സസ്‌നേഹം: ഭാഗം 1

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

"ഇത് പോലെത്തെ അവിടേം ഇവിടേം എത്താത്ത തുണി ഉടുക്കാം പക്ഷെ ഇങ്ങനെ ഏതെങ്കിലും ഒരുത്തൻ വൃത്തികേട് പറയുമ്പോഴും കേറിപിടിക്കുമ്പോഴും അവന്റെ കരണം നോക്കി ഒന്നു പുകയ്ക്കാനുള്ള തന്റേടം കൂടി വേണം "" ജയിയുടെ ശബ്ദം ഉയർന്നു പൊങ്ങിയപ്പോൾ അവൾ ഒന്നു പേടിച്ചു.ശ്രദ്ധ അവന്റെ പിറകിലേക്ക് ഒതുങ്ങി നിന്നു.. ""ഇന്നാ ഇതെടുത്തു ഇട്...""ഷർട്ട്‌ ഊരി പിറകിലോട്ട് നോക്കാതെ അവൾക്ക് കൊടുത്തു. അപ്പോഴാണ്‌ ഡ്രസ്സ്‌ കീറിയിരിക്കുന്നത് അവൾ ശ്രദിച്ചത് വീണു കിടക്കുന്നവന്മാരെ ഒന്നു നോക്കി പേടിപ്പിച്ചു ജയ് ബൈക്കിനടുത്തേക്ക് നടന്നു...പേടിച്ച് എന്ത് വേണമെന്നറിയാതെ ശ്രദ്ധ അവൻ പോകുന്നത് നോക്കി നിന്നു... അവൻ തനിച്ചാക്കി പോകുകയാണോ... കുറച്ച് മാറി വീണു കിടക്കുന്നവരെ നോക്കി.....വേദന കൊണ്ട് ഞെരിപിരി കൊള്ളുകയാണ്.. പേടി വീണ്ടും പൊതിയാൻ തുടങ്ങി.. ""വന്നു കേറേഡി...."" അവൻ ചീറികൊണ്ട് പറയേണ്ട സമയം അവന്റെ ബൈക്കിന്റെ പിറകിൽ കേറി... ""എവിടെ പോയതാ ഈ നട്ടപാതിരയ്ക്ക്.... ഓരോ ഏടാകൂടം ഉണ്ടാക്കാനായിട്ട്..."" നല്ല ദേഷ്യമുണ്ട് സ്വരത്തിന് ... ""ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടിക്ക്... ഇവിടെ എത്തിയപ്പോൾ കാർ കേടായി.. അപ്പോഴാ അവന്മാർ...""അപ്പോഴേക്കും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തിരുന്നു... ""നിനക്ക് എന്റെ പെങ്ങളോട് നന്നായി കുതിര കേറാൻ അറിയാല്ലോ ... ഇവന്മാരെ പോലുള്ളവരോട് അത് കാണിച്ചാലെന്താടി.... ""

ഒന്നും മിണ്ടാൻ പോയില്ല...എന്തെങ്കിലും പറഞ്ഞ പിന്നെ അതിന്റെ മോളിൽ പിടിച്ച് കയറും... അല്ലേലും ഒരു വഴക്കിടാൻ പറ്റിയ മാനസികാവസ്ഥ ഒട്ടുമില്ലാതാനും...അവന്റെ വെള്ള ബനിയനിൽ കൈ ചുരുട്ടി പിടിച്ചു... തന്റെ ഭയം മനസിലായത് കൊണ്ടാവും പിന്നെ വഴക്ക് പറയാതെ ബൈക്കിന്റെ ഹാൻഡ്‌ലിൽ ആ ദേഷ്യം തീർത്തു... നേരത്തെ കഴിഞ്ഞ സംഭവം ഓർത്ത് വല്ലാതെ പേടി തോന്നി... ജയ് വന്നില്ലായിരുന്നെങ്കിൽ.... ബനിയനിലെ പിടി ഒന്നു കൂടി മുറുക്കി.. ഏട്ടൻ ഏതോ ദരിദ്രവാസി പെണ്ണിനേയും വിളിച്ചു കൊണ്ട് വന്നെന്നറിഞ്ഞു വന്നാതായിരുന്നു ബാംഗ്ലൂരിൽ നിന്നും... വീട്ടിലെത്തിയതും ആദ്യം തിരക്കിയത് അവളെയായിരുന്നു.. വെളുത്ത് മേല്ലിച്... നീളൻ കോലൻ മുടിയൊക്കെ ആയിട്ടുള്ളൊരു പെണ്ണ്... ആരതി... അമ്മയുടെ മുഖത്ത് നിന്നും മനസിലായി അമ്മയ്ക്കും ഇഷ്ടമായില്ല ആ ദാരിദ്രവാസിയെ എന്ന്..ഏട്ടന്റെ ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും അവളെ ഇറക്കി വിടണം എന്നേ ഉണ്ടായിരുന്നുള്ളു... ഏട്ടൻ ഇല്ലാത്ത സമയത്ത് അവളോട് വഴക്കിടാനും കുറ്റപ്പെടുത്താനും തുടങ്ങി. "'എന്റെ പെങ്ങളെ തല്ലുന്നോടി നീ.."" ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല..ദേഹത്ത് വെള്ളം തെറിപ്പിച്ചെന്ന് പറഞ്ഞു ആരതി യുടെ കവിൾ ആഞ്ഞടിച്ചതും ആരോ അടുത്തേക്ക് കാറ്റു പോലെ പാഞ്ഞു വരുന്നതും മാത്രമേ ഓർമ ഉള്ളൂ...

കവിളിൽ ആകെ ഒരു തരിപ്പ് ആയിരുന്നു കുറച്ച് നേരം.. ""കണ്ടവളുമാരുടെ കൈന്ന് അടിവാങ്ങാനാണോടി നീ എന്നേ പോലും വേണ്ടാന്ന് വെച്ച് വന്നത്..."' ഏടത്തിയോടുള്ള ആ ചീറൽ കേട്ടാണ് സുബോധം തിരിച്ച് കിട്ടിയത്...ഏട്ടാ എന്ന് വിളിച്ച് അയാളെ ഏടത്തി കരഞ്ഞു കൊണ്ട് ചേർത്ത് പിടിച്ചപ്പോഴാണ് അത് ആരതിയുടെ ഏട്ടനാണെന്ന് മനസിലായത്...ആരതിയോടുള്ള ദേഷ്യമൊക്കെ മാറ്റി വെച്ച് വന്നതായിരുന്നു കാണാൻ... പിന്നെ അങ്ങോട്ട് ഏടത്തിയോട് വഴക്കുണ്ടാക്കാൻ പോയില്ല...വഴക്കിടാൻ തോന്നുമ്പോഴൊക്കെ ആ അടി ഓർമ വരും...പോകെ പോകെ ഏടത്തിയായി ആരതിയെ അംഗീകരിച്ചു... ഏട്ടത്തി അംഗീകരിപ്പിച്ചു എന്ന് പറയുന്നതാവും ശരി... ഇടക്ക് വരും പെങ്ങളെ കാണാൻ... അപ്പോഴൊക്കെ തന്നെ വെറുതെ നോക്കി പേടിപ്പിക്കും...അങ്ങനെ എപ്പോഴോ ആ നോട്ടം നെഞ്ചിൽ തറച്ചു തുടങ്ങി. ദേഷ്യപ്പെട്ടാണെങ്കിലും ആ നോട്ടം കിട്ടാനായി ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ എവിടെയാണെങ്കിലും ഓടി എത്തും.... ""സുഖമാണോ...ഇവിടെ പ്രശ്നമൊന്നും ഇല്ലാലോ ""എന്ന് ചോദിച്ച് എന്നെ നോക്കും...ആൾക്കറിയില്ലലോ അന്നത്തെ അടിയോടെ നമ്മൾ നന്നായി എന്ന്...പെങ്ങൾക്കായി എന്തൊക്കെയോ കൊണ്ട് വന്നിട്ടുണ്ടാവും....ഏട്ടനോടും സംസാരിച്ചേ തിരിച്ച് പോകൂ... അപ്പയും സംസാരിക്കും.. അമ്മയും ആദ്യമൊന്നും മിണ്ടിയില്ലെങ്കിലും അപ്പയുടെയും ഏട്ടന്റെയും വഴക്ക് കിട്ടിയപ്പോ സംസാരിച്ചു തുടങ്ങി... പക്ഷെ നമ്മളെ ആയിത്തമാണ്.. അതിന് ശേഷം ഇന്നാണ് ദേഷ്യത്തോടെ ആണെങ്കിലും മിണ്ടിയത്....

മിണ്ടാൻ വേണ്ടി ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.... പക്ഷെ ദേഷ്യത്തോടെ ഉള്ള നോട്ടം മാത്രമേ തിരിച്ച് തന്നുള്ളൂ... ""വീട്ടിലറിഞ്ഞിട്ടാണോ ഈ രാത്രി സഞ്ചാരം..."" ബൈക്ക് ഓടിക്കുന്നതിനിടയ്ക്ക് ചോദിച്ചു.. ""മ്മ്മ്ച്... ചാടിയതാ...""പതിയെ പറഞ്ഞു... ""എന്ത്..."'ബൈക്ക് ഓടിക്കുന്നതിനിടക് കേട്ടില്ല തോന്നുന്നു... ""മതിൽ ചാടിയതാ..""അല്പം ഒച്ച ക്കൂട്ടി പറഞ്ഞു ""നിന്റെ അപ്പന് അത് തന്നെ വേണം...""വേറെയും എന്തൊക്കെയോ പിറുപിറുക്കുണ്ട്... ആകെ ഇതേ കേട്ടുള്ളു... ഏട്ടൻ ഏടത്തിയെ ചാടിച്ചതായിരിക്കും പറയുന്നത്.. ഏട്ടനുമായുള്ള റിലേഷൻ ജയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു എന്ന് ഏടത്തി പറഞ്ഞു അറിയാം...കൈയിൽ ഒതുങ്ങുന്നതേ കൊത്താവൂ അതാണ് പുള്ളിയുടെ പക്ഷം... കുറച്ച് കഴിഞ്ഞ് പിറുപിറുത്തു കഴിഞ്ഞെന്നു തോന്നുന്നു. അപ്പോഴാണ് ശ്രദിച്ചത് തോളിൽ ഒരു മുറിവ്... ചെറുതായി ചോര കിനിയുന്നുണ്ട്...കൈയില്ലാത്ത വെള്ള ബനിയനായത് കൊണ്ട് മുറിവ് ശരിക്കും കാണാം..പതിയെ അതിൽ ഒന്നു തൊട്ടു .. നൊന്തത് കൊണ്ടാവും ബൈക്ക് ഒന്നു പുളഞ്ഞു ''"എന്താടി....""ചീറാൻ തുടങ്ങി കൂടെ കൈ എത്തി തോളിൽ വെച്ചു..""ശ്ഹ്.."" മുറിഞ്ഞത് അറിഞ്ഞില്ലെന്നു തോന്നുന്നു.. മുറിവിൽ കൈ എത്തിയതും എരിവ് വലിച്ചു ..ബൈക്ക് ഒരു സൈഡിലേക്ക് ചേർത്ത് നിർത്തി തോൾ ചെരിച്ചു നോക്കുണ്ട്... ഞാൻ കാരണമാണല്ലോ എന്നോർത്തപ്പോൾ എന്തോ പോലെ... ""ഇവിടെ മുറിവ്...അവന്മാരുമായി അടി ഉണ്ടാക്കിയപ്പോൾ പറ്റിയതാ തോന്നുന്നു...""പേടിച്ച് പറഞ്ഞപ്പോൾ ഒന്നു മൂളി... പിന്നെ നാശംന്നൊക്കെ പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു...

വ്യക്തമായില്ലേലും തന്നെയാണ് പിറുപിറുക്കുന്നത് മനസിലായി. പക്ഷെ അതൊന്നും തന്നെ ബാധിക്കുന്നുണ്ടായിരുന്നില്ല... ഉള്ളിൽ കൊണ്ട് നടന്ന ആ കുഞ്ഞി ഇഷ്ടം ആ രാത്രിയിൽ പൂത്തു തുടങ്ങിയിരുന്നു... ശരീരം മുഴുവൻ പടരുന്നത് പോലെ...അകവും പുറവും ഒരേ പോലെ തണുപ്പ്... ഒരിക്കലും തന്നെ അംഗീകരിക്കില്ല അറിയാവുന്നത് കൊണ്ട് മനസ്സിൽ ഒതുക്കി വെച്ചതായിരുന്നു ഇഷ്ടം.. ഏതോ നിമിഷം പുറത്ത് തല ചേർത്തു വെച്ചതും ""ഡീ ""ന്ന അലർച്ച കേട്ടു...അപ്പോ തന്നെ വീണ്ടും പഴയത് പോലെ ഇരുന്നു. ""ഇവിടെ നിർത്തിയാ മതി ""വീടിനടുത്തുള്ള ബസ്സ്റ്റോപ്പ് എത്തിയപ്പോ പറഞ്ഞു. വീടിനു മുൻപിൽ നിർത്തിയാൽ ആരെങ്കിലും ഉണർന്നാലോ... ബൈക്ക് നിർത്തിയതും ഇറങ്ങി അടുത്ത് പോയി നിന്നു ""താങ്ക്സ്..."" ചിരിയോടെ പറഞ്ഞു എവിടെ......!!ആള് ബൈക്കിന്റെ ഹാന്റിൽ പിടിച്ച് മുന്നോട്ട് നോക്കി കേൾക്കാത്തത് പോലെ നിൽക്കുകയാണ്... നിന്നിട്ട് കാര്യമില്ലാത്തോണ്ട് മുന്നോട്ട് നടന്നു... ജയിയുടെ ഷർട്ടിൽ മുറുകെ പിടിച്ച്.... ഉള്ളിൽ വല്ലാത്ത സന്തോഷം... ഒരു തോന്നലിൽ തിരിഞ്ഞു നോക്കി. സ്റ്റാൻഡിലിട്ട് ബൈക്കിൽ നിന്നും ഇറങ്ങുന്നത് കണ്ടു.ഇടക്ക് മുന്നോട്ടേക്ക് തന്നെ നോക്കുന്നുണ്ട്... വീണ്ടും മുന്നോട്ട് നടന്നു... ഇടം കണ്ണിട്ട് പിറകിലേക്ക് നോക്കി... ജയ് നടന്നു വരുന്നു.... ഒറ്റക്ക് നടന്ന് നേരത്തെ പോലെ എന്തെങ്കിലും സംഭവിക്കേണ്ട എന്ന് കരുതി ആയിരിക്കും...

കുറച്ച് ഡിസ്റ്റൻസ് ഇട്ട് പിറകിലയാണ് നടന്നത്... ശ്രദ്ധ നടത്തതിന്റെ വേഗത കുറച്ചപ്പോൾ ജയ്യും കുറച്ചു.. അവൻ കൂടെ നടക്കില്ലെന്നു മനസിലായപ്പോ അവൾ വേഗം നടന്നു... എങ്കിലും വല്ലാത്തൊരു സന്തോഷം... ജയ് കൂടെ ഉണ്ടെന്ന അറിവ്.... അവൾ ഒന്നു കൂടി ഷർട്ടിൽ പിടി മുറുക്കി... വീടിനു മുന്നിൽ എത്തിയപ്പോൾ തിരിഞ്ഞ് നിന്നു ""ഷർട്ട്‌ എപ്പോ വേണം... ഇപ്പൊ വേണോ...""ഷർട്ടിന്റെ ബട്ടനിൽ ഊരാനെന്ന പോലെ പിടിച്ച് കൊണ്ട് ചോദിച്ചു...കുസൃതി നിറഞ്ഞു നിന്നിരുന്നു അവളുടെ മുഖത്ത്... ""വീട്ടിൽ കേറി പോടീ.."" മുഖത്ത് ദേഷ്യം വരുത്തി വീട്ടിലേക്ക് കൈ കാണിച്ച് കൊണ്ട് ചുണ്ടനക്കി ശബ്ദമില്ലാതെ പറഞ്ഞതു... വേഗം വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു...ഗേറ്റ് കടന്നതും തിരിഞ്ഞ് ജയിയെ തിരിഞ്ഞ് നോക്കി.. ഒരു കള്ള ചിരി ഉണ്ടായിരുന്നില്ലേ ചുണ്ടിൽ?? താൻ കാണാതിരിക്കാനായി ചിരി കടിച്ചമർത്തിയത് പോലെ... തുടരും

Share this story