സംഗമം: ഭാഗം 6

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"നീയിത്ര നേരത്തെ ഒക്കെ എഴുന്നേല്ക്കുമോ...?" വെളുപ്പിനെ താൻ ഉണർന്നതും കുളിച്ചിറങ്ങിയ അല്ലിയെ കണ്ടു കൊണ്ട് ശ്രേയ ചോദിച്ചു... അല്ലി അതിന് മറുപടി എന്ന പോലെ പുഞ്ചിരിക്കാൻ വിഫലമായൊരു ശ്രമം നടത്തി... "ഓക്കെ... നീ വേഗം റെഡിയായിക്കോ... ദാ ഈ ജീൻസും ടോപ്പും ഇട്ടോ... ഈ കളർ നിനക്ക് നല്ല മാച്ച് ആയിരിക്കും.." അല്ലി നിർവികാരതയോടെ ആ ഡ്രസ്സിലേക്ക് നോക്കി.... "എന്താ നിനക്കിത് ഇഷ്ടമായില്ലേ..?" ശ്രേയ ചോദിച്ചു.. "ഞാനിതൊന്നും ഇടാറില്ല..." "ഓ ശരി... മമ്മിയുടെ ഒരു സാരി എടുത്ത് തരട്ടെ..? അത് മതിയാകുമോ..?" അല്ലി തലയനക്കി.... ശ്രേയ വേഗം തന്നെ ഒരു കോട്ടൺ സാരി എടുത്തു കൊണ്ടു വന്ന് അല്ലിക്ക് നേരെ നീട്ടി....

"ദാ ഇതുടുത്തോ പുതിയതാണ്... കൂടി പോയാൽ മമ്മി ഇതൊരു രണ്ട് തവണ ഉടുത്തു കാണും... അത് നീ മൈൻ്റ് ചെയ്യണ്ട... പിന്നെ ഈ ബ്ലൗസ്സ് നിനക്ക് കുറച്ചൊരു ലൂസ് ആയിരിക്കും... അതും അത്ര കാര്യമാക്കണ്ട.... അല്ല നിനക്കെത്ര വയസ്സായി...?" "പതിനെട്ട് വയസ്സ് കഴിഞ്ഞു..." "അത്രേ ആയുള്ളോ..? അല്ല നിനക്ക് കുറച്ച് മോഡേൺ ഡ്രസ്സൊക്കെ ഇട്ടൂടേ...?" അല്ലി ഒന്നും മിണ്ടിയില്ല... "ങും ശരി... ഇത് വാങ്ങിക്കോ...." അല്ലി സാരി വാങ്ങിയതും ശ്രേയ ബാത്ത് റൂമിലേക്ക് കയറി... 🌸_______________💜 ഇവൾ ഇതുവരെ റെഡിയായില്ലേ...? എൻ്റെ ഉറക്കവും പോയി... അലക്സി അതും ഓർത്ത് ശ്രേയയുടെ റൂമിലേക്ക് നടന്നു... അവൻ വാതിലിൽ തട്ടി.. ബാത്ത് റൂമിലെ ടാപ്പിൽ നിന്നും വെള്ളം വരുന്ന ശബ്ദം കാരണം അല്ലി കേട്ടില്ല.... സാരിയിൽ കുത്താനായി എടുത്ത പിൻ താഴേക്ക് പോയതും അല്ലി അതെടുക്കാനായി മുന്നോട്ടേക്കാഞ്ഞു.... അലക്സി അക്ഷമനായി വാതിലിൽ ഒന്നും കൂടെ അമർത്തി തട്ടിയതും ലോക്ക് ചെയ്യാത്തതിനാൽ വാതിൽ താനെ തുറന്നു....

വാതിൽ മലർക്കെ തുറന്നതും നിലത്ത് നിന്നും പിൻ എടുത്ത് അല്ലി നിവർന്നതും ഒരുമിച്ചായിരുന്നു... തൊട്ട് മുൻപിൽ കണ്ട കാഴ്ച അവൻ്റെ മിഴികളിൽ ഞെട്ടലുളവാക്കി... അല്ലി മിഴികൾ ഉയർത്തിയതും അവളിലെ അവസ്ഥയും മറിച്ചായിരുന്നില്ല.. പാതിയുടുത്ത സാരി കരങ്ങളിൽ നിന്നും യാന്ത്രികമായി ഊർന്നു പോയി... വല്ലാത്ത പരിഭ്രമം തൻ്റെ മേനിയാകെ മൂടുന്നതവൾ അറിഞ്ഞു.... അനാവൃതമായ അവളുടെ ഇടുപ്പിലൂടെ അവൻ്റെ മിഴികൾ ഓടി നടന്നു... ഇതു വരെ ഉണ്ടാവാത്ത തരം എന്തൊക്കെയോ വികാരങ്ങൾ തന്നിൽ ഉടലെടുക്കും പോലെ... പിടയ്ക്കുന്ന അവളുടെ മിഴികളും വിറകൊള്ളുന്ന അധരങ്ങളും പരിഭ്രമത്താൽ പൊടിഞ്ഞ വിയർപ്പു തുള്ളികളുമൊക്കെ അവനിൽ ഓരോ നിമിഷവും വികാരങ്ങൾ അലതല്ലിച്ചു.... നിലത്തേക്ക് ജലത്തുള്ളികൾ ഇറ്റിറ്റ് വീഴ്ത്തുന്ന അവളുടെ ഈറൻ മുടിയിഴകൾ പാതിയും മുഖത്തേക്ക് പറ്റിക്കിടക്കുന്നു.... നനവാർന്ന മേനിയിൽ ഒട്ടിക്കിടക്കുന്നത് സാരീ ബ്ലൗസ്സും പാവാടയും മാത്രം.... തൻ്റെ ശ്വാസം നിലയ്ക്കുന്നത് പോലെ അലക്സിക്ക് തോന്നി....

അലക്സിയുടെ കാലടികൾ അവൻ പോലുമറിയാതെ അവളിലേക്കടുത്തു... വർദ്ധിച്ച ഹൃദയമിടിപ്പോടെ അല്ലി പിറകിലേക്ക് ചുവടുകൾ വെച്ചു... അവൻ്റെ നിശ്വാസങ്ങൾ മുഖത്തേക്ക് പതിഞ്ഞതും അല്ലി ഭയത്തോടെ മിഴികൾ ഇറുക്കിയടച്ചു.... അവൾ പേടിയാൽ വിറയ്ക്കുവാൻ തുടങ്ങിയിരുന്നു... ഉയർന്നു താഴുന്ന അവളുടെ നെഞ്ചിലൂടെ അവൻ്റെ മിഴികൾ പാഞ്ഞു.... എത്രയൊക്കെ ശാസിച്ചിട്ടും മിഴികൾ അവളിൽ നിന്നും പിൻവലിയാൻ മടിക്കുന്നതവൻ അറിഞ്ഞു... അവൻ്റെ അധരങ്ങൾ യാന്ത്രികകമായി അവളെ പുൽകാൻ തുടങ്ങിയതും പെട്ടെന്ന് സ്വബോധം വന്നവനെ പോലെ എന്തോ ഓർത്തു കൊണ്ടവൻ പിൻ വാങ്ങി.... വിറച്ചു കൊണ്ട് നിൽക്കുന്ന അല്ലിയെ കണ്ടതും അവന് സ്വന്തം പ്രവർത്തിയിൽ ലജ്ജയും മനസ്ഥാപവും തോന്നി... നിലത്തേക്ക് ഊർന്നു പോയ സാരിത്തലപ്പെടുത്തവൻ അവളുടെ മേൽ പൊതിഞ്ഞു...ശേഷം തിരിഞ്ഞ് നോക്കാതെ ധൃതിയിൽ പുറത്തേക്ക് നടന്നകന്നു.... 🌸______________💜

"മോളിത്ര പെട്ടെന്ന് പോവുമെന്ന് ഞാൻ കരുതിയില്ല... വയ്യായ്ക ഒക്കെ മാറിയോ സ്റ്റെല്ല മോളെ...?" ഡെയ്സി അല്ലിയുടെ ശിരസ്സിൽ തഴുകിക്കൊണ്ട് ചിരിയോടെ ചോദിച്ചു... "മമ്മീ ഇനീം സെൻ്റിയടിച്ച് സമയം കളയരുത്...ലേറ്റ് ആയി ചെന്നതിന് ഞാൻ ക്ലാസ്സീന്ന് പുറത്താവും പറഞ്ഞേക്കാം..." ശ്രേയ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... അല്ലി അവളെ അനുഗമിച്ചു... അലക്സി കാറിൽ ചാരി വെളിയിൽ നിൽപ്പുണ്ടായിരുന്നു... പുലർക്കാലത്തെ ഈറൻ കാറ്റിൽ വിടരാൻ വെമ്പൽ കൊള്ളുന്ന പൂമൊട്ടുകളുടെ മാസ്മരിക ഗന്ധം നിറഞ്ഞ് നിന്നു... അലക്സിക്ക് അല്ലിയുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി... എന്നാൽ അവളിൽ ഭാവവ്യത്യാസം ഒന്നുമില്ലാഞ്ഞത് അവനെ അത്ഭുതപ്പെടുത്തി... താനെന്ന ഒരു വ്യക്തി ഇവിടെ ഉണ്ടെന്ന ചിന്ത അവളുടെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടെങ്കിലല്ലേ അവൾ തന്നെ പരിഗണിക്കൂ എന്നവന് തോന്നി... ഹും... ഞാനും എന്തിന് അവളെപ്പറ്റി ചിന്തിക്കണം..? എൻ്റെ മനസ്സിലും അവളില്ലല്ലോ... അലക്സി അതും ഓർത്ത് ഗൗരവത്തിൽ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു...

അല്ലിയെ മെറിൻ്റെ ഫ്ലാറ്റിൽ ആക്കിയതിന് ശേഷം അലക്സി ശ്രേയയേയും കോളേജിലാക്കി തിരികെ വന്നു.... ഓഹ് എനിക്കിപ്പോഴാ ഒന്ന് സമാധാനം ആയത്... പപ്പ വരുമ്പോൾ ആ പെണ്ണെങ്ങാനും ഇവിടെ ഉണ്ടായിരുന്നെങ്കിൽ...!! എന്തായാലും രണ്ട് ദിവസത്തേക്ക് കോളേജിൽ പോകാൻ നിൽക്കണ്ട... ഇനീം സ്വസ്ഥമായി കിടന്നൊന്നുറങ്ങാം.... അലക്സി അതും ഓർത്ത് പുതപ്പെടുത്ത് തലവഴി മൂടി... മിഴികൾ അടച്ചതും മനസ്സിലൂടെ അറിയാതെ തന്നെ രാവിലെ കണ്ട ദൃശ്യം മിന്നി മാഞ്ഞു... പിടയ്ക്കുന്ന മിഴികളോടെ നിൽക്കുന്ന അവളുടെ അംഗലാവണ്യം അവൻ്റെ മനസ്സിനെ കടിഞ്ഞാണിട്ട് വലിച്ചു... സിരകൾക്ക് ഒരിക്കൽക്കൂടി വല്ലാതെ ചൂട് പിടിക്കുന്ന പോലെ... ഛെ!... അവൻ മിഴികൾ തുറന്ന് മുഖം വെട്ടിച്ചു... എന്താ ഇത് അലക്സീ...?! എന്തിനാ അനാവശ്യമായി ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത്... അവളെന്ന അദ്ധ്യായം തൻ്റെ ജീവിതത്തിൽ നിന്ന് മാഞ്ഞ് പോയി... അല്ല താൻ തുടച്ച് നീക്കി...വെറും ഒറ്റ ദിവസത്തെ പരിചയം.... അതു കഴിഞ്ഞു...!! വിട്ടേക്ക്.... അല്ലിയുടെ രൂപം മനസ്സിൽ നിന്നും മായിക്കാൻ ശ്രമിച്ച് കൊണ്ടവൻ സ്വയം ശാസിച്ചു.... 🌸______________💜

രണ്ട് ദിനങ്ങൾ കൊഴിഞ്ഞ് പോയി... വീട്ടിലെത്തിയതും എല്ലാം അറിഞ്ഞ അഭിയാകെ തറഞ്ഞ് നിന്നു പോയി... "ഇത്രേം ഒക്കെ സംഭവിച്ചിട്ടും ആരും.. ആരും എന്നെ ഒന്നും അറിയിച്ച് പോലുമില്ലല്ലോ...? എൻ്റെ അല്ലിക്ക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല... ലോകത്താരവളെ അവിശ്വസിച്ചാലും അഭിയവളെ കൈവിടില്ല..." അഭി സർവ്വരോടും പറഞ്ഞു... "നീ കൂടുതൽ പ്രസംഗിക്കണ്ട.... നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം.. അല്ലിയെ സുരക്ഷിതയായി ഇവിടെ എത്തിക്കും എന്ന് നീ തന്ന ഒറ്റ വാക്കിൻ്റെ പുറത്താ ഞങ്ങൾ അവളെ വിട്ടത്... അവളെ കോളേജിൽ ആക്കിയിട്ട് ഹൈദരാബാദിൽ പോവാണെന്ന് ഒരു വാക്ക് ആരോടേലും പറഞ്ഞോ നീ..? ങേ..? അത് പറഞ്ഞിരുന്നെങ്കിൽ അവളെ നിൻ്റൊപ്പം ഞങ്ങൾ അയയ്ക്കുമായിരുന്നോ...?" ദേവരാജൻ ദേഷ്യത്തിൽ ചോദിച്ചു... അഭി ഒന്നും മിണ്ടാനാവാതെ തല കുനിച്ചു... "ഈ അഗ്രഹാരത്തിലെ നിയമങ്ങളൊക്കെ ഞാൻ നിനക്ക് പഠിപ്പിച്ച് തരണ്ടാല്ലോ..? വഴി പിഴച്ചു പോയവൾ പടിക്ക് പുറത്ത്...

അതിന് കാരണക്കാരനായ നീയും ഇനിയും എൻ്റെ കൺമുന്നിൽ വരരുത്..." "അതെ എനിക്ക് തെറ്റ് പറ്റി... അല്ലി വന്ന് അത്രമേൽ ആഗ്രഹത്താൽ അവിടേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ അമ്മാവൻ സമ്മതിക്കാൻ വേണ്ടി എനിക്കൊരു കള്ളം പറയേണ്ടി വന്നു... പക്ഷേ എന്ന് കരുതി എന്തർത്ഥത്തിലാ എൻ്റെ അല്ലിയെ ഊരും പേരും അറിയാത്ത ഏതോ ഒരുത്തൻ്റെ ഒപ്പം വിട്ടിട്ട് നിങ്ങൾ രണ്ടാളും തിരികെ വന്നത്...?" "ഊരും പേരും അറിയാത്തത്ത് ബാക്കിയുള്ളവർക്കല്ലേ... അവൾക്കവനെ വിശദമായിട്ടറിയാമായിരിക്കും... അതാണല്ലോ ഒരു രാത്രി മുഴുവൻ..." പ്രണവ് മുഖം തിരിച്ച് കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു... "നിർത്ത്...!! അല്ലി ഒരിക്കലും അങ്ങനെ ചെയ്യില്ല... എനിക്കറിയാം അവളെ.... ഒരു കാര്യം എന്തായാലും എനിക്ക് മനസ്സിലായി.... അമ്മാവൻ ഇത് വരെ സ്വന്തം മകളെ മനസ്സിലാക്കിയിട്ടില്ലെന്ന്... അല്ലേലും എപ്പോഴെങ്കിലും അവളെയോ അവളുടെ ആഗ്രഹളെയോ മനസ്സിലാക്കാൻ.... എന്തിന് അവളെ ഒന്ന് കേൾക്കാൻ എങ്കിലും നിങ്ങള് ശ്രമിച്ചിട്ടുണ്ടോ...?

ഉണ്ടായിരുന്നെങ്കിൽ കൂട്ടിലടച്ച പക്ഷിയെ പോലെ ഇവിടുത്തെ ഓരോരോ പഴഞ്ചൻ നിയമങ്ങൾ അടിച്ചമർത്തി അവളെ വളർത്താൻ ശ്രിക്കില്ലായിരുന്നല്ലോ...? സ്വന്തം ആഗ്രഹങ്ങൾ അമ്മാവനോട് തുറന്ന് പറയാനുള്ള അല്ലിയുടെ ഭയമാണ് എന്നെക്കൊണ്ട് ഇങ്ങനെയൊരു കള്ളം പറയിപ്പിച്ചത്..." അഭി സങ്കടത്തോടെ പറഞ്ഞു. "ഇത്രേം ഒക്കെ കാണിച്ചിട്ട് നീയെന്നെ പഠിപ്പിക്കാൻ വരുന്നോ...?" ദേവരാജൻ ദേഷ്യത്തിൽ ചോദിച്ചു.... "നീ മാത്രമാ സർവ്വതിനും കാരണം.. നിന്നെ വിശ്വസിച്ചാ അല്ലിയെ വിട്ടത്... നിനക്കവളെ തിരികെ കൊണ്ട് വിടാൻ പറ്റില്ലായിരുന്നെങ്കിൽ പറഞ്ഞൂടായിരുന്നോടാ... അല്ലേൽ തന്നെ നിനക്കെന്താടാ നഷ്ടം...?" പ്രണവ് ക്രോധത്തോടെ ചോദിച്ചു... "എനിക്കെന്താ നഷ്ടമെന്നോ..? അല്ലി... അവളെൻ്റെ പ്രാണനാണെന്ന് നിങ്ങൾക്ക് അറിയില്ലേ...?" അഭി ഇടർച്ചയോടെ ചോദിച്ചു.. "അവൻ്റെയൊരു പ്രാണൻ.. ഇനീം അവൾടെ പേര് പോലും മിണ്ടരുത്...." രോഹിണി ദേഷ്യത്തിൽ പറഞ്ഞു... "അമ്മേ..." "എന്താടാ..? എല്ലാം ഉണ്ടാക്കി വെച്ചിട്ട് കൂടുതൽ കിടന്ന് പറയരുത് നീ..."

സർവ്വരുടെയും കുറ്റപ്പെടുത്തലുകൾ താങ്ങാനാവാതെ അഭി സങ്കടത്തോടെ പുറത്തേക്കിറങ്ങി... ഞാൻ തന്നെയാണ് കുറ്റക്കാരൻ.... അവളെ അവിടെ വിട്ടിട്ട് വരാൻ പാടില്ലായിരുന്നു.... അവൾ തിരികെ ഇവിടെ എത്തിയെന്ന് ഉറപ്പ് വരുത്താനും തനിക്കായില്ല..... എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ താൻ അർഹിക്കുന്നുവെന്ന് അവൻ്റെ മനസാക്ഷി അലമുറയിട്ടു... അല്ലീ... എവിടാ നീ...? ആരുടെയൊപ്പമാ..? നീ സന്തോഷമായിട്ടിരിക്കുവാണോ...? അഭിക്ക് ഓരോന്നോർക്കെ വല്ലാത്ത പരിഭ്രമം തോന്നി... ഇല്ല എൻ്റെ അല്ലി ഒരിക്കലും സന്തോഷവതിയായിരിക്കില്ല...ഈ അഭിയില്ലാതെ അല്ലിയെങ്ങനെ സന്തോഷമായിരിക്കും...? ആ മനസ്സ് നിറയെ ഞാനാണെന്ന് ഈ ലോകം മുഴുവൻ എതിർത്താലും എനിക്കറിയാം.. നിൻ്റെ മിഴികളിൽ എൻ്റെ സാന്നിധ്യത്തിത്തിൽ പ്രണയം ഉടലെടുക്കുന്നത് ഞാൻ എത്രയോ തവണ കണ്ടിരിക്കുന്നു... ആ അവൾക്ക് ഒരിക്കലും അമ്മാവനോ പ്രണവോ പറഞ്ഞത് പോലെ മറ്റൊരാളുടെ ഒപ്പം കഴിയാനാവില്ല.... ഇതിലെന്തോ ചതിയുണ്ട്... എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് കണ്ടെത്തണം... അഭി തീരുമാനിച്ചു... 🌸_______________💜

അലക്സിക്ക് ഈ രണ്ട് ദിവസവും സ്വസ്ഥമായൊന്ന് ഉറങ്ങാൻ പോലും സാധിച്ചില്ല... പിടച്ചിലോടെ തന്നെ നോക്കുന്ന അല്ലിയുടെ രൂപം അവൻ്റെ മനസ്സിൽ മായാതെ കിടന്നു... ചിന്തകൾക്ക് കടിഞ്ഞാണിടാൻ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല... മിഴികൾ അടയ്ക്കുമ്പോൾ മനസ്സാകെ പരിഭ്രമത്തോടെ തന്നെ ഉറ്റു നോക്കിയ ആ നേത്ര ഗോളങ്ങൾ മാത്രം... പരിഭവത്താൽ വീർപ്പിച്ച ആ കവിളുകളും തൻ്റെ മുൻപിൽ അനാവൃതമായ അവളുടെ അണിവയറും സ്വർണ്ണക്കൊലുസ്സിട്ട ആ കാൽ പാദങ്ങളും ഒക്കെ അവൻ്റെ മനസ്സ് വീണ്ടും വീണ്ടും തേടിയലഞ്ഞു... മനസ്സിൽ നിന്നും മായിക്കാൻ ശ്രമിച്ച ദൃശ്യം ചിത്തത്തിൽ ആഴത്തിൽ പതിഞ്ഞു കൊണ്ടിരുന്നു... തനിക്കവളോട് പ്രണയമാണോ...? അതോ തന്നിലെ വികാരങ്ങളെ ഒരു നോട്ടത്താൽ പോലും ഉണർത്തിയവളോട് തോന്നിയ വെറുമൊരു ഭ്രമം മാത്രമോ...?! അവൻ സ്വയം ചോദിച്ചു... 🌸______________💜

അഭി കോളേജ് ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു.... മനസ്സ് നിറയെ അല്ലി മാത്രമായിരുന്നു... കാതുകളിൽ അവളുടെ കിളി കൊഞ്ചലുകൾ അലയടിക്കുന്ന പോലെ.... പ്രിൻസിപ്പലിൻ്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ അഭിയേട്ടാ എന്നുള്ള സ്നേഹത്തോടെയുള്ള അവളുടെ വിളികൾ അവൻ്റെ ഉള്ളിൽ മുഴങ്ങി.... നീ എവിടെയാണെങ്കിലും ഞാൻ കണ്ടെത്തും അല്ലീ.... അവൻ നിശബ്ദമായി മന്ത്രിച്ചു... "സർ ചെറിയൊരു പരിക്ക് പറ്റിയതിനാൽ കുറച്ച് ദിവസമായി ലീവിലാണ്.." പ്രിൻസിപ്പലിനെ അന്വേഷിച്ച അഭിയോടായി പ്യൂൺ പറഞ്ഞു... "എനിക്ക് മൂന്ന് ദിവസം മുൻപ് ഇവിടെ ഉണ്ടായ ഒരു പ്രശ്നത്തെ പറ്റിയാണ് അറിയാൻ ഉള്ളത്... ഏതോ ഒരു പയ്യനേയും ഒപ്പം ഒരു പെൺകുട്ടിയേയും ക്യാബിനിൽ നിന്നും പിടിച്ചെന്നോ മറ്റോ..." "ഓഹ് അതാണോ കാര്യം... അല്ല നിങ്ങൾ ആരാ ഇത് തിരക്കാൻ...?" "ആ പെൺകുട്ടി എൻ്റെ ബന്ധുവാണ്... അവളിപ്പോൾ എവിടെയാണെന്ന് അറിയണം..." അല്ലിയോടൊപ്പമുള്ള ഫോട്ടോ കാട്ടിക്കൊണ്ട് അഭി പറഞ്ഞു... "ആ കൊച്ചിനെ അതിൻ്റെ വീട്ടുകാർ വേണ്ടെന്ന് വെച്ച് പോയില്ലേ.... പിന്നെ വേറെന്ത് ചെയ്യാൻ... ആ പയ്യനെ കൊണ്ട് അതിൻ്റെ കഴുത്തിൽ ഒരു മിന്നുകെട്ടിച്ച് അവൻ്റെ കൂടെ പറഞ്ഞ് വിട്ടു..."

"എന്താ പറഞ്ഞെ...?" അഭി ഞെട്ടലോടെ ചോദിച്ചു... "അതിനെ ആ അലക്സിയുടെ കൂടെ പറഞ്ഞ് വിട്ടെന്ന്..." അത് കേട്ടതും അഭിയാകെ തകർന്ന് പോയി... അവൻ്റെ മിഴികൾ ഈറനണിഞ്ഞു.... "ഈ... അലക്സി...??" അവൻ ഇടർച്ചയോടെ ചോദിച്ചു... "ആ പയ്യനാണ് അലക്സി... അവൻ പിന്നീട് തലയൂരിയാൽ ആ കൊച്ച് വഴിയാധാരം ആവില്ലെ...?" "അലക്സി ഇന്ന് കോളേജിൽ വന്നിട്ടുണ്ടോ...?" "ഇല്ലെന്നാ തോന്നുന്നെ... ആ സംഭവത്തിന് ശേഷം അവനെയും അവൻ്റെ കൂട്ടുകാരേയും കണ്ടിട്ടില്ല..." "ശരിക്കും അന്നെന്താ സംഭവിച്ചത്...?? അവർ രണ്ട് പേരും എങ്ങനെയാ അതിനുള്ളിൽ...??" അഭി വ്യാകുലതയോടെ ചോദിച്ചു... "രാവിലെ ഞാൻ ക്യാബിൻ തുറന്നപ്പോൾ അവർ രണ്ടും അതിലുണ്ട്..." "അതപ്പോൾ പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നോ..?" "തലേന്ന് ഞാൻ തന്നെയാണ് അത് പൂട്ടിയത്... ഒരു പക്ഷേ ഇനീം... എനിക്കറിയില്ല..."

"താൻ അവരെ രണ്ട് പേരെയും അതിനകത്തിട്ട് പൂട്ടിയല്ലേ...?? ഇതാവും സംഭവിച്ചത്... അല്ലാതെ എല്ലാവരും വിചാരിക്കും പോലെ എൻ്റെ അല്ലി അങ്ങനെയൊന്നും ചെയ്യില്ല...." "അവർ രണ്ടും എന്തിന് അതിനകത്ത് കയറി ഇരിക്കണം..?" തൻ്റെ ഭാഗം ന്യായീകരിക്കാനായി പ്യൂൺ പറഞ്ഞു... "സദാചാരം..!!" പുച്ഛത്തിൽ പറഞ്ഞു കൊണ്ട് അഭി മുഖം തിരിച്ചു... "പ്രിൻസിപ്പൽ ഇപ്പോൾ എവിടെയാണ്...?" അവൻ ശാന്തമായി ചോദിച്ചു... "സർ വീട്ടിൽ ആണ്..." "എനിക്കീ പറഞ്ഞ അലക്സിയുടേയും പ്രിൻസിപ്പലിൻ്റെയും അഡ്രസ്സ് വേണം..." പ്യൂൺ രജിസ്റ്റർ നോക്കി അഡ്രസ്സ് കൊടുത്തു.... 🌸________________💜 "സത്യം പറഞ്ഞാൽ അലക്സിയേയും ആ പെൺ കൊച്ചിനേയും ഞാനാണ് ക്യാബിനിലേക്ക് വിളിച്ചു കൊണ്ട് വന്നത്... അവർ തമ്മിൽ എന്തേലും പരിചയം ഉണ്ടോ ഇല്ലിയോ എന്നൊന്നും എനിക്കറിയില്ല... അലക്സി വരാന്തയിൽ നിന്നു കൊണ്ട് രാഹുലെന്ന് പറഞ്ഞ ഒരു പയ്യനെ അടിക്കുന്ന പോലെ എനിക്ക് തോന്നി... കാര്യം എന്തെന്നറിയാനാണ് അവനെയും വരാന്തയിൽ നിന്ന ആ കൊച്ചിനേയും ഞാൻ ക്യാബിനിലേക്ക് വിളിച്ചത്... പക്ഷേ വെളിയിൽ അടിയായത് കൊണ്ട് അവരോട് എന്തെങ്കിലും ചോദിക്കും മുൻപേ എനിക്ക് പുറത്തേക്കിറങ്ങേണ്ടി വന്നു...

ഞാൻ തന്നെയാ അവരോട് രണ്ട് പേരോടും ഞാൻ മടങ്ങി വരും വരെ ക്യാബിനിൽ തന്നെ നിൽക്കണമെന്ന് പറഞ്ഞതും... പക്ഷേ എനിക്ക് പരിക്ക് പറ്റിയതിനാൽ തിരിച്ച് ചെല്ലാൻ ആയില്ല... പിന്നീട് സംഭവിച്ച കാര്യങ്ങൾ ഒക്കെ ഡിസ്ച്ചാർജ് ആയി വന്നതിന് ശേഷമാണ് ഞാനറിയുന്നത്..." പ്രിൻസിപ്പൽ അഭിയോട് പറഞ്ഞു.... പിന്നീട് ആ പ്യൂൺ അവരെ അതിനകത്താക്കി പൂട്ടിയിട്ടുണ്ടാവും... പിറ്റേന്ന് രാവിലെയാണ് ക്യാബിൻ തുറന്നത്... ശേഷം എല്ലാവരും അവരെ തെറ്റിദ്ധരിച്ചു... സത്യത്തിൽ ഈ അലക്സിയും അല്ലിയും നിരപരാധികൾ ആണ്... അഭി മനസ്സിൽ പറഞ്ഞു... ശേഷം അവൻ പോയത് അലക്സിയുടെ വീട്ടിലേക്കാണ്... അവൻ കാളിംഗ് ബെൽ അമർത്തി.... അല്ലിയെ ഒന്നു കാണുവാൻ അവൻ്റെ ഹൃദയം തുടിക്കുകയായിരുന്നു... ഡെയ്സി വാതിൽ തുറന്നു... അവർ ആളെ മനസ്സിലാവാതെ നോക്കി... "ഞാൻ അഭിറാം.. ഡോക്ടർ അഭിറാം ചന്ദ്രശേഖർ... അലക്സിയെ ഒന്ന് കാണാൻ വന്നതാണ്..." അഭി സൗമ്യമായി പറഞ്ഞു... "അലക്സി ഇവിടെ ഇല്ലല്ലോ..."

"എങ്കിൽ അല്ലിയെ ഒന്ന് വിളിക്കൂ...." "ഏത് അല്ലി...?" ഡെയ്സി സംശയത്തോടെ ചോദിച്ചു... ആ ചോദ്യം കേട്ടതും അഭി സംശയ രൂപേണ നോക്കി... "നിങ്ങൾക്ക് വീട് മാറിയതാണോ...? അലക്സി എൻ്റെ മകൻ ആണ്... പക്ഷേ അല്ലിയെന്ന് പറയുന്ന ആരും ഇവിടെ ഇല്ല..." "ഈ അലക്സി പഠിക്കുന്നത് സെൻ്റ് തോമസ് കോളേജിൽ തന്നെയല്ലേ...?" "അതെ.." "രണ്ട് മൂന്ന് ദിവസമായോ അലക്സി കോളേജിൽ പോയിട്ട്...?" "അതെ... എന്താന്നൊന്നും അറിയില്ല... അവന് ഈയിടെയായി ഉഴപ്പ് കുറച്ച് കൂടുതൽ ആണ്..." അപ്പോൾ അതിനർത്ഥം കോളേജിൽ സംഭവിച്ച കാര്യങ്ങൾ അലക്സിയുടെ വീട്ടിൽ അറിഞ്ഞിട്ടില്ല... അഭി ഓർത്തു.. "അല്ല മോൻ അവൻ്റെ കൂട്ടുകാരൻ ആണോ...?" ഡെയ്സി ചോദിച്ചു.. "അത്... ഇതെൻ്റെ നമ്പർ ആണ്... അലക്സി വരുമ്പോൾ ഒന്ന് വിളിക്കാൻ പറയണേ..." അഭി അതും പറഞ്ഞ് ധൃതിയിൽ പുറത്തേക്ക് നടന്നു... അവൻ അല്ലിയെ ഇവിടേക്ക് കൊണ്ട് വന്നിട്ടില്ലെങ്കിൽ എവിടെയാവും കൊണ്ട് പോയിട്ടുണ്ടാവുക...? അഭി പരിഭ്രമത്തോടെ ഓർത്തു.... ഈശ്വരാ അവൾക്ക് കുഴപ്പമൊന്നും വരുത്തരുതേ.... ഇനീം എവിടെ ചെന്ന് അല്ലിയെ അന്വേഷിക്കും..? കോളേജിൽ നിന്ന് കിട്ടിയ അലക്സിയുടെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നും ഇല്ലല്ലോ.. അവൻ വേദനയോടെ ചിന്തിച്ചു കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു.. 🌸______________💜

സമയം രാത്രിയോടടുത്തപ്പോഴാണ് അലക്സി വീട്ടിലേക്ക് വന്നത്.. വന്ന് കേറിയതും കൈയ്യിലുള്ള ഗോകുലിൻ്റെ ഫോണിലേക്ക് മെറിൻ്റെ കാൾ വന്നു.. "ഹലോ ടീ..." "ടാ അലക്സീ നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വന്നേ..." മെറിൻ പരിഭ്രമത്തിൽ പറഞ്ഞു... "എന്താ എന്ത് പറ്റി..?" "ആ കൊച്ചില്ലേ അല്ലീ... അതവിടെ വന്നത് മുതൽ ആകെ ശോകം ആയിരുന്നു... ഫുഡ് ഒന്നും കഴിച്ചിട്ടില്ല... ഇപ്പോൾ അത് ബോധം കെട്ട് വീണെടാ... ഞാനും ജിയയും ഹോസ്പിറ്റലിൽ ആണ്... അവളെ അഡ്മിറ്റ് ചെയ്തിരിക്കുവാ..." മെറിൻ പറഞ്ഞവസാനിപ്പിച്ചതും ഇതു വരെ ഉണ്ടാവാത്ത പോലെയൊരു വെപ്രാളം അലക്സിയിൽ ഉടലെടുത്തു... "ഞാ... ഞാനിപ്പോൾ തന്നെ വരാം... അവളെ... അവളെയൊന്ന് ശ്രദ്ധിച്ചേക്കണേ..." കേട്ടപാതി കേൾക്കാത്ത പാതി അലക്സി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.... 🌸________________💜

അലക്സി വെപ്രാളത്തിൽ റൂം നമ്പർ 102 ലേക്ക് നടന്നു... അവളുടെ ഈ അവസ്ഥയ്ക്ക് താനാണല്ലോ കാരണം എന്നോർക്കെ അവന് വല്ലാത്ത സങ്കടം തോന്നി... അവൻ ധൃതിയിൽ നടന്നതും എതിരെ നടന്ന് വന്ന ഡോക്ടറെ കൂട്ടി മുട്ടിയതും ഒരുമിച്ചായിരുന്നു... "സോറി...." അലക്സി പിൻ തിരിഞ്ഞ് നോക്കാതെ തന്നെ പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു... "ഇവൾക്കെന്താ പറ്റിയെ..?" മുറിയിലേക്ക് കയറിയതും ബെഡിൽ ബോധമറ്റ് കിടക്കുന്ന അല്ലിയെ നോക്കിക്കൊണ്ട് അലക്സി വ്യാകുലതയോടെ ചോദിച്ചു... "ഫുഡൊന്നും നേരെ ചൊവ്വേ കഴിക്കാഞ്ഞതിൻ്റെയാടാ... അവിടെ വന്നത് മുതൽ അല്ലി ആകെ സങ്കടത്തിൽ ആയിരുന്നു.. അവളുടെ വീട്ടുകാരെയൊക്കെ ഓർത്താവും... ആരായാലും ഇത്തരമൊരു അവസ്ഥയിൽ തകർന്ന് പോവില്ലേ.. പാവം..." മെറിൻ സങ്കടത്തോടെ പറഞ്ഞതും അലക്സി അല്ലിയുടെ ചാരെയായി ബെഡിലേക്ക് ഇരുന്നു...

"ഡോക്ടർ വന്നിരുന്നോ..?" "അല്ലിയെ കൊണ്ടുവന്നപ്പോൾ ഒരു ഡോക്ടർ വന്നിരുന്നു... പിന്നീടാരും വന്നില്ല..." ട്രിപ്പ് തീരാറായതും അല്ലി പതിയെ ഞെരുങ്ങി... അവൾ പ്രയാസപ്പെട്ട് മിഴികൾ തുറക്കാൻ ശ്രമിച്ചു... "ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്ക് ഒരു ഡോക്ടറെ കണ്ടിരുന്നു.. ഞാൻ പോയി ഒന്ന് നോക്കിയിട്ട് വരട്ടെ.." അലക്സി അതും പറഞ്ഞ് പുറത്തേക്കിറങ്ങി.... വരുണും ഗോകുലും അവനെ അനുഗമിച്ചു... വൈറ്റ് കോട്ട് ധരിച്ച് കൊണ്ട് ആർക്കോ നിർദ്ദേശങ്ങൾ കൊടുക്കുന്ന അഭിയെ കണ്ടതും അലക്സിയുടെ മിഴികൾ വിടർന്നു... "ഡോക്ടർ...!!" അലക്സി വിളിച്ചതും അഭി പിൻ തിരിഞ്ഞു നോക്കി..

....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story