സസ്‌നേഹം: ഭാഗം 18

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഏട്ടാ... അച്ഛൻ...."" ""അവർ ഇവിടെ കാണും...""ആരതിയുടെ കവിളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു. കുഞ്ഞിനെ കൈക്കുള്ളിലാക്കി കണ്ണടച്ച് കിടക്കുകയായിരിന്നു ആരതി... പുറത്ത് ശ്രുതിയുടെയും ശ്രദ്ധയുടെയും കുശലം പറച്ചിലും പൊട്ടിച്ചിരിയും കേൾക്കാം... ""ഒന്ന് ഒച്ച കുറക്ക് പിള്ളേരെ... അങ്ങ് റോഡിൽ കേൾക്കും രണ്ടിന്റെയും ഒച്ചപ്പാട്...."" പത്മ ശകാരിച്ചപ്പോൾ കടിച്ചു പിടിച്ച ചെറിയ ചെറിയ ചിരിയായും ..കുശുകുശുക്കലുമായത് മാറി..ഏറെ നേരം വേണ്ടി വന്നില്ല... വീണ്ടും കുപ്പി ചില്ല് വീണുടയും പോലത്തെ ചിരിയായി മാറാൻ... ""വഴക്ക് പറഞ്ഞിട്ടും രണ്ടിനും വല്ല കൂസലുമുണ്ടോന്ന് നോക്ക്..."" നിലത്ത് തൊട്ട് തൊട്ട് ഇരിക്കുന്ന ശ്രദ്ധയും ശ്രുതിയും അതൊന്നും കേൾക്കുന്നു കൂടി ഇല്ല...അവരുടെ അടുത്തായി ശ്യാമയുമുണ്ട്... ഇട തെറ്റാതെ ശ്രദ്ധയുടെ കണ്ണുകൾ ജയ്യിലേക്ക് പായുന്നുണ്ട്... ശരൺ ജയദേവിനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്..

ഇതൊക്കെ കേട്ടിട്ടും കേൾക്കാത്ത പോലെ ഇരുന്ന് ചായ ഊതി കുടിക്കുകയാണ് ജയ്... ശബ്ദം ഒന്ന് കൂടി ഉയർന്നപ്പോൾ ജയ് അവരെ നോക്കി പേടിപ്പിച്ചു... ശ്രദ്ധ ചുണ്ട് കുർപ്പിച്ചു കൊണ്ട് അവനെ നോക്കി... ദേഷ്യം നിറച്ചവൻ നോക്കിയപ്പോൾ രണ്ട് പുരിക കൊടിയും മാറി മാറി ഉയർത്തി കാട്ടി.... ഒപ്പം കള്ളം നിറച്ചൊരു ചിരിയും... തന്റെ ചുണ്ടിൽ ആ ചിരി പകരാതിരിക്കാനായി ജയ് മുഖം തിരിച്ചു കളഞ്ഞു... തന്നിൽ നിന്നും മുഖം ഒളിപ്പിച്ചു കളിക്കുന്ന ജയ്യെ നോക്കി ചായ ഊതി കുടിച്ചു.... ആരിലുമല്ലാതെ എങ്ങോ നോട്ടവും പായ്ച്ച് കൊണ്ട് കൈകൾക്കിടയിൽ ചായ ഗ്ലാസ്‌ ഉരുട്ടി കളിക്കുകയാണ് ജയ്... തൊട്ടടുത്തിരുന്നു എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്ന ശ്രുതി പറഞ്ഞതൊന്നും അവളുടെ കാതിൽ വീഴുന്നില്ലായിരുന്നു...

തട്ടി വിളിച്ച് ശ്രുതി വീണ്ടും സംസാരിക്കാൻ തുടങ്ങിയതും മുന്നിലുണ്ടായിരുന്ന ലഡുവെടുത്തു അവളുടെ വായിൽ തിരുകി കേറ്റി വെച്ചു... ഇടം കണ്ണിട്ട് നോക്കവേ അത് കണ്ട് ജയ്യുടെ അറിയാതെ ചുണ്ടിൽ ചിരി വിടർന്നു.... വീണ്ടും മുഖം തിരിച്ച് മീശ തടവി കൊണ്ട് ആ ചിരി ഒളിപ്പിക്കാൻ ശ്രമിച്ചു...ചായ കുടിച്ച് കഴിഞ്ഞതും ശ്രുതി ശ്രദ്ധയുടെ പിടിച്ച് വലിച്ച് വാവയുടെ അടുത്തേക്ക് ഓടി.. അപ്പോഴും അവൾ തിരിഞ്ഞ് ജയ്യിലേക്ക് നോക്കി കൊണ്ടിരുന്നു... ""എന്നാ നമുക്ക് ഇറങ്ങികൂടെ..."" പത്മ ചോദിച്ചപ്പോൾ ശരണിന്റെ കണ്ണുകൾ പാതി ചാരിയ മുറിക്കുള്ളിലേക്ക് പോയി...കതകിന്റെ വിടവിലൂടെ ആരതിയെ നോക്കി... ""കുഞ്ഞൂ... ഇങ്ങോട്ട് നോക്കിയേ..."" ""അവൻ എന്നെയാ നോക്കുന്നെ... എന്നെയല്ലേ കുഞ്ഞു നീ നോക്കുന്നേ???"" ""നീ ചിരിക്കൂലേ..."" വെറുതേ നോക്കി കിടക്കുന്ന കുഞ്ഞിന്റെ ചുണ്ടിൽ തൊട്ടു ശ്രുതി...

ശ്രുതിയും ശ്രദ്ധയും കൂടി കുഞ്ഞിനെ കളിപ്പിക്കുന്നത് ആരതി ചുവരിൽ ചാരിയിരുന്ന് നോക്കി... ""അയ്യോ ഇനി എങ്ങനെയാ വാവ വലുതായാ ആരുവേച്ചി നിന്നെ ഞാൻ പത്തു മാസം ചുമന്നതല്ലേ എന്ന ഡയലോഗ് അടിക്കുവാ..."" ശ്രദ്ധ ശ്രുതിയുടെ തലയിൽ ഒരു കിഴുക്ക് വെച്ച് കൊടുത്തു... ""ആഹ്ഹ്... ജയ്യേട്ടന്റെ ബാധ കൂടിയോ ശ്രദ്ധേച്ചിക്ക്...""കിഴുക്ക് കിട്ടിയ ഭാഗം തടവി. ""അരൂ... ഞങ്ങൾ ഇറങ്ങുവാട്ടോ...."" പറച്ചിൽ പത്മയുടേതാണെങ്കിലും നോട്ടം പോയത് വാതിക്കലിൽ നിന്ന ശരണിലായിരുന്നു...തന്നിൽ തന്നെ മിഴി നാട്ടി നിൽക്കുന്നു എന്തോ പറയാൻ വീർപ്പുമുട്ടുന്നത് പോലെ.... അങ്ങിങ്ങായി ചുക്കി ചുളിഞ്ഞിരിക്കുന്നു ഷർട്ട്.... ഷേവ് ചെയ്തിട്ട് എത്ര നാളായി കാണും..?? താടിരോമങ്ങൾ അനുസരണയില്ലാതെ വളർന്നിരിക്കുന്നു... കണ്ണിലെ തെളിമ എങ്ങോ പോയിരിക്കുന്നു... ഇത്രയും നാൾ ഉറക്കമൊഴിച്ചതിന്റെ ക്ഷീണം നന്നായുണ്ട് മുഖത്ത്...

""ഞങ്ങൾ മാറി തരണോ ആരുവേച്ചി...??"" ആരു ശ്രുതിയെ വെറുതേ നോക്കി. ശ്രദ്ധയുടെ കണ്ണുകളും ശരണിലായിരുന്നു...ഒരു വല്ലായ്മ ഉള്ളിൽ നിറഞ്ഞു.....കുറ്റബോധമോ... സങ്കടമോ എന്തൊക്കെയോ ഉള്ളിൽ ഉറഞ്ഞു കൂടി...ഇത്രയും നേരമുണ്ടായിരുന്ന കോലാഹലങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് കെട്ടടങ്ങി.. ആരതിയിൽ നിന്നും കണ്ണുകൾ മാറ്റാതെ അവളുടെ അടുത്തേക്ക് നടന്നു... ആരുവിന്റെ കണ്ണുകളും ദിശ തെറ്റാതെ അവനിൽ തന്നെ ആയിരുന്നു...മടിയിൽ വെച്ച അവളുടെ കൈയിൽ മുറുകെ പിടിച്ചതും പകപ്പോടെ അവനെ നോക്കി. ഒരു വട്ടം അവളെ നോക്കി കൊണ്ട് കുനിഞ്ഞു കുഞ്ഞിന്റെ നെറ്റിയിൽ ചുണ്ടമർത്തി... എത്ര നേരം അങ്ങനെ നിന്നത് എന്നറിയില്ല...നേർത്തൊരു എതിർപ്പ് പോലും അവളിൽ നിന്നുമുണ്ടായില്ല....ഓരോ വട്ടവും അവളുടെ കൈയിലെ പിടി മുറുകി കൊണ്ടിരുന്നു... കണ്ണുനീർ അവനെ മറച്ചു കളഞ്ഞിട്ടും അവനെ തന്നെ നോക്കി അവൾ...

അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... ആസ്വസ്ഥത തോന്നിയത് കൊണ്ടായിരിക്കും കുഞ്ഞു മുഖം ചെരിച്ചു കൊണ്ട് ചിണുങ്ങി... കുഞ്ഞിൽ നിന്നും മുഖമെടുത്തിട്ടും കൈ വിട്ടില്ല..പെട്ടെന്ന് ആർക്കും മുഖം കൊടുക്കാതെ മുറിയിൽ നിന്നും പോയി ""ഏട്ടാ....."" കാറിൽ കേറാൻ നോക്കവേ ശ്രദ്ധയുടെ വിളി കേട്ട് നിന്നു...ഓടി പോയി അവനെ കെട്ടിപ്പിടിച്ചു.. നെഞ്ചിൽ മുഖം അമർത്തി വെച്ചു... ""മോള്... സങ്കടപെടേണ്ട...ഞങ്ങള് ഇടക്ക് ഇങ്ങനെ പിണങ്ങാറുള്ളതാ.. ഇത് ഇത്തിരി നീണ്ട് പോയി.. അത്രേ ഉള്ളൂ..അവളെയും കുറ്റം പറയാൻ പറ്റില്ലാലോ... എന്തായാലും ഒരുപാട് നാളൊന്നും അവൾക്ക് എന്നോട് പിണങ്ങി നിൽക്കാൻ പറ്റില്ല....അങ്ങനെ അവൾക്ക് എന്നെ വേണ്ടാന്നു വെക്കാനൊന്നും പറ്റില്ല...എനിക്കറിയാം.. എല്ലാം പതിയെ ശരിയായിക്കോളും... "" ഒന്നും പറയാതെ മുഖം പൂഴ്ത്തി നിന്നു. ""സാരല്ലടാ.... ഞാൻ പറഞ്ഞില്ലേ.. എല്ലാം ശരിയായിക്കോളുംന്ന്...""

""ഞാ.. ഞാനാ... കാരണം...എനിക്ക് വേണ്ടി അല്ലേ ഏട്ടൻ..."" വിങ്ങി പൊട്ടി... ഇതു വരെ ഉണ്ടായിരുന്ന സന്തോഷമത്രയും മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു. ""നീ പറഞ്ഞിട്ടാണോ....ഞാൻ ജയ്യോട് അങ്ങനെ പറഞ്ഞത്.. ഏഹ്?? അല്ലല്ലോ...ഏട്ടന്റെ കുട്ടി ഒന്നുമല്ല കാരണം...""അവളിലേക്ക് മുഖം താഴ്ത്തി കൊണ്ട് ചോദിച്ചു..അവനെ ഒന്ന് കൂടി മുറുകി കെട്ടി പിടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.. ശ്രദ്ധയുടെ മുഖം ബലമായി പിടിച്ചുയർത്തി. ""ഇങ്ങ് നോക്കിയേ... ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ... ഇത് എനിക്ക് വിട്ട് തന്നേക്ക്... ഞാൻ ശരിയാക്കി കൊള്ളാം...ഇത് ഞാനും എന്റെ കെട്യോളും തമ്മിലുള്ളതാ....ഞങ്ങൾ തന്നെ തീർത്തോളാം..."" അവളുടെ കണ്ണുകൾ തുടച്ചു കൊടുത്ത് അവളെ ചിരിച്ചു കൊണ്ട് നോക്കി. ആ കുസൃതി ചിരി വെറുതെയാണെന്ന് അവൾക്ക് അറിയാമായിരുന്നു.. ""ഏട്ടന്റെ കുഞ്ഞ് കരയുന്നത് ഏട്ടന് ഇഷ്ടമല്ലെന്ന് നിനക്ക് അറിഞ്ഞു കൂടെ... മ്മ്ഹ്??

അതു കൊണ്ട് എന്റെ കുഞ്ഞ് ഇനി ഇതും പറഞ്ഞു കരയുന്നത് ഞാൻ കാണാൻ പാടില്ല... മനസിലായോ... മനസിലാ...യോന്ന്......."" വെറുതേ ഒന്ന് തലയാട്ടി... ""എന്നാ ഒന്ന് ചിരിച്ച് കാണിച്ചേ..."" ""വോൾടേജ് പോരല്ലോ പെണ്ണേ...ഇനി ഞാൻ ഇക്കിളി ആക്കേണ്ടി വരുമോ.."" അവൻ ഇക്കിളി ആക്കാൻ നോക്കിയതും അവൾ ചിരിച്ചു. ""അല്ലെങ്കിലും നീ എന്തിനാടി ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നെ...?? നിനക്ക് നിന്റെ ജയ്യുടെ കാര്യം നോക്കിയാൽ പോരെ...എന്താ രണ്ടാൾക്കും ഒരു കള്ളക്കളി ..."" ഒന്നു കൂടി ശരണിനെ കെട്ടിപിടിച്ചു.നെഞ്ചിൽ തല ചെരിച്ചു വെച്ചു.. ""അവൻ എങ്ങനെയാ...നിന്നോട് സംസാരിക്കാറില്ലേ..."" ഉണ്ടെന്ന് തലയാട്ടി... ""വഴക്ക് പറയാറുണ്ടോ നിന്നെ...??"" ""മ്മ്മ്...മ്മ്മ് "". ""പിന്നേയോ..??"" ""പിന്നെ.. ഒന്നുല്ല..."" "'നല്ല കുട്ടിയായിട്ടിരിക്ക്... നേരത്തെത്തെ പോലെ ഒരുപാട് ബഹളം വെച്ച്... പൊട്ടിച്ചിരിച്ച്....ഒത്തിരി ഒത്തിരി കുറുമ്പ് കാണിച്ച്..

ഏട്ടന്റ ആ പഴയ കുഞ്ഞായിട്ട്...ഏട്ടന് ആ ശ്രദ്ധയയെയാ ഇഷ്ടം.. ഇങ്ങനെ കരയുന്ന ശ്രദ്ധയെ ഏട്ടന് ഒട്ടും ഇഷ്ടല്ല...ഏട്ടന് മാത്രമല്ല... ആർക്കും ഇഷ്ടല്ല.... നീ അമ്മയെ നോക്കിയേ.."" ഫ്രെണ്ട് സീറ്റിൽ ഇരിക്കുന്ന അമ്മയെ നോക്കി... മങ്ങിയ മുഖത്തോടെ ഇങ്ങോട്ട് നോക്കുന്നു... ""നീ കരയുന്നത് കണ്ടിട്ടാ.... കണ്ണൊക്കെ തുടച്ച് അമ്മയോട് ചിരിക്ക്.. അമ്മയ്ക്ക് എന്റെ കാര്യത്തെക്കാൾ ആധി നിന്റെ കാര്യത്തിലാ.... എന്നെ പോലെയല്ല... ഒരു കാര്യം എങ്ങനെ മാനേജ് ചെയ്യണമെന്ന് പോലും നിനക്കറിയില്ലെന്ന് പറഞ്ഞ് എന്നും ടെൻഷനാ... നിന്റെ കാര്യം പറഞ്ഞ് അപ്പയ്ക്ക് ഒരിക്കലും സ്വസ്ഥത കൊടുക്കാറില്ല...നീ കരയുന്നത് കണ്ടാൽ അത് മതി ഇന്ന്.. ടെൻഷനടിക്കാൻ..."" രണ്ട് കൈകൾ കൊണ്ടും കണ്ണ് തുടച്ച് അമ്മയെ നോക്കി ചിരിച്ചു. ""ഇടക്ക് ഏട്ടൻ വരാട്ടോ..."" കവിളിൽ പതിയെ തട്ടി. അവളെ ഒന്നു കൂടി ചേർത്ത് നിർത്തിയ ശേഷം കാറിൽ കയറി.

തിരിഞ്ഞു നോക്കിയപ്പോൾ ജയ് എല്ലാം നോക്കി നിൽക്കുന്നത് കണ്ടു. ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ എപ്പോഴൊക്കെയോ അവൾ ആഗ്രഹിക്കുന്ന ജയ് ആയി മാറുന്നു... അവളുടെ കുറുമ്പും പൊട്ടിച്ചിരിയും ആസ്വദിച്ചു പോവുന്നു... ജയ് എന്ന് ഉരുവിട്ട് പിറകെ നടക്കുന്നവൾ.. എത്ര പിടിച്ച് വെച്ചാലും മനസ് അവളിലേക്ക് തന്നെ പായുന്നു...ഇടയ്ക്കൊക്കെ മനസ് പതറുന്നുണ്ടെങ്കിലും ശ്രദ്ധയെ അംഗീകരിക്കാൻ ഇപ്പോഴും കഴിയുന്നില്ല... അതിലേറെ വീർപ്പുമുട്ടലുണ്ടാക്കുന്നുണ്ട് അച്ഛന്റെ സാന്നിധ്യം... എത്രയൊക്കെ പറഞ്ഞാലും ചിലതൊന്നും അംഗീകരിക്കാൻ പറ്റുന്നില്ല...അതോ അച്ഛനോട് സംസാരിച്ച് വർഷങ്ങൾ ആയത് കൊണ്ടാണോ....ഈ വീർപ്പുമുട്ടൽ... മനസ് എവിടെയോ കുടുങ്ങി കിടക്കുന്നത് പോലെ...എല്ലാം കൂടി ശ്വാസം മുട്ടിക്കുന്നത് പോലെ.. ഇറയത്ത് ഇരുട്ടിലേക്ക് കണ്ണും നട്ടിരിക്കുന്ന ജയ്യിൽ നിന്ന് കുറച്ച് മാറിയിരുന്നു.ശ്രദ്ധ വന്നിരുന്നത് അറിഞ്ഞപ്പോൾ അവളെ ഒന്ന് നോക്കിയിട്ട് വീണ്ടും ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്നു ""ജയ്... എന്താ ഇവിടെ വന്നിരിക്കുന്നെ.."". "" ഒന്നുമില്ല...ഇങ്ങനെ ഇരിക്കാൻ തോന്നി...""

""ചന്ദ്രികേച്ചിയും ശ്രുതിയും പോയോ..."" ""അവർ നേരത്തെ പോയി...."" ""അച്ഛന് നമ്മുടെ റൂം കൊടുക്കാം അല്ലേ....ജയ് "" ""മ്മ്ഹ്...."" ""ഉറക്കം വരുന്നില്ലേ...ജയ്ക്ക്... എന്തിനാ ഈ തണുപ്പിന് ഇവിടെ ഇരിക്കുന്നെ..."" ""നീ പോയി കിടന്നോ...ഞാൻ കുറച്ച് കഴിയും...""ഇത്തിരി നേരം ഇരുട്ടിലേക്ക് നോക്കി അവളുമിരുന്നു. ""സാരല്ല... ഞാനും കൂടെ ഇരിക്കാം..."" ""തണുപ്പാണ്.."" ""തണുപ്പ് എനിക്ക് ഇഷ്ടാ ജയ്..."" പിന്നെ ഒന്നും പറഞ്ഞില്ല അവൻ...അവനെ നോക്കി അവളും ഇരുന്നു. "" ഇപ്പൊ എന്നോട് ഒരു തരി പോലും സ്നേഹമില്ലാന്ന് പറഞ്ഞത് സത്യാമാണോ ജയ്... "" "" അറിയില്ല.... ഒരുപാട് സ്നേഹിക്കണമെന്ന് തോന്നും ചിലപ്പോ... പക്ഷെ അത്ര തന്നെ ദേഷ്യവുമുണ്ട് നിന്നോട്... ഒരു ഭാഗത്ത്‌ ആരുവിന്റെ ജീവിതം..... മറുഭാഗത്ത് നീ... ശരിക്കും എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു... എത്രമാത്രം ഈ താലിയോട് നീതി കാണിക്കാൻ പറ്റുമെന്ന് അറിയില്ല...

ആകെ നിനക്ക് തരാൻ ഇപ്പൊ ഒറ്റൊരു വാക്കേ ഉള്ളൂ...വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല...ആ ഒരു ഉറപ്പ് മാത്രമേ ഇപ്പൊ നിനക്ക് തരാൻ പറ്റൂ....അന്നും നിനക്ക് ഈ വാക്കേ തരാനുണ്ടായിരുന്നുള്ളൂ...."" കാൽമുട്ടിൽ താടി ഊന്നി ഇരുന്നു. അവൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ മുഖം ചെരിച്ച് അവനെ നോക്കി. ""എനിക്ക് ആ വാക്ക് മാത്രം പോരാ ജയ് .... എനിക്ക് ജയ്യെ വേണം...ജയ്യുടെ ശ്രദ്ധ ആവണം...എപ്പോഴെങ്കിലും ദേഷ്യം മായൂലോ അത് വരെ കാത്തിരുന്നോളാം.... അത് കഴിഞ്ഞാൽ എന്നെ സ്നേഹിക്കൂലോ... അത് മതി...."" കണ്ണ് നിറഞ്ഞിരുന്നു.. അവന്റെ വാക്കുകൾ നെഞ്ചിൽ ചോര പൊടിയിക്കുന്നു.... ""നല്ല തണുപ്പുണ്ട്... അകത്തേക്ക് പോയിക്കോ...ഓരോ സൂക്കേട് വരുത്തണ്ട...ഞാൻ കുറച്ച് കഴിഞ്ഞ് വന്നോളാം..."" നിലത്ത് കൈ മടക്കി അതിൽ തല വെച്ചു കിടന്നു...അധികം ശല്യപെടുത്താൻ തോന്നിയില്ല...എഴുന്നേറ്റ് അകത്തേക്ക് പോയി. ഇത്തിരി നേരം വാവയുടെ അടുത്തിരുന്നു.

ശ്യാമ ചോദിക്കുന്നതിനു മാത്രം ആരതി മറുപടി പറയുന്നുണ്ട്... മുഖത്ത് മുഷിച്ചിലൊന്നുമില്ല... അത്ര തന്നെ സമാധാനം... ചിലപ്പോ ജയ് പറഞ്ഞത് കൊണ്ടാവും... അല്ലെങ്കിൽ ഏട്ടനുമായുള്ള പിണക്കം കാരണം അതൊന്നും ഏട്ടത്തിയെ ബാധിക്കുന്നുണ്ടാവില്ല...അച്ഛൻ കിടന്നെന്ന് തോന്നുന്നു... ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ഉറക്കം വരാതെ ബാൽക്കണിൽ ചാരി ഇരുന്നു.... ആരതിയുടെ നിറഞ്ഞ കണ്ണുകളായിരുന്നു മനസ്സിൽ.... എന്ന് തീരും ഈ വെറുപ്പ്.... സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു...സിഗരറ്റ് പുകയുന്നതിനോടൊപ്പം നെഞ്ചും പുകയുന്നു. ചുണ്ടിലെ സിഗരറ്റ് കടിച്ച് പിടിച്ച് മൊബൈൽ എടുത്തു... വാൾപേപ്പർ തന്നെ അവളുടെ തോളിൽ മുഖം ചേർത്തു വെച്ച ഫോട്ടോയാണ്.. ഇനി എന്ന് നമ്മൾ ഇങ്ങനെ ചിരിക്കും??

എത്ര നാൾ കാക്കണം ഇങ്ങനെ ചേർത്ത് പിടിക്കാൻ....?? കൊതിയാവുന്നു പെണ്ണേ... നിന്റെ ചൂട് അറിയാൻ.. മണമൊന്നറിയാൻ..... ഗാലറിയിൽ ഉണ്ടായിരുന്ന ഒരു വീഡിയോ പ്ലേ ചെയ്തു.... കണ്ണാടിക്ക് മുൻപിൽ നിൽക്കുന്ന ആരതി.... ഉടുത്തു കഴിഞ്ഞ് ഒന്ന് കൂടി ഞെറിവ് പിടിച്ചിടുകയാണ്.. ""ശരണേട്ടാ വേണ്ടേ... ഓഫ്‌ ആക്കത് ..."" ""ഒരു ഓഫാക്കലുമില്ല.... ഇതൊക്കെ ഒരു രസല്ലേ... നമുക്ക് കൊറെ വയസായാൽ ഇതൊക്കെ എടുത്ത് കാണാലോ..."" ""ഞാൻ ആദ്യം ഒന്ന് റെഡി ആവട്ടെ... നോക്കിയേ... പൊട്ട് പോലും തൊട്ടില്ല...""ഒഴിഞ്ഞ നെറ്റിതടം കാണിച്ചു. ""തത്കാലം പൊട്ടൊന്നും വേണ്ട..ഇതൊക്കെ തന്നെ ധരാളം...നീ ഒന്ന് ചിരിച്ച് നിൽക്ക്..."" ഫ്രണ്ട് കാം ഓൺ ആക്കികൊണ്ട് അവളെ ചേർത്തു പിടിച്ചു.. പിന്നെ ഒന്നുമില്ല അതിൽ.... രണ്ടു പേരുടെയും ചിരിയുടെ ശബ്ദമല്ലാതെ.... എപ്പോഴോ ചുണ്ടുകൾ ഉരഞ്ഞപ്പോൾ അറിയാതെ ഫോൺ ബെഡിലേക്ക് വീണു പോയതാണ്...

ആ ഓർമയിൽ കഴുത്ത് പിന്നോട്ടാക്കി കസേരയിൽ ഒന്നു കൂടി ചാർന്നിരുന്നു... ചുണ്ടിൽ ചൂട് തോന്നിയപ്പോഴാണ് മനസിലായത്.. സിഗരറ്റ് കത്തി തീർന്നെന്ന്... സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ് മറ്റൊന്നെടുത്ത് കടിച്ചു പിടിച്ചു. ആദ്യമായി വഴക്കിട്ടത് ഇതിന്റെ പേരിലായിരുന്നു... സിഗരറ്റിന്റെ പേരിൽ.... ഇനിയാ സാധനം കൈ കൊണ്ട് തൊടില്ലെന്ന് പറഞ്ഞ ശേഷമാണ് അവൾ ഒന്ന് ചിരിച്ചത് തന്നെ... വീട്ടിൽ ആർക്കും അറിയില്ലായിരുന്നു ഇങ്ങനെ ഒരു ശീലം ഉള്ളത്... ആ വഴക്കിനു ശേഷം സിഗരറ്റ് തൊടുന്നത് ഈ അടുത്താണ്... ഒരു തോന്നലിൽ സിഗരറ്റ് കൈലിട്ട് ഞെരിച്ചു ദൂരേക്ക് എറിഞ്ഞു... ആരതിയുടെ നമ്പറിലേക്ക് വിളിച്ചു... ബെഡ്‌റൂമിൽ നിന്നും ഫോൺ റിങ് ചെയ്യുന്നത്... അവൾ ഫോൺ കൊണ്ട് പോയില്ലായിരുന്നോ..??? ""ഹലോ..... ഏട്ടാ..."" ""ആഹ്... നീയൊന്ന് ആരതിക്ക് ഫോൺ കൊടുക്കാമോ..."" അപ്പുറം ആരാന്നു ചോദിക്കുന്നത് കേട്ടു..

.ആരതിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഹൃദയം മദിക്കാൻ തുടങ്ങി.. ""ഹലോ...ഏട്ടാ....ഏട്ടത്തി..."" ""ഒരു മിനിറ്റ് സംസാരിച്ചാൽ മതിയെന്ന് പറയ്...."" ശ്രദ്ധയെ മുഴുവിക്കാൻ സമ്മതിച്ചില്ല...വീണ്ടും മറുപുറത്ത് എന്തൊക്കെയോ സംസാരം കേട്ടു.. പിന്നെ കുറച്ച് നേരം നിശബ്ദത ""ഏട്ടാ.. ഏട്ടത്തി കുഞ്ഞിനെ ഉറക്കുവാ.."" ശ്രദ്ധയുടെ സംസാരത്തിലെ പതർച്ച മനസിലാക്കാവുന്നതേ ഉള്ളൂ... ഒന്നും പറയാതെ ഫോൺ വെച്ചു. കസേരയിൽ കണ്ണടച്ചിരുന്നു. കണ്ണടച്ച് ചുവരിൽ ചാരി ഇരിക്കുന്ന ആരതിയിലായിരുന്നു ശ്രദ്ധയുടെ കണ്ണുകൾ. ഏട്ടന്റെ ഫോൺ വന്നതിന് ശേഷം ഉള്ള ഇരുപ്പാണത്... ആ ഇരിപ്പ് കാണുമ്പോൾ ഉള്ള് വിങ്ങുന്നുണ്ട്... ""ഏട്ടത്തി...."" കണ്ണുകൾ തുറന്ന് ശ്രദ്ധയെ നോക്കി... കണ്ണ് ചുവന്നിരിക്കുന്നു... ""ഏട്ടനൊരു ദേഷ്യത്തിൽ പറഞ്ഞു പോയതാ എടത്തി...അല്ലാതെ ഏടത്തിയോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല...

ജയ് എന്നെ കല്യാണം കഴിച്ചില്ലെങ്കിൽ ഏട്ടൻ ഏട്ടത്തിയെ വേണ്ടാന്ന് വെക്കും എന്ന് തോന്നുന്നുണ്ടോ..."" ""ഇല്ലായിരിക്കും... പക്ഷെ അങ്ങനെ പറയാനുള്ള മനസുണ്ടായില്ലേ നിന്റെ ഏട്ടന്...അതോർക്കുമ്പോ എന്റെ മനസ് എത്ര വേദനിക്കുന്നുണ്ടെന്ന് നിനക്ക് അറിയ്യോ.... ഉള്ള് പൊള്ളുന്ന പോലുണ്ട്... ആർക്കും മനസിലാവില്ലത്..... ഞങ്ങളുടെ കുഞ്ഞ് ന്റെ വയറ്റിൽ ഉണ്ടായിരുന്നില്ലേ... ഒരു നിമിഷത്തേക്കെങ്കിലും എന്നെ മാറ്റി നിർത്താൻ തോന്നിയില്ലേ നിന്റെ ഏട്ടന്..."" കണ്ണുകൾ ഒഴുകാൻ തുടങ്ങിയിരുന്നു...കണ്ണുകൾ തുടച്ചു ""ശ്രദ്ധയ്ക്ക് ഒരു കാര്യം അറിയുമോ... നമുക്ക് നമ്മുടെ വീട്ടുകാരെ എതിർത്ത് നമ്മുടെ ഇഷ്ടം പോലെ എന്തും ചെയ്യാം... പക്ഷെ എപ്പോഴെങ്കിലും ഇപ്പൊ ഞാൻ എന്റെ ഏട്ടന്റെ മുന്നിൽ നിക്കുന്നത് പോലെ തല കുനിച്ച് നിക്കേണ്ടി വന്നാലുണ്ടല്ലോ...""മുഴുവിക്കാനാവാതെ ഒന്നു നിർത്തി. ""ആകെ തോറ്റത് പോലെ തോന്നുവാ എനിക്ക്... ""ഏട്ടനോട് ഒന്ന് ക്ഷമിച്ചുടെ ഏട്ടത്തിക്ക്...""

യാചന ആയിരുന്നു..ആരതി ഒന്നു ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി. എനിക്കെപ്പോഴും തോന്നും എന്റെ ഏട്ടനെ ഞാൻ വേദനിപ്പിച്ചത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചതെന്ന്.. ഇനി ഞാനായിട്ട് എന്റെ ഏട്ടനെ വേദനിപ്പിക്കില്ല ശ്രദ്ധ..... ശ്രദ്ധ പോയി കിടന്നോ.... മോൻ ഇപ്പൊ ഒന്നു ഉറങ്ങിയതേ ഉള്ളൂ... ശബ്ദം കേട്ട് എഴുന്നേറ്റാൽ പിന്നെ ഉറക്കാൻ പാടാ..."" സെൻട്രൽ ഹാളിൽ ജയ് ബെഡ്ഷീറ്റ് വിരിച്ച് കിടക്കുന്നത് കണ്ടു...അവൻ കണ്ണുകലടച്ചതും അവനടുത്തായി കിടന്നു...തൊടാതെ....കൈയിലുണ്ടായിരുന്ന പുതപ്പെടുത്തു മൂടി പുതച്ചു. ""തണുപ്പിന് വെറും നിലത്ത് കിടക്കേണ്ട.... നിനക്ക് ഇതൊന്നും ശീലമില്ലാത്തല്ലേ...അകത്തു പോയി കിടക്ക്..."" ""അവിടെ ആയാലും നിലത്ത് കിടക്കണം ജയ്... കട്ടിൽ വാവ ഇല്ലേ... വാവേടെ അടുത്ത് കിടക്കാൻ പേടിയാ... കൈയോ കാലോ വാവേടെ മോളിലായാലോ...പിന്നെ അമ്മയുമുണ്ട് അവിടെ..."" ""നിനക്ക്... അവിടെ....""

മുഴുവിക്കാൻ വിടാതെ വാ പൊത്തി പിടിച്ചു. ""അന്നത്തെ പോലെ വഴക്കുണ്ടാക്കല്ലേ ജയ്... ഞാൻ ഇവിടെ കിടന്നോട്ടെ.... മനസൊക്കെ വല്ലാണ്ടിരിക്കുവാ... നെഞ്ചിൽ എന്തൊക്കെയോ തിങ്ങി നിറഞ്ഞ് എന്തോ പോലെ... വെറുതേ കരയാനൊക്കെ തോന്നുന്നു... "" സ്വരം ഇടറാൻ തുടങ്ങിയതും തിരിഞ്ഞു കിടന്നു...കരച്ചിൽ പുറത്തു വരാതിരിക്കനായി ചുണ്ടുകൾ കടിച്ചു പിടിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ തണുത്തു വിറയ്ക്കാൻ തുടങ്ങിയിരുന്നു.. എന്നിട്ടും അവന്റെ അടുത്തേക്ക് നീങ്ങി കിടന്നില്ല... പുതപ്പിന്റെ അറ്റം ഒരു കൈയിൽ ചുരുട്ടി പിടിച്ചു. ""പറഞ്ഞതല്ലേ നിന്നോട് തണുപ്പിന് ഇവിടെ കിടക്കേണ്ടെന്ന്... പറഞ്ഞാൽ അനുസരിക്കേണ്ടേ... തണുപ്പിന് അവൾ ഉത്തമ ഭാര്യ കളിക്കാൻ വന്നിരിക്കുന്നു...

സൂക്കേടെന്തെങ്കിലും വരട്ടെ... അപ്പൊ പഠിച്ചോളും നീ.."" അവളുടെ അടുത്തേക്ക് നീങ്ങി കിടന്ന് അവന്റെ പുതപ്പിന്റെ അറ്റം വലിച്ചെടുത്ത് അവളെ പുതപ്പിച്ചു. ""ഞാൻ ഉത്തമ ഭാര്യ കളിച്ചതൊന്നുമല്ല..."" അങ്ങനെ പതിയെ പറയുമ്പോൾ തണുപ്പു കാരണം ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ""പിന്നെന്തിന്റെ കേടാടി നിനക്ക് ഇങ്ങനെ തണുത്ത് വിറച്ചു കിടക്കാൻ.."" ""ഒച്ച എടുക്കല്ലേ ജയ്... അച്ഛനും അമ്മയുമൊക്കെ അപ്പുറത്തുണ്ട്.. നമ്മൾ വഴക്കിടുകയാണെന്ന് വിചാരിക്കും...."" ""വഴക്കുണ്ടാക്കാൻ നീയായിട്ട് ഓരോ കാരണം ഉണ്ടാക്കിയിട്ടല്ലേ... അനുസരണ എന്താന്ന് നിനക്കറിയോ..."" വീണ്ടും അവന്റെ സ്വരം ഉയർന്നുതും പെട്ടെന്ന് അവൾ തിരിഞ്ഞ് കിടന്ന് അവനെ കെട്ടി പിടിച്ചു."”""""" തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story