സസ്‌നേഹം: ഭാഗം 16

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ജയ് നമുക്ക് അമ്മയെയും അച്ഛനെയും ഇങ്ങ് കൂട്ടാം..."" ""ആരുടെ അമ്മയും അച്ഛനും..."" മുഖം വലിഞ്ഞു മുറുകിയിരുന്നു.കൈയിലെ പെൻസിൽ ഞെരിക്കുന്നുണ്ട്... ജയ്ക്ക് നേരെ വിരൽ ചൂണ്ടി കാണിച്ചതും ദേഷ്യം കൊണ്ട് മുഖം ഒന്നു കൂടി മുറുകി. ""ശ്രദ്ധ.."" ആ വിളിയിൽ തന്നെ ഉണ്ട് എല്ലാ ദേഷ്യവും... ""ഇനി നിനക്ക് ഞാൻ ഏത് ഭാഷയിലാണ് പറഞ്ഞു തരേണ്ടത്.."" തല കുനിച്ചിരുന്നു... അങ്ങോട്ട് ഒന്ന് പറഞ്ഞാൽ ഇങ്ങോട്ട് പിന്നെയും രണ്ട് പറയും.... പിന്നെ അത് മൂന്നാവും... നാലാവും...അവസാനം വഴക്കാകും.. അത് കഴിഞ്ഞ് ആരെങ്കിലും ഒരാൾ എഴുന്നേറ്റ് പോവും... അത് മാത്രമേ സംഭവിക്കൂ... ""എന്നെ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്തിട്ട് നിനക്ക് എന്താ കിട്ടുന്നെ... നിനക്ക് തന്നെ അറിയാം... എനിക്ക് സംസാരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത വിഷയമാണത് എന്ന്...... എന്നാലും അതിൽ തന്നെ പിടിച്ച് കേറും...."" ""നിന്റെ നാവ് താഴ്ന്നു പോയോ...""

മിണ്ടാതെ നിൽക്കുന്നത് കണ്ട് ജയ്ക്ക് ദേഷ്യം ഒന്നു കൂടി കൂടി. പിന്നെയും എന്തൊക്കെയോ പറഞ്ഞു.കുറച്ച് കഴിഞ്ഞ് മഴ പെയ്ത് തീർന്ന പോലെ തോന്നിയപ്പോൾ മുഖം ഉയർത്തി... തുറിച്ചു നോക്കുവാണ് ജയ്... കണ്ണിൽ നിറയെ ദേഷ്യം...വീണ്ടും മുഖം താഴ്ത്തിയിരുന്നു.... കുറച്ച് കഴിഞ്ഞ് നെറ്റിയിൽ കൈ വച്ചിരിക്കുന്നത് കണ്ടു. അവന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു... മടിയിൽ വെച്ച കൈ എടുത്തു... ഇരു കൈകൾ കൊണ്ടും ജയ്യുടെ കൈ പൊതിഞ്ഞു പിടിച്ചു... ""കഴിഞ്ഞോ... ജയ്...."" വാക്കുകൾ അത്രയേറെ മൃദുലമായിരുന്നു... വാക്കിലെ നേർമയും കൈയുടെ മിനുസവും അവന്റെ ഹൃദയത്തിലെ ആഴങ്ങളിൽ ചെന്ന് പതിക്കുന്നുണ്ടായിരുന്നു.... അവളുടെ ഇടതു കൈയാൽ വിരൽ കോർത്തു പിടിച്ചപ്പോൾ എതിർക്കാതെ അവളെ നോക്കി... ഒട്ടും മയമില്ലാത്തൊരു നോട്ടം.... ജയ് ഈ ഒറ്റ ഇണ കിളികളെ പറ്റി കേട്ടിട്ടുണ്ടോ...

.ഒന്നു മരിച്ചു പോയാൽ ചങ്ക് പൊട്ടി മറ്റേതും മരിച്ചു പോവും... ചില മനുഷരും അങ്ങനെയാ... ഇണ നഷ്ടപ്പെട്ടു പോയാൽ മറ്റൊരു ഇണയെ തേടി പോവില്ല...എന്ന് കരുതി എല്ലാവരും അങ്ങനെ ആവണമെന്ന് വാശി പിടിക്കാൻ പാടുണ്ടോ....ഒന്ന് തുറന്ന് സംസാരിക്കാൻ... അല്ലേ സങ്കടം വരുമ്പോ പോട്ടെന്നേ ന്നു പറയാൻ ഒരാൾ വേണ്ടേ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ജയ്... അവന്റെ മുഖത്തേക്ക് നോക്കി...എന്താ എന്ന് ചോദിച്ചില്ലെങ്കിലും ആ നോട്ടത്തിൽ ഉണ്ടായിരുന്നു ആ ചോദ്യം.. ജയ്ക്ക് എല്ലാ കാര്യവും ജയ്യുടെ ആരുവിനോട് പറയാൻ പറ്റുമോ...ദേഷ്യപെട്ടാണെങ്കിലും എന്റടുത്തല്ലേ അത് തീർക്കാത്തത്...അല്ലേ ജയ്... മറുപടി ആയി തുറിച്ചൊരു നോട്ടം... ""ഈ ദേഷ്യമൊക്കെ ഒരു കള്ളത്തരമല്ലേ ജയ്...""

കള്ള ചിരിയോടെ ചോദിച്ചതും മുഖം തിരിച്ചു കളഞ്ഞു. ""ജയ്...ജയ്യുടെ അച്ഛന്റെ സെക്കന്റ്‌ മാര്യേജ് ഏത് വയസിലായിരുന്നു... ഒരു മുപ്പത്തി അഞ്ചു വയസ്...??? ""മുപ്പത്തി ഒൻപത് വയസ്സ്...??? "മ്മ്മ്...."" അതിന് മാത്രം ഒന്ന് മൂളി... ആ പ്രായം വരെ അച്ഛൻ എന്തൊക്കെ അനുഭവിച്ചു കാണും... രണ്ട് കുഞ്ഞു കുട്ടികൾ... കാൻസർ പേഷ്യന്റ് ആയ അമ്മ... ഒന്നു സങ്കടം പറയാൻ പോലും ആളില്ലാതെ എത്ര കഷ്ടപ്പെട്ട് കാണും...ആരോട് സങ്കടം പറയും.. പത്തു പണ്ട്രണ്ട് വയസുള്ള ജയ്യോടാണോ പറയേണ്ടത്.. അതോ വയസായ അമ്മയോടോ... ആ പന്ത്രണ്ട്കാരൻ ചെക്കന് ഇതൊന്നും അറിയില്ലെന്ന് വെക്കാം... പക്ഷെ ഈ മുപ്പത്തിരണ്ട്കാരൻ ചെക്കന് അതൊന്നും മനസിലാവുന്നില്ലേ...

ജയ്ക്ക് തോന്നിയിട്ടില്ലേ ഇതുവരെ... സങ്കടം പറയാൻ ഒരാൾ ഉണ്ടായെങ്കിൽ എന്ന്.... തെല്ലൊരു കുറുമ്പോടെ അവനെ ഒന്നു കൂടി നോക്കി...തറപ്പിച്ചൊരു നോട്ടം അവനും.., ജയ്.. ഈ സ്നേഹം... ഫിസിക്കൽ റിലേഷൻ ഒക്കെ മനസിനും ശരീരത്തിനും ഒരേ പോലെ വേണ്ട ഒന്നാ.... അതൊക്കെ കിട്ടാതായാൽ മനസ് മുരടിക്കും ജയ്...ഇപ്പൊ എന്റെ മനസും മുരടിച്ചു പോവാ ജയ്... അതാ ഞാൻ ജയ്യോട് വഴക്കിടുന്നേ....ജയ്ക്ക് അത് മനസിലാവുന്നില്ലേ... അവന്റെ കൈയിൽ കവിൾ ചേർത്തു... കൈയിൽ കണ്ണീരിന്റെ ചൂട് പതിഞ്ഞതും പകപ്പോടെ കൈ വലിച്ചു... ""ചുമ്മാതാ..."" കൈകൾ കൊണ്ട് രണ്ട് കണ്ണും തുടച്ച ശേഷം അവനെ നോക്കി ചിരിച്ചു... ചിരിച്ചു കൊണ്ട് തന്നെ എഴുന്നേറ്റു... അവനെ നോക്കാതെ എഴുന്നേറ്റ് പോവാനായി തുടങ്ങിയതും കൈയിൽ പിടി വീണു... ""എന്റെ അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ എനിക്ക് വയ്യ ..ശ്രദ്ധ....

എന്റെ അമ്മയെ അല്ലാതെ വേറെ ഒരാളെയും അമ്മ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും വയ്യാ....."" ഒരു കൊച്ചു കുഞ്ഞിന്റെ പരിഭവം പോലൊന്ന്....അമ്മയോട് സങ്കടം പറയുന്ന പോലെ... അമ്മയായി കാണേണ്ട ...പക്ഷെ ഒരു അടുത്ത ബന്ധു ആയിട്ട് കാണാലോ... അമ്മാന്ന് വിളിക്കണ്ട... ഇളയമ്മന്നോ... ആന്റിന്നോ വിളിക്കാലോ... അല്ലേ ജയ് ജയ്യുടെ ഫ്രെണ്ട്സിന്റെ അമ്മമാരെ എന്താ വിളിക്കുവാ... അമ്മ എന്നല്ലേ.. ഞാൻ എന്റെ ഫ്രണ്ട്സിന്റെ അമ്മമാരെ ഒക്കെ അമ്മാന്നോ മമ്മിന്നൊക്കെയാ വിളിക്കാറ്... അതേ പോലെ വിളിച്ചു കൂടെ... അതൊരു പാവം അമ്മയാ ജയ്.... എന്റെ മുന്നിൽ വെച്ച് സ്വന്തം ഭർത്താവ് എന്ന് അവകാശത്തോടെ പറയാൻ പോലും മടിച്ചൊരമ്മ... അത്രയ്ക്ക് പാവാ ജയ്...

ജയ് ഒന്ന് സ്നേഹിച്ച് നോക്കിയേ.. എന്ത് സന്തോഷമാവുംന്നറിയോ... രണ്ടാൾക്കും ആഗ്രഹമുണ്ട് ജയ്....നമ്മളുടെ കൂടെ ജീവിക്കാൻ...ഏട്ടൻ..അനിയത്തി.. അവർക്ക് ഭാര്യയും ഭർത്താവും പിന്നെ ഇപ്പൊ ഒരു കുഞ്ഞു വാവയും ഒക്കെ ഉണ്ട് ... ഇനി ഈ വീട്ടിൽ ഒരു അച്ഛന്റെയും അമ്മയുടെയും കുറവ് മാത്രമേ ഉള്ളൂ.. ജയ്... പ്ലീസ്... ഇനിയും മനസ്സിൽ ദേഷ്യം വെക്കല്ലേ ജയ്... മറുപടി ഒന്നുമില്ലെങ്കിലും ഭാവമെന്തെന്ന് തിരിച്ചറിയാത്തൊരു നോട്ടം ഉണ്ട്... എന്നിട്ടും അവളുടെ ഉള്ളം കുളിരുന്നുണ്ടായിരുന്നു... ""എന്നോട് ദേഷ്യം... ഏട്ടനോട് ദേഷ്യം... അച്ഛനോടും അമ്മയോടും ദേഷ്യം... എന്തിനാ... ജയ്.. ഈ കുഞ്ഞു ഹൃദയത്തിൽ ഇങ്ങനെ എന്തൊക്കെയോ കുത്തി നിറച്ച് വെച്ചിരിക്കുന്നെ..."

"ആർദ്രമായ സ്വരത്തോടൊപ്പം അവന്റെ ഇടംനെഞ്ചിൽ വിരൽ കൊണ്ട് വട്ടം വരച്ചു... ""അതോണ്ടല്ലേ .. എന്റെ ജയ്ക്ക് എന്നോടൊന്നു ചിരിക്കാൻ പോലും പറ്റാതെ....."" അത്രത്തോളം ആർദ്രതയിൽ സ്വരം നേർത്തു പോയിരുന്നു... ഒരു നിമിഷം ശ്വാസം എടുക്കാൻ ഇരു വരും മറന്നു പോയി...ഇരു ഹൃദയത്തിലും ഒരു പോലെ മിന്നൽ പിണരലുകൾ മിന്നി മറഞ്ഞു....അവന്റെ കണ്ണിൽ നോക്കി വീണ്ടും ഇടം നെഞ്ചിൽ വട്ടം വരച്ചതും ജയ് കൈ കൊണ്ട് തടഞ്ഞു വെച്ചു... എല്ലാം വിസ്മരിച്ചു കൊണ്ട് പരസ്പരം കണ്ണുകൾ ഇണ ചേർന്നു.. ഹൃദയത്തിന്റെ ആഴത്തോളം നോട്ടം പതിഞ്ഞ പോലെ... താളം തെറ്റിച്ചു കൊണ്ട് നെഞ്ച് ഉയർന്നു പൊങ്ങി... അവന്റെ കണ്ണിൽ നിറച്ചു വെച്ചിരുന്ന പൊയ്കളൊക്കെ ഒരു നിമിഷം എവിടെയോ പോയി ഒളിച്ചു...കൈയിലെ പിടി മുറുകുന്നത് അവൾ അറിഞ്ഞു...ഇരുവരിലും വിയർപ്പ് പൊടിയാൻ തുടങ്ങിയിരുന്നു...

""നീ ഒറ്റ ഇണ കിളിയാണോ..."" അവൻ പോലും അറിയാതെ വന്നൊരു ചോദ്യം... ""അങ്ങനെ ആവാനാ ഇഷ്ടം... ജയ്യുടെ മാത്രം ഇണ കിളി...."" കണ്ണുകൾ പിൻവലിഞ്ഞതേ ഇല്ല.... നോട്ടം മാറ്റാതെ അവൾ തന്നെ അകന്നു നിന്നു... അവന്റെ കണ്ണിൽ ഒരു നിമിഷം നഷ്ടബോധം തെളിഞ്ഞ പോലെ... വീണ്ടുമാ കണ്ണിലെ ആഴങ്ങൾ തേടി പോവാൻ കൊതിക്കും പോലെ... ആ നിമിഷങ്ങളിൽ അവളോടുള്ള ദേഷ്യം പോലും അവൻ വിസ്മരിച്ചിരുന്നു...എല്ലാറ്റിനും ഉപരിയായി ചുണ്ടിൽ കുഞ്ഞു പുഞ്ചിരി... ഒരു നൊടിയിടയിൽ മിന്നി മറഞ്ഞു... അവൾ അകന്ന് പോവുന്നത് നോക്കി നിന്നു.. ""ജയ്... നാളെ ഞാൻ ആച്ഛനെയും അമ്മയെയും ഇങ്ങ് കൊണ്ട് വരും കേട്ടോ..."" വാതിൽ പടിയിൽ നിന്ന് തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു. ""ഒന്നും...ഇനി പറയണ്ടാ..."" അവൻ തടസ്സം പറയാൻ വരുമ്പോഴേക്കും പറഞ്ഞു. പിന്നെ ഒരു ഓട്ടമായിരുന്നു റൂമിലേക്ക്... കട്ടിലിൽ പോയി കിടന്നു...

ജയ്യുടെ ചൂട് ഇപ്പോഴും കൈയിൽ ഉള്ളത് പോലെ... കൈ നെഞ്ചോട് ചേർത്ത് വച്ചു... എന്റെ ജയ്....കൈയിൽ അമർത്തി ഉമ്മ വെച്ചു... പെട്ടെന്നൊരു ഓർമയിൽ കണ്ണ് ഒന്ന് ഇറുക്കി അടച്ച് കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് ശ്രുതിയെ നോക്കി.. ഭാഗ്യം അവൾ ഉറങ്ങിയിരുന്നു... കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു... ഉറക്കം കണ്ണിൽ തൊടുന്നില്ല... മനസ് ആണെങ്കിൽ നൂല് പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ പറന്നു കളിക്കുന്നു... ഫോൺ എടുത്ത് ജയ്യുടെ ഫോട്ടോസ് നോക്കി... കുറെ ഉണ്ട്... അറിയാതെ എടുത്തത്... കല്യാണത്തിന് എടുത്തത്... പക്ഷെ എല്ലാറ്റിലും ബൂം ന്ന് പിടിച്ചിരിക്കുന്നു... ചിരിക്കാൻ അറിയാത്ത പെങ്ങള് പ്രാന്തൻ ചെക്കൻ.... ഒട്ടും ചിരിയില്ലാത്ത ആാാ ചുണ്ടുകളിൽ വിരലോടിച്ചു... ഉമ്മ വെച്ചു...

ഒരു തോന്നലിൽ അവന്റെ നമ്പറിലേക്ക് വിളിച്ചു...ഒരു റിങ് തീർന്നു കോൾ കട്ടായി... വീണ്ടും വീണ്ടും വിളിച്ചു... ""വെച്ചിട്ട് പോടീ..."" അതു മാത്രം... അവൻ അറിഞ്ഞു കൊണ്ട് വരുത്തിയ ഗൗരവം.. ചിരിയോടെ ഫോൺ നെഞ്ചോട് ചേർത്ത് വെച്ച് കിടന്നു...അവനും.... ◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️ ആ നിമിഷങ്ങളിലേക്ക് ഒന്ന് കൂടി പോയി ജയ്... ചിരി പൊട്ടിയപ്പോൾ ചുണ്ടിൽ വിരൽ വെച്ചു... പെട്ടെന്ന് ശ്രദ്ധ അച്ഛനെ പറ്റി പറഞ്ഞത് ഓർത്തപ്പോൾ താനേ മുഖം മങ്ങി.... എവിടെയൊക്കെയോ ആരതിയുടെ ഛായയുള്ള ഒരു അമ്മയെ ഓർമ വന്നു... നിറവയർ താങ്ങി പിടിച്ച് ജയൂട്ടാ എന്ന് ക്ഷീണത്തോടെ വിളിക്കുന്നോരമ്മ...അമ്മയുടെ ചൂട്...അമ്മയുടെ മണം....കണ്ണുകൾ ഇറുകി അടച്ചു.... ""വേറെ അമ്മയെ വേണ്ടഛാ...."" കരഞ്ഞു കൊണ്ട് കേഴുന്ന ഒരു കുഞ്ഞി ചെക്കനും അവൻ കരഞ്ഞത് കൊണ്ട് മാത്രം കരയുന്ന ഒരു കുഞ്ഞി പെണ്ണും..

. ""ഇന്ന് നിന്റെ അച്ഛന്റെ കല്യാണമാ ജയ്യേ..."" ഏതോ വയസൻ അമ്മാവന്റെ കുട വയർ കുലുക്കി കൊണ്ടുള്ള ചിരി... അത് കേട്ട് കണ്ണുകൾ ഒന്ന് കൂടി കണ്ണ് നിറച്ച കുഞ്ഞി ചെക്കൻ.... എല്ലാമൊന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ മനസിലാക്കി കൊണ്ട് അവനെ ചുറ്റി പിടിച്ചൊരു കുഞ്ഞി പെണ്ണും... ""വാ.. അരൂ..."" കല്യാണം കാണാൻ വയ്യാത്തത് കൊണ്ട് കുഞ്ഞി പെണ്ണിനേയും കൊണ്ട് ആ കുഞ്ഞി ചെക്കൻ ദൂരെ ഉള്ള ചെമ്പക ചോട്ടിലേക്ക് മാറി നിന്നു... കല്യാണ ഫോട്ടോയിൽ അമ്മ അണിഞ്ഞൊരുങ്ങി നിന്ന പോലെ ആ സ്ഥാനത്ത് വേറെ ഒരു സ്ത്രീ... അമ്മയുടേത് പോലെ ആ സ്ത്രീയിലും താലി... അമ്മയെ പോലെ സിന്ദൂരം തൊട്ടിരിക്കുന്നു... അമ്മയെ പോലെ അച്ഛനോട് ചേർന്നിരിക്കുന്നു...

അമ്മയെ വിളിക്കുന്ന പോലെ വാ മോളെ എന്ന് അച്ഛമ്മ ആ സ്ത്രീയെയും വിളിക്കുന്നു....'ഇതാ റൂമെന്ന് 'പറഞ്ഞു ഞാനും അച്ഛനും അമ്മയും കുഞ്ഞി പെണ്ണും കൂടി തമാശ പറഞ്ഞു ചിരിച്ച... വഴക്ക് കൂടിയ മുറി കാണിച്ചു കൊടുക്കുന്നു.. ""ഇതാ ഇനി നിങ്ങളുടെ അമ്മ..."" അച്ഛമ്മ പരിചയപെടുത്തുമ്പോൾ ആ സ്ത്രീയുടെ ഒപ്പം അച്ഛനും ഉണ്ടായിരിക്കുന്നു.. എന്റെ അമ്മ ഇതല്ല... അതാ എന്ന് പറഞ്ഞു അലറി കരഞ്ഞു കൊണ്ട് അമ്മയുടെ ഫോട്ടോയിലേക്ക് കൈ ചൂണ്ടി കാണിച്ചു...തലോടാൻ തുടങ്ങിയ ആ സ്ത്രീയുടെ കൈ തട്ടി മാറ്റി കുഞ്ഞി പെണ്ണിനേയും പിടിച്ച് റൂമിലേക്ക് ഓടി... പുറത്ത് അച്ഛൻ കതകിൽ തട്ടി വിളിക്കുന്ന ശബ്ദം....അച്ഛമ്മ അച്ഛനെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്....

""നല്ല തല്ല് കിട്ടാഞ്ഞിട്ട ഈ തോന്ന്യവാസം..."" ഇനിയും ഒഴിഞ്ഞു പോവാത്ത ബന്ധുക്കളാരോ പറഞ്ഞു അച്ഛനും അച്ഛമ്മയും അമ്മയെ മറന്നു...എല്ലാവരോടും ദേഷ്യം തോന്നി... കണ്ണ് തുടച്ചു കൊണ്ട് തന്നെ നോക്കുന്ന കുഞ്ഞിപെണ്ണിനെ ചേർത്ത് പിടിച്ചു...കണ്ണ് തുടച്ചു കൊടുത്തു... കരയല്ലേ എന്ന് പറഞ്ഞു നെറ്റിയിലും രണ്ട് കവിളിലും മുത്തി.. കൊറേ കരഞ്ഞാൽ ശ്വാസം എടുക്കാൻ പറ്റാത്ത പോലാവും... ""കരയല്ലേ വാവേ... സൂക്കേട് വരും..."" വീണ്ടും പറഞ്ഞപ്പോൾ കുഞ്ഞി പെണ്ണ് തലയാട്ടി കൊണ്ട് കണ്ണ് തുടച്ചു ... അവനും കണ്ണ് തുടച്ചു കൊണ്ടിരിക്കുന്നു... എന്നിട്ടും ഒഴുകികൊണ്ടിരുന്നു ആ കുഞ്ഞി പിള്ളേരുടെ കണ്ണുകൾ... മനസ് ആസ്വസ്ഥമാവാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റിരുന്നു..

ആരുവിനെ കാണണം എന്ന് തോന്നി... നിറ വയറുമായി ആരതി നിൽക്കുമ്പോൾ അമ്മ നിൽക്കുന്നത് പോലെ തോന്നും.. അമ്മയുടെ ഗന്ധം പോലും അവൾക്കുണ്ട്.... അതേ അവശത... വിളർച്ച എല്ലാം അവളിലും ഉണ്ടായിരുന്നു... പേടിയായിരുന്നു... അമ്മയെ നഷ്ടപെട്ടത് പോലെ അവളെയും.... ചേർത്ത് പിടിക്കാനായി ആകെ ബാക്കി ഉള്ളത് അവളാണ്... എന്റെ കുഞ്ഞി പെണ്ണ്.... "”""""" തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story