സംഗമം: ഭാഗം 9

sangamam

എഴുത്തുകാരി: ഭാഗ്യ ലക്ഷ്മി

"അത് പപ്പാ.... ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഇവളെ കല്ല്യാണം കഴിക്കണ്ടി വന്നു..." അലക്സി രണ്ടും കൽപ്പിച്ച് പറഞ്ഞതും ഡേവിഡിൻ്റെ മുഖം ദേഷ്യത്താൽ ചുവന്നു... "എന്താ നീയിപ്പോൾ പറഞ്ഞത്...?" ഡേവിഡ് കോപത്തോടെ ചോദിച്ചതും ഭയപ്പെട്ട അല്ലി ഒരാശ്രയം എന്ന പോലെ അലക്സിക്ക് പിന്നിലേക്ക് നീങ്ങി... അത് മനസ്സിലാക്കിയത് പോലെ അലക്സി അല്ലിയെ ഒന്നും കൂടെ തന്നിലേക്ക് ചേർത്ത് നിർത്തി... "എൻ്റെ പിന്നിൽ നിൽക്കേണ്ടവളല്ല നീ...!! എൻ്റെ ഒപ്പം നിൽക്കേണ്ടവളാണ്....!!" അവൻ ചിരിയോടെ പറഞ്ഞു.. അല്ലിക്ക് നേരെ നീണ്ട അവൻ്റെ മിഴികളിൽ പ്രതിഫലിക്കുന്ന കരുതലും സ്നേഹവും ഡേവിഡിൻ്റെ കോപത്തെ ഇരട്ടിപ്പിച്ചു... "അപ്പോൾ ഇവൾ സ്റ്റെല്ലയല്ലേ...? അലംകൃത എന്നാണോ ഇവളുടെ പേര്...?" ഡെയ്സി ശ്രേയയോട് ചോദിച്ചു... "അയ്യോ മമ്മീ എനിക്കൊന്നും അറിഞ്ഞൂടാ.... ആ റോഷൻ അടിച്ചോണ്ട് വന്നതാന്നാ ഞാൻ കരുതിയെ...

അല്ലാതെ ഇവനാന്ന് സത്യമായിട്ടും ഞാൻ അറിഞ്ഞില്ല... ഇനിയിപ്പം കഴിഞ്ഞത് കഴിഞ്ഞില്ലേ അച്ചാച്ചനും അല്ലിയും നല്ല മാച്ച് ആണ്... നമ്മുക്ക് ഒരു കല്ല്യാണത്തിനുള്ള ചെലവ് കുറഞ്ഞ് കിട്ടിയെന്ന് കരുതിയാൽ മതി... അല്ലേ പപ്പേ...?" "പ്ഫ...!! മിണ്ടരുത് നീ...!!" ഡേവിഡ് ദേഷ്യത്തിൽ പറഞ്ഞതും ശ്രേയ ദയനീയമായി അലക്സിയെ നോക്കി.... "ഇത്ര വല്ല്യ ഒരു സാഹസത്തിന് മുതിരാനും മാത്രം എന്ത് സാഹചര്യമാ നിനക്കുണ്ടായത്...?" ഡേവിഡ് ദേഷ്യത്തോടെ ചോദിച്ചു... അലക്സി സംഭവിച്ചതൊക്കെ വിശദീകരിച്ചു... "ങും... അപ്പോൾ നീ അറിഞ്ഞു കൊണ്ട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സാരം.." "അതെ..." "എങ്കിൽ ഒരു കാര്യം ചെയ്തേക്ക്... ഇവളെ അങ്ങ് ഉപേക്ഷിച്ചിട്ട് നീ വീട്ടിലേക്ക് കയറിക്കോ... നീയിവളെ ചുമക്കേണ്ട ആവശ്യം ഇല്ലല്ലോ..." "പപ്പാ..." അലക്സി ഞെട്ടലോടെ വിളിച്ചു... "അതെ... നിൻ്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെ നീയെന്തിന് ഇവളെ സഹിക്കണം...?

എവിടാന്ന് വെച്ചാൽ പറഞ്ഞ് വിട്ടേക്ക്... പിന്നെ എന്ത് ധൈര്യത്തിലാ നീ ഇവളെയും കൂട്ടി ഇവിടേക്ക് കയറി വന്നത്...? ഇവളെ ഈ പടിയ്ക്കകത്ത് കയറ്റില്ല ഞാൻ.... നീ കയറിക്കോ ഇവളെ എന്നന്നേക്കുമായി വേണ്ടെന്ന് വെച്ചിട്ട്...." "അല്ലിയെ ഞാൻ ഉപേക്ഷിച്ചില്ലെങ്കിൽ....?" അലക്സി തെല്ലും ഭയമില്ലാതെ ചോദിച്ചു... "ഇപ്പോൾ ഈ നിമിഷം ഇറങ്ങണം നീയിവിടുന്ന്...!!" ഡേവിഡ് സ്വരം കനപ്പിച്ച് പറഞ്ഞതും ഡെയ്സിയും ശ്രേയയും ഞെട്ടലോടെ അയാളെ നോക്കി.... അത് കേട്ടതും അലക്സി രണ്ടാമതൊന്ന് ചിന്തിക്കാതെ അല്ലിയേയും കൂട്ടി പിൻ തിരിഞ്ഞ് നടന്നു... "അത് എൻ്റെ പൈസയ്ക്ക് വാങ്ങിയതാണ്...!!" അലക്സി ബൈക്ക് എടുക്കാൻ തുടങ്ങിയതും ഡേവിഡ് ഉറക്കെ വിളിച്ചു പറഞ്ഞു... അലക്സി ഞൊടിയിടയിൽ പിൻ വാങ്ങി... അവൻ ധൃതിയിൽ കൈയ്യിൽ കിടന്ന സ്വർണ്ണ ചെയ്ൻ ഊരി ബൈക്കിൻ്റെ മേലെ വെച്ചു... പോക്കറ്റിൽ ഉണ്ടായിരുന്ന എ.റ്റി.എം കാർഡും പൈസയും സഹിതം അവൻ നുള്ളിപ്പെറുക്കി വെയ്ക്കുന്നത് ഡെയ്സിയും ശ്രേയയും വേദനയോടെ നോക്കി കണ്ടു... അലക്സി അല്ലിക്ക് നേരെ തിരിഞ്ഞു... അവൻ്റെ കരങ്ങൾ അവളുടെ കഴുത്തിലേക്ക് നീണ്ടു...

അവളുടെ കഴുത്തിൽ കിടന്ന കുരിശു മാലയവൻ അഴിച്ചെടുത്തു... അതിൽ നിന്നും ആ മിന്നഴിച്ചവൻ അവളുടെ കരങ്ങളിലേക്ക് കൊടുത്തു... "ഇത് വെച്ചോ... പിന്നെ കെട്ടി തരാം..." അതും പറഞ്ഞവൻ ആ മാലയും ബൈക്കിന് മേലെ വെച്ച് ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അല്ലിയുടെ കരങ്ങളിൽ പിടിച്ച് മുൻപോട്ട് നടന്നു... അലക്സി നടന്നകലന്നുന്നത് ശ്രേയും ഡെയ്സിയും സങ്കടത്തോടെ നോക്കി നിന്നു... "എന്തോ കണ്ടോണ്ട് നിൽക്കുവാ..? കയറി പോകുന്നുണ്ടോ അകത്തോട്ട്.." ഡേവിഡ് അതും പറഞ്ഞ് ദേഷ്യത്തിൽ വാതിൽ കൊട്ടിയടച്ചു... 🌸_____💜 "ഇപ്പോൾ എല്ലാം ശരിയായി... അവളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു... നിന്നെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടു... ഇപ്പോഴാണ് ഒരു പൊരുത്തമൊക്കെ വന്നത്..." തലയ്ക്ക് കൈയ്യും വെച്ചിരിക്കുന്ന അലക്സിയെ നോക്കി വരുൺ പറഞ്ഞു.. "സാരമില്ല നീ വിഷമിക്കണ്ട... നിനക്ക് ആവശ്യമുള്ള പണം ഞാൻ തരാം..." മെറിൻ പറഞ്ഞു...

"വേണ്ട...!!" അത് പറയുമ്പോൾ അലക്സിയുടെ മിഴികൾ ദൂരെ മാറി നിൽക്കുന്ന അല്ലിയിലേക്ക് നീണ്ടിരുന്നു... "ഞാനെന്തെങ്കിലും ജോലി നോക്കിക്കോളാം...പാർട്ട് ടൈം ജോബ്‌ എന്തെങ്കിലും കിട്ടാതിരിക്കില്ല...." "അത് വേണ്ടെടാ..." "വേണം...ഇത്രേം നാൾ പപ്പയുടെ കാശിൻ്റെ പുറത്ത് ഒന്നുമറിയാതെ അടിച്ച് പൊളിച്ച് നടന്നു... പക്ഷേ ഇനിയും അത് ശരിയാവില്ല... പപ്പയുടെ മുൻപിൽ എനിക്ക് ജീവിക്കണം... അതാരോടും ഉള്ള വാശി തീർക്കാൻ അല്ല... ആ ഡോക്ടറെ നഷ്ടപ്പെട്ടതോർത്ത് അല്ലി വേദനിക്കാതിരിക്കാൻ....!!" അത് പറയുമ്പോൾ അവൻ്റെ ഉള്ളിലെ ദൃഢനിശ്ചയം വാക്കുകളിൽ പ്രകടമായിരുന്നു.... "അല്ലിയുടെ പഠിത്തം മുടങ്ങാൻ പാടില്ല... അതിനുള്ളതെന്താണെന്ന് വെച്ചാൽ ചെയ്യണം..." അവൻ അതും പറഞ്ഞ് എഴുന്നേറ്റു... "ആ ഡോക്ടറോട് സഹായം ചോദിക്കാമല്ലോ..." "അത് വേണ്ട...." അലക്സി കടുപ്പത്തിൽ പറഞ്ഞു.. "പെരുവഴിയിൽ ആയാലും അഭിമാനം വിട്ട് ഒരു കളിയുമില്ല..." വരുൺ ചിരിയോടെ പറഞ്ഞു... അല്ലി ഈ വക സംഭാഷണങ്ങൾക്കൊന്നും ചെവി കൊടുക്കാതെ അവരിൽ നിന്നും അകന്ന് ബാൽക്കണിയിലേക്ക് മാറി നിന്നു...

യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തിയില്ലെങ്കിൽ താൻ തകർന്നു പോകുമെന്നവൾക്ക് തോന്നി... "അല്ലീ...." മെറിൻ വിളിച്ചതും അവൾ തിരിഞ്ഞ് നോക്കി... "നീ ഒന്നു കൊണ്ടും വിഷമിക്കണ്ട... അലക്സിക്ക് ഇത്തിരി ദേഷ്യം കൂടുതലാണെന്നേ ഉള്ളൂ... അവൻ മനസ്സുകൊണ്ട് നല്ലവനാണ്... പിന്നെ നിന്നോടവൻ ദേഷ്യപ്പെടാൻ ചാൻസും ഇല്ല... അവനെ പറ്റി നിൻ്റെ ഉള്ളിൽ എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ അതങ്ങ് മാറ്റി വെച്ചേക്ക്... ഇപ്പോൾ തന്നെ നിൻ്റെ പഠത്തിന് വേണ്ടിയുള്ള സകല കാര്യങ്ങളും ചെയ്യാനവൻ ഉത്സാഹിച്ച് നടക്കുവാ... പിന്നെ നീയിത് എൻ്റെ ഫ്ലാറ്റാണെന്നൊന്നും കരുതണ്ട... നിൻ്റെ സ്വന്തം വീട് പോലെ കണ്ടാൽ മതി... നേരത്തത്തെ പോലെ ഒന്നും കഴിക്കാതിരിക്കരുതെന്ന ഒരപേക്ഷ മാത്രമേ എനിക്കുള്ളൂ..." മെറിൻ ചിരിയോടെ പറഞ്ഞതും അവളുടെ കരുതൽ അല്ലിയുടെ ഉള്ളിലും നേരിയ ഒരു ആശ്വാസം പടർത്തി... ദിനങ്ങൾ കടന്ന് പോയതും പഠനത്തോടൊപ്പം പാർട്ട് ടൈം ജോബും മുൻപോട്ട് കൊണ്ട് പോകുവാൻ അലക്സി നന്നേ പ്രയാസപ്പെട്ടു... ജീവിതത്തിൻ്റെ യാഥാർത്ഥ്യം മനസ്സിലായത് പോലെ...

അല്ലി കോളേജിൽ പോയി തുടങ്ങി... പതിയെ പതിയെ നഗരങ്ങളും അവിടുത്തെ രീതികളും ഒക്കെ അവൾക്ക് പരിചിതമായി.... അല്ലിയോട് എങ്ങനെ അടുക്കും എന്ന ചോദ്യം മാത്രം അലക്സിക്ക് മുൻപിൽ ഉത്തരമില്ലാതെ കിടന്നു... തനിക്കവളോട് പ്രണയമാണോ എന്ന് അവന് പോലും നിശ്ചയമില്ലാത്ത അവസ്ഥ....!! തനിക്ക് വേണ്ടി സ്വന്തം വീടും സകല സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് കഷ്ടപ്പെടുന്നവനെ അവൾ പലപ്പോഴും ശ്രദ്ധിച്ചിരുന്നു... പക്ഷേ മനസ്സിനെ പാകപ്പെടുത്താനായില്ല... 🌸_____💜 നാളെ രജിസ്റ്റർ മാര്യേജ് ആണ്.... അലക്സി നിലാവിനെ നോക്കി ബാൽക്കണിയിൽ കിടന്നു... ശേയയേയും ഡെയ്സിയേയും ഫോണിൽ വിളിച്ചു സംസാരിച്ചു... ഇവിടെ വന്ന് ഇത്രേം ദിവസമായിട്ടും അല്ലിയോടൊന്ന് സംസാരിക്കാൻ പോലുമായില്ലെന്നവൻ ഓർത്തു... എങ്ങനെ സംഭാഷണം തുടങ്ങണമെന്ന് പോലും അവന് അറിയില്ലായിരുന്നു... "ദാ ഇത് രണ്ടെണ്ണം ഒറ്റ വലിക്കങ്ങ് കുടിച്ചോ... സകല കൺഫ്യൂഷനും മാറിക്കിട്ടും..." കൈയ്യിലെ ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് കൊണ്ട് വരുൺ പറഞ്ഞതും അവൻ അനിഷ്ടത്തോടെ മുഖം തിരിച്ചു...

"വേണ്ടെന്ന് വെയ്ക്കണ്ട...ഇത് മിക്കവാറും ലാസ്റ്റ് ചാൻസ് ആവും... ഇന്നത്തോടെ നിൻ്റെ ബാച്ച്ലർ ലൈഫ് എൻ്റഡ്... നാളെ മുതൽ അവള് നിന്നെ വരച്ച വരയിൽ നിർത്തും..." വരുൺ പറഞ്ഞതും അലക്സി രൂക്ഷമായി ഒന്ന് നോക്കി.... അല്ലി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു... ഓപ്പസിറ്റായി കിടക്കുന്ന മെറിനും ജിയയും നല്ല ഉറക്കമാണ്... അവൾ ജനാല തുറന്ന് വെറുതെ വിണ്ണിലേക്ക് മിഴികൾ പായിച്ചു... അന്നാ എക്സിബിഷൻ എന്ന് പറഞ്ഞ് പുറപ്പെട്ടില്ലായിരുന്നെങ്കിൽ ഇപ്പോൾ താൻ തൻ്റെ അഭിയേട്ടന് സ്വന്തമായേനേം... അവൾ നോവോടെ ഓർത്തു... നാളെ മുതൽ എന്താവും...? തൻ്റെ മേൽ മറ്റൊരാൾക്ക് അവകാശം... അതും തനിക്ക് തീർത്തും അപരിചിതനാണയാൾ... !! ഒരേ കൂരയ്ക്ക് കീഴിൽ കഴിഞ്ഞിട്ടും പരസ്പം ഒരു വാക്ക് പോലും സംസാരിക്കാൻ മുതിരാത്ത ഇരുവർ... എപ്പോഴൊക്കെയോ തനിക്ക് നേരെ ആ മിഴികൾ നീണ്ടിരുന്നതായി അവൾ ഓർത്തു.... പുറത്ത് നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നു... മദ്യപിച്ച് ആറാടുന്നതാവാം... അവൾ ചിന്തിച്ചു...

മദ്യത്തിൻ്റെ ലഹരിയുള്ള ആ ആരവങ്ങൾക്കിടയിൽ അലക്സിയുടെ ശബ്ദമുണ്ടോ എന്നവൾ വെറുതെ കാതോർത്തു... അല്പ നേരം കൂടി കഴിഞ്ഞതും തിരികെ വന്ന് വെറുതെ മിഴികൾ പൂട്ടി കിടന്നു... 🌸_____💜 ആ പുലരിക്ക് പതിവിലും ശോഭയുണ്ടായിരുന്നു... പ്രകൃതി പോലും മാരിയിൽ നീരാടി കൂടുതൽ സുന്ദരിയായത് പോലെ... അല്ലിയെ എല്ലാവരും ചേർന്ന് വധുവിൻ്റെ വേഷത്തിൽ ഒരുക്കി... അവളുടെ വിശ്വാസങ്ങളെയും രീതികളെയും മാറ്റുവാൻ അലക്സി ആഗ്രഹിച്ചിരുന്നില്ല.... തനിക്ക് ഇഷ്ടമുള്ളത് പോലെ അവളെ മാറ്റിയെടുത്തിട്ട് സ്നേഹിക്കുന്നതിക്കോൾ നല്ലത് അവൾ എങ്ങനെയാണോ അങ്ങനെ തന്നെ ഉൾക്കൊള്ളുന്നതും സ്നേഹിക്കുന്നതുമാണെന്നവന് തോന്നിയിരുന്നു.. അന്ന് താത്പര്യമില്ലാതെ അവളുടെ കഴുത്തിലേക്ക് ചാർത്തിയ മിന്ന് അവൻ ഒരിക്കൽക്കൂടി ചാർത്തി.. പൂർണ്ണമനസ്സോടെ... താൻ അലക്സിയുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നറിഞ്ഞാൽ അഭിയേട്ടൻ തന്നെ പൂർണ്ണമായി മറന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കുമല്ലോ എന്ന് മാത്രം അല്ലി ഓർത്തു.... അതിനീ വിവാഹം അനിവാര്യമാണെന്നവളുടെ മനസ്സ് പറഞ്ഞു... 🌸_____💜

"അപ്പോൾ എല്ലാം സെറ്റ്...!!" കുറച്ച് മുല്ലപ്പൂവും കൂടി ബെഡിലേക്ക് വാരി വിതറിക്കൊണ്ട് വരുൺ പറഞ്ഞു... "അല്ല റോസാപ്പൂ വാങ്ങിയില്ലേ...? അതും കൂടി വേണമായിരുന്നു..." അവൻ സ്വയം പറഞ്ഞു... "എന്താ ഇതൊക്കെ...?!" മത്സരിച്ച് മണിയറ ഒരുക്കുന്ന വരുണിനെയും അമിത്തിനെയും മെറിനെയും ഒക്കെ നോക്കി അലക്സി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... "ഓ... ഒന്നുമറിയാത്ത പോലെ...!!" വരുൺ മന്ദഹാസത്തോടെ പറഞ്ഞു.. "ഇതിൻ്റെ ഒന്നും ഒരാവശ്യവും ഇല്ല..." അലക്സി സ്വരം കനപ്പിച്ച് പറഞ്ഞു.. "ഇതെന്തൊരു കഷ്ടമാ... നിനക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ആണ് ഞങ്ങൾ ഈ കിടന്ന് കഷ്ടപ്പെടുന്നത്... അതിനും ഇങ്ങനെ ചൂടാവണോ...?" അത് കേട്ടതും അലക്സി കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ പുറത്തേക്ക് നടന്നു... 🌸______💜 "ദാ നീയിവിടെ.... ഈ സെൻ്ററിൽ ഇരിക്കണം...." അല്ലിയെ ബെഡിൻ്റെ നടുക്കായി ഇരുത്തിക്കൊണ്ട് മെറിൻ പറഞ്ഞു...

"മുഖത്തൊരു ചിരിയൊക്കെ ഒന്ന് വരുത്ത്... അവൻ വരുമ്പോൾ ഇങ്ങനെ ഗ്ലൂമിയായി ഇരിക്കല്ലേ..." വാടിയ മുഖത്തോടെ ഇരിക്കുന്ന അല്ലിയെ നോക്കി ജിയ പറഞ്ഞു... "നല്ല സുന്ദരിയായിട്ടുണ്ട്... " അല്ലിയുടെ മുടിയിഴകളിൽ അല്പം കൂടി മുല്ലപ്പൂ തിരുകിക്കൊണ്ട് മെറിൻ പറഞ്ഞു... "ഞങ്ങള് പോവാണേ... അവനിപ്പോഴിങ്ങ് വരും..." ഒരു ചിരിയോടെ അതും പറഞ്ഞ് അവർ ഇരുവരും പോയതും അല്ലി മരവിച്ച മനസ്സോടെ കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി... "ടാ ഇവിടെ വന്നിങ്ങനെ നിൽക്കാതെ മുറിയിലേക്ക് ചെല്ല്... ആ കൊച്ച് കാത്തിരുന്ന് മുഷിഞ്ഞ് കാണും..." ബാൽക്കണിയിൽ ഈറൻ കാറ്റേറ്റ് നിൽക്കുന്ന അലക്സിയെ നോക്കി അമിത്ത് പറഞ്ഞു.... "അവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... ഇത്രേം ദിവസം ഇവിടെ ഉണ്ടായിട്ടും അവളോടൊന്ന് മിണ്ടി പോലും ഇല്ലല്ലോ... ഏതേലും രീതിയിൽ അവളുമായിട്ടൊന്ന് അടുക്കാൻ പോലും ഇവന് സാധിച്ചിട്ടില്ല.. വേറെ വല്ലവരും ആണ് ഇവൻ്റെ സ്ഥാനത്തെങ്കിൽ അവസരം മുതലെടുത്തേനേം..!! ഇതൊരുമാതിരി....." വരുൺ മുഷിച്ചിലോടെ പറഞ്ഞവസാനിപ്പിച്ചു... "അവൻ പറഞ്ഞതിൽ കാര്യമുണ്ട്... ഇത്രേം ദിവസം അകന്ന് നിന്നത് മനസ്സിലാക്കാം... പക്ഷേ ഇപ്പോൾ നിങ്ങൾ നിയമപരമായി ഭാര്യാഭർത്താക്കന്മാരാണ്...

ഇനിയും അവളുമായി നീ അടുക്കാൻ ശ്രമിക്കാതിരുന്നാൽ നിങ്ങൾക്കിടയിലുള്ള അകൽച്ച വർദ്ധിക്കുകയേയുള്ളൂ... അതു കൊണ്ട് നീ റൂമിലേക്ക് ചെല്ല്.. സമയം ഒരുപാടായി...." അമിത്ത് അലക്സിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു... "വേണ്ടെടാ അത് ശരിയാവില്ല... ആ കൊച്ചിനത് ഇഷ്ടമാവില്ല... ഇത്രേം ദിവസം എങ്ങനെയായിരുന്നോ അതേ പോലെ തന്നെ മതി..." അലക്സി ശാന്തമായി പറഞ്ഞു... "ഇതാണ് ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞത്... ഇങ്ങനെ പോയാൽ അവള് നിന്നെ ഒരിക്കലും സ്നേഹിക്കാൻ പോകുന്നില്ല... മര്യാദയ്ക്ക് മുറിയിലേക്ക് പോകാൻ നോക്ക്... നീ ഇനിയും ഇങ്ങനെ അകന്ന് നിൽക്കാൻ പാടില്ല... അവള് നിന്നെ ഇഷ്ടപ്പെടണ്ടേ...?" വരുൺ ചോദിച്ചു... "അതേടാ ഇത്രേം ദിവസത്തെ പോലെ അല്ല ഇപ്പോൾ.... നീ ചെല്ല്... അവൾക്ക് നിന്നെ മനസ്സിലാകും.." മെറിൻ പറഞ്ഞതും അലക്സി അൽപ നേരം മൗനം പാലിച്ചു... എല്ലാവരും കൂടെ നിർബന്ധിച്ചതും അല്ലിയുടെ പ്രതികരണമെന്താകും എന്നോർത്തവൻ അസ്വസ്ഥമായ മനസ്സോടെ പതിയെ മുറിയിലേക്ക് നടന്നു... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അല്ലി ഞെട്ടലോടെ മുഖമുയർത്തി... അലക്സി അകത്തേക്ക് കയറിയതും അല്ലി ബെഡിൻ്റെ ഒരു മൂലയിലേക്ക് ഒതുങ്ങിക്കൂടി........ (തുടരും).................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story