സസ്‌നേഹം: ഭാഗം 17

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

മനസ് ആസ്വസ്ഥമാവാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റിരുന്നു.. ആരുവിനെ കാണണം എന്ന് തോന്നി... നിറ വയറുമായി ആരതി നിൽക്കുമ്പോൾ അമ്മ നിൽക്കുന്നത് പോലെ തോന്നും.. അമ്മയുടെ ഗന്ധം പോലും അവൾക്കുണ്ട്.... അതേ അവശത... വിളർച്ച എല്ലാം അവളിലും ഉണ്ടായിരുന്നു... പേടിയായിരുന്നു... അമ്മയെ നഷ്ടപെട്ടത് പോലെ അവളെയും.... ചേർത്ത് പിടിക്കാനായി ആകെ ബാക്കി ഉള്ളത് അവളാണ്... എന്റെ കുഞ്ഞി പെണ്ണ്.... ""എന്താ ഏട്ടാ...."" ആരതിയുടെ സ്വരം... മനസ് തണുക്കുന്നത് അറിഞ്ഞു... അവളുടെ ശബ്ദം കേൾക്കണം എന്ന് തോന്നിയിട്ട് വിളിച്ചതാണ്... ""ഒന്നൂല്ല... വെറുതേ വിളിച്ചതാ....നീ ഉറങ്ങിയില്ലേ..."" ""ഇല്ല ഏട്ടാ....സമയമാവുന്നതേ ഉള്ളൂ...."" ""മോൻ എന്ത് ചെയ്യുവാ... ഉറങ്ങിയോ..."" "" ഇത്രേം നേരം ഭയങ്കര കരച്ചിലായിരുന്നു... ഇപ്പൊ ഉറങ്ങിയതേ ഉള്ളൂ...ഭയങ്കര വാശിയാ..."" ""മ്മ്....ഞാൻ വെറുതേ വിളിച്ചതാ... ഫോൺ വെച്ചോ....""

കൂടുതൽ ഒന്നും പറഞ്ഞില്ല... ഫോൺ വെച്ചു...ആരുവിന്റെ ശബ്ദം കേൾക്കുന്നത് തന്നെ ഒരു ധൈര്യമാണ്...കണ്ണുകൾ അടച്ചു കിടന്നു... ഉള്ളിലെ തിരയിളക്കം താനേ അടങ്ങി....പക്ഷെ കൺപീലിയിൽ നനവുണ്ടായിരുന്നു....ഇനിയുമാ കുഞ്ഞി ചെക്കനിൽ നിന്നും മുക്തമായിട്ടില്ല.. ""ജയ്യേട്ടാ... മുഴുവൻ വരച്ചോ..."" രാവിലേ കണ്ട പാടെ തുടങ്ങി ശ്രുതി. കൈയിൽ ഒരു തോർത്തുമുണ്ട്... ""മ്മ്... ഇന്നാ...ഇപ്പോ വന്ന് വന്ന് വല്ലാണ്ട് മടിച്ചി ആവുന്നുണ്ട് നീ... നിനക്ക് പഠിക്കാൻ ഉള്ളതല്ലേ ഇതൊക്കെ... അപ്പൊ സ്വന്തമായി വരച്ചൂടെ..."" ""ഞാൻ വരച്ചിട്ട് ശരിയാവാഞ്ഞിട്ടാ.. ജയ്യേട്ടാ...."" റെക്കോർഡ് മറച്ചു നോക്കുന്നതിനിടെ പറഞ്ഞു.. ""ഞാൻ വരച്ചാ ശരിയായില്ലാന്ന് പറഞ്ഞ് ഒന്നു കൂടി മാറ്റി വരപ്പിക്കും സാർ അതാ..അതിലും നല്ലത് ഇതല്ലേ...."" ""മ്മ്... ഞാൻ പുറത്തേക്ക് പോവുവാ.... അവളോട് പറഞ്ഞേക്ക്..."" ഷർട്ടിന്റെ കൈ മടക്കി കൊണ്ട് അടുക്കളയിലേക്ക് നോട്ടം പായിച്ചു...

ശ്രദ്ധ കേൾക്കുന്നുണ്ടായിരുന്നു അടുക്കളയിൽ നിന്ന്...ജയ് ഗോതമ്പ് മാവ് കുഴച്ച് ബോൾ ആക്കി വെച്ചിരുന്നു... അത് ഇനി പരത്തി ചുട്ടെടുക്കുകയെ വേണ്ടൂ... അതിന്റെ തത്രപാടിലാണ് ശ്രദ്ധ... ""ഓഹ്... ഈ അവൾ എന്ന് പറഞ്ഞാൽ ആരാണാവോ??.... ശ്രദ്ധയോട് പറഞ്ഞേക്ക്ന്ന് പറഞ്ഞു കൂടെ...മൊരടൻ ജയ്...""എത്ര വേണ്ടാന്നു വെച്ചാലും ഇടക്കൊക്കെ മനസ്സിൽ കുശുമ്പ് കുത്തും... ജയ്യോട് മാത്രം... ജയ് ശ്രദ്ധന്ന് സ്നേഹത്തോടെ വിളിക്കണം...തനിക്ക് മാത്രമായി ഒരു നോട്ടം... അത്രയേ വേണ്ടൂ... ഇത്തിരി നേരം വെറുതേ കാതോർത്തു... ഇനി എന്തെങ്കിലും എന്നോട് പറയാനായി ശ്രുതിയോട് പറയുമോ എന്ന്... ഇല്ല... ജയ്യുടെ ശബ്ദമൊന്നും കേൾക്കുന്നില്ല.. പോയി കാണും... നേരിയ ഒരു നിരാശ... മനസ് ഇടക്കൊക്കെ എന്തൊക്കെയോ ആഗ്രഹിക്കുന്നു... അറിയാം.. ഇനിയും ഒരുപാട് കാത്തിരിക്കണമെന്ന്... എന്നാലും... എന്നാലും വെറുതേ ഒരു ഒരാശ...

""ജയ്ക്ക് ഈ ചപ്പാത്തി പരത്തി തന്നിട്ട് പൊയ്ക്കൂടേ...ഓഹ് അപ്പൊ പിന്നെ വന്നിട്ട് ചപ്പാത്തി വട്ടത്തിൽ ആയില്ലന്ന് പറഞ്ഞു വഴക്കിടാൻ പറ്റില്ലാലോ..."" പ്രതിഷേധം പോലെ തന്നോട് തന്നെ പതുക്കെ പറഞ്ഞു... പറച്ചിലിനോടൊപ്പം ഗോതമ്പ് മാവ് ബോൾ ആക്കി വെച്ചത് ഒന്നു കൂടി കൈലിട്ട് ഉരുട്ടി കളിച്ചു... പെട്ടെന്ന് സ്ലാബിൽ അടുത്തായി വെച്ചിരുന്ന ചപ്പാത്തികോലും പലകയും ആരോ എടുത്തു....ഞെട്ടി ഒരു ഭാഗത്തേക്ക് മാറി...നോക്കിയപ്പോൾ ജയ്....തന്നെ ശ്രദ്ധിക്കുന്നൊന്നും ഇല്ല.. അപ്പൊ പോയില്ലായിരുന്നോ...കേട്ട് കാണുമോ... കേൾക്കാൻ പാകത്തിനല്ലല്ലോ പറഞ്ഞത്... ആ മൊരടനെ നോക്കിയപ്പോൾ മിണ്ടാതെ ബൗളിലെ ഗോതമ്പ് ബോൾ എടുത്ത് പരത്തുകയാണ്... ""ജയ്... ഞാൻ ചെയ്യാം...."" മറുപടി ഇല്ല.... പിന്നെ ജയ് പരത്തി വെച്ച ചപ്പാത്തി എടുത്ത് ചുട്ടെടുക്കാൻ തുടങ്ങി... ഇടക്ക് ജയ്യിലേക്ക് കള്ള നോട്ടം പായ്ച്ചു കൊണ്ടിരുന്നു... ആ ചുണ്ടിൽ ഇത്തിരിയോളം...

ഒരു കുഞ്ഞു പുഞ്ചിരി മിന്നിയോ.... ഒരു സുഖം.... ജയ് തന്റടുത്ത്...കൈ എത്തി തൊടാൻ പറ്റുന്നത്ര അടുത്ത്.. ""ബാക്കി കൂടി ഞാൻ ചെയ്യണോ...""ദേഷ്യമൊന്നും ഇല്ല സ്വരത്തിൽ... എന്നാൽ സ്നേഹവുമില്ല., വേണ്ടെന്ന് തലയാട്ടി... ഒരു ഗ്ലാസ്‌ ചൂട് വെള്ളവും കുടിച്ച് പുറത്തേക്ക് പോവാൻ നോക്കുമ്പോഴേക്കും ശ്രുതി വന്നു. തലയിൽ തോർത്ത്‌ കെട്ടിയിട്ടുണ്ട്... കുളിക്കാൻ പോയതാണ് ആശാത്തി... ഇടുപ്പിൽ കൈ വെച്ച് നോക്കി നിൽക്കുകയാണ്... ""പുറത്ത് പോവുകയാന്ന് എന്നോട് കള്ളം പറഞ്ഞു ഞാൻ കുളിക്കാൻ പോയ തക്കത്തിൽ രണ്ടും കൂടി എന്താ പരിപാടി..."" ജയ് ഒന്നും പറയാതെ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പുറത്തേക്ക് പോയി. ""ശ്രദ്ധേച്ചി..."" ""ഇതാ... പിടിക്ക്...""

ഇനി എന്തെങ്കിലും അവൾ പറയുന്നതിന് മുൻപ് ഒരു ഗ്ലാസ്‌ ചായ എടുത്തു കൊടുത്തു. ◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️ ""അച്ഛൻ എന്താ ഒന്നും പറയാത്തെ.."" ശ്യാമയും ശ്രദ്ധയും പ്രതീക്ഷയോടെ ജയദേവനെ നോക്കി... ""അത് വേണ്ട മോളെ ... ജയ്ക്കും ആരുവിനും ഇഷ്ടാവില്ല...വെറുതേ എന്തിനാ നല്ലൊരു ദിവസം നശിപ്പിക്കുന്നത്..."" ""അച്ഛാ... അവർക്ക് കുറച്ച് സമയം വേണ്ടി വരും ചിലപ്പോ.. പക്ഷെ ഞാൻ ഉറപ്പ് തരാം.. അവരാരും അച്ഛനോട് വഴക്ക് ഉണ്ടാക്കില്ല... അച്ഛന് എന്നെ വിശ്വാസം ഇല്ലേ...."" ""മോളെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... പക്ഷെ ജയ് ..."" ജയ് എങ്ങനെ പ്രതികരിക്കും എന്ന ചിന്തയായിരുന്നു ജയദേവിന്...ഒരുപാട് ആഗ്രഹമുണ്ട് അവനോട് ഒന്ന് മിണ്ടാൻ.. അവനെ ഒന്ന് അടുത്ത് കണ്ടിട്ട് എത്ര വര്ഷങ്ങളായി...

അവനെ മാത്രമല്ല ആരുവിനെയും...ഓർമ്മകൾക്കൊക്കെ ഏറെ പഴക്കമുണ്ട്... തന്റെ വിവാഹത്തോളം... ""അതൊന്നും വേണ്ട മോളെ... അതൊന്നും ശരിയാവില്ല.."" ""ഒക്കെ ശരിയാവും....അച്ഛന്റെ ജയ്ക്ക് വേണ്ടി തന്നെയാ വിളിക്കുന്നെ... നിങ്ങൾ ഇങ്ങനെ രണ്ടിടത്തായി നിന്നാൽ ഒരിക്കലും ഒന്നിക്കില്ല... ജയ്യെ അച്ഛന് അറിയില്ലേ... ജയ്യായിട്ട് ആരെയും അടുപ്പിക്കില്ല.. നമ്മളായി അങ്ങോട്ട് പോവണം... ഈ എന്നെ കാണുന്നില്ലേ..."" ചിരിച്ചു കൊണ്ട് പറഞ്ഞു. ജയദേവൻ ശ്യാമയെ നോക്കി ""എനിക്ക് സമ്മതമാ..."" ""കണ്ടോ... അമ്മയ്ക്കും ആഗ്രഹമുണ്ട്... വാ അച്ഛാ..."" ◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️ ""എല്ലാം എടുത്തു വെച്ചില്ലേ...ഞാൻ പോയി ബില്ല് അടച്ചിട്ടു വരാം.."" ""ജയ്... ഞാൻ അടച്ചോളാം..."" ആരതിയോടായി പറഞ്ഞ് ബില്ല് അടക്കാനായി പോവാൻ തുനിഞ്ഞതും ശരൺ പറഞ്ഞു.. ""അവൻ അടച്ചോളും... ജയ്...""പത്മ അത് പറഞ്ഞതും ജയ് ആരതിയെ നോക്കി.

എന്ത് പറയണമെന്ന് അവൾക്കും അറിയില്ലായിരുന്നു....ശരണിനെ നോക്കിയപ്പോൾ മുഖത്ത് നല്ല തെളിച്ചം... ""ഏട്ടൻ പിടിച്ചോളും..."" ശരൺ പിടിക്കാൻ നോക്കിയതും ആരതി ജയ്യുടെ കൈയിൽ പിടിച്ചു... ജയ് ആരതിയെ ചേർത്ത് പിടിച്ച് നടക്കുന്നത് കണ്ടപ്പോൾ ശരണിന്റെ മുഖം മങ്ങി... പത്മയുടെ കൈയിലായിരുന്നു കുഞ്ഞ്.. ശരൺ പത്മയോടൊപ്പം നടന്നു. ചന്ദ്രികേച്ചിയും ആരതിയും ജയ്യോടൊപ്പവും...... പത്മ കുഞ്ഞിനേയും കൊണ്ട് ശരണിന്റെ കാറിൽ കയറുന്നത് കണ്ടതും ആരതി ജയ്യെ നോക്കി... സാരമില്ലെന്ന അർത്ഥത്തിൽ അവളോട് കണ്ണുകൾ ചിമ്മി....അവളെ ശരണിന്റെ കാറിൽ ഇരുത്തി... ജയ്ക്ക് അതിഷ്ടപ്പെട്ടില്ലെങ്കിലും പുറത്ത് കാണിച്ചില്ല.. വീട്ടിൽ എത്തുമ്പോൾ ശ്രദ്ധയും ശ്രുതിയും ജയദേവനും ശ്യാമയുമുണ്ടായിരുന്നു... ആരതിയും ജയ്യും എങ്ങനെ പ്രതികരിക്കുമെന്ന് പേടി ഉണ്ടായിരുന്നു ശ്രദ്ധ ഒഴിച്ച് മറ്റു എല്ലാവർക്കും...

കാർ വന്ന് നിർത്തിയതത് തൊട്ട് നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കുകയാണ്.. ശരണിന്റെ കാർ ആണ് ആദ്യം എത്തിയത്... ""അമ്മേ... പോയി കുഞ്ഞിനെ വാങ്ങമ്മേ..."" ശ്യാമ ഒന്നു മടിച്ചു നിന്നു...ജയദേവനും കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തു. ""ഏട്ടാ...വാവേ അമ്മ എടുത്തോളും.."" ബാക്ക് സൈഡിലെ ഡോർ തുറന്ന് ശരൺ കുഞ്ഞിനെ വാങ്ങാൻ തുടങ്ങിയതായിരുന്നു... പത്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങുമ്പോൾ ശ്യാമയുടെ കണ്ണ് താനേ നിറഞ്ഞു... കൈ മാറിയതൊന്നും ആശാൻ അറിഞ്ഞിട്ടില്ല...മാറോട് ചേർത്ത് പിടിച്ചതും വെറുതേ ചുണ്ട് നുണഞ്ഞു കൊണ്ട് കൈയിൽ ഒതുങ്ങി കിടന്നു. ""ദേവേട്ടാ...."" ജയദേവനെ കൈയിലെ കുഞ്ഞിനെ കാണിച്ചു.. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി ആയിരിന്നു ഇരുവർക്കും... ""ഒറക്കമാണോടാ....""ചുരുട്ടി പിടിച്ച കുഞ്ഞി കൈയിൽ ഉമ്മ കൊടുത്തു ജയദേവൻ..ജയ്യെ കൈയിൽ വാങ്ങിയ ഓർമയിലായിരുന്നു ജയദേവൻ...

""വീട്ടിലെത്തിയതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല.."" ""ഉറക്കം എഴുന്നേറ്റാ പിന്നെ ആരെയും ഉറക്കൂലന്നാ ... അല്ലേ ഏടത്തി.."" ആരതി ഒന്നും തിരിച്ച് പറഞ്ഞില്ല... കാറിൽ നിന്നും ഇറങ്ങി വരുന്ന ജയ്യിലേക്ക് ഒരു നിമിഷം കണ്ണുകൾ പോയി... അവനെങ്ങനെ പ്രതികരിക്കുമെന്നറിയാതെ ജയദേവൻ ഒന്നു നിന്നു.. പേടിയെക്കാളേറെ സങ്കടവും സന്തോഷവും... എന്റെ മക്കൾ.. പക്ഷെ ആരുവിന്റെയും ജയ്യുടെയും മുഖഭാവം കണ്ടപ്പോൾ ഉള്ളു നീറി... ""എന്ത് ഉറക്കമാ അല്ലേ ദേവട്ടാ..."" ശ്യാമയോട് വല്ലായ്മയോടെ ചിരിച്ചു.. കാറിൽ നിന്ന് ഇറങ്ങവേ ആ കാഴ്ച കണ്ട് ജയ്യുടെ മുഖം ഇരുണ്ടു.ആരതിയും അമ്പരപ്പിലായിരുന്നു... ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് പേർ...അതേ അമ്പരപ്പിൽ ജയ്യെ നോക്കി...

വലിഞ്ഞു മുറുകിയ മുഖത്തോടെ ആ കാഴ്ച നോക്കി നിൽക്കുകയാണ് അവൻ... ""പ്ലീസ്..."" ചുണ്ടനക്കി ശ്രദ്ധ അവനോടായി പറഞ്ഞതും അവൻ മുഖം തിരുച്ചു കളഞ്ഞു... ശ്യാമ തന്നെയാണ് കുഞ്ഞിനെ മുറിയിൽ കിടത്തിയത്....കിടത്തിയപ്പോൾ ഒന്ന് ചിണുങ്ങിയതും പതിയെ തട്ടി കൊടുത്തു...കുഞ്ഞുവാ പിളർത്തി കരയാൻ തുടങ്ങി.. ""കൈയിൽ കിടന്നേ അവൻ ഉറങ്ങൂ... കട്ടിലിൽ കിടത്തിയാ അപ്പൊ കരയും... കുറെ കഴിഞ്ഞേ കിടത്താൻ പറ്റൂ.."" പത്മ പറഞ്ഞതും ശ്യാമ കുഞ്ഞിനെ എടുത്തു... ""ആരു കിടന്നോ... കാറിൽ ഇരുന്നതല്ലേ..."" വാതിക്കലിൽ അവരെ നോക്കി നിൽക്കുകയായിരുന്നു ആരതി...കൊച്ചു മോനോടുള്ള സ്നേഹമാണ് പത്മയ്ക്ക്... ""ജയ്...എന്താ ഇവിടെ വന്നിരിക്കുന്നെ..."" കട്ടിൽ അവന്റെ അടുത്തായി വന്നിരുന്നു ശ്രദ്ധ... ""ഒന്നുല്ല..."" ""എന്നാ വാ..."" അവന്റെ കൈയിൽ പിടിച്ച് വലിച്ചു... ""കൈ വിട്..."" ""നീ പൊയ്ക്കോ... ഞാൻ വന്നോളാം..""

പറഞ്ഞാൽ കേൾക്കാതെ പിന്നെയും പിടിച്ച് വലിച്ചു ""കൈ വിടെടി...."" ശ്രദ്ധ അത് കേൾക്കാത്ത പോലെ ആരതിയുടെ റൂമിലേക്ക് പിടിച്ച് വലിച്ചു കൊണ്ട് പോയി.. ജയദേവനും ശരണും അവിടെ ഉണ്ടായിരുന്നു. ""ശ്രദ്ധേച്ചി..ഇങ്ങ് വാ .."" ജയ്യുടെ കൈ വിട്ട് ശ്രുതിയുടെ അടുത്ത് വാവയെ നോക്കി ഇരുന്നു.. ""എന്ത് ചെറുതാ.. അല്ലേ.. ശ്രദ്ധേച്ചി..."" രണ്ടും ഇത് വരെ കുഞ്ഞിനെ കണ്ടിട്ടില്ലാത്ത പോലെ നോക്കുകയാണ് ""അമ്മേ...എനിക്ക് വാവേ എടുക്കാൻ തര്വോ...."" ""വേണ്ടാ... നിനക്ക് കുഞ്ഞിനെ എടുത്ത് ശീലമില്ലാത്തതാ..."" പത്മ അവളെ ശാസിച്ചു. ""ഏട്ടത്തി... ഒന്ന് പറയ്യോ ..."" ആരതിയോട് കൊഞ്ചി കൊണ്ട് പറഞ്ഞു.. ""അമ്മേ... അവൾ എടുത്തോട്ടെ..."" പത്മ അവളുടെ കൈയിൽ കൊടുത്തു. ശ്രദ്ധ കുഞ്ഞിനേയും എടുത്ത് ജയ്യുടെ അടുത്തേക്ക് പോയി... ""വാവേ... മാമനെ നോക്കിയേ..."" ജയ് കുഞ്ഞിന്റെ കൈയിൽ പിടിച്ചു... ""കുഞ്ഞു...."" അവൻ തലയാട്ടി കൊണ്ട് വിളിച്ചു...

ശ്രദ്ധയ്ക്ക് കൈയിൽ നനവ് തോന്നി.. ""അമ്മേ... വാവ മൂത്രമൊഴിച്ചൂന്ന തോന്നുന്നേ..."" ""ശ്രദ്ധേച്ചിയെ വാവക്ക് ഇഷ്ടായി... അതാ.."" ശ്രുതിയുടെ കളിയാക്കളൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.. ""അമ്മേ... വന്ന് പിടിക്കമ്മേ..."" ""അതിനെന്താ... കുഞ്ഞല്ലേ... നിനക്കല്ലേ കുഞ്ഞിനെ എടുക്കണം എന്ന് വാശി..."" ""ജയ്... ഒന്നെടുക്ക്..പ്ലീസ്.."" പത്മ എടുക്കാത്തതു കൊണ്ട് ജയ്ക്ക് നേരെ നീട്ടി...ജയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.. ജയ് കുഞ്ഞിനെ വാങ്ങി... ""ഇങ്ങനെ ആണേൽ നീ പ്രസവിച്ചാൽ എന്ത് ചെയ്യും..."" പത്മ അത് ചോദിച്ചതും ശ്രദ്ധയുടെ കണ്ണുകൾ കുഞ്ഞിനെ കട്ടിലിൽ കിടത്തുന്ന ജയ്യിലേക്ക് പോയി... അതേ സമയം ജയ്യും അറിയാതെ അവളെ നോക്കി...ഇരുവരിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം നിറഞ്ഞു... ഒരു തരം തരിപ്പ്.... ഇതു വരെ ഇല്ലാത്തൊരു വിറയൽ... അവളുടെ കവിളുകൾ ചുവപ്പണിയുന്നത് അവൻ കൗതുകത്തോടെ നോക്കി...

ഒരു മാത്ര മാത്രം കണ്ണുകൾ കോർത്തു പിടിച്ചു... എന്തിനോ വേണ്ടി മനസ് പിടഞ്ഞു..അവന്റെ ചുണ്ടിൽ അവൾക്കായി മാത്രം കുസൃതി ചിരി വിരിഞ്ഞു.... ""ചായ എടുത്ത് വെച്ചിട്ടുണ്ട്..."" ചന്ദ്രികേച്ചി വന്നു പറഞ്ഞപ്പോൾ ശ്രദ്ധ വെപ്രാളത്തോടെ പുറത്തേക്ക് ആരെയും കാത്തു നിൽക്കാതെ നടന്നു... ജയ്യുടെ കണ്ണിൽ നിന്നും ഓടി ഒളിക്കുകയായിരുന്നു.... ഹൃദയം ഉച്ചത്തിൽ ഇടിക്കുന്നു... തന്റെ ചുണ്ടിൽ ഇപ്പോഴും ചിരിയുണ്ടോ??അവൻ ചുണ്ടിൽ ഒന്ന് തൊട്ടു നോക്കി... തന്നിൽ നിന്നും ഓടി ഒളിക്കാൻ വെപ്രാളപ്പെടുന്ന ശ്രദ്ധയിലായിരുന്നു അവന്റെ കണ്ണുകൾ.. അവൾ അവിടെ പോയിട്ടും അവൾ മാത്രം കണ്ണിൽ മിഴിവോടെ നാണം കൊണ്ട് ചുവന്ന മുഖം തെളിഞ്ഞു നിന്നു.... ""ഏട്ടാ...."" കുറച്ച് നേരം ജയ്ക്കും വേണ്ടി വന്നു യാഥാർഥ്യത്തിലേക്ക് തിരിച്ച് വരാൻ..ആരതിയും ജയ്യും മാത്രമേ മുറിയിൽ ഉള്ളു.. ബാക്കി ഉള്ളവരൊക്കെ പോയിരുന്നു... ""ഏട്ടാ... അച്ഛൻ...."" ""അവർ ഇനി മുതൽ ഇവിടെ കാണും...""ആരതിയുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു"”""""" തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story