സസ്‌നേഹം: ഭാഗം 14

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""നീ ഇന്ന് അവിടെ പോയോ..."" ഗൗരവത്തിൽ ചോദിച്ചു. ""പോയി.."" ശ്രദ്ധ കൂസലില്ലാതെ അവനെ നോക്കാതെ പറഞ്ഞു ദേഷ്യം നിയന്ത്രിക്കാനെന്ന പോലെ ജയ് കണ്ണുകൾ ഇറുക്കിയടച്ചു ദീർഘ നിശ്വാസമെടുത്തു. ""നോക്ക് ശ്രദ്ധ... നീ ഇപ്പൊ വെറുതേ ഒരുപാട് എന്നെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ട്...എല്ലാറ്റിനും ഒരു പരിധി ഉണ്ട്....എനിക്ക് ഇഷ്ടം അല്ലെന്ന് അറിഞ്ഞിട്ടും ഓരോന്ന് ചെയ്ത് കൂട്ടരുത് നീ..."" ""ജയ് അനാവശ്യമായി ഓരോന്ന് പറഞ്ഞിട്ടല്ലേ ഞാനും എന്തൊക്കെയോ പറഞ്ഞത്...എന്റെ കാർ ഇങ്ങോട്ട് കൊണ്ട് വന്നാൽ എന്താ ജയ് പ്രശ്നം... എനിക്ക് ഓഫീസിൽ പോകുമ്പോഴും അല്ലേ ജയ് ഇല്ലാത്തപ്പോ പുറത്ത് പോവാനുമെല്ലാം നല്ലതല്ലേ... എന്റെ കാർ അപ്പയോ ശരണേട്ടനോ എടുക്കില്ല... അവർക്ക് അവരുടെ കാർ ഉണ്ട്.. അപ്പൊ വെറുതേ എന്തിനാ അത് അവിടെ ഇടുന്നെ..."" ജയ് മിണ്ടാതെ മുഖം കനപ്പിച്ചു തന്നെ നിന്നു. "" മനസ്സിൽ വെറുതേ ഓരോ കോംപ്ലക്സ് വെക്കല്ലേ ...

അപ്പയുടെ ബര്ത്ഡേ ഗിഫ്റ്റ് അല്ലേ ജയ്... അത് ഞാൻ എടുക്കാതിരുന്നാൽ അപ്പയ്ക്ക് സങ്കടാവില്ലേ.... "" അവനെ അനുനയിപ്പിക്കാനായി പറഞ്ഞു. ""എന്താ.... ജയ്..."" അവൻ മിണ്ടാതെ മുഖം തിരിച്ചപ്പോൾ ദയനീയമായി ചോദിച്ചു. "" എന്തിനാ ജയ് ഇങ്ങനെ വാശി പിടിക്കുന്നെ.."" ""ജയ് ഇങ്ങനെയാണ് ശ്രദ്ധ...നീ പറയുന്ന പോലെ ഒരുപാട് കോപ്ലക്സും ദേഷ്യവുമൊക്കെ ഉള്ളവൻ... എല്ലാം അറിഞ്ഞിട്ടു തന്നെയല്ലേ എന്റെ ജീവിതത്തിലേക്ക് വന്നത്..."" അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യമല്ലായിരുന്നു അവന്റെ മുഖത്ത് ...ഒരു തരം നിസ്സംഗത..ഉള്ളിലെവിടെയോ അപകർഷത ബോധം ഇപ്പോഴും തടം കെട്ടി നിൽക്കുന്നു. ""അറിയാം ജയ്... ജയ്യ് എന്താണെന്ന് അറിഞ്ഞു തന്നെയാ ഞാൻ സ്നേഹിച്ചത്...

അല്ലാന്ന് ജയ്ക്ക് തോന്നുന്നുണ്ടോ... ഈ ജയ് എന്നെ സ്നേഹിക്കും എന്ന് എനിക്ക് വിശ്വാസവുമുണ്ട്... പക്ഷെ ജയ്ക്ക് ശ്രദ്ധയെ വിശ്വാസമില്ല... അവളുടെ പ്രണയത്തെയും വിശ്വാസമില്ല... അതെന്താ ജയ്... ഒരു ആഘോഷങ്ങൾക്കപ്പുറം നിന്നെ വിട്ട് ഞാൻ പോവുമെന്ന് കുരുതുന്നുണ്ടോ...ഒന്ന് മനസിലാക്കാൻ ശ്രമിച്ചു കൂടെ എന്നെ... ഇടർച്ചയോടെ പറഞ്ഞവസാനിപ്പിച്ചു. ""നിന്റെ ഇല്ലായ്മകൾ വെച്ച് നീ നമ്മുടെ പ്രണയത്തെ അളക്കല്ലേ ജയ്... തോറ്റു പോവും പോലെ തോന്നുന്നു....""ദയനീയമായി അവനെ നോക്കി.. മറുപടി കിട്ടില്ലെന്നറിഞ്ഞും സംസാരിച്ചു കൊണ്ടേ ഇരുന്നു. ""ദുർവാശിക്കാരിയായ എന്റെ ഉള്ളിലെ മറ്റൊരു ശ്രദ്ധയെ ജയ്ക്ക് അറിയില്ലേ...അവളെ അറിഞ്ഞിട്ടും എന്താ ജയ് അറിയാത്തത് പോലെ നടിക്കുന്നത്....

അതോ ഞാൻ ജയ്യുടെ ആരുമല്ല എന്ന തോന്നലാണോ... ഇവിടെ ഞാനില്ലെന്ന് ജയ്ക്ക് പറയാൻ പറ്റുമോ..."അവന്റെ ഇടം നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി കൊണ്ട് ചോദിച്ചു.ഇരു മനസും ഒരു പോലെ പിടഞ്ഞു...""എനിക്ക് നോവുമ്പോ ജയ്യ്ക്കും നോവുന്നില്ലേ....പറയ് ജയ്... നോവില്ലേ....നോവുന്നു ജയ് വല്ലാണ്ട്..."" ഒരു മറുപടിക്കെന്ന പോലെ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു.എന്നിട്ടും ഒന്നും പറഞ്ഞില്ല അവൻ.. ""എനിക്കറിയാം ജയ് നിന്റെ മൗനത്തിന്റെ അർഥം പോലും... കാത്തിരുന്നോളാം ഞാൻ... ""കണ്ണുകൾ നിറഞ്ഞു വന്നതും തല കുനിച്ചു വിരൽ കൊണ്ട് കൺതടങ്ങൾ തുടച്ചു. വഴക്കിട്ട്... പരസ്പരം പരിഭവിച്ച് ഒടുക്കം ഒരു വാക്ക് പോലും ഉരിയാടാൻ പറ്റാത്തത്ര വണ്ണം തളർന്നവരെ പോലെ അവർ നിന്നു.

എപ്പോഴോ തല ഉയർത്തി നോക്കിയപ്പോൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന ജയ്യെ...ഭാവങ്ങൾ ഏതുമില്ല ആ മുഖത്ത്... പക്ഷെ ആ കണ്ണുകൾ എന്തൊക്കെയോ പറയുന്നത് പോലെ.... ""ശ്രദ്ധേച്ചി....."" ശ്രുതിയുടെ ശബ്ദം അകത്തു നിന്ന് കേട്ടതും ജയ് മുഖം തിരിച്ചു. ""ഞാൻ വരുമ്പോഴേക്കും റെഡി ആയി നിൽക്ക്...."" എങ്ങോ നോക്കി കൊണ്ട് ജയ് പറഞ്ഞു. അവൻ നടന്നകലുന്നത് നോക്കി നിന്നു. ആ സംസാരങ്ങളുടെ ബാക്കി പത്രം പോലെ വീട്ടിലേക്കുള്ള യാത്രയിലും ഇരു വരും മൗനത്തെ കൂട്ടു പിടിച്ചു.വിരലുകളിൽ വെറുതേ നഖങ്ങൾ ആഴ്ത്തി വേദനിപ്പിച്ചു...ജയ്യുടെ ഭാഗത്തു നോക്കിയില്ല... ഇങ്ങോട്ടും നോട്ടമെത്തുന്നില്ല എന്നുറപ്പാണ്. എന്നെ വേദനിപ്പിക്കുന്നത് നിന്റെ ഈ മൗനമാണ് ജയ്....

എന്റെ ഹൃദയത്തെ ഉരുക്കാൻ പാകത്തിന് ചൂടുണ്ടതിന്...ഇഷ്ടങ്ങളൊന്നും ഇത് വരെ പറഞ്ഞിട്ടില്ല... ഞാനും....എന്തിന് പ്രണയിക്കുന്നു എന്ന് സമ്മതിച്ചു തരാൻ പോലും മടിയാണ് ജയ്ക്ക്.... കാർ ബ്രേക് പിടിച്ചപ്പോൾ പുറത്തേക്ക് നോക്കി. വീട് എത്തിയിരിക്കുന്നു...കാറിൽ നിന്നും ഇറങ്ങി അവനെ ഒന്ന് നോക്കി. ""കാർ എടുത്തിട്ട് എവിടെയും കറങ്ങി നടക്കാതെ വീട്ടിലേക്ക് പൊയ്ക്കോളണം. തിരിച്ചൊന്നു പുഞ്ചിരിക്കാനായി അവൾ ചുണ്ടുകൾ വിടർത്തുമ്പോഴേക്കും അവൻ കാർ എടുത്തു പോയിരുന്നു. അവൻ പറയാതെ പറഞ്ഞതെന്താണെന്ന് മനസിലായപ്പോൾ അവനായി താനേ ഒരു പുഞ്ചിരി വിടർന്നു.""മൊരടൻ ജയ്..."" അവൻ പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു. എന്നാലും വാ തുറന്ന് പറയില്ല കാർ എടുത്തോന്ന്... ശ്രദ്ധയെ കണ്ടതും ശങ്കർ മുഖത്ത് ഗൗരവം വരുത്തി.വൈറ്റ് ബനിയനും മുണ്ടുമാണ് വേഷം... കണ്ടിട്ട് അടുക്കളയിലായിരുന്നു തോന്നുന്നു.

""അപ്പാ......"" ശങ്കറിന്റെ മുഖത്ത് ഗൗരവം കണ്ടതും ശ്രദ്ധ നീട്ടി വിളിച്ചു. ""നീ ഒറ്റക്കാണോ വന്നത്.."" ""ജയ് ഹോസ്പിറ്റലിൽ പോവുമ്പോൾ ഡ്രോപ്പ് ചെയ്തു..."" ""അപ്പ കിച്ചണിൽ ആയിരുന്നോ.."" ”"ചെറിയൊരു തലവേദന... ഒരു ചായ ഇടാൻ വേണ്ടി കയറിയതാ...”" ""എന്നാ ഞാൻ ചായ ഇട്ട് തരാം..."" ശ്രദ്ധ അടുക്കളയിലേക്ക് നടന്നു.തിരിച്ച് വരുമ്പോൾ രണ്ട് കപ്പ്‌ ചായ കൈയിലുണ്ടായിരുന്നു. ഒരെണ്ണം ശങ്കറിന് നേരെ നീട്ടി. ""എങ്ങനെ ഉണ്ട്... സൂപ്പർ അല്ലേ... ജയ് ഉണ്ടാക്കുന്നത് നോക്കി പഠിച്ചതാ..."" ""മ്മ്... കൊള്ളാം..."" കപ്പ്‌ ചുണ്ടോട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.ശ്രദ്ധ അപ്പയുടെ അടുത്തായി മുട്ടു കുത്തിയിരുന്നു മടിയിൽ തല വെച്ചു ""അപ്പാ.... സത്യായിട്ടും അപ്പയെ വിഷമിപ്പിക്കാൻ വേണ്ടി ചെയ്തതല്ല...

ഒരു ജോലിന്നേ ചിന്തിച്ചുള്ളൂ... സോറി അപ്പ...പ്ലീസ്...പ്ലീസ് ഇങ്ങനെ മുഖം വീർപ്പിക്കല്ലേ..."" ""സാരല്ലടാ പോട്ടെ... അപ്പയ്ക്ക് അറിയില്ലേ അപ്പേടെ മോളെ... മാനേജർ വിളിച്ച് പറഞ്ഞപ്പോൾ എന്തോ പോലെ തോന്നി... അതൊക്കെ അപ്പോഴേ വിട്ടു... അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു. ""എന്നിട്ടാണോ ഞാൻ വന്നപ്പോ മോന്ത ഇങ്ങനെ ബൂംന്ന് പിടിച്ചേ....""മുഖം വീർപ്പിച്ച് കാണിച്ചു കൊണ്ട് പറഞ്ഞു. ""അത് ഞാൻ വെറുതേ ആക്ട് ചെയ്തതല്ലേ...""അവളോട് കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.."" ""പിന്നെ നിന്റെ ചായ...എന്റെ മരുമോന്റെ ചായയുടെ അത്ര പോരാട്ടോ..."" ""ചായ ഇങ്ങ് തന്നേ ... എന്റെ ചായ അപ്പ കുടിക്കേണ്ട... പോയി മരുമോനോട് ചായ ഇട്ട് തരാൻ പറയ്...""

കുറുമ്പോടെ പറഞ്ഞു കൊണ്ട് ചായ കപ്പ്‌ പിടിച്ച് വാങ്ങാൻ നോക്കിയതും അവളുടെ കൈ തടഞ്ഞു വെച്ച് കപ്പിലെ ചായ മുഴുവൻ കുടിച്ചു. ""കഴിഞ്ഞു... ഇനി ഇത് പിടിച്ചോ.."" ചായ കപ്പ്‌ അവളുടെ കൈയിൽ വെച്ച് കൊടുത്തു. ""ഓഹ് ഒരു മരുമോനും അമ്മായിപ്പനും...""അവൾ ചുണ്ട് കോട്ടികൊണ്ട് പിണങ്ങി മാറി ഇരുന്നു ""നിന്റെ ഈ കുശുമ്പും വാശിയും ഇനിയും മാറിയില്ലേ... ഇപ്പോഴും ഉണ്ടോ ആ പഴയ മതില് ചാട്ടമൊക്കെ..."" ഇല്ലെന്ന് ചുമലുയർത്തി ആഗ്യം കാണിച്ചു. ""നീ എന്നെ പറയിപ്പിക്കുമോടാ..."" അപ്പയുടെ ആ ചോദ്യം കേട്ടപ്പോൾ എൽസയുടെ ബര്ത്ഡേ സെലിബ്രേഷനുണ്ടായിരുന്ന രാത്രി ജയ് "നിന്റെ അപ്പയ്ക്ക് കിട്ടാഞ്ഞിട്ടാണെന്ന് " പറഞ്ഞതാണ് ഓർമ വന്നത്....

അതൊക്കെ എപ്പോഴേ പറയിപ്പിച്ചു എന്റെ അപ്പാ..... ""സത്യം പറ നീ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാറുണ്ടോ..."" അവൾ എന്തോ ഓർത്തു ചിരിക്കുന്നത് കണ്ട് ശങ്കറിനു നല്ല സംശയം തോന്നി. ""ഞാൻ അപ്പേടെ മോളല്ലേ... ഞാൻ അങ്ങനെ ഒക്കെ ചെയ്യുവോ...""ശങ്കറിന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. "" നീ അപ്പേടെ മോളാ...അതാടാ അപ്പയുടെ പേടി..."" ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു.അപ്പയും മോളും കൂടി ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി.. തമാശകൾ പറഞ്ഞു... കുറച്ച് നേരം അപ്പയുടെയും മോളുടെയും മാത്രം ലോകമാക്കി തീർത്തു. ശ്രദ്ധ കാർ റോഡരികിൽ ചേർത്തു നിർത്തി. ""ആഹാ... ഇന്ന് ഒറ്റക്കെ ഉള്ളൂ.. ശ്രുതി ഇല്ലേ...""

കാറിന്റെ ശബ്ദം കേട്ട് നോക്കിയത് കൊണ്ട് ശ്രദ്ധ സ്റ്റെപ് കേറുമ്പോഴേക്കും ശ്യാമ അവളെ കണ്ടു. ""അവൾ അറിഞ്ഞിട്ടില്ല...ഞാൻ എന്റെ വീട്ടിൽ പോയി വരുമ്പോൾ കയറിയതാ...""അപ്പോഴേക്കും വീട്ടുമുറ്റത്ത് എത്തിയിരുന്നു. ""അച്ഛൻ ഇല്ലേ...."" ""ഇവിടെ ഉണ്ട്...ഒരു സുഖം തോന്നുന്നില്ല എന്ന് പറഞ്ഞ് എവിടെയും പോവാതെ ഇവിടെ തന്നെ ചടഞ്ഞു കൂടിയിരുന്നു... ഇന്നലെ തൊട്ട് തുടങ്ങിയതാ..."" ""അതെന്ത് പറ്റി.."" ""സാധാരണ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് അറിഞ്ഞാലാണ് ഈ പരിപാടി ഉണ്ടാവാറ്... അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ പിന്നെ മുറ്റത്ത് കൂടി നെഞ്ചും തടവി കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടത്തമായിരിക്കും... അന്ന് എത്രയാ സിഗരറ്റ് പുകയ്ക്കുവാന്ന് പറയാൻ പറ്റില്ല..."" ""ചന്ദ്രികേച്ചിയാണല്ലേ ന്യൂസ്‌ റിപ്പോർട്ടർ..."" ശ്രദ്ധ ചിരിയോടെ പറഞ്ഞതും ശ്യാമ കള്ളം പിടിക്കപ്പെട്ടവളെ പോലെ നിന്നു. ""പേടിക്കേണ്ട..ഞാൻ ആരോടും പറയില്ല ""

അപ്പോഴേക്കും ജയദേവൻ പുറത്തേക്ക് വന്നിരുന്നു.അവളെ കണ്ടപ്പോൾ ഒന്ന് തെളിച്ചമില്ലാതെ ചിരിച്ചു. ""ഞാൻ ചായ എടുക്കാം....നിങ്ങൾ സംസാരിക്ക്.."" ""ചായ ഒന്നും വേണ്ട..ഞാൻ വീട്ടിൽ നിന്നും കഴിച്ചിട്ടാ വന്നത്..ഇവിടെ ഇരിക്ക്.."" ശ്യാമയെ അടുത്ത് പിടിച്ചിരുത്തി. ""ഇങ്ങോട്ട് വന്നത് ജയ്ക്ക് അറിയ്യോ ..."" ""എവിടെ....പറഞ്ഞാൽ വിടില്ലലോ അതു കൊണ്ട് പറയാതെ വന്നു..."" ജയദേവനെ നോക്കി കണ്ണിറുക്കി കാണിച്ചു. "" അറിഞ്ഞാൽ അവന് ദേഷ്യം വരും... അവന് ഇഷ്ടാവില്ല..."" ""അതിന് ജയ് അറിഞ്ഞാലല്ലേ..."" കള്ള ചിരിയോടെ പറഞ്ഞു ""ആരുവും കുഞ്ഞും എന്നാ ഹോസ്പിറ്റലിൽ നിന്നും വരിക..."" "" മിക്കവാറും മറ്റന്നാൾ വരും..അച്ഛാ..."" ""ആരതിയുടെ കുഞ്ഞിനെ കാണണംന്ന് ഒരു ആഗ്രഹം..."

"ജയദേവന്റെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു.ആ സങ്കടം ശ്യാമയിലേക്കും പടർന്നു. ""അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ശരിയാ...എനിക്ക് എന്ത് അർഹതയാണുള്ളത്......"" ""അതോണ്ടാണോ ഇന്ന് ജോലിക്ക് പോലും പോവാതെ വീട്ടിലിരുന്നേ..."" ""ചിലർക്ക് അറിഞ്ഞു കൊണ്ട് കുത്തി നോവിക്കാൻ നല്ല വിരുതായിരിക്കും...ഒന്നും രണ്ടും പറഞ്ഞു അവസാനം വഴക്കാകും... അതിനെക്കാൾ നല്ലത് ആരെയും കാണാതിരിക്കുന്നതാണെന്ന് തോന്നി..."" ""അച്ഛന് കല്യാണത്തിന് മുൻപ് ജയ്യെ പറഞ്ഞു മനസിലാക്കമായിരുന്നില്ലേ... അവർക്ക് പെട്ടെന്ന് ഉൾകൊള്ളാൻ പറ്റി കാണില്ല...പിന്നെ എല്ലാം മനസിലാവുന്ന പ്രായമായപ്പോഴേക്കും മനസ് കൊണ്ട് അകന്ന് പോയിരിക്കും....""

""അന്ന് മക്കളെ പറഞ്ഞു മനസിലാക്കാൻ പറ്റുന്ന സാഹചര്യമൊന്നുമല്ലായിരുന്നു... അതിന് സമയം കിട്ടിയില്ല എന്നതാണ് സത്യം..."" ജയദേവൻ അത് പറയുമ്പോൾ ശ്യാമ മുഖം താഴ്ത്തി സാരി തുമ്പിൽ മുറുകെ പിടിച്ചിരുന്നു. ""ജനിച്ചത് തൊട്ടേ അസുഖങ്ങളായിരുന്നു ആരതിക്ക്...ആദ്യമൊക്കെ മുലപ്പാൽ കിട്ടാത്തതിന്റെ അസുഖങ്ങൾ ആയിരുന്നു... എന്ത് കൊടുത്താലും ശർദ്ധിക്കും.. കുറെ കരഞ്ഞാൽ ശ്വാസം വിലങ്ങി പോകും... രാത്രിയിൽ എന്നും പനിയും... അവൾക്ക് അഞ്ചു വയസാവുന്നത് വരെ അമ്മയും ഞാനും നോക്കി. അവളെയും കൊണ്ട് എന്നും ഹോസ്പിറ്റലിൽ ആയിരുന്നു.അതോടെ ദൂരെയുള്ള ജോലികൾ എല്ലാം ഒഴിവാക്കി. അപ്പോഴേക്കും അമ്മ ഒട്ടും വയ്യാതെ കിടപ്പിലായി.

അമ്മയെ നോക്കണം.. രണ്ട് മക്കളെ നോക്കണം.. കുറെ നാളൊക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ച് പോയി...ക്യാൻസറിന്റെ സെക്കന്റ്‌ സ്റ്റേജ് ആയിരുന്നു അമ്മയ്ക്ക്.. ചില ദിവങ്ങളിൽ രാത്രി വയറു വേദനയെടുത്ത് പുളയുന്ന അമ്മയെയും ഉറങ്ങുന്ന കുഞ്ഞിനേയും എടുത്ത് വേണം ഹോസ്പിറ്റലിൽ പോവാൻ... കൂടെ ഉറക്കം തൂങ്ങി കൊണ്ട് എന്റെ കൈ പിടിച്ച് ജയ്യും... പനിക്കുന്ന ആരതിയെയും മടിയിലിരുത്തി ജയ്യെയും ചേർത്ത് പിടിച്ച് ഐ സി യൂ വിന്റെ മുന്നിൽ നേരം വെളുപ്പിച്ചിട്ടുണ്ട് ഞാൻ... മിക്ക ദിവസവും അമ്മ ഹോസ്പിറ്റലിൽ ആയിരിക്കും...ആരെ വിശ്വസിച്ചു മക്കളെ ഏല്പിക്കും...എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലായിരുന്നു .ആരുവിനാണെങ്കിൽ എന്നും അസുഖം....

അവസാനം അവരുടെ അമ്മ വീട്ടിലാക്കി.ഇടക്ക് ഓടി പോയി കണ്ടിട്ട് വരും..സരസ്വതി മരിച്ചു ഒരു വർഷം ആയപ്പോ തന്നെ അമ്മ തുടങ്ങിയതാണ് മറ്റൊരു കല്യാണത്തെ പറ്റി സംസാരിക്കാൻ... എനിക്ക് താല്പര്യമില്ല എന്ന പറച്ചിലിൽ നിർത്തിയതായിരുന്നു അമ്മ.കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ വീണ്ടും തുടങ്ങി കല്യാണത്തെ പറ്റി പറയാൻ.... ബ്രോക്കർ വഴി അമ്മ തന്നെയാണ് ഇവളുടെ ആലോചന കൊണ്ട് വന്നത്... എന്നിട്ടും വാശി പിടിച്ചു... ഇനിയൊരു കല്യാണം വേണ്ടെന്ന് പറഞ്ഞ്... അതോടെ എത്ര നാൾ കുഞ്ഞുങ്ങളെ അമ്മ വീട്ടിലാക്കി എന്നെ നോക്കും നീ എന്ന് പറഞ്ഞു അമ്മ വഴക്കുണ്ടാക്കാൻ തുടങ്ങി.കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ഇനി ഹോസ്പിറ്റലിലേക്കില്ലെന്ന വാശി വേറെയും...

പക്ഷെ വേറെ അമ്മേ വേണ്ടച്ഛാ ന്നു പറഞ്ഞു ജയ് അന്ന് എന്റെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് ഒരുപാട് കരഞ്ഞു... അവൻ കരയുന്നത് കണ്ട് ആരുവും... കുട്ടികളല്ലേ... പെട്ടെന്ന് ഉൾക്കൊള്ളാൻ പാടായിരിക്കും... പതിയെ പറഞ്ഞു മനസിലാക്കാം എന്ന് അമ്മ ഉൾപ്പടെ എല്ലാവരും പറഞ്ഞു...അമ്മ മരിക്കുന്നതിന് മുൻപ് എന്റെ കല്യാണം കാണണമെന്ന് പറഞ്ഞു പിടിച്ച പിടിയാലേ കല്യാണം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞ ദിവസം ആരുവിനെ എടുക്കാൻ പോയപ്പോൾ തൊടണ്ടന്നു പറഞ്ഞു അവൾ കൈ തട്ടി മാറ്റി...ജയ്യും... അവസാനം അവളെയും കൊണ്ട് ജയ് റൂമിൽ പോയി വാതിലടച്ചു.. ആരു വിളിച്ചിട്ടും വാതിൽ തുറന്നില്ല..ഭക്ഷണം കഴിക്കാൻ പോലും വന്നില്ല... മാമന്റെടുത്ത് കൊണ്ടാക്കി തരാതെ ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ചു...അവസാനം അവിടെ കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോഴാണ് വാതിൽ തുറന്നത് പോലും...

തല്ക്കാലം അവർ അവിടെ നിൽക്കട്ടെ എന്ന് എല്ലാവരും പറഞ്ഞു. സരസ്വതിയുടെ വീട്ടുകാർക്ക് രണ്ടാമത് കെട്ടുന്നതിനോട് ആദ്യമേ എതിർപ്പായിരുന്നു. മറ്റൊരു സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെ പോലെ അവരെ സ്നേഹിക്കുമോ എന്നായിരുന്നു അവരുടെ പക്ഷം...രണ്ട് ദിവസം കഴിഞ്ഞ് മക്കളെ വിളിക്കാൻ പോയപ്പോൾ അവരെ ഒരു പരീക്ഷണത്തിന് വിട്ട് തരില്ലെന്ന് സരസ്വതിയുടെ ഏട്ടന്മാർ പറഞ്ഞു.... പക്ഷെ ഞങ്ങൾക്ക് ഇനി അച്ഛനെ വേണ്ട എന്ന പണ്ട്രണ്ട് വയസുകാരന്റെ വാക്കുകളായിരുന്നു എന്നെ തോല്പിച്ചത്... ബലമായി പിടിച്ച് കൊണ്ട് വരാൻ നോക്കിയപ്പോൾ എന്റെ കൈ കടിച്ച് മുറിച്ച് ജയ് അകത്തേക്ക് ഓടി. ആരുവും വരില്ലെന്ന് പറഞ്ഞു കരയാൻ തുടങ്ങി...

എന്റെ കൈയിൽ നിന്ന് കുതറി കരഞ്ഞു അവസാനം അവൾക്ക് ശ്വാസം വിലങ്ങാൻ തുടങ്ങിരുന്നു. അവർക്ക് വേണ്ടെങ്കിൽ പിന്നെ എന്തിനാ വലിഞ്ഞു കേറി വരുന്നെന്ന് ചോദിച്ചു അവിടെ ഉള്ളവർ....എന്നിട്ടും ഒരുപാട് തവണ പോയി അവരെ കാണാൻ... ഒന്നു കാണാൻ പോലും കൂട്ടാക്കിയില്ല...കല്യാണം കഴിഞ്ഞ് രണ്ട് വർഷമാവുമ്പോഴേക്കും അമ്മയും പോയി... എന്നെ കണ്ട് മക്കള് രണ്ടും വഴി മാറി നടക്കുമ്പോൾ ചങ്ക് പൊട്ടും പോലെ തോന്നും.... വിങ്ങലിൽ വാക്കുകൾ എവിടെയൊക്കെയോ ചിതറി തെറിച്ചിരുന്നു എന്ത് പറയണമെന്നറിയാതെ ശ്രദ്ധ അവിടെ നിന്നു.ആരെയാ കുറ്റപെടുത്തേണ്ടത്... ആരുടെ കൂടെ നിൽക്കണം എന്നറിയില്ല...

ജയദേവന്റെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ശ്യാമ ആ കൈകളിൽ മുറുകെ പിടിച്ചു...ഒരു ബലത്തിനെന്ന പോലെ ജയദേവനും ശ്യാമയുടെ കൈകളിൽ മുറുകെ പിടിച്ചു. മിണ്ടാതെ ഒരുപാട് നേരം നിന്നു ""നല്ല തണുപ്പാ അല്ലേ ഇവിടെ...""ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു. വിഷയം മാറ്റാനായി ശ്രദ്ധ പറഞ്ഞു. ""ചുറ്റും റബ്ബർ അല്ലേ... അതിന്റെയാ...""ഒന്നു മുരടനക്കിയ ശേഷം ജയദേവൻ പറഞ്ഞു. ""നല്ല തണുപ്പൊക്കെ തന്നെയാ..പക്ഷെ കൊതുകിനെയാ സഹിക്കാൻ പറ്റാത്തത്..."" ശ്യാമയായിരുന്നു അത് പറഞ്ഞത്... ""സ്വത്ത്‌ ഭാഗം വെച്ചപ്പോൾ കിട്ടിയതും പിന്നെ കൈയിലെ കുറച്ച് കാശൊക്കെ കൂട്ടി വെച്ച് വാങ്ങിയതാ...."" ഇത്തിരി നേരം സംസാരിച്ചപ്പോൾ തന്നെ ജയദേവന്റെ മുഖത്ത് ഇത്തിരി തെളിച്ചം വന്നു. ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ പതിയെ കട്ടിലിൽ ചാരി ഇരുന്നു. നേഴ്സ് കുഞ്ഞിനെ ആരതിയുടെ കൈയിൽ വെച്ച് കൊടുത്തു.

കൈ മാറി പിടിച്ചപ്പോൾ ഉറക്കം തടസ്സമായതും കണ്ണ് മുറുകെ അടച്ച് പിടിച്ച് കുഞ്ഞൻ കരയാൻ തുടങ്ങി.കരച്ചിൽ നിർത്താതെ ആയപ്പോൾ പത്മ കുഞ്ഞിനെ വാങ്ങി കൈയിലെടുത്തു നടന്നു. ""എവിടെത്തെക്കാ...കുഞ്ഞാ ചെരിഞ്ഞു ചെരിഞ്ഞു വരുന്നേ...."" ചുണ്ട് നുണച്ചു കൊണ്ട് മാറിലേക്ക് മുഖം കൊണ്ട് വന്നതും പത്മ പറഞ്ഞു. ""വിശക്കുന്നുണ്ടാവും.... അതാ ഈ പരതൽ..."" പത്മ തന്നെ പറഞ്ഞു ആരതിയുടെ കൈയിൽ തന്നെ കുഞ്ഞിനെ കൊടുത്തു.ഇത്തിരി ഒന്ന് വൈകിയതേ ഉള്ളൂ... അപ്പോഴേക്കും കരയാൻ തുടങ്ങി...ആരതി കുഞ്ഞു തുടയിൽ പതിയെ തട്ടി കൊണ്ട് പാല് കൊടുത്തു. ശരണിന്റെ കണ്ണുകൾ ആദ്യം പോയത് ആരതിയുടെ കൈയിലെ കുഞ്ഞിലേക്കായിരുന്നു.

അവൻ എത്തുമ്പോഴേക്കും കുഞ്ഞു പാല് കുടിച്ച് ഉറങ്ങാൻ തുടങ്ങിയിരുന്നു. ""പതിയെ...."" ആരതിയുടെ കൈയിൽ നിന്നും കുഞ്ഞിനെ എടുക്കവേ അവൾ പറഞ്ഞു. അതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല...അവന്റെ കൈകളിൽ ഒതുങ്ങി കിടക്കുന്ന കുഞ്ഞിലായിരുന്നു അവന്റെ ശ്രദ്ധ..... ""എത്ര ദിവസായി വാവേ അപ്പ ഒന്ന് കാണാൻ കാത്ത് നിക്കുന്നെ.. "" അപ്പോഴോ ഉറക്കം ശരിയാകാതായപ്പോൾ ഞെളിപിരി കൊണ്ട് കരയാനായി ഇളം റോസ് ചുണ്ട് പിളർത്തി ""കുഞ്ഞിനെ കിടത്തിയേക്ക്...കൈയിലായോണ്ട് ഉറക്കം ശരിയാവുന്നുണ്ടാവില്ല... അതാ ഈ കരച്ചിൽ..."" ""നാളെ ഡിസ്ചാർജ് ആവും...""കുഞ്ഞിനെ കിടത്തവെ ആരോടെന്നില്ലാതെ ശരൺ പറഞ്ഞു. ""കുഞ്ഞു ഉണരുമ്പോഴേക്കും നീ ഭക്ഷണം കഴിച്ചോ...""പത്മ അവൾക്കുള്ള കഞ്ഞിയും ചമ്മന്തിയും എടുത്തു കൊടുത്തു. ""അമ്മയും കഴിച്ചോ... സമയം ഒരുപാടായില്ലേ...."" ""നിനക്ക് വേണ്ടേ..."" ""ഞാൻ കഴിച്ചിട്ടാ വന്നത്...""

പത്മയും ആരതിയും ഭക്ഷണം കഴിക്കവേ ശരൺ ജനലിൽ ചാരി നിന്നു. നോട്ടം മുഴുവൻ ആരതിയിലായിരുന്നു.അത് മനസിലാക്കിയെന്ന പോലെ അവൾ തല ഉയർത്താതെ കഞ്ഞി കുടിച്ചു.പെട്ടെന്ന് കുഞ്ഞ് ഉണർന്നു കരയാൻ തുടങ്ങി. ""വേണ്ട... ഞാൻ എടുത്തോളാം..."" ആരതി കൈയിലുള്ള പ്ലേറ്റ് കട്ടിലിൽ വെക്കാൻ നോക്കിയതും ശരൺ പറഞ്ഞു. ""ഇത് നനഞ്ഞല്ലോ... "" ശരൺ കുഞ്ഞിനെ എടുക്കാൻ നോക്കിയപ്പോഴാണ് തുണി നനഞ്ഞത് കണ്ടത്. ""മൂത്രത്തിന്റെ തണുപ്പ് തട്ടിയപ്പോൾ ഉണർന്നതായിരിക്കും..."" പത്മ പറഞ്ഞു. ""ഞാൻ മാറ്റി തരാം..."" ""ഞാൻ മാറ്റിക്കോളാം... നീ കഴിക്കാൻ നോക്ക്..."" ആരതി വീണ്ടും പ്ലേറ്റ് കട്ടിലിൽ വെക്കാൻ നോക്കിയതും ശരൺ പറഞ്ഞു. ""ആ ബാസ്കറ്റിലുണ്ട് തുണി...""

പത്മ റൂമിന്റെ സൈഡിൽ ചൂണ്ടി കൊണ്ട് പറഞ്ഞു. അവൻ നനഞ്ഞ തുണി മാറ്റിയ ശേഷം കുഞ്ഞിനെ എടുത്തു.കുറെ നേരം എടുത്ത് നടന്നപ്പോൾ കരച്ചിൽ കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ കണ്ണുകൾ പാതി തുറന്ന് ശരണിനെ നോക്കി കിടന്നു. ""ചന്ദ്രികേച്ചിയെ കൊണ്ട് വിട്ടോ ഏട്ടാ..."" ""മ്മ്..."" ആരതിയുടെ ചോദ്യത്തിന് മൂളുമ്പോൾ ജയ്യുടെ നോട്ടം ശരണിന്റെ കൈയിലെ കുഞ്ഞിലായിരുന്നു. കുഞ്ഞൊന്നു ഞെരങ്ങിയപ്പോൾ പതിയെ കൈകൾ ആട്ടി കൊണ്ട് ശരൺ നടക്കാൻ തുടങ്ങി. കുഞ്ഞി കൈയും കുഞ്ഞുടലിന്റെ ഇത്തിരി ഭാഗവും മാത്രമേ കാണാൻ പറ്റുന്നുള്ളൂ...അവന് കുഞ്ഞിനെ എടുക്കണമെന്നുണ്ടായിരുന്നു.പക്ഷെ ശരണിന്റെ കൈയിലായത് കൊണ്ട് അത് പുറമെ കാണിച്ചില്ല. എങ്കിലും ആരതിയോടും പത്മയോടും സംസാരിക്കുമ്പോഴൊക്കെ കണ്ണുകൾ അറിയാതെ കുഞ്ഞിലേക്ക് എത്തി നിന്നു.അത് മനസിലാക്കിയെന്ന പോലെ ശരൺ കുഞ്ഞിനെ ആരതിയുടെ അടുത്തായി ബെഡിൽ കിടത്തി. കുഞ്ഞി കൈയിൽ ഉമ്മ കൊടുത്തു. ശരൺ അവിടെ നിന്ന് മാറിയതും ജയ് കുഞ്ഞിനെ എടുത്തു.'""""തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story