പരിഹാസത്തോടെയും അവജ്ഞയോടെയും ഉള്ള സകലരുടേയും നോട്ടം താങ്ങാനാവാതെ അല്ലി മിഴികൾ ഇറുക്കിയടച്ചു... "ഏട്ടാ... ഏട്ടാ... ഞാൻ... ഞാൻ നിരപരാതിയാ..." അല്ലി പ്രണവിനോട് പറഞ്ഞതും അവൻ ദേഷ്യത്തിൽ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story