സംഗമം: ഭാഗം 7

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"ഡോക്ടർ...!!" അലക്സി വിളിച്ചതും അഭി പിൻ തിരിഞ്ഞ് നോക്കി... "ഡോക്ടർ ഒന്ന് വരുമോ..?" അവൻ വെപ്രാളത്തോടെ ചോദിച്ചതും അഭി അലക്സിക്ക് അരികിലേക്ക് നടന്നു... "എന്താ...?" അഭി ചോദിച്ചു... "അത് പിന്നെ എൻ്റെ ഭാ... അല്ല എൻ്റെ കൂടെ ആ റൂമിലേക്ക് ഒന്ന് വരൂ..." പരിഭ്രമം നിറഞ്ഞ അവൻ്റെ വാക്കുകൾ ശ്രവിച്ചതും അഭി അലക്സിക്ക് പിന്നാലെ നടന്നു... "ആ കൊച്ചിനെ ഒന്ന് നോക്ക് ഡോക്ടർ...!!" അലക്സി വാതിലിനരികിൽ ചെന്നു കൊണ്ട് അകത്തേക്ക് ചൂണ്ടി പറഞ്ഞതും അഭിയുടെ മിഴികൾ ബെഡിൽ തളർന്ന് കിടക്കുന്ന അല്ലിയിൽ പതിഞ്ഞു... അല്ലിയെ കണ്ടതും അഭി സ്തംഭിച്ച് നിന്ന് പോയി.... "മോളെ അല്ലീ..." അഭി പരിസരം മറന്ന് കൊണ്ട് അലറി... തേടിയതെന്തോ മുന്നിൽ കണ്ടവനെ പോലെ അവൻ ആവേശത്തോടെ അവളിലേക്ക് നടന്നടുത്തു... അവൻ്റെ പാദങ്ങൾക്ക് ഇതുവരെ ഇല്ലാത്ത പോലെയൊരു വേഗതയായിരുന്നു... അലക്സിയും വരുണും മെറിനും ഗോകുലുമെല്ലാം ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി... "അല്ലീ... അല്ലീ... കണ്ണ് തുറക്ക് മോളെ... എന്താ... എന്താ നിനക്ക് പറ്റിയെ..?"

അല്ലിയുടെ ശിരസ്സിൽ തഴുകിക്കൊണ്ട് അഭി സ്നേഹത്തോടെ വിളിച്ചു... പക്ഷേ അല്ലിയുടെ മിഴികൾ തളർച്ചയാൽ കൂമ്പിയടഞ്ഞ് പോയിരുന്നു... "എടാ ഇങ്ങേര് അവളുടെ ആരാണ്ടാന്നാ തോന്നുന്നെ.. ആ വെപ്രാളം കണ്ടില്ലേ...? അവൾക്ക് അത്രമേൽ വേണ്ടപ്പെട്ട ആരോ ആണ്..." വരുൺ അലക്സിയുടെ ചെവിയിൽ മന്ത്രിച്ചതും അത് ശരിയാണെന്ന് അലക്സിക്കും തോന്നി... അഭി പൊടുന്നനെ എഴുന്നേറ്റ് അലക്സിയേയും കൂട്ടുകാരേയും മാറി മാറി നോക്കി... "ഇങ്ങേരെന്തിനാടാ നമ്മളെ ഇങ്ങനെ തുറിച്ച് നോക്കുന്നെ...? ഒരു മാതിരി മാവോയിസ്റ്റുകളെ ഒക്കെ കണ്ടപോലെ..?" വരുൺ പതിയെ ചോദിച്ചു... "ഇതിൽ ആരാണ് അലക്സി...?" അഭി ശാന്തമായി ചോദിച്ചു.. അലക്സി ചുറ്റുമുള്ളവരെ ഒന്ന് നോക്കി.. "ഞാനാണ് അലക്സി..." "എന്താ അല്ലിക്ക് പറ്റിയത്...?" അഭി ചോദിച്ചു... "അത് പിന്നെ ചെറിയൊരു തല കറക്കം..." "അവളൊന്നും കഴിച്ചിട്ടില്ല അല്ലേ...?" അഭി സങ്കടത്തോടെ ചോദിച്ചു... "അവൾക്കൊന്നും കൊടുക്കാഞ്ഞിട്ടല്ല... കഴിക്കാത്തതിന് എന്ത് ചെയ്യാൻ പറ്റും..? കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ ഉരുട്ടി വായിൽ വെച്ച് കൊടുക്കാൻ...? വിശക്കുമ്പോൾ കഴിച്ചൂടെ..?"

അലക്സി പറഞ്ഞതും അഭി നിസ്സഹായതയോടെ നോക്കി.... "അല്ല ഡോക്ടർക്ക് എങ്ങനെ അല്ലിയെ അറിയാം...?" കൗതുകം ലേശം കൂടുതൽ ആയതിനാൽ വരുൺ ചോദിച്ചു... "എനിക്ക് അലക്സിയോടൊന്ന് സംസാരിക്കണം... അല്ല നിങ്ങൾ എല്ലാവരോടും സംസാരിക്കണം..." അഭി ശാന്തമായി പറഞ്ഞു... "ഡോക്ടർ സംസാരിച്ചോളൂ ഞങ്ങൾ കേട്ടോളാം..." ഒരു ചെയർ വലിച്ച് അഭിക്ക് അഭിമുഖമായി ഇരുന്നു കൊണ്ട് വരുൺ പറഞ്ഞു... അഭി അലക്സിയുടെ മുഖത്തേക്ക് നോക്കി... "ഞാനാണ് അല്ലിയെ എക്സിബിഷൻ്റെ അന്ന് നിങ്ങളുടെ കോളേജിൽ കൊണ്ട് വിട്ടത്... ഞാൻ തന്നെ അവളെ തിരികെ എത്തിക്കും എന്ന് ഉറപ്പ് കൊടുത്തത് കൊണ്ട് മാത്രമാണ് അല്ലിയെ വിടാൻ അവളുടെ വീട്ടുകാർ സമ്മതിച്ചത്... എന്നാൽ തിരികെ കൊണ്ട് വരാൻ എനിക്കായില്ല... പിന്നീട് കോളേജിൽ ഉണ്ടായ സംഭവങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു..." "അത് ഡോക്ടർ മാത്രമല്ല... ഇവൻ്റെ വീട്ടുകാർ ഒഴികെ ആ നാട്ടിലുള്ളവർ മൊത്തം അറിഞ്ഞു..." വരുൺ ഒരു വളിച്ച ചിരിയോടെ പറഞ്ഞതും അലക്സി പല്ല് ഞെരിച്ചു കൊണ്ടവനെ നോക്കി... "സത്യത്തിൽ സംഭവിച്ചത് എന്താണെന്ന് വെച്ചാൽ..."

"എനിക്കറിയാം... അല്ലിയുടെ അച്ഛനോ സഹോദരനോ പറഞ്ഞത് പോലെയല്ല കാര്യങ്ങളെന്ന്..." അലക്സി പറയാൻ തുടങ്ങിയതും അഭി പറഞ്ഞു.... "അതെ... അവിടെയെല്ലാരും പ്രചരിപ്പിച്ചത് പോലെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല... ആ ക്യാബിനിൽ കുടുങ്ങി പോയി എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടുമില്ല... പക്ഷേ അപ്പോഴത്തെ സാഹചര്യത്തിൽ ഞങ്ങളെ വിശ്വസിക്കാൻ ആരും തയ്യാറായിരുന്നില്ല... വേറെ വഴിയില്ലാതെ എനിക്കവളെ...." "വേണ്ട....!!" അലക്സിക്ക് നേരെ കൈ ഉയർത്തിക്കൊണ്ട് അവൻ പറയാൻ വന്നത് അഭി തടഞ്ഞു.... അഭി സങ്കടത്തോടെ ചെയറിലേക്കിരുന്നു... അസ്വസ്ഥതയോടെ ശിരസ്സിൽ കരം ചേർത്ത് അല്പ നേരം മിഴികൾ പൂട്ടിയടച്ചു... ബാക്കിയെല്ലാവരും മുഖത്തോട് മുഖം നോക്കി.... "അല്ലിയെൻ്റെ ജീവനാണ്...!! ഞാനില്ലാതെ അവൾക്കോ അവളില്ലാതെ എനിക്കോ ഒരു നിലനിൽപ്പില്ല... അല്പം കൂടി വ്യക്തമായി പറഞ്ഞാൽ ഇന്നേക്ക് പത്ത് ദിവസത്തിന് ശേഷം ഞങ്ങളുടെ വിവാഹമാണ്....!!" ക്ഷണ നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് അഭി പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും സർവ്വരും ഞെട്ടലോടെ നോക്കി...

തൻ്റെ ഉള്ളിൽ ഒരു ഇടിമിന്നലേറ്റ പോലെ അലക്സി തറഞ്ഞ് നിന്നു... "വർഷങ്ങളായുള്ള ഞങ്ങളുടെ പ്രണയം പൂവണിയുന്ന ദിവസം... ഞങ്ങളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ വീട്ടുകാർ നിശ്ചയിച്ചതാണ്... ഓർമ്മ വെച്ച നാൾ മുതൽ ഞാനവൾക്കും അവളെനിക്കും എന്നാണ് കേട്ട് വളർന്നത്... എന്നാലിപ്പോൾ ഞങ്ങൾ സ്വപ്നം കണ്ട ജീവിതം... ഞങ്ങളുടെ സന്തോഷങ്ങൾ... ഒരുമിച്ച് നെയ്ത് കൂട്ടിയ സ്വപ്നങ്ങൾ... എല്ലാം... എല്ലാം..." സ്വരം ഇടറിയതിനാൽ ബാക്കി പൂർത്തിയാക്കാൻ അഭിക്കായില്ല.... "എടാ ഇങ്ങേരിനിയും പറയാൻ വരുന്നത് നീ നൈസായി ഒഴിഞ്ഞ് കൊടുക്കണം എന്നാണ്... സമ്മതിക്കരുത്... സമ്മതിക്കരുത്...!!" വരുൺ അലക്സിയുടെ ചെവിയിൽ പിറുപിറുത്തു... "എന്താ ഞാനിപ്പോൾ വേണ്ടത്...?" അലക്സിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അഭി ചോദിച്ചു.. "എന്ത് വേണമെന്ന്..? അല്ലി ഇപ്പോൾ ഞങ്ങളുടെ അലക്സിയുടെ പെണ്ണാണ്.. പണ്ടത്തെ പ്രേമത്തിൻ്റെ പേര് പറഞ്ഞോണ്ട് വന്നാൽ അതെങ്ങനെ ശരിയാവും ഡോക്ടറെ..?" വരുൺ ചോദിച്ചതും അലക്സി അവനെ തടഞ്ഞു... അലക്സി ദേഷ്യത്തിൽ നോക്കിയതും വരുൺ പിന്നെയൊന്നും മിണ്ടിയില്ല...

"സംഭവിച്ചതൊക്കെ ഞാൻ പറഞ്ഞ് തരേണ്ട ആവശ്യം ഇല്ലല്ലോ... ഒരു പക്ഷേ അല്ലിയുടെ അച്ഛനോ സഹോദരനോ അവളെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇത്രത്തോളം ഒന്നും വഷളാകില്ലായിരുന്നു... അവളെ സമാധാനിപ്പിച്ച് അവർ കൂടെ കൂട്ടിക്കൊണ്ട് പോകാൻ തയ്യാറായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ലായിരുന്നു... എന്നാൽ ഞങ്ങളെ ഒന്നു കേൾക്കാൻ പോലും കൂട്ടാക്കാതെ അവരുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം മാത്രമാണ് ഞങ്ങളുടെ വിവാഹം എന്ന തീരുമാനത്തിൽ കലാശിപ്പിച്ചത്.. ഇതിൽ ഞാനെന്ത് തെറ്റാണ് ചെയ്തത്...? ഒരു കാര്യവും ഇല്ലാതെ സർവ്വരുടെയും മുൻപിൽ ഞാനും മോശക്കാരനായില്ലേ..? പ്രിൻസിപ്പലിൻ്റെ ക്യാബിനിൽ വെച്ച് പോലും അഴിഞ്ഞാട്ടം നടത്തുന്നവനായില്ലേ ഞാൻ..?" അലക്സി രോഷത്തോടെ പറഞ്ഞു... "അലക്സീ കൂൾ ഡൗൺ.. ശാന്തമായി സംസാരിക്കൂ... എല്ലാത്തിനും പരിഹാരം ഉണ്ട്..." അഭി പറഞ്ഞു.. "എനിക്ക് സ്വല്പം ദേഷ്യം കൂടുതലാണ്... ഡോക്ടറെ പോലെ പ്രേമിച്ച പെണ്ണിനെ വേറൊരുത്തൻ കെട്ടിയിട്ടും നിരാശ കാമുകനെ പോലെ ശാന്തമായി സംസാരിക്കാനൊന്നും എനിക്ക് പറ്റില്ല..."

"ഓക്കെ... അലക്സീ...I can understand.." ചെയറിൽ നിന്നും എഴുന്നേറ്റ് കൊണ്ട് അതും പറഞ്ഞ് അഭി വാതിലോരത്ത് ചെന്ന് പുറത്തേക്കും മിഴികൾ നട്ട് നിന്നു... "ഇനീം എന്ത് വേണമെന്ന് അല്ലി ഉണരുമ്പോൾ അവൾ തന്നെ തീരുമാനിക്കട്ടെ..." വേദനയുടെ നേരിയ കണിക ഉള്ളിൽ എവിടെയോ ഉടലെടുത്തു തുടങ്ങിയെങ്കിലും അങ്ങനെ പറയാനേ അലക്സിക്ക് ആയുള്ളൂ... "എന്താടാ നീയീ പറയുന്നത്... പറ്റില്ലെന്ന് പറ.. അവൾ നിൻ്റെ പെണ്ണാ.." വരുൺ പറഞ്ഞപ്പോൾ അലക്സി കണ്ണുകൾ കൊണ്ട് അരുതെന്ന് കാണിച്ചു.... അല്ലി അപ്പോഴേക്കും പതിയെ മിഴികൾ തുറന്നു... പ്രയാസപ്പെട്ട് എഴുന്നേറ്റു കൊണ്ടവൾ ചുറ്റിനും കണ്ണുകൾ ഓടിച്ചു.. അവളുടെ നേത്ര ഗോളങ്ങൾ വാതിലിന് അരികത്ത് നിൽക്കുന്ന അഭിയിൽ പതിഞ്ഞു... ആ സാമീപ്യം അവളുടെ മനസ്സ് പലപ്പോഴും തിരിച്ചറിഞ്ഞിരുന്നു... അവൾക്ക് തൻ്റെ നേത്രങ്ങളെ വിശ്വസിക്കാൻ സാധിച്ചില്ല... അവ ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞു.. ശ്വാസം പോലും വിലങ്ങുന്ന പോലെ...!! "അ...അഭിയേട്ടാ..." ആ തളർച്ചക്കിടയിലും അവൾ ഉറക്കെ വിളിച്ചു... മങ്ങിയ കാഴ്ചയിലും അവളുടെ മിഴികൾ തറഞ്ഞത് തൻ്റെ പ്രണയത്തിൽ മാത്രമായിരുന്നു...

അല്ലിയുടെ സ്വരം കേട്ടതും സർവ്വരും മുഖം തിരിച്ച് അവളെ നോക്കി.. "അ...അഭിയേട്ടാ..." അല്ലി പ്രയാസപ്പെട്ട് ബെഡിൽ നിന്നിറങ്ങി അവൻ്റെ അടുത്തേക്ക് ഓടി ചെല്ലാൻ ശ്രമിച്ചു... എന്നാൽ ശരീരത്തിൻ്റെ തളർച്ചയിൽ അവളുടെ കാലടികൾ ഇടറി.. വേച്ച് വേച്ചവൾ മുൻപോട്ട് ചുവടുകൾ വെച്ചു... അവളുടെ ലക്ഷ്യം അഭി മാത്രമായിരുന്നു... ചുറ്റും കൂടി നിന്നവരെയൊന്നും അവൾ കണ്ടില്ല... അല്ലിയുടെ മിഴികളിലെ തിളക്കത്തിൽ നിന്ന് തന്നെ അഭിക്ക് അവളുടെ ഉള്ളിലുള്ള സ്ഥാനം അലക്സിക്ക് മനസ്സിലായിരുന്നു... അല്ലി അഭിക്കരിലേക്ക് നടന്നടുത്തതും കാലടികൾ ഇടറി അവൾ വീഴാൻ പോയതും ഒരുമിച്ചായിരുന്നു... എന്നാൽ അവൾ നിലം പതിക്കും മുൻപേ ബലിഷ്ഠമായ ഇരു കരങ്ങൾ അവളെ താങ്ങി... അലക്സിയുടെ കരങ്ങൾ അവളെ ചുറ്റി വരിഞ്ഞു... ഇതു വരെ ഇല്ലാത്ത അധികാരത്തിൽ...!! അത് കണ്ടതും അഭി സ്തബ്ദനായി നിന്നു.. അലക്സിക്ക് അല്ലിയോടുള്ള കരുതൽ എത്ര മാത്രമാണെന്നവൻ ഓർത്തു... എന്നാൽ അല്ലി അലക്സി അവളെ ഇറുകെ പിടിച്ചതോ തന്നെ ആ നെഞ്ചോട് ചേർത്തതോ ഒന്നും അറിഞ്ഞിരുന്നില്ല...

അവളുടെ മിഴികൾ അഭിയിൽ മാത്രമായിരുന്നു... എന്തിനാണ് താനവളെ പിടിച്ചതെന്ന് അലക്സിക്ക് അപ്പോഴും മനസ്സിലായിരുന്നില്ല... അവൾ താഴെ വീഴാതിരിക്കാൻ പിടിച്ചതോ അതോ അവൾ ആ ഡോക്ടറുടെ അടുക്കലേക്ക് നടന്നടുക്കുന്നത് താൻ തടഞ്ഞതോ..?! രണ്ടിലേതായിരുന്നു തൻ്റെ പ്രവർത്തിക്ക് പിന്നിൽ..?! ഹൃദയത്തിൻ്റെ ചോദ്യത്തിന് മുൻപിലവൻ ഉത്തരമില്ലാതെ കുഴഞ്ഞു... "അഭിയേട്ടാ... അഭിയേട്ടാ..." പാതി ബോധത്തിൽ അവളുടെ അധരങ്ങൾ മന്ത്രം പോലെ മൊഴിഞ്ഞതും അലക്സിയുടെ കരങ്ങൾ യാന്ത്രികമായി അയഞ്ഞു... അല്ലി ക്ഷണനേരത്തിൽ അഭിയുടെ നെഞ്ചിലേക്ക് വീണു... അല്ലി പരിസരം മറന്നവനെ ഇറുകെ പുണർന്നതും അഭി എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു... അവൻ അല്പ നേരത്തിന് ശേഷം പതിയെ അവളുടെ ശിരസ്സിൽ വാത്സല്യത്തോടെ തലോടി... പതിയെ അവനിലെ പ്രണയവും ശക്തി പ്രാപിച്ച് തുടങ്ങി... അവൻ്റെ കരങ്ങളും അല്ലിയെ തേടിച്ചെന്നു...അഭിയും അല്ലിയെ തിരികെ പുണർന്നതും ആ കാഴ്ച കാണാനാവാതെ അലക്സി മുഖം തിരിച്ചു...

ചുറ്റും കൂടി നിന്നവർ ദയനീയമായി അലക്സിയെ നോക്കിയതും അവൻ്റെ ഉള്ളിലെ വേദന അവർ വായിച്ചെടുത്തിരുന്നു... അഭി അവളെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി... "അഭിയേട്ടാ എന്നെ വിട്ട് പോവല്ലേ... എങ്ങും പോവല്ലേ അഭിയേട്ടാ..." അഭിയുടെ കരങ്ങളിൽ അള്ളി പിടിച്ചു കൊണ്ട് കൊച്ചു കുട്ടിയേപ്പോലവൾ പുലമ്പി... "ഇല്ല... ഞാനെങ്ങും പോവില്ല അല്ലീ... നിന്നേം കൊണ്ടല്ലാതെ ഞാൻ എങ്ങും പോവില്ല..!!" അതും പറഞ്ഞവൻ അവളെ മാറോടണയ്ക്കാൻ തുടങ്ങിയതും അവളുടെ നെഞ്ചോട് പറ്റിച്ചേർന്ന് കിടന്ന മിന്നിലാണ് അഭിയുടെ മിഴികൾ പതിഞ്ഞത്...!! അല്ലിക്ക് നേരെ നീണ്ട തൻ്റെ കരങ്ങളെ നിമിഷാർദ്ധത്തിൽ പിൻവലിക്കുമ്പോൾ അവളിപ്പോൾ തൻ്റേതല്ല മറ്റാരുടേയോ ആണെന്ന് ആ മിന്ന് അവനെ ഓർമ്മിപ്പിച്ച് കൊണ്ടിരുന്നു... മുഖം തിരിച്ച് നിൽക്കുന്ന അലക്സിയെ അഭി നിസ്സഹായതയോടെ നോക്കി... ഒന്ന് പറയൂ അലക്സീ നിനക്കിവളെ വേണമെന്ന്.. ഇങ്ങനെ മൗനം പാലിക്കാതെ... എന്ത് ചെയ്യും ഞാൻ...? എനിക്കിവളെ വേണ്ടാഞ്ഞിട്ടല്ല... നിന്നിൽ നിന്നും ഇവളിലെ അവകാശത്തെ എങ്ങനെ തട്ടിയെടുക്കും ഞാൻ...?

അഭി ദയനീയമായി ഓർത്തു... ഒന്ന് പറ ഡോക്ടറേ നിങ്ങൾക്കിവളെ വേണ്ടെന്ന്.. എൻ്റെ നെഞ്ച് വല്ലാതെ പിടയുന്നു.. പക്ഷേ നിങ്ങൾക്ക് അവളിലുള്ള അധികാരത്തെ എങ്ങനെ തട്ടിപ്പറിക്കും ഞാൻ...? അലക്സി വേദനയോടെ ചിന്തിച്ചു... അലക്സിയുടെ മൗനം അഭിയുടെ നാവിനെ ചലിപ്പിച്ചു... "അല്ലിയുടെ തീരുമാനം എന്താണെന്ന് കേട്ടല്ലോ..." അഭി ആരോടെന്നില്ലാതെ പറഞ്ഞു... "ങും... ഇനീം കൂടുതലായിട്ട് ചോദിക്കാനും പറയാനും ഒന്നും ഇല്ലല്ലോ... ഡോക്ടർ കൊണ്ട് പൊയ്ക്കോളൂ..." അലക്സി അത്ര മാത്രം പറഞ്ഞ് ധൃതിയിൽ പുറത്തേക്ക് നടന്നു.... ചിലതൊക്കെ നഷ്ടമാവുമെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ അതിൻ്റെ വില മനസ്സിലാവൂ എന്നലക്സിക്ക് മനസ്സിലായി.... അവൻ കൈവരികളിൽ ചെന്ന് ഇറുകെ പിടിച്ച് അസ്വസ്ഥമായ മനസ്സിനെ നിയന്ത്രണാതീതമാക്കാൻ ശ്രമിച്ചു... "ടാ അലക്സീ നീ എന്തിനാടാ അങ്ങനെ പറഞ്ഞത്...? നിനക്കവളെ ഇഷ്ടമല്ലേ..? നീ സന്തോഷത്തോടെയല്ല അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾക്കറിയാം..." അവൻ്റെ പിന്നാലെ ചെന്നു കൊണ്ട് ഗോകുൽ പറഞ്ഞു... "ഞാൻ വേറെന്ത് പറയണം...?

നിങ്ങളും കണ്ടതല്ലേ ആ ഡോക്ടറെ കണ്ടപ്പോൾ ആ കൊച്ച് അഭിയേട്ടാ അഭിയേട്ടാന്ന് പറഞ്ഞ് നിലവിളിച്ചത്... നമ്മൾ അത്രേം പേർ അവിടെ കൂടി നിന്നിട്ടും അതൊന്നും അവൾ അറിഞ്ഞതേ ഇല്ല... പിന്നെ ഞാൻ എന്തധികാരത്തിലാ അവളെ വിടാൻ പറ്റില്ലെന്ന് പറയുന്നത്...? വർഷങ്ങളായി അവരല്ലേ പ്രണയിച്ചത്...? എനിക്കോ..? വെറും ദിവസങ്ങളുടെ പരിചയം മാത്രം...!! നമ്മൾക്ക് പോയേക്കാം... അവരെ അവരുടെ വഴിക്ക് വിട്ടേക്ക്... അവർ സ്വപ്നം കണ്ടത് പോലെ തന്നെ രണ്ട് പേരും സന്തോഷമായി ജീവിക്കട്ടെ..." "അപ്പോൾ നിനക്കവളെ ഒട്ടും ഇഷ്ടമല്ലേ..?" വരുൺ ചോദിച്ചു... "ഈ ചോദ്യത്തിനും ഇതിനുള്ള എൻ്റെ ഉത്തരത്തിനും ഇപ്പോൾ യാതൊരു പ്രസക്തിയും ഇല്ല..." അലക്സി പറഞ്ഞതിൻ്റെ പൊരുൾ മനസ്സിലാവാതെ വരുൺ അവനെ ഉറ്റു നോക്കി.. "ഏയ് അത് വിട്... അല്ലിയെന്ന ചാപ്റ്റർ ഇവിടെ അവസാനിച്ചു.. എവിടുന്നെങ്കിലും ഒരു കുപ്പി സംഘടിപ്പിക്കാൻ പറ്റുമോ..? രണ്ടെണ്ണം അടിക്കാതെ ഒരു സമാധാനവും ഇല്ല..." "സത്യത്തിൽ ഒരു കാര്യം എനിക്കുറപ്പായി.." "എന്ത് കാര്യം...?" വരുൺ പറഞ്ഞവസാനിപ്പിച്ചതും അലക്സി ചോദിച്ചു...

"അല്ല നിങ്ങൾ തമ്മിൽ ഒന്നും നടന്നിട്ടില്ലെന്ന്... വല്ലോം നടന്നെങ്കിൽ അവൾ വീണ്ടും ആ ഡോക്ടറെ വേണമെന്ന് പറയുമോ..?" "എടാ നിന്നെയുണ്ടല്ലോ ഞാൻ...!!" അലക്സി ദേഷ്യത്തിൽ വരുണിൻ്റെ കോളറിൽ പിടിച്ചതും ബാക്കിയെല്ലാവരും അവനെ തടഞ്ഞു... "ഒരു തമാശ പറഞ്ഞതല്ലേ... നീ സീരിയസ് ആവാതെ..നമ്മുക്ക് അവളുമാരുടെ ഫ്ലാറ്റിലേക്ക് പോയി രണ്ടോ നാലോ ഒക്കെ അടിക്കാം..." അലക്സിയുടെ തോളിൽ കൈയ്യിട്ട് വരുൺ പറഞ്ഞു... 🌸_____💜 "അഭിയേട്ടാ... നമ്മുടെ വിവാഹം... അത് നടക്കില്ലേ അഭിയേട്ടാ...?!" അല്ലി പ്രതീക്ഷയോടെ ചോദിച്ചു... "നടക്കും... ആരെതിർത്താലും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നമ്മുടെ വിവാഹം നടക്കും...!!" അഭി പറഞ്ഞത് കേട്ടതും അല്ലി ആശ്വാസത്തോടെ അവനെ നോക്കി... "എന്താ അല്ലീ നീയൊന്നും കഴിക്കാഞ്ഞത്..? അതല്ലേ നിനക്ക് വയ്യാതായത്..." "ഞാൻ അഭിയേട്ടനെ കാണാതെ എത്ര വിഷമിച്ചെന്നോ...? എനിക്ക് ഒരു സന്തോഷവും ഇല്ലായിരുന്നു.. ഇപ്പോഴാ എൻ്റെ ശ്വാസം നേരെ വീണത്..." "ഇപ്പോൾ എല്ലാം ശരിയായില്ലേ... നീ ഇത് കഴിക്ക്..."

അല്ലിക്ക് നേരെ ഫുഡ് നീട്ടിക്കൊണ്ട് അഭി പറഞ്ഞു... അവൾ കഴിക്കുന്നതും നോക്കി അവൻ ചെറിയൊരു സന്തോഷത്തോടെ ചെയറിലേക്കിരുന്നു... 🌸______💜 "അവനാരാടാ ഇപ്പോൾ കയറി വരാൻ...? അവൻ പത്ത് ദിവസം കഴിഞ്ഞല്ലേ കെട്ടാൻ ഇരുന്നത്... പക്ഷേ ഞാനല്ലേ അവളെ കെട്ടിയത്... അപ്പോൾ അവനെന്താ അവകാശം...? പറ... നിങ്ങള് പറ..." ഒരു കൈയ്യിൽ മദ്യ കുപ്പിയും പിടിച്ചു കൊണ്ട് അലക്സി കുഴയുന്ന നാവോടെ ചോദിച്ചു.... "അതേടാ നീ പറഞ്ഞതാ ശരി... ആ ഡോക്ടർ സെൻ്റിയടിച്ച് നിന്നെ ബ്രെയിൻ വാഷ് ചെയ്തു... നിഷ്കളങ്കനായ നീയാണെങ്കിലോ അങ്ങേരുടെ സെൻ്റിയിൽ വീഴുവേം ചെയ്തു... അവൾ നിൻ്റെ മാത്രമാ..." വരുൺ പറഞ്ഞപ്പോൾ ആ അന്തരീക്ഷമാകെ മദ്യത്തിൻ്റെ ഗന്ധം നിറഞ്ഞ് നിന്നു... ടെറസ്സിൽ കൂടിക്കിടക്കുന്ന കാലിയായ മദ്യകുപ്പികൾ അവരുടെ ഉള്ളിലെ ലഹരിയുടെ തീവ്രതയെ എടുത്തു കാണിച്ചു... "എനിക്ക് സങ്കടം വരുന്നെടാ... ആ കൊച്ചിനോടെനിക്ക് പ്രേമമാണോന്നൊന്നും അറിഞ്ഞൂടാ... പക്ഷേ അവൾ ആ ഡോക്ടറെ കെട്ടിപ്പിടിച്ചപ്പോൾ സഹിക്കാനായില്ല എനിക്ക്...

പ്രിയ്യപ്പെട്ടതെന്തോ നഷ്ടമാകുന്ന പോലെ... ദാ നെഞ്ചിൻ്റെ ഇവിടെ... ഇവിടെ വേദന... " തൻ്റെ നെഞ്ചിലേക്ക് ചൂണ്ടി അലക്സി അത് പറഞ്ഞപ്പോൾ ഉറയ്ക്കാത്ത കാലടികളാൽ അവൻ പിന്നിലേക്ക് വീഴാൻ പോയി... ഒരു വിധത്തിൽ ബാലൻസ് ചെയ്ത് നിന്നപ്പോൾ മറു കെയ്യിൽ മദ്യ കുപ്പിയും ഉണ്ടായിരുന്നു.. "എടാ അലക്സീ എന്നിട്ടാണോടാ നീ അവളെ ആ ഡോക്ടറുടെ ഒപ്പം വിട്ടിട്ട് വന്നത്...? അവിടെ എന്തേലും ഒക്കെ നടന്നാൽ നിനക്ക് പിന്നെ അവളേം ഓർത്ത് മാനസ മൈനേം പാടി നടക്കാനേ പറ്റൂ... രണ്ടും കൂടി ഒടുക്കത്തെ പ്രേമമും.. എന്തും നടക്കാം... പിന്നെ പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്.. ആ ഡോക്ടർക്ക് നിന്നേക്കാൾ അല്പം കൂടി ഗ്ലാമർ ഉണ്ട്... അവർ തമ്മിലാണ് മാച്ചെന്ന് തോന്നി പോവും.." വരുൺ കുഴയുന്ന നാവോടെ പറഞ്ഞു... "ടാ പന്ന മോനേ നിർത്തെടാ...!! അവൾ എൻ്റെ ഭാര്യയാ... അവൻ്റെ അല്ല.. പിന്നെ ആ അവിഞ്ഞ മോന്ത കണ്ടിട്ടാണോ അവൻ എന്നേക്കാളും സുന്ദരനാണെന്ന് നീ പറയുന്നത്...?" അലക്സി ദേഷ്യത്തിൽ ചോദിച്ചു... "നിൻ്റെയാണെന്നും പറഞ്ഞ് മോങ്ങിക്കോണ്ട് ഇരുന്നാൽ ഒന്നും നടക്കില്ല....

ആണുങ്ങളെ പോലെ അവളെ പോയി വിളിച്ചോണ്ട് വാടാ.. എന്നിട്ട് കൂടെ പൊറുപ്പിക്കാൻ നോക്ക്... അല്ലാതെ നീ വീട്ടിലും അവള് വല്ലവരുടെയും ഫ്ലാറ്റിലും ഒക്കെയായി താമസിച്ചാൽ പെണ്ണ് കൈവിട്ട് പോകും..." വരുൺ പറഞ്ഞതും അലക്സി ആകെ ആശയക്കുഴപ്പത്തിലായി... 🌸____💜 "നടക്കില്ല... നീയും അല്ലിയുമായുള്ള വിവാഹം ഒരിക്കലും നടക്കില്ല... അതിന് ഞങ്ങളാരും സമ്മതിക്കില്ല...!!" രോഹിണി ഉറച്ച സ്വരത്തിൽ അഭിയോട് പറഞ്ഞു... "എനിക്കാരുടേയും സമ്മതം ആവശ്യമില്ലെങ്കിലോ...?" അഭിയുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ രോഹിണി പതറി... "ഇത്ര നാളും എല്ലാവരും പറഞ്ഞത് അനുസരിച്ചു... അല്ലി എൻ്റേതാണെന്ന് അമ്മ തന്നെയല്ലേ എന്നെ പറഞ്ഞ് പഠിപ്പിച്ചത്..? അവളോളം നൈർമല്യമുള്ളവളെ എനിക്ക് വേറെ കിട്ടില്ലെന്നും അമ്മ തന്നെയാണ് പറഞ്ഞത്... ഞങ്ങൾ ഇരുവരുടെയും ഉള്ളിൽ മോഹം വളർത്തിയിട്ട് എല്ലാം സഫലമാവാൻ പോകുന്ന ദിവസം അടുത്തപ്പോൾ ഞാനവളെ കൈ വിടണമെന്നോ..? അവളെ വേണ്ടെന്ന് വെച്ചാൽ ഞാൻ സ്വയമെന്നെ തന്നെയാണ് വഞ്ചിക്കുന്നത്.... എനിക്കതിന് കഴിയില്ല..."

"അതെ.. ഞാൻ തന്നെയാ പറഞ്ഞത്... പക്ഷേ അതവൾ അഴിഞ്ഞാടുന്നതിന് മുൻപായിരുന്നു... കണ്ടവൻ്റെ കൂടെ ഇത്രേം ദിവസം ഒക്കെ കഴിഞ്ഞിട്ട് നാണമില്ലേ അവൾക്ക് വീണ്ടും നിന്നേ തേടി വരാൻ...?" "അമ്മേ...." അഭി ദേഷ്യത്തിൽ വിളിച്ചു... "അമ്മയോട് ഞാൻ പറഞ്ഞതല്ലേ അല്ലി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്... അവർ രണ്ട് പേരും നിരപരാധികൾ ആണ്.. സത്യമെന്താണെന്ന് ഞാൻ അന്വേഷിച്ചറിഞ്ഞതാ അമ്മേ...അല്ലി ഒരിക്കലും മനസ്സ് കൊണ്ട് പോലും എന്നെ വഞ്ചിച്ചിട്ടില്ല... ആ ഉള്ള് നിറയെ ഞാൻ മാത്രമാ അമ്മേ.. എൻ്റെ അഭാവത്തിൽ അവളുടെ അവസ്ഥ എത്ര ദയനീയമാണെന്ന് ഞാൻ നേരിൽ കണ്ടതാ.. എനിക്കവളെ വേണം.." "നിൻ്റെ അമ്മാവനും അല്ലിയുടെ ഏട്ടന്മാരും ഇതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...?" "ഹും... അവരുടെ സമ്മതം ഇനീം എന്തിന് വാങ്ങിക്കണം...? ഒരു ബന്ധോം ഇല്ലെന്ന് പറഞ്ഞ് നിഷ്കരുണം വേണ്ടെന്ന് വെച്ചതല്ലേ അമ്മാവൻ അവളെ...?അപ്പോൾ അത് നോക്കേണ്ട ആവശ്യം എനിക്കില്ല..." നടക്കില്ല അഭീ... നിൻ്റെ ആഗ്രഹം... !!എന്ത് വേണമെന്ന് എനിക്കറിയാം... അഭി നടന്നകലുന്നത് നോക്കിക്കൊണ്ട് രോഹിണി ഓർത്തു.... (തുടരും).................

അഭിപ്രായങ്ങൾ അറിയിക്കണേ..❤️❤️ സ്റ്റോറിയെ പറ്റി ഒരു വരി കുറിച്ചിട്ട് പോണേ പ്ലീസ്...🤗🤗

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story