സംഗമം: ഭാഗം 4

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"കണ്ടവൻ്റെ കൂടെയൊക്കെ ഒരു രാത്രി മുഴുവനും കഴിഞ്ഞതും പോരാ എന്നിട്ട് നീ അതിനെ ന്യായീകരിക്കാനും ശ്രമിക്കുന്നോ...?" അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് കൊണ്ട് പ്രണവ് കോപത്തോടെ ചോദിച്ചതും അല്ലിയുടെ മുഖം വേദനയാൽ ചുളിഞ്ഞു.... "കൈയ്യെടുക്കെടാ...!! അവളുടെ മേലിൽ നിന്നും കൈയ്യെടുക്കാൻ....!!" ആഞ്ജയോടെയുള്ള അലക്സിയുടെ ശബ്ദം അവിടമാകെ മുഴങ്ങിയതും പ്രണവ് ഞെട്ടലോടെ നോക്കി.... പ്രണവിൻ്റെ കരങ്ങളെ അല്ലിയിൽ നിന്നും വേർപ്പെടുത്തുമ്പോൾ അലക്സി എരിയുന്ന മിഴികളോടെ അവനെ നോക്കുന്നുണ്ടായിരുന്നു... "ഇവനേം ഇവളേം ഇന്നലെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഞാൻ ലൈബ്രറിയിൽ വെച്ച് കണ്ടതാ... അത് ചോദ്യം ചെയ്തതിന് ഇവനെന്നെ തല്ലി ചതയ്ക്കുവേം ചെയ്തു..." സർവ്വരും കേൾക്കെ വിളിച്ചു പറയുമ്പോൾ രാഹുലിൻ്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ചിരി വിരിഞ്ഞിരുന്നു... "എടാ... നിന്നെ ഞാൻ...!!" അലക്സി ദേഷ്യത്തോടെ രാഹുലിന് നേർക്ക് കൈയ്യോങ്ങി... "കണ്ടോ കണ്ടോ ഇവൻ എപ്പോഴും ഇങ്ങനെയാണ്...

ആരേലും എന്തേലും ചോദിച്ചാൽ ഉടനെ അവരെ കയറി തല്ലുന്നതാണ് ഇവൻ്റെ പണി...." രാഹുൽ വിളിച്ചു പറഞ്ഞതും സാഹചര്യം അനുകൂലമല്ലാത്തതിനാൽ അലക്സി പ്രയാസപ്പെട്ട് സ്വയം നിയന്ത്രിച്ചു.... അന്നാലും ഇവനിത് എങ്ങനെ ഒപ്പിച്ചെടുത്തോ എന്തോ...? അല്ലിയെ നോക്കിക്കൊണ്ട് വരുൺ ചിന്തിച്ചു... "നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല... ഇപ്പോൾ ഈ നിമിഷം മുതൽ നീ എൻ്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു...!! " അല്ലിയെ നോക്കിക്കൊണ്ട് ദേവരാജൻ പറഞ്ഞതും അവൾ തറഞ്ഞ് നിന്നു... ആ വാക്കുകൾ തന്നെ ഉടലോടെ ചുട്ടെരിക്കും പോലെ....!! "അച്ഛാ...." അവൾ ഉള്ളുരുകുന്ന വേദനയോടെ വിളിച്ചു... ഹൃദയം പലതായി പിളരുന്ന പോലെ... തനിക്കുണ്ടായ അപമാനത്തേക്കാളും ജന്മം തന്ന പിതാവിൻ്റെ വാക്കുകളാണ് തൻ്റെ ഹൃദയത്തെ കൂടുതൽ ചുട്ടു പൊള്ളിച്ചതെന്ന് അവൾക്ക് തോന്നി.... "വിളിക്കരുത് ഇനി മുതൽ നീയെന്നെ അങ്ങനെ...!! എപ്പോൾ മുതൽ ഞാൻ പകർന്ന് തന്ന സംസ്കാരം നീ മറന്നോ... അപ്പോൾ മുതൽ നിനക്കായ് എൻ്റെ മനസ്സിൽ ചിതയൊരുക്കി കഴിഞ്ഞു...."

"എന്നെ കേൾക്കാൻ പോലും അച്ഛൻ തയ്യാറല്ലേ...?" അല്ലി ഇടർച്ചയോടെ ചോദിച്ചു... "ഇവിടെ കണ്ടതിൽ കൂടുതലായിട്ട് കേൾക്കണ്ട ഒന്നും... ഇനീം ഞങ്ങളിവിടെ നിന്നാൽ ദേ ഇവനുണ്ടല്ലോ... നിൻ്റെ കാമുകൻ...!! ഇവൻ എൻ്റെ മേലെയും കൈ വെച്ചെന്ന് വരാം... എവിടെയെങ്കിലും പോ നീ... കാണണ്ട നിൻ്റെ മുഖം പോലും എനിക്കീ ജന്മം...!!" അല്ലി ഒന്നുരിയാടാൻ പോലുമാവാതെ നിശ്ചലയായി പോയി... താരാട്ടിയ ആ കരങ്ങൾ തന്നെ തള്ളിപ്പറയുന്നു...പുഞ്ചിരിക്കാൻ പഠിപ്പിച്ച ആ അധരങ്ങളിൽ നിറയുന്നതത്രെയും പുച്ഛം മാത്രമോ...?! വാത്സല്യം തുളുമ്പിയിരുന്ന ആ മിഴികൾ പ്രകടമാക്കുന്നതും വെറുപ്പ് മാത്രം...!! നിശബ്ദമായി അവളുടെ ഹൃദയം വിതുമ്പിയപ്പോൾ ചോദ്യങ്ങളത്രെയും ഉത്തരം കാക്കാതെ ഉള്ളിൽ തന്നെ കുടുങ്ങി കിടന്നു.. "ഇനീം മേലാൽ അങ്ങോട്ടേക്ക് വരരുത് നീ... നിനക്കവിടെ ആരും ഇല്ല... അച്ഛനും അമ്മയും ചേട്ടന്മാരും ആരും.... " പ്രണവ് താക്കീതോടെ പറഞ്ഞു... ഇരുവരും പോകാൻ തിരിഞ്ഞു... അല്ലിയുടെ നിസ്സഹായത നിറഞ്ഞ വിളികളൊക്കെയും അവർ കേൾക്കാൻ കൂട്ടാക്കിയില്ല...

"അതെ... അച്ഛനും ചേട്ടനും ഒന്നവിടെ നിന്നേ...." അലക്സി വിളിച്ചു പറഞ്ഞതും ഇരുവരും നിശ്ചലരായി... "നിങ്ങൾ എന്ത് കണ്ടിട്ടാ ഇവളെ ഇവിടെ ഉപേക്ഷിച്ച് പോകുന്നത്...? ഇവൻ വിളിച്ചു പറഞ്ഞ തോന്ന്യാസം കേട്ടിട്ടോ..? ഇത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിയാണോ നിങ്ങൾക്ക്...? പത്തിരുപത് വർഷം വളർത്തിയ മകളെ നിങ്ങൾക്ക് ഒരു തരി പോലും വിശ്വാസമില്ലേ...?" അലക്സി കടുപ്പത്തിൽ ചോദിച്ചു... "ടാ നീ കൂടുതലൊന്നും പറയണ്ടെടാ... എന്ത് ചെയ്യണമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ നീയാരാടാ...??" പ്രണവ് അലക്സിക്ക് നേരെ ചാടിയതും ദേവരാജൻ അവനെ തടഞ്ഞു കൊണ്ട് കോപത്തോടെ അലക്സിക്ക് നേരെ നോട്ടം പായിച്ചു... കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ നടന്നകലുമ്പോൾ ഇടയ്ക്കിടെ ഫോണിൽ വന്നു കൊണ്ടിരുന്ന അഭിയുടെ കാളുകൾ പ്രണവ് ദേഷ്യത്തിൽ കട്ട് ചെയ്യുന്നുണ്ടായിരുന്നു... പി.ടി.എ പ്രസിഡൻ്റ് അപ്പോഴേക്കും സംഭവ വികാസങ്ങൾ അറിഞ്ഞ് ക്യാമ്പസിൽ എത്തി.... ദേഷ്യത്തോടെ അലക്സിയെ ഒന്ന് നോക്കിയിട്ട് അയാൾ സങ്കടത്തോടെ നിൽക്കുന്ന അല്ലിക്ക് അരികിലേക്ക് നടന്നു...

"ദേ കൊച്ചേ ചെയ്യാനുള്ളതെല്ലാം ചെയ്തിട്ട് വെറുതെ പൂങ്കണ്ണീരും ഒലിപ്പിച്ചോണ്ട് നിൽക്കല്ലേ... ഓരോന്ന് കാണിച്ചു കൂട്ടുന്നേന് മുൻപ് ഓർക്കണമായിരുന്നു..." അയാൾ പുച്ഛത്തിൽ പറഞ്ഞു... "ദേ നിങ്ങള് നിർത്തുന്നുണ്ടോ.. എന്തോ കാണിച്ച് കൂട്ടിയെന്നാ പറയുന്നത്..?! അബദ്ധത്തിൽ ആ ക്യാബിനിൽ കുടുങ്ങി പോയതിന് എന്തൊക്കെ കഥകളാ മെനഞ്ഞ് കൂട്ടുന്നത്...?" അലക്സി ദേഷ്യത്തോടെ ചോദിച്ചു.... "ഓഹ് അപ്പോൾ മോൻ കാര്യം കഴിഞ്ഞ് കൈയ്യൊഴിയാനുള്ള പരിപാടിയാണല്ലേ...? അതിവിടെ നടക്കില്ല...!!" "എടോ താൻ എന്ത് കാര്യം കഴിഞ്ഞെന്നാ പറയുന്നത്...? ഞങ്ങള് അബദ്ധത്തിൽ കുടുങ്ങി പോയതാണെന്ന് പറഞ്ഞത് കേട്ടില്ലേ... പുറത്തൂന്നാണ് ഡോർ ലോക്ക് ചെയ്തത്.." "പൊന്ന് മോനേ നീ എന്നെക്കൊണ്ട് കൂടുതലൊന്നും വിശദീകരിപ്പിക്കല്ലേ... പുറത്തൂന്ന് അടച്ചാലും അകത്തൂന്ന് അടച്ചാലും രണ്ടും ഇന്നലെ മുതൽ അതിനകത്ത് അല്ലായിരുന്നോ..? മാത്രമല്ല നിൻ്റെ സ്വഭാവം ഈ കോളേജിൽ എല്ലാവർക്കും നന്നായി അറിയുവേം ചെയ്യാം..." "എങ്കിൽ ശരി.. താൻ ഒരു ഡോക്ടറെ വിളിക്ക്..." അലക്സി ഉറക്കെ വിളിച്ചു പറഞ്ഞു...

"എന്തിന് വിളിക്കാൻ...?" "ദാ ആ നിൽക്കുന്ന പെണ്ണിനെ പരിശോധിക്കാൻ... എൻ്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എൻ്റെ ഉത്തരവാദിത്വം ആണല്ലോ... തനിക്ക് അത്ര സൂക്കേടാണെങ്കിൽ ശാസ്ത്രീയമായി തെളിയിക്ക്...!!" അലക്സി മുഖം തിരിച്ചു കൊണ്ട് രോഷത്തോടെ പറഞ്ഞു... അലക്സിയുടെ ആ വാക്കുകൾ തന്നെ വിവസ്ത്രയാക്കുന്നത് പോലെ അല്ലിക്ക് തോന്നി... അത്രമേൽ അപമാനിക്കപ്പെട്ടത് പോലെ... എല്ലാവരുടെയും മിഴികൾ അല്ലിക്ക് നേരെ നീണ്ടു... അവൾ മുഖമുയർത്താതെ താഴേക്ക് മിഴികൾ പായിച്ചപ്പോൾ നോവ് വിളിച്ചോതിയ നീർക്കണങ്ങൾ നിലത്തേക്ക് പതിക്കുന്നുണ്ടായിരുന്നു... "എന്തിനാ ഡോക്ടറെ മാത്രം ആക്കുന്നെ..? പോലീസിനെ കൂടി വിളിക്ക്..." രാഹുൽ പരിഹാസത്തോടെ പറഞ്ഞു.. "അന്നാ നീ പോലീസിനെ വിളിക്കെടാ... വിളിക്ക്..." അലക്സി കോപത്തോടെ പറഞ്ഞു... അത് കേട്ടതും അമിത്തും വരുണും ഗോകുലും അലക്സിയുടെ അരികിലേക്ക് നടന്നു... "ടാ അലക്സീ അത്രയ്ക്കങ്ങ് വേണോ..? എന്തായാലും നടന്നത് നടന്നു... ഇനീം കേസും വഴക്കും ഒക്കെയായി ഇതിൻ്റെ പിന്നാലെ നടക്കാൻ ആണോ നിൻ്റെ പ്ലാൻ...? നിൻ്റെ ഭാവി എന്താവും...?

പോട്ടെ നിൻ്റെ പപ്പ അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ഞാൻ പറഞ്ഞ് തരേണ്ടല്ലോ...?" ഗോകുൽ അലക്സിയെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു... "അതേടാ വെറുതെ കേസൊന്നും ആക്കാൻ നിൽക്കണ്ട... ആ പെൺ കൊച്ചിൻ്റെ ജീവിതവും ഇല്ലാതാവും... ഇപ്പോൾ തന്നെ അതാകെ തകർന്ന് നിൽക്കുവാ... നിനക്ക് തലയൂരാൻ പറ്റിയാലും അതിനെ എല്ലാവരും കുറ്റപ്പെടുത്തും... നമ്മുടെ സമൂഹം അങ്ങിനെയാണ്... ചീത്തപ്പേര് എപ്പോഴും പെണ്ണിന് മാത്രം... എന്ത് ചെയ്യാൻ..?!" അമിത്ത് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കും ഈറൻ മിഴികളോടെ നിൽക്കുന്ന അല്ലിയെ അലക്സി ഒരു മാത്ര നോക്കി.... തന്നെ പോലെ തന്നെ നിരപരാധി അല്ലേ അവളും...?! അലക്സി ചിന്തിച്ചു.. "ഇപ്പോൾ എന്താ വേണ്ടത്...?" അലക്സി ഗൗരവത്തിൽ ചോദിച്ചു... "നിനക്ക് പതിനെട്ട് വയസ്സ് കഴിഞ്ഞതാണോ കൊച്ചേ...?" പി.ടി.എ പ്രസിഡൻ്റ് അല്ലിയോട് ചോദിച്ചതും അവൾ യാന്ത്രികമായി തലയനക്കി... "ഹും രണ്ട് പേരും പ്രായപൂർത്തി ആയ സ്ഥിതിക്ക് കൂടുതലൊന്നും നോക്കണ്ട... നീ ഇവളെയങ്ങ് കെട്ടിയേക്ക്.. എന്തായാലും എല്ലാവരും അറിഞ്ഞു... ഇനീം ഇതല്ലാതെ വേറെ വഴിയില്ല...." അത് കേട്ടതും അല്ലി ഞെട്ടലോടെ നോക്കി.... പുഞ്ചിരിയോടെയുള്ള അഭിയുടെ മുഖം മനസ്സിലേക്കലയടിച്ചു...

അച്ഛനും ചേട്ടനും ഉപേക്ഷിച്ചു പോയ നിമിഷം തന്നെ അവളാകെ തകർന്നു പോയിരുന്നു... ചുറ്റിനും അപരിചിതത്വം മാത്രം...!! ആരോട് എന്ത് പറയണമെന്നറിയാത്ത അവസ്ഥ... "ഞാനിവളെ കെട്ടിക്കോളാം... തീർന്നല്ലോ പ്രശ്നം...?" അലക്സി ചോദിച്ചു... "വാക്കാൽ പറഞ്ഞാൽ പോരാ... ഞങ്ങളുടെ മുൻപിൽ വെച്ച് തന്നെ നീ ഇവളുടെ കഴുത്തിൽ മിന്നു ചാർത്തണം... കൂടെ കൊണ്ട് പോവുകയും വേണം... നിയമപരമായി പിന്നീട് രജിസ്റ്റർ ചെയ്യാം..." അത് കേട്ടതും അലക്സി അവൻ്റെ കൂട്ടുകാരെ നോക്കി... വരുണിൻ്റെ കൈയ്യിൽ കിടന്ന ഗോൾഡ് ബ്രേസ്ലെറ്റ് ഊരിയെടുത്തു... "പൈസ വല്ലോം ഉണ്ടെങ്കിൽ വേഗം ഒന്നെടുക്ക്..." "അന്നാലും എന്നോടീ ചതി വേണ്ടായിരുന്നു..." വരുൺ ഒഴിഞ്ഞ കൈകളിലേക്ക് നോക്കിക്കൊണ്ട് കണ്ണീർ പൊഴിച്ചു... എല്ലാവരും കൈയ്യിലുള്ളതൊക്കെ എടുത്തു... "ഞാനിപ്പോൾ വരാം... സ്വർണ്ണക്കട വരെ ഒന്ന് പോണം..." അലക്സി ആരോടെന്നില്ലാതെ പറഞ്ഞു.. "അങ്ങനെ നീയിപ്പോൾ ഒറ്റയ്ക്ക് പോവണ്ട... നീ മുങ്ങിയാൽ ഈ കൊച്ചെന്ത് ചെയ്യും...? ഞാനും വരാം..." "നാശം...!!" പി. ടി. എ പ്രസിഡൻ്റ് പറഞ്ഞതും അലക്സി പിറു പിറുത്തു കൊണ്ട് പുറകെ ചെന്നു.... 🌸______💜 "ഞാൻ മിന്നു ചാർത്താൻ പോവാ... ഇനീം ആരും കണ്ടില്ലെന്ന് പറയരുത്...." അലക്സി ദേഷ്യത്തിൽ പറഞ്ഞു...

"ഓ കോപ്പ്...!! ആരുടെയെങ്കിലും കൈയ്യിൽ വല്ല നൂലോ ചരടോ മറ്റോ ഉണ്ടോ...?" "എന്തിനാ മോനേ നൂലും ചരടും ഒക്കെ..? നിൻ്റെ കഴുത്തിൽ കിടക്കുന്ന ആ കുരിശു മാല തന്നെ ധാരാളം..." വരുൺ അതും പറഞ്ഞ് അലക്സിയുടെ കഴുത്തിൽ നിന്നും അത് ഊരി എടുത്തു... "എടാ അതെൻ്റെ വല്ല്യമ്മച്ചി ചാകുന്നേന് മുൻപ് തന്നതാടാ..." "ഓഹ് സാരമില്ല... അതിനേക്കാൾ വല്ല്യ കുരിശാടാ ഇപ്പോൾ നിനക്ക് കിട്ടിയേക്കുന്നത്... അതിൻ്റെ മുൻപിൽ ഇതൊന്നുമല്ല... ധൈര്യമായി ഇതിലേക്ക് കൊരുത്ത് ചാർത്തിക്കോ...." വരുൺ പറഞ്ഞു.... അലക്സി കരങ്ങളിൽ മിന്നും എടുത്തു കൊണ്ട് ഈറൻ മിഴികളോടെ നിൽക്കുന്ന അല്ലിയെ ഒന്ന് നോക്കി... ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് ആലോചിച്ച് മെനക്കെടാതെ അവളുടെ കഴുത്തിലേക്ക് മിന്നു ചാർത്തുമ്പോൾ അവളുടെ മിഴിനീർ അവൻ്റെ കരങ്ങളെ ഈറനണിയിച്ചു... മിന്നു കെട്ടി കഴിഞ്ഞതും അലക്സി പെട്ടെന്ന് തന്നെ തൻ്റെ കരങ്ങളെ അവളിൽ നിന്നും പിൻവലിച്ചു... എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്... മുഖമുയർത്തും മുൻപ് തന്നെ ആ കരങ്ങൾ മിന്നു ചാർത്തിയിരിക്കുന്നു...!!

"അതേ ഇനീം രണ്ടു പേരും ഒന്നു ചേർന്ന് നിന്നേ... കുറച്ച് ഫോട്ടോസ് എടുക്കട്ടെ... അല്ലേൽ പിന്നെ നീ തലയൂരാൻ നോക്കും..." പി.ടി.എ പ്രസിഡൻ്റ് പറഞ്ഞതും അലക്സി മുഷിച്ചിലോടെ അവളോട് ചേർന്നു നിന്നു... 🌸______💜 "അല്ല ഇവളെ എങ്ങോട്ട് കൊണ്ട് പോകും..?" സമയം കടന്ന് പോയതും വഴിയരികിൽ നിന്ന് തലയ്ക്ക് കൈ വെച്ചു കൊണ്ട് അലക്സി ചോദിച്ചു... "അന്നാലും ഈ പെൺ കൊച്ചിനെ കാണാൻ കൊള്ളാവുന്നോണ്ട് അല്ലേടാ നീയിവളെ കെട്ടിയത്...? ഇവളുടെ സ്ഥാനത്ത് അത്ര ഭംഗിയില്ലാത്ത ആരേലും ആയിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ....?" ദൂരെ മാറി നിൽക്കുന്ന അല്ലിയെ നോക്കിക്കൊണ്ട് വരുൺ അലക്സിയോട് ചോദിച്ചു... "ഒന്ന് പോന്നുണ്ടോ നീയൊന്ന്... ആകെ ഭ്രാന്തെടുത്ത് ഇരിക്കുമ്പോഴാ... പുല്ല്...!! ഇവളുടെ സൗന്ദര്യം നോക്കിക്കോണ്ട് ഇരിക്കാനല്ലേ സമയം..." "സമയം ഇല്ലായിരുന്നെന്ന് മാത്രം പറയരുത് മോനേ നീ... ഒരു രാത്രി മുഴുവൻ കിട്ടിയിട്ടും നീ മുതലെടുത്തില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പാടാണ്..." വരുൺ പറഞ്ഞവസാനിപ്പിച്ചതും അലക്സി കോപത്തോടെ അവനെ നോക്കിക്കൊണ്ട് മുഖം തിരിച്ചു....

"എൻ്റെ ഫോൺ ഇന്നലെ പ്രശ്നത്തിനിടയിൽ എവിടെയോ കളഞ്ഞ് പോയി... നിൻ്റെ ഫോൺ ഒന്ന് തന്നേ..." അലക്സി പറഞ്ഞതും ഗോകുൽ ഫോൺ നൽകി.... അവൻ അനുജത്തിയായ ശ്രേയയെ വിളിച്ചു... "ഹലോ... ടീ" "ങേ... അച്ചാച്ചനോ..? ഇന്നലെ പൊന്നുമോൻ എവിടായിരുന്നു...?പപ്പ ഇവിടെ ഇല്ലാഞ്ഞോണ്ട് നീ രക്ഷപെട്ടു.. ഇങ്ങോട്ട് വാ മമ്മീടെ കൈയ്യീന്ന് നല്ലത് കിട്ടിക്കോളും..." "എടീ നീ വേഗം ഒന്ന് ടൗണിലുള്ള സാലിഹാ ഷോപ്പിംഗ് മാളിലേക്ക് വന്നേ..." "എന്നതാ അച്ചാച്ചാ കാര്യം..? നിൻ്റെ സ്വരത്തിൽ എന്താ ഒരു വെപ്രാളം പോലെ.. ഇതെന്താ നിൻ്റെ ഫ്രണ്ടിൻ്റെ നമ്പറിൽ നിന്ന് വിളിച്ചത്..?" "വിശദീകരിക്കാൻ നേരമില്ല... ഒന്ന് വരുന്നുണ്ടോ നീ...?" അലക്സി അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അസ്വസ്ഥതയോടെ ശിരസ്സിൽ കരം ചേർത്തു.... അവൻ മുഖമുയർത്തി അല്ലിയെ നോക്കി.... അവൻ സുഹൃത്തായ മെറിനെ നോക്കിയതും അവൾ അല്ലിയുടെ അടുത്തേക്ക് നടന്നു.... അല്ലിയേയും കൂട്ടി മെറിൻ ഷോപ്പിലേക്ക് കയറി.... "ദേ ഈ ഹാഫ് സാരി ഒന്ന് മാറ്... എന്നിട്ട് ഈ ചുരിദാർ ധരിച്ചിട്ട് വാ..." മെറിൻ സൗമ്യമായി പറഞ്ഞതും അല്ലി ഈറൻ മിഴികളോടെ നോക്കി....

"സംഭവിച്ചത് സംഭവിച്ചു... ഇനീം അതേ ചൊല്ലി ഇങ്ങനെ സങ്കടപ്പെട്ടിട്ട് കാര്യമില്ല... നിൻ്റെ വീട്ടുകാർ അറിഞ്ഞതിനേക്കാളും വല്ല്യ പ്രശ്നമാണ് അലക്സിയുടെ വീട്ടുകാർ ഇതറിഞ്ഞാൽ ഉണ്ടാവാൻ പോകുന്നത്... എന്താകുമെന്ന് ആർക്കറിയാം.. തത്കാലം നീ ഡ്രസ്സ് മാറി വാ..." മെറിൻ പറഞ്ഞതും അല്ലി ചുരിദാറും വാങ്ങി ഉറയ്ക്കാത്ത കാലടികളോടെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു... അല്പം കഴിഞ്ഞതും അല്ലി പുറത്തേക്ക് വന്നു... പിന്നാലെ ആയി മെറിനും... അലക്സി വേഗം അല്ലിയുടെ അരികിലേക്ക് നടന്നു... അവളുടെ നെറ്റിയിലെ പാതി മാഞ്ഞ ചന്ദനക്കുറി അവൻ ധൃതിയിൽ തുടച്ചു മാറ്റിയതും അവൾ ഞെട്ടലോടെ നോക്കി... അവൻ്റെ മിഴികൾ അവളുടെ കഴുത്തിൽ കിടന്ന പൂജിച്ച തകിടിലേക്ക് നീങ്ങി... അവൻ ക്ഷണ വേഗത്തിൽ അത് വലിച്ച് പൊട്ടിച്ചു.... "വേറെ എവിടെങ്കിലും തകിടോ ചരടോ മറ്റോ ഉണ്ടോ...?" അവൻ വെപ്രാളത്തിൽ ചോദിച്ചതും അല്ലി മുഖം തിരിച്ചു.. "അല്ല ഇവളുടെ പേരെന്താ...?" വരുൺ അലക്സിയോട് ചോദിച്ചു... "ദേ കൊച്ചേ എന്തോന്നാ നിൻ്റെ പേര്...?" അലക്സി മുഷിച്ചിലോടെ ചോദിച്ചു... "ങേ... കാര്യം കഴിഞ്ഞിട്ടും ഇവന് പേരറിഞ്ഞൂടെ...?!"

വരുൺ ഗോകുലിൻ്റെ ചെവിയിൽ പിറുപിറുത്തതും അവൻ കണ്ണുരുട്ടി നോക്കി... "നിന്നോട് ചോദിച്ചത് കേട്ടില്ലേ...? നിനക്ക് ചെവി കേട്ടൂടെ..? എന്നതാ നിൻ്റെ പേരെന്ന്..?" അലക്സി ശബ്ദം ഉയർത്തി ചോദിച്ചു... "അല്ലി...!!" ഉള്ളിലെ വിതുമ്പൽ പുറത്ത് പ്രകടമാക്കാതവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... "എന്തോന്ന് പല്ലിയോ..?" അവൻ ചോദിച്ചു... "അലംകൃത...!!" അത് കേട്ടതും അല്ലി ശബ്ദം കനപ്പിച്ച് പറഞ്ഞു... "നീ അലംകൃതയല്ല... നിൻ്റെ പേര് സ്റ്റെല്ല..!! കേട്ടല്ലോ... അങ്ങനയേ പറയാവൂ..." അതും പറഞ്ഞ് അലക്സി അവളുടെ മാറോട് പറ്റിച്ചേർന്ന് കിടന്ന മിന്നെടുത്ത് ചുരിദാറിന് ഉള്ളിലേക്കിട്ടതും അല്ലി സ്തംഭിച്ച് നോക്കി.. അപ്പോഴേക്കും ശ്രേയ അങ്ങോട്ടേക്ക് വന്നിരുന്നു... സ്കൂട്ടർ സൈഡിലേക്ക് ഒതുക്കി വെച്ചു കൊണ്ടവൾ അലക്സിക്ക് നേരെ നടന്നു... "അന്നാലും അച്ചാച്ചൻ കാണിച്ചത് ശരിയായില്ല... ഇന്നലെ എന്താ വീട്ടിലോട്ട് വരാഞ്ഞത്..? മമ്മി എത്ര വിഷമിച്ചെന്നോ...?"

ശ്രേയ പരിഭവത്തോടെ പറഞ്ഞു... "അതും ഇതും പറയാൻ നേരമില്ല... ദേ ഇവൾ നിൻ്റെ ഫ്രണ്ടാണ്... ഹോസ്റ്റലിൽ ആണ് താമസം... വീടങ്ങ് ദൂരെയാണ്.. പെട്ടെന്ന് സുഖമില്ലാതെ വന്നതിനാൽ കുറച്ച് ദിവസം നമ്മുടെ വീട്ടിൽ ഉണ്ടാവും..." അല്ലിയെ ശ്രേയയ്‌ക്ക് നേരെ നിർത്തിക്കൊണ്ട് അലക്സി പറഞ്ഞു... "ങേ... എൻ്റെ ഫ്രണ്ടോ...?! ഇതെൻ്റെ ഫ്രണ്ടൊന്നും അല്ല... ഞാൻ ആദ്യമായിട്ടാ കാണുന്നെ... അല്ല ഇനീം ഫേസ് ബുക്ക് വഴിയെങ്ങാനും ഉള്ള ഫ്രണ്ടാണോ..?" ശ്രേയ എന്തോ അലോചിച്ചു കൊണ്ട് പറഞ്ഞു.. "ഓ കോപ്പ്... നീ കുളമാക്കല്ലേടീ മോളെ.. തത്കാലം ഇവൾ നിൻ്റെ ഫ്രണ്ടാണ്... അങ്ങനെയെ വീട്ടിൽ പറയാവൂ... ഇപ്പോൾ ഇവളെ നീ വീട്ടിൽ കൊണ്ട് പോകണം... ഞാൻ അല്പം കഴിഞ്ഞങ്ങ് എത്തിയേക്കാം..." "എന്നതാ ഇച്ചായാ കാര്യം..?" ശ്രേയ ചോദിച്ചു... "എല്ലാം പറയാം തത്കാലം ഇവളേം കൊണ്ട് നീ വീട്ടിലേക്ക് പോ..." അലക്സി പറഞ്ഞതും ശ്രേയ അല്ലിയെ നോക്കി.. അവളുടെ ഉള്ളിലെ സങ്കടം മുഖത്ത് നിന്നും വായിച്ചെടുക്കുമ്പോൾ ശ്രേയയുടെ ഉള്ളിൽ സംശയത്തിൻ്റെ കണികകൾ ഉടലെടുത്തു തുടങ്ങിയിരുന്നു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story