സസ്‌നേഹം: ഭാഗം 12

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""തൊടാൻ പാടില്ല... ഇൻഫെക്ഷൻ ആവും...""ശരൺ തൊടാൻ നോക്കിയതും നേഴ്സ് പറഞ്ഞു. എല്ലാവരും അവനെ ആയിരം കണ്ണുകളാൽ എന്ന പോലെ നോക്കുകയായിരുന്നു. എന്തിനെന്നില്ലാതെ ജയ്യുടെ കണ്ണുകളും നിറഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കുഞ്ഞിനേയും കൊണ്ട് നേഴ്സ് അകത്തേക്ക് പോയി.എന്നിട്ടും ശരൺ അവിടെ തന്നെ കുറച്ച് നേരം നിന്നു. ""ജയ് വീട്ടിൽ പൊയ്ക്കോ... ഞങ്ങളൊക്കെ ഇല്ലേ ഇവിടെ..ശ്രദ്ധയും ശ്രുതിയും മാത്രമല്ലെ ഉള്ളൂ...."" പത്മ അങ്ങനെ പറഞ്ഞപ്പോൾ ജയ്ക്ക് എന്ത് വേണമെന്നറിയാതെ നിന്നു. പോവാൻ തോന്നുന്നില്ല എന്നതാണ് സത്യം.. ഇവിടെ എന്തെങ്കിലും ആവിശ്യം വന്നാലോ എന്നായിരുന്നു ചിന്ത. ""ഇവിടുത്തെ കാര്യങ്ങൾക്ക് ഞാനും ഇവനുമില്ലേ നീ പൊയ്ക്കോ...""

ജയ് ചിന്തിച്ച് നിൽക്കുന്നത് കണ്ട് ശങ്കർ പറഞ്ഞു. ""അച്ഛാ... അച്ഛനും പൊയ്ക്കോ.. ഷുഗറും പ്രഷറൊക്കെ ഉള്ളതല്ലേ...ഇവിടെ കിടന്ന് ഉറങ്ങാൻ പോലും സൗകര്യമില്ല... റൂം നാളയെ കിട്ടൂ... ഉറക്കമൊഴിഞ്ഞ് വെറുതേ അസുഖം വരുത്തി വെക്കേണ്ട.."" ""ശരിയാ...ഇവിടെ ഞാനും ചന്ദ്രികയും ശരണും ഉണ്ടല്ലോ...ഉറക്കം ഒഴിഞ്ഞാ അപ്പൊ ഷുഗറിന് വാരിയേഷൻ വരുന്ന ആളാ.."" ശരൺ പറഞ്ഞത് പത്മയും ശരി വെച്ചു.ആദ്യം ശങ്കർ സ്വന്തം വീട്ടിലേക്ക് പോകാൻ ആയിരുന്നു തീരുമാനിച്ചത് പക്ഷെ ഒറ്റക്ക് നിൽക്കേണ്ട എന്ന് എല്ലാവരും പറഞ്ഞപ്പോൾ ജയ്യുടെ കൂടെ ഇറങ്ങി. നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് ഏടത്തി പ്രസവിച്ചു എന്ന് അപ്പ വിളിച്ച് പറഞ്ഞത്.പിന്നെ എഴുതാനൊന്നും തോന്നിയില്ല. ശ്രുതിക്കുമതെ...

അവൾ അപ്പൊ തന്നെ കലണ്ടർ നോക്കി നക്ഷത്രമൊക്കെ നോക്കി. സന്തോഷ പ്രകടനമൊക്കെ കഴിയുമ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.നോട്ട് മുഴുവൻ എഴുതി കഴിഞ്ഞിട്ടും തീർന്നിട്ടില്ല കാലമാടൻ സാറിനെ തെറി വിളിച്ച് കൊണ്ടുള്ള അവളുടെ റെക്കോർഡ് വരയ്ക്കൽ..കുറെ സമയം ശ്രുതി വരയ്ക്കുന്നതും നോക്കി ഇരുന്നു വെറുതേ ഇരുന്ന് മടുത്തപ്പോൾ ശ്രദ്ധ ഇറയത്തു താടിക്ക് കൈ ഊന്നി ഇരുന്നു .ജയ്യും അപ്പയും വരുമെന്ന് ശരൺ വിളിച്ച് പറഞ്ഞിരുന്നു.മുറ്റത്ത് കാർ വന്നു നിർത്തിയപ്പോൾ എഴുന്നേറ്റു. ""നീ ഉറങ്ങിയില്ലായിരുന്നോ..."" കാറിൽ നിന്നും ഇറങ്ങിയ പാടെ അപ്പ ചോദിച്ചു. ""നിങ്ങളെ രണ്ടാളെയും കാത്തിരിക്കുകയായിരുന്നു..""

അപ്പയോടു പറയുന്നതിടയിൽ ജയ്യെ ഒന്ന് നോക്കി. മുഖത്തെ മുറുക്കം ഒന്ന് അയഞ്ഞിട്ടുണ്ട്. വാവേ കണ്ടത് കൊണ്ടാവും. ശരണേട്ടന്റെ സ്വരത്തിലും ഉണ്ടായിരുന്നു സന്തോഷം.അപ്പയോടൊപ്പം അകത്തേക്ക് കയറി. ശ്രദ്ധ മുറിയിലേക്ക് വന്നപ്പോ ജയ്യുടെ കൈയിൽ ഒരു മുണ്ടും പിടിച്ച് നിൽക്കുകയാണ്.മറ്റൊരെണ്ണം കിടക്കയിലും ഇട്ടിട്ടുണ്ട്.""ഇത് നിന്റെ അപ്പയ്ക്ക് കൊടുക്ക്...""കൈയിലെ മുണ്ട് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. അപ്പയ്ക്ക് മാറാൻ മുണ്ട് എടുക്കാനായിട്ട് തന്നെയായിരുന്നു അവളും മുറിയുലേക്ക് വന്നത്. ""ജയ്ക്ക് ചായ വേണോ..."" അവൻ നെറ്റി തടവുന്നത് കണ്ട് ചോദിച്ചു.നല്ല തലവേദന ഉണ്ടായിരുന്നു അവന് കൂടെ ക്ഷീണവും.. ""ഞാൻ ഉണ്ടാക്കിക്കോളാം...""

പെട്ടെന്ന് തന്നെ പറഞ്ഞു. ""ജയ് പോയി കുളിക്ക്.. അപ്പോഴേക്കും കഴിക്കാനെടുക്കാം..."" അപ്പയും ജയ്യും കുളിച്ച് വരുമ്പോഴേക്കും ശ്രുതിയോടൊപ്പം ചായയും കഴിക്കാൻ ചപ്പാത്തിയും കറിയും ഉണ്ടാക്കി...ഒന്നും കഴിച്ച് കാണില്ല... പിന്നെ അപ്പയ്ക്ക് എന്തായാലും ഒരു ചായ വേണ്ടി വരും.. അത് ഉറപ്പാണ്...ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അപ്പയോട് എന്തൊക്കെയോ സംസാരിക്കുണ്ട് ജയ്.. വാവ വന്ന സന്തോഷത്തിൽ എല്ലാവരും ഇന്നുണ്ടായതൊക്കെ കുറച്ച് സമയത്തെക്കെങ്കിലും മറന്നു എന്ന് തോന്നുന്നു. ആകെ രണ്ട് മുറി മാത്രമേ ഉള്ളൂ... അതുകൊണ്ട് അപ്പയ്ക്ക് ഞങ്ങളുടെ റൂം കൊടുത്തു. മറ്റേ മുറിയിൽ എന്നോടും ശ്രുതിയോടും കിടന്നോളാൻ പറഞ്ഞു.ജയ് സെൻട്രൽ ഹാളിലും...

അപ്പയ്ക്ക് വേണ്ടി ബെഡിൽ ബെഡ്ഷീറ്റ് വിരിച്ചു കൊടുക്കുമ്പോഴാണ് അപ്പയും ജയ്യും കൂടി അകത്തേക്ക് വന്നത്. ""ജയ്...""ബെഡ്ഷീറ്റെടുത്ത് പുറത്തേക്ക് പോവാൻ നോക്കവേ അപ്പ ജയ്യെ വിളിച്ചു. എങ്ങനെ തുടങ്ങണം എന്നറിയാത്തത് കൊണ്ടാവും ഒരു നിമിഷം അപ്പ മിണ്ടാതെ നിന്നു. ""ശരണിന് ആറ് വയസുള്ളപ്പോഴാണ് ശ്രദ്ധ ജനിച്ചത്.. ഒരു പെൺകുഞ്ഞ് വേണമെന്ന് ഞങ്ങൾ അത്രയ്ക്ക് ആഗ്രഹിച്ചതു കൊണ്ട് തന്നെ ഒരു പാട് ലാളിച്ചു തന്നെയാണ് ഇവളെ വളർത്തിയത്..ശരണിനെ ഞാൻ വഴക്ക് പറയാറുണ്ട് പക്ഷെ ഇവളെ ഒന്ന് ദേഷ്യപ്പെട്ടു ഒന്ന് നോക്കാൻ പോലും എനിക്ക് കഴിയില്ലായിരുന്നു ... എനിക്ക് മാത്രമല്ല ഇവളുടെ അമ്മയ്ക്കും..

ഇവളുടെ കുസൃതി കൂടുമ്പോൾ ശരണാണ് ഇത്തിരിയെങ്കിലും വഴക്ക് പറഞ്ഞിട്ടുള്ളത്.. ഇവളുടെ കണ്ണ് നിറയുമ്പോൾ തീരും അവന്റെയും ദേഷ്യം"" ഇത് വരെ ഒളിപ്പിച്ചു വെച്ച സങ്കടങ്ങൾ കണ്ണീരായി പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ശ്രദ്ധ തല കുനിച്ചു നിന്നു. ""എന്ന് കരുതി വല്യ തല്ലു കൊള്ളിത്തരമൊന്നും ഇവൾ കാണിച്ചിട്ടില്ലാട്ടോ...ഇവൾ ഒരിക്കലും അതിര് കടക്കില്ലെന്നു അറിയാവുന്നത് കൊണ്ടാണ് ഇവളുടെ ഇടക്കുള്ള കുരുത്തക്കേടും മതില് ചാട്ടവുമൊക്കെ ഞാൻ കണ്ടില്ലെന്ന് വെച്ചതും..."" ശങ്കർ ശ്രദ്ധയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞതും ശ്രദ്ധ അപ്പയുടെ തോളിൽ ഏങ്ങി കൊണ്ട് തല ചായ്ച്ചു നിന്നു.ജയ് മറു വാക്കുക്കൾ ഒന്നും പറയാതെ കേട്ട് നിന്നു. "" നിന്റെ കൂടെയാണെങ്കിൽ ഹാപ്പി ആയിരിക്കും അത് മതി ഇവൾക്ക് എന്ന് പറഞ്ഞു കരഞ്ഞു വാശി പിടിച്ചാ ഇവൾ എന്നെ കൊണ്ട് കല്യാണത്തിന് സമ്മതിച്ചത്...

ഒരച്ഛനു മോളുടെ കാര്യത്തിന് ഉണ്ടാവുന്ന എല്ലാ ടെൻഷനും എനിക്കുണ്ടായിരുന്നു. അത് എനിക്ക് ഇപ്പോഴും ഉണ്ട്..ആരതിയെ ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് വളർത്തിയത് കൊണ്ട് ചിലപ്പോ ജയ്ക്ക് അത് മനസിലാവും..എനിക്ക് എന്റെ മോള് കരയുന്നത് ഒരിക്കലും കണ്ട് നിൽക്കാൻ പറ്റില്ല.. പക്ഷെ ഇന്ന് ഞാൻ അതും കാണേണ്ടി വന്നു മാത്രമല്ല എന്റെ മോൻ കരയുന്നതും .. എനിക്കറിയാം തെറ്റ് ഇവരുടെ ഭാഗത്താണെന്ന്.. മക്കളെ ന്യായീകരിക്കലല്ല...തെറ്റ് തന്നെയാണ് പക്ഷെ എടുത്ത് ചാടി ഒരു തീരുമാനം എടുക്കരുത് ജയ്..തല്ലി പിരിയാൻ എളുപ്പമാണ്..എന്നും ഒരാളെ കൂടെ നിർത്താനാണ് പാട്... ഇവരോട് പൊറുക്കാൻ ജയ്ക്കും ആരതിക്കും സമയം വേണ്ടി വരും എന്നറിയാം...

എന്തായാലും ആരതിയും കുഞ്ഞും ഡിസ്ചാർജ് ആയിട്ട് വന്ന ശേഷം നമുക്ക് അതിനെ പറ്റി സംസാരിക്കാം... "" ജയ് ശരിയെന്നു തലയാട്ടുക മാത്രം ചെയ്തു.ശങ്കറിന്റെ തോളിൽ മുഖം മറച്ചു നിൽക്കുന്ന ശ്രദ്ധയെ നോക്കി. പൊറുക്കാൻ പറ്റുന്നില്ല പക്ഷെ അവളുടെ കരച്ചിൽ വേദനിപ്പിക്കുന്നു.പിന്നെ അധികം അവിടെ നിന്നില്ല. ""അപ്പയില്ലേ കൂടെ... പിന്നെന്താ...""അവളുടെ ചുമലിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു. തോളിൽ മുഖം മറച്ചു കൊണ്ട് തന്നെ ഒന്നുമില്ലെന്ന് തലയാട്ടി.ജയ് അവിടെ നിന്ന് പോയതൊന്നും അവൾ അറിഞ്ഞിരുന്നില്ല.. ""എന്നാ അപ്പയുടെ കുഞ്ഞ് പോയി കിടന്നോ "" ശ്രദ്ധയുടെ ചുമലിൽ തട്ടി കൊണ്ട് വാത്സല്യത്തോടെ പറഞ്ഞതും അവൾ കണ്ണുകൾ തുടച്ചു കൊണ്ട് തലയാട്ടി. ശങ്കറിനെ ഒന്നു കൂടി കെട്ടിപിടിച്ചു. "" അപ്പയ്ക്ക് ഒരു ഗുഡ്‌നൈറ്റ് തന്നിട്ട് പോടാ... ""അവളോട് ചിരിയോടെ പറഞ്ഞതും അവൾ കെട്ടിപിടിച്ച് കവിളിൽ മുത്തി

""ഗുഡ് നൈറ്റ് അപ്പാ..."" ""ഗുഡ് നൈറ്റ് അപ്പേടെ കുഞ്ഞാ..."" ഒന്നു കൂടി അപ്പയെ തിരിഞ്ഞ് നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു. മനസ്സിൽ ഒരു തണുപ്പ് പോലെ.... അപ്പയുടെ തലോടലും ചിരിയും പിന്നെ 'അപ്പേടെ കുഞ്ഞാ' എന്ന വിളിയും കുറച്ചൊന്നുമല്ല അവളുടെ മനസ് തണുപ്പിച്ചത്.. ഒരു ആശ്വാസം പോലെ... ഇനിയും ജീവിതത്തിൽ തന്നെയും കാത്ത് നല്ലതെന്തൊക്കെയോ ഉണ്ടെന്ന വിശ്വാസം... ലേറ്റ് ആയി കിടന്നത് കൊണ്ടാവും ശ്രുതി വേഗം ഉറങ്ങി.പാവം ശ്രുതിയും ചന്ദ്രികേച്ചിയും ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട്...തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. ഫോൺ എടുത്ത് അലാറം സെറ്റ് ചെയ്തു.

ജയ് എഴുന്നേൽക്കുന്നതിന് മുൻപ് എഴുന്നേൽക്കണം.എഴുന്നേൽക്കുമോ... ആവോ... ഉറക്കം വരാത്തത് കൊണ്ട് ശ്രദ്ധ എഴുന്നേറ്റ് സെൻട്രൽ ഹാളിലേക്ക് പോയി. ജയ് സെൻട്രൽ ഹാളിന്റെ സൈഡിൽ കിടക്കുണ്ടായിരുന്നു.ബെഡ്ഷീറ്റ് വിരിച്ച് മറ്റൊരു ബെഡ്ഷീറ്റ് പുതച്ചിട്ടാണ് കിടക്കുന്നത്.തണുത്തത് കൊണ്ടാവും ചുരുണ്ടാണ് കിടപ്പ്.ശ്രദ്ധ മുറിയിൽ പോയി പുതപ്പെടുത്ത് കൊണ്ട് വന്ന് അവനെ പുതപ്പിച്ചു.ഒരു തോന്നലിൽ അവന്റെ അടുത്ത് കിടന്നു... കണ്ണടച്ചു കിടക്കുന്ന അവനെ നോക്കി. നഷ്ടപ്പെടാൻ വയ്യായിരുന്നു ജയ്... എന്റെ പ്രണയത്തെ സ്വതന്ത്രമാക്കി വിട്ട് അത് എന്റടുത്തേക്ക് വരുന്ന കാലത്തിനായി കാത്തിരിക്കാൻ എനിക്ക് വയ്യായിരുന്നു... എന്റെ പ്രണയം നിന്നിൽ അടിച്ചേല്പിച്ചതല്ലല്ലോ ജയ്...

നീയും എന്നെ പ്രണയിച്ചിരുന്നില്ലേ... ഏട്ടൻ ചെയ്തത് തെറ്റ് തന്നെ ആണ്... അത് ചെയ്യാൻ കാരണക്കാരി ആയി ഞാനും തെറ്റ് ചെയ്തു... ഒരിക്കലും ചെയ്തത് ന്യായീകരിക്കില്ല.. പക്ഷെ പൊറുത്തു കൂടെ.... എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കണം ജയ് ... ഏട്ടന് ഏടത്തിയെയും വേണം... ഒന്നു കൂടി അവൾ ചേർന്ന് കിടന്നതും ജയ് കണ്ണ് തുറന്നു.ജയ് ഉറങ്ങിയില്ലായിരുന്നോ.... ""തണുത്തിട്ടാ... ജയ്.. നല്ല തണുപ്പുണ്ട് ഇന്ന്..."" അവൻ എന്തോ പറയാൻ വാ തുറന്നതും ശ്രദ്ധ പറഞ്ഞു. ""നിന്നോടാരാ ഇവിടെ വന്ന് കിടക്കാൻ പറഞ്ഞത്...റൂമിൽ പോയി കിടക്ക്...""ശാസിക്കും പോലെ പറഞ്ഞു. ഒന്നും പറയാതെ അവനെ തന്നെ നോക്കി കിടന്നു ""തണുപ്പിന് കിടന്ന് വെറുതേ അസുഖം വരുത്തി വെക്കേണ്ട...

എഴുന്നേറ്റ് പോയെ..."" അവൾ അനുസരിക്കാത്തത് കണ്ട് ഒന്നു കൂടി ശബ്ദം കടുപ്പിച്ചു. ""എനിക്ക് അസുഖം വരുന്നത് കൊണ്ടാണോ ജയ് ഇവിടെ കിടക്കേണ്ടന്ന് പറഞ്ഞത്...""അവളുടെ കണ്ണുകൾ വിടർന്നു.സന്തോഷം തിരതല്ലാൻ തുടങ്ങി. ""അല്ല... നീ എന്റെ കൂടെ കിടക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട്..."" അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ പറഞ്ഞു. അവളുടെ കണ്ണിൽ നിരാശ നിറഞ്ഞു. ""ഒട്ടും ഇഷ്ടല്ലേ... ജയ്..""കണ്ണ് നിറച്ച് കൊണ്ട് ചോദിച്ചു... ""നിനക്കെന്താ വേണ്ടത്.. ഞാൻ എഴുന്നേറ്റ് പുറത്ത് പോയി കിടക്കണോ..."" ദേഷ്യപ്പെട്ടു കൊണ്ട് അവൻ എഴുന്നേൽക്കാൻ നോക്കിയതും അവന്റെ കൈയിൽ പിടിച്ചു.""വേണ്ട... ഞാൻ പൊയ്ക്കോളാം.."" കണ്ണ് തുടച്ച് കൊണ്ട് അവൾ എഴുന്നേറ്റു.

അലാറം കേട്ട് രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. ശ്രുതി എഴുന്നേറ്റില്ല... സെൻട്രൽ ഹാളിൽ എത്തിയപ്പോൾ ജയ്യും കിടന്നുറങ്ങുന്നു. സിങ്കിൽ ഇന്നലെ രാത്രിയിലെ പത്രങ്ങൾ മുഴുവൻ ഉണ്ട്. ലേറ്റ് ആയത് കൊണ്ട് രാവിലെ കഴുകാം എന്ന് വെച്ച് സിങ്കിൽ ഇട്ടതാ... പാത്രം കഴുകി കൊണ്ടിരിക്കെയാണ് സ്റ്റവ് കത്തിക്കുന്ന ശബ്ദം കേട്ടത്... ജയ് ആയിരുന്നു... രവിലെ തന്നെ ജയ്ക്ക് ചായ വേണം.. അപ്പോഴാ ഓർത്തത് അപ്പ എഴുന്നേൽക്കുന്ന സമയമായി... അപ്പയ്ക്കും ചായ വേണം. മൂന്നു ഗ്ലാസിൽ ചായ പകർന്നു ""അപ്പയ്ക്ക് കൊണ്ട് കൊടുക്ക്..."" ജയ് പറഞ്ഞതും ഗ്ലാസും എടുത്ത് അപ്പയുടെ റൂമിലേക്ക് നടന്നു. ""ഗുഡ് മോർണിംഗ് അപ്പാ...""അപ്പ എഴുന്നേറ്റ് ഇരുന്ന് കണ്ണടയുടെ ഗ്ലാസ്‌ തുടക്കുന്നതേ ഉള്ളൂ...""

"" ജയ് ആണോ ചായ ഇട്ടത്... ""ചായ ഒരിറക്ക് ഇറക്കിയ പാടെ ചോദിച്ചു. ആണെന്ന് ചമ്മലോടെ തലയാട്ടി.""അതൊക്കെ പഠിക്കണം.. കേട്ടോ "" ഉവ്വെന്ന് അപ്പയോട് പറഞ്ഞു. ഭക്ഷണവും കഴിച്ച് അപ്പ വീട്ടിലേക്ക് പോയി. ശ്രുതി കോളേജിൽ പോവേണ്ട താത്രപ്പാടിലാണ്.. ഏതൊക്കെയോ ബുക്ക്‌ അവളുടെ വീട്ടിലായി പോയി. അത് എടുക്കാൻ ഒരു ഓട്ടം വീട്ടിലേക്ക്... പിന്നെ ഞാനും ശ്രുതിയും കൂടി ജയ്യെ അടുക്കളയിൽ സഹായിച്ചു.ഹോസ്പിറ്റലിലേക്കുള്ളതും ഉണ്ടാക്കി. ""ജയ്.. ഞാൻ കൂടി വന്നോട്ടെ... ഹോസ്പിറ്റലിലേക്ക്...”" ""വന്നിട്ട് കാര്യമില്ല... കുഞ്ഞിനെ കാണാൻ പറ്റില്ല... ശനിയാഴ്ച വന്നോ.. ശ്രുതിക്കും ഒഴിവാണല്ലോ..."" ഹോസ്പിറ്റലിലേക്കുള്ള ഭക്ഷണം പത്രത്തിൽ എടുത്ത് വെച്ച് കൊണ്ട് ജയ് പറഞ്ഞു ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️

രാവിലെ തന്നെ ആരതിയെ റൂമിലേക്ക് മാറ്റി... സ്‌ട്രക്ചറിൽ നിന്ന് ബെഡിലേക്ക് എടുത്ത് ശരൺ എടുത്ത് കിടത്തിയപ്പോൾ അവനെ നോക്കാതെ ആരതി മറുവശത്തെക്ക് തല ചെരിച്ചു.""പതിയെ... സ്റ്റിച്ച് ഉള്ളതാ "" അവൻ ആരതിയെ ബെഡിൽ കിടത്തവെ പത്മ പറഞ്ഞു. പ്രെഗ്നന്റ് ആയിട്ടും അത്ര തടിയൊന്നും അവൾ വെച്ചിട്ടില്ലാത്തത് കൊണ്ട് ശരണിന് അത്ര ബുദ്ധിമുട്ട് തോന്നിയില്ല ""നിനക്ക് കുഴപ്പമൊന്നുമില്ലലോ...""ആരതിയെ കിടത്തിയ ശേഷം ശരൺ ചോദിച്ചു. ഇല്ലെന്നോ ഉണ്ടെന്നോ പറഞ്ഞില്ല. ശരണിന്റെ മുഖം താഴ്ന്നു വരുന്നത് കണ്ടതും അവൾ ചന്ദ്രികയേയും അമ്മയെയും നോക്കി. അത് കണ്ട് ചിരിയോടെ അവർ മുഖം തിരിച്ച് സംസാരിക്കുകയാണ്.

ആരതി അവന്റെ താടിയിൽ കൈപ്പത്തി വെച്ച് അവനെ അകറ്റി. "" മറ്റൊരാളുടെ മുന്നിൽ ഇങ്ങനെ കാണിച്ചല്ല സ്നേഹം പ്രകടിപ്പിക്കേണ്ടത്.. ആദ്യം അത് മനസ്സിൽ വേണം.. അല്ലെ കുഞ്ഞിനെ തന്ന നന്ദി പ്രകടമാണെങ്കിൽ താങ്ക്സ് വാ കൊണ്ട് പറഞ്ഞാ മതി..""ആരതിയുടെ വാക്കിലെ നിർവികാരത അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ശരൺ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ആരതി മുഖം തിരിച്ചു. അപ്പോഴേക്കും ജയ്യും വന്നിരുന്നു. ""ഞാൻ വാങ്ങിക്കോളാം....""നേഴ്സ് മെഡിസിൻ വാങ്ങാനുള്ള പ്രിസ്ക്രിപ്ഷൻ ശരണിന്റെ കൈയിൽ കൊടുത്തതും ജയ് അത് തട്ടി പറിച്ച് വാങ്ങി.ആരതിയുടെ ജീവിതത്തിൽ താൻ ആരുമല്ലാതെ ആവുന്നത് പോലെ തോന്നി ശരണിന്...

ഇടക്ക് കുഞ്ഞിന് പാൽ കൊടുക്കാൻ പോവണം. ആരതിയുടെ കൂടെ പത്മയാണ് പോയത് ഒപ്പം ശരണും പോയി. ""എനിക്ക് കുഴപ്പമില്ല.... ഞാൻ ഒറ്റക്ക് നടന്നോളാം...""അവൻ അവളെ പിടിച്ച് നടക്കാൻ നോക്കിയപ്പോൾ ആരതി പറഞ്ഞു. എന്നിട്ട് അവന്റെ കൈ വിടുവിച്ചു പത്മയുടെ കൈയിൽ പിടിച്ച് നടന്നു. ഇത്രയും വെറുത്തുവോ അവൾ.... ആരതി തന്നിൽ നിന്നും അകലുകയാണെന്ന് തോന്നി ശരണിന് അവൾക്കും നോവുന്നുണ്ടായിരുന്നു ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ""ഇനി നീ നിന്റെ കാലമാടൻ സാറിനെ കേറി പ്രേമിക്കുമോ..."" ചിരിയോടെ പറഞ്ഞു ഇന്നലെ ശ്രദ്ധ എഴുതി കൊടുത്ത നോട്ട് മാറ്റി എഴുതുകയാണ് ശ്രുതി എന്നെത്തെയും പോലെ കാലമാടൻ സാറിനെ തെറി വിളിച്ച് തന്നെ.

ആ നോട്ട് വേറെ ആരോ എഴുതിയതാണ് അതു കൊണ്ട് മാറ്റി എഴുത്തണമെന്ന് അയാൾ പറഞ്ഞുവത്രേ ... ""മിണ്ടാതിരുന്നോ അല്ലെ എറിഞ്ഞു കൊല്ലും ഞാൻ...""തൊട്ടടുത്തുണ്ടായിരുന്ന പൗച് എടുത്ത് എറിയാൻ നോക്കി കൊണ്ട് പറഞ്ഞു.""പ്രേമിക്കാൻ പറ്റിയൊരു മൊതല്...അങ്ങേർക്ക് എന്തൊക്കെയോ ഫാമിലി പ്രോബ്ലെംസ് ഉണ്ട്.. അതിന്റെ ഫ്രസ്ട്രഷൻ മുഴുവൻ ക്ലാസ്സിൽ തീർക്കും... ആർക്കും കണ്ണെടുത്താൽ കണ്ട് കൂടാ അയാളെ.....ടീച്ചേഴ്സിനോട് പോലും മിണ്ടില്ല അയാൾ...അങ്ങേരുടെ കല്യാണം കഴിഞ്ഞതാണോന്നു പോലും ആർക്കും അറിയില്ല...ക്ലാസ്സിൽ വരും ബ്ലാഹ്.. ബ്ലാഹ് ന്ന് ചിലക്കും.. ബെൽ അടിക്കുമ്പോ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകും..

പിന്നെ ചെയിൻ സ്മോക്കർ ആണെന്ന് തോന്നുന്നു ലഞ്ച് ബ്രേക്കിനൊക്കെ ഒരു കോർണറിൽ പോയി സിഗരറ്റ് വലിക്കുന്നത് കാണാം...."" ""ഒക്കെ... സാറിനെ വിട്... വേറെ ആരോടെങ്കിലും നിനക്ക് ഇഷ്ടമുണ്ടോ.. സത്യമേ പറയാവൂ...."" ""പണ്ട് ഉണ്ടായിരുന്നു... ആളെ പറഞ്ഞാൽ ശ്രദ്ധ്യേച്ചിയ്ക്ക് ഹാർട്ട്‌ അറ്റാക്ക് വരും ... അത് കൊണ്ട് പറയുന്നില്ല..."" എഴുത്ത് നിർത്തി താടിക്ക് കൈ കൊടുത്തിരുന്നു ""എന്റെ ഹാർട്ട്‌ ഒക്കെ കലങ്ങിയിരിക്കുവാ...ഇനി അതിന് അറ്റാക്ക് ഒന്നും വരില്ല മോളെ... അതു കൊണ്ട് നീ ധൈര്യമായി പറഞ്ഞോ..."" ""പറയട്ടെ..."" ""ആഹ്... പറയന്നേ...."" ശ്രുതിയുടെ അതേ ടോണിൽ ശ്രദ്ധയും പറഞ്ഞു. "" ശ്രദ്ധ്യേച്ചിയുടെ കണവൻ... ജയ്യേട്ടൻ... ""

ശ്രദ്ധയുടെ മുഖത്ത് ഇത് വരെ ഉണ്ടായിരുന്ന ചിരി പെട്ടെന്ന് മാഞ്ഞു. "" അമ്മയൊക്കെ എപ്പോഴും ജയ്യേട്ടനെ പറ്റി ഓരോന്ന് പറയും.. ഇത് പോലൊരു ചെക്കനെ വേറെ കാണില്ലന്നൊക്കെ... അതൊക്കെ കേട്ടപ്പോ ചെറിയ ഇഷ്ടം... പക്ഷെ ആരുവേച്ചിയെ പോലെയാ എന്നേം കാണുന്നത് എന്ന് മനസിലായപ്പോ അതൊക്കെ വിട്ടു..."" ""ജയ്ക്ക് അറിയാമായിരുന്നോ..."" ""ഞാൻ പറഞ്ഞിട്ടൊന്നുമില്ല...ചിലപ്പോ മനസിലാക്കി കാണും... എന്നോടിതു വരെ ചോദിച്ചിട്ടില്ല...മനസ്സിൽ തോന്നിയ ഒരു പൊട്ടത്തരം...ചേച്ചിക്ക് വിഷമമായോ പറഞ്ഞിട്ട്..ശ്രദ്ധ്യേച്ചി അതേ സെൻസിൽ എടുക്കുമെന്ന് തോന്നി പറഞ്ഞതാ...."" ശ്രദ്ധ ചിരിക്കാനൊന്നു ശ്രമിച്ചു.ഒരു വല്ലായ്മ....

പറയേണ്ടിയിരുന്നില്ലെന്ന് ശ്രുതിക്കും തോന്നി. ""ജയ്യുടെ അച്ഛൻ ഇപ്പൊ എവിടെ ഉണ്ട്..."" വിഷയം മാറ്റാനെന്ന പോലെ ശ്രദ്ധ പറഞ്ഞു. ""ഇവിടുന്ന് കുറച്ച് പോവണം...അച്ഛനും ഇപ്പോഴത്തെ ഭാര്യയുമാ താമസം.ജയ്യേട്ടനോട് ചോദിച്ചേക്കല്ലേ അച്ഛനെ പറ്റി... കേൾക്കുന്നതേ കലിയാ... ഞങ്ങൾ ആരും അച്ഛനെ കുറിച്ച് സംസാരിക്കാറ് പോലുമില്ല..."" ""അച്ഛൻ ഇത് വരെ ഇങ്ങോട്ട് വന്നിട്ടില്ലേ..."" ""ജയ്യേട്ടനെയും ആരുവെച്ചിയേയും കൂട്ടാൻ വേണ്ടി പണ്ട് അവരുടെ അമ്മ വീട്ടിൽ പോയപ്പോ എല്ലാവരും കൂടി അച്ഛനെ ഇറക്കി വിട്ടു... ജയ്യേട്ടനും ഏതാണ്ടൊക്കെ പറഞ്ഞുന്നാ കേട്ടത്... പിന്നെ ജയ്യേട്ടനും ആരുവെച്ചിയും ഇവിടേക്ക് വന്നപ്പോഴും വന്നിരുന്നു

പക്ഷെ ജയ്യേട്ടൻ ഇറക്കി വിട്ടു.ഇങ്ങോട്ട് മക്കളെന്നും പറഞ്ഞു വരരുത് എന്ന് പറഞ്ഞു.എന്നാലും ജയ്യേട്ടൻ അറിയാണ്ട് ആരുവെച്ചിയുടെ ട്രീറ്റ്‌മെന്റിനോക്കെ സഹായിച്ചിട്ടുണ്ട്..."" "'ഏടത്തിയും മിണ്ടില്ലേ അച്ഛനോട്..."" ""ഇല്ല...ജയ്യേട്ടന് വേണ്ടാത്തയാളെ ആരുവെച്ചിക്കും വേണ്ട എന്ന് പറഞ്ഞു.. ജയ്യേട്ടന് ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ പിന്നെ അങ്ങേ അറ്റം വെറുക്കും..."" ""അത് അത്ര നല്ല ശീലമല്ലാലോ ശ്രുതി... നാളെ സാറ്റർഡേ അല്ലെ.. നമുക്ക് നാളെ ഹോസ്പിറ്റലിൽ പോയിട്ട് നേരെ അച്ഛന്റെ വീട്ടിൽ പോയാലോ.."" ""അത് വേണോ... ജയ്യേട്ടൻ അറിഞ്ഞാൽ നമ്മളെ കൊല്ലും...""പേടിയോടെ ശ്രുതി പറഞ്ഞു. ""അതിന് ജയ് അറിഞ്ഞാലല്ലേ..."" അപ്പോഴേക്കും കോളിങ് ബെൽ കേട്ടു ജയ് ആയിരിക്കും...

""എന്താ രണ്ടും കൂടി പരിപാടി "" വാതിൽ തുറന്നതും ജയ് ചോദിച്ചു. ""ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുവായിരുന്നു.."" ""മ്മ്..."" ഒന്ന് മൂളി കൊണ്ട് അകത്തേക്ക് കയറി. ""കഴിക്കാൻ എടുത്ത് വെക്കട്ടെ..."" ""വേണ്ട... കഴിച്ചിട്ടാ വന്നേ..""അതും പറഞ്ഞു മുറിയിലേക്ക് പോയി. ""നിനക്ക് എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയിട്ട് അകത്തേക്ക് വന്നു കൂടെ..."" ശ്രദ്ധ മുറിയിലേക്ക് വരുമ്പോൾ ജയ് ഷർട്ടിന്റെ ബട്ടൺ അഴിക്കുകയായിരുന്നു. ""എന്തിന്... എന്റെ റൂം... എന്റെ ഭർത്താവ് പിന്നെന്തിനാ ഫോർമാലിറ്റി... ഞാൻ ബട്ടൺ അഴിച്ച് തരാം..."" അടുത്ത് പോയി ഷർട്ടിൽ കൈ വെച്ചതും കൈ തട്ടി മാറ്റി. "" നീ നിന്റെ പാട് നോക്കി പോയെ..എന്റെ കൈ തളർന്നു പോയിട്ടൊന്നുമില്ല...""

""എല്ലാവരും ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊടുക്കുന്നതും അഴിച്ച് കൊടുക്കുന്നതുമൊക്കെ ഭർത്താവിന്റെ കൈ തളർന്നിട്ടാണോ..."" "" അത് ഭാര്യമാരല്ലേ.... നീ എന്റെ ഭാര്യ ആണോ.. "" കൊമ്പ് കോർക്കാനെന്നോണം പറഞ്ഞു ""അല്ലേ??..."" ""അല്ല..."" ""ഒരിക്കലും ആവില്ലേ.."" ""അറിയില്ല.."" എങ്ങോട്ടോ നോക്കി പറഞ്ഞു. ""അത്രയ്ക്ക് വെറുപ്പാണോ എന്നോട്... ഒരിക്കലും പൊറുക്കാൻ പറ്റില്ലേ.."" ""പെറുക്കാൻ പറ്റില്ല..."" അളന്നു മുറിച്ചുള്ള മറുപടി... ""അപ്പോ ഏടത്തിയോട് ജയ് എങ്ങനെയാ ക്ഷമിച്ചത്... എന്നോട് പൊറുക്കാൻ പറ്റില്ല... എന്റെ ഏട്ടനോട് പൊറുക്കാൻ പറ്റില്ല... എന്തിന് സ്വന്തം അച്ഛനോട് പോലും പൊറുക്കാൻ പറ്റില്ല... പക്ഷെ അനിയത്തിയോട് പൊറുക്കും... ശരിക്കും ഏടത്തി നിങ്ങളോട് ചെയ്തതിലും വലിയ തെറ്റാണോ ഞങ്ങൾ ചെയ്തത്..."" ""ഡീ....."" ജയ്യുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. അവളുടെ കൈയിൽ പിടിച്ച് തിരിച്ച് അവനോട് അടുപ്പിച്ചു.'""""തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story