സസ്‌നേഹം: ഭാഗം 13

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""അപ്പോ ഏടത്തിയോട് ജയ് എങ്ങനെയാ ക്ഷമിച്ചത്... എന്നോട് പൊറുക്കാൻ പറ്റില്ല... എന്റെ ഏട്ടനോട് പൊറുക്കാൻ പറ്റില്ല... എന്തിന് സ്വന്തം അച്ഛനോട് പോലും പൊറുക്കാൻ പറ്റില്ല... പക്ഷെ അനിയത്തിയോട് പൊറുക്കും... ശരിക്കും ഏടത്തി നിങ്ങളോട് ചെയ്തതിലും വലിയ തെറ്റാണോ ഞങ്ങൾ ചെയ്തത്..."" ""ഡീ....."" ജയ്യുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു. അവളുടെ കൈയിൽ പിടിച്ച് തിരിച്ച് അവനോട് അടുപ്പിച്ചു. പിറകോട്ടു കൈ ഒടിച്ചു പിടിച്ചു. ""ജയ്..വിട്ടേ.. കൈ വേദനിക്കുന്നു..."" ""നിനക്ക് രണ്ടെണ്ണം കിട്ടാത്തതിന്റെ എല്ലാ കുറവുമുണ്ട്... നിന്റെ അച്ഛന്റെടുത്തും ഏട്ടന്റെടുത്തും എടുക്കുന്ന വിളച്ചിൽ എന്റടുത്തു എടുക്കാൻ വരരുത്..."" ""കൈ വിട് ജയ്...""

ശ്രദ്ധയ്ക്ക് കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. ""ആഹ്ഹ്.... കൈ വിട്......"" അവളുടെ ശബ്ദം കൂടിയപ്പോൾ ജയ് കൈ അയച്ചു. ""എന്ത് പിടിയാ കാലാ നിങ്ങൾ പിടിച്ചേ...തല്ലാൻ പോലും എന്റെ ശരീരത്തിൽ തൊടില്ല എന്ന് പറഞ്ഞ ആളല്ലേ.... എന്നിട്ടിപ്പോ....മനുഷ്യന്മാരായാൽ പറഞ്ഞ വാക്കിനു വില വേണം..."" കൈ കുടഞ്ഞു കൊണ്ടിരുന്നു. "" ആദ്യം നിന്റെ നാവ് നീ നന്നാക്ക്.. അല്ലേ ഇത് പോലെ ഇനിയും കിട്ടും ...ഇനി നീ ഇത് പോലെത്തെ എന്തെങ്കിലും പറഞ്ഞാൽ കൈ പിടിച്ച് ഒടിക്കും ഞാൻ.. "" ""ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്..."" അവൾക്കും ദേഷ്യം വന്നു.കൈ ചുവന്നിട്ടുണ്ട്...ദേഷ്യം കൊണ്ട് മുറുകിയ അവന്റെ മുഖത്തേക്ക് നോക്കി. ""നീ പോവാൻ നോക്കിയേ... അല്ലേ ഞാൻ തല്ലി പോവും...""

""സ്വന്തം തെറ്റ് ചൂണ്ടി കാണിക്കുമ്പോ ഇങ്ങനെ ചാടി കടിച്ചിട്ട് കാര്യമില്ല.. ജയ്.."" ""ഒന്ന് ഇറങ്ങി പോവുന്നുണ്ടോ നീ...""ദേഷ്യത്തിൽ അവൻ പറഞ്ഞതും അത്ര തന്നെ ദേഷ്യത്തിൽ അവൾ അവിടെ നിന്നും ഇറങ്ങി പോയി. മുറിയിൽ ശ്രുതി എന്തൊക്കെയോ എഴുതുകയാണ്... വാതിൽ ചാരിയത് കൊണ്ട് കേട്ട് കാണില്ല... കൈയിലേക്ക് ഒന്ന് നോക്കി....ജയ്യുടെ വിരൽ അടയാളം വെളുത്ത കൈയിൽ കാണാം..എന്നത്തേയും പോലെ ശ്രുതിയോട് സംസാരിക്കാൻ നിന്നില്ല.. അച്ഛന്റെ കാര്യത്തിലെങ്കിലും ജയ് ഒന്ന് മാറ്റി ചിന്തിക്കണമെന്ന തോന്നലിൽ സംസാരിക്കാൻ പോയതാണ്...പക്ഷെ ശ്രുതിയുടെ സംസാരം ഉള്ളിൽ കിടക്കുന്നത് കൊണ്ടാവും എന്തോ അങ്ങനെ ഒക്കെ പെരുമാറി പോയി..എല്ലാം കുളമായി...

ഛെ.. അവൾ തിരിഞ്ഞു കിടന്നു ആസ്വസ്ഥതയോടെ ജയ് കൈകളിൽ തല വെച്ചു മലർന്നു കിടന്നു... ഉള്ളിൽ ദേഷ്യം.. സങ്കടം.. നിരാശ എല്ലാം തിങ്ങി നിറയുന്നു. ഒരു നിമിഷം ചിന്ത ശ്രദ്ധയിലേക്ക് പോയി... ജീവിതം പോലും ആരുവിനു വേണ്ടിയാണെന്ന് ഉറപ്പിച്ച പതിനേഴുകാരൻ.... തനിക്ക് അവൾ മാത്രമേ ഉള്ളൂ എന്ന ചിന്ത എന്നേ ഉള്ളിൽ നാമ്പിട്ടതാണ്... അവളായിരുന്നു ലോകം..അവളെ പൊതിഞ്ഞു പിടിച്ച് ജീവിക്കാൻ ശീലിച്ചത് കൊണ്ടാവും അവളെന്തു ചെയ്താലും പൊറുക്കാൻ കഴിയുന്നത്... എന്നും അവൾ വിളർച്ചയുള്ള മുഖത്തോടെ തന്നെ നോക്കുന്ന ഇല്ലിച്ച കുഞ്ഞി പെണ്ണാണ്.. രാവിലെയും രണ്ട് പേരുടെയും മുഖം കനത്തു തന്നെയിരുന്നു.

ശ്രദ്ധ അത് തീർത്തത് അടുക്കളയിലെ പാത്രങ്ങളോടും...ജയ് അതൊന്നും തന്നെ ബാധിക്കുന്നതേ അല്ല എന്ന മട്ടിൽ ഇഡ്ഡലി ഉണ്ടാക്കുകയാണ്...രണ്ടു പേരുടെയും മുഖം ഇരുണ്ടിരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി ശ്രുതിക്ക്. ""ശ്ശോ... ഈ കോളേജിൽ പോക്കൊരു ചടങ്ങ് ആണ്... ഒരു സ്ട്രൈക്ക് ഒക്കേ ഉണ്ടായിട്ട് എത്ര നാളായി... സ്ട്രയിക്കാണെന്ന് കേൾക്കാൻ കൊതി ആവുന്നു...ഇതൊക്കെ ഒന്ന് തീർന്നിട്ട് വേണം കുറെ നാൾ വെറുതേ ഇരിക്കാൻ.."" ആരും മിണ്ടാത്തത് കൊണ്ട് ശ്രുതി തുടക്കമിട്ടു. ""ശരിയാ... കോളേജിൽ പോയി പഠിച്ചിട്ട് എന്താ കാര്യം... ചിലരെയൊക്കെ കാണുന്നില്ലേ ഒരുപാട് പൈസ ഒക്കെ മൊതലാക്കി പഠിപ്പിച്ചിട്ട് വല്ലവന്റെയും അടുക്കളയിൽ പാത്രം കഴുകുന്നത്...""

ജയ് ഉദേശിച്ചത് ആരെയാണെന്ന് ശ്രദ്ധയ്ക്ക് നന്നായി മനസിലായി. ""ശ്രുതി.... സ്വന്തം പെങ്ങൾക്കിട്ടും കൊള്ളുന്നുണ്ടെന്ന് ഇപ്പൊ പ്രസംഗിച്ച മഹത് വ്യക്തിയോട് പറഞ്ഞേക്ക്..."" ശ്രദ്ധ സിങ്കിലേക്ക് കൈയിലെ പാത്രം ശക്തിയിലിട്ട് പുറത്തേക്ക് പോയി. ഇറയത്തു ചെന്നിരുന്നു... ദേഷ്യം പോകാനെന്നോണം രണ്ട് കൈ കൊണ്ടും മുഖം അമർത്തി തുടച്ചു.അവസാനം മുഖം മുട്ടുകൾക്കിടയിൽ ഒളിപ്പിച്ചു.വാക്കുകൾ കൊണ്ട് ജയ് വല്ലാണ്ട് നോവിക്കുന്നു.അതും മറ്റൊരാളുടെ മുന്നിൽ വെച്ച്... ""ശ്രദ്ധ്യേച്ചി... ജയ്യേട്ടൻ തമാശ ആയിട്ട് പറഞ്ഞതല്ലേ..."" അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് ശ്രുതി പറഞ്ഞു. ""എനിക്കും നോവും ശ്രുതി...

എത്ര മോഡേൺ ആണെന്ന് പറഞ്ഞാലും ചിലതൊന്നും എന്റെ ഉള്ളിലെ പെണ്ണിന് ഉൾകൊള്ളാൻ പറ്റില്ല.."" അവൾ മുഖം ഉയർത്താതെ പറഞ്ഞു.ശ്രുതി പിന്നെ ഒന്നും പറഞ്ഞില്ല. ശരിക്കും കരഞ്ഞതും വേദനിച്ചതുമൊക്കെ ..ജയ് അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണോ... അല്ല.. വേറെ എന്തൊക്കെയോ ആണ് കാരണം... ദേഷ്യപ്പെടാൻ കാരണം തേടിയത് പോലെ... എൽസയെ വിളിച്ചപ്പോൾ കാൾ എടുക്കുന്നില്ല... രണ്ടാമത് വിളിച്ചപ്പോൾ ഉറക്കച്ചടവോടെ ഒരു ഹലോ കേട്ടു. ""എന്താടി... ഈ സമയത്ത്...."" ""എൽസ... എനിക്ക് ഒരു ജോലി വേണം.. നിന്റെ കമ്പനിയിൽ വാക്കൻസി ഉണ്ടോ.."" അവൾ ഒന്ന് ഞെട്ടി എന്ന് തോന്നുന്നു... ""ഞാൻ ഒന്ന് അന്വേഷിച്ചിട്ട് പറയാം... നീ സിവി ഒന്നയക്ക്..."" എൽസയോട് സംസാരിച്ച് തിരിയുമ്പോൾ തന്നെ നോക്കി നിൽക്കുന്ന ജയ്യെ... ശ്രദ്ധ കണ്ടെന്നു തോന്നിയതും റൂമിലേക്ക് പോയി. വീട് പൂട്ടി ഇറങ്ങുമ്പോൾ ജയ് സ്റ്റീയറിങ്ങിൽ കൈ വെച്ച് നോക്കിയിരിക്കുന്നുണ്ട്.

അവനെ കാണാത്ത പോലെ ശ്രുതിയോടൊപ്പം പിറകിൽ കയറി. ജയ് എന്നൊരാൾ തന്നെ ബാധിക്കുന്നതേ അല്ല എന്ന പോലെ ശ്രുതിയോട് സംസാരിച്ചിരുന്നു. അവളോട് സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടാക്കി ഉണ്ടാക്കി കൊണ്ടിരുന്നു. ജയ് നേരെ നോക്കി തന്നെ വണ്ടി ഓടിക്കുകയാണ്. ശ്രുതി ചോദിച്ചതിന് എന്തോ ഒന്ന് അവൻ മറുപടി കൊടുത്തു.അവനിലേക്ക് കണ്ണുകളെ ചായുന്ന കണ്ണുകളെ പിടിച്ച് കെട്ടി അവനോട് വാശി കാണിച്ചു. അല്ലെങ്കിലും എന്നെ തേടാത്ത കണ്ണുകളെ ഞാൻ എന്തിന് തേടണം... പക്ഷെ ആ ചിന്തകൾക്കൊടുക്കം മനസ് അവനിലേക്ക് തന്നെ എത്തുന്നു. ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️

ബെഡിലേക്ക് ഇരുന്നപ്പോൾ അടിവയറിലെ സ്റ്റിച്ച് ഒന്നിളകി പോയി...മുറിവ് ഉണങ്ങി വരുന്നതേ ഉള്ളൂ...ആരതി വേദന കൊണ്ട് മുഖം പുളഞ്ഞു. ""സൂക്ഷിച്ച്.... സ്റ്റിച്ച് ഉണങ്ങി കാണില്ല ..."" അവൾ മുഖം ചുളിക്കുന്നത് കണ്ട് നേഴ്‌സ് പറഞ്ഞു.എത്താൻ ഇത്തിരി ഒന്നു വൈകിയതേ ഉള്ളൂ... മോൻ കരയാൻ തുടങ്ങിയിരുന്നു. മോന്റെ കരച്ചിൽ കേട്ട വെപ്രാളത്തിൽ ഇരുന്നതാ...ചാരി ഇരുന്ന് കുഞ്ഞിനെ തരാനായി നഴ്സിനെ നോക്കി. ""കുഴപ്പമില്ല... ഞാൻ കൊടുത്തോളാം.."" പാൽ കൊടുക്കാൻ സഹായിക്കാനായി കുഞ്ഞിനെ അവളുടെ മാറിലേക്ക് അടുപ്പിച്ചു കൊടുത്ത നഴ്സിനോടായി പറഞ്ഞു. അവൾ കൈക്കുള്ളിലായി കുഞ്ഞിനെ പിടിച്ച് ഗൗണിന്റെ ഹുക് അഴിച്ചു.അവളുടെ കൈയിലെത്തിയിട്ടും കുഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു.

""ഓഹ് ഓ... അമ്മ വന്നില്ലെടാ... പിന്നെന്തിനാ കരയുന്നെ..."" എന്നിട്ടും കണ്ണുകൾ ഇറുക്കി അടച്ച് കരഞ്ഞു കൊണ്ടേ ഇരുന്നു.വരാൻ വൈകിയതിന്റെ പ്രതിഷേധമെന്ന പോലെ, നിപ്പിൾ വായിൽ വെച്ചു കൊടുക്കാൻ നോക്കിയതും കരഞ്ഞു കൊണ്ട് തന്നെ മുഖം ചെരിച്ചു കളഞ്ഞു. ""ആഹാ.. അമ്മ വരാൻ ലേറ്റ് ആയതിന്റെ ദേഷ്യമാണോ കുഞ്ഞാ..."" നേഴ്സ് കുഞ്ഞിന്റെ കൈയിൽ കുലുക്കി കൊണ്ട് ചോദിച്ചതും ആരതി ചിരിച്ചു. ഒന്ന് കൂടി നിപ്പിൽ വായിൽ വെച്ച് കൊടുത്തതും കരച്ചിൽ നിർത്തി കുടിക്കാൻ തുടങ്ങി. ആരതി മോനെ തന്നെ നോക്കിയിരുന്നു. മറ്റൊന്നും അവളെ ബാധിക്കുന്നില്ലായിരുന്നു. കുഞ്ഞിന്റെ കൈയിലെ തന്റെ പേരെഴുതിയ ബാന്റിലേക്ക് നോക്കി അവൾ...

എന്റെ കുഞ്ഞ്.... അവൾക്ക് ഒരേ സമയം കരയാനും ചിരിക്കാനും തോന്നി. ഒന്നു കൂടി ശരീരത്തിലേക്ക് ഒതുക്കി പിടിച്ചു. പാല് കുടിച്ചു കഴിഞ്ഞതും അവൻ ഉറങ്ങിയിരുന്നു. നഴ്സിന്റെ കൈയിൽ കൊടുക്കുമ്പോൾ അവളുടെ മുഖം മങ്ങിയിരുന്നു.ഇത്രയും നേരം തന്നെ പൊതിഞ്ഞു പിടിച്ചതെന്തോ നഷ്ടമാകുന്നത് പോലെ... പുറത്ത് അവളെയും കാത്ത് ശരണും പത്മയും ഉണ്ടായിരുന്നു. ശരൺ വേഗം അവളുടെ കൈയിൽ പിടിച്ചു. വേണ്ട എന്ന് അവൾ പറഞ്ഞെങ്കിലും അത് കേൾക്കാതെ അവളെ ചേർത്ത് പിടിച്ച് നടന്നു. ആളുകൾ കാണുന്നത് കൊണ്ട് അവൾ അധികം പ്രതികരിക്കാൻ പോയില്ല.റൂം എത്താറായപ്പോൾ ശരണിന്റെ കൈകൾ എടുത്ത് മാറ്റി പത്മയുടെ അടുത്തായി നടന്നു

ശ്രദ്ധയും ജയ്യും ശ്രുതിയും ഹോസ്പിറ്റലിൽ എത്തിയപ്പോൾ റൂമിൽ ആരതിയും പത്മയും ശരണുമില്ലായിരുന്നു.ചന്ദ്രികേച്ചിയോട് ചോദിച്ചപ്പോൾ കുഞ്ഞിന് പാൽ കൊടുക്കാൻ പോയെന്ന് പറഞ്ഞു. ശ്രദ്ധ കുറച്ച് സമയം ശ്രുതിയോടും ചന്ദ്രികേച്ചിയോടും സംസാരിച്ചിരുന്നു. പിന്നെ ജനൽ വഴി പുറത്തേക്ക് നോക്കി നിന്നു. അവൻ അറിയുന്നുണ്ടോ എന്ന് പോലും അവൾക്കറിയില്ല... പക്ഷെ അവളുടെ മനസ് അവനോട് പോരടിച്ചു കൊണ്ടിരുന്നു......വാശി പിടിച്ചു...അവനോട് ദേഷ്യപ്പെട്ടു. അവനോട് തന്നെ സങ്കടങ്ങൾ പറഞ്ഞു.. ജനൽ കമ്പിയിൽ പിടിച്ച ശ്രദ്ധയുടെ കൈയിലേക്ക് നോക്കി ജയ്... ചുവന്ന പാടുകൾ ഒന്നും ഇല്ല... അവൾ എന്തോ ചിന്തിച്ച് നിൽക്കുകയാണെന്ന് തോന്നി

അവന്.കുറച്ച് കഴിഞ്ഞ് അവൻ പുറത്തേക്ക് എഴുന്നേറ്റു പോയി. ശ്രുതി ആരോടോ സംസാരിക്കുന്നത് കേട്ടാണ് ശ്രദ്ധ തിരിഞ്ഞ് നോക്കിയത്. പത്മയുടെയും ആരതിയുടെയും പിറകെ കയറി വന്ന ശരണിനെ കണ്ടപ്പോൾ ശ്രദ്ധയ്ക്ക് സങ്കടം തോന്നി... ആകെ ക്ഷീണിച്ചിരിക്കുന്നു.... അവന്റെ ദേഹത്തേക്ക് ചാരി നിന്നു അവൾ... ""ഹോസ്പിറ്റലിലല്ലേ.. ഉറക്കം ശരിയാവുന്നില്ല... അതിന്റെയാ..."" ശ്രദ്ധ നോക്കുന്നത് കണ്ട് ശരൺ പറഞ്ഞു. അവന്റെ സ്വരം കേട്ടപ്പോൾ ആരതിയും അവനെ നോക്കി. അതേ.. വല്ലാതെ ക്ഷീണിച്ചിരുന്നു.. മുഖത്തെ നിറം കെട്ടിരിക്കുന്നു... കണ്ണുകൾക്കുമുണ്ട് തളർച്ച...മുടി പോലും ശരിക്ക് ചീകിയിട്ടില്ല... ""ഞാൻ പറഞ്ഞതാ... അവനോട് വീട്ടിൽ പൊയ്ക്കോളാൻ...

ഞാൻ ഇന്നലെ പോയി കുളിച്ച് ഒന്നു ഉറങ്ങീട്ട് ഇന്ന് വന്നതേ ഉള്ളൂ..."" പത്മ കുറ്റപ്പെടുത്തുന്നത് പോലെ പറഞ്ഞു. ""ഇന്ന് പോവണം... ഓഫീസിൽ എന്തോ ആവിശ്യമുണ്ടെന്ന് അപ്പ പറഞ്ഞിരുന്നു...""ആരതിയെ നോക്കി കൊണ്ട് പറഞ്ഞു. ശരണിന്റെ കണ്ണുകൾ തന്നെ തേടി വരുന്നത് കണ്ടതും മറ്റെങ്ങോ നോക്കി നിന്നു ആരതി. ""വാവേ എപ്പോഴാമ്മേ കാണിക്കുവാ..."" ""ഇന്ന് റൂമിലേക്ക് കൊണ്ട് വരാംന്നു പറഞ്ഞതാ... നോക്കുമ്പോൾ കുഞ്ഞിന് മഞ്ഞ ഉണ്ടെന്ന് പറഞ്ഞു... രണ്ട് ദിവസം കൂടി ഒബ്സെർവെഷനിൽ ഇരിക്കട്ടെ എന്ന് ഡോക്ടർ പറഞ്ഞു. ""ശ്ശോ... വാവേ കാണാനാ ഞങ്ങൾ ഇന്ന് വന്നേ..."" പത്മ പറയുന്നത് കേട്ട് ശ്രുതി നിരാശയോടെ പറഞ്ഞു. ""ശ്രുതി... നമുക്ക് ഇറങ്ങാം...""

ജയ് വരുന്നത് കണ്ട് ശ്രദ്ധ പറഞ്ഞു. ""ഞാൻ കൊണ്ട് വിടാം..."" ജയ് ആണ് ""വേണ്ട... ഞങ്ങൾ ഓട്ടോയ്ക്ക് പൊയ്ക്കോളാം..."" അവന് മറുപടി കൊടുത്തെങ്കിലും അവനെ ശ്രദ്ധിച്ചതെ ഇല്ല.ശ്രുതിയെയും കൂട്ടി നടന്നു. ശ്രദ്ധ പോയപ്പോൾ വീണ്ടും ഒറ്റപെട്ടത് പോലെ തോന്നി ശരണിന്... ആരതി കണ്ണുകൾ അടച്ച് കിടക്കുകയാണ്... താൻ ഈ മുറിയിൽ ഉള്ളപ്പോൾ ഒക്കെ ഇങ്ങനെ തന്നെയാണ്..തന്നെ കാണുമ്പോൾ അത് വരെ സംസാരിച്ചവൾ നിശബ്ദയാവും അല്ലെങ്കിൽ ഒന്നുകിൽ കണ്ണടച്ചു കിടക്കും.. അല്ലേ എങ്ങോ നോക്കി കിടക്കും... കണ്ണുകളിൽ താൻ പതിയരുത് എന്ന വാശി പോലെ... വറ്റി വരണ്ട നിന്റെ ഹൃദയത്തിൽ ഇനിയും ഞാൻ എങ്ങനെ പ്രണയം നിറയ്ക്കും....ഒരു തോന്നലിൽ.. ജയ്യോടുള്ള ദേഷ്യത്തിൽ...

അതിലേറെ ശ്രദ്ധയോടുള്ള സ്നേഹത്തിന്റെ പുറത്ത് പറഞ്ഞു പോയ വാക്ക്.... കാണിച്ച അവഗണന... നീ വേദനിച്ചതിലും നൂരിറട്ടിയായി നീ എനിക്ക് ഇപ്പൊ തിരിച്ച് തരുന്നു... ന്യായീകരിക്കില്ല... ക്ഷമിക്കാനേ പറയൂ... ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ഓട്ടോ ഡ്രൈവർക്ക് ശ്രുതിയാണ് വഴി പറഞ്ഞു കൊടുത്തത്... ""ചേട്ടാ... ഇവിടെ നിർത്തിക്കോ..."" ശ്രുതി പറഞ്ഞതും ഓട്ടോ നിന്നു.ആദ്യം ഇറങ്ങിയത് ശ്രദ്ധയാണ്. റോഡിൽ നിന്നും ഉയർന്നിട്ടാണ് വീട്...ഒരു കൊച്ചു വീട്.നാലഞ്ചു സ്റ്റെപ്പുകൾ ഉണ്ട്... റോഡിന്റെ അപ്പുറം റബ്ബർ തോട്ടമാണ്... ആ പ്രദേശത്ത് അധികമൊന്നും വീടില്ല. മുറ്റത്തെത്തിയപ്പോൾ ചുറ്റും നോക്കി. ""ഇവിടെ....... ആരാ..."" ശബ്ദം കേട്ട് മുറ്റത്തിന്റെ വലത് സൈഡിൽ നോക്കിയപ്പോൾ ഒരു സ്ത്രീ...

ഒരു അമ്പത് വയസ് ഉണ്ടാവും... കോട്ടൺ സാരി ആണ് വേഷം. ഒരു ഭാഗം ഇടുപ്പിൽ കേറ്റി കുത്തിയിരുന്നു. കൈയിൽ ഒരു കത്തിയും മറു കൈയിൽ മട്ടലുമുണ്ട്. അവരെ കണ്ടതും സാരി നേരയാക്കി. കത്തിയും മട്ടലും താഴെ ഇട്ട് സാരി തുമ്പ് കൊണ്ട് കൈയും മുഖവുമൊക്കെ തുടച്ചു..മുഖത്ത് അപരിചിതത്വം നിഴലിക്കുന്നുണ്ട്. "" ആഹാ.. നീയായിരുന്നോ.. ""ശ്രുതിയെ അപ്പോഴാണ് അവർ കണ്ടത്.ശ്രുതി ചിരിച്ചു.""പിന്നെ ആരെന്ന വിചാരിച്ചേ..."" ""പെട്ടെന്ന് വിചാരിച്ചു ഇതാരാ അറിയാത്തോരെന്ന്...വഴി തെറ്റി വന്നതാണോ ന്നു ഓർത്തു.."" ""ശ്യാമന്റിക്ക് ഇത് ആരാന്ന് മനസ്സിലായോ..."" ശ്രദ്ധയുടെ മുഖത്ത് സൂക്ഷിച്ച് നോക്കിയ ആ കണ്ണുകളിൽ അത്ഭുതവും സന്തോഷവുമെല്ലാം നിറഞ്ഞു നിന്നു.

""ജയ്‌മോന്റെ ഭാര്യ അല്ലേ... കണ്ടപ്പോ നേരിയ മുഖ പരിചയം തോന്നി... കല്യാണ ഫോട്ടോ കണ്ടിട്ടുണ്ടായിരുന്നു... പക്ഷെ പെട്ടെന്ന് പിടി കിട്ടിയില്ല...മുറ്റത്ത് നിൽക്കാതെ കേറി വാ ""അങ്ങനെ വെപ്രാള പെട്ട് എന്തൊക്കെയോ പറഞ്ഞു... സന്തോഷം ആ മുഖത്ത് തെളിഞ്ഞു കാണാം. ശ്രദ്ധ നിറഞ്ഞ ഒരു ചിരി നൽകി. നിങ്ങൾ ഇരിക്ക്... ഞാൻ ചായ എടുക്കാം..."" വെപ്രാളത്തോടെ തന്നെ അകത്തേക്ക് പോയി. ശ്യാമയ്ക്ക് പിറകെ അവരും അടുക്കളയിലേക്ക് പോയി. ""കട്ടൻ ചായ കുടിക്കില്ലേ... ഇവിടെ ഉള്ളയാൾക്ക്.... "" പെട്ടെന്ന് നിർത്തി. ഒരു ചമ്മൽ മുഖത്ത് തെളിഞ്ഞു.""ജയ്യുടെ അച്ഛന് പാൽ ചായ പറ്റില്ല... പിന്നെ എനിക്ക് മാത്രമായി വെക്കേണ്ടേ... അതോണ്ട് ഞാനും കട്ടൻ ചായ തന്നെ കുടിക്കും...

അതോണ്ട് പാലൊന്നും വാങ്ങാറില്ല... "" "" ഇനി ഞാനും ജയ്യെ അമ്മ അച്ഛനെ വിളിക്കുന്ന പോലെ ഇവിടുള്ളയാൾ എന്ന് വിളിച്ചാലോ.. ശ്രുതി നല്ല രസമുണ്ടല്ലേ കേൾക്കാൻ.."" ശ്യാമയെ കള്ള കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.ശ്രുതിയും ചിരിച്ച് കൊണ്ട് തലയാട്ടി. ""വിളിച്ച് ശീലം അതാ..."" നല്ല ചമ്മൽ ഉണ്ട് മുഖത്ത്...ആ കട്ടൻ ചായ തീരും വരെ എന്തൊക്കെയോ സംസാരിച്ചു...ഒരുപാട് നാൾ കാത്തിരുന്ന ആളെ കിട്ടിയ പോലെ ആയിരുന്നു ശ്യാമ. ""അച്ഛൻ എപ്പോഴാ വരിക..."" ""ചിലപ്പോ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വരും... ചിലപ്പോ വരില്ല... ഹോട്ടലിന്നോ മറ്റോ കഴിക്കും... തോന്നിയത് പോലെയാ...വരുവോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല.."" ഒത്തിരി നേരം അവിടെ നിന്നില്ല..

കഷ്ടകാലത്തിന് ജയ് എങ്ങാനും വീട്ടിലേക്ക് വന്നാലോ... അവർ മുറ്റത്ത് ഇറങ്ങുമ്പോഴേക്കും അച്ഛൻ കയറി വന്നു. ജയ്യെ പോലെ തന്നെ ഉണ്ട്.. ജയ്ക്ക് ഒരു അൻപത്തഞ്ച് അറുപതു വയസായാൽ എങ്ങനെ ഇരിക്കുമോ അത് പോലെ ഉണ്ട്... ജയ്യെ പോലെ തന്നെ ഗൗരവം.. ശ്രദ്ധയെയും ശ്രുതിയെയും കണ്ട് അതിശയത്തോടെ നോക്കി. ""ആളെ മനസിലായോ..."" ശ്യാമ ശ്രദ്ധയെ നോക്കി കൊണ്ട് ചോദിച്ചതും "" ശ്രദ്ധ അല്ലേ... "" എന്ന് ചോദിച്ചു കൊണ്ട് മനോഹരമായി പുഞ്ചിരിച്ചു. അവൾക്കും അതിശയമായിരുന്നു.ചെറുപ്പഴിച്ച് കൊണ്ട് ഇറയത്തേക്ക് കയറി. ""അച്ഛൻ നിങ്ങളുടെ കല്യാണത്തിന് വന്നിരുന്നു..."" ശ്യാമ പറഞ്ഞപ്പോൾ ജയ ദേവന്റെ മുഖം മങ്ങി. ജയദേവന്റെ ചുണ്ടിലെ ചിരിയിൽ വേദന കലർന്നു

. ""അമ്മ വന്നില്ലേ..."" അത് കണ്ടിട്ടെന്നോണം ശ്രദ്ധ ചോദിച്ചു. ""ഞാനും വരുന്നെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചില്ല... ജയ് എങ്ങനെ പെരുമാറുംന്ന് അറിയില്ലലോ...""വല്ലായ്മയോടെ ജയദേവനെ നോക്കി കൊണ്ട് പറഞ്ഞു ശ്രദ്ധയ്ക്കും വേദന തോന്നി. ജയ്യോട് ഒരു നിമിഷം ദേഷ്യം തോന്നി. മകന്റെ കല്യാണം ദൂരെ നിന്ന് കാണേണ്ടി വന്ന ഒരു അച്ഛൻ....സുഖകരമല്ലാത്ത ഒരു മൗനം അവിടെ നിറഞ്ഞു ""ആരതിയുടെ കുഞ്ഞിന് സുഖമല്ലേ..."" ജയദേവൻ ചോദിച്ചു ""ഇപ്പൊ കുഴപ്പമില്ല... രണ്ട് ദിവസം കഴിഞ്ഞാൽ റൂമിലേക്ക് മറ്റും.."" അപ്പോഴേക്കും ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ അപ്പ.. അപ്പ വീട്ടിൽ വന്നിട്ടുണ്ടെന്ന്... നല്ല ഗൗരവമുണ്ട്... എന്താണാവോ കാര്യം...

ജയ്യുടെ മിസ് കോളും കണ്ടു... ഈശ്വരാ... ഇങ്ങോട്ട് വന്നതറിഞ്ഞോ... ഞെട്ടലോടെ ഓർത്തു.. അല്ലേ ഇപ്പൊ അറിഞ്ഞാൽ എന്താ... ഒരു അലർച്ച പിന്നെ നിലം ചവിട്ടി പൊളിച്ചു മുറിയിലേക്ക് പോവും...സമാധാനിപ്പിക്കാനായി അവൾ തന്നെ പറഞ്ഞു.. ""ശ്രുതി... അപ്പ വീട്ടിൽ വന്നിട്ടുണ്ട്.. നമുക്ക് പോവാം..."" പിന്നെ വരാം എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി. നല്ല ഗൗരവുമുണ്ട് മുഖത്ത്.... ""അപ്പ കുറെ ആയോ വന്നിട്ട്..."" "മ്മ്...." ഒരു മൂളൽ മാത്രം... അപ്പോഴേക്കും വീടിന്റെ സൈഡിൽ നിന്ന് ജയ്യും വന്നു.കൈയിൽ ഫോൺ ഉണ്ട്. വീട്ടിൽ ചിലപ്പോ റേഞ്ച് കിട്ടില്ല.. അതു കൊണ്ട് മുറ്റത്തെ ഒരു സൈഡിൽ നിന്ന് വേണം ഫോൺ വിളിക്കാൻ.. ""എത്ര സമയമായി വിളിക്കുന്നു... രണ്ടും കൂടി എവിടെയാ പോയെ...

"" ശ്രുതി ആകെ വിരണ്ട് പോയി. ""ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങാൻ പോയതാ..."'തപ്പി പിടിച്ച് ഒരു കള്ളം പറഞ്ഞു. അപ്പ ഉള്ളത് കൊണ്ടാവും അധികം ചോദ്യം ഉണ്ടായില്ല. ""അപ്പയ്ക്ക് ചായ എടുക്കാം..."" ശ്രുതിയെയും വിളിച്ച് അകത്തേക്ക് പോയി. ""നീ ഏതെങ്കിലും കമ്പനിയിലേക്ക് ജോബിന് അപ്ലെ ചെയ്തിട്ടുണ്ടോ..."" ചായ ഊതി കുടിച്ച് കൊണ്ട് അപ്പ ചോദിച്ചു. ചെറിയ പേടി തോന്നി. കാരണം നല്ല സീരിയസ് ആയിട്ടാണ് സംസാരം ""എൽസ വർക്ക്‌ ചെയുന്ന കമ്പനിയിലാണ് അപ്പ...ജെസ്റ് സിവി അയച്ചെന്നെ ഉള്ളൂ.."" ""അവിടെത്തെ എച് ആർ മാനേജർ എനിക്ക് അറിയാവുന്ന ആളാ... നിന്റെ സിവി കണ്ട് സംശയം തോന്നി വിളിച്ചതാ... അയാൾ ചോദിച്ചു മോളുമായി എന്തെങ്കിലും ഇഷ്യൂ ഉണ്ടോന്ന്..

.അതാണോ വേറെ അവിടെ ജോലിക്ക് അപ്ലൈ ചെയ്തത് എന്ന്.."" സ്വന്തമായി ഒരു ജോലി വേണം എന്നെ ചിന്തിച്ചുള്ളൂ... ഇങ്ങനെ ഒക്കെ ആരെങ്കിലും ചിന്തിച്ചുണ്ടാക്കും എന്ന് കരുതിയില്ല. നെറ്റിയിൽ കൈ വെച്ച് നിന്ന് പോയി. "" ഏട്ടനും അനിയത്തിയും കൂടി അപ്പയെയും അമ്മയെയും വേദനിപ്പിച്ചു കഴിയുമ്പോൾ പറയണം...."" നിന്റെ ക്വാളിഫിക്കേഷന് പറ്റിയ പോസ്റ്റ്‌ ആണ്... എപ്പോഴാന്നു വെച്ചാ വന്നു ജോയിൻ ചെയ്..."" കൈയിൽ ഒരു കവർ വെച്ച് തന്ന് കൊണ്ട് പറഞ്ഞു. അപ്പയുടെ സംസാരം കേട്ടപ്പോൾ വല്ലാതെയായി. ഒന്ന് ആലോചിച്ചാൽ ശരിയാണ്... ഏട്ടനും ഞാനും അപ്പയുടെയും അമ്മയുടെയും സന്തോഷത്തെ മറന്നോ... രണ്ട് പേരുടെയും കല്യാണത്തിന് അവരുടെ ഇഷ്ടം പരിഗണിച്ചില്ല...

പക്ഷെ ഏട്ടനും എനിക്കും ഉറപ്പായിരുന്നു ഞങ്ങളുടെ ഈ തീരുമാനം ശരിയാണെന്ന്... അച്ഛനോടും അമ്മയോടും സംസാരിച്ച സന്തോഷം മുഴുവൻ പോയി.അപ്പ പോയ പാടെ ജയ് അകത്തേക്ക് കയറി പോയി. ജയ്യോട് അച്ഛന്റെ കാര്യം സംസാരിക്കാമെന്ന് വിചാരിച്ചതാണ്...ഇനി വേണ്ടെന്ന് തോന്നി. രാത്രിയിൽ മുറിയിലേക്ക് പോവാതെ സെൻട്രൽ ഹാളിൽ ജയ് തഞ്ചി കളിക്കുന്നത് കണ്ട് ശ്രദ്ധ അവനെ തന്നെ നോക്കി. ""ശ്രദ്ധ.... സോറി..."" പെട്ടെന്ന് പറഞ്ഞു തീർത്ത് മുറിയിലേക്ക് നടന്നു. ഞെട്ടി അവൾ നിന്ന് പോയി.എന്തിനാ ഇപ്പൊ സോറി പറഞ്ഞത്...കൈ പിടിച്ച് തിരിച്ചതിനോ അതോ രാവിലെ പറഞ്ഞതിനോ... എന്തിനാണ് സോറി പറഞ്ഞത് എന്ന് അവൾക്ക് മനസിലായില്ല.

""ജയ് എനിക്ക് ഇന്നെന്റെ വീട്ടിൽ ഒന്ന് പോവണം..."" രാവിലെ പുറത്തേക്ക് പോവാൻ നോക്കുകയായിരുന്നു ജയ് ""നീ ഒറ്റക്ക് പോവുമോ... ഒരു കാര്യം ചെയ്.... ഹോസ്പിറ്റലിൽ പോവുമ്പോ ഞാൻ വീട്ടിലാക്കാം..."" ജയ് അത് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.ജയ് തന്നെ പരിഗണിക്കുന്നു എന്ന തോന്നൽ... ""വരുമ്പോ ഓട്ടോയിൽ വരില്ലേ..."" ""അത് വേണ്ട ജയ്..എന്റെ കാർ ഇങ്ങോട്ട് എടുക്കണം... അത് അവർ വെറുതേ ഇട്ടേക്കുവാ..അപ്പ കുറെ ആയി പറയുന്നു... പോവാൻ സമയം കിട്ടിയില്ല..."" ഉത്സാഹത്തോടെ പറഞ്ഞു. ""അത് വേണ്ട...ഇവിടെ ഒരു കാർ ഇല്ലേ.."" ""അത് റെന്റ്ഡ് കാർ അല്ലേ..."" ""ഞാൻ പറഞ്ഞല്ലോ... അത് പറ്റില്ലാന്നു..."" ജയ്യുടെ സ്വരം മാറി ""അതെന്താ പറ്റാത്തെ..."" ഉള്ളിൽ നിറഞ്ഞ സന്തോഷമത്രയും ആ സ്വരം മാറ്റത്തോടെ പോയി. ""പറ്റില്ല.. എന്ന് പറഞ്ഞാൽ പറ്റില്ല.."' "" ഞാൻ കുഞ്ഞിനെ പോലെ നോക്കുന്ന കാറാ അത്...

എന്റെ ബര്ത്ഡേക്ക് അപ്പ വാങ്ങി തന്നതാ... ജയ് എന്ത് പറഞ്ഞാലും ശരി... ഞാൻ കാർ ഇങ്ങ് കൊണ്ട് വരും... ""രണ്ടും കൂടി കൊമ്പ് കോർക്കാൻ തുടങ്ങിയിരുന്നു. "'എന്നാ നീ അതെടുത്തു ഒക്കത്ത് വെച്ച് നടക്കടി...."". ""എന്റെ ഒക്കത്ത് വെക്കണോ അതോ നിങ്ങളുടെ നെഞ്ചത്ത് വെക്കണോ എന്ന് ഞാൻ തീരുമാനിച്ചോളാം..."" അവളും വിട്ട് കൊടുത്തില്ല. ""ഡീ..."" ""അധികം കാറണ്ട ജയ്... പിന്നെ ഇന്നലെത്തെ പോലെ എന്നെ വേദനിപ്പിക്കാൻ നോക്കിയാൽ ഞാൻ ക്ഷമിച്ചെന്ന് വരില്ല..."" ശൗര്യത്തോടെ പറഞ്ഞു ""നിന്റെ തന്ത നിന്നെ തല്ലി വളർത്താത്തോണ്ടാ നീ ഇങ്ങനെ ആയെ.."" ""അപ്പൊ നിങ്ങളുടെ പെങ്ങൾ ഒളിച്ചോടിയത് നിങ്ങളുടെ വളർത്തു ദോഷം കൊണ്ടാണോ...""

കൈ കെട്ടി നിന്ന് കൊണ്ട് ശ്രദ്ധ ചോദിച്ചതും ജയ്യ്ക്ക് അരിശം ഇരച്ചു കയറി. ""എന്താടി നീ പറഞ്ഞത്..."" ""ജയ്... എന്റെ ദേഹത്തു തൊട്ടാൽ ഞാൻ അച്ഛന്റെ അടുത്തേക്ക് പോവും പറഞ്ഞില്ല എന്ന് വേണ്ട...""തല്ലാനായി കൈ ഉയർത്തിയതും വാശിയോടെ തന്നെ ശ്രദ്ധ പറഞ്ഞു. ""എവിടെ ആണെന്ന് വെച്ചാ പോടീ... ഇവിടെ കടിച്ച് തൂങ്ങാൻ നിന്നോട് ഞാൻ പറഞ്ഞോ..."" ""ഹലോ... ഞാൻ താമസിക്കാൻ പോകുന്നത് എന്റെ അപ്പയുടെ അടുത്തല്ല നിങ്ങളുടെ അച്ഛന്റെ വീട്ടിലാ..."" പെട്ടെന്ന് അവന് കേട്ടത് തെറ്റിയൊന്ന് തോന്നി.ഒരു അമ്പരപ്പ് ആയിരുന്നു അവന്.അതോടെ അരിച്ചു കേറിയ ദേഷ്യം തണുത്തു ""നീ ഇന്ന് അവിടെ പോയോ..."" ഗൗരവത്തിൽ ചോദിച്ചു. ""പോയി.."" ശ്രദ്ധ കൂസലില്ലാതെ അവനെ നോക്കാതെ പറഞ്ഞു.'""""തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story