സസ്‌നേഹം: ഭാഗം 20

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

ആരെയോ പ്രതീക്ഷിച്ചപോലെ വാതിക്കലിലേക്ക് നോക്കി കിടന്ന ജയ് ശ്രദ്ധയെ കണ്ടതും ഒരു വട്ടം നോക്കി തിരിഞ്ഞു കിടന്നു കളഞ്ഞു.ഒരു തരം ഒളിച്ചു കളി.....അത് കണ്ട് ചിരിയോടെ അകത്തേക്ക് കയറി.ജയ് നീങ്ങി ചുവരിനോട് അടുപ്പിച്ചു കിടന്നതും കട്ടിലിന്റെ അറ്റത്ത് കിടന്നു. ""അമ്മയും ഏട്ടത്തിയും പറഞ്ഞോണ്ടാ..."" ""അതിന് ഞാൻ നിന്നോടൊന്നും ചോദിച്ചില്ലലോ..."" പിന്നെ എന്ത് പറയണം എന്നറിയാതെ ഉഴറി.വെറുതേ ബെഡ്ഷീറ്റിൽ കൈ ചുറ്റി കളിച്ചു. പിന്നെ ശ്വാസനിശ്വാസങ്ങളും നിലാവിന്റെ വെളിച്ചവും മാത്രം ആ മുറിയിൽ സ്ഥാനം പിടിച്ചു. മൗനം കൊണ്ട് പോരടിച്ച്... അതിലേറെ മൗനം കൊണ്ട് പ്രണയിച്ച്... അടഞ്ഞു വന്ന കണ്ണുകളോട് എന്തിനെന്നില്ലാതെ മത്സരിച്ച്....കിടന്നു രണ്ടാളും....എങ്ങു നിന്നോ തണുത്ത കാറ്റ് വീശിയപ്പോൾ എഴുന്നേറ്റ് അവളുടെ ദേഹത്തേക്ക് പുതപ്പ് വലിച്ചിട്ടു കൊടുത്തു.പിന്നെ പുറം തിരിഞ്ഞ് കിടക്കുന്നവളെ നോക്കി കിടന്നു.

അതറിഞ്ഞ പോലെ പുതപ്പിൽ കൈകൾ ഞെരുക്കി പിടിച്ചു അവൾ.നേരിയ വിറയൽ പൊതിയുന്നുവോ.... പുതപ്പിനെ തോൽപ്പിച്ച് തണുപ്പ് ശരീരത്തിൽ വ്യാപിക്കുന്ന പോലെ... ശ്വാസനിശ്വാസങ്ങൾക്ക് വേഗത കൂടി... അവന്റെ കണ്ണ് തന്നെ പൊള്ളിക്കും പോലെ... കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇരുവരും ഞെട്ടി എഴുന്നേറ്റു. ഒരു നിമിഷം മുഖത്തോട് മുഖം നോക്കി. പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു. പരസ്പരം നോക്കാൻ പറ്റാത്ത വിധത്തിലുള്ള ചമ്മൽ രണ്ടാൾക്കുമുണ്ടായിരുന്നു. കുഞ്ഞിന്റെ നിർത്താത്ത കരച്ചിൽ കേട്ടതും ജയ് വേഗം വാതിൽ തുറന്നു.പിറകെ ശ്രദ്ധയും എഴുനേറ്റു. ""ആരൂ... ആരൂ....."" കതകിൽ ശക്തിയായി ആഞ്ഞു തട്ടി. കതക് തുറന്നതും കണ്ണ് പോയത് ശ്യാമയുടെ കൈയിൽ കിടന്ന് നിർത്താതെ കരയുന്ന മോനിലേക്കാണ്.. ശ്യാമ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്... കണ്ണുകൾ ഇറുകി അടച്ച് കൈയും കാലും ഇളക്കി കൊണ്ട് കരയുന്നുണ്ട് കുഞ്ഞി ചെക്കൻ...

മുഖമൊക്കെ ആകെ ചുവന്നിട്ടുണ്ട്... ""അവനത് ഇടയ്ക്കുള്ളതാ ഏട്ടാ... റൂമിലേക്ക് കൊണ്ടുവന്ന രാത്രി ഇതേ പോലെ നിർത്താതെ കരച്ചിലായിരുന്നു... പുലരുവോളം ഓരോരാൾ മാറി മാറി എടുത്ത് നടക്കുവാ ചെയ്തേ... ശരണേട്ടനെയും അമ്മയെയും ഒന്നും ഉറക്കിയില്ല...."" ജയ്ക്ക് ഉത്തരം കൊടുക്കുമ്പോൾ അറിയാതെ നാവിൽ വന്നതാണ് 'ശരണേട്ടൻ ' എന്ന്.മനസിലൊരു നീറ്റൽ....ഓരോ തവണ അവഗണിക്കുമ്പോഴും മുഖം തിരിക്കുമ്പോഴും ശരണേട്ടനേക്കാൾ വേദനിക്കുന്നുണ്ട്.. പക്ഷെ ആ മുഖത്തേക്ക് സ്നേഹത്തോടെ നോക്കാൻ പോലും പറ്റുന്നില്ല... ഒരു നിമിഷമെങ്കിൽ ഒരു നിമിഷം മറ്റൊരാൾക്ക് വേണ്ടി എന്നെ മാറ്റി നിർത്താൻ തോന്നിയില്ലേ... ഇത്തിരി നേരത്തേക്കെങ്കിലും ഞാൻ ആ ജീവിതത്തിൽ ഒന്നുമല്ലെന്ന് കരുതിയില്ലേ....ഞാൻ ആരുമല്ലാതായില്ലേ... അതേ വാക്കുകൾ തന്നെ മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു... ""നീ പാല് കൊടുത്തില്ലേ...ചിലപ്പോ വിശന്നിട്ടായിരിക്കും..."" ""പാല് കൊടുത്തിട്ട് ഉറക്കിയതാ... ഉറങ്ങി ഒരു അരമണിക്കൂർ ആയി കാണും.. ഞെട്ടി എഴുന്നേറ്റ് കരയാൻ തുടങ്ങി.. എത്ര നോക്കീട്ടും കരച്ചിൽ നിർത്തുന്നില്ല....""

""ഇങ്ങ് താ..."" ആരോടെന്നില്ലാതെ പറഞ്ഞ് ശ്യാമയ്ക്ക് നേരെ കുഞ്ഞിന് വേണ്ടി കൈ നീട്ടി..കുഞ്ഞി ചെക്കനെ നെഞ്ചോട് ചേർത്ത് വെച്ചു. ""ഓ... ഓ... മാമന്റെ കുഞ്ഞെന്തിനാ കരയുന്നെ...."" കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ കയ്യിൽ പൊതിഞ്ഞു പിടിച്ചു സെൻട്രൽ ഹാളിൽ കൂടി നടന്നു.കുറെ എടുത്ത് നടന്നപ്പോൾ കുഞ്ഞി ചെക്കന്റെ കരച്ചിൽ കുറഞ്ഞു കുറഞ്ഞു വന്നു.പിന്നെ അത് കുഞ്ഞു കുറുകൽ മാത്രമായി...അവന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു. ""ഒരു തുള്ളി കണ്ണീര് പോലും വന്നിട്ടില്ല ചെക്കന്റെ കണ്ണിന്ന്... ഇത് കള്ള കരച്ചിലാ...ഇങ്ങനെ കൈയിലെടുത്തു നടക്കണം ചെക്കന്... അതിന് വേണ്ടിയാ ഈ കള്ള കരച്ചിൽ...അല്ലേടാ കുഞ്ഞാ "" ശ്രദ്ധ കൈ പിടിച്ച് കുലുക്കിയതും എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കി കുഞ്ഞി ചെക്കൻ. ""ജയ് ഞാൻ എടുക്കണോ വാവെയെ..."" ""വേണ്ടാ.... പോയ്‌ കിടന്നോ..."" ""നിങ്ങളും പോയി കിടന്നോ.."" ശ്യാമയോടും ആരുവിനോടുമായി പറഞ്ഞു.

സെൻട്രൽ ഹാളിൽ കൂടി വാവയെ എടുത്തു നടക്കുന്ന ജയ്യെ നോക്കി കട്ടിലിന്റെ അറ്റത്ത് കിടന്നു.നടന്നു മടുത്തതും ജയ് കസേരയിൽ ഇരുന്നു. അതിഷ്ടപ്പെടാഞ്ഞിട്ട് കുഞ്ഞി ചെക്കൻ വീണ്ടും ചുണ്ട് പിളർക്കാൻ തുടങ്ങി. വീണ്ടും എടുത്തു നടന്നു. അവസാനം ഉറങ്ങിയെന്നു തോന്നിയപ്പോൾ മുറിയുടെ അടുത്തായി കസേര ഇട്ടിരുന്നു.ഒളികണ്ണാൽ നോക്കിയാൽ ശ്രദ്ധയെ കാണുന്ന രീതിയിൽ...എപ്പോഴോ അവൻ ഒളികണ്ണാൽ നോക്കുന്നത് അവളും കണ്ടിരുന്നു. അവൾ കണ്ടെന്നു മനസിലായതും നെഞ്ചിൽ കിടന്നുറങ്ങുന്ന മോനെ നോക്കിയിരുന്നു. ഒളിച്ചു കളി തുടർന്നപ്പോൾ അവൾ കണ്ണടച്ച് കിടന്നു. അവൾ ഉറങ്ങിയെന്ന തോന്നലിൽ അവളെ നോക്കി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കസേരയിൽ ചാരി ഇരുന്നു. ഉള്ളിൽ ഒഴുകുന്നത്രയും അവളോടുള്ള പ്രണയമാണ്... എന്നും അങ്ങനെ തന്നെ ആയിരുന്നു.... പക്ഷെ അവളിലേക്ക് ഒഴുകിയില്ലെന്ന് മാത്രം...

അർഹതപെട്ടെതല്ല എന്ന തോന്നൽ അതിനേക്കാളും ആരുവിന്റെ ജീവിതത്തെ ബാധിക്കുമോ എന്ന പേടി...അവൾക്ക് ഒട്ടും ചേരാത്തവനാണ് എന്ന ചിന്ത..... എങ്ങനെയാണ് ഈ തന്റെടിയേ ഇഷ്ടപെട്ടത്.... ഓർമ പോലും കിട്ടുന്നില്ല... ആദ്യം തോന്നിയ ദേഷ്യവും വെറുപ്പും എപ്പോഴാണ് പോയ്‌ മറഞ്ഞെതെന്നറിയില്ല..... പെട്ടെന്ന് ശ്രദ്ധ കണ്ണുകൾ തുറന്നു. കള്ളം പിടിക്കപെട്ടവനെ പോലെ വെപ്രാളപ്പെട്ട് കണ്ണുകൾ മാറ്റി. ഒരു വിജയ ചിരി ഉണ്ടായിരുന്നു ശ്രദ്ധയുടെ ചുണ്ടിൽ... അവളെ നോക്കാതെ കുഞ്ഞിനെ നടുക്ക് കിടത്തി അവനും കിടന്നു. ""എനിക്ക് പേടിയാ... ജയ്..കുഞ്ഞിന്റെ അടുത്ത് കിടക്കാൻ... ഉറക്കത്തിൽ കൈയോ മറ്റോ മോന്റെ ദേഹത്ത് ആയാലോ..."" ""അതൊന്നും ഉണ്ടാവില്ല...ഇങ്ങനെ പേടിച്ചാൽ ...""പിന്നെ മുഴുവിക്കാതെ അവളെ ഒന്ന് നോക്കി. നാവിൽ വന്നത് അവൾക്ക് മനസിലായോ എന്നൊരു പേടി ഉണ്ടായിരുന്നു. അവനെ തന്നെ നോക്കി കിടക്കുകയാണ് അവൾ ""ഉറങ്ങിക്കോ....""

ഉള്ളിൽ എത്ര ഒളിപ്പിച്ചിട്ടും സ്വരം ഇടക്കൊക്കെ പ്രണയർദ്രമാവുന്നു.തലയ്ക്കു കൈ താങ്ങായി വെച്ച് ഉയർന്നു കിടന്ന് കുഞ്ഞിനെ വെറുതേ തട്ടി കൊണ്ടിരുന്നു. """ഉറങ്ങുന്നില്ലേ..."" എന്നിട്ടും കണ്ണ് മിഴിച്ചു കിടക്കുന്നത് കണ്ട് ചോദിച്ചു. ""ഉറങ്ങുവാ..."" ജയ് അങ്ങനെ പറഞ്ഞെങ്കിലും പേടിയാണ്..ചുവരിനോട് ചേർന്നു കിടന്നു. മോനെ ചേർത്ത് പിടിച്ച് ജയ്യും.... അലാറം കേട്ടാണ് കണ്ണ് തുറന്നത്..ഇന്ന് തൊട്ട് ഓഫീസിൽ പോവേണ്ടത് കൊണ്ട് അലാറം വെച്ചാണ് കിടന്നത്.. അപ്പോഴും ജയ് എഴുന്നേറ്റിട്ടില്ല...പക്ഷെ കുഞ്ഞിനെ കാണുന്നില്ല...മോൻ കരഞ്ഞപ്പോ ജയ് ഏട്ടത്തിയുടെ അടുത്ത് ആക്കിയിട്ടുണ്ടാവും... അല്ലേ ഏട്ടത്തി വന്നിരിക്കും... ഒന്നും അറിഞ്ഞില്ല എന്നാണ് സത്യം... ശാന്തമായി ഉറങ്ങുന്ന ജയ്യെ നോക്കി...വീതിയുള്ള നെറ്റിയിലേക്ക് രണ്ടു മൂന്ന് മുടിയിഴകൾ വീണു കിടപ്പുണ്ട്... താടി ചുഴി രോമങ്ങൾ കൊണ്ട് മറഞ്ഞിരിക്കുന്നു... രണ്ടാമത്തെ അലാറം അടിച്ചപ്പോൾ വേഗം എഴുന്നേറ്റു..

എന്നിട്ടും ജയ് അറിഞ്ഞില്ല... അടുക്കളയിൽ അമ്മ ഉണ്ട്... അടുക്കളയിൽ കയറിയതെ ഉള്ളൂ തോന്നുന്നു.. എന്നെത്തെയും പോലെ തലയിൽ തോർത്തു ചുറ്റി കെട്ടിയിട്ടുണ്ട്.. ""അമ്മേ.. അച്ഛൻ ഇന്ന് വരില്ലേ..." ""വരുമായിരിക്കും... ഒന്നും പറഞ്ഞില്ല.."" ""അമ്മയ്ക്ക് ബുദ്ധിമുട്ടില്ലേ അച്ഛനെ പിരിഞ്ഞു നിക്കാൻ..."" എന്നുമുള്ള ചിരി ഉണ്ട് മുഖത്ത്.. ""ബുദ്ധിമുട്ട്ന്ന് പറയാനൊന്നും ഇല്ല... പക്ഷെ കല്യണം കഴിഞ്ഞ് ആദ്യായിട്ട ഇങ്ങനെ ഒറ്റക്ക് നിക്കുന്നെ... എത്ര ദൂരെ ജോലിക്ക് പോയാലും രാത്രി ആവുമ്പോഴേക്കും വരുമായിരുന്നു..."" ""അച്ഛൻ വിളിച്ചാൽ ഇങ്ങോട്ട് വരാൻ പറയ്... എല്ലാവരും ഇവിടെയല്ലേ ഉള്ളത്... പിന്നെന്തിനാ ഒറ്റക്ക് അവിടെ നിൽക്കുന്നെ...."" ""പറയാം..."" എന്ത് പറഞ്ഞാലും അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നു... തനിക്ക് പറ്റുമോ... ശ്രുതിയുള്ളപ്പോൾ ജയെ കണ്ടിട്ടേ കിടക്കാൻ പോവാറുള്ളൂ... അതിപ്പോ വഴക്കിട്ടിട്ടാണേലും ജയ്യോട് സംസാരിച്ചില്ലെങ്കിൽ അന്ന് ഉറങ്ങാൻ പറ്റില്ല..

. ""ഇനി ബാക്കി ഞാൻ ചെയ്തോളാം... പോയി കുളിച്ച് റെഡി ആവാൻ നോക്ക്.... ആദ്യം ദിവസം തന്നെ ലേറ്റ് ആക്കേണ്ട..."" ബാക്കി ജോലി അമ്മയെ ഏൽപ്പിച്ചു കുളിക്കാൻ പോയി. കുളിച്ചു വന്നു ജയ്യെ വിളിച്ച് എഴുന്നേൽപ്പിച്ചു. ""ജയ്... ചായ അമ്മ എടുത്ത് തരുംട്ടോ... എനിക്ക് ഓഫീസിൽ പോവാൻ ലേറ്റ് ആവും.. അതോണ്ടാ..."" കേട്ടോ ആവോ... ഉറക്കം ശരിയാവാത്തത് പോലെ കട്ടിൽ കൈകൾ ഊണി തല കുനിച്ചിരിപ്പാണ്.. സ്റ്റേഷൻ ഇപ്പോഴും കിട്ടിയില്ല തോന്നുന്നു..ബെഡ് കോഫി കൊണ്ട് കൊടുക്കാം എന്ന് വിചാരിച്ചതാണ് പിന്നെ വിചാരിച്ചു അമ്മ കൊടുക്കട്ടെ .. അങ്ങനെ എങ്കിലും അമ്മയോട് മിണ്ടട്ടെ എന്ന് ""ഒന്ന് എഴുന്നേറ്റ് പോ ജയ്... എനിക്ക് ഡ്രസ്സ്‌ മാറ്റണം..."" പിന്നെയും ഉറക്കം തൂക്കി ഇരിക്കുന്നത് കണ്ടു. ഉറക്കച്ചടവോടെ ജയ് എഴുന്നേറ്റ് പോയതും വാതിലടച്ചു. ഒരു ഗ്രീൻ കളർ കുർത്ത എടുത്ത് വെച്ചു. ""ശ്രദ്ധേച്ചി...."" മുറിക്ക് പുറത്ത് നിന്നും ശ്രുതി കൂവി വിളിക്കുന്നുണ്ട് .

ഓഫീസിൽ പോകുന്ന വഴിക്കാണ് അവളുടെ കോളേജ്. അവളെ കാറിൽ ഡ്രോപ്പ് ചെയ്യാം എന്ന് ഇന്നലെ പറഞ്ഞിരുന്നു. അതിന്റെയാണ് ഈ കൂവിവിളിക്കൽ.. മുടി ഇന്ന് ചീകി.. ചീപ്പ് ടേബിളിൽ വെക്കുന്ന സമയത്ത് അറിയാതെ കൈ തട്ടി സിന്ദൂര ചെപ്പ് താഴെ വീണു. മുടി ഒന്ന് ചീകിയ ശേഷം തൊടാനായിട്ട് എടുത്തു വെച്ചതായിരുന്നു.. ""ശ്രദ്ധേച്ചി.... ലേറ്റ് ആവുന്നു...."" അടുത്ത കൂവൽ വന്നു. ഈ പെണ്ണ്... മതി.. ഇതിപ്പോ തൊട്ടില്ലെങ്കിൽ എന്താ... മുറി വൃത്തിയാക്കാനൊന്നും നിന്നില്ല. കൈയിൽ ഒരു പ്ലേറ്റിൽ ദോശയും എടുത്ത് തിന്നു കൊണ്ട് ഏട്ടത്തിയുടെ മുറിയിലേക്ക് ഒരോട്ടം വെച്ച് കൊടുത്തു. വാവേ കാണാൻ.... ഏട്ടത്തി പാല് കൊടുക്കുകയായിരുന്നു. ""കുഞ്ഞാ... ആന്റി പോയിട്ട് വേഗം വരാവേ...."" എവിടെ... ആരെയും ശ്രദ്ധിക്കാതെ പാല് കുടിക്കുകയാണ് ആശാൻ... കൈ പിടിച്ചപ്പോൾ ചിണുങ്ങി കൊണ്ട് കൈയും കാലും അനക്കി. എന്നാലും കൈയിൽ ഒരു ഉമ്മ വെച്ചു കൊടുത്തു.

""ശ്രദ്ധേച്ചിയെ തെറി വിളിക്കുന്നതാവും... അവനെ ശല്യപെയെടുത്തിയിട്ട്..."" ""അധികം ഡയലോഗ് അടിക്കാതെ വാടി..."" ഏട്ടത്തിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ജയ് ഇറയത്തു ഇരിക്കുന്നത് കണ്ടു. റൂമിൽ നിന്ന് നേരെ പോയി ഇരുന്നതാ തോന്നുന്നു. ഉറങ്ങാഞ്ഞിട്ട് കണ്ണൊക്കെ ഇടുങ്ങിയിട്ടുണ്ട്. ""ജയ്... ഇറങ്ങുവാണേ... ചായ അമ്മയോട് വാങ്ങിച്ചോട്ടോ..."" ഒന്ന് കൂടി ജയ്യെ ഓർമിപ്പിച്ചു ശ്രദ്ധയുടെ ഒഴിഞ്ഞ നെറ്റി കണ്ടപ്പോൾ നിരാശ തോന്നി ജയ്ക്ക്... എന്തിനാണ് ജയ് ദേഷ്യപ്പെട്ടു നോക്കുന്നത് എന്ന് ആദ്യം മനസിലായില്ലെങ്കിലും പിന്നെയാണ് കത്തിയത്... സ്നേഹിക്കാൻ വയ്യ.. പക്ഷെ സിന്ദൂരം തൊടണം... അങ്ങനെ ഇപ്പൊ തൊടുന്നില്ല... ""ചായ ഞാൻ ചൂടാക്കി തരാം..."" ശ്യാമയെ ശ്രദ്ധിക്കാതെ സ്റ്റോവ് കത്തിക്കുകയിരുന്നു ജയ്.. ""വേണ്ട... ഞാൻ ചെയ്തോളാം.."" ""വേറെ ഒന്നും കൊണ്ടല്ല.. ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്... എല്ലാം ഒറ്റക്ക് ചെയ്താ ശീലം..."" ശ്യാമയുടെ മുഖം മങ്ങിയത് കണ്ട് ജയ് കൂട്ടി ചേർത്തു.ഗ്ലാസ്സിലേക്ക് ചായ പകർന്ന്... ഗ്ലാസുമായി ശ്യാമയെ നോക്കാതെ പുറത്തേക്ക് പോയി 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ""മൂന്നു മാസം പ്രൊബേഷണറി പീരിയഡ് ആണ്...

ബാക്കിയുള്ള സ്റ്റാഫിനെ പോലെ തന്നെയാണ് നീയും... അതിൽ കൂടുതലായി ഒരു കൺസിഡറേഷനും നിനക്ക് കിട്ടില്ല... നിന്നെക്കാൾ സീനിയർ ആയിട്ടുള്ള സ്റ്റാഫ് ഒരുപാടുണ്ട്.... അവരോടൊക്കെ എങ്ങനെ പെരുമാറണം എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ..."" കൊച്ചു കുട്ടിക്കെന്ന പോലെ ശരൺ പറഞ്ഞു കൊടുത്തപ്പോൾ എല്ലാത്തിനും തലയാട്ടി.എങ്കിലും നല്ല ഗൗരവമുണ്ട് മുഖത്ത്. വീട്ടിലുള്ള ആളേ ആയിരിക്കില്ല... ഓഫീസിൽ... അപ്പയും അങ്ങനെ തന്നെയാണ്. ""നിതയെ കണ്ടാൽ മതി... അവളെയാണ് നീ അസ്സിസ്റ്റ്‌ ചെയ്യാൻ പോകുന്നത്..."" ഇടക്ക് അപ്പയുടെ കൂടെ ഇവിടെ വന്നത് കൊണ്ട് എല്ലാവരെയും നല്ല പരിചയമാണ്. ""ശ്രദ്ധാ.... ആരുവും മോനും..."" ശ്രദ്ധ എഴുന്നേറ്റ് പുറത്തേക്ക് പോവാൻ നോക്കവേ ചോദിച്ചു. ഒരു കുറവും കാണില്ല... എന്നാലും മനസ് വല്ലാതെ പിടക്കും... കണ്ടുമുട്ടലുകൾ കണ്ണീരിലെ അവസാനിക്കൂ... അതു കൊണ്ടാണ് അവളെ കാണണം എന്ന തോന്നലിനെ പിടിച്ച് കെട്ടുന്നത്. ""നന്നായിട്ടിരിക്കുന്നു... ഇന്നലെ രാത്രി മോൻ നല്ല കരച്ചിൽ ആയിരുന്നു.... അവസാനം ജയ് എടുത്തു നടന്നു..എന്നിട്ടാ ഉറങ്ങിയത്....നല്ല വാശിയുണ്ട് ചെക്കന്..""

""മ്മ്മ്മ്... നീ പൊയ്ക്കോ..."" രണ്ട് ദിവസമേ ആയുള്ളൂ കാണാതെ... പക്ഷെ വയ്യ...ഒന്ന് എല്ലാം കലങ്ങി തെളിഞ്ഞെങ്കിൽ...ആ മുഖത്തെ ചിരി കാണാൻ തന്നെ കൊതിയാവുന്നു... ശ്രദ്ധ മോനെ പറ്റി പറഞ്ഞത് കൊണ്ടാവാം മോനെ കാണണം എന്ന് തോന്നി... കൂടെ അവളെയും... ശ്യാമ കട്ടിലിന്റെ അടിയിൽ വെച്ച ബാസ്കറ്റിൽ നിന്ന് മോന്റെ മുഷിഞ്ഞ തുണികൾ എടുക്കുമ്പോഴാണ് വാതിക്കൽ ഒരു നിഴൽ വെട്ടം കണ്ടത്... """ശരണായിരുന്നോ.... ഇന്ന് ഓഫീസിൽ പോയില്ലേ..."" ""പോയി അവിടെ ഇന്ന് വരുന്നതാ..."" അവന്റെ ശബ്ദം പാതി മയക്കത്തിൽ കേട്ടതും പിടഞ്ഞെഴുന്നേറ്റു. ഒരു നിമിഷം കാണാൻ കാത്തിരുന്ന പോലെ ആർത്തിയോടെ അവനെ നോക്കി. കണ്ണിലെ നീർതിളക്കം അവൻ കാണും മുൻപേ തന്നെ തല കുനിച്ചു. "" നിങ്ങൾ സംസാരിക്ക്...അലക്കാൻ വേണ്ടി കുഞ്ഞിന്റെ തുണികൾ എടുക്കുവായിരുന്നു. ഇതൊക്കെ ഒന്ന് കഴുകിയിടട്ടെ... ഇപ്പോ നല്ല വെയിലുണ്ട്...

കുറച്ച് കഴിഞ്ഞാ അത് പോവും... "" അവരതും പറഞ്ഞു തുണികൾ എടുത്തു കൊണ്ട് പോയി. ""ആരൂ...."" ഉള്ളിലെ തേങ്ങൽ അടക്കി പിടിച്ചവൾ ഇരുന്നു. കൈ ചുരുട്ടി പിടിച്ചു.കണ്ണുകൾ അവളെ ചതിച്ചിരുന്നു...... ""എന്നെ ഒന്ന് നോക്ക് ആരൂ...."" യാചന ആയിരുന്നു... ""എനിക്കൊന്നും സംസാരിക്കാനില്ല... ഒന്ന് പോ..ശരണേട്ടാ..."" മുഖം പൊത്തി കൊണ്ടവൾ പറഞ്ഞു. ""സംസാരിക്കേണ്ട.... ഒന്ന് നോക്കാനല്ലേ പറഞ്ഞുള്ളൂ... പ്ലീസ് ആരൂ... എന്നെ ഒന്ന് നോക്ക് നീ...""" മുഖം പൊത്തി കരഞ്ഞു കൊണ്ടേയിരുന്നു. അവളുടെ അടുത്തായി ഇരുന്നു ബലമായി മുഖം പിടിച്ചെടുത്തു. അത്രയ്ക്ക് വെറുത്തോ നീ എന്നെ... ഒന്ന് കാണാൻ പോലും ഇഷ്ടമില്ലാത്ത വിധം... എന്നെ നീ വെറുത്തോ.. ഏഹ്ഹ്... പറ ആരൂ... എന്നെ ഒന്ന് കാണാൻ പോലും തോന്നുന്നില്ലേ ആരൂ.... അവന്റെ കൈകളെ മുഖത്ത് നിന്നും ബലമായി പറിച്ചു മാറ്റി. """അരൂ... മതിയാക്കടാ... സഹിക്കാൻ പറ്റുന്നില്ല.... മാപ്പ് പറഞ്ഞില്ലേ ഞാൻ... ഇങ്ങനെ എന്നെ കൊല്ലാതെ അരൂ... അരൂ.... മോളെ നിനക്ക് എന്നെ അറിയില്ലേ....."" വീണ്ടും മുഖത്തേക്ക് കൈകൾ ചേർക്കാൻ പോയതും തട്ടിയെറിഞ്ഞു.. ""

""അറിയില്ല ശരണേട്ടാ... നിങ്ങളെ എനിക്ക്... മാപ്പ് പറഞ്ഞാൽ തീരുവോ..?? ശരണേട്ടൻ ചെയ്ത പോലെ ഞാൻ ചെയ്യട്ടെ.... എനിക്ക് വേണ്ടി ജീവിച്ച ഏട്ടനെ വെറുപ്പിച്ച് നിങ്ങളുടെ കൂടെ ഇറങ്ങി വന്നവളാ ഞാൻ... എന്നും കൂടെ ഉണ്ടാവും എന്ന് വാക്ക് തന്നതല്ലേ... എന്റെ തീരുമാനം ശരിയാണെന്ന് എന്റെ ഏട്ടനെ മനസിലാക്കിക്കാൻ പറ്റുംന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു... ആ വിശ്വാസം നിങ്ങൾ തന്നെ ഇല്ലാതാക്കി.. ഏട്ടൻ ശ്രദ്ധയെ കല്യാണം കഴിച്ചില്ലെങ്കിലും ഉപേക്ഷിക്കില്ലായിരിക്കും.. പക്ഷെ അങ്ങനെ പറയാനുള്ള മനസ് ഉണ്ടായില്ലേ നിങ്ങൾക്ക്... ഒന്നു ചോദിക്കട്ടെ എങ്ങനെ ഇനിയും ഞാൻ നിങ്ങളെ വിശ്വസിക്കും...ഇനിയും ഇങ്ങനെ ഉണ്ടാവില്ലെന്ന് എന്താ ഉറപ്പ്...."" ""ഉണ്ടാവില്ല ആരൂ... ഒരു ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞു പോയൊരു വാക്ക്... ഇനി ആവർത്തിക്കില്ലത്....എന്നെ ഒന്ന് വിശ്വസിക്ക് അരൂ..."" കണ്ണുകൾ അടച്ചിരുന്നു...

ഇരുവരുടെയും ശബ്ദം വല്ലാതെ ഉയർന്നതും ഉറങ്ങി കൊണ്ടിരുന്ന കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങിരുന്നു. """മോൻ കരയുന്നത് കേട്ടില്ലേ ശരണേട്ടാ... എനിക്ക് പാല് കൊടുക്കണം..""അവനെ നോക്കാതെ ആയിരുന്നു അത് പറഞ്ഞത്.വേഗം നൈറ്റിയുടെ ഹുക്കുകൾ അഴിച്ച് കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു. തേടിയത് കിട്ടിയപ്പോൾ തന്നെ അവന്റെ കരച്ചിൽ നിന്നിരുന്നു.ശരൺ അവരെ തന്നെ നോക്കി നിന്നു ""ആര് എതിർത്താലും ശരി നിന്നെയും മോനെയും ഞാൻ കൊണ്ട് പോവും..."" അവളുടെ നെറ്റിയിൽ അമർത്തി ഉമ്മ വെച്ചു. പാല് കുടിച്ചു കൊണ്ടിരുന്ന മോന്റെ കൈയിലും റൂമിന് പുറത്തേക്ക് ഇറങ്ങിയതും സെൻട്രൽ ഹാളിൽ നിൽക്കുന്ന ജയ്യെ കണ്ടതും ശരൺ ഒന്ന് നിന്നു. അവൻ എല്ലാം കേട്ടെന്ന് ഉറപ്പാണ്.വീണ്ടും അവന്റെ വാക്കുകൾ കാതിൽ മുഴങ്ങി. """"എന്നെങ്കിലും അവളെല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ...... പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" ”""""" തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story