സംഗമം: ഭാഗം 8

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

അഭിയേയും പ്രതീക്ഷിച്ച് അല്ലി ഹോസ്പിറ്റലിലെ റൂമിൽ തന്നെ ഇരിക്കുകയാണ്... തൻ്റെ മനസ്സ് അല്പമെങ്കിലും ശാന്തമായത് അഭി വന്നതിന് ശേഷമാണെന്നവൾക്ക് തോന്നി... അവൾ വാതിലിലേക്ക് മിഴികൾ നട്ടതും അകത്തേക്ക് കടന്ന് വരുന്ന ആളെ കണ്ട് പൊടുന്നനെ എഴുന്നേറ്റു... "അപ്പച്ചി...." അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അവൾ സന്തോഷത്തോടെ രോഹിണിക്കരികിലേക്ക് നടന്നു കൊണ്ട് ഒരാശ്രയത്തിനെന്ന പോലെ അവരുടെ നെഞ്ചോട് ചേരാൻ തുടങ്ങിയതും രോഹിണി കരങ്ങൾ കൊണ്ടവളെ തടുത്തു... അല്ലി ഞെട്ടലോടെ നോക്കി... പലപ്പോഴും സ്വന്തം അമ്മയെ പോലെ തന്നെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച കരങ്ങളാണ് ഇപ്പോൾ തടുത്തതെന്നോർത്തപ്പോൾ അവളുടെ ഉള്ളം വിങ്ങി.... "അപ്പച്ചീ...." അവൾ ഇടർച്ചയോടെ വിളിച്ചു... "അല്ലീ... നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു... ഇപ്പോഴും ഇഷ്ടമാണ്... നീ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം... പക്ഷേ സത്യം എന്ത് തന്നെ ആയാലും അഭിയുടെ ജീവിതത്തിൽ നീയിനിയും ഉണ്ടാവാൻ പാടില്ല..."

രോഹിണി പറഞ്ഞവസാനിപ്പിച്ചതും അല്ലി സ്തംഭിച്ച് നോക്കി... "നിനക്കറിയാമല്ലോ... രുദ്രയുടെ വിവാഹം ഉറപ്പിച്ച കാര്യം... ഈ അവസ്ഥയിൽ സർവ്വരെയും ധിക്കരിച്ച് അഭി നിന്നെ വിവാഹം കഴിച്ചാൽ അത് വലിയ പ്രശ്‌നമാകും... പിന്നെ എൻ്റെ രുദ്ര മോളുടെ വിവാഹം നടക്കില്ല... നിൻ്റെ അച്ഛനും സഹോദരനും പോലും നിന്നെ വിശ്വാസമില്ല... പിന്നെ ആര് നിന്നെ വിശ്വസിക്കും...? രുദ്ര ആശിച്ച ജീവിതം നീ കാരണം നഷ്ടമാവരുത്... അവളെ വിവാഹം ചെയ്യാനിരുന്ന പയ്യൻ്റെ വീട്ടുകാർ എല്ലാം അറിഞ്ഞു... നിന്നെ ഇനീം അഭി വിവാഹം കഴിച്ചാൽ അവർ ഈ ബന്ധത്തിൽ നിന്ന് പിന്മാറും... രുദ്ര നിനക്ക് സ്വന്തം സഹോദരിയെ പോലെയല്ലേ...? അവളുടെ സന്തോഷങ്ങൾ തല്ലിക്കെടുത്തിയിട്ട് വേണോ അഭിയെ നിനക്ക് വിവാഹം കഴിക്കാൻ...? ഞങ്ങൾ ആര് പറഞ്ഞാലും അഭി അവൻ്റെ തീരുമാനത്തിൽ നിന്ന് പിന്മാറില്ല... അതു കൊണ്ട് നീ തന്നെ അവനോട് പറയണം... നിന്നെ എന്നന്നേക്കുമായി മറക്കാൻ..." "ഞാനൊരു തെറ്റും ചെയ്തിട്ടില്ല അപ്പച്ചീ.. അച്ഛനും ഏട്ടനും എന്നെ തെറ്റിദ്ധരിച്ചതാ... എൻ്റെ മനസ്സിൽ അഭിയേട്ടൻ മാത്രമേയുള്ളൂ..."

അല്ലി സങ്കടത്തോടെ പറഞ്ഞു.. "ഇനിയും അഭിയേപ്പറ്റി നീ ചിന്തിക്കാൻ പോലും പാടില്ല...എന്തൊക്കെ ന്യായീകരണങ്ങൾ നിരത്തിയാലും എല്ലാവരുടെയും മുൻപിൽ നീ കുറ്റക്കാരി തന്നെയാണ്... തെറ്റ് ചെയ്തിട്ടില്ലെന്ന് നീ ആയിരം തവണ ആണയിട്ടാലും നിൻ്റെ വീട്ടുകാർ പോലും നിന്നെ വിശ്വസിക്കില്ല.. അഭി ഞങ്ങളെയെല്ലാം ധിക്കരിച്ചാണ് നിന്നെ വിവാഹം ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്... അവൻ സർവ്വരുടെയും വെറുപ്പ് സമ്പാദിക്കുന്നത് കാണാൻ നിനക്കിഷ്ടമാണോ...?" അല്ലി എന്ത് പറയണമെന്നറിയാതെ ദയനീയമായി നോക്കി... "പിന്നെ എല്ലാവരുടെയും മുൻപിൽ നീയിപ്പോൾ മറ്റൊരു പുരുഷൻ്റെ ഒപ്പം കഴിഞ്ഞ പെണ്ണാണ്... ഇനിയുള്ള കാലവും അവൻ്റെ കൂടെ തന്നെ കഴിയുന്നതല്ലേ നിനക്ക് നല്ലത്...? അഭി നിന്നെ വിവാഹം കഴിച്ചാലും ആ ചീത്തപ്പേര് നിന്നെ വിട്ട് പോവില്ല... നീയൊന്ന് ചിന്തിക്ക് മോളെ... രുദ്രയുടെ ജീവിതം... പിന്നെ അഭിയെ എല്ലാവരും തള്ളിപ്പറയുന്നത് കാണാൻ നിനക്കിഷ്ടമാണോ...? അതു കൊണ്ട് അഭിയോട് നീ തന്നെ പറയണം... നിനക്കവൻ്റെ ഒപ്പം ജീവിക്കാൻ പറ്റില്ലെന്നും നിങ്ങളുടെ വിവാഹം നടക്കില്ലെന്നും... മനസ്സിലായോ നിനക്ക്...?"

അല്ലി വേദനയോടെ ഒന്ന് നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല... വാക്കുകൾ പുറത്തേക്ക് വരാൻ മടി കാട്ടും പോലെ... "എന്താ നീയൊന്നും മിണ്ടാത്തത്..? നീയൊരാൾ കാരണം എൻ്റെ മകൻ്റെയും മകളുടെയും സന്തോഷം നഷ്ടമാവരുത്..!! അഭിയോട് പറയണം നിന്നെ മറന്നേക്കാൻ... അല്ലീ...മോളെ നീയിത് മനസ്സിലാക്ക്..." രോഹിണി ശാന്തമായി പറഞ്ഞു... "ഞാൻ.... അഭിയേട്ടനെ എങ്ങനെയാ മറക്കുന്നെ... അതിന് എനിക്ക് കഴിയുമോ..?" അവൾ വ്യഥയോടെ ചോദിച്ചു... "അപ്പോൾ രുദ്രയുടെ വിവാഹം മുടങ്ങട്ടെന്നാണോ...? അവളെ ജീവിതകാലം മുഴുവൻ കണ്ണീരിലാഴ്ത്തണോ നിനക്ക്...? നിൻ്റെ സ്വാർത്ഥതക്ക് വേണ്ടി എൻ്റെ മകളുടെ ജീവിതം ബലികഴിപ്പിക്കണോ...? അതാണോ നിനക്ക് വേണ്ടത്...?" "വേണ്ട രുദ്ര ചേച്ചിയുടെ വിവാഹം മുടങ്ങണ്ട... ചേച്ചിക്കത് സഹിക്കാനാവില്ല... പ്രണയിക്കുന്ന ആളെ നഷ്ടമാകാൻ പോകുന്ന അവസ്ഥ... അതിൻ്റെ വേദനയെന്താണെന്ന് എനിക്കറിയാം.. ഞാൻ കാരണം ചേച്ചി ആ ദു:ഖം അനുഭവിക്കാൻ പാടില്ല..." "വെറുതെ പറഞ്ഞാൽ പോരാ... അഭിയെ എന്തെങ്കിലും പറഞ്ഞ് ഈ വിവാഹത്തിൽ നിന്ന് നീ പിൻതിരിപ്പിക്കണം...

മനസ്സിലായോ നിനക്ക്...?" "ങും... മനസ്സിലായി അപ്പച്ചീ... ഞാ... ഞാൻ.. അഭിയേട്ടനോട് പറഞ്ഞേക്കാം..." അത് പറയുമ്പോൾ അവളുടെ ഉള്ളിലെ സങ്കടം വാക്കുകളിൽ പ്രകടമായിരുന്നു... ഞാൻ കാരണം രുദ്ര ചേച്ചിയുടെ വിവാഹം മുടങ്ങരുത്... രോഹിണി നടന്നകന്നതും അല്ലി വേദനയോടെ ഓർത്തു.... 🌸_____💜 തൻ്റെ മനസ്സാകെ അല്ലിയുടെ രൂപം മായാതെ പതിഞ്ഞത് അലക്സി അറിഞ്ഞു.. കണ്ണടച്ചാൽ പിടയ്ക്കുന്ന ആ മിഴികളും വിറകൊള്ളുന്ന അധരങ്ങളും മാത്രം.... അവളെ ഒഴിവാക്കിക്കൊണ്ട് താൻ ചെയ്തത് തെറ്റായി പോയി... ഇപ്പോൾ ശരിക്കും താനവളെ സ്നേഹിക്കുന്നുണ്ട്... അവളെ ഒന്ന് കാണാൻ വല്ലാതെ ഹൃദയം തുടിക്കുന്നു... അലക്സി ഓർത്തു.... "ഇതിപ്പോൾ ആ ഡോക്ടർ അല്ല.. നീയാണ് നിരാശ കാമുകൻ എന്ന് തോന്നിപ്പോകും.. അവളെ ഈ രണ്ട് ദിവസവും നീ നിന്നിൽ നിന്നും അകറ്റി നിർത്തിയത് തന്നെ തെറ്റാണ്... അതു കൊണ്ടാണ് അവൾ നിന്നെ വേണ്ടാന്ന് വെച്ച് ആ ഡോക്ടറെ മതിയെന്ന് പറഞ്ഞത്...." വരുൺ പറഞ്ഞതും അലക്സി രൂക്ഷമായി നോക്കി... "ഞാനിപ്പോൾ എന്താ വേണ്ടത്..?" അലക്സി ചോദിച്ചു...

"എന്ത് വേണമെന്ന്..? ആ കൊച്ചിനെ വിളിച്ചോണ്ട് വന്നിട്ട് നിങ്ങൾ ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിക്കുക..." "അപ്പോൾ ആ ഡോക്ടർ...?" "അങ്ങേരോട് പോവാൻ പറ... കണ്ടിട്ട് അയാള് അത്ര വല്ല്യ കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല.. നീ പറയണം നിനക്കവളെ വേണമെന്ന്... നിന്നേക്കാൾ അവകാശം ഒന്നും അവളുടെ മേലെ അയാൾക്കില്ല..." "പക്ഷേ ആ കൊച്ചിനിഷ്ടം ആ ഡോക്ടറെ അല്ലേ...?" "അതൊക്കെ മാറ്റിയെടുക്കാമെന്നേ... നീയിപ്പോൾ അവളെ കൂട്ടിക്കൊണ്ട് വരാൻ നോക്ക്..." "വാ നമ്മുക്ക് ഹോസ്പിറ്റലിലേക്ക് പോവാം..." അലക്സി ഉറച്ച സ്വരത്തിൽ പറഞ്ഞതും ബാക്കിയുള്ളവർ അവൻ്റെ പിന്നാലെ നടന്നു... 🌸______💜 "അല്ലീ...." ബെഡിൻ്റെ ഒരു മൂലയിലായി കാൽമുട്ടിൽ മുഖം ചേർത്തിരിക്കുന്ന അല്ലിയെ കണ്ടതും അകത്തേക്ക് കടന്ന് വന്ന അഭി വിളിച്ചു... "എന്ത് പറ്റി..? വീണ്ടും വയ്യാതായോ നിനക്ക്...?"

ചുരുണ്ട് കൂടി ഇരിക്കുന്നവളിൽ തന്നെ മിഴികൾ പതിപ്പിച്ചു കൊണ്ടവൻ പരിഭ്രമത്തോടെ ചോദ്യം ഉന്നയിക്കുമ്പോൾ താൻ പറയാൻ പോകുന്ന വാക്കുകൾക്ക് വേണ്ടിയവൾ മനസ്സിനെ കല്ലാക്കുകയായിരുന്നു... "അഭിയേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്...!!" "എനിക്കറിയാം... നീ വിഷമിക്കണ്ട അല്ലീ... നിന്നെ ഇന്ന് തന്നെ ഞാൻ കൊണ്ട് പോവാം... തത്കാലം വീട്ടിലേക്ക് പോവാൻ പറ്റില്ല... നിനക്ക് താമസിക്കാൻ എൻ്റെ കോർട്ടേഴ്സ് റെഡിയാക്കിയിട്ടുണ്ട്... ശേഷം നമ്മുടെ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ നടത്തണ്ടേ...?" അഭി പുഞ്ചിരിയോടെ പറഞ്ഞു... "നമ്മുടെ വിവാഹം നടക്കില്ല അഭിയേട്ടാ...!!" അല്ലി ഉറച്ച സ്വരത്തിൽ പറഞ്ഞതും അഭി ഞെട്ടലോടെ നോക്കി... "എന്താ നീ പറഞ്ഞെ...?" "നമ്മുടെ വിവാഹം നടക്കില്ലെന്ന്... ദാ ഇത് കണ്ടോ അഭിയേട്ടാ... ഇതിന് ഒരു വിലയും ഇല്ലേ...?" കഴുത്തിൽ കിടക്കുന്ന മിന്ന് ഉയർത്തിക്കാട്ടിക്കൊണ്ട് അല്ലി പറഞ്ഞതും അഭി എന്ത് പറയണമെന്നറിയാതെ അവളെ ഉറ്റു നോക്കി... മറ്റെന്ത് പറഞ്ഞത് ഞാൻ നിങ്ങളെ ഒഴിവാക്കും..? എന്നോട് ക്ഷമിക്ക് അഭിയേട്ടാ... അല്ലി വേദനയോടെ ഓർത്തു...

"അല്ലീ...നീ... നീ ശരിക്കും പറഞ്ഞതാണോ...? നിനക്ക് അലക്സിയോടൊപ്പം ജീവിക്കാനാണോ ഇഷ്ടം...?" "അതെ അഭിയേട്ടാ... ഞാനാലോചിച്ചപ്പോൾ അതാണ് ശരിയെന്ന് തോന്നി..." "ഇന്നലെക്കൂടി നീ... നീയിങ്ങനെയൊന്നും അല്ലല്ലോ അല്ലീ പറഞ്ഞത്...? പെട്ടെന്നെന്ത് പറ്റി...?" ഉള്ളിലെ പരിഭ്രമം അവൻ്റെ ചോദ്യത്തിൽ പ്രകടമായിരുന്നു.. "ഇതിനൊരു പവിത്രതയില്ലേ അഭിയേട്ടാ.. ആ സ്ഥിതിക്ക് നമ്മൾ ചെയ്യുന്നത് ശരിയല്ല... അഭിയേട്ടൻ പൊയ്ക്കോളൂ..." അത് കേൾക്കെ അവൻ്റെ മുഖത്ത് മിന്നി മായുന്ന വേദനയുടെ ഭാവങ്ങളെ ദർശിക്കാനാവാതവൾ മുഖം തിരിച്ചു... തൻ്റെ അഭാവത്തിൽ ഭക്ഷണം പോലും കഴിക്കാൻ വിസമ്മതിച്ചവൾ...!! തന്നെ കണ്ടപ്പോൾ സ്വന്തം അവശതകൾ മറന്ന് തന്നിലേക്കോടിയടുത്തവൾ....!! ആ അല്ലി തന്നെയാണോ ഇതെന്ന മട്ടിൽ അഭി അവളെ നോക്കി... ഉള്ളാകെ ആർത്തിരമ്പുന്ന ദുഃഖത്തെ പുറത്ത് പ്രകടിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടവൾ നിർവികാരയായി ഇരുന്നു... "അല്ലീ.... നീ ശരിക്കും ആലോചിച്ചോ...? നിനക്ക് അലക്സിയെ ഇഷ്ടമാണോ..?" "ആണ്...!!"

അത് പറയുമ്പോഴും എൻ്റെ മനസ്സ് നിറയെ നിങ്ങളാണ് അഭിയേട്ടാ എന്നവളുടെ മനസാക്ഷി അലമുറയിട്ടു... അവളുടെ മറുപടി കേട്ടതും കൂടുതലൊന്നും ചോദിക്കാനാവാതവൻ അല്പ നേരം വിദൂരതയിലേക്ക് മിഴികൾ പായിച്ചു... "നിൻ്റെ തീരുമാനം ശരിയാണ് അല്ലീ... നിനക്ക് അലക്സിയെ ഇഷ്ടമാണെങ്കിൽ.... അവനെ ഉൾക്കൊള്ളാൻ സാധിക്കുമെങ്കിൽ നിന്നെ അവന് നൽകുന്നതിലെനിക്ക് സന്തോഷമേയുള്ളൂ... പക്ഷേ ഒരൊറ്റ രാത്രി പുലർന്നപ്പോഴേക്കും നിന്നിലുണ്ടായ ഈ മാറ്റത്തിൻ്റെ കാരണമാണെനിക്ക് അറിയേണ്ടത്..." "അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല.... വിധി ഇതാണ്...!!" തൻ്റെ ഹൃദയത്തെ കല്ലാക്കിക്കൊണ്ടവൾ സ്വരം കനപ്പിച്ച് പറഞ്ഞു... "നീ പൂർണ്ണമനസ്സോടെ എടുത്ത തീരുമാനമാണോ ഇത്...? എനിക്ക്... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..." "വിശ്വസിക്ക് അഭിയേട്ടാ... എന്നെ മറന്നേക്ക്.. ഞാൻ പൂർണ്ണമനസ്സോടെ തന്നെയാണ് പറയുന്നത്... ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് എല്ലാം ഉൾക്കൊള്ളാൻ ഞാൻ തയ്യാറാണ്..." "അല്ലീ നീ എന്തൊക്കെയാ ഈ പറയുന്നത്..? പെട്ടെന്നിതെന്താ പറ്റിയത്..?" "എന്നോട് സ്നേഹമുണ്ടെങ്കിൽ ഞാൻ പറയുന്നത് അഭിയേട്ടൻ കേൾക്കണം.. നമ്മൾ തമ്മിലുള്ള വിവാഹത്തിന് എനിക്ക് സമ്മതമല്ല.... എന്നെ ദയവായി നിർബന്ധിക്കരുത്... പ്ലീസ് അഭിയേട്ടാ..."

"അലക്സിയുടെ കൂടെ പോകുമോ നീ...?" "പോകാം..." "ശരി... നിൻ്റെ സന്തോഷം അതാണെങ്കിൽ ഞാനതിനെതിരല്ല... നിനക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും എന്നെ വിളിക്കാം... ഒരു നല്ല സുഹൃത്തിനെ പോലെ ഞാൻ നിൻ്റെ കൂടെ എന്നും ഉണ്ടാവും..." അവൻ്റെ വാക്കുകൾ കേൾക്കെ അവൾക്ക് വല്ലാത്ത വേദന തോന്നി.... വേദനിപ്പിച്ചല്ലോ ഞാനാ മനസ്സിനെ ഈശ്വരാ... അല്ലി സങ്കടത്തോടെ ഓർത്തു... അപ്പോഴേക്കും അലക്സിയും സുഹൃത്തുക്കളും അവിടേക്ക് കടന്നു വന്നു... അവൻ്റെ മിഴികൾ ആകുലതയോടെ അല്ലിയിൽ പതിഞ്ഞു... അവൾ ആരോഗ്യവതിയാണെന്ന് കണ്ടതും ആശ്വാസമായി... അല്ലിയെ കണ്ടതും അലക്സിയുടെ മുഖത്ത് പടർന്ന ആശ്വാസം കാൺകെ അല്ലിയോട് അവനുള്ള കരുതൽ അഭി മനസ്സിലാക്കി.... അലക്സി എന്തോ പറയാൻ നാവുയർത്തിയതും അഭി അവൻ്റെ അടുക്കലേക്ക് നടന്നടുത്തു... നിങ്ങളുടെ പ്രാണൻ്റെ പാതിയായവളെ വേണമെന്ന് ഞാനെങ്ങനെ ആവശ്യപ്പെടും...? അലക്സി നിസ്സഹായതയോടെ ഓർത്തു... "അല്ലിയെ ഞാൻ നിൻ്റെ കൈയ്യിൽ ഏൽപ്പിക്കുകയാണ്...!!" അഭി പറഞ്ഞത് കേട്ടതും അലക്സി സ്തംഭിച്ചു ....

വരുണും ഗോകുലും അമിത്തുമെല്ലാം കാരണം മനസ്സിലാവാതെ പരസ്പരം നോക്കി... "നിനക്കിവളിലുള്ള അവകാശത്തെ തട്ടിയെടുക്കാൻ എനിക്ക് അധികാരമില്ല... അല്ലിയെ നിനക്ക് പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ സാധിക്കില്ലേ...?" അഭി ചോദിച്ചു... "തീർച്ചയായും..." അലക്സി ഉറച്ച സ്വരത്തിൽ പറഞ്ഞു... "ഞാൻ എന്നെ തന്നെയാണ് നിന്നിൽ കാണുന്നത്... എവിടെയാണെങ്കിലും അല്ലി സന്തോഷമായി ഇരുന്നാൽ മതി... അവളെ വേദനിപ്പിക്കരുത്... അല്ലി മറ്റൊരു സാഹചര്യത്തിൽ വളർന്ന കുട്ടിയാണ്... അവൾക്ക് പുറം ലോകവുമായി ഒന്നും അധികം ബന്ധമില്ല... അവളെ അങ്ങനെയാണ് വളർത്തിയത്.. അതു കൊണ്ടാണ് നിങ്ങളെ രണ്ട് പേരെയും ആ സാഹചര്യത്തിൽ കണ്ടപ്പോൾ അവളുടെ അച്ഛനും സഹോദരനും അങ്ങനെ പെരുമാറിയത്...അവരൊക്കെ ഓരോ പഴഞ്ചൻ വിശ്വാസങ്ങളെ കെട്ടിപ്പിടിച്ചിരിക്കുന്നവരാണ്..... അവർക്ക് അത്രയേ വകതിരിവുള്ളൂ എന്ന് കരുതിയാൽ മതി..." അത് കേട്ടതും അലക്സി പൊട്ടിച്ചിരിച്ചു... "ഞങ്ങളിവിടെ കൂട്ടുകാർ ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് പല തവണ ഫ്ലാറ്റിലും മറ്റും കഴിഞ്ഞിട്ടുണ്ട്...

അതിനെ ഒക്കെ വേറൊരു കണ്ണോടെ നോക്കാൻ തുടങ്ങിയാൽ അതിനെ സമയമുണ്ടാകൂ... അല്ലിയുടെ വീട്ടുകാർക്ക് ബോധമില്ലെന്ന് എനിക്ക് നേരത്തെ മനസ്സിലായതാണ്..." അലക്സി പറഞ്ഞു... "പിന്നെ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല... അല്ലിയെ നന്നായി നോക്കിക്കോണം..." "ഹും... വീട്ടുകാരും നാട്ടുകാരും പ്രശ്നമുണ്ടാക്കുമെന്ന് കരുതി വർഷങ്ങളായി സ്നേഹിച്ച പെണ്ണിനെ ചിലർ ഉപേക്ഷിച്ചത് പോലെ ഞാനെന്തായാലും വേണ്ടെന്ന് വെയ്ക്കില്ല...." അലക്സി സ്വരം കനപ്പിച്ച് പറഞ്ഞതും അഭി ഒന്ന് പുഞ്ചിരിച്ചു... "അതെനിക്കങ്ങ് വല്ലാതെ ഇഷ്ടമായി... എനിക്കിട്ട് നീ കൊട്ടിയത്... നീ മിടുക്കനാണ്..." അഭി ശാന്തമായി പറഞ്ഞു... "പിന്നെ നിങ്ങളുടെ വിവാഹം നിയമപരമായി കഴിഞ്ഞില്ലെന്ന് അറിയാം... അതിനു വേണ്ട ഏർപ്പാടുകളൊക്കെ ഞാൻ ചെയ്ത് തരാം... പിന്നെ നിങ്ങൾക്ക് താമസിക്കാൻ വീടോ മറ്റോ വേണമെങ്കിൽ .." "തത്കാലം അതിൻ്റെ ആവശ്യമൊന്നുമില്ല...!!" അഭി പറഞ്ഞവസാനിപ്പിക്കും മുൻപേ അലക്സി പറഞ്ഞു... "ശരി....പിന്നെ..ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നല്ലാതെ ഒരു പരിധിക്കപ്പുറം ഒരിക്കൽപ്പോലും അടുത്തിട്ടില്ല...

അവളെ നീ നാളെയൊരിക്കൽ സംശയിക്കാൻ ഇടവരരുത്... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം..." "ഡോക്ടറെന്താ കരുതിയത് നിങ്ങളുടെ കുടുംബത്തുള്ളവരെ പോലെ പഴഞ്ചൻ ചിന്താഗതിയാണ് ഈ അലക്സിക്കെന്നോ...? പെണ്ണിൻ്റെ പരിശുദ്ധി അവളുടെ ശരീരം വെച്ച് അളക്കുന്നവനല്ല ഞാൻ...." അലക്സി സ്വരം കനപ്പിച്ച് പറഞ്ഞു... അത് കേട്ടതും തൻ്റെ ഉള്ളിലുള്ള അലക്സിയെ കുറിച്ചുള്ള സംശയങ്ങൾ വിട്ടകലുന്ന പോലെ അഭിക്ക് തോന്നി... "പിന്നീട് എപ്പോഴെങ്കിലും നിനക്കിവളെ വേണ്ടെന്ന് തോന്നിയാൽ എനിക്ക് തരണം... ഒരു രക്ഷകർത്താവെന്ന നിലയിലെങ്കിലും ഞാൻ അല്ലിയെ സംരക്ഷിച്ചോളാം..." തിരിച്ചു കൊടുക്കാനാണെങ്കിൽ ഇങ്ങേരെന്തിനാ ഇത്ര ബുദ്ധിമുട്ടി തരുന്നത്...? വരുൺ ഓർത്തു... "എന്തായാലും അങ്ങനെയൊരു തിരിച്ചു തരൽ ഡോക്ടർ പ്രതീക്ഷിക്കരുത്...!!" അലക്സി കരങ്ങൾ മാറിൽ പിണച്ചു വെച്ചു കൊണ്ട് അഭിയെ നോക്കി പറഞ്ഞു... "അത് തന്നെയാണ് എൻ്റെ ആഗ്രഹവും.." അഭി സ്വരം കനപ്പിച്ച് ഒരു ചിരിയോടെ പറഞ്ഞു...

അല്ലിയുടെ കരങ്ങളിൽ മുറുകെ പിടിച്ചു കൊണ്ട് അലക്സി അവിടെ നിന്നും ഇറങ്ങുമ്പോൾ പിൻതിരിഞ്ഞ് അഭിയെ നോക്കുവാനായി വെമ്പുന്ന മിഴികളെ അവൾ വേദനയോടെ അടക്കി നിർത്തി... 🌸_____💜 "ടാ നിൻ്റെ പപ്പ വന്നിട്ടുണ്ടല്ലോ... എന്താ ഇപ്പോൾ ചെയ്യുക...?" വീടിൻ്റെ ഗേറ്റിന് മുൻപിൽ എത്തിയതും വരുൺ പരിഭ്രമത്തോടെ അലക്സിയോട് ചോദിച്ചു... "വരുന്നിടത്ത് വെച്ച് കാണാം...." ഉറച്ച സ്വരത്തിൽ അതു പറയുമ്പോൾ അല്ലിയുടെ കരങ്ങളിൽ അലക്സിയുടെ വിരലുകൾ ഒന്നും കൂടെ മുറുകി.... അവൻ അകത്തേക്ക് ചുവടുകൾ വെച്ചു... ടൂറിന് പോകാൻ പറ്റാത്ത നിരാശയിൽ വീട്ടിലേക്ക് തിരികെ വന്ന ശ്രേയ അല്ലിയേയും കൂട്ടി വരുന്ന അലക്സിയേയും കൂട്ടുകാരേയും കണ്ട് ഞെട്ടി... ഹാളിൽ പപ്പയുണ്ടേ എന്ന മട്ടിൽ അവൾ ബാൽക്കണിയിൽ നിന്ന് അലക്സിക്ക് സിഗ്നൽ നല്കി.... പക്ഷേ അലക്സിയിൽ തെല്ലും ഭാവ വ്യത്യാസം ഉണ്ടായില്ല... അവൻ മുൻപോട്ട് ചുവടുകൾ വെച്ചു.. ശ്രേയ വെപ്രാളത്തിൽ താഴേക്കിറങ്ങി... "നിൽക്ക്....!!" വാതിൽപ്പടിയിലേക്ക് കാലെടുത്ത് വെയ്ക്കാൻ തുടങ്ങിയതും ഗാംഭീര്യമുള്ളൊരു സ്വരം മുഴങ്ങിയതോടെ അലക്സി പിൻ വാങ്ങി....

അല്ലിയുടെ കരങ്ങളിൽ ഇറുകെ പിടിച്ചിരിക്കുന്ന അലക്സിയെ ഡേവിഡ് കുര്യൻ സംശയത്തിൽ നോക്കി.... തൊട്ട് പിന്നാലെയായി ശ്രേയയും ഡെയ്സിയും വന്ന് നിന്നു.... കൂസലില്ലാതെ നിൽക്കുന്ന അലക്സിയെ വരുണും ഗോകുലും അമിത്തുമെല്ലാം പരുങ്ങലോടെ നോക്കി.... "ഇതാരാ സ്റ്റെല്ല മോളോ...?" ഡെയ്സി ചോദിച്ചു... "ഇവള് സ്റ്റെല്ലയല്ല... ഇവളുടെ പേര് അലംകൃത....!!" അലക്സി ഉറച്ച സ്വരത്തിൽ പറഞ്ഞു... ഡെയ്സി ഞെട്ടലോടെ ശ്രേയയെ നോക്കിയതും അവൾ ഞാനീ നാട്ടിലുള്ളതേ അല്ല എന്ന മട്ടിൽ മറ്റെങ്ങോ മിഴികൾ പായിച്ചു നിന്നു... "ഇവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതിൻ്റെ ഉദ്ദേശ്യം...?" അവളുടെ കൈകളിൽ ഇറുകെ പിടിച്ചിരിക്കുന്ന അലക്സിയെ നോക്കി ഡേവിഡ് ഗൗരവത്തിൽ ചോദിച്ചു... "അത് പപ്പാ.... ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഇവളെ കല്ല്യാണം കഴിക്കണ്ടി വന്നു..." അലക്സി രണ്ടും കൽപ്പിച്ച് പറഞ്ഞതും ഡേവിഡിൻ്റെ മുഖം ദേഷ്യത്താൽ ചുവന്നു...... (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story