സംഗമം: ഭാഗം 5

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"എടാ മിന്നു കെട്ടിയ പെണ്ണിനെ അനുജത്തിയുടെ കൂട്ടുകാരി ആണെന്നും പറഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകുന്നോ..? സത്യം നിൻ്റെ പപ്പയും മമ്മിയും എങ്ങനെയെങ്കിലും അറിയില്ലേ..?" ശ്രേയ അല്ലിയേയും കൂട്ടി പോയതും ഗോകുൽ ചോദിച്ചു... "അവളെ അവളുടെ വീട്ടുകാർ ഉപേക്ഷിച്ചില്ലേ...? ഞാൻ കൂടി സത്യം പറഞ്ഞാൽ എന്നെയും ഇറക്കി വിടും... ഒരോരോ കഷ്ടകാലം വരുന്ന വഴിയേ..." "നീ തന്നെയല്ലേ ഇതൊപ്പിച്ച് വെച്ചത്...? നിനക്ക് കാര്യം നടത്താൻ പ്രിൻസിപ്പലിൻ്റെ ക്യാബിൻ മാത്രമേ കണ്ടുള്ളോ...? ഒരു ഹോട്ടൽ റൂം വല്ലോം എടുത്താൽ പോരായിരുന്നോ...?" വരുൺ ചോദിച്ചു... "ദേ എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്....!! എടാ ഇന്നലെ ഞാൻ രാഹുലിനെ അടിച്ചപ്പോൾ പ്രിൻസി വരുന്നെന്ന് നീ വിളിച്ചു പറഞ്ഞില്ലേ... അപ്പോൾ ആ പെണ്ണും അവിടെ ഉണ്ടായിരുന്നു.... അങ്ങേര് കാര്യം എന്തെന്നറിയാൻ ഞങ്ങളെ ക്യാബിനിലേക്ക് വിളിച്ചു.... ആ സമയം പുറത്ത് അടി ആയതു കൊണ്ട് ഞങ്ങളെ അവിടെ നിർത്തിയിട്ട് പ്രിൻസി വെളിയിലേക്ക് പോയി... കുറച്ച് കഴിഞ്ഞതും ആ പ്യൂൺ വന്ന് ക്യാബിൻ പുറത്തൂന്ന് പൂട്ടിയിട്ടും പോയി...

ഇതാ സംഭവിച്ചത്.... അല്ലാതെ ഇവൾ ആരാണെന്നോ ഏതാണെന്നോ ഒന്നും എനിക്കറിയില്ല... ഇന്നലെയാ ഞാൻ ആദ്യമായിട്ട് കാണുന്നത് തന്നെ..." "ങേ... അപ്പോൾ ഇവൾ നിൻ്റെ സെറ്റപ്പ് അല്ലായിരുന്നോ...?! ഞാൻ കരുതി......" അലക്സി കൂർപ്പിച്ച് നോക്കിയതും വരുൺ പറഞ്ഞു വന്നത് പാതി വഴിയിൽ നിർത്തി.... "അപ്പോൾ പിന്നെ എന്തിനാ നീ ഇവളെ കെട്ടിയത്...? നിങ്ങള് തമ്മിൽ എന്തോ ഉണ്ടെന്ന് കരുതിയാ ഞങ്ങൾ നിങ്ങളുടെ വിവാഹത്തിന് കൂട്ട് നിന്നത്... ഇതിപ്പം ഒരു പരിചയവും ഇല്ലാത്ത ഒരാൾ ആണെങ്കിൽ..?" അമിത്ത് ചോദിച്ചു... "ഞാൻ പറഞ്ഞാൽ ആരേലും വിശ്വസിക്കുമായിരുന്നോ...? നിങ്ങൾ പോലും എന്നെ തെറ്റിദ്ധരിച്ചില്ലേ...? ആകെ സത്യം അറിയാവുന്നത് ആ പ്രിൻസിക്ക് മാത്രം ആണ്... അങ്ങേരെ ഒട്ട് രാവിലെ കണ്ടതും ഇല്ല..." "അപ്പോൾ നീ അറിഞ്ഞില്ലേ...? പ്രിൻസിക്ക് തലയ്ക്ക് അടി കിട്ടി... പുള്ളി ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്..." അമിത്ത് പറഞ്ഞു... "ഞങ്ങൾ കരുതിയത് നിന്നെ ഇന്നലെ പോലീസ് കൊണ്ട് പോയെന്നാടാ... ഇന്നവിടെ നിന്നെ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടിപ്പോയി..." "ഇനീം വരുന്നിടത്തത് വെച്ച് കാണാം..."

അലക്സി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു... 🌸_____💜 "ഹലോ അർച്ചനേ... എന്താ പറ്റിയെ..? പ്രണവ് കാൾ കട്ട് ചെയ്യുവാണല്ലോ.. അമ്മാവനെ വിളിച്ചിട്ടും സ്ഥിതി മറിച്ചല്ല..." ഏറെ നേരം കാൾ പോയതിന് ശേഷം അർച്ചന അറ്റൻ്റ് ചെയ്തതും അഭി വ്യാകുലതയോടെ ചോദിച്ചു... "അഭീ... എങ്ങനെയാ ഞാൻ... അത് നിൻ്റടുത്ത്...." അർച്ചന ഇടർച്ചയോടെ പറഞ്ഞതും പ്രണവ് ദേഷ്യത്തിൽ ഫോൺ വാങ്ങി... "എടാ മേലാൽ ഇങ്ങോട്ട് വിളിച്ച് പോയേക്കരുത്...!! എല്ലാത്തിനും നീ ഒറ്റ ഒരുത്തനാ കാരണം..." "എന്താ പറ്റിയെ...? കുറേ നേരമായി ഞാൻ കിടന്ന് നിന്നെയും അമ്മാവനേയും മാറി മാറി വിളിക്കുന്നു... അല്ലി വീട്ടിൽ തന്നെ ഇല്ലേ...? അതെങ്കിലും ഒന്ന് പറ..." "നിന്നോട് ഇതിൽ കൂടുതൽ ഒന്നും ഇവിടാർക്കും പറയാൻ ഇല്ല..." പ്രണവ് ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു... ഈശ്വരാ വിളിച്ചിട്ട് ആരും എൻ്റടുത്ത് ഒന്നും പറയുന്നില്ലല്ലോ... രണ്ട് മൂന്ന് ദിവസം കൂടി ഇവിടെ നിൽക്കണമെന്നല്ലേ രാവിലെ അറിയിച്ചത്....?! അല്ലിയെ വിളിച്ചിട്ടാണെങ്കിൽ കാൾ പോകുന്നതല്ലാതെ എടുക്കുന്നും ഇല്ല.... അഭി അസ്വസ്ഥതയോടെ ഓർത്തു... 🌸_______💜

"കയറി വാ..." വീടെത്തിയതും ശ്രേയ അല്ലിയെ അകത്തേക്ക് വിളിച്ചു... എല്ലാ വിധ ആധുനിക സൗകര്യങ്ങളാലും സമ്പന്നമായ കൊട്ടാര സാദൃശ്യമായൊരു വീടായിരുന്നു അത്.... മനസ്സ് മറ്റെവിടെയോ കുടുങ്ങി കിടന്നതിനാൽ അല്ലി നിശ്ചലയായി തന്നെ നിന്നു... "ഹലോ... പകൽക്കിനാവ് കാണുവാണോ..? നീ അകത്തേക്ക് വാ.." അല്ലിയുടെ തോളിൽ തട്ടിക്കൊണ്ട് ശ്രേയ ചിരിയോടെ പറഞ്ഞു... അവളുടെ സ്പർശനമേറ്റതും സ്വബോധം വന്നത് പോലെ അല്ലി ഞെട്ടലോടെ നോക്കി... അസാധാരണമായ അവളുടെ പെരുമാറ്റത്താൽ അല്ലിയോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ശ്രേയ മൗനം പാലിച്ചു.. ഈശ്വരാ എന്താ ഇപ്പോൾ ചെയ്യുക...?! അഭിയേട്ടൻ വരുന്നത് വരെ ഇവിടെ താമസിക്കാം... വേറെ വഴിയില്ലല്ലോ... അല്ലി സങ്കടത്തോടെ ഓർത്തു കൊണ്ട് അകത്തേക്ക് കയറി... "മമ്മീ...." ശ്രേയ നീട്ടി വിളിച്ചതും ഡെയ്സി ഹാളിലേക്ക് വന്നു... "ആഹ് വന്നോ നീ... അവനെന്തിയേ...?! ഇന്നും ഇങ്ങോട്ട് എഴുന്നള്ളാൻ ഉദ്ദേശമില്ലേ...?" ഡെയ്സി അത് ചോദിച്ചതും ശ്രേയയുടെ അരികിൽ നിൽക്കുന്ന അല്ലിയെ കണ്ടതും ഒരുമിച്ചായിരുന്നു....

അവർ സംശയത്തോടെ നോക്കി... "ഇതെൻ്റെ ഫ്രണ്ടാ മമ്മീ... ഹോസ്റ്റലിലാ... ഇവൾക്ക് പെട്ടെന്നൊരു വയ്യായ്ക... വീടങ്ങ് ഒത്തിരി ദൂരെയാ... അപ്പോൾ ഞാൻ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നതാ..." അവരുടെ മുഖത്ത് മിന്നി മായുന്ന സംശയത്തിൻ്റെ ഭാവങ്ങൾ മനസ്സിലാക്കിയെന്നോണം ശ്രേയ പറഞ്ഞു... നല്ല ഐശ്വര്യമുള്ള കുട്ടി... അല്ലിയെ നോക്കിക്കൊണ്ട് ഡെയ്സി ഓർത്തു... "എന്താ മോളുടെ പേര്...?" ഡെയ്സി ചോദിച്ചു... കർത്താവേ പേരെന്തോന്നാ....ശ്രേയ ആലോചിച്ചു... മറുപടി ഒന്നും ഇല്ലാത്തതിനാൽ ഡെയ്സി മാറി മാറി രണ്ട് പേരെയും നോക്കി..... "പേര് പറ...." ശ്രേയ അല്ലിയെ തോണ്ടിക്കൊണ്ട് പറഞ്ഞു.... "എന്താ മോളെ പേര്...?" "അൽ.. അല്ല... സ്റ്റെല്ല..." അല്ലി പറഞ്ഞു... "ഇങ്ങനൊരു കൂട്ടുകാരിയെ പറ്റി നീ പറഞ്ഞിട്ടേ ഇല്ലല്ലോ...." ഡെയ്സി ചിരിയോടെ ചോദിച്ചു... "അതിന് ഞാൻ പോലും അറിഞ്ഞത് ഇപ്പോഴല്ലേ..."ശ്രേയ പിറുപിറുത്തു... "അല്ലെടീ മോളെ നിൻ്റെ പപ്പ അറിഞ്ഞാൽ ഇവിടെ നിർത്തുന്നേന് വല്ല പ്രശ്നവും ഉണ്ടാക്കില്ലേ...?" ശ്രേയയെ മാറ്റി നിർത്തിക്കൊണ്ട് ഡെയ്സി സ്വകാര്യം പോലെ ചോദിച്ചു... "എന്താ മമ്മീ ഇത്...? അവൾക്ക് വയ്യാതെ വന്നോണ്ടല്ലേ...

ഒരാവശ്യം വരുമ്പോൾ സഹായിക്കുന്നതല്ലേ സൗഹൃദം...? എന്ത് കാര്യത്തിലും മമ്മി എന്തിനാ പപ്പ അറിഞ്ഞാലോ എന്നോർത്ത് ഭയക്കുന്നത്...?" "ഓ ഞാനെൻ്റെ ആധി കൊണ്ടങ്ങ് പറഞ്ഞെന്നേ ഉള്ളൂ... ആ കൊച്ചെങ്ങനാ പാവം ആണോ...? വിശ്വസിക്കാമോ...?" "ഈ ശ്രേയയുടെ കൂട്ടുകാരിയല്ലേ.... അപ്പോൾ തന്നെ അമ്മയ്ക്ക് ഊഹിക്കാമല്ലാ.... മറ്റെന്തിൽ സംശയിച്ചാലും സ്വഭാവ ഗുണത്തിൻ്റെ കാര്യത്തിൽ സംശയിക്കേണ്ട ആവശ്യം ഇല്ല..." ശ്രേയ സ്വയം പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.. "അന്നാലും നിനക്ക് അറിയാമല്ലോ... അവൻ്റെ കൂട്ടുകാർ പോലും നിൻ്റെ പപ്പയുള്ളപ്പോൾ ഈ വീട്ടിലേക്ക് വരാറില്ല... അപ്പോൾ പിന്നെ ഇതിനെ ഇവിടെ താമസിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ...?" "ഏറിയാൽ രണ്ടോ മൂന്നോ ദിവസം... അത്രേയല്ലേ ഉള്ളൂ മമ്മീ...? പാവം അവൾക്ക് പ്രായമായ ഒരു അങ്കിൾ മാത്രമേ ഉളളായിരുന്നു... ആ അങ്കിൾ രണ്ടാഴ്ച മുൻപ് തട്ടിപ്പോയി മമ്മീ... അവൾക്കതിൻ്റെ മനോവിഷമം കൊണ്ടാ വയ്യാതെ ആയത്... നമ്മൾ വേണ്ടെ അവളെ ആശ്വസിപ്പിക്കാൻ..." ശ്രേയ സങ്കടം അഭിനയിച്ച് പറഞ്ഞു.. "ഹും ശരി...

അതിൻ്റെ മുഖം കണ്ടാൽ ഇവിടെ നിർത്താതിരിക്കാനും തോന്നുന്നില്ല..." സഹാനുഭൂതിയോടെ അതും പറഞ്ഞ് ഡെയ്സി അല്ലിയുടെ അടുത്തേക്ക് നടന്നു... "മോളുടെ മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ... മോളൊന്നു ഫ്രഷായിട്ട് അല്പ സമയം വിശ്രമിക്ക്... പിന്നെ സംസാരിക്കാം കേട്ടോ... ശ്രേയേ സ്റ്റെല്ല മോളെ മുറിയിലേക്ക് കൊണ്ട് പോ..." ഡെയ്സി അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു... "വാ..." അല്ലിയെ നോക്കിക്കൊണ്ട് ശ്രേയ വിളിച്ചു... അവളോടൊപ്പം അനുഗമിക്കാനല്ലാതെ വേറെ വഴിയില്ലാത്തതിനാൽ അല്ലി പതിയെ ശ്രേയയുടെ പിന്നാലെ നടന്നു... "അല്ല ആരാ ആള്...?" മുറിയിലേക്ക് കയറിയതും ശ്രേയയുടെ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ അല്ലി നോക്കി... "എനിക്കറിയാം... എൻ്റെ അച്ചാച്ചൻ ഇടപെടുന്ന കാര്യമാണെങ്കിൽ അതേതേലും ഉടായിപ്പോ കള്ളത്തരമോ ഒക്കെ ആയിരിക്കും... അച്ചാച്ചൻ്റെ ഏതോ കൂട്ടുകാരൻ അടിച്ചോണ്ട് വന്നതല്ലേ നിന്നേ..? നിനക്ക് തത്കാലം ഒളിച്ച് താമസിക്കണം... അതല്ലേ കാര്യം..?" പുരികം ഉയർത്തിക്കൊണ്ട് ബുദ്ധിപരമായി എന്തോ കണ്ട് പിടിച്ച ആവേശത്തോടെ ശ്രേയ പറഞ്ഞു... "പക്ഷേ നീ പേടിക്കണ്ട... ഞാൻ ആരോടും ഒന്നും പറയില്ല... നീയായിട്ട് ഒന്നും പറയാതിരുന്നാൽ മതി... അല്ല എന്നതാ നിൻ്റെ യഥാർത്ഥ പേര്...?"

ലെയർ കട്ട് ചെയ്ത മുടിയിഴകൾ മുന്നിലേക്ക് വിടർത്തി ഇട്ടു കൊണ്ട് ശ്രേയ ചോദിച്ചു... "ഓ വേണ്ട... വേണ്ട... വേണ്ട...!! നീ പറയണ്ട... സ്റ്റെല്ല എന്ന് തന്നെ ഇരുന്നോട്ടെ... നിൻ്റെ യഥാർത്ഥ പേര് എങ്ങാനും അറിഞ്ഞാൽ ഞാനത് ഓർക്കാതെ മമ്മിയോടെങ്ങാനും പറഞ്ഞാലോ...സോ അത് നീ പറയണ്ട... ഇപ്പോൾ നീ ഒന്ന് ഫ്രഷ് ആവ്.. ദാ ഈ ഡ്രസ്സ് ഇട്ടോ...." അലമാര തുറന്ന് കൊണ്ട് തൻ്റെ ഒരു മിഡിയും ടോപ്പും എടുത്ത് അല്ലിക്ക് നേരെ നീട്ടി ശ്രേയ പറഞ്ഞു... അല്ലിയുടെ കരങ്ങൾ യാന്ത്രികമായി അത് വാങ്ങി... "ഞാനിപ്പോൾ വരാം... നീ വന്നത് കൊണ്ട് മമ്മി എന്തെങ്കിലും സ്പെഷ്യൽ ആയി ഉണ്ടാക്കുന്നുണ്ടാവും... ഞാൻ പോയി നോക്കിയിട്ട് വരട്ടെ... ആ അച്ചാച്ചൻ തെണ്ടി വന്ന് കഴിഞ്ഞാൽ പിന്നെ എനിക്കൊന്നും കിട്ടില്ല..." അലസമായി അതും പറഞ്ഞ് ഒരു മൂളിപ്പാട്ടും പാടി ശ്രേയ അടുക്കളയിലേക്ക് നടന്നു... അവൾ പോയി മറഞ്ഞതും അല്ലി ബെഡിലേക്ക് കിട്ടന്ന് വിങ്ങിപ്പൊട്ടി... ഇതു വരെ അടക്കി നിർത്തിയ സങ്കടത്തിന് ആർത്തുലച്ച് കരഞ്ഞപ്പോൾ ഒരാശ്വാസം വന്നത് പോലെ അവൾക്ക് തോന്നി... "അഭിയേട്ടാ... എന്തിനാ എന്നെ ഒറ്റയ്ക്കാക്കി പോയത്...?! വേഗം വാ... എന്നെ വന്ന് കൊണ്ട് പോ ഇവിടുന്ന്... ഇവിടാരേയും എനിക്കറിയില്ല..."

അവൾ തേങ്ങലോടെ സ്വയം പറഞ്ഞതും ആ ബെഡ്ഷീറ്റ് അവളുടെ മിഴിനീരിനാൽ കുതിർന്നു.... 🌸_______💜 ഒന്നും സംഭവിക്കാത്ത പോലെ വേണം പെരുമാറാൻ.....!! വീടിൻ്റെ മുൻപിൽ എത്തിയതും അലക്സി ഒന്ന് നിശ്വസിച്ചു കൊണ്ടോർത്തു... ഗോകുലിൻ്റെ ഒരു പഴയ ഫോൺ വാങ്ങി ശ്രേയയെ വിളിച്ചു... "ഹലോ ടീ എങ്ങനുണ്ട് വീട്ടിലെ സിറ്റുവേഷൻ...?" "എന്ത് സിറ്റുവേഷൻ...?" ശ്രേയ കൂസലില്ലാതെ ചോദിച്ചു... "അല്ല ആ കൊച്ച്... അല്ലി... അത്..." "ഓ അപ്പോൾ അല്ലീന്നാണോ അവളുടെ യഥാർത്ഥ പേര്...? അവളിവിടെ സ്റ്റെല്ലയെന്നാ പറഞ്ഞേ... ദേ അച്ചാച്ചാ എൻ്റടുത്ത് ഇതൊന്നും പറഞ്ഞേക്കല്ലേ... ഓർക്കാതെ മമ്മിയോടെങ്ങാനും ഞാൻ പറഞ്ഞ് പോയാൽ നിൻ്റെ സകല ഉടായിപ്പും അതോടെ പൊളിയും..." ഉം... അലക്സി ഒന്ന് ഇരുത്തി മൂളി... "മമ്മിക്ക് എന്തേലും സംശയം തോന്നിയോ..?" അലക്സി സ്വരം കനപ്പിച്ച് ചോദിച്ചു.... "എന്ത് സംശയം...? അവൾ എൻ്റെ ഫ്രണ്ടാണെന്നാ പറഞ്ഞത്... അല്ല നീയെന്തിനാ ഇതിൽ ഇത്ര ടെൻഷനാവുന്നത്...? നിൻ്റെ ഏതോ കൂട്ടുകാരൻ അടിച്ചോണ്ട് വന്നതല്ലേ ഇവളെ.....ആ റോഷൻ ആണോ...?

അവനാണ് സാധാരണ ഇങ്ങനെയൊക്കെ കാണിക്കാൻ ചാൻസുള്ളത്.. എന്തായാലും സെലക്ഷൻ കൊള്ളാം... അല്ല ആ കൊച്ചപ്പോൾ ഹിന്ദുവാണോ...? ഒരു കൂട്ടത്തല്ലിന് സ്കോപ്പ് ഉണ്ടല്ലോ മോനേ.. റോഷൻ്റെ പപ്പ നമ്മുടെ പപ്പയുടെ ഫ്രണ്ടാണെന്ന് നിനക്കറിയാമല്ലോ.... അവൻ കൊണ്ട് വന്ന പെണ്ണിനെ ഇവിടെ താമസിപ്പിച്ചെന്നെങ്ങാനും പപ്പ അറിഞ്ഞാൽ...? നീ പെടും..." "നീയെന്തിനാ ഈ എഴുതാപ്പുറം ഒക്കെ വായിക്കുന്നത്... റോഷൻ കൊണ്ട് വന്നതാണെങ്കിൽ നോക്കാനും അവനറിയാം... നീയതോർത്ത് തല പുണ്ണാക്കണ്ട... ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം..." ഉള്ളിലെ പരിഭ്രമം പുറത്ത് കാട്ടാതെ അലക്സി പറഞ്ഞു... "പിന്നെ നിൻ്റെ സേഫ്റ്റിക്ക് വേണ്ടി ഞാൻ കുറച്ച് എക്സ്ട്രാ കദന കഥയും കൂടെ മമ്മിയുടെ അടുത്ത് തട്ടി വിട്ടിട്ടുണ്ട്... അവൾക്ക് ആരുമില്ലെന്നും പാവം പിടിച്ചതാണെന്നും ഒക്കെ പറഞ്ഞു... മമ്മി അതോടെ ഫ്ലാറ്റ്.... എങ്ങനുണ്ട്...?!" "നീയെൻ്റെ അനുജത്തി തന്നെടീ മോളെ..." അതും പറഞ്ഞ് അലക്സി കാൾ കട്ട് ചെയ്ത് ഉള്ളിലേക്ക് നടന്നു... ഒരു മൂളിപ്പാട്ടും പാടി സ്റ്റെലായി ബൈക്കിൻ്റെ കീയും വിരലിൽ കറക്കിക്കൊണ്ട് അലക്സി അകത്തേക്ക് കയറി...

"ആഹ് വന്നോ... ഊര് തെണ്ടിക്കഴിഞ്ഞോ പൊന്ന് മോൻ...? എവിടായിരുന്നെടാ ഇന്നലെ നീ...? നിൻ്റെ പപ്പയിങ്ങ് വരട്ടെ..." ഡെയ്സി ദേഷ്യത്തിൽ പറഞ്ഞു... "എൻ്റെ ഡെയ്സിക്കുട്ടീ പിണങ്ങല്ലേ... ഞാനിങ്ങ് വന്നില്ലേ..." ഡെയ്സിയുടെ കവിളിൽ നുള്ളിക്കെണ്ട് അലക്സി ചിരിയോടെ പറഞ്ഞു... "മതി... മതി സോപ്പിട്ടത്.. പോയി കുളിക്കെടാ വിയർപ്പ് നാറുന്നു.." ഡെയ്സി പറഞ്ഞതും അലക്സി നെഞ്ചിൽ കൈവെച്ചു കൊണ്ട് മുകളിലേക്ക് നടന്നു.. ഭാഗ്യം സംശയമൊന്നുമില്ല... അവൻ ദീർഘനിശ്വാസത്തോടെ ഓർത്തു.... മുറിയിലേക്ക് കയറുന്നതിന് മുൻപ് അലക്സി ഓപ്പസിറ്റുള്ള ശ്രേയയുടെ റൂമിലേക്കൊന്ന് എത്തി നോക്കി... പെട്ടെന്ന് മിഴികൾ വെട്ടിച്ചവൻ അകത്തേക്ക് കയറി... 🌸_____💜 "ആഹാ ഇതെന്താ നീയിതുവരെ ഫ്രഷായില്ലേ...?" ബെഡിൽ കമഴ്ന്ന് കിടക്കുന്ന അല്ലിയെ കണ്ടതും ശ്രേയ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു... അവളുടെ ശബ്ദം കേട്ടതും അല്ലി മിഴിനീർ തുടച്ച് പതിയെ എഴുന്നേറ്റിരുന്നു... "എൻ്റെ കൊച്ചേ വല്ലവരുടെയും കൂടെയൊക്കെ ഇറങ്ങി വരുന്നതിന് മുൻപ് ഇതൊക്കെ ആലോചിക്കണ്ടേ...?

ഇനീം സാരമില്ല... ആ റോഷൻ ഒരു കോഴിയാണെങ്കിലും അത്ര വല്ല്യ തരികിടയൊന്നും അല്ല... പിന്നെ നീ വെറുതെ ഓരോന്നോർത്ത് സങ്കടപ്പെടണ്ട... എൻ്റെ അച്ചാച്ചൻ ഒരു കാര്യം ഏറ്റിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും... നിന്നെ സുരക്ഷിതയായി റോഷൻ്റെ അടുത്ത് എത്തിച്ചിരിക്കും... പോരേ..?" ശ്രേയ എന്തൊക്കെയാ ഈ പറയുന്നതെന്ന മട്ടിൽ അല്ലി മുഖം ചുളിച്ച് നോക്കി... മനസ്സിൻ്റെ അവശത ശരീരത്തെയും ബാധിച്ച് തുടങ്ങിയതിനാൽ കൂടുതൽ ആലോചിച്ച് മെനക്കെടാതെ അവൾ ഡ്രസ്സുമായി ബാത്ത് റൂമിലേക്ക് കയറി.... ശ്രേയ പായ്ക്ക് ചെയ്ത ബാഗും ആയി അപ്പോഴത്തേക്കും പുറത്തേക്കിറങ്ങി... "അല്ല നീയെവിടെ പോകുന്നു..?" തലയും തുവർത്തിക്കൊണ്ട് താഴേക്കിറങ്ങിയ അലക്സി അത് കണ്ടതും ചോദിച്ചു... "ഹോസ്റ്റലിൽ.... കുറച്ചൂടെ നേരത്തെ പുറപ്പെടേണ്ടതായിരുന്നു... അപ്പോഴല്ലേ നീ വിളിച്ച് അങ്ങോട്ട് വരാൻ പറഞ്ഞത്..?" "അയ്യോ അത് വേണ്ട... നീ പോകല്ലേടീ..." "അതെന്നാ പറ്റീ...?" "അല്ല അപ്പോൾ ആ അല്ലി... അല്ല സ്റ്റെല്ല ഇവിടെ ഒറ്റയ്ക്കാവില്ലേ..? അവൾക്ക് നീയൊരു കമ്പനി കൊടുക്കണ്ടേ..?"

"നീയെന്തിനാടാ അച്ചാച്ചാ അവളുടെ കാര്യത്തിൽ ഇത്ര ടെൻഷൻ ആവുന്നെ...? നിൻ്റെ പരിഭ്രമം കണ്ടാൽ ആ റോഷനല്ല നീയാ അടിച്ചോണ്ട് വന്നതെന്ന് തോന്നുമല്ലോ....?" ശ്രേയ ചിരിയോടെ പറഞ്ഞു... ഓഹ്... അപ്പോൾ ഇവൾ ശരിക്കും വിചാരിച്ചിരിക്കുന്നത് റോഷൻ പറഞ്ഞിട്ട് കൊണ്ട് വന്നതാണെന്നാണോ...? ങും അത് മതി... ഞാനായി തിരുത്താൻ നിൽക്കണ്ട... അവൻ്റെ തലയിൽ തന്നെ ഇരിക്കട്ടെ... അലക്സി ചിരിയോടെ ഓർത്തു... "ആഹ്... പിന്നെ റോഷൻ നാട്ടിലില്ലെന്ന് നിനക്കറിയാമല്ലോ... അവനും ഇവളും തമ്മിലാണെങ്കിൽ മുടിഞ്ഞ പ്രേമവും... അപ്പോഴാണ് ഇവൾക്ക് പെട്ടെന്നൊരു കല്ല്യാണാലോചന... പാവം കൊച്ചിന് പിന്നെ വീട്ടിൽ പിടിച്ച് നിൽക്കാൻ പറ്റിയില്ല..." അലക്സി തട്ടി വിട്ടു... "എന്നാലും അവനിതിനെ എങ്ങനെ വളച്ചെടുത്തോ എന്തോ..?!" ശ്രേയ പിറുപിറുത്തു.. "നീ തത്കാലം ഇപ്പോൾ പോകണ്ട... പിന്നെ ആ കൊച്ചിനോട് ഒന്നും ചോദിക്കാനും നിൽക്കണ്ട... ഇവിടോട്ട് വന്നതെങ്ങനാണെന്നും എന്തിനാണെന്നും ഒന്നും... കേട്ടോ...? വെറുതെ അതിൻ്റെ മനസ്സ് വിഷമിപ്പിക്കണ്ട... വീട്ടുകാരെയൊക്കെ വിട്ട് വന്നതിൻ്റെ സങ്കടം ഉണ്ട് അവൾക്ക്..."

"ങും... അതെനിക്ക് മനസ്സിലായി... അവളുടെ മുഖത്ത് നല്ല സങ്കടമുണ്ട്... പിന്നെ ഞാനിന്ന് പോയില്ലെങ്കിൽ നീയെന്നെ നാളെ വെളുപ്പിനെ കോളേജിൽ കൊണ്ട് വിടേണ്ടി വരും..." "വെളുപ്പിനേയോ..?" "അതെ... ക്ലാസ്സ് തുടങ്ങുന്നതിന് മുൻപങ്ങ് എത്തണ്ടേ...? പിന്നെ ഞാനൊരു ഉപകാരം ചെയ്യുമ്പോൾ അച്ചാച്ചൻ എനിക്കും ഒരുപകാരം ചെയ്യണം..." കർത്താവേ.. പണി കിട്ടി... അലക്സി ഓർത്തു... "ങും പറ... എന്തുപകാരമാ..?" "അത് പിന്നെ അച്ചാച്ചാ അച്ചാച്ചാ രണ്ട് ദിവസം കഴിഞ്ഞ് കോളേജിൽ നിന്ന് ടൂറ് പോന്നുണ്ട്... എന്നെ വിടാൻ നീ പപ്പയെ പറഞ്ഞൊന്ന് സമ്മതിപ്പിക്കണം... പ്ലീസ്.. പ്ലീസ്... പ്ലീസ്..." ഹും... ഇവിളിത് എന്നോട് തന്നെയാണോ പറയുന്നത്...? ഞാൻ ഇവളെ ടൂറിന് വിടണോന്ന് പപ്പയോട് പറഞ്ഞാൽ പപ്പയിവളെ കോളേജിൽ വിടുന്നത് തന്നെ നിർത്തും... അപ്പോഴാ.. അലക്സി ഓർത്തു.. "ങും ഞാൻ പറഞ്ഞ് നോക്കാം... പക്ഷേ നീ പോയാൽ ആ കൊച്ച്..." "ഓ അതിൻ്റെ കാര്യത്തിൽ അച്ചാച്ചൻ ടെൻഷൻ ആവണ്ട...

അച്ചാച്ചൻ്റെ ഫ്രണ്ട് ആ മെറിൻ താമസിക്കുന്ന ഫ്ലാറ്റിൽ ആക്കിയാലോ നമ്മുക്കിവളെ...?! അച്ചാച്ചൻ നാളെ എന്നെ കൊണ്ട് വിടുമ്പോൾ അവളെയും കൂടെ കൊണ്ട് പോവാം.. എൻ്റെ കൂടെ തിരിച്ച് ഹോസ്റ്റലിലേക്ക് വരുവാണെന്ന് മമ്മി വിചാരിച്ചോളും...എങ്ങനുണ്ട്...?" ങും അത് കൊള്ളാമല്ലോ... അവളെ നൈസായി ഒഴിവാക്കാം... അലക്സി ചിരിയോടെ ഓർത്തു... 🌸______💜 "അമ്മേ അമ്മയെങ്കിലും ഒന്ന് പറയ്... കുറേ നേരമായി ഈ തിരക്കിനിടയിൽ ഞാൻ മാറി മാറി എല്ലാവരെയും വിളിക്കുന്നു... പ്രണവെന്തിനാ എന്നോട് കിടന്ന് ചാടുന്നത്..?" അഭി രോഹിണിയെ വിളിച്ചു കൊണ്ട് ചോദിച്ചു.... "അത്ര തിരക്കാണെങ്കിൽ എന്തിനാ നീ ബുദ്ധിമുട്ടി വിളിക്കുന്നത്...? പോയ കാര്യം നടത്താൻ നോക്ക്..." രോഹിണി അരിശത്തിൽ പറഞ്ഞു.. "ഇങ്ങനെ എങ്ങും തൊടാതെ എല്ലാവരും സംസാരിച്ചാൽ എനിക്കൊന്നും മനസ്സിലാവില്ല... ധൃതി പിടിച്ച് വരാൻ പറ്റില്ല എനിക്ക്... രണ്ട് ദിവസം കഴിഞ്ഞേ നാട്ടിലെത്താൻ പറ്റൂ..." "ഹാ നീയിനിയും ധൃതി വെച്ച് വന്നിട്ടും വല്ല്യ കാര്യമില്ല... പോയ കാര്യം ഒക്കെ ശരിയാക്കി പതിയെ വന്നാൽ മതി..."

"അല്ലമ്മേ അല്ലി വീട്ടിൽ തന്നെയില്ലേ..? അവളെ വിളിച്ചിട്ട് എടുക്കുന്നില്ല..." "അവളെ വിളിക്കാൻ ഒക്കെയിപ്പോൾ വേറെ ആളുകൾ ഉണ്ട്... മോൻ അതോർത്ത് കൂടുതൽ വ്യാകുലപ്പെടണ്ട... പിന്നെ അല്ലിയുടെ കാര്യം ചോദിച്ച് ഏട്ടനെ വിളിക്കാൻ നിൽക്കണ്ട നീ.. ഏട്ടനേയെന്നല്ല ആരേയും...!!" രോഹിണി അതും പറഞ്ഞ് കാൾ കട്ട് ചെയ്തതും അഭി ഒന്നും മനസ്സിലാവാതെ അസ്വസ്ഥമായ മനസ്സോടെ ചെയറിലേക്കിരുന്നു.... നിൻ്റെ സ്വരം കേൾക്കാതെ എനിക്ക് ഒരു സമാധാനവും ഇല്ല അല്ലീ... എല്ലാവരും ഞാൻ വിളിച്ചിട്ട് ദേഷ്യപ്പെടുവാ... നീയെന്നെ ഒന്ന് വിളിക്ക്... അവൻ സങ്കടത്തോടെ ഓർത്തു... 🌸_____💜 അല്ലി സങ്കടത്തോടെ ജനലഴികളിൽക്കൂടി നിലാവിനെ നോക്കി നിന്നു... മനസ്സ് വല്ലാതെ മരവിച്ചത് പോലെ... ഒറ്റ ദിവസം കൊണ്ട് ജീവിതമാകെ മാറി മറിഞ്ഞിരിക്കുന്നു... കൈ വിരലിൽ കിടക്കുന്ന അഭിയുടെ പേര് കൊത്തിവെച്ച സ്വർണ്ണ മോതിരത്തിലേക്കവൾ നോക്കി... മിഴികൾ തൻ്റെ സമ്മതത്തിന് കാത്ത് നിൽക്കാതെ താനേ ഈറനണിഞ്ഞതവൾ അറിഞ്ഞു.... അഭിയെ പറ്റി ഓർത്തതും ശ്വാസം പോലും വിലങ്ങുന്ന പോലെ...

ആ മുഖം കാണാതെ ഭ്രാന്ത് പിടിക്കുന്ന പോലെ...!! ആർക്കും വേണ്ടാതായോ അല്ലിയെ..?! ഇത്രേ ഉള്ളായിരുന്നോ എല്ലാവർക്കും തന്നോടുള്ള സ്നേഹം...? അംഗീകരിക്കാൻ കഴിയുന്നില്ല.... ഉൾക്കൊള്ളാൻ സാധിക്കുന്നില്ല മനസ്സു കൊണ്ടൊന്നും.... ഇവിടെ നിൽക്കാൻ പറ്റില്ല എനിക്ക്...!! പക്ഷേ... പക്ഷേ എങ്ങോട്ടേക്ക് പോകും..? ഫോൺ ഉൾപ്പെടുന്ന ബാഗ് ആ കോളേജിലെ ഏതോ ഒരു ക്ലാസ്സ് റൂമിൽ ഫുഡ് കഴിക്കാൻ കയറിയപ്പോൾ വെച്ചിട്ട് പോന്നു.. പിന്നീട് തിരിച്ചെടുക്കാനും പറ്റിയില്ലല്ലോ.. എന്തായാലും അഭിയേട്ടൻ നാട്ടിൽ വന്നാൽ തന്നെ അന്വേഷിക്കാതെ ഇരിക്കില്ലല്ലോ... അല്ലി ഒരാശ്വസത്തോടെ ഓർത്തു.... അതോ ഇനീം തിരികെ വന്നിട്ട് അച്ഛനും ചേട്ടനും പറഞ്ഞത് കേട്ട് എന്നെ സംശയിച്ചിട്ടുണ്ടാകുമോ...? അവരെ പോലെ അഭിയേട്ടനും എന്നെ അവിശ്വസിച്ചു കാണുമോ...? എങ്കിൽ സഹിക്കാൻ പറ്റില്ല അതും കൂടിയെനിക്ക്...!! അല്ലി വേദനയോടെ ഓർത്തു... ആ രാവിൻ്റെ നിശബ്ദതയെ ദേദിച്ചു കൊണ്ടവളുടെ ഏങ്ങലടികൾ ഉയർന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story